രചന – ആതിര
പിറ്റേന്ന് രാവിലെ കാവ്യായാണ് ഗീതുവിനെ വിളിച്ചുണർത്തിയത്.. വളരെക്കാലത്തിനു ശേഷം സുന്ദരസ്വപ്നത്തിന്റെ തേരിലേറിയതിനാലാവാം ഉണരാൻ വൈകിയവൾ.. കുളിച്ചൊരുങ്ങി എവിടെയോ പോകാനെന്നപോലെ നിൽക്കുന്ന കാവ്യയെ അവൾ മിഴിച്ചു നോക്കി.. കാവ്യ അവളെ എഴുനേല്പിച്ച് കയ്യിൽ പുതിയൊരു പാട്ടുസാരി ഏൽപ്പിച്ചു.. പാട്ടുസാരിയിലേക്കും കാവ്യയുടെ മുഖത്തേക്കും മാറി മാറി നോക്കി.. “ഇതിപ്പോ എന്തിനാ ചേച്ചി..അല്ല ചേച്ചി ഇതെങ്ങോട്ട് പോകാനാ ഒരുങ്ങിനിൽക്കുന്നേ?” “കഥയൊക്കെ ഞാൻ പിന്നെ പറഞ്ഞ് തരാം ആദ്യം നീ പോയി കുളിച്ച് ഇതുടുത്തൊണ്ട് വാ..” ഗീതു കുളിച്ച് ഒരുങ്ങിത്തീർന്നപ്പോഴേക്കും കാവ്യ കുറച്ച് മുല്ലപ്പൂ കൊണ്ടുവന്ന് അവളുടെ മുടിയിൽ ചൂടി.. “ഇതൊക്കെ എന്തിനാ ചേച്ചി?” “അതൊക്കെ വഴിയേ നിനക്ക് ബോധ്യമാകും..” അവർ ഒരുങ്ങിയിറങ്ങാനായപ്പോൾ അമ്മു വന്നു..ഗീതുന് ഒന്നും മനസ്സിലുണ്ടാകുന്നില്ല… അവർ പോകാനിറങ്ങിയതും സുമിത്ര വന്ന് ഗീതുവിനെ കെട്ടിപ്പിടിച്ച് മൂർദ്ധാവിലായി കൈവെച്ചു..
“ന്റെ കുഞ്ഞ് നന്നായി വരും..ഇനി ഒരു സങ്കടോം ഗീതുമോൾക്ക് ഉണ്ടാവില്ലാട്ടോ..പോയിട്ട് വാ..” വിവേകിനെ ഗീതു അന്വേഷിച്ചെങ്കിലും അവർ പുറത്തെവിടെയോ പോയന്നാണ് കാവ്യ പറഞ്ഞത്.. കാവ്യയും അമ്മുവും ഗീതുവും കൂടി നടന്നു.അമ്പലത്തിനടുത്തെത്തിയതും ഇവിടെ വരാനാണോ ഇത്രയും ഒരുക്കം എന്ന് ഗീതു ചോദിച്ചു.. മറുപടിയായി അമ്മുവും കാവ്യയും ചിരിച്ചതെയുള്ളൂ.. ശ്രീകോവിലിന് മുൻപിൽ പ്രാർത്ഥിച്ചു നിൽക്കുമ്പോഴാണ് തൊട്ടടുത്തതായി ആരുടെയോ സാമിപ്യം തോന്നിയവൾ കണ്ണുതുറന്നു നോക്കിയത്.. തന്നെചേർന്ന് നിന്ന് തൊഴുന്ന സിദ്ധുവിനെ കണ്ടതും അവൾക്ക് ആശ്ചര്യം..ചെക്കൻ ഓഫ്‌വൈറ്റ് ഷർട്ടിലും മുണ്ടിലും തിളങ്ങി നിൽക്കുന്നു..അവനോട് ഒന്നൂടി ചേർന്ന് ഗീതു തിരുനടയിൽ നിന്ന് പ്രാർത്ഥിച്ചു.. പ്രാർത്ഥന കഴിഞ്ഞ് ഗീതുവും സിദ്ധുവും പുറത്തേക്കിറങ്ങി..
