ഇച്ചായന്റെപ്പെണ്ണ്… 3
ഭാഗം 3🤍
പാലായിലെ തന്നെ ഏറ്റവും വലിയ കുടുംബമായിരുന്നു മാർക്കൊയുടെ കുടുംബം… ആ വലിയ വീടിന്റെ ഗേറ്റിന് മുന്നിൽ കാറുകൾ ഒന്നിനു പുറകെ ഒന്നായി എത്തിക്കൊണ്ടിരുന്നു.
ആ വീടിന്റെ വലുപ്പം മാത്രം നോക്കിയാൽ തന്നെ അവിടുത്തെ കുടുംബത്തിന്റെ നില മനസ്സിലാക്കാമായിരുന്നു.
“മാർക്കോ!”
വീടിനുള്ളിൽ നിന്ന് വർഗീസിന്റെ ശബ്ദം ഉയർന്നപ്പോൾ മാർക്കോ തന്റെ മുറിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിവന്നു.
വർഗീസിന്റെ മുഖത്തെ ഭാവം കണ്ടതും അവന്റെ മുഖം പെട്ടെന്ന് മാറി. മറ്റെല്ലാവരോടും തന്റെ തനി സ്വരൂപം എടുക്കാമെങ്കിലും മാർക്കോയ്ക്ക്, സ്വന്തം അപ്പന്റെ മുന്നിൽ ആ സ്വഭാവം മുഴുവൻ കാണിക്കാൻ കഴിയില്ലായിരുന്നു. അയാൾക്ക് അല്ലാതെ മറ്റാർക്കും അവനിൽ അധികാരം കാണിക്കാൻ കഴിയില്ലായിരുന്നു…
“എന്നതാ അപ്പാ?”
“ഇങ്ങോട്ട് വാ.” ഹാളിലെ സോഫയിലേക്ക് ഇരുന്ന് കാലിന്മേൽ കാൽ കയറ്റിവെച്ചുകൊണ്ട് അയാൾ ആക്ജ്ഞാപിച്ചു.അടുത്ത് ആനിയും ഉണ്ടായിരുന്നു. അവൾ മകനെ കണ്ടപ്പോൾ ഒരു നിമിഷം സ്നേഹത്തോടെ നോക്കി, പക്ഷേ ഭർത്താവിന്റെ മുഖം കണ്ടപ്പോൾ അവനോടായി ഒന്നും പറഞ്ഞില്ല.
മാർക്കോ പതുക്കെ അയാളുടെ അടുത്തേക്ക് നടന്നു. തന്നോട് ആരും കല്പിയ്ക്കുന്നത് മാർക്കോയ്ക്ക് തീരെ ഇഷ്ട്ടമല്ല പക്ഷെ സ്വന്തം അപ്പനായതുകൊണ്ട് അവന് ഒന്നും പറയാനും പറ്റില്ല.
“നിനക്ക് ഞാൻ അവസാനമായി ഒരു താക്കീത് തന്നത് ഓർമ്മയുണ്ടോ?” വർഗീസ് ചോദിച്ചു.
മാർക്കോ ഒന്നും പറഞ്ഞില്ല.
“ജെന്നിഫറിനെ കാണരുതെന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നു.” അയാളുടെ സ്വരം കടുത്തു…
മാർക്കോയുടെ മുഖം കടുപ്പമായി.
“ഓർമ്മയുണ്ട്.”
“എന്നിട്ട്, നീ അത് അനുസരിക്കുന്നുണ്ടോ…?” വർഗീസിന്റെ കണ്ണുകൾ ചുരുങ്ങി. “എന്നോട് കള്ളം പറയരുത്.”
മാർക്കോയുടെ നെഞ്ചിനുള്ളിൽ ചെറിയൊരു അസ്വസ്ഥത പടർന്നു.
അപ്പൻ എന്തെങ്കിലും അറിഞ്ഞിട്ടാണോ ചോദിക്കുന്നത്.? അവൻ മനസ്സിൽ പറഞ്ഞു… പക്ഷേ മുഖത്ത് അത് കാണിച്ചില്ല.
“ഞാൻ എന്തിനാണ് കള്ളം പറയുന്നത് അപ്പാ?”
“കാരണം നീ അവളെ ഇപ്പോഴും കാണുന്നുണ്ട് എന്ന് എനിക്ക് അറിയാം.”
മാർക്കോയുടെ കണ്ണുകൾ ഒരു നിമിഷം അമ്മയിലേക്ക് പോയി.
