16/04/2026

സായൂജ്യം : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

അവളെ കണ്ടതും അയാൾ പകപ്പോടെ നോക്കി.

എന്താ സത്യാ എന്നെ കൂട്ടാതെ പോന്നത്. അതുകൊണ്ട് ഞാൻ ഇത്ര നേരം നടക്കേണ്ടി വന്നില്ലേ.അവൾ ദേഷ്യത്തോടെ ചോദിച്ചു

അല്ല നീയിതെന്തു ഭാവിച്ചാ?നീയേതാ?

ദേ… സത്യാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.ഏതുനേരോം എല്ലാം ഞാൻ തമാശ ആയിട്ട് എടുക്കില്ല.

ദേഷ്യം വരുമ്പോൾ ഉമ തെരുതെരെ കണ്ണുചിമ്മും പോലെ അവൾ കണ്ണുചിമ്മുന്നത് അയാൾ പകപ്പോടെ നോക്കി നിന്നു.

അപ്പോഴാണ് ഏട്ടൻ കുഞ്ഞിനേയും കൊണ്ട് മുറ്റത്തു നിൽക്കുന്നത് അവൾ കണ്ടത്.

അവൾ വേഗം കുഞ്ഞിനെ എടുക്കാൻ ആഞ്ഞു.

അയാൾ കുഞ്ഞിനെ മുറുകെ പിടിച്ചു

അല്ല കുട്ടിയേതാ……? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ.

ദേ… മാധവേട്ടാ.. മര്യാദക്ക് കുഞ്ഞിനെ ഇങ്ങ് താ.

അയാൾ സത്യനാഥിനെ നോക്കി. ആരാടാ ഇത്?

എനിക്കറിയില്ല ഏട്ടാ. ഇന്ന് രാവിലെ ഞാൻ പുറത്ത് പോയപ്പോൾ എന്റെ അടുത്ത് വന്നു, ഉമയാണ് എന്നൊക്കെ പറയുന്നു.

എന്റെ കുഞ്ഞിനെ ഇങ്ങ് തരാനാ പറഞ്ഞത് അവൾ ബലമായി കുഞ്ഞിനെ വലിച്ചെടുക്കാൻ ആഞ്ഞു.

എന്തായിത്….മാറി നില്ക്കു കുട്ടീ. മാധവേട്ടൻ കുഞ്ഞുമായി പിന്നിലേക്ക് മാറി.

പൊടുന്നനെ കുഞ്ഞ് അവൾക്ക് നേരെ കൈ നീട്ടി കരയാൻ തുടങ്ങി
അത് കണ്ടതും അവൾ വേഗത്തിൽ കുഞ്ഞിനെ എടുത്തു.

അവൾ എടുത്തതും കുഞ്ഞ് ചിരിച്ചു കൊണ്ട് അവളുടെ തോളിൽ ചാഞ്ഞു.

അതേ… നിങ്ങൾക്ക് എടുക്കാൻ പറ്റില്ലേ സ്വന്തം കുഞ്ഞിനെ, അവൾ സത്യയോട് ചോദിച്ചു. കുഞ്ഞിനെ വേറെ ആരും എടുക്കുന്നത് എനിക്കിഷ്ടമല്ല. അവൾ ദേഷ്യത്തോടെ പറഞ്ഞിട്ട് അകത്തേക്ക് നടന്നു.

മാധവൻ പകപ്പോടെ സത്യനാഥിനെ നോക്കി.
ഇതേതാ ഈ അവതാരം? വട്ടാണോ ഇവൾക്ക്,അയാൾ സത്യനോട് ചോദിച്ചു

ആവോ എനിക്കറിയില്ല.

പക്ഷെ മോനേ… ശരിക്കും ഉമയുടെ അതേ രീതികൾ.

കണ്ടില്ലേ അകത്തു കയറുമ്പോൾ ഉമ പൊട്ട് എടുത്ത് വാതിലിൽ ഒട്ടിച്ചു വയ്ക്കുന്നത് പോലെ ഈ കുട്ടിയും ചെയ്യുന്നത്.

