23/04/2026

നിനക്കായ് : ഭാഗം 16

രചന – കണ്ണന്റെ മാത്രം

അന്നകൊച്ചേ… അവൻ റൂമിൽ എത്തിയിട്ടും അവനെ മൈൻഡ് ചെയ്യാതെ ഓരോന്നൊക്കെ തട്ടി തട്ടി നടക്കുന്ന അന്നയെ എബി വിളിച്ചു.

അവൾ അവനെ മൈൻഡ് ചെയ്തില്ല..

അന്നമോളെ…എബി വന്നു അവളെ പിന്നിൽനിന്ന് പുണരാൻ നോക്കി. അവൾ അവന്റെ കൈക്കുള്ളിൽ നിന്ന് കുതറി മാറി.

എന്റെ പെണ്ണേ നീ ആ കുരിപ്പ് പറയുന്നത് കേട്ടാണോ പിണങ്ങി നിക്കുന്നത്. അവൻ എന്തേലും പറയുന്നുണ്ടെങ്കിൽ അതിന്റെ പത്ത് ശതമാനം മാത്രേ നമ്മൾ വിശ്വസിക്കാൻ പാടുള്ളൂ. ബാക്കി ഒക്കെ അവന്റെ തള്ളായിരിക്കും. ആ അവന്റെ വാക്ക് കേട്ടിട്ടാണോ നീ എന്നെ സംശയിക്കുന്നത്. അത് നിന്റെ ഇച്ഛക്ക് താങ്ങില്ലെടി…

അത് കേട്ടതും അവൾ തിരിഞ്ഞ് അവനെ ഒന്ന് സൂക്ഷിച്ചു നോക്കി…

എന്താടി… എന്തിനാ നീ എന്നെ ഇങ്ങനെ കൂർപ്പിച്ചു നോക്കുന്നത്.

ഞാൻ നിങ്ങളോട് പറഞ്ഞോ മനുഷ്യാ എനിക്ക് നിങ്ങളെ സംശയം ആയിട്ടാണ് പിണങ്ങിയത് എന്ന്… അവൾ നെഞ്ചിൽ കൈകെട്ടി നിന്നുകൊണ്ട് അവനോട് ചോദിച്ചു.

അതല്ലേ.. പിന്നെ നീ എന്തിനാ എന്നോട് പിണങ്ങിയത്..

അത് നിങ്ങൾ ഈ കാര്യം എന്നോട് ഇത്രേം നാളായിട്ട് പറഞ്ഞില്ലല്ലോ.. അതിനാ.. അല്ലാതെ എനിക്ക് നിങ്ങളെ സംശയം ഒന്നും ഇല്ല. എന്നെപ്പോലത്തെ വിഡ്ഢികൾ ഈ ലോകത്ത് കുറവാ. അതുകൊണ്ട് ഇങ്ങനെ ഒരു അബദ്ധം അങ്ങനെ ആർക്കും പറ്റില്ല.. അവനെ നോക്കി അത് പറഞ്ഞിട്ട് അവൾ വേഗം ബാത്‌റൂമിലേക്ക് കയറി.

കുറച്ചു നേരം എടുത്തു എബിക്ക് അവള് പറഞ്ഞത് കത്തി വരാൻ. അത് മനസിലായതും അവൻ നേരെ ബാത്‌റൂമിന്റെ ഡോറിൽ പോയി മുട്ടി.
എടി.. നീ ഈ ഡോർ ഒന്ന് തുറന്നേ…

ഇല്ല… ഉടനെ വന്നു അന്നയുടെ മറുപടി..

ദേ മര്യാദക്ക് തുറന്നോ.. നീ എന്താ എന്നെ വിളിച്ചേ അബദ്ധം എന്നോ. ശരിയാക്കി തരാടി. തുറക്കെടി വാതിൽ..

ഇല്ല.. ഇല്ല.. ഇല്ല..

നീ രാത്രി മുഴുവൻ അതിനുള്ളിൽ ഇരിക്കില്ലല്ലോ. പുറത്തിറങ്ങില്ലേ. കാണിച്ചു തരാം.. ഞാൻ

അയ്യേ.. എനിക്കൊന്നും കാണണ്ട.. ഛെ വൃത്തികെട്ടവൻ ഇങ്ങനെ ആണോ ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത്.. മ്ലേച്ചൻ.. നോക്കിക്കോ ഞാൻ അലനോട് പറഞ്ഞു കൊടുക്കും.

