18/04/2026

മൂക്കുത്തി : ഭാഗം 24

രചന  – ആയിഷ അക്ബർ

ശോഭയുടെയും സുകന്യയുടെയും ചിരിക്ക് പകരമായി അവരൊന്നു പുഞ്ചിരിച്ചെങ്കിലും അവയിലൊളിപ്പിച്ച നോവ് മുഖത്ത് പ്രകടമായിരുന്നു…

അത് തന്നെയായിരുന്നു അവരാഗ്രഹിച്ചതും…

രാവിലെ മുതൽ കാത്തിരിക്കാ ഞങ്ങൾ… നീ വരുന്നത്…..

ശോഭ സ്നേഹത്തോടെ പത്മയെ പിടിച്ചു….

അരുണേ…. അപ്പച്ചിയുടെ ബാഗൊക്കെ അകത്തു കൊണ്ട് വെച്ചേ…..

സുകന്യ അരുണിനെ നോക്കി അത് പറയുമ്പോൾ പതിവില്ലാത്ത സ്നേഹ പ്രകടനം എന്തിനെന്നു പത്മക്ക് സംശയം തോന്നിയെങ്കിലും അവരൊന്നും മിണ്ടിയില്ല….

ഇട്ടിരുന്ന ചുരിദാറിന്റെ ശാളിന്റെ അറ്റം മുമ്പിലേക്ക് പിടിച്ചവർ അകത്തേക്ക് കയറി……

ഇത്…… അരുണിന്റെ പെണ്ണാ…. താര……

പെട്ടെന്ന് താരയെ അകത്തു കണ്ടതും അജ്ഞലിയാണോ എന്ന സംശയത്തിൽ നോക്കി നിൽക്കുമ്പോഴാണ് അതറിഞ്ഞെന്ന വണ്ണം സുകന്യ പറഞ്ഞത്…..

പത്മ ഒരു പുഞ്ചിരി അവൾക്കായി നൽകി….

മക്കളെ…. വന്നു അപ്പച്ചിയുടെ അനുഗ്രഹം വാങ്ങിക്ക്…..

അരുണിനെയും താരയെയും നോക്കി സുകന്യ യത് പറഞ്ഞതും അവർ രണ്ട് പേരും പത്മയിലേക്ക് കുനിഞ്ഞു….

നന്നായി വരട്ടെ….

അവരെ അനുഗ്രഹിക്കുമ്പോഴും മനസ്സിലെ നീറ്റൽ മുഴുവൻ തന്റെ മകനെ ഓർത്തായിരുന്നു…..

അമ്മയെവിടെ….
ചോദ്ധ്യത്തിൽ അങ്ങേയറ്റം ഗൗരവം നിറഞ്ഞിരുന്നു..

അമ്മ മുറിയിലുണ്ട്….
അവളാണെങ്കിൽ മുകളിൽ…..

ശോഭ അവളെ കുറിച്ച് പറഞ്ഞതും പത്മ ദേഷ്യത്തോടെ അവർക്ക് നേരെ കയ്യുയർത്തി….

അമ്മയുടെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ അവരുടെ കണ്ണുകളിൽ ദേഷ്യം കത്തി ജ്വലിച്ചിരുന്നു….

വാതിൽ പടിയിലെ ആളനക്കം അറിഞ്ഞതും മംഗലത്തമ്മ കയ്യിലെ പുസ്തകത്തിൽ നിന്നും മിഴികളുയർത്തി …..

പെട്ടെന്ന് പത്മയെ കണ്ടവരൊന്ന് ഞെട്ടിയെങ്കിൽ കൂടി പ്രതീക്ഷിച്ചിരുന്നു എന്നത് കൊണ്ട് തന്നെ കയ്യിലെ പുസ്തകം അവർ പതുക്കെ മടക്കി വെച്ചു…..

എന്താ മകള് വന്നിട്ട് അമ്മക്കൊരു സന്തോഷമില്ലാത്തത്…

സാധാരണ ഇങ്ങനെയല്ലല്ലോ……
ഞാൻ വരുമ്പോൾ സന്തോഷം കൊണ്ട് വിടരുന്ന അമ്മയുടെ കണ്ണുകളിൽ ഇന്നെന്തോ ആശങ്ക യാണല്ലോ…..

