രചന – ഗൗരി ലക്ഷ്മി
കാർ വന്നു നിൽക്കുന്ന ശബ്ദം കേൾക്കേ അന്നമ്മാമ്മ ഇറങ്ങിവന്നു വാതിൽ തുറന്നു..
മുൻപിൽ ആകെ വല്ലാത്ത കോലത്തിൽ നിൽക്കുന്ന ജിജോയെ കണ്ടതുമവർ ഞെട്ടലോടെ നോക്കി..
മോനെ.
തൊട്ടുപോകരുത്..
അതും പറഞ്ഞു വേച്ചുവേച്ചു ജിജോ അകത്തേയ്ക്ക് പോയി..
നിയ..ഡി.. നിയാ…
നിയ മുറിയിൽ നിന്നിറങ്ങി വന്നു..
അവന്റെ ശരീരത്തിലെ മുറിവുകൾ കണ്ട് നെറ്റിയൊന്ന് ചുളിച്ചെങ്കിലും യാതൊരു ഭാവഭേദവും ഇല്ലാതെ അവളവനെ നോക്കി നിന്നു..
ഇതെന്ത് പറ്റിയതാടാ.. ഹേ.. എന്റെ കർത്താവേ.. നീ ആരോടേലും തല്ല് കൂടിയോ.. എന്നാന്ന് വാ തുറന്നൊന്ന് പറയെടാ..
അന്നമ്മാമ്മ ഒച്ച വെച്ചു..
ഇന്ന് നിന്റെ ബന്ധുക്കൾ ആരേലും വന്നിരുന്നോ ഇവിടെ..
ചോദ്യം നിയയോടായിരുന്നു..
മ്മ്.. വന്നിരുന്നു..
ആര്..
എന്റെ മമ്മീടെ സിസ്റ്ററും ഹസ്ബന്റും..
എന്നിട്ട്.. ഇവിടെ ആരേലും മോശമായി പെരുമാറിയോ..
നിയ ഒന്നും മിണ്ടാതെ അന്നമ്മാമ്മയെ നോക്കി..
ചോദിച്ചത് കേട്ടില്ലേടി &$^$&മോളെ..
പുഴുത്ത തെറിയായിരുന്നു അവന്റെ നാവില് നിന്ന് വീണത്..
ഇവിടെ കിടന്ന് തെറി വിളിക്കേണ്ട ജിജോ.. പിന്നെ ഇവിടെ ആര് വന്നാലും പോയാലും എന്നെ താറടിച്ചു കാണിക്കാൻ ഇവിടെ നിങ്ങടെ അമ്മച്ചിക്ക് നല്ല ഉത്സാഹമാണ് എന്ന് ജിജോയ്ക്ക് ഞാൻ പറഞ്ഞുതരണോ..
ഡി.. വന്ന്കയറിയപാടെ എന്റെ കൊച്ചനോട് നുണ പറഞ്ഞു കൊടുക്കുവാണോ നീ..
ദേ.. തള്ളേ മിണ്ടരുത്..
ജിജോ..
അന്നമ്മാമ്മ ഞെട്ടലോടെ വിളിച്ചു..
ഇന്ന് നിങ്ങൾ പറഞ്ഞു വിട്ടതിന്റെ ബാക്കിയാണ് ഈ കാണുന്നത്.. ഇവളുടെ അപ്പൻ വന്ന് എന്റെ കൂട്ടുകാരുടെയും നാട്ടുകാരുടെയും മുന്പിലിട്ടു തല്ലി ചതച്ചു വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു നാണം കെടുത്തി വിട്ടു..
ജിജോയുടെ വാക്കുകൾ കേട്ട് അന്നമ്മാമ്മയ്ക്ക് ഞെട്ടലാണ് തോന്നിയതെങ്കിൽ നിയയിൽ തീർത്തും നിർവികാരത മാത്രമായിരുന്നു നിറഞ്ഞു നിന്നത്..
എടി.. $$$@&$$മോളെ.. എന്റെ കൊച്ചനെ ഈ കോലത്തിലാക്കാൻ എന്ത് തെറ്റാടി അവൻ ചെയ്തത്.. നാട്ടിൽ മൊത്തോം ചീത്തപ്പേര് കേൾപ്പിച്ചുനടന്ന നിന്നെ കെട്ടി പൊറുപ്പിച്ചതോ..
മിണ്ടരുത്..