ആനി മകനെ നോക്കിയിരുന്നു. അവരുടെ കണ്ണുകളിൽ ദേഷ്യത്തേക്കാൾ സങ്കടമായിരുന്നു.
“മാർക്കോ…” അവൾ പതുക്കെ വിളിച്ചു.
അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മയെ വേദനിപ്പിക്കാൻ അവന് ഒരിക്കലും ഇഷ്ടമില്ലായിരുന്നു. ലോകത്ത് മാർക്കോ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്ന ആളുകളിൽ ഒന്നാമതായിരുന്നു ആനി. പക്ഷേ അവൾ പലപ്പോഴും വർഗീസിന്റെ വശം പിടിക്കുമായിരുന്നു. അതായിരുന്നു മാർക്കോയ്ക്ക് ഏറ്റവും കൂടുതൽ വിഷമം നൽകിയത്.
വർഗീസ് വീണ്ടും സംസാരിച്ചു.
“നിന്നോട് ഞാൻ പ്രേമിക്കരുത് എന്നൊന്നും പറയില്ല, പക്ഷേ ആ പെണ്ണിനെപ്പറ്റി നാട്ടിൽ എന്തൊക്കെയാണ് പറയുന്നതെന്ന് നിനക്കറിയാമല്ലോ. ഞാൻ അന്വേഷിച്ചതുമാണ്. എന്റെ മകന്റെ ജീവിതത്തിലേക്ക് ഇങ്ങനെ ഒരു നശിച്ച പെണ്ണിനെ കൊണ്ടുവരാൻ ഞാൻ സമ്മതിക്കില്ല.”
മാർക്കോയുടെ മുഖം ചുവന്നു, ജെന്നിഫറിനെ അപ്പൻ പറഞ്ഞ വാക്ക് അവന്റെ ഞരമ്പുകളെ വരിഞ്ഞു മുറുക്കിയിരുന്നു, എന്നാൽ ചെകുത്താനും കടലിനും ഇടയിൽ ആയ അവസ്ഥ ആയിരുന്നു മാർക്കോയ്ക്ക് അപ്പോൾ അതിനാൽ അവന് മറുത്ത് ഒന്നും പറയാൻ കഴിയില്ലായിരുന്നു.
“അവളെക്കുറിച്ച് ആളുകൾ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല, ഞാൻ അവളെ സ്നേഹിക്കുന്നുണ്ട് അപ്പാ, പക്ഷെ നമ്മുടെ കുടുംബത്തിന് അത് നല്ലതല്ല എന്ന് എനിക്ക് മനസ്സിലാവും…”
“ഹ്മ്മ് നിനക്ക് പ്രശ്നമില്ല, പക്ഷേ ഈ കുടുംബത്തിന് പ്രശ്നമുണ്ട്.”
ആ വാക്കുകൾ മാർക്കോയെ നിശബ്ദനാക്കി.
വർഗീസ് അവന്റെ കണ്ണിലേക്ക് നോക്കി.
“ഈ വീട്ടും, ഈ സ്ഥലങ്ങളും, കമ്പനികളും, ആശുപത്രികളും, കോളേജും, സ്കൂളും, ജ്വല്ലറിയും, തിയേറ്ററും… ഒന്നും നിന്റെ പേരിലല്ല. എല്ലാം എന്റെ പേരിലാണ്.”
മാർക്കോയുടെ താടിയെല്ല് മുറുകി.
“അറിയാം.”
“നാളെ ഞാൻ തീരുമാനിച്ചാൽ ഇതൊക്കെ ഏതെങ്കിലും charity-ക്ക് എഴുതിക്കൊടുക്കും. ഈ നാട്ടിലെ അനാഥക്കുട്ടികൾക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്കൊക്കെ വീതിച്ചു കൊടുക്കും. അപ്പോൾ നിനക്ക് എന്താണ് കിട്ടുക?”
മാർക്കോയുടെ ഉള്ളിൽ ഭയം പടർന്നു. അത് മാത്രം അവന് ചിന്തിക്കാൻ കഴിയില്ലായിരുന്നു. പണത്തോടുള്ള അവന്റെ മോഹം വെറും ആഡംബരത്തിനുള്ളതല്ലായിരുന്നു. അവൻ വളർന്നത് ആ സമ്പത്തിനിടയിലായിരുന്നു.
അത് നഷ്ടപ്പെടുന്നത് അവന് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു.
വർഗീസ് അവനെ കുറച്ചുനേരം നോക്കിയ ശേഷം പറഞ്ഞു.
