14/01/2026

ലയനം : ഭാഗം 11

രചന – നിള നന്ദ

തോട്ടിൽ നിന്ന് കയറി മാനവ് മുന്നിലേക്ക് വന്നതും ഹൃദയമിടിപ്പ് ഉയരുന്നത് ലന അറിഞ്ഞു..
ഉമിനീരിറക്കി അവൾ അവനെ നോക്കി..
അവന്റെ മൂക്കിൻ തുമ്പിലെ വെള്ളത്തുള്ളിയിലേക്ക് അവളുടെ നോട്ടം എത്തി നിന്നു…

” നീ ആണല്ലെ അവരെയും കൂട്ടി വന്നത്..? ”

മാനവ് അവളോട് കുറച്ച് ചേർന്ന് നിന്ന് ചോദിച്ചതും അവളൊന്ന് വിറച്ചു.. പെട്ടെന്ന് അവൾ അതെയെന്ന് തലയാട്ടി.. പിന്നെ എന്തോ ഓർമയിൽ ഒന്ന് ഞെട്ടി.. കണ്ണുകൾ വിടർത്തി അടുത്ത നിമിഷം തന്നെ അല്ലയെന്ന് തലയാട്ടി..

” ആണെന്നോ അല്ലെന്നോ..? ”

കറുത്ത കട്ടിയുള്ള പുരുകം ഉയർത്തി അവൻ ചോദിച്ചു..

” ഞാൻ.. ഞാൻ അല്ല.. അവർ വിളിച്ചപ്പോൾ കൂടെ വന്നതാ.. ”

വിറച്ചുകൊണ്ട് അവൾ എങ്ങനെയോ പറഞ്ഞു..

” അവർ വിളിച്ചാ നീ എങ്ങോട്ടായാലും പോവോ..?”

വീണ്ടും അവൻ പുരികം പൊക്കി ചോദിച്ചു..

” മ്മ്.. പോവും.. ”

അവന്റെ പുരികത്തിന്റെ അനക്കം നോക്കി അവൾ മറുപടി പറഞ്ഞു..

” എന്നിട്ട് ആരെയെങ്കിലും ഇതുപോലെ വെള്ളത്തിൽ തള്ളി ഇടുമോ.. ”

അവന്റെ ശബ്‌ദം കുറച്ച് ഗൗരവത്തിൽ ആയതും ലന ഒന്ന് പേടിച്ചു..

” അത്.. ഞാൻ മനഃപൂർവം അല്ല.. പെട്ടന്ന് പിന്നിൽ വന്നത് കണ്ടില്ലായിരുന്നു.. ”

” ഓഹോ.. എന്നിട്ട് നീ എന്താ അവരുടെ ഒപ്പം ഓടാതിരുന്നത്..? ”

മൂക്കിൻ തുമ്പിലെ വെള്ളം അവൻ വലം കൈ കൊണ്ട് തുടച്ചു..

” അത് ഞാൻ കാരണം അല്ലേ വീണത്.. അപ്പോ പിന്നെ ഞാൻ എങ്ങനെയാ.. ”

അവൾ മുഖം കുനിച്ചു..

” അതെ.. നീ കാരണം തന്നെയാ വീണത്.. അതുകൊണ്ട് അതിന് പകരം ഞാൻ ഇപ്പോ നിന്നെ തള്ളി ഇടാൻ പോകുകയാ.. ”

അവന്റെ മുഖത്ത് കുസൃതി നിറഞ്ഞു..

” അയ്യോ വേണ്ടാ പ്ലീസ്.. ”

മുഖം ഉയർത്തി അവൾ അവനെ ദയനീയമായി നോക്കി..

” അങ്ങനെ പറഞ്ഞാൽ പറ്റില്ല.. ”

മാനവ് അവളുടെ കയ്യിൽ പിടിച്ചു..
പെട്ടന്ന് അവൾ അവനെ തള്ളിയതും അവൻ പിന്നെയും തോട്ടിലേക്ക് വീണ്.. ഞെട്ടലോടെ അവൾ വാ പൊത്തി..

” ടീ.. ”

അവൻ വെള്ളത്തിൽ നിന്ന് ഉയർന്ന് വിളിച്ചതും തിരിഞ്ഞ് നോക്കാതെ അവൾ പിന്തിരിഞ് ഓടി..

≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠

പുറത്ത് മാവിൻ ചുവട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു നിഖിലും മുക്തയും സാരംഗും സനയും..

