17/04/2026

അർപ്പിത : ഭാഗം 03

രചന – രുദ്രാ ലക്ഷ്മി

ഇതേസമയം ഹോസ്പിറ്റലിലേക്ക് പോയ നിരഞ്ജനെ കാണാതെ വീടിന്റെ ഉമ്മറത്തിരിക്കുവായിരുന്നു ദേവകിയമ്മ.
ദേവകിയമ്മയയുടെ ഒരേ ഒരു മകനാണ് നിരഞ്ജൻ. ഒരുപാട് നാളത്തെ പ്രാർത്ഥനകൾക്ക് ശേഷം ദേവകിയമ്മക്കും ചന്ദ്രൻ മാഷിനും കിട്ടിയതാണ് നിരഞ്ജനെ.
3 വർഷങ്ങൾക് മുൻപ് മാഷ് അവരെ വിട്ടുപോയി.

ആള് പേരെടുത്തു വരുന്ന ഗൈനക്കോളജിസ്റ്റ് ആണ്. ഇപ്പോൾ ഇവിടെ അടുത്തൊരു മൾട്ടിസ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റിന്റെ പോസ്റ്റിലേക്ക് ആയിട്ടു ഒരാഴ്ചയായി.
ഈ ഒരാഴ്ചയും നിരഞ്ജൻ ഒരു സുഹൃത്തിന്റെ ഫ്ലാറ്റിൽ നിന്നു ആണ് ഹോസ്പിറ്റലിൽ പോയിരുന്നത്.

വഴികണ്ണും നട്ടിരിക്കുമ്പോളാണ് രാധമ്മ തിരികെ വരുന്നത് കണ്ടത്. കൂടെ ഒരു കുട്ടികുറുമ്പനെ കണ്ടതും അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു… ദേവകിയമ്മ വേഗം തന്നെ പുറത്തേക്കിറങ്ങി…

രാധ തിരികെ വന്നുവോ… വേണ്ടിയിരുന്നില്ല.. കണ്ണൻ ഇപ്പോൾ വരുമായിരുന്നല്ലോ…
ഇതൊക്കെ പറയുന്നുണ്ടെങ്കിലും കണ്ണുകൾ വാത്സല്യത്തോടെ ആ കുറുമ്പനിൽ തന്നെ ആയിരുന്നു… ആരാ രാധേ ഈ കുഞ്ഞ്.. മോൾടെ മോനാണോ… അവരുടെ കണ്ണുകൾ ആ പളുങ്ക്‌പോലുള്ള വെള്ളാരംകണ്ണുകളിൽ ഉടക്കി നിന്നു.
രാധമ്മ ചിരിച്ചുകൊണ്ട് ഇതെല്ലാം നോക്കി നിൽക്കുവായിരുന്നു.

“വായോ…” അവർ അരുമയായി ഋഷികുട്ടനെ വിളിച്ചു.
“മുത്തശ്ശിയുടെ അസുഖമൊക്കെ മാറിയോ”.. ഋഷിക്കുട്ടൻ വല്ല്യ ആൾകാരെപോലെ തിരക്കി.
അവന്റെ ഭാവം കണ്ട് ദേവകിയമ്മ വരെ ചിരിച്ചുപോയി…
“മാറിയല്ലോ… മോനെ കണ്ടപ്പോൾ ബാക്കി ഉണ്ടായിരുന്ന വയ്യായിക കൂടെ പോയി “..
ദേവകിയമ്മപറഞ്ഞത് അവനു മനസിലായില്ലയെങ്കിലും അവൻ അവരെ നോക്കി നിഷ്കളങ്കമായി ചിരിച്ചു.

“വായോ രണ്ടാളും അകത്തേക്ക് വായോ…” ദേവകിയമ്മ അവരെ അകത്തേക്ക് കൊണ്ടുപോയി…
എന്താ വികൃതിക്കുട്ടന്റെ പേര്.. മുത്തശ്ശിയോട് പറ..