അയ്യേ ഞാൻ അങ്ങനെ അല്ല ഉദ്ദേശിച്ചത്… നീ വെറുതെ ഇല്ലാത്തത് പറയാണ്ട് ഈ ഡോർ തുറക്കുന്നുണ്ടോ…

ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ല. നിങ്ങൾ എന്നോട് വൃത്തികേട് പറഞ്ഞിട്ടല്ലേ. ഞാൻ എന്തായാലും അലനോട് ഇത് പറഞ്ഞു കൊടുക്കും.

ആ കുരിപ്പിനോട് ഇവള് വല്ലതും ചെന്ന് പറഞ്ഞാ അവൻ അത് പറഞ്ഞ് ഒരു സിനിമ തന്നെ ഇറക്കും. പിന്നെ തലയിൽ മുണ്ടിട്ട് നടന്നാൽ മതിയാവും.. അവൻ ആലോചിച്ചു..

അപ്പോഴാണ് അവന്റെ ഫോൺ ബെല്ലടിച്ചത്..

ഹോ.. രക്ഷപ്പെട്ടു..

ദേ ഫോൺ വന്നതുകൊണ്ട് മാത്രം നീ രക്ഷപ്പെട്ടു. ഇനി മേലാക്കം ഇങ്ങനെ പറയരുത്. അല്ലാതെ നിന്റെ അലനെ എനിക്ക് ഒരു പേടിയും ഇല്ല..കേട്ടോടി കൂതറെ..അന്നയോടായി അത് വിളിച്ചുപറഞ്ഞിട്ട് അവൻ ഫോണും കൊണ്ട് പോയി

കൂതറ നിങ്ങടെ…ആ പോട്ട് പുല്ല്. അത്രേ അല്ലേ വിളിച്ചൊള്ളു.. ഒന്ന് അത്മിച്ചു കൊണ്ട് അവൾ ഫ്രഷ് ആവാനും മറ്റും തുടങ്ങി..

……………

പിറ്റേന്ന് പറഞ്ഞതുപോലെ അന്ന രാവിലെ തന്നെ ഹോസ്പിറ്റലിൽ ഹാജർ വച്ചു.

നീ ചേട്ടായിനെ ഇത്ര രാവിലയെ കുത്തിപ്പൊക്കിയ എന്റെ അന്നമ്മേ…
അത്ര രാവിലെ തന്നെ അവരെ കണ്ടപ്പോൾ ജെനി തലയിൽ കൈവച്ചുകൊണ്ട് അന്നയോട് ചോദിച്ചു.

ഞാനൊന്നും അല്ല.. നിങ്ങള് ടിഫിൻ കഴിക്കുന്നതിനു മുൻപ് ഫുഡും കൊണ്ട് ഇവിടെ എത്തണം എന്നും പറഞ്ഞ് മമ്മി ആണ് കുത്തിപ്പൊക്കിയത്.. അന്ന മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

അത് ശരിയാ ജെനി ഇന്നത്തെ പരിപാടി മുഴുവൻ വല്യമ്മച്ചിയും മമ്മിയും കൂടി ആയിരുന്നു. എന്റെ കൊച്ചിന് അതിൽ യാതൊരു പങ്കും ഇല്ല.. എബി ഒരു ചിരിയോടെ പറഞ്ഞു.

എന്തിനാ മോളെ അവരെ ഒക്കെ ബുദ്ധിമുട്ടിച്ചത്. ദേ ഇവര് കാന്റീനിലേക്ക് ഇറങ്ങാൻ നിക്കായിരുന്നു.. മേരിയമ്മ മാത്യുവിനെയും ക്രിസ്റ്റിയെയും കാട്ടി പറഞ്ഞു..

ഇനീപ്പോ അതിന്റെ ആവശ്യം ഒന്നും ഇല്ല ആന്റി. പിന്നെ ഇതൊന്നും അത്ര വലിയ ബുദ്ധിമുട്ടും അല്ല. അന്ന വേഗം ഫുഡ്‌ എടുക്ക്. ഇത്തിരി കഴിഞ്ഞാൽ ദീപ്തി വരും.

അത് കേട്ടതും അന്ന അവനെ ഒന്ന് കൂർപ്പിച്ചു നോക്കി..