അവിടെയൊരു കാറിന് സമീപം കാവ്യയും അമ്മുവും നിൽപ്പുണ്ടായിരുന്നു.. ഗീതുവിനെയും വിളിച്ചുകൊണ്ട് സിദ്ധു കാറിലേക്ക് കയറി..അമ്മുവും കാവ്യയും കാറിന്റെ ബാക്ക് സീറ്റിലും ഗീതു അവനൊപ്പം ഫ്രണ്ടിലും കയറി. എവിടേക്കാണെന്ന് ചോദിച്ചിട്ട് അവനും പറഞ്ഞില്ല.. ആരും ഒന്നും പറയാത്തത്തിൽ ഗീതു മുഖം വീർപ്പിച്ച് പിടിച്ചു….. കാർ ഒരു മതിൽക്കെട്ട് കഴിഞ്ഞ് ഉള്ളിലേക്ക് കയറി.. ഡോർ തുറന്നിറങ്ങിയ ഗീതു മുൻപിലുള്ള ബോർഡ് വായിച്ച് സന്തോഷത്തോടെയും അതിനൊപ്പം ആശ്ചര്യത്തോടെയും അവനെ നോക്കി.. **സബ് രജിസ്റ്റർ ഒഫീസ്** “അതേ പെണ്ണേ നിയമത്തിന് മുന്നിൽ ഇന്ന് ഞാൻ നിന്നെ ഒന്നൂടി കെട്ടാൻ തീരുമാനിച്ചു..” ഓഫീസിൽ നിന്ന് അപ്പോഴേക്കും ആനന്ദും വിവേകും ഇറങ്ങി വന്നു.. ആനന്ദ് വിദുമോനെ അമ്മുന്റെ കയ്യിൽ ഏൽപ്പിച്ചു.. സിദ്ധുവും ഗീതുവും രജിസ്റ്ററിൽ ഒപ്പ് വെച്ച് പരസ്പരം മാല ചാർത്തി.. അമ്മു നീട്ടിയ ചെപ്പിൽ നിന്ന് ഒരു നുള്ള് കുങ്കുമത്തതാൽ സിദ്ധു ഗീതുവിന്റെ സീമന്തരേഖ ചുവപ്പിച്ചു. താലി വീണ്ടും കെട്ടണ്ടന്ന് നേരത്തെ തീരുമാനിച്ചതിനാൽ അതുണ്ടായില്ല..രണ്ടുപേരേയും ചേർത്ത് നിർത്തി ഫോട്ടോയെടുത്തു. പിന്നീട് അവരെല്ലാരും ചേർന്ന് നിന്ന് ഫോട്ടോ എടുതത്തിട്ടാണ് തിരിച്ചത്..