“ഋഷികുട്ടൻ…പിന്നെ എന്റെ അപ്പുമ്മേടെ പൊന്നൂട്ടൻ ”
ആഹാ… നല്ല പേരാണല്ലോ… ഇപ്പൊ മുത്തശ്ശി പൊന്നുട്ടന് എന്താ തരുക… ദേവകിയമ്മ ആകെ സങ്കടത്തിലായി…

ഏയ് എന്താ ദേവകിച്ചേച്ചി.. നിങ്ങളിങ്ങോട്ട് വന്നിട്ടു അല്ലെ ഉള്ളു… അങ്ങിനെയൊന്നും ചിന്തിക്കേണ്ട… രാധമ്മ പറഞ്ഞു.

എന്നാൽ നിങ്ങൾ വായോ… നമുക്ക് റൂമിലേക്ക്‌ ഇരിക്കാം… ഇവിടെ അപ്പിടി പൊടിയ… കുഞ്ഞിന് ചിലപ്പോൾ പറ്റാതെ വരും.. കണ്ണൻമോൻ പോകുംമുന്നേ റൂം വൃത്തിയാക്കിയിരുന്നു. അവർ റൂമിലേക്ക്‌ പോയി.
അർപ്പിത ഇതേസമയം കുളികഴിഞ്ഞു ബാൽക്കണിയിൽ ചെയറിൽ ഇരിക്കുകയായിരുന്നു… ഒരു പുഞ്ചിരിയോടെ വഴികാഴ്ചകൾ നോക്കിയിരിക്കുകയാണ് അവൾ… സാധാരണ ഇങ്ങനൊരു ഇരുത്തം പതിവില്ലാത്തതാണ് ഈ നേരത്ത്. ഈറൻ മുടികൾ ചെയറിനു വെളിയിലൂടെ പുറകിലേക്ക് ഇട്ടിരിക്കുന്നു. കുളികഴിഞ്ഞു ഒരു ലൂസ് പാന്റും ടീ ഷർട്ടും ആണ് വേഷം.
പെട്ടെന്നാണ് ഒരു കാർ ഹോണടിച്ചുകൊണ്ട് അപ്പുറത്തെ ഗേറ്റിനു മുന്നിൽ നിന്നത്. അവൾക്കു മനസിലായി അത് അപ്പുറത്തെ പുതിയ താമസക്കാരൻ ഡോക്ടർ ആകുമെന്ന്. അവൾ എഴുനേറ്റു ബാൽക്കണി അടച്ചു താഴേക്കുപോയി.. രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കാനായി അടുക്കളയിലേക്ക് കയറി.

ഇതേസമയം നിരഞ്ജൻ ഇറങ്ങി ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റിയിട്ടശേഷം വന്നു കാളിങ് ബെൽ അമർത്തി.
തെല്ലൊരു നേരത്തിനുശേഷം രാധമ്മ വന്നു ഡോർ തുറന്നു.

ആ… അമ്മായിവിടത്തന്നെ ഉണ്ടായിരുന്നല്ലേ… അമ്മക്ക് ബുദ്ധിമുട്ടയോ?? വേറൊരു വഴിയും ഇല്ലാഞ്ഞിട്ടാണ് എനിക്ക് അമ്മയെ ബിദ്ധിമുട്ടിക്കേണ്ടി വന്നത്… ഇവിടെയാണേൽ എനിക്കാരെയും പരിചയവും ഇല്ല…. നിരഞ്ജൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.

അതിന്റെയൊന്നും ആവശ്യമില്ല മോനെ…അപ്പുമോൾ വരുന്നതുവരെ ഞാനവിടെ ഒറ്റക്കല്ലേ… പിന്നെ മോളുവന്നപ്പോൾ ഞാൻ അങ്ങോട്ടുപോയിരുന്നു.. പിന്നെ മോൾ തന്നെയാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടേ.. മോൻ വായോ.. അമ്മക്ക് പൊടിയൊക്കെ അടിച്ചതിന്റെ ചെറിയൊരു ആസ്വസ്ഥതയൊക്കെ ഉണ്ടെന്നു തോന്നുന്നു.
നിരഞ്ജൻ രാധമ്മയോടൊപ്പം അമ്മയുടെ റൂമിലേക്ക്‌ ചെന്നതും ഒരു ബോൾ വന്നു നിരഞ്ജന്റെ നെഞ്ചിൽ കൊണ്ടു.. അവൻ ഒന്ന് ഞെട്ടി പിന്നോട്ട് മാറിയെങ്കിലും ആ ബോൾ അവൻ കയ്യിൽ പിടിച്ചിരുന്നു.