അല്ല ജെനിയോട് സംസാരിക്കാൻ വേണ്ടി ഇന്നലെ പറഞ്ഞില്ലായിരുന്നോ.. അവൻ അന്നയെ കള്ളനോട്ടം നോക്കികൊണ്ട്‌ പറഞ്ഞു.

അന്ന ഒന്നൂടെ അവനെ നോക്കികൊണ്ട്‌ എല്ലാവർക്കും ഫുഡ്‌ എടുത്തുവച്ചു. എല്ലാവരും കഴിക്കാനായി ഇരുന്നു.

ക്രിസ്റ്റി എന്ന് മുതലാണ് നിനക്ക് ജോലിക്ക് കയറേണ്ടത്… ജെനി ചോദിച്ചു.

അടുത്ത മൺഡേ മുതൽ ആണ് ഇച്ചേച്ചി..

ഏഹ് നിനക്ക് ജോബ് റെഡി ആയോ.. എവിടെ.. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.. അന്ന മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

രണ്ട്‌ ദിവസേ ആയിട്ടുള്ളു അന്നേച്ചി. പിന്നെ ജോബ് കൊട്ടാരത്തിൽ ഗ്രൂപ്പിന്റെ ഓഫീസിൽ ആണ്.

ഏഹ്ഹ് കൊട്ടാരത്തിൽ ഗ്രൂപ്പിന്റെയോ.. ഏത് ഓഫീസിൽ ആണ്.. കൺസ്ട്രക്ഷൻ ആണോ..

അതേ.. അവിടത്തെ ഹെഡിന്റെ
പി എ ആയിട്ട്.. ക്രിസ്റ്റി പറഞ്ഞു..

അപ്പൊ നീ ആണോ ചേട്ടായിടെ പുതിയ പി എ..

ഡേവി ചേട്ടായി ആണോ കോൺസ്ട്രക്ഷന്റെ ഹെഡ്. അതെനിക്കറിയില്ലായിരുന്നു .

മ്മ്.. അത് അങ്ങേരുടെ മാത്രം കുത്തക ആണ്. ആൾടെ ഫീൽഡ് അതാണ്…

ഓഹ്.. ചേട്ടായി ഓഫീസിൽ എങ്ങനെയാ അളിയാ.. ക്രിസ്റ്റി ചോദിച്ചു.

ക്രിസ്റ്റി അളിയാ എന്ന് വിളിച്ചപ്പോൾ എബിക്ക് സന്തോഷം ആയി.
ഏയ്യ് അങ്ങനെ പ്രശ്നക്കാരൻ ഒന്നും അല്ല ആള് ഓഫീസിൽ. വർക്കിൽ സ്ട്രിക്ട് ആണ്. അതിൽ വീഴ്ച വന്നാൽ പിന്നെ ടെറർ ആണ്. നമ്മൾ എടുക്കേണ്ട പണി കറക്റ്റ് ചെയ്താൽ ഒരു പ്രശ്നവും ഇല്ല.

ആ.. അതിന് അവൻ ഒന്ന് മൂളി കൊടുത്തു. ആ സമയത്ത് ആണ് എബിയുടെ ഫോൺ ബെല്ലടിച്ചത്.. നോക്കിയപ്പോൾ ദീപ്തി ആണ്.

ആ പറ ദീപ്തി. നീ എത്തിയോ..

….

ഒക്കെ. റൂം നമ്പർ 201 ആണ് തേർഡ് ഫ്ലോർ. നീ ഇങ്ങോട്ട് വരോ. ഞാൻ വരണോ..

…….

ഒക്കെ. എങ്കിൽ വായോ.. അതും പറഞ്ഞ് ഫോൺ വച്ചപ്പോൾ ആണ് എല്ലാവരും അവനെ നോക്കിയിരിക്കുന്നത് അവൻ കണ്ടത്.

ദീപ്തി വന്നിട്ടുണ്ട് അവൻ എല്ലാവരെയും നോക്കി പറഞ്ഞു. പിന്നെ ജെനിയെ നോക്കികൊണ്ട് പറഞ്ഞു.
ജെനി എന്റെ ഒരു ഫ്രണ്ട് ദീപ്തി. ആള് നിന്നോട് ഒന്ന് സംസാരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങോട്ട് വന്നത്. നീ ഒന്ന് തുറന്ന് സംസാരിക്ക് അവളുടെ അടുത്ത്.. അവൻ പറഞ്ഞ് മുഴുവനാക്കുന്നതിനു മുൻപ് തന്നെ വാതിലിൽ മുട്ട് കേട്ടിരുന്നു.

