17/04/2026

അവകാശി : ഭാഗം 21

രചന – ആയിഷ അക്ബർ

നീയെന്താ ഇത്ര വൈകിയത്…..

പാർത്ഥന്റെ മുഖത്തേക്ക് നോക്കാതെയാണ് അജിയത് ചോദിച്ചത്….

അമ്മയോട് അൽപ നേരം സംസാരിച്ചിരുന്നു….

അവന്റെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾ അജി തലയുയർത്തി അവനെ നോക്കി…..

എന്നെ കുറിച്ചായിരിക്കും അമ്മ പറഞ്ഞതല്ലേ…..
അജിയോന്ന് ചിരിച്ചു….

മ്മ്…..

പാർത്തനൊന്നു മൂളുക മാത്രം ചെയ്തു…..

നിന്റെ മുഖത്തെ മൂകത കണ്ടപ്പോഴേ തോന്നി….

അജിയത് പറഞ് വീണ്ടും ചിരിച്ചു…..

അമ്മക്ക് നല്ല ദുഖമുണ്ട് അജി…. അതവര് നിന്നെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടാണ്….

പാർത്ഥനത് പറയുമ്പോൾ അവന്റെ മനസ്സിൽ മുഴുവൻ അവന്റെ അമ്മയുടെ മുഖമായിരുന്നു…

ആ അമ്മ മകനെ കുറിച്ചോർക്കും പോൽ തന്നെ കുറിച്ചൊരു നിമിഷം തന്റെ അമ്മക്ക് ഓർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവിടം വിട്ട് തനിക്ക് പോരേണ്ടി വരില്ലായിരുന്നു….

മറന്നു കൂടെ എല്ലാം… അമ്മക്ക് വേണ്ടിയെങ്കിലും…

പറയുമ്പോൾ ശബ്ദം പാർത്ഥന്റെ അത്രെയേറെ ആർദ്രമായിരുന്നു….

മറക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ടെടോ…. പക്ഷെ നടക്കണ്ടേ…..

അജിയുടെ മുഖത്ത് ദുഖത്തിൽ പൊതിഞൊരിളം ചിരി പടർന്നു….

അശ്വതി….. അവളെ പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല…. അത്രയേറെ ഞാനവളെ സ്നേഹിച്ചിരുന്നു…..

അജിയത് പറയുമ്പോൾ അവളുടേ ഓർമ്മകൾ അവനെ തടവിലാകുന്നത് പോലെ തോന്നി….

തിരിച്ചു കിട്ടാത്തതിനെ മറന്ന് കളയുന്നതല്ലേ നല്ലത്…..

പാർത്ഥൻ വീണ്ടുമത് ചോദിക്കുമ്പോൾ അജി അവന്റെ മുഖത്തേക്ക് നോക്കി….

എന്താ ഞാൻ മറക്കേണ്ടത്….
അവളെ ഞാൻ മറക്കാം…. എന്നാൽ അവളുടേ വയറ്റിൽ വളർന്നു തുടങ്ങിയ എന്റെ കുഞ്ഞിനെ ഞാനെങ്ങനെ മറക്കും പാർതാ…..

അജിയത് ചോദിക്കുമ്പോൾ പാർത്തനൊരു നിമിഷം ഞെട്ടി പ്പോയി…..

അജിയുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു….

അമ്മ ഒരുപക്ഷെ നിന്നോടെല്ലാം പറഞ്ഞിട്ടുണ്ടാകും….
എന്നാൽ അമ്മക്ക് പോലുമറിയാത്ത കാര്യമാണിത്…..അമ്മയോട് പോലും പറയാതെ പെട്ടെന്ന്
ഞങ്ങൾ ഒളിച്ചോടി പോകാൻ കാരണം തന്നെ അവൾ ഗർഭിണിയായതയായിരുന്നു…….

അച്ഛന്റെ കണ്ണു വെട്ടിച്ചു പല പല സ്ഥലങ്ങളിൽ ഞങ്ങൾ മാറി മാറി താമസിക്കുമ്പോഴും എന്റെ കൂടെ എന്റെ കുഞ്ഞുമുണ്ടായിരുന്നെടോ….

അവളെ മുറിയിലിരുത്തി പുറത്തേക്ക് പോയ താൻ തിരിച്ചു വരാതിരുന്നതിനാൽ ഞാൻ അവൾക്ക് മുമ്പിൽ ഒരുപക്ഷെ ദുഷ്ടനോ ചതിയനോ ആയിരിക്കാം….