“എന്താ ഋഷികുട്ടാ ഇതു… അങ്കിൾന്റെ മേത്തണോ ബോൾ തട്ടിയിടുന്നെ… ശ്രദ്ധിക്കണ്ടേ… രാധമ്മ ശാസനയോടെ പറഞ്ഞു “..

ഋഷിക്കുട്ടൻ വേഗം തന്നെ കട്ടിലിന്റെ ഹെഡ്റസ്റ്റിനു സൈഡിലായി ഒളിച്ചു നിന്നു… ആളാകെ പേടിച്ചിട്ടുണ്ട്.
നിരഞ്ജനാണെങ്കിൽ ഒന്നും മനസിലാകാതെ നിക്കുവാണ്.
ഏയ്..അതൊന്നും സാരമില്ല രാധേ… ഞാനും എന്റെ മോനുംകൂടേ ബോൾ കളിച്ചതല്ലേ… അല്ലേടാ കുറുമ്പാ…. അതിനിടക്ക് ഈ ചെക്കനല്ലേ നോക്കാതെ കയറിവന്നെ… ദേവകിയമ്മ നിരഞ്ജനോട് കപട ദേഷ്യത്തിലെന്നപ്പോൾ പറഞ്ഞു… ആ കുറുമ്പൻറെ സങ്കടമൊന്നു മാറ്റാനായി.

ആഹാ…. ദേ ഞാൻ പോയി കുറച്ചു നേരമായപ്പോളേക്കും അമ്മക്ക് ഞാനല്ലാതെ വേറെ മോനേകിട്ടിയോ… എവിടെ ഞാനൊന്നു നോക്കട്ടെ.. നിരഞ്ജൻ ഒരു കുസൃതിച്ചിരിയോടുകൂടി ഹെഡ്റെസ്റ്റിനടുത്തേക്ക് ചെന്നു… തലകുനിച്ചു നിൽപ്പാണ് കക്ഷി… അവനാകെ ഒന്ന് നോക്കി ഋഷികുട്ടനെ… ഒരു 4 വയസ് പ്രായംവരും.. നന്നേ വെളുത്തിട്ടാണ്… അവനു ആ കുഞ്ഞ് മുഖം കാണുവാൻ വല്ലാതെ ആകാംഷ തോന്നി.
നിരഞ്ജൻ പയ്യെ കുഞ്ഞ് താടിയിൽ പിടിച്ചു ആ മുഖം ഉയർത്തി….. നിരഞ്ജൻ ഒരു നിമിഷം അവന്റെ വെള്ളാരം കണ്ണുകളിൽ തന്നെ നോക്കി നിന്നു. ഒരു നിമിഷത്തേക്ക് അവന്റെ ഓർമ വർഷങ്ങൾ പിറകിലേക്കുപ്പോയി… അതെ കണ്ണുകൾ. അവൻ അറിയാതെ പറഞ്ഞു.

“എന്താ.. കണ്ണാ… “ദേവകിയമ്മ ചോദിച്ചു
ഏയ്… ഒന്നുമില്ലമേ… ഞാൻ വേറെന്തോ ഓർത്തതാ… പെട്ടന്ന് തന്നെ അവൻ പറഞ്ഞു.

രാധേടെ മോൾടെ കുഞ്ഞാ കണ്ണാ… കുറുമ്പനാ ആൾ.. ദേവകിയമ്മയുടെ വാക്കുകൾ കേട്ട് രാധമ്മയുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു.

ഏയ്… മാസ്റ്റർ… എന്താ തന്റെ പേര്… പറ അങ്കിൾ കേൾക്കട്ടെ… ഹാ പറയെടോ
നമുക്ക് ഫ്രണ്ട്‌സ് ആകുമോ.. നിരഞ്ജൻ അരുമയായി ഋഷിക്കുട്ടനോട് ചോദിച്ചു.

അതുകേട്ടപ്പോൾ ആ കുഞ്ഞുകണ്ണുകൾ ഒന്ന് വിടർന്നു… അവൻ നിരഞ്ജനെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പേരുപറഞ്ഞു
“ഋഷി ”
അമ്മേടെ പൊന്നൂട്ടൻ… അതെന്താ പറയാതെ… ദേവകിയമ്മ ചിരിച്ചുകൊണ്ട് ചോദിച്ചു.