എബി വേഗം ചെന്ന് ദീപ്തിയെ ഉള്ളിലേക്ക് വിളിച്ചു. അവൻ എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു.

നിങ്ങൾ കുറച്ചുനേരം ഒന്ന് പുറത്തിരിക്ക്. ഞാൻ ആളോട് ഒന്ന് ഒറ്റക്ക് സംസാരിക്കട്ടെ.. ദീപ്തി അത് പറഞ്ഞതും എബി ബാക്കി ഉള്ളവരെയും വിളിച്ച് പുറത്തേക്ക് നിന്നു.

പിന്നെ കുറച്ചുനേരം കഴിഞ്ഞ് ആണ് ദീപ്തി പുറത്തേക്ക് വന്നത്…

എന്തായി ദീപ്തി. ജെനി ഒക്കെ അല്ലേ.

ആള് ഒക്കെ ആണ് എബി. കുഞ്ഞ് പോയത് ആൾക്ക് വിഷമം ആണെങ്കിലും അത് ഉൾക്കൊണ്ടിട്ടുണ്ട്. പിന്നെ എന്താണെന്ന് വച്ചാൽ അയാള് വളരെ ഫ്രസ്ട്രേറ്റഡ് ആണ്. അയാളെ ആൾടെ ഭർത്താവ് ഇത്രേം നാള് പറ്റിച്ചിട്ടും അത് മനസിലാക്കാൻ പറ്റിയില്ലല്ലോ എന്ന്. അയാള് നന്നായി അവഗണന നേരിട്ടിട്ടുണ്ട് അലക്സിന്റെ ഭാഗത്തു നിന്നും ഈ കഴിഞ്ഞ നാളുകളിൽ അതാണ് ഇങ്ങനെ ഒരു മാനസികാവസ്ഥക്ക് കാരണം. അയാളും ആയിട്ട് ഒരു ഫേസ് ടു ഫേസ് സംസാരം ഉണ്ടാവുന്നത് നല്ലതായിരിക്കും ജെനിയുടെ കേസിൽ. ഉള്ളിൽ ഉള്ള ദേഷ്യം മുഴുവൻ പറഞ്ഞ് തീർത്താൽ ആള് പിന്നെ പെർഫെക്ടലി ഒക്കെ ആണ്.

മ്മ്.. എന്തായാലും അങ്ങനെ ഒരു സംസാരം ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ടല്ലോ. ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ജെനിക്ക് താൽപ്പര്യം ഇല്ലല്ലോ. അപ്പൊ പിന്നെ വീട്ടുകാരെ വിളിച്ചുകൂട്ടി ഒരു സംസാരം ഉണ്ടാവുമല്ലോ….

മ്മ്.. അപ്പൊ അതൂടി കഴിഞ്ഞാൽ ആള് ഒക്കെ ആവും. പിന്നെ വെറുതെ വീട്ടിൽ ചടഞ്ഞുകൂടാൻ സമ്മതിക്കണ്ട. ആള് എഡ്യൂക്കേറ്റഡ് അല്ലേ. എന്തേലും ജോലിക്കോ പഠിക്കാനോ പോട്ടെ. വെറുതെ ഇരുന്നാൽ ആവശ്യമില്ലാത്ത ചിന്തകൾ വരും..

മ്മ്.. അത് ഞാനും വിചാരിച്ചിട്ടുണ്ട്. ഈ രണ്ടെണ്ണത്തിനേം പിടിച്ച് ജോലിക്ക് കേറ്റണം എന്ന്. അവൻ അന്നയെയും കാട്ടി പറഞ്ഞു.

മ്മ്.. ഇതാണല്ലേ അന്ന. ഇവനെ ഞാൻ ഒരിക്കൽ പ്രൊപ്പോസ് ചെയ്തിരുന്നു. അന്ന് അവൻ പറഞ്ഞിരുന്നു അവന്റെ ഖൽബ് കട്ടെടുത്ത ഒരു കുറുമ്പിനെ കുറിച്ച്. അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു തന്നെ ഒന്ന് കാണണം എന്ന്. ഇപ്പോഴാ പറ്റിയത്. നിങ്ങളുടെ കല്യാണത്തിനും വരാൻ പറ്റിയില്ല… എന്തായാലും കണ്ടതിൽ ഒരുപാട് സന്തോഷം..