” ഇവിടെ ഇങ്ങനെ ഇരുന്ന് ബോറടിക്കുന്നു.. നമുക്ക് പുറത്ത് എവിടെയെങ്കിലും പോയാലോ.. ”

നിഖിൽ എല്ലാരോടായും പറഞ്ഞു..

” ശരിയാ.. പണ്ടത്തെ പോലെ ശരിക്കൊന്ന് സംസാരിക്കാൻ പോലും ചിലർക്കൊന്നും നേരം ഇല്ല.. ”

സന സാരംഗിനെ ഒന്ന് പാളി നോക്കി..
സാരംഗ് അതൊന്നും ശ്രെദ്ധിക്കാതെ ഫോണിൽ ആർക്കോ മെസ്സേജ് അയക്കുകയായിരുന്നു..

” വന്നിട്ട് നമ്മൾ എവിടെയും പോയില്ലല്ലോ.. ഇവിടുന്ന് കുറച്ച് പോയാൽ ഒരു വെള്ളച്ചാട്ടം ഉണ്ട്.. കാണാനൊക്കെ അടിപൊളി ആണ്.. നാളെ നമുക്ക് എല്ലാവർക്കും അങ്ങോട്ട്‌ പോവാം.. ”

മുക്ത എല്ലാവരെയും നോക്കി..

” ടാ നീ ഈ ഫോൺ ഒന്ന് മാറ്റി വെക്ക് ഏത് നേരവും.. ”

നിഖിൽ സാരംഗിന്റെ കയ്യിൽ ഉള്ള ഫോൺ പിടിച്ച് വാങ്ങി..

” ഞാൻ ഒരു ഇമ്പോർടന്റ്മെസ്സേജ് അയക്കായിരുന്നു.. ”

നിഖിലിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ലോക്ക് ചെയ്ത് അവൻ ജീൻസിന്റെ പോക്കറ്റിൽ വെച്ചു..

” പോരെ.. ഇനി പറയ്‌… എന്താ കാര്യം.. ”

” നാളെ ചെറിയൊരു ട്രിപ്പ്‌ പോവുന്ന കാര്യം പറയായിരുന്നു.. ”

മുക്ത സാരംഗിനെ നോക്കി പറഞ്ഞു..

” അതിനെന്താ പോവാലോ.. എല്ലാരും കൂടി പോയാൽ നല്ല രസമല്ലേ.. ”

സാരംഗ് മറുപടി പറഞ്ഞു..
സന എന്തോ പറയാൻ വന്നതും ലന ഓടി വന്ന് സാരംഗിന്റെ അടുത്ത് ഇരുന്നതും ഒന്നിച്ചായിരുന്നു.
സന അത് കണ്ട് ദേഷ്യത്തിൽ പല്ല് ഞെരിച്ച് മുഖം തിരിച്ചു..

‘ നാശം പിടിച്ചവൾ.. കുറച്ച് നേരം പോലും ഇത്തിരി സ്വസ്ഥത തരില്ല.. ‘

സന പിറുപിറുത്തു..

ലന സാരംഗിന്റെ ഷർട്ടിൽ മുറുക്കെ പിടിച്ച് അവനോട് ചേർന്നിരുന്നു.. അവൻ മുഖം തിരിച്ച് ലനയെ സംശയത്തോടെ നോക്കി..

” എന്താ ഏട്ടാ.. ഇതെങ്ങനെയാ ഇങ്ങനെ നനഞ്ഞത്..”

നനഞ്ഞ് കുളിച്ച് വരുന്ന മാനവിനെ നോക്കി മുക്ത എഴുനേറ്റ് നിന്നു.. മാനവിനെ കണ്ടതും ലന സാരംഗിന്റെ കയ്യിൽ ഒന്നുകൂടെ മുറുക്കെ പിടിച്ചു..

” ഒന്ന് വീണതാ..”

ലനയെ ഒന്ന് തറപ്പിച്ച് നോക്കി മാനവ് അകത്തേക്ക് പോയി..

” ആ വീഴ്ചയിൽ നിനക്ക് എന്തെങ്കിലും പങ്ക് ഉണ്ടോ..? ”

സാരംഗ് ലനയുടെ കാതിൽ മെല്ലെ ചോദിച്ചു..

” ചെറുതായി.. ”

അവളൊരു വളിച്ച ചിരിയോടെ പറഞ്ഞു..

≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠

എന്തോ ആലോചനയിൽ ഹാളിൽ നടക്കുകയായിരുന്നു മാലതി.. ഇടയ്ക്ക് ഇടയ്ക്ക് അവർ കൈകൾ കൂട്ടി തിരുമ്മുന്നുണ്ട്.. ഗൗരി മാലതിയുടെ നടത്തം കണ്ട് മുഖം ചുളിച്ച് നോക്കി..

