രചന – കണ്ണന്റെ മാത്രം
രാത്രി ഭക്ഷണശേഷം ന്യൂസ് കാണാൻ ഇരുന്നതാണ് ഹരി. നവിയും അപ്പുറത്തെ സോഫയിൽ ഇരിക്കുന്നുണ്ട്. അപ്പോഴാണ് ഫോണും ചെവിയിൽ വച്ചുകൊണ്ട് പിയ വന്ന് ചാനൽ മാറ്റിയത്. അതിന് ഹരി എന്തോ പറയാൻ പോയപ്പോഴാണ് അതിൽ സ്ക്രോൾ ചെയ്തു പോകുന്ന ന്യൂസിൽ കണ്ണുടക്കിയത്. അയാൾ ഞെട്ടിക്കൊണ്ട് പിയയെ നോക്കി. അയാൾ ഒന്നുകൂടി ആ ന്യൂസുകളിലേക്ക് നോക്കി. അപ്പോഴേക്കും ന്യൂസ് റീഡർ അത് വായിച്ചു തുടങ്ങിയിരുന്നു..
മിനിസ്റ്റർ ധർമപാലൻ നാളെ രാവിലെ 10 മണിക്ക് രാജി വച്ചേക്കും. മന്ത്രിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും RCV ക്ക് കിട്ടിയ റിപ്പോർട്ട് അനുസരിച്ച് മന്ത്രി ധർമപാലൻ നാളെ രാവിലെ 10 മണിക്ക് രാജി വച്ചേക്കും. CM ന്റെ ഓഫീസിൽ നേരിട്ട് ചെന്നിട്ടാവും രാജി കൊടുക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് രാവിലെ പുറത്തുവന്ന ജേർണലിസ്റ്റ് ശ്രീപ്രിയ പത്മനാഭന്റെ റിപ്പോർട്ട് മന്ത്രിക്കും വേറെ ചില ഉന്നതർക്കും ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് തെളിയുക്കുന്നത് ആയിരുന്നു. ഇപ്പോൾ അതിനെ ചുവട് പിടിച്ചാണോ ഈ രാജി എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഏതായാലും നാളെ 10 മണിയോടെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു..
മുത്തേ… ഹരി പിയയെ വിളിച്ചു.
ഞാൻ പറഞ്ഞില്ലേ പപ്പാ.. അയാൾ നാളെ രാജി വെക്കും…. അയാളുടെ സംരക്ഷണയിൽ ഉള്ള ഭീകരവാദികൾ നാളെ പോലീസ് പിടിയിലാവും.. പിയ സ്ക്രോൾ ചെയ്യത് പോകുന്ന ന്യൂസിലേക്ക് ഒരു പുച്ഛത്തോടെ നോക്കികൊണ്ട് പറഞ്ഞു..
പക്ഷേ മോളെ.. ഇപ്പോഴത്തെ കമ്മീഷണർ ആ കോശി അല്ലേ. അയാള് അവരെ പിടിച്ചിട്ടും എന്താ കാര്യം. രണ്ടു ദിവസത്തിൽ അവർ പുറത്തിറങ്ങില്ലേ… ഹരി അത് ചോദിച്ചതും പിയ ഒരു കുസൃതി ചിരിയോടെ നവിയെ നോക്കി..
നവിക്ക് അവളുടെ നോട്ടത്തിൽ എന്തോ പന്തികേട് തോന്നി..
എന്താടി.. അവൻ അവളെ കൂർപ്പിച്ചു നോക്കികൊണ്ട് ചോദിച്ചു..
ച്ചും… അവൾ കണ്ണ് ചിമ്മി തല വെട്ടിച്ചുകൊണ്ട് പറഞ്ഞു..പിന്നെ ഹരിയെ നോക്കികൊണ്ട് പറഞ്ഞു.