എന്റെ കുഞ്ഞിനേയും ചുമന്നു അറിയാത്ത ആ നഗരത്തിൽ അവളലയുമ്പോൾ മനസ്സ് കൊണ്ട് അവളെന്നെ ഒത്തിരി ശപിച്ചിട്ടുണ്ടാവും….

അതായിരിക്കാം ഇന്നും ഒരു കുഞ്ഞിന്റെ കരച്ചിലായി എന്റെ ഉറക്കം കെടുത്തുന്നത്……

കണ്ണ് മൂടിയാൽ നിറഞ്ഞു നിൽക്കുന്നത് എന്റെ കുഞ്ഞിന്റെ മുഖമാണ്…

ഒരു പക്ഷെ ആ കുഞ്ഞ് അവളുടേ വയറ്റിൽ നിന്ന് തന്നെ ഇല്ലാതായിട്ടുണ്ടാവാം….

അതിനും അച്ഛനെന്ന ഞാനാണ് കാരണക്കാരൻ…
മനപ്പൂർവമല്ലെങ്കിൽ കൂടി….

അജി കൈകൾ രണ്ടും മുഖത്ത് വെച്ച് പൊട്ടി കരയുകയായിരുന്നു…..

ഇനി പറ പാർതാ അവരെ മറന്ന് എനിക്കെങ്ങനെയാണ് സന്തോഷത്തോടെ ഒരു ജീവിതം തുടങ്ങാൻ കഴിയുന്നത്…..

അജിയത് പറയുമ്പോൾ ആശ്വസിപ്പിക്കാനോ പകരം നൽകാനോ
പാർഥനിൽ വാക്കുകളുണ്ടായിരുന്നില്ല…

അവൻ അജിയുടെ തോളിൽ ആശ്വസിപ്പിക്കാനെന്ന വണ്ണം കൈ വെച്ചു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ വീണ്ടും മുമ്പോട്ട് പോയി….

അജിയും താനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ദിവസം ചെല്ലും തോറും കൂടുന്നുണ്ടായിരുന്നു…..

കടയിൽ നിന്ന് രണ്ട് പേരും പിരിഞ്ഞാലും അജി മിക്ക ദിവസവും രാത്രി വീട്ടിലേക്ക് വരും….

അജി വരുമ്പോൾ കയ്യിൽ ആരുവിനായി എന്തെങ്കിലും കരുതിയിട്ടുണ്ടാവും…..

അവളിൽ നിന്നോരുമ്മ വാങ്ങിയിട്ടാണ് അവനത് അവൾക്ക് കൊടുക്കാറുള്ളത്….

അജിയങ്കിൾ തങ്ങളുടെ വീട്ടിലെ ഒരംഗമായി അവളുടേ മനസ്സിലും തോന്നിയിട്ടുണ്ടാകാം…..

ആരുവിനെ കാണുമ്പോൾ അവന്റെ കണ്ണുകളിൽ കാണുന്ന തിളക്കം പാർത്തനും ആശ്വാസമായിരുന്നു….

അവന്റെ നോവിൽ അവൾക്കല്പം ശമനമാകാൻ കഴിയുന്നല്ലോ എന്നോർത്….

ചില ദിവസങ്ങളിൽ നേരെ തിരിച്ചായിരിക്കും…..

അവൻ ബൈക്കുമെടുത് വന്ന് ഞങ്ങളെയും കൂട്ടി പോകും….. കവലയിൽ മുഴുവനൊന്നു ചുറ്റിയടിച്ചു അവന്റെ വീട്ടിലേക്ക് തിരിക്കും …

അവനോടോപ്പം അവന്റെതെല്ലാം ഞങ്ങളുടേത്‌ കൂടിയാവുകയായിരുന്നു….

പിന്നീട് അവിടെ നിന്ന് ഭക്ഷണമൊക്കെ കഴിച് അവൻ തന്നെ വീട്ടിലേക്ക് ആക്കി തരാറാണ് പതിവ്….

ഒരു മുതലാളിയും തൊഴിലാളിയും തമ്മിൽ ഇങ്ങനെ ആത്മാർത്ഥമായൊരു ബന്ധം സ്ഥാപിക്കാൻ കഴിയുമോയെന്നത് എല്ലാവരുടെയും സംശയമായിരുന്നു…..

ഞങ്ങൾ സൗഹൃദത്തിന് മാത്രമായിരുന്നു മുൻഗണന നൽകിയത്….