” എന്താ അമ്മേ.. കുറേ നേരം ആയല്ലോ ഈ നടത്തം തുടങ്ങിയിട്ട്.. ”

ഗൗരിയുടെ ശബ്‌ദം കേട്ട് മാലതി മുഖം ഉയർത്തി നോക്കി..

” ഇവിടുന്ന് നാട് വിട്ട് പോയ ഒരുത്തി ഇല്ലേ.. ഞാൻ അവളെ പറ്റി ഓർക്കുവായിരുന്നു.. ”

” അവളെ പറ്റി എന്തിനാ അമ്മ ഓർക്കുന്നേ.. എവിടേലും പോയി തുലയട്ടെ നാശം.. ”

ഗൗരി ദേഷ്യത്തിൽ മുഖം തിരിച്ചു..

” അങ്ങനെ തന്നെ ഞാനും കരുതിയത്.. പക്ഷേ അവൾ പോയിട്ട് എവിടെയെങ്കിലും സന്തോഷത്തിൽ ആണ് ജീവിക്കുന്നതെങ്കിലോ.. അതൊരിക്കലും പാടില്ല.. എന്റെ മക്കളെക്കാൾ സന്തോഷവും സുഖവും അവൾക്ക് ഒരിക്കലും കിട്ടരുത്.. ”

മാലതിയുടെ കണ്ണിൽ ക്രൂരത നിറഞ്ഞു..

” അതിപ്പോ എന്ത്‌ വേണമെന്നാ അമ്മ പറയുന്നത്..? ”

ഗൗരി മുഖം ഉയർത്തി അവരെ നോക്കി..

” അവള് എവിടെ ആണെന്ന് കണ്ടെത്തണം.. അവളുമായി അടുപ്പം ഉള്ള ആരെയെങ്കിലും അന്നെഷിക്കാൻ രതീഷ് എന്നോട് പറഞ്ഞിരുന്നു.. നിന്റെ അനിയത്തിക്ക് അറിയാമായിരിക്കും.. എത്ര മയത്തിൽ ചോദിച്ചിട്ടും അവൾ എന്തെങ്കിലും പറയണ്ടേ.. മാറ്റാരെക്കാളും അവൾക്ക് വലുത് അവളുടെ വല്യേച്ചി അല്ലേ.. ”

മാലതി ദേഷ്യത്തിൽ പറഞ്ഞു…
ഗൗരി കുറച്ച് നേരം ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ നിന്നു..

” നമുക്ക് അവളുടെ റൂം ഒന്ന് പരിശോധിച്ചാലോ അമ്മേ.. അവിടെന്ന് എന്തെങ്കിലും കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു.. ”

ഗൗരി പറഞ്ഞതും മാലതിയും എന്തോ ആലോചനയിൽ നിന്നു..

” അത് ശരിയാ.. ഞാൻ അതെ പറ്റി ആലോചിച്ചേ ഇല്ല.. മോള് വാ നമുക്കൊന്ന് നോക്കാം.. ”

മാലതി ഗൗരിയെയും കൂട്ടി ലന ഉപയോഗിച്ചിരുന്ന റൂമിലേക്ക് പോയി.. അടുക്കലയോട് ചേർന്നുള്ള ചെറിയ ഒരു റൂം ആയിരുന്നു..
ചുമർ അലമാരയിൽ നിറയെ ബുക്ക്‌ ഇരിക്കുന്നുണ്ടായിരുന്നു.. ഗൗരി അത് ഓരോന്നും എടുത്ത് നോക്കി.. മാലതി പഴയൊരു ബാഗ് തുറന്ന് അതിലെ ഡ്രെസ്സ് എല്ലാം പുറത്ത് എടുത്ത് നോക്കി..

” അമ്മേ.. ഇത് നോക്ക്.. ”

ബുക്കിനിടയിൽ നിന്ന് കിട്ടിയ ഒരു ഫോട്ടോ ഗൗരി മാലാതിക്ക് നേരേ നീട്ടി.. മാലതി അത് ദൃതിയിൽ വാങ്ങി നോക്കി.. ലന ഒരു ചെറുപ്പക്കാരന്റെ തോളിൽ കയ്യിട്ട് ചിരിയോടെ നിൽക്കുന്ന ഒരു ഫോട്ടോ.. അത് കണ്ടതും അവരുടെ മുഖം കുറുകി.