അയാൾക്ക് സസ്‌പെൻഷൻ ഓർഡർ കിട്ടിയിട്ടുണ്ടാവും പപ്പേ ഇപ്പൊ.. നാളെ മുതൽ പുതിയ ഡിസിപി ചാർജ് എടുക്കും…
അതാരാ…
അത് സർപ്രൈസ് നാളെ കാണാം..
ഇതൊക്കെ നീ എങ്ങനെയാ പെണ്ണേ ഈ ഒപ്പിക്കുന്നത്.. ഹരി അത്ഭുധത്തോടെ ചോദിച്ചു.
ഇതിന് പിന്നിൽ എന്റെ കഴിവ് ഒന്നും അല്ല ബിസിനസ് മാഗ്നെറ്റ് പത്മനാഭന്റെ ഉന്നതങ്ങളിൽ ഉള്ള പിടിപാടിന്റെ ഫലം ആണ്…. അവൾ കുസൃതി ചിരിയോടെ പറഞ്ഞു.
ഈ സമയം സസ്‌പെൻഷൻ ഓർഡർ കൈയിൽ കിട്ടിയതിന്റെ ടെൻഷനിൽ വിറളി പിടിച്ച് നടപ്പാണ് നമ്മുടെ കോശി. എന്താ റീസൺ എന്ന് പോലും മനസിലാകുന്നില്ല.. ഇനി എന്ത് ചെയ്യും എന്നാലോചിച്ച് അയാൾക്ക് തലക്ക് ചൂട് പിടിച്ചു . അപ്പോഴാണ് അയാൾക്ക് ധർമപാലന്റെ കാര്യം ഓർമ വന്നത്. അയാൾ വേഗം ഫോൺ എടുത്ത് ധർമപാലനെ വിളിച്ചു..
ആ ഞാൻ തന്നെ വിളിക്കാൻ ഇരിക്കായിരുന്നു. ഡോ നാളെ അവരുടെ അറസ്റ്റ് നടന്നാലും അവർ സ്റ്റേഷനിൽ എത്തരുത്. അതിനും മുൻപ് അവരെ രക്ഷിക്കാൻ ഉള്ളത് DD ചെയ്തുകൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട്. താനായിട്ട് അതിന് എതിരൊന്നും നിൽക്കണ്ട..
അതിന് അറസ്റ്റ് ചെയ്യാൻ ഞാൻ ഉണ്ടായിട്ട് വേണ്ടേ. എനിക്ക് സസ്‌പെൻഷൻ ആണ്.. കുറച്ചുനേരത്തേ ആണ് ഫാക്സ് വന്നത്. നാളെ പുതിയ ആൾക്കായിരിക്കും ചാർജ്. അപ്പൊ അറസ്റ്റ് ചെയ്യാൻ അയാളായിരിക്കും വരുന്നത്…
തനിക്ക് സസ്‌പെൻഷനോ അതും പോലീസ് മന്ത്രി ആയ ഞാൻ അറിയാതെയോ.. ധർമപാലൻ അതിശയിച്ചു..
അതു സാറിനോട് ചോദിക്കാൻ ആണ് ഞാൻ വിളിച്ചത്. എന്താ ഇതിനൊക്കെ അർത്ഥം. എന്തിനാ ഇങ്ങനെ ഒരു സസ്‌പെൻഷൻ..
ഡോ.. ഞാൻ അറിഞ്ഞിട്ടില്ല. താൻ ഫോൺ വെയ്ക്ക്. ഞാൻ ആ ഡിജിപിയെ ഒന്ന് വിളിച്ച് നോക്കട്ടെ..
ധർമപാലൻ നേരെ ഡിജിപിയെ വിളിച്ചു.
എന്താ സാർ ഈ നേരത്ത്. Anything urgent…ഫോൺ എടുത്തതും ഡിജിപി ചോദിച്ചു..
എടൊ.. ആ എബ്രഹാം കോശിക്ക് എന്തിനാടോ സസ്‌പെൻഷൻ അതും ഞാൻ അറിയാതെ… അയാൾ ധാർഷ്ട്യത്തോടെ ചോദിച്ചു.