ശ്രീനിലയത്തിലേക്കാണ് സിദ്ധുവും ഗീതുവും പോയത്.. പ്രസാദും സുമിത്രയും അവിടെയുണ്ടായിരുന്നു .. ഒപ്പം സിറിലും വൈഗയും.. രണ്ടുപേരേയും ആരതിയുഴിഞ്ഞ് ദേവി സ്വീകരിച്ചു..വലതുകാൽ വെച്ച് വീണ്ടുമവൾ ശ്രീനിലയത്തിലേക്ക് കയറി ഒപ്പം അവളുടെ വലതുകൈപിടിച്ചു കയറാൻ സിദ്ധുവുമുണ്ടായിരുന്നു.. എല്ലാരും വന്നതും ദേവി തയാറാക്കിയ പായസം സിദ്ധുവിന് കൊടുത്തു..അവനത് ഗീതുവിനെ ഏൽപ്പിച്ചു…അവൾ കുടിച്ചതിന്റെ പാതി അവനും കുടിച്ചു…അതിനു ശേഷം എല്ലാവർക്കും ദേവി പായസം കൊടുത്തു…. പിന്നീട് പെണ്ണുങ്ങളെല്ലാവരും സദ്യയൊരുക്കാനായി അടുക്കളയിലേക്ക് പോയി..ദേവി ഗീതുവിനെ അങ്ങോട്ട് അടുപ്പിച്ചെയില്ല..സിദ്ധു ഗീതുവിനെയും കൂട്ടി മുറിയിലേക്ക് നടന്നു.. റൂമിൽ കയറിയതും ഗീതു മുഖം വീർപ്പിച്ചു.. “എന്നോട് എന്താ സിദ്ധുവേട്ടാ പറയാഞ്ഞേ..??” “അതല്ലേ ഇന്നലെ സർപ്രൈസ് എന്നു പറഞ്ഞത്..ഇനി ഒന്നിന് വേണ്ടിയും നിന്നെ വിട്ടു കൊടുക്കാൻ മേലാ ഗീതു..” അവനവളെ മാറോട് ചേർത്തു..
“അന്ന് നീ കാവ്യയുടെ നിശ്ചയത്തിനു വന്നിരുന്നെങ്കിൽ ഇതു തന്നെ നടന്നേനെ.. ആ ഇനി പറഞ്ഞിട്ടെന്താ..അല്ല എന്താ നിന്റെ മുഖം മങ്ങിയിരിക്കുന്നേ?” “ഇന്നെനിക്ക് തിരിച്ചുപോകണം..ലീവ് തീർന്നു സിധുവെട്ടാ…ഉച്ചക്ക് ഇറങ്ങണം..എനിക്ക് പോകാൻ തോന്നുന്നില്ല..” “നിന്നെ വിടാൻ എനിക്കും മനസ്സില്ല..സാരമില്ല ഞാൻ കൊണ്ടവിടാം..അത്രേം നേരം നീ എന്റെ കൂടെ കാണുല്ലോ..” അവന്റെ കൈകൾ സാരിക്കിടയിലൂടെ ഇടുപ്പിൽ എത്തിയതും ഗീതുവിന്റെ ദേഹം വിറച്ചു..ആ കൈകളുടെ ചൂട് വയറിലേക്ക് ഒഴുക്കിയതും അവന്റെ മേലുള്ള അവളുടെ കൈകളുടെ മുറുക്കം കൂടി..അവന്റെ കൈകൾ അണിവയറിൽ കുസൃതി കാട്ടിത്തുടങ്ങിയതും ഗീതുവിന്റെ മേനിയിൽ കുളിരുകോരി..അവൾ നാണത്തതാൽ പൂത്തുലഞ്ഞു.. അതിന്റെ പ്രതിഫലനമെന്നോണം കവിളുകൾ അരുണാഭമായി.. നാണത്തതാൽ കണ്ണുകൾ കൂമ്പിയടഞ്ഞു… സിദ്ധു അവളെ പതിയെ മേലേക്കുയർത്തി തന്റെ ദേഹത്തേക്ക് ഒന്നൂടി ചേർത്തു..