അന്ന ഒരു ചിരിയോടെ എല്ലാം കേട്ട് നിന്നു. കുറുമ്പി എന്ന് പറഞ്ഞപ്പോൾ എബിയെ നോക്കി കണ്ണുരുട്ടാനും അവൾ മറന്നില്ല.

അപ്പൊ ശരിയെടാ.. ഞാൻ പോകാൻ നോക്കട്ടെ..

താങ്ക്സ് ഡോ.. ഞാൻ വിളിച്ചപ്പോൾ തന്നെ വന്നതിന്..

ഒന്ന് പോടാ.. അവന്റെ ഒരു ഫോർമാലിറ്റി.. അപ്പൊ ശരി..
അതും പറഞ്ഞ് അവർ പോയി…

അപ്പൊ നിങ്ങളുടെ ലവ് മാര്യേജ് ആയിരുന്നു ല്ലേ.. ക്രിസ്റ്റി ചോദിച്ചു.

മ്മ്.. അത് പിന്നെ ഇവളുടെ വീട്ടുകാർക്ക് ലവ് മാര്യേജിനോട് അലർജി ആയതുകൊണ്ട് കുറച്ച് വളഞ്ഞു മൂക്കുപിടിക്കേണ്ടി വന്നു എന്ന് മാത്രം… മാത്യുവിനെയും മേരിയമ്മയെയും നോക്കി ഒരു ചമ്മിയ ചിരിയോടെ എബി പറഞ്ഞു.

മാത്യുവിനും മേരിയമ്മക്കും രണ്ടുപേരുടെയും ചമ്മിയ മുഖം കണ്ടിട്ട് ചിരി വന്നു.

ആ സമയത്താണ് ജോസഫും  ആനിയും കൂടി ഉച്ചക്ക് അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ആയി വന്നത്..

അതോടെ എല്ലാവരും റൂമിലേക്ക് കയറി.
ജോസഫ് എബിയേയും മാത്യുവിനെയും വിളിച്ച് മാറിനിന്നു.

എബി നീ പറഞ്ഞ ഡോക്ടർ വന്നോ.. ജോസഫ് ചോദിച്ചു

ആ വന്നു അങ്കിൾ. എന്നിട്ട് ദീപ്തി പറഞ്ഞത് മുഴുവൻ അയാളോട് പറഞ്ഞു.

മ്മ്.. എല്ലാം കേട്ടതും അയാൾ ഒന്ന് മൂളി. എന്നിട്ട് പറഞ്ഞു…
അങ്ങനെ ഒരു സംസാരം ജെനിമോളെ സഹായിക്കുമെങ്കിൽ എത്രേം പെട്ടന്ന് അതിനുള്ള കാര്യങ്ങൾ ഞാൻ ചെയ്യാം എബി. എല്ലാവരും സത്യം അറിയട്ടെ. ആരും മോളെ കുറ്റം പറയാതെ ഇരിക്കണമെങ്കിൽ അങ്ങനെ ഒരു ചർച്ച നല്ലതാണ്. അല്ലേ മാത്യുസേ..

ആരെന്ത് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷേ എന്റെ മോളുടെ മനസ്സ് ശാന്തം ആകണമെങ്കിൽ അങ്ങനെ ഒരു സംസാരം ആവശ്യമാണെങ്കിൽ അത് നടന്നോട്ടെ. അല്ലാതെ എന്റെ മോള് ഇനി ആ നെറികെട്ടവന്റെ മുഖത്ത് പോലും നോക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല..

മാത്യു പറയുന്നത് കേട്ടിട്ടും ജോസഫിന് ദേഷ്യം ഒന്നും തോന്നിയില്ല. അലക്സ് ഇതിനും കൂടുതൽ അർഹിക്കുന്നുണ്ട് എന്ന് അയാൾക്കറിയാം…

എന്തായാലും കുറച്ച് ദിവസം കഴിയട്ടെ അങ്കിൾ. ജെനി ഒന്ന് ഫിസിക്കലി ഒക്കെ ആവട്ടെ. എന്നിട്ട് മതി.. എബി പറഞ്ഞതും ബാക്കി ഉള്ളവർ അത് ശരിവച്ചു