സാർ അയാൾക്ക് എതിരെ കിട്ടിയിട്ടുള്ള തെളിവുകൾ വച്ച് ഡിസ്‌മിസ്സൽ ആണ് വേണ്ടത്. എന്തായാലും അന്വേഷണം ഉണ്ടാവും. അതു കഴിഞ്ഞിട്ട് തീരുമാനിക്കാം സസ്‌പെൻഷൻ ഡിസ്‌മിസ്സൽ ആക്കണോ എന്ന്.. പിന്നെ ഒരു ഡിസിപിയെ സസ്‌പെൻഡ് ചെയ്യാൻ ഉള്ള പവർ എന്റെ പൊസിഷൻ എനിക്ക് തരുന്നുണ്ടല്ലോ സാർ.. അയാൾ ഒരു പുച്ഛത്തോടെ പറഞ്ഞു.
Mr. വർമ താൻ ആരോടാണ് സംസാരിക്കുന്നത് എന്ന് മറന്നുപോയോ. ഞാൻ നിങ്ങളുടെ ആഭ്യന്തര മന്ത്രി ആണ്… താൻ തന്റെ പൊസിഷന്റെ പവറിനെ കുറിച്ച് പറഞ്ഞല്ലോ.. ആ പൊസിഷൻ ഇല്ലാതെ ആക്കാൻ എനിക്ക് കഴിയും..
ഓഹ്.. സാർ ഈ ഒരു രാത്രികൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ അങ്ങോട്ട് ചെയ്യ്… എങ്കിൽ ഞാൻ വെക്കട്ടെ സാർ. കുറച്ചുപണി ഉണ്ട്.. വർമ അതും പറഞ്ഞുകൊണ്ട് ഫോൺ വച്ചു..
ധർമപാലൻ വർമ്മക്ക് തന്റെ നേരെ ഉള്ള ആറ്റിറ്റ്യൂഡിൽ ഞെട്ടിപ്പോയി. അയാൾ മനസിലാക്കുകയായിരുന്നു അധികാരം പോയാൽ മുൻപ് തന്റെ വാക്കിന് എതിർക്കാൻ കഴിയാതെ നിസ്സഹായരായി നിന്നവർ മുഴുവൻ തനിക്ക് എതിരെ തിരിയും എന്ന്.
ഇനി DD യോട് എന്ത് പറയും. നാളെ അവരെ അറസ്റ്റ് ചെയ്യാൻ വരുമ്പോഴേ ആരാ ഓഫീസർ എന്ന് അറിയുകയുള്ളൂ. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അയാളെ എങ്ങനെയും തന്റെ വരുതിയിൽ ആക്കാമായിരുന്നു… ഇതിപ്പോ… അയാൾ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു തുടങ്ങി..
എത്ര ആലോചിച്ചിട്ടും അയാൾക്ക് ഈ ഊരാകുടിക്കിൽ നിന്ന് രക്ഷപെടാനുള്ള ഒരു വഴി തെളിഞ്ഞു കിട്ടുന്നുണ്ടായില്ല.. അയാൾക്ക് തന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമായ പിയയോടുള്ള ദേഷ്യവും പകയും അതിന്റെ ഉച്ചസ്ഥായിയിലെത്തി..
ശ്രീപ്രിയ… അവളുടെ പേര് അയാളുടെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞമർന്നു…
……………….