ശരിയാണ്.മൂന്ന് മാസം മുൻപ് അവൾ ഇവിടുന്ന് പോയപ്പോഴും ആ വാതിലിൽ ഒരു പൊട്ട് ഇരിപ്പുണ്ടായിരുന്നു. താനാണ് അത് എടുത്ത് കളഞ്ഞത്.
ഉമ മിക്കവാറും പൊട്ട് തൊടാൻ മറക്കും, പുറത്തിറങ്ങുമ്പോഴാണ് അയ്യോ പൊട്ട് തൊട്ടില്ല എന്നും പറഞ്ഞ് തിരിച്ചു കയറുന്നത്.

അതുകൊണ്ട് ഉമ്മറവാതിലിൽ തന്നെ അവൾ പൊട്ട് തൊട്ട് വയ്ക്കും.
അതാകുമ്പോൾ മറന്നാലും തിരിച്ചു മുറി വരെ പോകണ്ടല്ലോ എന്ന് പറയും.

ഇന്നിപ്പോ ഈ കുട്ടിയും പൊട്ട് തൊട്ട് വച്ചിരിക്കുന്നു.

അവർ അകത്തേക്ക് കയറി.

ഡെയിനിങ് റൂമിൽ ഇരുന്ന് കുഞ്ഞിന് കുറുക്ക് നൽകുകയാണ് അവൾ.
കുഞ്ഞ് വാശിയൊന്നും കാണിക്കാതെ കഴിക്കുന്നു.

സത്യനാഥ്‌ അവൾ കാണാതെ അവളുടെ ഒരു ഫോട്ടോ എടുത്ത് തന്റെ ചില സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു.

അവരോട് ചുരുങ്ങിയ വാക്കിൽ കാര്യങ്ങൾ പറഞ്ഞു.

ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സുഹൃത്ത് മധു സത്യനാഥിനെ ഫോൺ വിളിച്ചു.

എടാ ആളെ കിട്ടിയിട്ടുണ്ട്. പേര് ഭാമ, എടാ നമ്മുടെ പോലീസ് സ്റ്റേഷനിലെ എസ്ഐ മോഹൻ സാറിന്റെ മകളാണ്.

ഞാൻ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്. രാവിലെ കോളേജിലേക്ക് എന്നും പറഞ്ഞ് പോയതാ.
ഇന്ന് കോളേജിൽ ചെന്നില്ലെന്നും പറഞ്ഞ് കൂട്ടുകാരികൾ വിളിച്ചപ്പോഴാണ് അവർ അറിയുന്നത്.
അന്നേരം മുതൽ അവർ ആ കുട്ടിയെ അന്വേഷിക്കുകയാണ്.

നീ നമ്മുടെ വീട് പറഞ്ഞ് കൊടുത്തോ?

ഉവ്വെടാ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ട്‌ വരാം.

ശരി.

അകത്തുനിന്ന് കുഞ്ഞിന്റെയും അവളുടെയും ചിരി കേൾക്കാം.

എന്താ മോനേ… ആളെ അറിഞ്ഞോ? മാധവൻ ചോദിച്ചു.

അറിഞ്ഞു ഏട്ടാ നമ്മുടെ എസ് ഐ സാറിന്റെ മകളാണ്.

ആ കുട്ടി ഇങ്ങനൊരു കള്ളം പറഞ്ഞിവിടെ വന്നത് എന്തിനാ?

അറിയില്ല ഏട്ടാ.

എന്തായാലും സാറിനെ വിവരം അറിയിച്ചിട്ടുണ്ട്.അവർ വരട്ടെ.

മുറിയിൽ നിന്നും ഈണത്തിൽ താരാട്ട് പാട്ട് കേട്ടതും അവർ തറഞ്ഞു നിന്നു.

കുഞ്ഞിനെ ഉറക്കുവാനായി ഉമ എഴുതി അവൾ തന്നെ ഈണമിട്ട പാട്ട്.

ആ പാട്ട് ഈ കുട്ടിക്ക് എങ്ങനെ അറിയാം?

അവർ പകപ്പോടെ പരസ്പരം നോക്കി.

