രചന – ആതിര
“ശ്രീയേട്ടാ..എന്ത് കോലവാ ഇത്.. ഇതിപ്പോ എത്ര ദിവസായി മുറിയടച്ചിട്ട് ഇങ്ങനെ…എന്താ പറ്റിയത് ഇതിനു മാത്രം സങ്കടം എന്താ ശ്രീയേട്ടാ..??” ശ്രീരാഗിനെ കാണാൻ ചെന്നതാണ് ഭാഗി.. ജനൽപോലും തുറക്കാതെ ഇരുട്ട് നിറഞ്ഞ മുറിയിൽ കൂനിക്കൂടിയിരിക്കുകയാണ് ശ്രീരാഗ്.. “ഒന്നൂല്ല ഭാഗി..എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം….” പാറിപ്പറക്കുന്ന മുടിയും വളർന്ന തുടങ്ങിയ താടിയും മീശയും..അതാണ് ഇപ്പഴവന്റെ കോലം..കൺതടങ്ങളിൽ കറുപ്പ് പടർന്നിരുന്നു…ആ രൂപത്തിലുള്ള ശ്രീരാഗിനെ ഭാഗിയ്ക്ക് ചിന്തിക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.. അവളുടെ ഓർമകളിൽ ഒക്കെയും വൃത്തിയായി വസ്ത്രം ധരിച്ച് മുഖത്തെപ്പോഴും ഒരു പുഞ്ചിരിയോടെ കാണുന്ന മുഖമായിരുന്നു ശ്രീരാഗിന്റേത്.. അവനോട് കാര്യം തിരക്കാൻ രാധികയാണ് ഭാഗിയെ അവനടുത്തേയ്ക്ക് പറഞ്ഞയച്ചത്..
തിരിച്ച് തെളിച്ചമില്ലാത്ത മുഖത്തോടെ വരുന്നവളെ അവർ നോക്കി.. “എന്താ മോളെ..അവൻ എന്തേലും പറഞ്ഞോ..??” “ഇല്ല രാധമ്മേ..ശ്രീയേട്ടന് കാര്യമായി എന്തോ സംഭവിച്ചിട്ടിട്ടുണ്ട്എന്തോ വലിയൊരു സങ്കടം ശ്രീയേട്ടനുണ്ട്.. എന്താന്നാ..അതല്ലേ ആ കുട്ടിയുടെ വീട്ടിൽ വിളിച്ച് കല്യാണത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞത്..” “ദൈവമേ ന്റെ കുഞ്ഞിന് എന്താ പറ്റിയത്..??ജോലി പോലും ഉപേക്ഷിച്ച് വന്നേക്കുവാ..യദു ഇപ്പോൾ അങ്ങനെയൊന്നും വിളിക്കുന്നില്ല മോളേ..ഞാനാ ഇന്നങ്ങോട്ട് വിളിച്ചത്..എനിക്കറിയില്ല ന്റെ കുഞ്ഞുങ്ങൾക്ക് ആരുടെ കണ്ണ് തട്ടിയെന്ന്..??” രാധിക നിറഞ്ഞ കണ്ണുകൾ സാരിത്തലപ്പ് കൊണ്ട് തുടച്ചു.. അത് കണ്ട് ഭാഗിയ്ക്കും വിഷമമായി..