രാവിലെ അഭി എഴുന്നേൽക്കുമ്പോൾ തലേന്ന് രാത്രി കിടന്നപോലെ തന്നെ കിടക്കുന്നുണ്ട് ആമി. അവൻ അവളുടെ തലയിൽ പതിയെ ഒന്ന് മുകർന്നുകൊണ്ട് അവളെ ഉണർത്താതെ തന്നെ അവന്റെ നെഞ്ചിൽ നിന്നും മാറ്റിക്കെടുത്തി. അവളുടെ കണ്ണുനീർ ഒഴുകി ഇറങ്ങിയ പാടുകൾ അവന്റെ നെഞ്ചിനെ കീറിമുറിച്ചു. ഇന്നലെ രാത്രി കുറേനേരം തന്റെ നെഞ്ചിൽ പടർന്നിരുന്ന നനവ് അവന് ഓർമയിൽ വന്നു. പക്ഷേ ഈ അവസ്ഥ അവൾ ഒറ്റക്ക് മറികടന്നേ
പറ്റൂ.. അവൻ ദീർഘ നിശ്വാസത്തോടെ ആലോചിച്ചു.
നിന്നെ റൂമിൽ കാണാതെ ആയപ്പോൾ ഞാൻ വിചാരിച്ചു അവള് പിടിച്ച് കൂടെ കെടുത്തിക്കാണും എന്ന്. വയ്യാതെ ആയാൽ അവൾക്ക് എപ്പോഴും നിന്നെ തന്നെ വേണ്ടേ.. എന്തായി അവളുടെ തല വേദന കുറഞ്ഞോ. വയ്യെങ്കിൽ ഇന്ന് കോളേജിൽ പോകണ്ട അല്ലേ.. ആമിയുടെ റൂമിൽ നിന്നും ഇറങ്ങി വരുന്ന അഭിയെ കണ്ടതും സാവിത്രിയമ്മ പറഞ്ഞു..
മ്മ്.. അതിന് അവൻ ഒന്ന് മൂളിയതേ ഉള്ളൂ..
അഭിയുടെ അലസമായ മൂളൽ കേട്ട് അവന്റെ മുഖത്തേക്ക് നോക്കിയ സാവിത്രി അമ്മക്ക് ചിരിയാണ് വന്നത്. അവൾക്ക് ഒരു ചെറിയ തുമ്മൽ പോലും വന്നാൽ ഇവന്റെ മുഖഭാവം കണ്ടാൽ തോന്നും എന്തോ മാരകമായ അസുഖം ആണെന്ന്.. അവർ ചിരിയോടെ ആലോചിച്ചു. എന്നിട്ട് അവനോടായി പറഞ്ഞു..
എന്റെ അഭി അവൾക്ക് ഒരു ചെറിയ തല വേദന അല്ലേ.. അതങ്ങ് മാറിക്കോളും അതിന് നീ എന്തിനാ ഇത്ര വിഷമിക്കുന്നത്…
അമ്മ ഒരു ചായ തന്നേ.. വല്ലാത്ത തല വേദന.. അഭി അവർ പറഞ്ഞതിന് മറുപടി ഒന്നും പറയാതെ ചോദിച്ചു..
ഇതാ ഇപ്പൊ നന്നായേ . നിങ്ങൾക്ക് ആങ്ങളക്കും പെങ്ങൾക്കും എന്താ പറ്റിയത്. എന്തേലും പ്രശ്നം ഉണ്ടോ ഡാ… അവർ ആകുലതയോടെ ചോദിച്ചു..
ഒന്നുമില്ല അമ്മേ. ഇന്നലെ കുറച്ച് വൈകി ആണ് ഉറങ്ങിയത് അതിന്റെ ആണ് അമ്മ ചായ എടുക്ക്..
മ്മ്.. അവർ ഒന്ന് മൂളിക്കൊണ്ട് അടുക്കളയിലേക്ക് പോയി. അഭി നേരെ പുറത്തേക്കും പോയി.
………………..
രാവിലെ പതിവുപോലെ ജോഗിങ്ങിന് പോകാൻ വേണ്ടി ഇറങ്ങിയ വിച്ചു നേരെ അഭിയുടെ അടുത്തേക്കാണ് പോയത്. അവൻ ചെല്ലുമ്പോൾ എന്തോ ആലോചിച്ച് ഈ ലോകത്തേ അല്ലാത്ത പോലെ ഇരിക്കുന്ന അഭിയെ ആണ് കാണുന്നത്. അവൻ വിളിച്ചിട്ടും അറിയാതെ ഇരിക്കുന്ന അഭിയെ കണ്ടതും വിച്ചുവിന്റെ പുരികം ചുളിഞ്ഞു..