ആഹാ.. നല്ല പേരാണല്ലോ…. നിരഞ്ജൻ ഋഷിയുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ടു പറഞ്ഞു. കയ്യിലിരുന്ന ബോൾ ഋഷിക്കുട്ടനുനേരെ നീട്ടി… ആൾ അത് ഒരു കുസൃതി ചിരിയോടെ മേടിച്ചു.

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ ദേവകിച്ചേച്ചി… അവിടെ അപ്പുമോൾ തനിച്ചേയുള്ളു… ഇവിടെയിപ്പോ മോൻ വന്നല്ലോ…”

ആയിക്കോട്ടെ രാധേ.. മോളേംകൂട്ടി ഇറങ്ങുകേട്ടോ ഇങ്ങോട്ട്… മോളെയും ഒന്ന് കാണാലോ..

രാധമ്മ അതിനൊരു ചിരി മാത്രമേ നൽകിയുള്ളു… എന്നാൽ ഋഷിക്കുട്ടൻ വേഗംതന്നെ പറഞ്ഞു ” അമ്മ വരില്ല മുത്തശ്ശി… അമ്മ എങ്ങും പോകില്ല “…
രാധമ്മ പെട്ടന്നു വല്ലാതായി… ഋഷിക്കുട്ടന്റെ ഇങ്ങനൊരു മറുപടി അവർ പ്രതീക്ഷിച്ചിരുന്നില്ല.

എന്നാൽ നിരഞ്ജനും ദേവകിയമ്മയും ഒരു ചിരിയോടുകൂടി നിന്നതേയുള്ളു… അതുകണ്കെ രാധമ്മക്ക് മനസിലായി അവർ ഇതു കാര്യമായി എടുത്തിട്ടില്ലന്ന്.

രാധമ്മ വേഗംതന്നെ യാത്രപറഞ്ഞുകൊണ്ട് ഋഷിക്കുട്ടനേയുംകൊണ്ടിറങ്ങി.. അമ്മേ ഞാൻ ആക്കിത്തരാണമോ അപ്പുറത്തേക്ക്??? നിരഞ്ജൻ ചോദിച്ചു.

വേണ്ടമോനെ… ദേ തൊട്ടപ്പുറത്തല്ലേ… അവർ സ്നേഹപൂർവ്വം പറഞ്ഞു… പിന്നെ മോനെ എന്താവശ്യം വന്നാലും പറയാൻ മടിക്കണ്ടട്ടോ… പിന്നെ രണ്ടാളും സമയംപോലെയങ്ങോട്ടിറങ്ങു.

നിരഞ്ജൻ അതിനു ചിരിയോടെ തലയാട്ടി.
അവർ അപ്പുറം എത്തും വരെ അവൻ പുറത്തുതന്നെ നിന്നു. അവർ ഗേറ്റ് തുറന്നു അകത്തു കയറിയതും നിരഞ്ജനും വീടിനുള്ളിലേക്കു പോയി.

കണ്ണാ… വാ മോനെ… എന്തെ ഇന്നെന്റെ മോന്റെ കണ്ണുകളിൽ പതിവില്ലാത്തൊരു തിളക്കം… എന്താമോനെ… ദേവകിയമ്മയുടെ ചോദ്യത്തിൽ ശെരിക്കും ഞെട്ടി നിൽക്കുവാരുന്നു നിരഞ്ജൻ..
നീ ഇങ്ങിനെ തുറിച്ചു നോക്കുവൊന്നും വേണ്ട കണ്ണാ… നിന്റെ ഓരോ ചലനങ്ങൾ പോലും എനിക്കറിയാം..

അതമ്മേ… എന്താണെന്നൊന്നും എനിക്കറിയില്ല… എന്തോ ഇവിടെ വന്നതുമുതൽ എനിക്ക് നഷ്ടമായതെന്തോ തിരികെ കിട്ടാൻ പോണു എന്നൊരു തോന്നലാ … പക്ഷെ…. അതെന്താണെന്നു എനിക്കറിയില്ല 😊…അതൊക്കെ പോട്ടെ… ഞാൻ ഫുഡ്‌ മേടിച്ചുകൊണ്ട് വന്നിട്ടുണ്ട്… അമ്മ വായോ… കഴിച്ചിട്ട് കിടന്നോളു.. അപ്പോളേക്കും ഞാനിതൊക്കെ ഒന്ന് സെറ്റ് ആക്കാം… കുറച്ചു സാധനങ്ങളും മേടിച്ചിട്ടുണ്ട് നാളെമുതൽ നമുക്ക് പാചകവും തുടങ്ങാമെന്നേ… അവൻ ദേവകിയമ്മയുടെ മൂക്കിൽ ചെറുതായി വലിച്ചുകൊണ്ട് പറഞ്ഞു….