“നിന്റെ സ്വഭാവം മാറ്റണം. എന്റെ വാക്ക് കേൾക്കണം. കുടുംബത്തിന്റെ മാനം കാത്തുസൂക്ഷിക്കണം. അതാണ് നിനക്ക് ഈ കുടുംബത്തിൽ അവകാശം കിട്ടാനുള്ള ഏക വഴി, മറിച്ചാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ വീണ്ടും പറയേണ്ടല്ലോ…?”
അയാളുടെ ആ ചോദ്യത്തിന് മാർക്കോ ഒന്നും പറഞ്ഞില്ല. അവന്റെ തലയിൽ അപ്പോൾ ഒരേയൊരു ചിന്തയായിരുന്നു, ആദ്യം ഈ സ്വത്ത് എന്റെ കൈയിൽ സുരക്ഷിതമാക്കണം.
അതിന് ശേഷം… ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് താനായിരിക്കും. ജെന്നിഫറിന്റെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.
അവൻ പതുക്കെ തല ഉയർത്തി.
“ശരി അപ്പാ… ഇനി അങ്ങനെ ഒന്നുമുണ്ടാകില്ല.”
ആനി ആശ്വാസത്തോടെ ഒന്ന് ദീർഘമായി ശ്വസിച്ചു… വർഗീസും അല്പം ശാന്തനായി.
പക്ഷേ മാർക്കോയുടെ മനസ്സിൽ മറ്റൊരു പദ്ധതി ആണെന്ന് അവരാരും അറിഞ്ഞിരുന്നില്ല….
…….
തന്റെ ചെറിയ മുറിയിൽ കട്ടിലിന്റെ മേലെ കിടക്കുകയായിരുന്നു ജെന്നി, ഫോണിന്റെ സ്ക്രീനിൽ മാർക്കോയുടെ പേര്. അവൾ അവനെ കാൾ ചെയ്യാൻ പോകുമ്പോഴാണ് അവന്റെ മെസ്സേജ് വന്നത്.
“വീട്ടിൽ പ്രശ്നമാണ്. കുറച്ചു ദിവസം സൂക്ഷിക്കണം.” ജെന്നിഫർ അവന്റെ മെസ്സേജ് വായിച്ചു.
അവളുടെ മുഖത്ത് ആദ്യം ആശങ്ക വന്നെങ്കിലും അടുത്ത നിമിഷം ആ കണ്ണുകളിൽ മറ്റൊരു ഭാവം തെളിഞ്ഞു.
അവൾ പതുക്കെ ചിരിച്ചു.
“കുറച്ചു ദിവസം മാത്രമല്ലേ… കിട്ടാനുള്ളത് കിട്ടാനായി ഞാൻ കുറച്ചൊക്കെ സഹിക്കും മാർക്കോ.. ” മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ഫോൺ താഴെ വെച്ചു.
മാർക്കോ അവളെ സ്നേഹിക്കുന്നു എന്ന കാര്യത്തിൽ അവൾക്ക് സംശയമില്ലായിരുന്നു. പക്ഷേ അവന്റെ സ്നേഹത്തേക്കാൾ അവൾക്ക് പ്രധാനമായിരുന്നു മറ്റൊന്ന്! മാർക്കോയുടെ കുടുംബത്തിന്റെ സ്വത്ത്.
അവൾക്ക് അറിയാമായിരുന്നു, മാർക്കോ ഒരിക്കൽ ആ സ്വത്തിന്റെ അവകാശിയായി മാറിയാൽ തന്റെ ജീവിതം തന്നെ മാറുമെന്ന്. അതുകൊണ്ടാണ് അവൾ മാർക്കോയെ ഒരിക്കലും കൈവിടാൻ തയ്യാറാകാതിരുന്നത്.
“നിന്റെ എല്ലാം എന്റെതാക്കും മാർക്കോ…”
അവൾ ചുവറുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു…. ആ കണ്ണുകളിൽ നിറഞ്ഞ കൗശല ഭാവം ഒരിക്കൽ പോലും മാർക്കോ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം….
……..
മാർക്കോ തന്റെ മുറിയിൽ ബാൽക്കണിയിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു. ഒരു വശത്തായി ബിയർ ബോട്ടിൽ ഇരിപ്പുണ്ട്. പക്ഷെ അവന്റെ മനസ്സിൽ കാര്യങ്ങളൊക്കെ കുഴഞ്ഞു മറിയുകയായിരുന്നു. തന്റെ വീട്ടുകാരെകൊണ്ട് എങ്ങനെ ജെന്നിഫറുമായുള്ള ബന്ധം സമ്മതിപ്പിക്കാം എന്നതായിരുന്നു അവന്റെ മനസ്സിൽ….