പെട്ടന്ന് ഒരു വാഹനം വഴിയിൽ വന്ന് നിന്നു. അതിൽ നിന്നും എസ് ഐ മോഹനും, ഭാര്യയും ഇറങ്ങി. പാതി ചാരിയിട്ട ഗേറ്റ് തുറന്ന് അവർ വീടിന്റെ മുറ്റത്തേക്ക് നടന്നു വന്നു

എന്റെ മോൾ എവിടെ?

അകത്തുണ്ട്.

അകത്തു നിന്നും കേൾക്കുന്ന താരാട്ട് പാട്ട് ഒച്ച കുറഞ്ഞു കുറഞ്ഞു വന്ന് പതിയെ നിലച്ചു.

മോളെ ഭാമേ.. അയാൾ ഉറക്കെ വിളിച്ചു.

അവൾ തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി വന്നു.

ആരാ ഇവിടെ ഒച്ച എടുക്കുന്നത്, എന്റെ മോൾ ഇപ്പോൾ ഒന്നുറങ്ങിയതേ ഉള്ളൂ ശബ്‌ദം ഒന്ന് കുറക്കൂ…അവൾ പതിയെ പറഞ്ഞു.

മോളെ.. അവളുടെ അമ്മ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ പിടിച്ചു.

എന്താ മോളെ നിനക്ക് പറ്റിയത്? വരൂ നമുക്ക് നമ്മുടെ വീട്ടിൽ പോകാം.

നിങ്ങളൊക്കെ ആരാ എനിക്ക് മനസിലായില്ല.

ഭാമേ… നീയെന്താ ഈ പറയുന്നത്? മോഹൻ ഒച്ചയുയർത്തി.

ദയവായി ഒച്ച എടുക്കല്ലേ എന്റെ മോൾ ഉണരും.

ആരാ സത്യാ ഇവർ? അവൾ അയാളോട് ചോദിച്ചു.

മോളെ ഞാൻ നിന്റെ അമ്മയാണ്. അമ്മയുടെ കണ്ഠമിടറി.

ഓഹോ… എന്റെ അറിവിൽ ഞാൻ പൂമംഗലത്ത് ശ്രീധരന്റെയും, മീരയുടെയും മകളാണ്. അവൾ പുച്ഛത്തോടെ ചിരിച്ചു.

ഓരോന്നൊക്കെ ഇറങ്ങിക്കോളും. ഈ ലോകത്തു പെണ്ണുങ്ങൾക്ക്‌ ജീവിക്കാൻ ഒക്കില്ലെന്നായി.

സത്യാ….ഇവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം.

ഭാമേ…മോഹൻ വന്ന് അവളെ ബലമായി പിടിച്ചുലച്ചു. എന്താ മോളെ നിനക്ക് പറ്റിയത് നീയെന്തൊക്കെയാ ഈ പറയുന്നത് ?

കൈ വിടടോ. അവൾ കുതറി മാറി.

സത്യാ… ഇത് കാണുന്നില്ലേ,അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു. കണ്ണുകൾ ചിമ്മി ചിമ്മി അടച്ചവൾ അയാളെ തുറിച്ചു നോക്കി.

പെട്ടന്ന് കുഞ്ഞ് ഉണർന്നു കരഞ്ഞതും, അയ്യോ എന്റെ കുഞ്ഞ് ഉണർന്നു എന്ന് പറഞ്ഞ് തിടുക്കത്തിൽ അവൾ മുറിയിലേക്ക് ഓടി.

സർ… സത്യനാഥ്‌ അയാൾക്ക്‌ അരികിലേക്ക് ചെന്നു.

ഇന്ന് രാവിലെ ഈ കുട്ടി എന്റെ മുന്നിൽ വന്ന് ഞാൻ ഉമയാണ് എന്തിനാണ് എന്നോട് പിണങ്ങിയത് എന്നൊക്കെ ചോദിച്ചു കരച്ചിൽ ആയിരുന്നു.
ഞാൻ ആദ്യം കാണുകയാണ് ഈ കുട്ടിയെ. സാർ കണ്ടില്ലേ ഈ കുട്ടിക്ക് ദേഷ്യം വന്നപ്പോൾ കണ്ണുകൾ തെരുതെരെ ചിമ്മിചിമ്മി അടക്കുന്നത്. എല്ലാംഎന്റെ ഭാര്യ ഉമയെ പോലെ തന്നെ.