നിയയുടെ ശബ്ദം വല്ലാതെ ഉയർന്നു..
അന്നമ്മാമ്മ ഞെട്ടിപ്പോയി..
ഉച്ചയ്ക്ക് നിങ്ങൾ നടത്തിയ ഷോ കണ്ട് മിണ്ടാതെ നിന്നത് എന്റെ നാവിറങ്ങി പോയത് കൊണ്ടല്ല.. സംസ്കാരം ഉള്ളത് കൊണ്ടാ.. പിന്നെ എന്റെ ഡാഡി ഇയാളെ ഈ കോലത്തിൽ ആക്കിയെങ്കിൽ അന്നം കൊടുക്കുന്ന കൈക്ക് ശിക്ഷിക്കാനും അവകാശമുണ്ട് എന്നു കരുതിയാൽ മതി..
അതും പറഞ്ഞു രണ്ടാളെയും ഒന്ന് നോക്കി അവൾ മുറിയിലേയ്ക്ക് പോയി..
ടാ.. നീ കേട്ടില്ലേ അവൾ പറഞ്ഞത്..
കേട്ടു.. സത്യമല്ലേ.. ഉടുതുണിയുടെയും കഴിക്കുന്ന ആഹാരത്തിന്റെയും വരെ കണക്ക് അയാൾ ഇന്ന് പറഞ്ഞു.. ഒപ്പം ഒന്നൂടെ..
ഇനി ഒരിക്കൽ കൂടി നിയ ഇവിടെ അപമാനിക്കപ്പെട്ടാൽ എന്നെ പച്ചയ്ക്ക് കത്തിക്കും എന്നു..
ജിജോ..
അന്നമ്മാമ്മ വിറച്ചു പോയി..
അയാൾ അത് ചെയ്യും.. ഇനി മമ്മി തീരുമാനിക്ക്..
അതും പറഞ്ഞവൻ മുകളിലേയ്ക്ക് നടന്നു..
ആ പോക്ക് നോക്കി നിൽക്കുമ്പോൾ അന്നമ്മാമ്മ നിസ്സഹായയായ ഒരമ്മ മാത്രമായിരുന്നു..
തീർത്തും നിസ്സഹായയായ ഒരമ്മ..
*****************
റൂം ഡോർ തള്ളി തുറന്ന് അകത്തേയ്ക്ക് വന്ന ജിജോയെ ഒന്ന് നോക്കി മടക്കിക്കൊണ്ടിരുന്ന തുണി ഒന്നുകൂടി മടക്കിനിയ കയ്യിലെടുത്തു.. ശേഷം അത് വാർഡ്രോബിൽ വെച്ചു..
ജിജോ വേച്ചു വേച്ചു കട്ടിലിൽ ഇരുന്നു..
നിയ അവനെ നോക്കി..
തമ്പുരാട്ടി എന്ത് നോക്കി നിൽക്കുവാ..
നിയ ഒന്നും മിണ്ടിയില്ല..
ഇങ്ങു വാ.. വാടി..
അവിടെയിരുന്ന് തന്നെ അവൻ അവളെ വലിച്ചു തന്റെ അരികിലേക്ക് കൊണ്ടുവന്നു..
നിയ പ്രതിമ പോലെ നിന്നതേയുള്ളൂ..
നീയാണോ ഇവിടെ നടന്നത് ഒക്കെ കൃത്യമായി നിന്റെ തന്തയെ വിളിച്ചു പറഞ്ഞത്..
അല്ല..
അവൾ പറഞ്ഞു..
പെട്ടെന്ന് അവളുടെ ഇടുപ്പിൽ പിടിച്ചവൻ മുൻപിലേക്ക് നിർത്തി..
എനിക്ക് തീരെ വയ്യ.. നീ ഇത്തിരി കുഴമ്പിട്ടു താ..
അവൻ കൊഞ്ചലോടെ പറഞ്ഞതും നിയ അവനെ നോക്കി ശേഷം ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി..
അവള് തിരികെ വന്നത് എന്തോ തൈലവും കൊണ്ടാണ്…
ഏറെ നേരം അവൾ അവനു തൈലമിട്ട് തിരുമി കൊടുത്തു..
ഞാനൊന്ന് കുളിച്ചിട്ട് വന്നിട്ട് ഫുഡ് കഴിക്കാം..
അതും പറഞ്ഞവളെ ഒന്ന് തഴുകി അവൻ കുളിക്കാൻ പോകുമ്പോൾ നിയയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. തന്റെ നിസ്സഹായത ഓർത്ത്..