“രാധമ്മ കരയാതെ..വിഷമിക്കണ്ട. ശ്രീയേട്ടനെ ഞാൻ മാറ്റിക്കൊള്ളാം. ഞാൻ പറഞ്ഞാൽ ശ്രീയേട്ടൻ കേട്ടോളും..യദുവേട്ടൻ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു ഇപ്പോൾ നല്ല ജോലിത്തിരക്കാണെന്ന് ..രാധമ്മ അതും ഇതും ചിന്തിക്കാൻ നിൽക്കാതെ സമാധാനമായിട്ട് ഇരിക്ക്..” അവരെ സമാധാനിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും ഭാഗിയുടെ മനസ്സിലും ഏതൊക്കെയോ ചില പേടികൾ കൂടുകൂട്ടാൻ തുടങ്ങിയിരുന്നു.. യദുവിനെന്തോ മാറ്റം പോലെ.. പണ്ടത്തെ പോലെ സംസാരമില്ല. വിളിക്കുമ്പോഴുള്ള ചിരിയോ കുറുമ്പോ ഇല്ല..പറയുന്നതിനെല്ലാം ഒരു മൂളലിൽ ഉത്തരം തരും.. “വരുണേ,, നീ കൂടെ ഇങ്ങനെ തുടങ്ങല്ലേ.. ഞാനില്ലേടാ..” കരഞ്ഞ് തളർന്നിരിക്കുന്ന വരുണിനെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അവന് അറിയില്ലായിരുന്നു.. “എന്റെ കൂടി തെറ്റല്ലേടാ..അന്ന് ഞാനൊന്ന് കേൾക്കാൻ മനസ്സ് കാട്ടിയിരുന്നെങ്കിൽ.. ഇന്നിതൊന്നും..ഞാൻ കണ്ടോളാം പരിഹാരം..” അകത്തെ മുറിയിൽ ചേട്ടന്റെ അവസ്‌ഥയിൽ മനംനൊന്ത് കരയുകയായിരുന്നു ചാരു.. അവളെ അപ്പോൾ അഭിമുഖീകരിക്കാനോ പറഞ്ഞാശ്വസിപ്പിക്കാനോ കഴിയില്ലായിരുന്നു യദുവിന്.. അവന്റെ ഒരു നിമിഷത്തെ അശ്രദ്ധയാണ് ഇതിനൊക്കെ കാരണമെന്ന കുറ്റബോധം അവനെ കാർന്ന് തിന്നാൻ തുടങ്ങി…
“ഹലോ യദുവേട്ടാ…” “ഭാഗി…” “എത്ര വട്ടം വിളിച്ചു ഞാൻ. ഒരാഴ്ചയായി ഞാൻ വിളിക്കുന്നു.. ഇപ്പോഴാ ഫോൺ അറ്റൻഡ് ചെയ്യുന്നത് തന്നെ..മെസേജ് ഇട്ടാൽ റിപ്ലൈ ഇല്ല.. ഒന്ന് ഇങ്ങോട്ട് വിളിക്കുക പോലും ഇല്ല..എന്താ യദുവേട്ടാ പറ്റിയത്..എന്നോട് എന്തേലും മറച്ച് വെയ്ക്കുന്നുണ്ടോ..?? അവൾ കരഞ്ഞുപോയിരുന്നു.. “നീ കരയാനാണോ വിളിച്ചേ.. ഇവിടെ ഒന്നാമത് നൂറ് കൂട്ടം പ്രേശ്നങ്ങളാ.. ഇനി നിന്റെ പരാതി കൂടെ എന്നെ കേൾപ്പിക്കല്ലേ..” “ഇല്ല.. എനിക്ക് ജോലി കിട്ടി..ടൗണിൽ ഒരു ഓഫീസിൽ അക്കൗണ്ടന്റ് ആയിട്ടാ..രാവിലെ എട്ടര ഒക്കെ ആകുമ്പോൾ ഇറങ്ങിയാൽ മതി..വൈകിട്ട് ആറിന് മുൻപ് വീട്ടിലും തിരിച്ചെത്താം..ഇപ്പൊ ഒരാഴ്ച്ചയായി..യദുവേട്ടനോട് ആദ്യം പറയണമെന്നായിരുന്നു..പക്ഷേ വിളിച്ചാൽ ഫോൺ എടുക്കണ്ടേ…” “ഹമ്മ്..നന്നായി..” “ശ്രീയേട്ടന്റെ കാര്യമെല്ലാം രാധമ്മ പറഞ്ഞ് കാണില്ലേ..ഇപ്പൊ ഓഫിസിൽ പോകും മുൻപും ശേഷവും ശ്രീയേട്ടനെ കാണാൻ പോകും..