രാവിലെ മോൾ കോളേജിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയതാണ്.പിന്നെന്താ ഇങ്ങനൊക്കെ എന്ന് എനിക്ക് മനസിലാകുന്നില്ല.

സർ, ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് മോൾക്ക്‌ മാനസിക പ്രശ്നം വല്ലതും?

ഹേയ്… ഇല്ല. യാതൊരു പ്രശ്നവും അവൾക്കില്ല.
അവൾ വളരെ മിടുക്കിക്കുട്ടിയാണ്.
അവളുടെ വിവാഹം ഉറപ്പിച്ചത് ഈ കഴിഞ്ഞ ആഴ്ചയാണ്.

ഇനിയിപ്പോ കല്യാണത്തിന് താല്പര്യം ഇല്ലാഞ്ഞിട്ടോ മറ്റോ ആയിരിക്കുമോ?

അല്ല, അവൾ പ്രണയിച്ച ആളുമായി തന്നെയാണ് അവളുടെ വിവാഹമുറപ്പിച്ചത്.

എന്റെ മോൾക്കിത് എന്ത് പറ്റിയോ എന്തോ, ആണായിട്ടും പെണ്ണായിട്ടും ഇതൊന്നേ ഉള്ളൂ ഞങ്ങൾക്ക്.
ഭാമയുടെ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു.

എടീ നീ കരയാതെ… മോഹൻ അവരെ ആശ്വസിപ്പിച്ചു.

ഭാമ കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വന്നു.

ആഹാ നിങ്ങൾ ഇതുവരെയും പോയില്ലേ?

സത്യാ നിങ്ങളിത് എന്ത് കണ്ടോണ്ട് നിൽക്കുകയാ, ഇതുങ്ങളെ പറഞ്ഞു വിട്ടിട്ട് ഗേറ്റ് അടക്ക്.

ഒരുത്തരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലമാണ്.

മോളെ നീ വാ… അമ്മ അവളുടെ കൈയിൽ പിടിച്ചു.

ദേ… നിങ്ങളുടെ പ്രായത്തിനെ ബഹുമാനിക്കുന്നത് കൊണ്ടാ ഞാൻ ഒന്നും പറയാത്തത്. മര്യാദക്ക് പൊയ്ക്കോ. ഇല്ലേൽ ഞാൻ പോലീസിനെ വിളിക്കും.

സത്യാ… കയറി വാ… അവൾ വിളിച്ചു.എനിക്ക് കുഞ്ഞിനെ കുളിപ്പിക്കണം

അപ്പോഴേക്കും സത്യനാഥിന്റെ സുഹൃത്ത് മധു അവിടെ എത്തി.

അയാൾ മുറ്റത്തേക്ക് കയറി.

ആഹാ മധു നീ വന്നത് നന്നായി. ഭാമ പറഞ്ഞു.

ഈ സത്യയോട് പരിചയമില്ലാത്തവരെ വീട്ടിൽ വിളിച്ചു കയറ്റരുതെന്ന് പറഞ്ഞാൽ കേൾക്കില്ല.

മധു കണ്ണുമിഴിച്ചവളെ നോക്കി.

മധു നീയൊന്നു നോക്കിക്കേ ഇവരുടെ മുഖത്ത് ഒരു കള്ളലക്ഷണം ഇല്ലേ….ഭാമ ചോദിച്ചത് കേട്ട്,മധു പകപ്പോടെ സത്യനാഥിനെ നോക്കി.

ഇതാണെടാ ഇവിടുത്തെ പ്രശ്നം. സത്യ ഒച്ച താഴ്ത്തി അവനോടു പറഞ്ഞു.

ഞാൻ പോകുവാ… അവൾ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പോയി.

മോഹൻ സാറെ ഇനി എന്ത് ചെയ്യും? മധു അയാളോട് ചോദിച്ചു.

എനിക്കൊരെത്തും പിടിയും കിട്ടുന്നില്ല മധു.