പറയാതെ ഞാൻ വരുമ്പോൾ കാണുന്ന ഞെട്ടലിന് പകരം അമ്മയെന്നെ പ്രതീക്ഷിച്ചിരുന്നത് പോലെ…

പത്മ അത്രയും ചോദ്യങ്ങൾ തനിക്ക് നേരെ എറിയുമ്പോൾ ഒന്നും പറയാനില്ലാതെ അവരങ്ങനെ ഇരുന്നു….

എന്നേ പ്രതീക്ഷിക്കാൻ മാത്രം മംഗലത് ഞാനറിയാത്ത വല്ല വിശേഷവും ഉണ്ടായോ….

അതും കൂടി ചോദിച്ചപ്പോഴേക്കും പത്മയുടെ വാക്കുകൾ ഇടറി പ്പോയിരുന്നു….

ഉള്ളിലുള്ള ദുഃഖം മുഴുവൻ ആ വാക്കിൽ പ്രതിഫലിച്ചിരുന്നു….

മോളേ…. അത്…..
മംഗലത്തമ്മ പറഞ് തീരും മുന്പേ പത്മ അവർക്ക് നേരെ കയ്യുയർത്തി…..

ഞാനെന്താ ദേവേട്ടനോട് പറയാ…..
അമ്മ വീട്ടിലേക്ക് വിരുന്ന് പോയ മകൻ കല്യാണം കഴിച്ചുവെന്നോ…..
അവന് നാട്ടിൽ നിൽക്കാനാണിഷ്ടമെന്ന് പറഞ്ഞത് കൊണ്ട് എല്ലാം ഒഴിവാക്കി ഇവിടെ സെറ്റിൽ ആവാൻ നിൽക്കുകയാണ് ആ മനുഷ്യൻ ….

അതും പോരാന്നിട്ട് കിഴിശേരി തറവാട്ടിലെ ഏക ആൺ തരിയായ അവൻ വരുന്നതും കാത്തിരിക്കുന്ന അവിടുത്തെ അച്ഛനോടും അമ്മയോടും ഞാനെന്താ പറയേണ്ടത് ….

ഏതോ ഒരു അനാഥ പെണ്ണിന് എന്റെ മോന്റെ ജീവിതം എന്തിന് ത്യാഗം ചെയ്തു……

പത്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….

മംഗലത്തമ്മ തെറ്റ് ചെയ്തത് പോൽ തല കുനിച്ചു…..

അമ്മക്ക് വേണ്ടി ഞാനവനെ ഇങ്ങോട്ടായച്ചതാണ് ഞാൻ ചെയ്ത തെറ്റ്….

അവനെ കൂട്ടി ഞാൻ ഇന്ന് തന്നെ തിരിച്ചു പോകും…..
ഇങ്ങനെയൊരു വിവാഹം അവന്റെ ജീവിതത്തിൽ നടന്നിട്ടേയില്ലെന്ന പോൽ….

ഇനിയൊരിക്കലും അമ്മ അവനെ കാണില്ല….

അവർ ദേഷ്യത്തോടെ അതിലേറെ വാശിയോടെ അതും പറഞ് ആ മുറി വിട്ട് പോകുമ്പോൾ മംഗലത്തമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….

വാതിലിനു പുറത്തായി ഇതെല്ലാം കെട്ട് നിന്നിരുന്ന ശോഭയും സുകന്യയും ആനന്ദത്താൽ മതി മറന്നു…..

മോൾടെ പേരെന്താ….

താര….

പത്മ താരയോടത് ചോദിക്കുമ്പോൾ അവൾ പതിയേ മറുപടി പറഞ്ഞു…

നിങ്ങളുടെ കല്യാണം കൂടാൻ വരാനിരുന്നതാ…
പെട്ടെന്ന് തിരക്കായി പ്പോയി….

പത്മ അവരോട് സംസാരിക്കുമ്പോഴും മനസ്സ് കിടന്നുരുകുക യായിരുന്നു…..