അപ്പോൾ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് ഫുഡ്‌ ഒക്കെ എടുത്തുവക്കാം.. അമ്മ പതിയെ എഴുനേറ്റു വാ.. അതുംപറഞ്ഞു നിരഞ്ജൻ ഹാളിലേക്കുപോയി.

ദേവകിയമ്മ ഓർക്കുവായിരുന്നു… ചന്ദ്രേട്ടൻ പോയതിൽപ്പിന്നെ എന്റെകുഞ്ഞിനെ ഇങ്ങിനെ സന്തോഷത്തോടെ കണ്ടിട്ടില്ല… അച്ഛനായിട്ടല്ല.. കൂട്ടുകാരനോ ജേഷ്ഠനോ ഒക്കെ ആയിരുന്നു ചന്ദ്രേട്ടൻ അവനു. പെട്ടന്നുള്ള ചന്ദ്രേട്ടന്റെ വിയോഗം അവനു ഉൾകൊള്ളാൻ ഇനിയും കഴിഞ്ഞിട്ടില്ല… പിന്നെ തനിക്കുവേണ്ടിയാണു ഈ കളിയും ചിരിയുമൊക്കെ… എന്നാൽ ഇന്ന് ഹോസ്പിറ്റലിന്നു വന്നതിനു ശേഷം അവൻ ആകെ സന്തോഷത്തിലാണ്… എന്തായാലും എന്റെ കുഞ്ഞ് എന്നും ഇതുപോലെ സന്തോഷത്തോടെ ഇരുന്നാൽ മതി… ആ അമ്മ മനം ഉരുകി പ്രാർത്ഥിച്ചു.

ദേവകിയമ്മ ചെന്നപ്പോളേക്കും നിരഞ്ജൻ ആഹാരമൊക്കെ എടുത്തുവച്ചിരുന്നു… അവർ രണ്ടുംകൂടി കഴിക്കാനായി ഇരുന്നു.
“എന്താ മോനെ ലീവ് പറഞ്ഞിരുന്നിട്ടുകൂടി ഹോസ്പിറ്റലിന്നു വിളിച്ചത്?? എന്തെങ്കിലും പ്രശ്നം ഉണ്ടായോ..” ദേവകിയമ്മ തിരക്കി.

പ്രശ്നമൊന്നുമില്ലമേ… ഒരു ആക്‌സിഡന്റ് കേസ് വന്നു… ഒരു ഹസ്ബൻഡും വൈഫ്‌ ഉം ആ കുട്ടി 8 മാസം പ്രെഗ്നന്റ് ആയിരുന്നു… കുറച്ചു കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു…അതാ വിളിച്ചത്..

എന്നിട്ടെന്തായിമോനെ…. അമ്മയുംകുഞ്ഞുമൊക്കെ സുഖമായിരിക്കുന്നോ.. ആയമ്മ തെല്ലൊരു വേവലാതിയോടെ ചോദിച്ചു.

ആ അമ്മേ… സിസേറിയൻ വേണ്ടിവന്നു… ഇപ്പോൾ രണ്ടാളും സുഖമായി വരുന്നു… പിന്നെ ആ കുട്ടീടെ ഹസ്ബൻഡിനു വല്യ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല…

ദേവകിയമ്മ ഒരു ആശ്വാസത്തോടെ ഭക്ഷണം കഴിപ്പ് തുടർന്നു.