സാറെ ബലം പ്രയോഗിച്ചു കൊണ്ടുപോകുന്നത് ഉചിതമല്ല. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കുന്നതാണ് നല്ലത്.
മനസിന്റെ കാര്യമല്ലേ.

പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരുന്നതായിരിക്കും നല്ലത്.

അതിപ്പോ ഇന്ന് പെട്ടന്ന് നടക്കില്ലല്ലോ മധു.

മോളെ ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകും.അതാ ഞാൻ ആലോചിക്കുന്നത്

തല്ക്കാലം ഇവിടെ നിൽക്കട്ടെ സർ.മധു പറഞ്ഞു

അതെങ്ങനെ ശരിയാകും രണ്ടാണുങ്ങൾ മാത്രമുള്ള ഇടത്ത് എങ്ങനെ നിർത്തും.

അതോർത്തു സർ വിഷമിക്കണ്ട, സാറിന്റെ വീട്ടിലെ പോലെ അവൾ ഇവിടെ സുരക്ഷിത ആയിരിക്കും.കൂടാതെ ഇവിടെ സഹായത്തിനു നിൽക്കുന്ന ഒരു ചേച്ചി ഉണ്ട്.

എന്റെ മോളില്ലാതെ ഞാൻ എങ്ങോട്ടും വരില്ല. അമ്മ കരച്ചിൽ തുടങ്ങി.

ഇന്നൊരു ദിവസം മോൾ ഇവിടെ നിൽക്കട്ടെ മീരേ.. ഒന്നുവല്ലേലും ഞാനൊരു പോലീസുകാരൻ അല്ലേ, എനിക്കറിയാത്ത സ്ഥലമല്ലല്ലോ ഇത്. കൂടിവന്നാൽ ഒരു പത്തോ പതിനഞ്ചോ മിനിറ്റത്തെ യാത്ര മതിയല്ലോ ഇവിടെ വരാൻ.നീ പേടിക്കാതെ ഇരിക്ക്.

എന്നാലും അത് ശരിയാവില്ല ചേട്ടാ.

ശരിയാകും. ഞാൻ ഈ പരിസരത്തൊക്കെ തന്നെ കാണും മീരേ നീ പേടിക്കാതെ.

നേരാണോ?

പിന്നല്ലാതെ നമ്മുടെ മോളല്ലേടീ അവളെ അങ്ങനെ നമ്മൾ വിട്ട് കളയുവോ, നീ വന്നേ..

അവളെ ശ്രദ്ദിക്കണം,അറിയാലോ എന്റെ മോൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല.അയാൾ സത്യനാഥിനോടായി പറഞ്ഞു.

അയാൾ അവരെയും കൊണ്ട് വണ്ടിയിൽ കയറി.

മധു സത്യനാഥിന്റെ കൈയിൽ പിടിച്ചു. സത്യത്തിൽ ഇതെന്തൊക്കെയാടാ ഇവിടെ നടക്കുന്നത്?

നീ കണ്ടില്ലേടാ,ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ.

എന്നാലും അളിയാ ശരിക്കും ഉമ സംസാരിക്കും പോലെ തന്നെ.

എനിക്കൊന്നും അറിയില്ല മധു.

അവളെ ഒന്ന് മറക്കാൻ തുടങ്ങുമ്പോൾ ഇങ്ങനെ ഒരെണ്ണം വന്ന് കയറി.

പോയവൾ പോട്ടെടാ… നീയതൊന്നും ഓർക്കേണ്ട.

ഞാൻ നാളെ വരാമെടാ..

**********

സത്യനാഥ്‌ അകത്തേക്ക് ചെന്നു.
അവൾ കുഞ്ഞിനെ കുളിപ്പിക്കുകയാണ്.

അവർ പോയി അല്ലേ , വണ്ടിയുടെ ഒച്ച കേട്ടു.

ഉം. അയാൾ മൂളി.

ആരാ സത്യാ അവരൊക്കെ?

അറിയില്ല.

അവൾ മോളെ കുളിപ്പിച്ച്, തുടച്ച്,അയാളുടെ കൈയിൽ കൊടുത്തു.