പെട്ടന്ന് അവന്റെ ഫോൺ ശബ്ദിച്ചു….
സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ അവന്റെ മുഖത്തെ കടുപ്പം അവൻപോലും അറിയാതെ അലിഞ്ഞുപോയി…
അലീന…. അവന്റെ അനിയത്തി.
ബാംഗ്ലൂരിൽ നഴ്സിംഗ് പഠിക്കുകയാണ്… മാർക്കൊയുടെ ജീവിതത്തിന്റെ മറ്റൊരു പ്രധാന ഭഗമാണ് അലീനയും, തന്റെ പത്താം വയസ്സിൽ തനിക്ക് കിട്ടിയ നിധിയാണ് അവളെന്നാണ് മാർക്കോ പറയുന്നത്. ജെന്നിഫറിന്റെ കാര്യം ഒഴിച്ച് മറ്റെല്ലാം അവൻ അവളോട് പറയുമായിരുന്നു. എന്നാൽ അലീനയ്ക്കും ജെന്നിഫറിനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല, അതാണ് മാർക്കോയ്ക്ക് കൂടുതൽ സങ്കടം…
കാൾ എടുത്ത ഉടനെ അവളുടെ ശബ്ദം കേട്ടു.
“അച്ചായൻ ഉറങ്ങിയാരുന്നോ…?” അവളുടെ സ്വരം കേട്ടതും മാർക്കോ ചിരിച്ചു.
“എന്നതാടി, രാത്രി പതിനൊന്ന് മണിക്ക് വിളിച്ചിട്ട് ഉറങ്ങിയാരുന്നോ എന്നോ?”
” ഓ ഒരു തമാശക്കാരൻ ” അവൾ മുഖം കെറുവിച്ച് പിടിക്കുന്നത് മാർക്കോ മനസ്സിൽ ആലോചിച്ചു ചിരിച്ചു…
” പറ കൊച്ചേ എന്നാത്തിനാ വിളിച്ചേ… എന്നതേലും പ്രശ്നമുണ്ടോ “അവന്റെ സ്വരത്തിൽ ആശങ്ക കലർന്നിരുന്നു കാരണം നേരത്തെ വിളിച്ചു സംസാരിച്ചതാണ് ഇരുവരും. ഭക്ഷണം കഴിക്കുന്ന സമയത്താണ് അലീന സ്ഥിരം വിളിക്കാറ്.
“അതില്ലേ അച്ചായാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”
മാർക്കോയുടെ പുഞ്ചിരി പതുക്കെ മങ്ങി…. അവൾ ചോദിക്കാൻ വരുന്ന ചോദ്യം എന്താവുമെന്ന് അവൻ ഊഹിച്ചു…
“ചോദിക്ക്.”
” ജെന്നിഫറുമായി ഇനി ഒന്നും ഇല്ലെന്ന് അപ്പനോട് പറഞ്ഞത് സത്യമാണോ?”
മാർക്കോയുടെ കൈയിലെ ഫോൺ മുറുകി. അപ്പൻ പറഞ്ഞിട്ടാവും അവൾ വിളിച്ചതെന്ന് അവന് ഉറപ്പാണ് . തന്റെ മനസ്സറിയാൻ അപ്പൻ നന്നായി ശ്രമിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി…
അവൻ മറുപടി പറയാൻ ശ്രമിച്ചു. പക്ഷേ വാക്കുകൾ പുറത്തുവന്നില്ല. അവളോട് കള്ളം പറയാൻ മാത്രം അവനു കഴിയാറില്ല. എങ്ങനെ എങ്കിലും അവൾ അത് കണ്ടുപിടിക്കുമെന്ന് അവന് ഉറപ്പാണ്…
അലീന വീണ്ടും ചോദിച്ചു.
” അച്ചായൻ ഇപ്പോഴും അവളെ കാണുന്നുണ്ടോ?”
മാർക്കോയുടെ നെഞ്ചിൽ ഒരു ഭാരം… അവന്റെ മനസ്സിൽ അപ്പന്റെ വാക്കുകൾ മുഴങ്ങി.
“എന്റെ പണം ഉപയോഗിച്ച് ജീവിക്കുന്നിടത്തോളം നീ എന്റെ വാക്ക് കേൾക്കണം.” അടുത്ത നിമിഷം ജെന്നിഫറിന്റെ മുഖം.