ഇതേസമയം അർപ്പിത ഋഷിക്കുട്ടന്റെ ദേവു മുത്തശ്ശിയുടെ കഥകൾ കേട്ടിരിക്കുവായിരുന്നു. ആൾക്ക് മുത്തശ്ശിയെ നന്നേ ബോധിച്ചു 😊😊.
ഇടക്ക് ഒരു അങ്കിൾനെ പറ്റിയും പറയുന്നുണ്ടായിരുന്നു. അർപ്പിത ഒരു പുഞ്ചിരിയോടെ എല്ലാം കെട്ടിരിക്കുവാണ്… എന്നാൽ രാധമ്മക്ക് മനസിലായിരുന്നു അർപ്പിതയുടെ മനസ് ഇവിടൊന്നും അല്ലെന്നു. അവളുടെ കണ്ണുകൾ അത് പറയുന്നുണ്ടായിരുന്നു. “മോളെ… കുഞ്ഞിനേയുംകൊണ്ട് ചെന്നു കിടക്കാൻ നോക്ക്… ഇനിയും ഇരുന്നു നേരം കളയണ്ട ”

രാധമ്മ പറഞ്ഞത് കേട്ട് അവൾ ഋഷികുട്ടനെയും വിളിച് മുകളിലേക്കു പോയി… പോകുമുന്നേ ഋഷിക്കുട്ടൻ അവന്റെ രാധമ്മയെ കെട്ടിപിടിച്ചു മുത്തം നൽകാനും മറന്നില്ല 😊.

അർപ്പിത പിറ്റേന്ന് രാവിലെ തന്നെ എഴുനേറ്റ് ഫ്രഷ് ആയി താഴേക്കുപോയി.. അവൾചെന്നപ്പോളേക്കും രാധമ്മ രാവിലത്തേക്കുള്ള പ്രാതൽ ഒക്കെ റെഡിയാക്കുന്ന തിരക്കിലായിരുന്നു.

“എന്താ രാധമ്മേ… കുറച്ചുകൂടി കിടക്കാമായിരുന്നിലെ… ഇന്ന് അവധി ദിവസമല്ലേ… ഞാൻ ചെയ്യുമായിരുന്നിലെ ഇതൊക്കെ…. വയ്യാത്ത കാലും വച്ചു എന്തിനാ… ആ.. എത്ര പറഞ്ഞാലും കേൾക്കില്ലല്ലോ…”

ആഹാ… ഈ പറയുന്ന ആൾക്ക് കുറച്ചുകൂടി കിടക്കാമായിരുന്നില്ലേ… എന്തെ എഴുനേറ്റു പോന്നു??? രാധമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

ഋഷിക്കുട്ടൻ എഴുന്നേറ്റില്ല മോളെ???

“ഇല്ല രാധമ്മേ… ഇന്ന് സ്കൂളിൽ പോകണ്ടല്ലോ.. അതുകൊണ്ട് ഞാൻ ഉണർത്താനും നിന്നില്ല… “രാധമ്മ ഇട്ടുവച്ച ചായ കപ്പിലേക്ക് പകർന്നുകൊണ്ട് അവൾ മറുപടി പറഞ്ഞു.
എനിക്കിന്ന് ടൗണിൽ പോകണം രാധമ്മേ… പബ്ലിക് ലൈബ്രറി വരെ… കുറച്ചു ബുക്സ് ഒക്കെ റഫർ ചെയ്യാനുണ്ട്.
10 മണി ആകുമ്പോളേക്കും ഞാൻ ഇറങ്ങും തിരികെ വന്നിട്ടു നമുക്ക് ബീച്ചിലൊന്നു പോകാം കേട്ടോ രാധമ്മേ…. അല്ലേല്ലെങ്കിൽ കുറുമ്പൻ ഇന്ന് ഒരു സ്വസ്ഥതയും തരില്ല 😊.

നിങ്ങൾ പോയിട്ടു വാ മക്കളെ… ഞാൻ എങ്ങോട്ടും ഇല്ല…ആ.. പിന്നെ അപ്പുറത്തെ ദേവകിയേച്ചി മോളെ ഒന്ന് കാണണമെന്ന് പറഞ്ഞു കേട്ടോ…. ഒന്ന് പോയി കാണരുതോ മോളെ… മടിച്ചു മടിച്ചു ആണ് രാധമ്മ അത് പറഞ്ഞത്.
അർപ്പിത ഒന്ന് ചിരിച്ചുകൊണ്ട് ചായയുമായി പുറത്തേക്കിറങ്ങി…. രാധമ്മക്കറിയാമായിരുന്നു അതിനു ഒരു മറുപടി കിട്ടില്ലെന്ന്‌.