കഴിഞ്ഞ തവണ സത്യ വന്നപ്പോൾ കൊണ്ടുവന്ന ആ മഞ്ഞ ഉടുപ്പ് ഇല്ലേ അത് മോളെ ഇടീച്ചേരെ.. ഞാൻ ഒന്ന് മേൽ കഴുകിയിട്ടു വരാം.

അയാൾ എടുത്തതും കുഞ്ഞ് ചിണുങ്ങി.

അമ്പടീ…. കള്ളീ അവളുടെ അടവ് നോക്കിക്കേ.

സത്യാ…കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങുമ്പോൾ നീയല്ലേ പറഞ്ഞത് ഇത് മോനല്ല, മോളാണ് അതും അച്ഛനായ എങ്ങനെയായിരിക്കും അവൾക്കു കൂടുതൽ ഇഷ്ട്ടം എന്നൊക്കെ.
എന്നിട്ടിപ്പോ നോക്കിക്കേ അവൾക്ക് എന്നെ മതി.

എടീ കുറുമ്പി നീ അച്ഛൻ വിളിക്കുമ്പോൾ എന്നെ വയറ്റിൽ കിടന്ന് എന്തോരം തൊഴിച്ചിട്ടുണ്ട്. അച്ഛൻ ഉമ്മ വയ്ക്കുമ്പോ അങ്ങോട്ടും ഇങ്ങോട്ടും പായുവല്ലായിരുന്നോ, എന്നിട്ട് പെണ്ണിനിപ്പോ അമ്മയെ മതി അല്ലേ, അവൾ കുഞ്ഞിന്റെ മൂക്കിൻ തുമ്പിൽ ഉമ്മ വച്ചു.

അവൾ കുളിക്കാനായി ബാത്‌റൂമിലേക്ക് പോയപ്പോഴും,അയാൾഅതേ നിൽപ്പ് നിൽക്കുകയായിരുന്നു.

എന്തൊക്കെയാണിവൾ പറഞ്ഞത്. തന്റെയും ഉമയുടെയും സ്വകാര്യ നിമിഷങ്ങൾ പോലും ഇവൾക്കെങ്ങനെ അറിയാം?

ഇനി ഒരുപക്ഷെ ഉമ പറഞ്ഞു കൊടുത്തതോ മറ്റോ ആയിരിക്കുമോ?
മറ്റൊരുത്തനൊപ്പം ഇറങ്ങിപോയതിൽ അവൾ ഇപ്പോൾ വേദനിക്കുന്നുണ്ടാകുമോ
പക്ഷെ ഈ പെൺകുട്ടി അഭിനയിക്കുകയാണ് എന്ന് തോന്നുന്നുന്നുമില്ല. ഉമ എങ്ങനെയോ, അങ്ങനെ തന്നെയാണ് ഈ കുട്ടിയും.

ഇതെന്ത് പരീക്ഷണമാണ്?

കുഞ്ഞിന്റെ ചിരി കേട്ടപ്പോൾ അയാൾ ചിന്തയിൽ നിന്നുണർന്നു.

തന്റെ മുഖത്തു നോക്കി ചിരിക്കുകയാണ്.
അയാൾ കുഞ്ഞിന്റെ കവിളിൽ ചുംബിച്ചു.
പൊന്നുമോളെ അച്ഛന് നീ മാത്രേ ഉള്ളൂ..

അയാൾ കുഞ്ഞിനെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

ഭാമ പറഞ്ഞ മഞ്ഞ ഉടുപ്പെടുത്ത് കുഞ്ഞിനെ ധരിപ്പിച്ചു.

കൈവിരൽ നുണഞ്ഞുകൊണ്ട് കുഞ്ഞയാളുടെ തോളിൽ കിടന്നു.
ഭാമ വന്ന് കഴിഞ്ഞപ്പോൾ മുതൽ, താനെടുക്കുമ്പോൾ മോൾ കരയാറില്ല.

ചാരിയിട്ട വാതിൽ തുറക്കുന്ന ശബ്ദം കേട്ട് സത്യനാഥ്‌ തിരിഞ്ഞു നോക്കി.

