രചന – ശ്രീതു ശ്രീ
“എന്റെ ജോണിച്ചായാ അപ്പച്ചൻ തന്നെ പിടിക്കണംന്ന് എന്താ ഇത്ര വാശി…? ഞങ്ങള് രണ്ടാളും ഉണ്ടല്ലോ….”എന്നും പറഞ്ഞവൻ ജോണിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ നേഹയുടെ നേരെ തിരിഞ്ഞു…… “ചേച്ചി വാ… അപ്പച്ചനെയൊന്നും വിളിക്കണ്ട… അവൾ ജോണിയെ ഒന്നു നോക്കി… അവനാ നിമിഷം തന്നെ മുഖം തിരിച്ചു കളഞ്ഞു…. സിജു അപ്പോഴേയ്ക്കും ജോണിക്ക് പിടിച്ചു ഇറങ്ങാനായി കൈനീട്ടി കൊടുത്തു….. ഒപ്പം നേഹയും…. ഇരുവരുടെയും കയ്യിൽ താങ്ങി പിടിച്ച് മുറ്റത്തേക്കിറങ്ങിയപ്പോൾ അന്നമ്മയും പിള്ളാരും ഓടി വന്നു… “അയ്യോ പപ്പച്ചിക്ക് എന്റു പറ്റീ….” ജനിയുടെ കണ്ണുകൾ നിറഞ്ഞു….. റോഹനും സങ്കടമായി….. “പപ്പ വണ്ടീന്ന് വീണോ…? അവൻ അവൾക്ക് മുന്നെ വന്ന് ജോണിയുടെ കയ്യിൽ പിടിച്ചു…… ഹേയ് പപ്പയ്ക്കൊന്നൂല്ലെടാ… ഒന്ന് വീണതാ…കുഞ്ഞ് മുറിവാ മോനേ…. അതില് അഴുക്ക് പിടിക്കാതിരിക്കാൻ നഴ്‌സ്മാര് കെട്ടിവച്ചതാ…നിങ്ങള് അങ്ങ് മാറ്…” അന്നമ്മയ്ക്ക് അത് സഹിക്കാൻ പറ്റിയില്ല…
ഒരു കൊച്ചു കുഞ്ഞിന്നോടെന്നപോലെ അല്പം ശാസനയോടെ അവരവനോട് പറഞ്ഞു….. “നീയെന്താഡാ ശ്രദ്ധിക്കാഞ്ഞത്…..ഓരോന്നും വരുത്തി വച്ചോളും…. കൂടുതലൊന്നും പറ്റാതെ കർത്താവ് കാത്തു….കാലും കയ്യുമൊന്നും അധികം അനക്കണ്ട…ഇവിടിങ്ങനെ തൂങ്ങിപ്പിടിച്ചു നിൽക്കാതെ മെല്ലെ അങ്ങോട്ട് നടക്ക്….” അത് കേട്ടപ്പോൾ സിജുവും നേഹയും കൂടി അവന്റെ ഇരു കൈകളും തങ്ങളുടെ തോളത്തുകൂടി ചുറ്റിയിട്ടു മുറുക്കെ പിടിച്ചോളാൻ പറഞ്ഞു….. നേഹയുടെ തോളിൽ പിടിക്കുന്നതിൽ ജോണിക്ക് ജാള്യത തോന്നാതിരുന്നില്ല….. പക്ഷെ നേഹയുടെ ചിന്ത മുഴുവൻ അവന്റെ വേദനയെ കുറിച്ചായിരുന്നു…. അവരിരുവരും അവനെ ശ്രദ്ധയോടെ കട്ടിലിൽ കിടത്തി… ഉടനെ തന്നെ സിജു അവനുള്ള മരുന്നുകളും എടുത്ത് നേഹയെ ഏൽപ്പിച്ചു…..