പ്രണയത്തിന്റെ പാരമ്യതയിൽ ഗീതു അവന്റെ ഇരുകവിളിലും ചുണ്ട് ചേർത്ത് നാണത്തോടെ അവന്റെ തോളിലേക്ക് ചേർത്ത് മുഖം താഴ്ത്തി..ആദ്യമായി തീർത്തും അപ്രതീക്ഷിതമായി കിട്ടിയ പ്രണയസമ്മാനം സിദ്ധുവിലും വികാരങ്ങളുണർത്തി.. അവളെ മേശമേൽ ഇരുത്തി അവളുടെ മുഖമവൻ കോരിയെടുത്തു..ഇണയെ കണ്ടെത്തിയ സന്തോഷത്താൽ അവൻ അവളുടെ ചൊടികളെ സ്വന്തമാക്കി..ആദ്യത്തെ പകപ്പ് മാറിയതും ആദ്യ ചുംബന ലഹരിയിൽ ഇരുവരും മതിമറന്നു.. കീഴ്ചുണ്ടിൽ നിന്നും മേൽചുണ്ടിലേക്ക് മാറി മാറി നുണഞ്ഞു..ഗീതുവിന്റെ വിരലുകൾ അവന്റെ മുടിയിൽ കൊരുത്തു.. ശ്വാസപോലും മറന്ന് പരസ്പരം ലഹരിയിൽ മുഴുകി.. താഴേക്ക് വീണ ഗ്ലാസ്സിന്റെ ശബ്ദം കേട്ട് ഇരുവരും അകന്ന് മാറി.. അമ്മു അവിടെ കിളിപോയ അവസ്ഥയിൽ കണ്ണും മിഴിച്ച് നിൽക്കുന്നു.. “സോറി.. നിങ്ങൾക്ക് സംഭാരം കൊണ്ടുവന്നതായിരുന്നു..” താഴേക്ക് വീണ ഗ്ളാസ്സ് നോക്കിയവൾ പറഞ്ഞു.. “സോറി ഗീതു..” അതും പറഞ്ഞ് അമ്മു അപ്പോൾതന്നെ അവിടുന്നും ഓടി..കൂട്ടത്തിൽ കതക് ചേർത്തടയ്ക്കാനും മറന്നില്ല.. ഗീതു ശ്വാസം നിയന്ത്രിക്കാനാകാതെ നെഞ്ചിൽ കൈവെച്ച് ശ്വാസം എടുത്തു..വീണ്ടും തന്റെ നേർക്ക് വരുന്ന സിദ്ധുവിനെ കണ്ടതും അവനെ ബെഡിലേക്ക് തള്ളി അവൾ മേശപ്പുറത്ത് നിന്നും ഇറങ്ങി ഓടിയിരുന്നു..
ഉച്ചക്ക് സദ്യകഴിച്ചിട്ട് ശങ്കരമംഗലത്ത് നിന്നും ബാഗ് എടുത്ത് ഗീതുവും സിദ്ധുവും തൃശ്ശൂർക്ക് തിരിച്ചു.. അഭിരാമിയെയും ത്രേസ്യാമ്മച്ചേടത്തിയെയും നേരത്തെ വരുന്ന കാര്യം വിളിച്ചറിയിച്ചു.. സന്ധ്യയോടടുത്തപ്പോഴാണ് അവർ അവിടെയെത്തിയത്..അഭിരാമിയും ചേടത്തിയും അവരെ സ്നേഹത്തോടെ അകത്തേക്ക് ക്ഷണിച്ചു..അയാൻമോന് അവൾ വാങ്ങിച്ച ചോക്ലേറ്റ്സ് കൊടുത്തു.. അന്ന് പോകണ്ടന്ന് അവനോട് പറഞ്ഞെങ്കിലും സ്നേഹത്തോടെ നിരസിച്ചു..കാറിലേക്ക് കയറാൻ നേരം കരഞ്ഞ ഗീതുവിന്റെ നെറ്റിയിൽ ചുണ്ട്ചേർത്താണവൻ മടങ്ങിയത്.. പിന്നീടങ്ങോട്ട് അവർ പരസ്പരം ഫോണിലൂടെ പ്രണയിച്ചുകൊണ്ടേയിരുന്നു.. ഇതിനിടയിൽ ഗീതു തിരിച്ച് വീണ്ടും നാട്ടിലേക്ക് ട്രാൻസ്ഫറിന് ശ്രമിച്ചു. എന്നാൽ അദ്ധ്യയന വർഷം തീരാൻ ഇനിയും മൂന്ന് മാസങ്ങൾ ബാക്കിയുള്ളതിനാൽ മൂന്ന് മാസം കഴിയാതെ രാജിവെക്കാനോ ട്രാൻസ്ഫർ നൽകാനോ കഴിയില്ലായിരുന്നു..ഇതേ സമയം ഗീതുവിന് പകരമായി നാട്ടിലെ സ്കൂളിൽ വന്ന ടീച്ചർ ദൂരേക്ക് കല്യാണം കഴിച്ച് പോകുന്നതിനാൽ ഗീതുവിനെ തിരിച്ചെടുക്കാമെന്ന് മാനേജിമെന്റ് ഗീതുവിനെ അറിയിച്ചു..ഈ മൂന്ന് മാസങ്ങളിലും എല്ലാ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും സിദ്ധു മുടങ്ങാതെ ഗീതുവിനെ കാണാനെത്തി..