ഡാ അഭി… വിച്ചു അഭിയെ ഒന്ന് കുലുക്കി വിളിച്ചു..
ആ വിച്ചുവോ.. എന്താടാ.. തന്റെ ചിന്തകളിൽ നിന്നും ഞെട്ടിയ അഭി അവനോട് ചോദിച്ചു.
അത് ഞാൻ നിന്നോട് അല്ലേ ചോദിക്കേണ്ടത്. എന്താ കാര്യം.. ഞാൻ വന്നത് പോലും അറിയാതെ ഇത്രയും വലിയ ചിന്ത എന്തായിരുന്നു…
അതൊന്നും ഇല്ലെടാ.. അല്ല നീ എന്താ ഇവിടെ…
നീ ഇന്നത്തെ പത്രം നോക്കിയോ… വിച്ചു ആവേശത്തോടെ ചോദിച്ചു.
ഇല്ല.. ഞാൻ എഴുന്നേറ്റേ ഉള്ളൂ. ഇന്നിത്തിരി വൈകി. എന്താ പത്രത്തിൽ പ്രത്യേകിച്ച് .. അഭി അത് പറഞ്ഞുകൊണ്ട് പത്രം എടുത്ത് നോക്കി.. അതിലെ ന്യൂസിലൂടെ കണ്ണോടിക്കും തോറും അവന്റെ കണ്ണുകൾ വിടർന്നുവന്നു..
ഡാ.. അയാള് രാജി വെക്കാൻ പോവാണോ അപ്പൊ.. അഭി അതിശയത്തോടെ ചോദിച്ചു..
മ്മ്.. അയാൾക്ക് അങ്ങനെ തന്നെ വേണം. അയാളും അയാളുടെ മോനും കാരണം രണ്ടാഴ്ച അല്ലേ നീ കോളേജിൽ 3rd ഇയർ പഠിക്കുമ്പോൾ വീട്ടിൽ ഇരുന്നത്. പോലീസ് കേസും അവരുടെ പീഡനങ്ങളും ചുറ്റുമുള്ളവരുടെ പരിഹാസവും വേറെ.. വിച്ചു രോഷത്തോടെ പറഞ്ഞു..
അതൊക്കെ കഴിഞ്ഞതല്ലേ എന്റെ വിച്ചു. നീ വിട്ടുകള അത്… അഭി വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു.
വിട്ടുകളയാനോ… ഇന്നലെ അയാൾക്ക് എതിരെ ഉള്ള റിപ്പോർട്ട് കണ്ടപ്പോൾ ഞാൻ ആലോചിച്ചതാ ഇത്. പിന്നെ നിന്നെ വിഷമിപ്പിക്കണ്ട എന്ന് കരുതി പറയാതെ ഇരുന്നതാ ഞാൻ.. അയാളുടെ മോൻ റാഗിങ്ങിന്റെ പേരിൽ ഒരു പെൺകുട്ടിയോട് ചെയ്ത വൃത്തികേട് നീ ചോദ്യം ചെയ്തതിന് അല്ലേ ഇല്ലാത്ത കേസ് ഉണ്ടാക്കി നിന്നെ അയാൾ ജയിലിൽ ആക്കിയത്. അന്ന് ഹരി സാർ ഇടപെട്ടില്ലായിരുന്നെങ്കിൽ എന്തായേനെ നിന്റെ അവസ്ഥ.. ആലോചിച്ച് നോക്കിയിട്ടുണ്ടോ.. ഞാൻ ആ സമയം എക്സാമിന്റെ തിരക്കിൽ ഹോസ്റ്റലിൽ ആയിപ്പോയി ഇല്ലെങ്കിൽ കൊന്നേനെ ആ പന്നിയെ.. വിച്ചു ഇരച്ചുകൊണ്ട് പറഞ്ഞു..