“ഞാൻ പോവാ ചേച്ചീ… ഡ്രസ്സ് ചെയ്യാൻ കൊണ്ടുപോകാൻ ഞാൻ വരാം…. പോകുന്ന സമയം അറിയിച്ചാൽ മതി…എന്റെ നമ്പര് ഇച്ചായന്റെ കയ്യിൽ കാണും…” “ഉം… ശരി ഞാൻ വിളിക്കാം…. പിന്നെ ഓട്ടോക്കൂലി…? “ഓ.. അത് പിന്നെ എനിക്കിച്ചായൻ തരും.. ഇപ്പൊ ഒന്നും വേണ്ട…. വരട്ടെ…ഇങ്ങോട്ട് വരുന്നതിനിടയിൽ ഒരാള് ഓട്ടത്തിന് വിളിച്ചിട്ടുണ്ട്…. അവൻ പോയിക്കഴിഞ്ഞപ്പോൾ അവൾ ജോണിയുടെ അടുത്തേയ്ക്ക് പോയി….. അവൾ അടുക്കളയിൽ പോയി ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും എടുത്തോണ്ട് ജോണിയുടെ മുറിയിൽ ചെല്ലുമ്പോൾ മോനച്ചനും പിള്ളാരും അവന്റെ ഇടവും വലവും ഇരിപ്പുണ്ട്….. “നീയിവിടിരിക്ക്….. ഞാനൊന്ന് കിടക്കട്ടെ…”അവളെക്കണ്ടതും മോനച്ചൻ എഴുന്നേറ്റു… “അപ്പച്ചാ… ഒന്ന് നിന്നേ…” ഉടനെ ജോണി അയാളുടെ കയ്യിൽ പിടുത്തമിട്ടു… “എന്നാടാ..? “അത്…”അവൻ ബാത്‌റൂമിന്റെ നേരെ തലയൊന്നു തിരിച്ചു നോക്കി… അവന് ടോയ്‌ലെറ്റിൽ പോകാനാണെന്നു മോനച്ചന് മനസിലായി….. പക്ഷെ അയാൾ അവന്റെ കൈ വിടുവിച്ചുകൊണ്ട് പറഞ്ഞു….: “നിന്നേ പിടിക്കാനുള്ള ആരോഗ്യമൊന്നും എനിക്കില്ലെടാ… കൊച്ചു വന്നില്ലേ… അവള് പിടിക്കും… പ്രസന്നമായിരുന്ന ജോണിയുടെ മുഖം കാർമേഘം മൂടിയ മാനം പോലെ ഇരുണ്ടു….
മോനച്ചന് അവന്റെ ഭാവമാറ്റം മനസിലായെങ്കിലും അയാൾ നേഹയെ ഒന്നുനോക്കിയിട്ട് പുറത്തേക്കിറങ്ങി…. വാതിൽക്കൽ എത്തിയതും മോനച്ചൻ തിരിഞ്ഞു നിന്നു… “ഡാ മക്കളെ… നിങ്ങള് വാ… പപ്പ കുറച്ചു നേരം കിടക്കട്ടെ…. “ഞങ്ങലും ഇവിടിരുന്നോളാം…. ഇനീ കളിക്കുന്നില്ല….” റോഹൻ പറഞ്ഞു…. “കളിക്കാനൊന്നുമല്ല…. കഥ പറഞ്ഞു തരാം.. അവനൊന്ന് കിടന്ന് എഴുന്നേൽക്കുമ്പോൾ നിങ്ങള് പോന്നോ…. “എങ്കിൽ ഞങ്ങല് പോട്ടെ പപ്പേ …?എന്ന് റോഹൻ ജോണിയോട് ചോദിച്ചു…. അവന്റെ സമ്മതത്തോടെ റോഹൻ ജനിയെയും കൊണ്ട് മോനച്ചന് പുറകെ പോയി…… അതോടെ മുറിയിൽ ജോണിയും നേഹയും മാത്രമായി…. മൗനം കൊണ്ട് പണിതൊരു മതിൽ ഇരുവർക്കുമിടയിൽ താനെ ഉയർന്നുവന്നു…… ജോണിക്ക് അവളോട് തന്റെ ആവശ്യം പറയാൻ തോന്നിയില്ല… അതുപോലെ തന്നെ ജോണിയോട് എന്ത് ചോദിക്കുമെന്നോ പറയുമെന്നോ ഉള്ള ആശങ്ക അവളിലും നിഴലാട്ടം തുടർന്നു…..