കല്യാണ ദിവസം താര മോൾടെ വീട്ടുകാരെല്ലാം നിന്നേ തിരക്കിയിരുന്നു….

ഒരേയൊരു അപ്പച്ചി കല്യാണം കൂടാൻ വന്നില്ലല്ലോ യെന്ന്….

സുകന്യ അത് പറഞ്ഞപ്പോൾ പത്മ ഒന്നും മിണ്ടിയില്ല…..

താര മോൾടെ കുടുംബക്കാരാരൊക്കെയോ അമേരിക്കയിലുണ്ടത്രേ….

അവരൊക്കെ അധിക പേരും വിദേശത്തു തന്നെയാ…..

താര മോൾടെ അച്ഛനാണെങ്കിൽ പാർട്ടി പ്രവർത്തനത്തിലൊക്കെ സജീവമാണ്….
വൈകാതെ മന്ത്രി ആകുമത്രേ….
അമ്മയാണെങ്കിൽ കോളേജ് പ്രൊഫസർ….

സുകന്യ വായ് തോരാതെ താര യുടെ വീട്ടുകാരുടെ മഹിമ പറയുന്നത് പത്മക്ക് അരോചകമായി തോന്നി…

അല്ലെങ്കിലും അതിനു വേണ്ടി തന്നെയാണ് പറയുന്നത് …..

അരുൺ വലിയ വീട്ടിൽ നിന്ന് വിവാഹം കഴിച്ചപ്പോൾ എന്റെ മോൻ….

അവരുടെ ദേഷ്യം പല്ലിനിടയിൽ കടിച്ചു നിർത്തി…

രണ്ടും തമ്മിൽ താരതമ്യം ചെയ്യാനിട്ട് തരികയാണ് സുകന്യ യെന്ന് അവർക്കുറപ്പായിരുന്നു…

അത് കൊണ്ട് തന്നെ തിരിച്ചൊന്നും പറഞ്ഞില്ല …

അവളെ…. കാണണോ നിനക്ക്……

ശോഭ അത് ചോദിക്കുമ്പോൾ മനസ്സിലൂടെ മിഞ്ഞി മാഞ്ഞത് എന്താണെന്ന് അവർക്ക് പോലും അറിയില്ലായിരുന്നു…..

വേണ്ടാ… എനിക്കാരെയും കാണേണ്ട…..
ഞാൻ വന്നത് എന്റെ മോനെ കൊണ്ട് പോകാനാ…
ഞാൻ വിളിച്ചാൽ അവൻ വരും……

പത്മ അതും പറഞ് മുഖം തിരിച്ചു……

അപ്പോഴേക്കും മുറ്റത്ത് കാറ് വന്നു നിന്നു…..

അർജുൻ നിറഞ്ഞ ചിരിയോടെ അവൾക്കായി വാങ്ങിയ ചുരിദാരുകളിട്ട ആ കവർ എടുത്ത് കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവന്റെ കാറിന്റെ ശബ്ദം പ്രത്യേകം തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ മുറിയിൽ കിടക്കുക യായിരുന്ന അഞ്ജലി എഴുന്നേറ്റ് ജനലിലൂടെ ഒന്നെത്തി നോക്കി…..

അതെ…. അവൻ തന്നെയാണ്….

എന്തോ അവൻ വന്നെന്നറിഞ്ഞപ്പോൾ മനസ്സിലൊരു തണുപ്പ്….

തന്നോട് പറഞ്ഞിറങ്ങി പോയതാണെങ്കിലും അവനില്ല ഇവിടെ എന്നോർക്കുമ്പോൾ താൻ പോലുമറിയാതെ തന്നിൽ കുടിയിരുന്ന ആ ഒരു പ്രയാസം തന്നിൽ നിന്നും പാടേ നീങ്ങിയിരിക്കുന്നു….

അവൾ അവിടെ നിന്ന് വേഗം എഴുന്നേറ്റു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാറിന്റെ ശബ്ദം കേട്ടതും പത്മ എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു….

ഒരു ചെറു ചിരിയാൽ അർജുൻ അകത്തേക്ക് കയറി വരുമ്പോൾ മുമ്പിൽ നിൽക്കുന്ന ആളേ കണ്ട് പെട്ടെന്നൊന്നു ഞെട്ടിയിരുന്നു…..