അർപ്പിത ചായയുമായി പുറത്തേക്കിറങ്ങി… വീട്ടിലുള്ള ദിവസം ഇതൊരു പതിവാണ് അർപ്പിതക്കു… സുനിതേച്ചിയൊക്കെ ഉണ്ടായിരുന്ന സമയത്തു അവർ തമ്മിൽ കാണുന്നതും മിണ്ടുന്നതുമൊക്കെ ഇങ്ങിനെ അവധി ദിവസം രാവിലെ മാത്രമായിരിക്കും. അല്ലാതെ അവൾ എന്നൊരാൾ ആ വീട്ടിൽ ഉണ്ടെന്നു പോലും തോന്നിക്കില്ല… എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിൽക്കാനാവാൾക്കിഷ്ടം.
മുറ്റത്തുകൂടി നടക്കുന്നതിനിടയിലാണ് അപ്പുറത്തെ സിറ്റൗട്ടിൽ ഒരു അമ്മ അവളെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടത്.
ഇതായിരിക്കും രാധമ്മ പറഞ്ഞ ദേവകിയമ്മ.. അവളൊന്നു മനസ്സിൽ ഓർത്തു.
അവൾ നോക്കുന്നത് കണ്ടതും ദേവകിയമ്മയും മതിലിനു അരികിലേക്ക് വന്നു… ദേവകിയമ്മ നോക്കിക്കാണുകയായിരുന്നു അവളെ….നന്നേ വെളുത്തു നീണ്ടു മെലിഞ്ഞൊരു പെൺകുട്ടി.. എറിയാൽ 27 വയസുണ്ടാകും അവൾക്… ഉത്തരേന്ത്യൻ സ്ത്രീകളെ പോലെയുള്ള ചേലായിരുന്നു അവൾക്… മലയാളി കുട്ടിയാണെന്ന് പറയുകയേ ഇല്ല…. പ്രത്യേകിച്ചും ആ കണ്ണുകൾ…. അതെ അപ്പോൾ ഋഷിക്കുട്ടന്റെ കണ്ണുകളും ഇതുപോലെ തന്നെ ആണെന്ന് ഉള്ളകാര്യം ദേവകിയമ്മയുടെ ഓർമയിലേക്ക് വന്നു.

അവളും നോക്കിക്കാണുവായിരുന്നു ദേവകിയമ്മയെ… തന്നെ വാത്സല്യത്തോടെയും തെല്ലൊരു അതിശയത്തോടും നോക്കുന്ന അമ്മയെ.

“അമ്മയുടെ വയ്യായികയൊക്കെ മാറിയോ… ഇപ്പൊ എങ്ങിനുണ്ട് “.. അർപ്പിത തന്നെ സംസാരത്തിനു തുടക്കമിട്ടു.

മാറിമോളെ… അപ്പുമോളല്ലേ… രാധയുടെ മോൾ… ദേവകിയമ്മ ചോദിച്ചു.

എന്നാൽ അതുകേട്ടതും അർപ്പിതയുടെ കണ്ണുകൾ നിറഞ്ഞു… പെട്ടന്ന് തന്നെ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു… എന്റെ പേര് അർപ്പിത എന്നാ അമ്മേ…. രാധമ്മ വിളിക്കുന്നതാ അപ്പുവെന്നു..

അപ്പോളാണ് ജോഗിങ് കഴിഞ്ഞ് നിരഞ്ജൻ വീട്ടിലേക്കു വന്നത്. വന്നപ്പോളെ അവൻ കണ്ടു ദേവകിയമ്മ മതിലിനടുത്തു നിന്നു സംസാരിക്കുന്നത്.. രാധമ്മയോട് വർത്താനം പറയുകയാകുമെന്ന് കരുതി അമ്മേ എന്ന് വിളിച്ചുകൊണ്ടു അവനും അവിടേക്കു ചെന്നു… എന്നാൽ അപ്പുറത്ത് നിന്നു സംസാരിക്കുന്ന ആളെ കണ്ടതും അവൻ ഒരുവേള തറഞ്ഞു നിന്നുപോയി…”അർപ്പിത” അവൻ അറിയാതെ തന്നെ പറഞ്ഞു.