രണ്ട് പേരും ഒരുപോലെയുള്ളവരും തനിച്ചായവരും ആയത് കൊണ്ടാവാം ആ സൗഹൃദവും ദൃഢമായത്…..

ദിവസങ്ങൾ നീങ്ങുന്നത് ഞങ്ങളിൽ പ്രകടമായ മാറ്റങ്ങളൊന്നും തന്നെ വരുത്തിയില്ലെങ്കിൽ കൂടി ആരു വളരുകയായിരുന്നു…

അവളെ സ്കൂളിൽ ചേർത്തുമ്പോഴും പഠിച്ചു സമ്മാനങ്ങൾ വാങ്ങുമ്പോഴും ആദ്യ വർഷങ്ങളിൽ ഞാൻ സ്കൂളിൽ കൊണ്ട് വിടുന്നതിനു പകരമായി അവളൊറ്റക്ക് പോകാൻ തുടങ്ങുന്നതും എല്ലാം അവളുടേ വളർച്ചയായി കണ്ട് താൻ അങ്ങേയറ്റം സന്തോഷിച്ചിരുന്നു….

വളരും തോറും അവൾ തനിക്ക് മകൾക്കോ സുഹൃത്തിനോ മേലെ അമ്മയുടെ കരുതലും കൂടി നൽകുന്നത് ഞാനറിഞ്ഞിരുന്നു..

അച്ഛാ…. ഭക്ഷണം കഴിക്ക്…

ഇപ്പൊ ഇനി പുറത്തൊന്നും പോകേണ്ട….

അത് ഞാൻ ചെയ്തോളാം.. അച്ഛൻ കുറച്ച് നേരം വിശ്രമിച്ചോ..

അങ്ങനെ യുള്ള അവളുടേ വാക്കുകൾ ചെറിയ കാര്യങ്ങൾക്കാണെങ്കിൽ പോലും അത് തനിക്ക് നൽകുന്ന സന്തോഷം അത്രയേറെ വലുതായിരുന്നു…..

എനിക്കെല്ലാം ചെയ്ത് തരാൻ അച്ഛനുണ്ട്… അച്ഛന് ചെയ്തു തരാൻ ആരാ ഉള്ളത്..

അവൾ വളരുന്നതിനനുസരിച്ചു തന്നെ കുറിച്ചുള്ള അവളുടേ ആശങ്കകളും കൂടി കൊണ്ടിരുന്നു….

അച്ഛന് മോളും മോൾക്ക് അച്ഛനും മതി…..

അവളെ മടിയിലൂരുതി അവനത് പറയുമ്പോൾ അവൾ മുഖമുയർത്തി ഒന്ന് നോക്കി…..

പിന്നേ ദൂരേക്ക് നോക്കിയവളിരുന്നു….

ഇടക്കുള്ള അവളുടേ ചില നോട്ടങ്ങളും നിശബ്ദതയും ചില ചോദ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത് പോലെ തനിക്ക് തോന്നാറുണ്ട്…..

സ്കൂളിലെ കൂട്ടുകാരുടെയെല്ലാം കൂടെ അമ്മയെ കാണുന്നത് കൊണ്ടാവാം …..

എങ്കിലും തന്നെ സങ്കടപ്പടുത്തുമോയെന്ന് കരുതിയാവാം ചോദ്യങ്ങളെ അവൾ മനസ്സിലൊതുക്കുന്നത്….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അതേയ്…. ഒന്ന് നിന്നേ….

അംഗൻ വാടിയുടെ മുമ്പിലൂടെ പോകുമ്പോഴായിരുന്നു പിറകിൽ നിന്നും ലക്ഷ്മി വിളിച്ചത്…..

പാർത്ഥൻ അവൾക്ക് നേരെ തിരിയുമ്പോഴും മനസ്സിൽ മുഴുവൻ വല്ലാത്തൊരു അസ്വസ്ഥത നിറഞ്ഞിരുന്നു..

അവൾ തന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴെല്ലാം താൻ ഒഴിഞ്ഞു മാറുകയായിരുന്നു….

ഇനിയിപ്പോ മറ്റു നിവൃത്തിയൊന്നുമില്ലെന്ന് അവനറിയാമായിരുന്നു …

മ്മ്…..

അവൻ അവൾക്ക് നേരെ പുരികമുയർത്തി….