നിയാ..
കഴിച്ചു കഴിഞ്ഞു മുറിയിലേയ്ക്ക് വന്നതും ഡോർ അടച്ചു തിരിഞ്ഞ അവളെ പിന്നിൽ നിന്ന് ചേർത്തുപിടിച്ചു..
അവളിൽ നിന്നൊരു മറുപടി ഉണ്ടായില്ല.. അതവൻ പ്രതീക്ഷിച്ചിരുന്നുമില്ല..
അവളെ വലിച്ചു കട്ടിലിലേയ്ക്കിട്ടു അവളിലേക്ക് പടരുമ്പോൾ തനിക്ക് സംഭവിച്ച അപമാനത്തിന്റെ നോവ് അവളിലേക്ക് സ്നേഹത്തിൽ ചാലിച്ചു പകർന്ന് കൊടുക്കാൻ അവനൊട്ടും മടി തോന്നിയിരുന്നില്ല…
ജിജോ.. പ്ലീസ്..
ഇടയ്ക്കെപ്പോഴോ നിയയുടെ നാവ് അവളെ ചതിച്ചു കളഞ്ഞിരുന്നു..
ഈ വേദനയും നീ അങ്ങേരോട് പറഞ്ഞു കൊടുക്ക് നിയമോളെ..
കാതോരം അതും പറഞ്ഞു ക്രൂരമായി മനഃപൂർവ്വമായി തന്നെ നോവിക്കുന്നവനെ ഓർക്കവേ നിയയുടെ കണ്ണുകൾ വീണ്ടും പെയ്തുതുടങ്ങിയിരുന്നു..
നിസ്സഹായമായി.. തീർത്തും മൗനമായി..
******************
അല്ലി..
ഭാമ വിളിച്ചതും അല്ലി ക്ഷേത്രത്തിലേക്ക് കയറും വഴി അവരെ തിരിഞ്ഞു നോക്കി..
വർക്കിങ് ഡേ ആയിട്ടുപോലും ക്ഷേത്രത്തിൽ സാമാന്യം തിരക്കുണ്ടായിരുന്നു..
ഇത് നടയ്ക്ക് വെയ്ക്കണം..
അതും പറഞ്ഞു റോസ് കടലാസിൽ പൊതിഞ്ഞ സ്വർണ്ണത്തിന്റെ ഒരു താലി അവൾക്ക് അവർ നൽകി.. അവൾ അതിലൊന്ന് നോക്കി തലയാട്ടി..
രണ്ടാളും കൂടെ വയ്‌ക്കണേ..
അവർ പറഞ്ഞതും തൊട്ട് മുൻപിൽ നിൽക്കുന്ന ആദിയെ നോക്കി അവൾ തലയാട്ടി സമ്മതം അറിയിച്ചു..
താലി വെയ്ക്കുമ്പോൾ ദീര്ഘമംഗല്യത്തിനും സന്താനസൗഭാഗ്യത്തിനും വേണ്ടി ശെരിക്ക് പ്രാർത്ഥിക്കണം..
മീനയാണ് അത് പറഞ്ഞത്..
അതിനും അല്ലി തലയാട്ടി സമ്മതം അറിയിച്ചു..
നടയ്ക്ക് മുന്പിലെത്തി താലി സമർപ്പിക്കുമ്പോൾ ആദിയുടെ കൈയൊന്നു വിറച്ചുപോയിരുന്നു.
എന്തുകൊണ്ടോ ആ നിമിഷം താൻ പോലുമറിയാതെ ഒരു സ്വാർത്ഥത തന്നിൽ നിറയുന്നത് അവൻ അറിഞ്ഞു..
എന്നും അല്ലിയും അവളുടെ പ്രണയവും തന്നോടൊപ്പം ഉണ്ടാകണം എന്നവന് മനസ്സറിഞ്ഞു പ്രാർത്ഥിച്ച ശേഷമാണ് അല്ലിയെ തിരിഞ്ഞു നോക്കിയത്.. ആളും കാര്യമായ പ്രാര്ത്ഥനയിലാണ്..