ഏട്ടനാണ്

ആ പെണ്ണ് എന്തിയെ?

കുളിക്കാനായി പോയി.

കൊച്ചിന്റെ കാര്യത്തിൽ എപ്പോഴും ഒരു ശ്രെദ്ധ വേണം കേട്ടോ.
ഇവളുമാരെ ഒന്നും വിശ്വസിക്കാൻ വയ്യ. ഓരോ അടവും പറഞ്ഞു വീട്ടിൽ കയറിപ്പറ്റും.

നീ കൊച്ചിനെ ഇങ്ങ് കൊണ്ടുവാ, അയാൾ കുഞ്ഞിനെ എടുത്തതും, ഭാമ ചീറിക്കൊണ്ട് അകത്തേക്ക് പാഞ്ഞുവന്നു.

എന്റെ കുഞ്ഞിനെ നിങ്ങൾ തൊട്ട് പോകരുത്.
അവൾ അയാളിൽ നിന്നും കുഞ്ഞിനെ എടുത്തു.

ഇനി മേലിൽ എന്റെ കുഞ്ഞിന്റെ അടുത്ത് പോലും വരരുത് നിങ്ങൾ.
ഇറങ്ങി പോ മുറിയിൽ നിന്ന് അവൾ വിരൽ ചൂണ്ടി.

അയാൾ പതിയെ മുറി വിട്ടിറങ്ങി.

ദേഷ്യത്തിൽ അവൾ വിറക്കുന്നുണ്ടായിരുന്നു.

ഭാമേ… സത്യനാഥ്‌ ഉറക്കെ അവളെ വിളിച്ചു.

ഭാമയോ? അതാരാ സത്യാ…?

എന്താ ജോലിസ്ഥലത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും വന്നോ, എന്തെ ഒരിളക്കം?
വെറുതെയല്ല ജോലി കളഞ്ഞിട്ട് വന്നത് മുതൽ ഒരു മൗനം. സത്യം പറഞ്ഞോ ആരാ ഭാമ?
അവൾ തൊട്ട് മുന്നിലെത്തി.

അതുപിന്നെ…. അയാൾഎന്തോ പറയാൻ ആഞ്ഞതും അവൾ പൊട്ടിച്ചിരിച്ചു.

ന്റെ സത്യാ… ഏതു സുന്ദരി വന്നാലും ഈ ഉള്ളം നിറയെ ഉമ മാത്രേ ഉണ്ടാവൂ എന്ന് എനിക്കറിയാം.
സത്യക്ക് ഉമയെ മാത്രേ സ്നേഹിക്കാനാവൂ… ഉമക്ക് സത്യയെയും.
അവൾ കുഞ്ഞിനേയും കൊണ്ട് അയാളിലേക്ക് ചേർന്ന് നിന്നു.

ഉമയുടെ മണം. അവൾ തേക്കാറുള്ള സോപ്പിന്റെ ഗന്ധം, കുളി കഴിഞ്ഞാൽ അവൾ നിറുകയിൽ ഇടാറുള്ള രാസ്‌നാദിപ്പൊടിയുടെ മണം,
അയാൾ അവളെ നോക്കി, അവൾ അലസമായി ഉടുത്തിരിക്കുന്നത് ഉമയുടെ സാരിയാണ്.

അയാൾ അവളെ തന്റെ ദേഹത്ത് നിന്ന് മാറ്റി.

സത്യാ…കുഞ്ഞിനെ പിടിച്ചേ. ഞാൻ ലളിത ചേച്ചിയോട് കുറച്ചു മയിലാഞ്ചി എണ്ണ ഉണ്ടാക്കാൻ പറഞ്ഞിരുന്നു. കണ്ടില്ലേ സത്യാ എന്റെ മുടി നല്ലോണം കൊഴിഞ്ഞു പോകുന്നുണ്ട്.
അവൾ സങ്കടത്തോടെ അയാളെ നോക്കി.

അച്ഛനും മോളും ഇവിടിരി ഞാൻ പോവാ, അവൾ വാതിൽക്കൽ എത്തിയിട്ട് എന്തോ ഓർത്തത്‌ പോലെ പെട്ടന്ന് തിരിച്ചു വന്നു.