എനിക്കൊരു കാര്യം പറയാനുണ്ട്…

ലക്ഷ്മി അത് പറയുമ്പോൾ അവൻ ഒഴിഞ്ഞു മാറുന്നതിലുള്ള പരിഭവം അവളിൽ നിറഞ്ഞിരുന്നു….

വേണ്ടാ…. ഇയാളെന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം….

അതും പറഞ്ഞ് പാർത്ഥൻ വീണ്ടും നടന്നു…..

ലക്ഷ്മിക്ക് ദേഷ്യം വന്നിരുന്നു….

അവൾ അവൻ നടക്കുന്നതിന്റെ മുമ്പിൽ കയറി നിന്നു….

അതെന്താ.. ഇയാൾ വല്ല ജ്യോൽസ്യനാണോ… എന്റെ മനസ്സിലുള്ളതൊക്കെ അറിയാൻ…..

അവൾ ദേഷ്യത്തോടെ അത് പറയുമ്പോൾ പാർത്തനൊന്നും മിണ്ടിയില്ല…..

ഞാൻ….. ഞാൻ ആരുവിന്റെ അമ്മയായി ക്കോട്ടെ….
ഞാൻ നോക്കിക്കോളാം അവളെ പൊന്നുപോലെ….
ഇയാളെയും….

അവൾ അവനെ നോക്കി അത് പറയുമ്പോൾ വാക്കുകൾ ദയനീയമായിരുന്നു….

പാർത്തന് പ്രത്യേകിച്ചൊന്നും തോന്നിയില്ല….

കാരണം…. താൻ പ്രതീക്ഷിച്ചത്
തന്നെയാണല്ലോ…..

എടൊ…. അതൊന്നും നടക്കില്ല…..
ഞാൻ…. ഞാനൊരു വിവാഹത്തെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്ന് മാത്രമല്ലാ എന്റെ മോളാണ് എൻറെ ലോകം…..
ഞങ്ങൾക്കിടയിലേക്ക് മറ്റൊരാളെ ഞങ്ങൾ സങ്കല്പിച്ചിട്ടില്ലിതു വരെ…..

ഇനിയിക്കാര്യം പറയാനായി ഇയാളെന്റെ മുമ്പിലേക്ക് വരരുത്……

അതും പറഞ് പാർത്ഥൻ നടന്നകലുമ്പോൾ തിളങ്ങുന്ന കണ്ണുകളുമായി അവൾ അവനെ നോക്കി നിന്നു…..

അവളുടേ വാക്കുകൾ ആത്മാർത്ഥ മാണെന്ന് തനിക്കറിയാം…..

എന്നാൽ അവളെയെന്നല്ല മറ്റാരെയും സ്നേഹിക്കാൻ കഴിയാത്ത വിധം തന്റെ മനസ്സ് ഇടുങ്ങിയിരിക്കുകയല്ലേ…

ഹൃദയം ഇപ്പോഴും എന്തോ ഒരു കാത്തിരിപ്പിലാണ്…..
എന്തിനെന്നറിയാത്ത കാത്തിരിപ്പ്….

പാർത്ഥൻ അകലും തോറും ലക്ഷ്മിയുടെ മിഴികൾ നിറഞ്ഞൊഴുകി…

കണ്ട മാത്രയിൽ തോന്നിയ ഒരിഷ്ടമല്ല തനിക്കായാളോടെന്ന് അവൾക്കറിയാമായിരുന്നു….

ഇട പഴകും തോറും അയാളെ അടുത്തറിഞ്ഞു മനസ്സിലാക്കിയതിനു ശേഷം തുടങ്ങിയ ഇഷ്ടമാണ്……

അല്ലെങ്കിലും അയാളെ പോലെ ഒരാളെ ആർക്കാണ് ഇഷ്ടപ്പെടാത്തത്….

സ്നേഹിക്കാൻ മാത്രമറിയുന്ന അത്രയും നല്ല ഒരുവനാൽ സ്നേഹിക്കപ്പെടാനും ഭാഗ്യം വേണം…..

അവന്റെ സ്നേഹവും പ്രണയവും ഏൽക്കാൻ കഴിഞ്ഞ ആരുവിന്റെ അമ്മ എത്ര ഭാഗ്യവതിയാണെന്നവളോർത്തു…..

അവളുടേ ദുഃഖം കണ്ണുനീരായി അപ്പോഴും കവിളിലൂടെ ഒലിച്ചിങ്ങുന്നുണ്ടായിരുന്നു….

(തുടരും)