സ്കൂൾ വേനലവധിക്കായി പൂട്ടുന്നന്ന് സിദ്ധു ഗീതുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തി.. ത്രേസ്യാമ്മച്ചേടത്തിയൊരുക്കിയ സദ്യ കഴിച്ചതിന് ശേഷമാണ് അവർ മടങ്ങിയത്..ഇറങ്ങാൻ നേരം അവൾ അഭിരാമിയെയും ചേടത്തിയെയും കെട്ടിപ്പിടിച്ച് കരഞ്ഞു.. ഒരുവർഷക്കാലം സ്വന്തം വീടുപോലെ താമസിച്ച ഒരിടം..ചേച്ചിയായും അമ്മയായും ചേർത്തുപിടിച്ച രണ്ടുപേർ.. അവർക്കും സങ്കടമായിരുന്നു.. പക്ഷേ അവളുടെ സന്തോഷം അവരുടെ ഉള്ളു നിറച്ചു..പോകാൻ നേരം അയാൻ കരച്ചിലായിരുന്നു. അവരെക്കാണാൻ ഇടയ്ക്കൊക്കെ വരാന്ന് പറഞ്ഞു സിദ്ധുവും ഗീതുവും യാത്രയായി..അവരെ യാത്രയായക്കുമ്പോൾ അഭിരാമിയുടെ കണ്ണുകളും നിറഞ്ഞു..ഒരുവേള നിതിന്റെ ഫോട്ടോയിലേക്ക് കണ്ണുകൾ പാഞ്ഞു..തനിക്കില്ലാത പോയ സൗഭാഗ്യം ഗീതുവിന് നൽകണമെന്നവൾ മനസ്സാലെ പ്രാർത്ഥിച്ചു..ഓർഫനേജിൽ ചെന്ന് എല്ലാവർക്കും സിദ്ധൂനെ പരിചയപ്പെടുത്തി അവരുടെ അനുഗ്രഹവും വാങ്ങിയാണ് ഇരുവരും നാട്ടിലേക്ക് മടങ്ങിയത്..
ശ്രീനിലയത്തെത്തിയപ്പോൾ രാത്രിയായിരുന്നു..യാത്രാക്ഷീണം കൊണ്ട് ആഹാരം പോലും വേണ്ടന്ന് പറഞ്ഞ ഗീതുവിനെ സിദ്ധുവും ദേവിയും നിർബന്ധിപ്പിച്ച് കഴിപ്പിച്ചു.. മോഹനോട് വീടുവിട്ട് നിന്നുള്ള ജോലി മതിയാക്കി നാട്ടിൽ വരാൻ ദേവി കട്ടായം പറഞ്ഞ് തിരികെ കൊണ്ടുവന്നു..അതുകൊണ്ട് പുള്ളിയിപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ കാരണവർ സ്ഥാനം ഏറ്റെടുത്ത് ഇരുപ്പാണ്.. കാവ്യയും വിവേകും ബാംഗ്ലൂർക്ക് തിരിച്ചുപോയിരുന്നു.. കാവ്യയ്ക്ക് വിശേഷമായെന്ന സാന്തോഷവാർത്ത ദേവി കഴിക്കുന്നതിനിടയിൽ ഇരുവരോടും പറഞ്ഞു..ഇന്ന് രാവിലെ ഹോസ്പിറ്റലിൽ പോയി കൺഫേർമം ചെയ്ത് സുമിത്രയെ കാവ്യ വിളിച്ചു പറയുകയായിരുന്നു..