ശ്രീയേട്ടന്റെ കൂടെ ഇരുന്നാ വൈകിട്ടും രാവിലെയും കഴിക്കുന്നത്..ഇല്ലെങ്കിൽ നേരെ ചൊവ്വേ കഴിക്കില്ല..ശ്രീയേട്ടന് വേണ്ടങ്കിൽ ഞാനും കഴിക്കില്ല എന്ന് പറയുമ്പോൾ എനിക്ക് വേണ്ടി കഴിക്കും..അല്ലാത്തപ്പോൾ ഒക്കെ ആ മുറിലാ..എന്താണെന്ന് അറിയില്ല. രാധമ്മ പകുതിയായി..യദുവേട്ടൻ വിളിക്കുന്നില്ലെന്ന സങ്കടം വേറെ.. എന്നെ എന്നും വിളിക്കുന്നുണ്ടെന്നാ വിചാരിച്ചിരിക്കുന്നേ..ഞാനും തിരുത്താൻ പോയില്ല..യദുവേട്ടന് ജോലിത്തിരക്ക് കൂടുതൽ ആണെന്നാണ് ആ പാവത്തിനോട് പറഞ്ഞത്..” “ഹമ്മ്..” “യദുവേട്ടന് എന്നോട് ഒന്നും ചോദിക്കാനില്ലേ..ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്ക് സുഖവാണോന്നൊന്ന് തിരക്കി പോലും ഇല്ലല്ലോ..തിരക്കാ സമ്മതിച്ചു..എങ്കിലും..ശരിക്കും സങ്കടം വരുവാ..ഇപ്പോൾ കണ്ണടച്ചാൽ ഒക്കെ ചീത്ത സ്വപ്നങ്ങൾ ഒക്കെയാണ് കാണുന്നത്..” “നീ ഒരുപാട് ഒന്നും ചിന്തിക്കണ്ട. ഒന്നും ഇല്ല..പിന്നെ ഇനി മുതൽ എനിക്ക് തീരെ സമയം കാണില്ല.. എന്നെ നീ ഇങ്ങനെ വിളിക്കാൻ നിൽക്കണ്ട..എന്തേലും ആവശ്യം ഉണ്ടേൽ ഞാൻ വിളിച്ചോളാം..”
“ഹമ്മ്..”(ഭാഗി) “പിന്നെ നീ ശ്രീയേട്ടന്റെ കാര്യം ശ്രദ്ധിക്കണേ..എനിക്ക് ഒടനെയൊന്നും ലീവ് കിട്ടില്ല.. അങ്ങോട്ട് വരാൻ പറ്റാത്ത സാഹചര്യമാണ്..ഏട്ടന് എന്ത് പറ്റിയെന്ന് തിരക്കിയിട്ടും ഒന്നും അറിഞ്ഞില്ലല്ലോ..ഏട്ടനെ എങ്ങനെയെങ്കിലും പഴയപോലെ തിരിച്ച് കൊണ്ടവരണം..ഭാഗി നീ വേണം ഏട്ടന്റെ കൂടെ..അമ്മേടെ രണ്ട് മക്കളും തോറ്റ് പോകരുതല്ലോ..” “എന്താ യദുവേട്ടാ…” “ഒന്നും ഇല്ല..മാലിനിയമ്മയ്ക്കും വിനയച്ഛനും അസുഖം ഒന്നും ഇല്ലല്ലോ..” “ഇല്ല..” “ഹമ്മ്..ഇനി ഇങ്ങോട്ട് വിളിച്ചാൽ ചിലപ്പോൾ കിട്ടില്ല..ഞാൻ വിളിച്ചോളാം.. എങ്കിൽ ശരി നീ വെച്ചോ..” ഭാഗിയ്ക്ക് വല്ലാത്തൊരു ഭാരം തോന്നി..
കണ്ണുകൾ നിറഞ്ഞു..തന്നെ ഒഴിവാക്കുന്ന പോലെ ഒരു തോന്നൽ. എങ്കിലും അത് തന്റെ തോന്നൽ മാത്രമാണെന്ന് അവൾ ഉറച്ച് വിശ്വസിച്ചു.. “ഭാഗിയില്ലാതെ യദുവുണ്ടോ..??നീ ഇല്ലാതെ എനിക്ക് പറ്റില്ലടി..ന്റെ ജീവനും ജീവിതവും നീയല്ലേ പെണ്ണേ..” യദുവിന്റെ വാക്കുകൾ അവളിൽ അലയടിച്ചു..സംശയങ്ങളെക്കെ വെറും സംശയങ്ങൾ മാത്രമാണെന്ന് വിശ്വസിക്കാൻ ആ വാക്കുകളുടെ ഉറപ്പ് മതിയാരുന്നവൾക്ക്.. അവളുടെ ബുദ്ധി അപ്പോഴും എന്തക്കെയോ അപായ സൂചനകൾ നൽകുന്നുണ്ടായിരുന്നു.. മനസ്സിന്റെ ഉത്തരങ്ങളെ കൂട്ട് ബുദ്ധി പറയുന്നത് പിടിച്ചപ്പോൾ കേൾക്കാതെ പോയതാവാം..അല്ലെങ്കിൽ അങ്ങനെ സ്വയം ഭാവിച്ചതാവാം.. (തുടരും…)

by