ഹാ.. അതൊക്കെ കഴിഞ്ഞില്ലേ എന്റെ ചെക്കാ.. എല്ലാവരും സത്യങ്ങളും അറിഞ്ഞു. ഇനിയും എന്തിനാ വെറുതേ അതൊക്കെ ആലോചിച്ച് മൂഡ് കളയുന്നത്…
മ്മ്.. അതിന് വിച്ചു ഒന്ന് മൂളി..
അല്ല.. ചട്ടമ്പി കല്യാണി എവിടെ എഴുന്നേറ്റില്ലേ ഇതുവരെ.. അല്ലെങ്കിൽ കലപില കൂട്ടിയിട്ട് ഇവിടെ ഒക്കെ കാണാറുണ്ടല്ലോ.. വിച്ചു ചുറ്റും നോക്കികൊണ്ട് ചോദിച്ചു.
അവൾക്ക് ഒരു തല വേദന. കിടക്കാണ്… അഭി പറഞ്ഞു..
ആണോ.. എന്നിട്ട് ഹോസ്പിറ്റലിൽ പോണോ.. വിച്ചു ആകുലതയോടെ ചോദിച്ചു.
ഏയ്യ് വേണ്ടടാ.. അത് ഇപ്പൊ എഴുന്നേൽക്കുമ്പോൾ കുറഞ്ഞോളും.. അഭി പറഞ്ഞു..
മ്മ്.. വിച്ചു അതിനൊന്ന് മൂളി… കുറച്ചുനേരംകൂടി അഭിയുടെ അടുത്തിരുന്നിട്ടാണ് വിച്ചു ജോഗിങ്ങിനായി പോയത്.
…………….
ഇന്ന് ഇത്തിരി നേരത്തെ ഓഫീസിൽ പോകേണ്ടത് കൊണ്ട് തിരക്കിട്ട് യാത്രയാവുകയായിരുന്ന നവി ഹാളിൽ നിന്ന് പരിചിതമായ ഒരു സ്വരം കേട്ടപോലെ തോന്നി ചെയ്യുന്ന പണി നിർത്തി അങ്ങോട്ട് ശ്രദ്ധിച്ചു. അച്ഛനോടൊപ്പം സംസാരിക്കുന്ന ആളുടെ സ്വരം ഒന്നുകൂടി ഉറപ്പിച്ചതും അവന്റെ കണ്ണുകൾ വിടർന്നു വന്നു. അവൻ വേഗം ഹാളിലേക്ക് പോയി..
സോഫയിൽ ഹരിക്കൊപ്പം ഇരിക്കുന്ന ആൾക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് നവിയുടെ കണ്ണുകൾ നാലുപാടും ആരെയോ തിരഞ്ഞു. അടുക്കളയിൽ നിന്ന് പാറുവിന്റെ ഒപ്പം വരുന്നവരിൽ അവന്റെ കണ്ണുകൾ ഉടക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. പക്ഷേ അടുത്ത നിമിഷം എന്തോ ഓർമ വന്നതുപോലെ അവന്റെ മുഖം ഇരുണ്ടു. അതോടെ അതുവരെ അവനെ പ്രണയത്തോടെ നോക്കിയ കണ്ണുകൾ കുറ്റബോധത്തോടെ താഴ്ന്നു..
അവരെ രണ്ടാളെയും ചിരിയോടെ വീക്ഷിച്ചിരുന്ന പിയയുടെ മുഖത്തെ ചിരി മാഞ്ഞു. അവിടെ സങ്കടം നിറഞ്ഞു….
ഇവരുടെ ഈ അവസ്ഥക്ക് അറിഞ്ഞോ അറിയാതെയോ താനാണല്ലോ കാരണം എന്നവൾ മനസ്സിൽ നിറഞ്ഞ വിഷമത്തോടെ ആലോചിച്ചു.
തുടരും…

by