അ…മ്മ….

പറയുന്നതോടൊപ്പം അവൻ ശ്വാസം അകത്തേക്കു വലിച്ചു…..

പത്മ അവനെ ദഹിപ്പിക്കാൻ പാകത്തിലുള്ള നോട്ടവുമായി അങ്ങനെ നിൽക്കുക യാണ്….

അവൻ പതിയേ നടന്നവർക്കരികിലേക്കെത്തി…..

വലിഞ്ഞു മുറുകിയ ആ മുഖത്തേക്ക് നോക്കി ഒന്നും മിണ്ടാൻ കഴിഞിരുന്നില്ലവന്…..

പത്മക്ക് അവനോടെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും അവനെ നോക്കി നിൽക്കവേ അവരുടെ മിഴികൾ പതിഞ്ഞത് അവന്റെ കയ്യിലുള്ള ആ ലേഡീസ് വെയഴ്സ് ഷോപ്പിന്റെ കവറിലായിരുന്നു……

മനസ്സിലെന്തൊക്കെയോ ആ ഒരു നിമിഷം ഉരുണ്ട് കൂടി….

അവൾക്കാകുമോ എന്നൊരു ഭീതി അവരുടെ മനസ്സിനെ കീഴ്പ്പെടുത്തി….

ആവരുതേയെന്ന് അങ്ങേയറ്റം പ്രാർത്ഥിച്ചു കൊണ്ടാണ് അവരത് അവനിൽ നിന്ന് പിടിച്ചു വാങ്ങിയത്….

പെട്ടെന്നുള്ള അമ്മയുടെ പ്രവർത്തിയിൽ അവൻ പകച്ചു പോയി എന്നതിലപ്പുറം അവൾക്കുള്ള ഡ്രെസ് കണ്ടാൽ അമ്മ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് അവന് ഭയം തോന്നി…..

ധൃതിയിൽ ആ കവർ തുറന്നതും അതിൽ കണ്ട വസ്ത്രങ്ങൾ ശെരിക്കും പത്മയുടെ സമ നില തെറ്റിച്ചിരുന്നു……

അവർ ദേഷ്യത്തോടെ അതെടുത്തു ഒറ്റ എറിയലായിരുന്നു…..

അത് വന്നു വീണത് കൃത്യം അഞ്ജലിയുടെ നേരെ മുമ്പിലേക്ക്….
അവൻ വന്നത് കൊണ്ട് ഉമ്മറത്തേക്ക് വന്ന അവൾ കാണുന്നത് അവന്റെ കയ്യിലുള്ള കവർ ആരോ ശക്തിയായി എറിയുന്നതാണ്…..

അവൾ അതാരാണെന്ന് ഒന്ന് നോക്കി…..

അവളൊരു നിമിഷം നിശ്ചലയായി…..

കണ്ടിട്ടുണ്ട് താനവരെ….
ഇടയ്ക് മാത്രം വരുന്ന മംഗലത്തെ വിരുന്ന് കാരിയാണ്…..

രണ്ടാങ്ങളമാർക്കിടയിലേക്ക് വല്ലപ്പോഴും മാത്രം വരുന്ന അവളവിടുത്തെ രാജ കുമാരിയാണെന്ന് തന്റെ അമ്മ പറഞ് കേട്ടിട്ടുണ്ട്….

വെള്ള നിറത്തിൽ റോസ് പ്രിൻടുള്ള ചുരിദാറാണ് വേഷം….

അതെ പോലെയുള്ള ഷാൾ ഒരു വശത്തു പിൻ ചെയ്ത് വെച്ചിട്ടുണ്ട്…….

മിനുസപ്പെടുത്തിയ മുടിയിഴകൾ…..

എന്നാൽ മുഖത്തെ ഗർവും
ഗൗരവവും മുമ്പത്തേതിനേക്കാൾ കൂടുതലായി അവൾക്ക് തോന്നി……

അവരുടെ മുമ്പിൽ ദയനീയമായി നിൽക്കുന്ന അവനെ കാൻകെ എന്തോ അവളിലൊരു നോവ് പൊടിഞ്ഞു…..