” ഇത് മതി.. അവൾ എവിടെ ഉണ്ടെന്ന് കണ്ടെത്താൻ.. മോള് വേഗം ഇതിന്റെ ഒരു ഫോട്ടോ എടുത്ത് രതീഷിന് അയക്ക്.. ”

മാലതി ഫോട്ടോ ഗൗരിക്ക് കൊടുത്തു.. ഒന്ന് മൂളികൊണ്ട് ഗൗരി ആ ഫോട്ടോ ഫോണിൽ എടുത്ത് രതീഷിന് അയച്ചു..

≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠

ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ലന..

” ചേച്ചി.. ”

പിന്നിൽ നിന്ന് വിളി കേട്ടിട്ടും അവൾ തിരിഞ്ഞ് നോക്കിയില്ല.. നോക്കാതെ തന്നെ ആരാണെന്ന് അവൾക്ക് അറിയാമായിരുന്നു..

” ചേച്ചി.. പിണക്കം ആണോ..? ”

രോഹൻ അവളുടെ അടുത്ത് വന്ന് നിന്നു..
മറുപടി പറയാതെ അവൾ മുഖം വീർപ്പിച്ച് നിന്നു..

” എന്തെങ്കിലും ഒന്ന് പറയ്‌ ചേച്ചി.. ”

രോഹിണി ലനയെ പിടിച്ച് തിരിച്ച് നിർത്തി..

” ഞാൻ എന്താ പറയേണ്ടേ.. രണ്ടും എന്നെ അവിടെ ഇട്ടിട്ട് ഓടിയില്ലേ.. ”

ലന പരിഭവത്തോടെ പറഞ്ഞു..

” ഓടാൻ ഞങ്ങൾ പറഞ്ഞത് അല്ലേ.. ചേച്ചി എന്താ ഓടാതിരുന്നേ..? ”

രോഹൻ ആണ്..

” അത് പിന്നെ.. നിങ്ങളെ പോലെ ഓടാൻ എനിക്ക് തോന്നണ്ടേ.. ”

” മ്മ് മ്മ്.. എന്നിട്ട് അവിടെ നിന്നിട്ട് എന്താ ഉണ്ടായേ..? ”

രോഹിണി ചോദിച്ചതും ലന ഒന്നും മിണ്ടാതെ അവളെ നോക്കി..

” അത് പിന്നെ.. ”

” പറയ്‌.. ”

രോഹനും കൂടി പറഞ്ഞതും ലന ഉണ്ടായതെല്ലാം പറഞ്ഞു.. എല്ലാം കേട്ട് രണ്ടും പൊട്ടിച്ചിരിച്ചു..

” എന്റെ ചേച്ചി.. അറിയാതെ തട്ടി ഇട്ടപ്പോൾ ഓടാൻ പറഞ്ഞിട്ട് പറ്റിയില്ല.. എന്നിട്ട് മനഃപൂർവം തള്ളിയിട്ട് വന്നേക്കുന്നു.. ”

രോഹൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

” രണ്ടും പൊക്കോ ഇവിടുന്ന്.. അല്ലേൽ എന്റേന്ന് വാങ്ങും.. ”

ലന ഉറക്കെ പറഞ്ഞതും രണ്ടും പെട്ടെന്ന് തന്നെ സ്ഥലം വിട്ടു..

≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠≠

വൈകീട്ട് ചായ കുടിയൊക്കെ കഴിഞ്ഞ് ഉമ്മറത്ത് ഇരിക്കുകയായിരുന്നു ലനയും രോഹനും രോഹിണിയും..

” ഇനിയിപ്പോ പാടത്തേക്ക് പോകാൻ പറ്റില്ല.. നമുക്ക് വേറെ എന്തെങ്കിലും കളിച്ചാലോ.. ”

രോഹിണി ലനയുടെ തോളിൽ ചാരി ഇരുന്നുകൊണ്ട് പറഞ്ഞു..

” ഇവിടെ ഇരുന്നുകൊണ്ട് എന്ത്‌ കളിക്കാൻ.. ”

രോഹൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു..

” നമുക്ക് കണ്ണ് കെട്ടി കളിച്ചാലോ.. ”

ലന പെട്ടന്ന് പറഞ്ഞു..

” പിന്നെ.. അതൊക്കെ പിള്ളേര് കളിക്കുന്ന കളി അല്ലേ.. ”

രോഹൻ പറഞ്ഞതും ലനയുടെ മുഖം വാടി.. കുട്ടികാലത്ത് അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഇതുപോലെ ഒക്കെ കളിക്കാൻ..