തെല്ലൊരു ഇടവേളയ്ക്ക് ശേഷം അവൾ എടുത്തു കൊണ്ടു വന്ന നാരങ്ങാ വെള്ളവുമായി അവന്റെ അരികിൽ എത്തി…. “ഇച്ചായാ… ക്ഷീണം കാണില്ലേ… ഇത് കുടിക്ക്… ഞാൻ ഇപ്പോ ചോറെടുക്കാം… “എനിക്കിപ്പൊ ഒന്നും വേണ്ട…. ഇയാള് കൊണ്ടുപൊയ്ക്കോ…… അവനെ കൂടുതൽ നിർബന്ധിച്ചുള്ള പരിചയക്കുറവ് കൊണ്ടൊ ഉള്ളിലുള്ള ജാള്യത കൊണ്ടൊ അവൾ കൂടുതലൊന്നും പറയാതെ നാരങ്ങാ വെള്ളം മേശപ്പുറത്തു കൊണ്ടുപോയി വച്ചു….. അപ്പോഴാണ് മോനച്ചനോട് ജോണി സൂചിപ്പിച്ച കാര്യം ഓർത്തത്….. അവന്റെ മുന്നിൽ ഒറ്റയ്ക്കായ പരിഭ്രമത്തിൽ മറന്നു പോയതാണ്…… “ജോണിച്ചായാ… ടോയ്‌ലെറ്റിൽ പോകണ്ടേ…. വാ… ഞാൻ കൊണ്ടുപോകാം… എഴുന്നേൽക്ക്…… “എനിക്കിനിയിപ്പോ പോകണ്ട…. താൻ പോയി അടുക്കളേൽ എന്തേലും എടുക്കാനുണ്ടേൽ ചെല്ല്….. ഏയ്യ്…. അവിടൊന്നുമില്ല…. “എങ്കിൽ ആ പിള്ളേരുടെ അടുത്തോട്ടു ചെല്ല്…. തന്റെ സാമിപ്യം ജോണി ഒട്ടും ആഗ്രഹിക്കുന്നില്ലെന്നു നേഹയ്ക്ക് മനസിലായി …
അവൾ മുറിയിൽ നിന്നും ഇറങ്ങിപ്പോയി… അന്നമ്മ അടുക്കളയിൽ ചെയ്തു കൊണ്ടിരുന്ന ജോലികൾ അവളും കൂടി ഏറ്റെടുത്തു…… ജിൻസി കോളേജിലും ആണല്ലോ…. അതൊന്നൊതുങ്ങിയപ്പോൾ അവൾ തന്റെ ഫോൺ എടുക്കാനായി മുറിയിലേയ്ക്ക് ചെന്നു….. അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചു അവൻ വയ്യാത്ത കാലും ഉപയോഗിച്ച് ടോയ്‌ലെറ്റിൽ പോകാൻ ശ്രമിക്കുകയാണ്….ഒന്ന് വീഴാൻ പോകുന്നപോലെ തോന്നിയതും അവളുടെ കാലുകൾക്ക് വേഗം കൂടി….. നേഹ മറ്റൊന്നും നോക്കാതെ അവന്റെ അരികിൽ ഓടിയെത്തി….. ഒരു കയ്യ് അവന്റെ പുറത്തൂടെ ഇട്ട് ചുറ്റി തന്റെ ശരീരത്തോട് ചേർത്തവൾ പിടിച്ചു നിർത്തി … ആ നിമിഷം തന്നെ അവനെ ശാസിക്കാതിരിക്കാനും അവൾക്കു കഴിഞ്ഞില്ല……. “എന്തു പരിപാടിയാ ഇച്ചായാ കാണിച്ചേ…? വയ്യാത്ത കാലും കൊണ്ട്……. ഒന്നെന്നെ വിളിച്ചൂടായിരുന്നോ…? അവളുടെ പ്രവൃത്തിയിൽ ജോണി അന്തംവിട്ടുപോയിരുന്നു…… തന്റെ ശരീരത്തിന്റെ പകുതിയും വലയം ചെയ്തിരിക്കുന്ന അവളുടെ കൈ അടർത്തി മാറ്റാൻ അവനായില്ല…. ആ നിമിഷത്തിൽ ഒരു കൈത്താങ്ങ് ആവശ്യമായിരുന്നത് കൊണ്ട് ജോണിയും പതിയെ അവളുടെ തോളിലൂടെ ചുറ്റിപ്പിടിച്ചു… (തുടരും )

by