തിരിച്ചിറങ്ങിയ വഴി കിട്ടിയ പ്രസാദത്തിൽ നിന്ന് ഒരു നുള്ള് കുങ്കുമം ശൂന്യമായ അവളുടെ നെറുകയിൽ ചാർത്തുമ്പോൾ അവളുടെ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. പിന്നിൽ നിന്ന് തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അമ്മയ്ക്ക് ഒരു കുഞ്ഞു പുഞ്ചിരി നൽകി തിരിഞ്ഞു നടക്കുമ്പോഴും അറിയാതെ ഒരു നോട്ടം അവൾക്ക് നേരെ പോയിരുന്നു.. ആ നിമിഷവും നടയിലേയ്ക്ക് നോക്കി നിന്നെന്തോ പ്രാർത്ഥിക്കുന്നവളെ കാണേ ഹൃദയം ഒരു നിമിഷം സന്തോഷം കൊണ്ട് നിറഞ്ഞു..
ഒരുപക്ഷേ ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാത്ത ദിവസങ്ങളും നിമിഷങ്ങളും ആസ്വദിക്കുവാൻ അവൻ മനസ്സുകൊണ്ട് തയാറാകുകയായിരുന്നു..
പ്രതീക്ഷയോടെ..
********************
ജോളിമ്മേ.. ഡോ..
റോയിച്ചന്റെ സന്തോഷം നിറഞ്ഞ വിളി കേട്ടതും അടുക്കളയിൽ നിന്ന് ജോളിമ്മ പുറത്തേയ്ക്ക് വന്നു..
എന്താണെന്ന് ആംഗ്യം കാട്ടിയതും അയാൾ അവരെ പിടിച്ചു തന്റെ അരികിൽ ഇരുത്തി ഫോൺ കയ്യിൽ നൽകി..
ഇൻസ്റ്റയിൽ ആദി അപ്‌ഡേറ്റ് ചെയ്തിരിക്കുന്ന ചിത്രം നോക്കിയിരിക്കവേ അവരുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു..
കടും ചുവപ്പ് നിറമുള്ള ബ്രോക്കേഡ് ബ്ലൗസും മ്യൂറൽ വർക്ക് ചെയ്തിരിക്കുന്ന സാരിയും അണിഞ്ഞു മുല്ലപ്പൂ ചൂടി നെറുകയിൽ കുങ്കുമം തൊട്ട് നിൽക്കുന്ന അല്ലി.. അവളെ ചേർത്തുപിടിച്ചു ഗുരുവായൂർ ക്ഷേത്രത്തിൽ പരിസരത്തു നിൽക്കുന്ന ആദി.. അവന്റെ ഷർട്ടും അല്ലിയുടെ ബ്ലൗസിന്റെ കളർ തന്നെയാണ്..
ഇതിനെയാണ് മെയ്ഡ് ഫോർ ഈച്ച് അദർ എന്ന് പറയുന്നത്.. അല്ലെ ജോളിമ്മേ..
റോയിച്ചൻ ചോദിച്ചതും അവർ നിറഞ്ഞ കണ്ണോടെ തലയാട്ടി.. ശേഷം ആ ഫോട്ടോ ലാമിനേറ്റ് ചെയ്തു ഭിത്തിയിൽ വെയ്ക്കണം എന്നവർ പറഞ്ഞതും അയാൾ സമ്മതപൂർവ്വം തലയാട്ടി..
എന്തുകൊണ്ടോ ആ നിമിഷം ആ അമ്മയുടെ ഹൃദയം നിറയെ സന്തോഷമായിരുന്നു..
തന്റെ മക്കളെ ഓർത്തുള്ള സന്തോഷം..
കാലം അവർക്കായി കാത്തുവെച്ചതറിയാതെ..
****************
ഹലോ..പറയെടാ
രാത്രി ഏറെ വൈകി വന്ന ക്രിസ്റ്റിയുടെ കോൾ അറ്റൻഡ് ചെയ്ത് ആദി പറഞ്ഞു.
ടാ..നിങ്ങൾ എന്നാ തിരിച്ചു വരുന്നത്..
പതിവില്ലാത്തവിധം ടെൻഷൻ നിറഞ്ഞ ചോദ്യത്തിന് മുൻപിൽ ആദി പെട്ടെന്ന് എഴുന്നേറ്റിരുന്നു പോയി..
എന്താടാ..
അല്ല.. ഇവിടെ ചെറിയ പ്രശ്നങ്ങൾ ഉണ്ട് ആദി..
എന്ത് പ്രശ്നം..
എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല ആദി.. ഇന്ന് വൈകീട്ട് ആർ എം ഗ്രൂപ്സിൽ നിന്ന് കോൾ വന്നിരുന്നു.. നമ്മൾ കമ്പനി ഷട്ട് ഡൗണ് ചെയ്യാൻ പോകുവാണോ എന്നു ചോദിച്ചിട്ട്..
ഷട്ട് ഡൗണ് ചെയ്യാനോ.. അതെന്താ അങ്ങനെ ഒരു കോൾ..
എനിക്കറിയില്ല.. ടെക്ക് റിക്കോഡ്‌സ് എന്നൊരു ഓൺലൈൻ ടെക്നിക്കൽ പബ്ലിക്കേഷനിൽ വന്ന വാർത്ത കണ്ടാണ് ആ പുള്ളി വിളിച്ചത്..ഞാൻ അങ്ങനെയൊന്നുമില്ല എന്നൊക്കെ എക്സ്പ്ലനേഷൻ കൊടുത്തു..
പക്ഷെ ഇപ്പൊ ആലോചിക്കുമ്പോൾ ആകെ ഒരു നെഗറ്റിവ് ഫീൽ.. ഇന്നലെ നമ്മൾ കൊടുത്ത പ്രോജക്ടിൽ ചെറിയ ഒരു മാറ്റം മാത്രമുള്ള പ്രോജക്ട് ആണ് എസ് വി എം ഗ്രൂപ്‌സ് അക്സപ്റ്റ് ചെയ്തത്.. കൃത്യമായി നമ്മുടെ പ്രോജക്റ്റ് നമ്മുടേത് എന്നു തോന്നാത്ത വിധത്തിൽ വി എം സോല്യൂഷൻസ് എങ്ങനെ അറിഞ്ഞു..
നീയിതൊന്നും ഇന്നലെ പറഞ്ഞില്ലല്ലോ..
സത്യത്തിൽ ഇന്നലെ എനിക്ക് ഇത്രയും സംശയം തോന്നിയില്ല.. എസ് വി എമ്മിന് കൊടുക്കാൻ വെച്ചിരുന്ന പ്രോജക്റ്റ് നമ്മൾ അത്രയും സെക്യൂർ ആയി ചെയ്തതാണ്.. അതിന്റെ ഹാർഡ് കോപ്പി ഓഫീസിൽ പോലും മൊത്തത്തിൽ സൂക്ഷിച്ചിട്ടില്ല.. പിന്നെ എങ്ങനെ ലീക്ക് ആയി..
ക്രിസ്റ്റി ചോദിച്ചു..
നിനക്ക് ശെരിക്കും ഡൗട്ട് ഉണ്ടോ..
മ്മ്..
ക്രിസ്റ്റി മൂളി..
ഞങ്ങൾ എന്തായാലും നാളെ തന്നെ തിരിച്ചു വരാം..
അല്ലിയോട് ഞാൻ ഇതേപ്പറ്റി പറയാൻ വിളിച്ചിരുന്നു.. പക്ഷേ കോൾ എടുത്തില്ല..
അവൾ നല്ല ഉറക്കമാടാ.. ഫോൺ സൈലന്റ് ആണെന്ന് തോന്നുന്നു.. എന്തായാലും ഞാൻ പറഞ്ഞേക്കാം അവളോട്.. നീ ടെൻഷൻ ആകേണ്ട..
ഇതിപ്പോ ഞാൻ റോയിച്ചനോട് പറഞ്ഞിട്ടില്ല ആദി.. എനിക്കാകെ ഒരു ടെൻഷൻ.. അതാ ഞാൻ നിന്നെത്തന്നെ വിളിച്ചത്..
അത് സാരമില്ല.. എന്തായാലും നീ സമാധാനമായി ഇരിക്ക്.. നമുക്ക് നോക്കാം..
അവൻ പറഞ്ഞു..
മ്മ്..
ക്രിസ്റ്റിയുടെ മൂളലിൽ നിന്ന് തന്നെ അവനല്പം ആശ്വാസം കിട്ടിയിട്ടുണ്ട് എന്നാദിക്ക് തോന്നി…
എങ്കിലും മനസ്സിൽ നിറയുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മുൻപിൽ ആദി തീർത്തും അസ്വസ്ഥനായിരുന്നു..
*******************
നീ ആ ഡ്രോയറിൽ ഒന്ന് നോക്ക് അല്ലി..