” നീ ഇല്ലെങ്കിൽ വേണ്ടാ.. നമുക്ക് കളിക്കാം.. ”

രോഹിണി പെട്ടന്ന് പറഞ്ഞു..

” അങ്ങനെ പറയരുത്.. ഞാനും വരും.. ”

രോഹൻ പറഞ്ഞതും രണ്ടാളും ചിരിച്ചു..

” ഞാൻ പോയി ഷാൾ എടുത്തിട്ട് വരാം.. ”

രോഹിണി വേഗം റൂമിലേക്ക് പോയി..

” നീ എവിടെക്കാ ഇതുമായി.. ”

മുക്ത അവളെ കണ്ടതും ചോദിച്ചു..

” അത് ഞങ്ങൾ കണ്ണ് കെട്ടി കളിക്കാൻ പോവാ.. ”

” ആണോ എന്നാ ഞാനും ഉണ്ട്.. ”

ശ്രേയ അവരുടെ അടുത്തേക്ക് വന്ന് പറഞ്ഞു..
പിന്നെ സാരംഗും നിഖിലും അവരോടൊപ്പം വന്നു..
സന മാത്രം എല്ലാം കണ്ട് മാറി നിന്നു..

ആദ്യം കണ്ണ് കെട്ടിയത് മുക്ത ആയിരുന്നു.. എല്ലാവരും കുറെ കളിപ്പിച്ചെങ്കിലും മുക്ത ഒടുവിൽ സാരംഗിനെ തൊട്ടു.. സാരംഗ് കണ്ണ് കെട്ടിഎപ്പോഴും എല്ലാവരും ഒരു വശത്തേക്ക് കൈ തട്ടി മറു വശത്തേക്ക് ഓടി..
സാരംഗ് നിഖിലിന്റെ അടുത്ത് എത്തിയതും നിഖിൽ അടുത്ത് നിന്ന ലനയെ സാരംഗിന്റെ നേരേ തള്ളി.. കറക്റ്റ് ആയി അവൾ അവന്റെ നെഞ്ചിൽ വന്ന് വീണു.. അത് കണ്ട് സന കയ്യിലെ ഫോണിൽ ദേഷ്യത്തിൽ അമർത്തി..

ലനയ്ക്ക് കണ്ണ് കെട്ടി കൊടുത്തത് സാരംഗ് തന്നെ ആയിരുന്നു..

” ചേച്ചി ഇവിടെ.. ”

രോഹൻ അടുത്ത് ചെന്ന് അവളെ വിളിച്ചു..
അവൾ അടുത്തേക്ക് വന്നതും അവൾ മാറി കളഞ്ഞു..

ആരോടോ ഫോണിൽ സംസാരിച്ച് പുറത്തേക്ക് വന്നതായിരുന്നു മാനവ്.. ലന നടന്ന് അവനെ ചെന്നിടിച്ചു.. ചെവിയിൽ നിന്ന് ഫോൺ എടുക്കാതെ അവൻ അവളെ തിരിഞ്ഞ് നോക്കി..
അവൾ കണ്ണിലെ കെട്ട് അഴിക്കാതെ രണ്ട് കയ്യും അവന്റെ കവിളിൽ വെച്ചു.. മാനവ് കണ്ണെടുക്കാതെ അവളെ തന്നെ നോക്കി..

” രോഹി.. ഞാൻ പറഞ്ഞില്ലേ.. ഇപ്പോ കണ്ടോ.. ”

രോഹൻ രോഹിണിയുടെ അടുത്തേക്ക് നീങ്ങി നിന്ന് കാതിൽ പറഞ്ഞു..

” ശരിയാ.. എന്താ ഏട്ടന്റെ നോട്ടം.. ഇവർ ഇനി ലൈൻ ആവോ.. ”

രോഹിണി രോഹനെ നോക്കി..

” സാധ്യത ഇല്ലാതില്ല.. ”

രോഹൻ ചിരിയോടെ പറഞ്ഞു..

” മ്മ് എന്താ രണ്ടിന്റെയും നിൽപ്പ്.. ഇഷ്‌ക്ബാസിലെ ശിവനെയും അനിഘയെയും പോലെ ഇണ്ട്.. ”

രോഹി മാനവിനെയും ലനയെയും നോക്കി..
മാനവിന്റെ കണ്ണുകൾ അപ്പോഴും കണ്ണ് കെട്ടി തന്റെ കവിളിൽ കൈ വെച്ച് നിൽക്കുന്ന ലനയിൽ ആയിരുന്നു..

( കാത്തിരിക്കുമല്ലോ.. )