ദേ… സത്യാ, കുഞ്ഞിനെ നിങ്ങളുടെ ചേട്ടന്റെ കൈയിൽ കൊടുക്കരുത്. എനിക്കത് ഇഷ്ടമില്ല.

അവളുടെ മുഖത്ത് ദേഷ്യമോ നിസ്സഹായതയോ, ഭയമോ, ഏതു ഭാവമാണ് നിറയുന്നതെന്ന് അയാൾക്ക്‌ മനസിലായില്ല.
ഇനി എന്റെ കുഞ്ഞിനെ തൊട്ടാൽ അയാളുടെ കൈ ഞാൻ വെട്ടും.
അയാൾ ഞെട്ടലോടെ അവളെ നോക്കി.

അവൾ പുറത്തേക്ക് പോയതും, അയാൾ കട്ടിലിൽ ഇരുന്നു. കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി.

മനസ്സിൽ ആകെ ഒരു ഭാരം. ഇനി ഉമയെ കാണാതായതിൽ ഏട്ടന് എന്തെങ്കിലും പങ്കുണ്ടോ? അവിവാഹിതനായ ഏട്ടന് എപ്പോഴെങ്കിലും ഉമയോട് മോഹം തോന്നിയിരിക്കുമോ?
ഇനി ഒരുപക്ഷെ ഏട്ടൻ തന്റെ ഉമയെ അപകടപ്പെടുത്തിയിരിക്കുമോ?

അയാൾ കുഞ്ഞുമായി പുറത്തേക്ക് ഇറങ്ങി.

ഏട്ടൻ തൂമ്പയുമായി പറമ്പിലേക്ക് പോകുന്നത് അയാൾ ശ്രെദ്ദിച്ചു.

അയാൾ പതിയെ ഏട്ടന്റെ മുറിയിൽ എത്തി.കുഞ്ഞിനെ ബെഡിൽ കിടത്തി.

മുറിയിൽ അധികവും ഏട്ടന്റെ ബുക്കുകളാണ്. കവിതകളും കഥകളുമാണ് ഏട്ടന്റെ ലോകം.
ചുമരിൽ ഏട്ടൻ വരച്ച സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങൾ.

അയാൾ പതിയെ അലമാര തുറന്ന് നോക്കി
വൃത്തിയായി അടുക്കി വച്ചിരിക്കുന്ന വസ്ത്രങ്ങൾ,ചെറിയ അറയിൽ നോട്ടുകെട്ടുകൾ.
അയാൾ അലമാര അടക്കാൻ ആഞ്ഞതും വസ്ത്രങ്ങൾക്കിടയിൽ ചുവന്ന തുണി കണ്ട് അയാൾ അത് വലിച്ചെടുത്തു.

ഉമയുടെ സാരി

ഉമ സ്ഥിരം ഉപയോഗിക്കുന്ന ചുവന്ന കോട്ടൺ സാരി…

അയാളുടെ കൈകൾ വിറച്ചു.

സാരിയുടെ മടക്കിൽ അവളുടെ ഒരു ഫോട്ടോ, തങ്ങളുടെ വിവാഹ ഫോട്ടോയിൽ നിന്നും അവളുടെ മുഖം മാത്രം വെട്ടി എടുത്തിരിക്കുകയാണ്.

അയാൾ ആകെ തകർന്നു.

ഇല്ല… വിശ്വസിക്കാൻ പറ്റുന്നില്ല.

തന്റെ ഏട്ടൻ അനുജന്റെ ഭാര്യയെ മോഹിച്ചുവെന്നോ?
ശരിക്കും തന്റെ ഉമക്ക് എന്താണ് പറ്റിയത്?
ഏട്ടൻ തന്റെ ഉമയെ ഉപദ്രവിച്ചിരിക്കുമോ?

പെട്ടന്ന് ഏട്ടൻ വാതിൽ തുറന്ന് അകത്തേക്ക് വരുന്നത് അയാൾ കണ്ടു.

ചീറിക്കൊണ്ട് അയാൾ ഏട്ടന് നേരെ പാഞ്ഞു.

********

തുടരും.