മാർക്കോ കണ്ണുകൾ അടച്ചു, ഒരുവശത്ത് കുടുംബം, മറുവശത്ത് പ്രണയം, അതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ സ്വത്ത്….
” അത് ശരിയാവില്ല അലീ, നിനക്കും അറിയാവുന്നതല്ലേ എല്ലാം, അപ്പനെ എതിർത്തു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, എന്നോടുള്ള ദേഷ്യത്തിൽ അപ്പൻ അവളെ എന്തെങ്കിലും ചെയ്താൽ… ” അവന്റെ വാക്കുകൾ പാതിയിൽ നിന്നു…
” ഹ്മ്മ്, സാരമില്ല അച്ചായാ അച്ചായന്റെ നന്മയ്ക്കു വേണ്ടിയിട്ടാണ് അപ്പൻ അത് പറയുന്നത് എനിക്കും ആ ബന്ധത്തോട് വലിയ താല്പര്യം ഇല്ല. അച്ചായന് അറിയാവുന്നതല്ലേ, അല്ലെങ്കിൽ ഞാൻ എന്തായാലും അച്ചായന്റെ ആഗ്രഹത്തിന് കൂട്ടുനിന്നേനെ, പക്ഷേ ജനിഫർ ആളത്ര നല്ലതല്ല, അത് എല്ലാവർക്കും അറിയാം. പിന്നെ അച്ചായന് അവളോടുള്ള സ്നേഹം കാരണം ആകും ആളുകൾ പറയുന്നത് ഒന്നും വിശ്വാസം വരാത്തത്. വെറുതെ വഴിയേ പോകുന്ന വള്ളികൾ ഒന്നും എടുത്തു തലയിൽ വയ്ക്കേണ്ട. ഇച്ചായന് മാലാഖ പോലൊരു പെണ്ണിനെ ദൈവം കൊണ്ട് തരും… എന്റെ മനസ്സ് അങ്ങനെ പറയുന്നു അധികം വൈകാതെ തന്നെ നമ്മുടെ കുടുംബത്തേക്ക് ഇച്ചായന്റെ പെണ്ണായി ഒരാൾ കടന്നു വരും ” ആ സമയത്ത് അങ്ങനെ പറയാനേ അവൾക്ക് കഴിയുകയുള്ളായിരുന്നു.
മാർക്കോയുടെ മനസ്സിലെ വിഷമം എത്രത്തോളം ആണെന്ന് അവൾക്ക് മനസ്സിലാകുമായിരുന്നു, പക്ഷേ തങ്ങളുടെ അപ്പനെ എതിർത്ത് ഒന്നും ചെയ്യാൻ തങ്ങൾക്ക് കഴിയില്ല…. അതുകൊണ്ടാണ് അവനെ ആശ്വസിപ്പിക്കാൻ ആയി അവൾ അങ്ങനെ പറഞ്ഞത്
” അങ്ങനെ ഒരാൾ വരുമോ വരാതിരിക്കുകയോ ചെയ്യട്ടെ എനിക്കിപ്പോൾ ആഗ്രഹങ്ങൾ ഒന്നുമില്ല കൊച്ചേ എന്തായാലും നീ പോയി കിടന്നുറങ്ങു… ലേറ്റ് ആയില്ലേ നാളെ ക്ലാസ്സിൽ പോണ്ടേ ”
“ആ പോണം ഞാൻ ഇതൊന്നു പറയാൻ വേണ്ടി വിളിച്ചതാ അച്ചായന് മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നെ വിളിച്ചോ ? എന്നാൽ ഞാൻ വെക്കുവാണേ. ബായ്… ഗുഡ് നൈറ്റ്…”
” ഗുഡ് നൈറ്റ് ”
ഫോൺ വെച്ചശേഷം മാർക്കോ കസേരയിലേക്ക് ചാഞ്ഞിരുന്നു…. അവന്റെ മനസ്സിൽ കുറ്റബോധത്തിന്റെ ഭാരം നിറഞ്ഞിരുന്നു…
മറ്റാരോടു കള്ളം പറഞ്ഞാലും അലീനയോട് കള്ളം പറയുന്നതിൽ അവന് വല്ലാത്ത വിഷമമുണ്ടായിരുന്നു…
പക്ഷെ ജെന്നിയുടെ കാര്യം അവൾ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല എന്ന് ഉറപ്പാണ്…. അവന് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്നേരം….
അവൻ പതിയെ കണ്ണുകൾ അടച്ച് കിടന്നു…. വിധി തനിക്കായി കാത്തുവെച്ചത് എന്തെന്ന് അറിയാതെ….
തുടരും…🤍