ആഹ്… വന്നോ….
ഇതാമോളെ എന്റെ മോൻ നിരഞ്ജൻ.. ഞാൻ പറഞ്ഞതാ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു ഇന്ന് തന്നെ ജോഗിങ് നു പോകണ്ടാന്നു… അവനു പോയെ പറ്റു… അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അർപ്പിത ഇതെല്ലാം ഒരു പുഞ്ചിരിയോടെ തന്നെ കേട്ടുകൊണ്ട് നിൽക്കുകയാണ്.. ഇടയ്ക്കവൾ നിരഞ്ജനെ നോക്കിയപ്പോൾ അവന്റെ നോട്ടം കണ്ടതും അവൾ ആകെ മൊത്തം വല്ലാതെ ആയി… അവൾ ജസ്റ്റ്‌ അവനോടൊരു ഹായ് പറഞ്ഞു..

ദേവകിയമ്മ തട്ടി വിളിച്ചപ്പോളാണ് നിരഞ്ജൻ ഞെട്ടലിൽ നിന്നും മാറിയെ..
ഹായ്.. ആം നിരഞ്ജൻ.. ഇവിടെ സ്റ്റാവിയ ഹോസ്പിറ്റലിൽ ഹോപിറ്റലിൽ വർക്ക്‌ ചെയ്യുന്നു..

പക്ഷെ അവന്റെ നോട്ടത്തിൽ അർപ്പിതക്കു വല്ലാതെ അസ്വസ്ഥത തോന്നി.. അവൾക്കു വേഗം തന്നെ അകത്തേക്ക് പോയാൽ മതിയെന്നായി..

പൊന്നൂട്ടൻ ഉണരാറായിട്ടുണ്ട് അമ്മേ… ഞാനെന്നാൽ അങ്ങോട്ട്‌ ചെല്ലട്ടെ… പിന്നെ കാണാം അവൾ രണ്ടുപേരോടുമായി പറഞ്ഞു..

ആയിക്കോട്ടെ മോളെ… മോനെയും കൊണ്ടു ഇങ്ങോട്ട് ഇറങ്ങുകേട്ടോ… കുറുമ്പനെ കണ്ടു മതിയായില്ല.. അവർ വാത്സല്യത്തോടെ പറഞ്ഞു.. അപ്പോളും നിരഞ്ജൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിക്കുവായിരുന്നു…

അവൾ പുഞ്ചിരിയോടെ തലയാട്ടികൊണ്ട് തിരികെ വീടിനുള്ളിലേക് പോയി.

എന്തുപറ്റി മോനെ… നിനക്ക്??നീ എന്താടാ ആകെ അന്തം വിട്ടു നിൽക്കുന്നത്???

ഏയ്… ഒന്നുമില്ലമേ.. ആ കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുള്ളപോലെ… ചിലപ്പോൾ തോന്നിയതാകും..

ആരെ.. അപ്പുമോളെയോ??? നിനക്ക് തോന്നിയതാകും അവരുടെ നാടൊക്കെ തിരുവനന്തപുരത്താണ്.

ആയിരിക്കും അമ്മേ…. എന്തായാലും അമ്മ വാ… അല്ല അതെന്താ അപ്പു എന്നൊരു പേര്.. അവൻ ചോദിച്ചു.അവന്റെ ഉള്ള് അർപ്പിത എന്നൊരു പേര് കേൾക്കാനായി കൊതിച്ചു.

“അർപ്പിത എന്നാ അപ്പുമോൾടെ പേരെ… പിന്നെ രാധ വിളിക്കുന്നപോലെ വിളിക്കാനാ എനിക്കും തോന്നിയെ…”അതുകേട്ടതും ഒരു കള്ള ചിരിയോടെ അവന്റെ കണ്ണുകൾ പിറകിലെ അർപ്പിതയുടെ വീട്ടിലേക്കു പോയി…. അവൻ പറഞ്ഞതുപോലെ കളഞ്ഞുപോയതെന്തോ തിരികെ ലഭിച്ചപോലായിരുന്നു അവന്റെ മനസ്…

പക്ഷെ… അവൾ… അവൾ ഒരു ഭാര്യ ആണ്… അതിലുപരി അമ്മയാണ്.. അതെ… തന്റെ കയ്യിലേക്ക് ആദ്യമായി പിറന്നു വീണ വെള്ളാരം കണ്ണുള്ള രാജകുമാരന്റെ അമ്മ.

(തുടരും )