അമ്മേ… ഞാ….

അർജുൻ പറഞ് തുടങ്ങിയതും പത്മയുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു……

മിണ്ടരുത് നീ……
അതും പറഞ്ഞവർ അവനെ തുറിച്ചു നോക്കുമ്പോൾ അവൻ മിഴികൾ താഴ്ത്തി അങ്ങനെ നിന്നു…..

സുകന്യയും ശോഭയും കണ്ട കാഴ്ചയിൽ മതി മറന്നു നിന്നു…

അവന് നല്ല തല്ലിന്റെ കുറവുണ്ട്…..
എന്ത്‌ അഹങ്കാരമാ…
സുകന്യ ശോഭയുടെ ചെവിയിൽ അടക്കം പറഞ്ഞു……

പത്മ ദേഷ്യത്തോടെ അവനെ നോക്കി നിൽക്കുകയാണ്…..

അവൻ പതിയേ തലയൊന്ന് താഴ്ത്തി….

അടിയുടെ നീറ്റൽ അവനറിഞ്ഞിരുന്നില്ല….

ഒറ്റ മോനാണ്…. ഓർമയിലിതു വരെ അമ്മ തന്നെ തല്ലിയിട്ടില്ല…..

മനസ്സ് വല്ലാതെ നോവുന്നു….

എല്ലാ സ്നേഹവും സന്തോഷവും തന്നാണ് നിന്നേ ഞങ്ങൾ വളർത്തിയത്….

അപ്പോൾ നിന്റെ വിവാഹം ആരുമായി വേണം എങ്ങനെ വേണമെന്ന് തീരുമാനിക്കാനും ഞനങ്ങൾക്കർഹതയുണ്ട്….

ഏതോ ഒരു അനാഥപ്പെണ്ണിന് വേണ്ടി ത്യാഗം ചെയ്യാനുള്ളതല്ല നിന്റെ ജീവിതം……

പത്മ ദേഷ്യത്തോടെ അത് പറഞ്ഞതും അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു….

ഒരു നിമിഷം തന്റെ ശ്വാസം നിലച്ചു പോയെങ്കിൽ എന്നവളാഗ്രഹിച്ചു….

ഇന്ന് രാത്രി നമ്മൾ ഇവിടെ നിന്ന് പോകും..
അപ്പോഴേക്കും നിന്റെയെല്ലാം പാക്ക് ചെയ്തോ…..

പത്മ യുടെ ശബ്ദം അവനുള്ള ഒരു താക്കീതായിരു ന്നു…..

അഞ്ജലിയുടെ മനസ്സ് എന്തിനോ ഒന്ന് പിടഞ്ഞു….

അവൻ മിഴികൾ അമ്മക്ക് നേരെയൊന്നുയർത്തി…

പിന്നെ പതിയേ വീണു കിടക്കുന്ന ആ വസ്ത്രങ്ങളിലേക്ക് നോക്കി…..

ശേഷം പതിയേ അതിനരികിലേക്ക് നീങ്ങി….

അപ്പോഴാണ് വാതിൽ പടിയിൽ നിൽക്കുന്ന അവളെ അവൻ കാണുന്നത്……

അവളെ കണ്ടതും അവനൊന്നു നോക്കി….

അവളും വല്ലാത്തൊരു ഭാവത്തോടെ അവനെ നോക്കി നിൽക്കുക യാണ്…

താൻ കാരണം അവൻ വേദനിക്കരുതെന്ന് മനസ്സ് ആഗ്രഹിക്കുമ്പോഴും അവൻ പോകുന്നത് ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്തത് പോലെയവൾക്ക് തോന്നി…

കാരണം അത്ര മേൽ അവൻ തനിക്കിപ്പോൾ ആരൊക്കെയോ ആണ്…

തന്റെ ഒരേയൊരു മനോ ബലം…. അതവനായത് പോലെ…

അമ്മക്ക് പകരം മനസ്സ് അവനെ ചേർത്ത് നിർത്തും പോലെ…..

(തുടരും)