കയ്യിൽ ഇരുന്ന ഫയൽ കട്ടിലിലേക്ക് ഇട്ടുകൊണ്ടു ആദി പറഞ്ഞതും അല്ലി ഡ്രോയർ തുറന്നു.. ഒപ്പം ആദി തന്റെ അലമാരയും..
കിട്ടിയോ..
അല്ലി ചോദിച്ചതും കഴുത്തിലെ വിയർപ്പൊന്നൊപ്പി ആദി ഇല്ലെന്ന് തലയനക്കി..
ഇത് പിന്നെവിടെ പോയി.. നീ ഇവിടെ തന്നെയാ വെച്ചത് എന്നുറപ്പുണ്ടോ..
ഞാനത് ഓഫീസിലേക്ക് കൊണ്ടുപോയിട്ടില്ല അല്ലി.. സോഫ്ട് കോപ്പി മാത്രേ ഓഫീസിൽ കൊണ്ടുപോയിട്ടുള്ളൂ.. ഫയൽ അങ്ങോട്ട് കൊണ്ടുപോകേണ്ട കാര്യമില്ലല്ലോ..
ഇവിടെ വെച്ച സാധനം വേറെ എങ്ങോട്ട് പോകാനാണ് ആദി.. ആകെ ഇത്രയ്ക്കിത്ര സാധാനമല്ലേ ഇവിടെയുള്ളൂ..
അല്ലി ചോദിച്ചു..
എന്റെ പെൻഡ്രൈവ് അടക്കം ഉണ്ട് ആ ഫയലിൽ..
ആദി തലയ്ക്കുഴിഞ്ഞുകൊണ്ടു കട്ടിലിൽ ഇരുന്നു..
അല്ലി.. എനിക്കെന്തോ പേടിയാകുന്നു..
ആദി നിസ്സഹായനായി പറഞ്ഞു..
ക്രിസ്റ്റി പറഞ്ഞത് പോലെ നമ്മുടെ പ്രോജക്ട് അവർ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ കയ്യിൽ നിന്ന് മിസ്സായ ഫയലിലെ ഡേറ്റ വെച്ചിട്ടാകുമോ..
അതെങ്ങനെ മിസ് ആകാനാണ് ആദി.. ഇവിടെ ഞാനും നീയും അറിയാതെ എങ്ങനെ ഫയൽ മിസാകും.. നീ വെറുതെ ആലോചിച്ചു കാട് കയറേണ്ട.. ജസ്റ്റ് ലീവ് ഇട്ട്.. നമുക്ക് എന്തായാലും ഓഫീസിൽ ഒന്ന് പോയി നോക്കാം..
അവിടെ ഞാൻ കൊണ്ടുപോയിട്ടില്ല അല്ലി..
കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ.. ഒന്ന് നോക്കികളയാം.. നീ വാ..
അതും പറഞ്ഞല്ലി ഫ്ലാറ്റിന്റെ കീ എടുത്തു മുൻപേ നടന്നു.. അവൾക്ക് പിന്നാലെ ആദിയും..
ഞാൻ ഡ്രൈവ് ചെയ്തോളാം..
അതും പറഞ്ഞല്ലി കാറിൽ കയറിയതും ആദി കൊ ഡ്രൈവർ സീറ്റിൽ ഇരുന്നു..
പെട്ടെന്നാണ് റോയിച്ചന്റെ കോൾ അല്ലിയുടെ ഫോണിലേക്ക് വന്നത്..
എന്താ റോയിച്ചാ..
മ്മ്.. ഇന്ന് രാവിലത്തെ ഫ്ളൈറ്റിന്..
അത്.. ഉടനെ വേണോ റോയിച്ചാ ഞങ്ങൾ ഒരിടം വരെ പോകുവായിരുന്നു.. ആണോ.. ഓകെ.. ഇല്ല ഇപ്പൊ എത്താം..
അതും പറഞ്ഞല്ലി ഫോൺ വെച്ചിട്ട് ആദിയെ നോക്കി..
എന്താ..
എത്രേം പെട്ടെന്ന് റോയിച്ചനെ കാണണം എന്ന്..
എന്താ കാര്യം..
ആദി ചോദിച്ചു..
അറിയില്ല ആദി.. എന്തായാലും റോയിച്ചനെ കണ്ടിട്ട് ഓഫീസിൽ പോകാം..
മ്മ്..
ആദി മൂളിയതും അല്ലി കാർ മുൻപോട്ടെടുത്തു..
തീർത്തും അസ്വസ്ഥമായ മനസ്സോടെ..
തുടരും..

by