അടുക്കളയൊതുക്കാൻ കൂടിയ ഗീതുവിനെ യാത്ര ചെയ്തു ക്ഷീണിച്ചുവന്ന കാരണം പറഞ്ഞ് ദേവി ഓടിച്ചു വിട്ടു..വെള്ളവുമായി റൂമിലേക്കെത്തിയ ഗീതു വാതിൽ കുറ്റിയിട്ടു തിരിഞ്ഞതും തന്നെ നോക്കികിടക്കുന്ന സിദ്ധുവിനെയാണ് കണ്ടത്..ഇന്ന് മുതൽ സിദ്ധുവിനൊപ്പം കിടക്കണമെന്ന കാര്യം ഓർമ്മവന്നതും അവൾക്കെന്തോ വല്ലാത്ത പരവേശം.. അവൾ ലൈറ്റണച്ച് ബെഡിന്റെ മറുവശം ചേർന്ന് കിടന്നു..പെട്ടന്നവളെ തിരിച്ചു കിടത്തി മേലേക്ക് ചായുന്നവനെ കണ്ട് അവൾ ഉമിനീരിറക്കി..ഇരുകൈകളും അവൾക്കിരുവശവും കുത്തി അവളുടെ മേലേക്ക് ഭാരം കൊടുക്കാതെ ദേഹത്ത് മുട്ടി നിന്നു.” “പേടിക്കണ്ട..ഇന്ന് ഞാൻ നിന്നെ ഒന്നും ചെയ്യില്ല..ന്റെ ഗീതുവിന് ഒരുപാട് യാത്ര ചെയ്തതിന്റെ ക്ഷീണം ഉണ്ടെന്നറിയാം..ഈ ഇളവ് ഇന്ന് മാത്രേയുള്ളൂ..ഇനീം കാത്തിരിക്കാൻ മേലെനിക്ക്..മൂന്ന് മാസമാ നമ്മുടെ ഫസ്റ്റ് നൈറ്റ് നീണ്ടുപോയത്..പണ്ടൊരിക്കൽ ഒന്നു കഴിഞ്ഞതാണെങ്കിലും അതൊന്നും എനിക്ക് ഓർമ്മയില്ലല്ലോ..ഇനി എല്ലാ അർത്ഥത്തിലും ബോധത്തോടെ സ്നേഹത്തോടെ എനിക്ക് നിന്നെ സ്വന്തമാക്കണം..ഇപ്പൊ നീ കിടന്നോ..”
അവളുടെ നെറ്റിയിൽ ഉമ്മവെച്ചവൻ മാറിക്കിടന്നു..തിരിഞ്ഞു കിടന്ന ഗീതുവിനെ തിരിച്ച് തനിക്കുനേരെ വലിച്ചടുപ്പിച്ച് ചുരിദാറിന്റെ സ്‌ളിറ്റിനിടയിലൂടെ വയറിൽ ചുറ്റിവരഞ്ഞവൻ അവളെ നെഞ്ചോട് ചേർത്തു.. “കെട്ടിപ്പിടിക്കില്ലെന്ന് ഞാൻ വാക്ക് തന്നിട്ടില്ല..കേട്ടോ ഭാര്യേ..” അവളുടെ കാതോരം സിദ്ധു മൊഴിഞ്ഞു.. അവളും ചിരിയോടെ അവനെ കൈകളാൽ ആലിംഗനം ചെയ്താ നെഞ്ചിലെ ചൂടിലേക്ക് പതുങ്ങി കിടന്നു.. പ്രണയച്ചൂടിൽ ഇരുവരും എപ്പോഴോ നിദ്രയെ പുൽകി…. (തുടരും)

by