22/04/2026

നിലാവ് : ഭാഗം 34

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ” അളിയോ,,, ”
അർജുൻ വിളിച്ചത് കേട്ടാണ് കണ്ണനും, ദേവിയും തിരിഞ്ഞ് നോക്കിയത്.

” ഇവരെല്ലാം കൂടി എവിടേ പോയിട്ട് വരുന്നതാ ചേച്ചി? ”

” ഞങ്ങളെല്ലാവരും കൂടി പാടത്തേക്കൊന്ന് പോയി ചുമ്മാ നടക്കാൻ. തിരിച്ചു വരുന്ന വഴിക്ക് കുളം കണ്ടപ്പോൾ അങ്ങോട്ട്‌ പോയി എല്ലാം കൂടി. അതാ താമസിച്ചത്. ”

” എന്താടാ വിളിക്കാഞ്ഞേ. ”
കണ്ണന്റെ അടുത്തേക്ക് വന്നു കൊണ്ട് അർജുൻ ചോദിച്ചു.

” ഞാനെത്ര തവണ വിളിച്ചു. ഫോണെടുക്കണ്ടേ. പിന്നെ ചേച്ചി പറഞ്ഞായിരുന്നു. ആരോട് ചോദിച്ചാലും തറവാടറിയാം എന്ന്. അപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല ബസ്സിറങ്ങി നേരെ ഒരു ചായക്കടയിൽ കയറി ചോദിച്ചു. അല്ലെങ്കിലും നമ്മുടെ നാട്ടിൻപുറത്ത് ആരെയെങ്കിലും കുറിച്ചറിയണമെങ്കിൽ അവിടെയുള്ള ചായക്കടയിൽ തിരക്കിയാൽ മതി. അവിടുത്തെ ചേട്ടൻ കൃത്യമായി പറഞ്ഞു തന്നു. ”

” അച്ചുവേട്ടാ,,
ബാക്കി വിശേഷം പിന്നെ ചോദിയ്ക്കാം. അവൻ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ ഈ വേഷമൊക്കെ ഒന്ന് മാറി അവൻ ഫ്രഷ് ആവട്ടെ. ”
അതും പറഞ്ഞ് ദേവി കണ്ണനെയും കൊണ്ട് അകത്തേക്ക് പോയി.

അവന് മുകളിൽ വിഷ്ണൂന് കൊടുത്ത മുറി തന്നെ കൊടുത്തു.

“ചേച്ചി,,,
ഞാൻ എല്ലാവരെയും ഒന്ന്
പരിചയപ്പെട്ടിട്ടൊക്കെ പിന്നെ കുളിച്ചാൽ പോരേ,,,? ”
അവള് കൊണ്ട് കൊടുത്ത തോർത്ത്‌ തോളിലേക്കിട്ട് കൊണ്ട് കണ്ണൻ മടിച്ചു കൊണ്ട് ചോദിച്ചു.

” പൊക്കോണം,,,
മര്യാദക്ക് പോയി കുളിച്ചോ,. ഇപ്പോൾ തന്നെ വിയർപ്പ് നാറ്റം സഹിക്കാൻ വയ്യ. ”

” ചേച്ചീ,, ”

” എന്റെ കണ്ണാ എന്തൊരു മടിയാ ഇത്,,
നീ ചെല്ല് സോപ്പും, ഷാമ്പൂവും എല്ലാം അകത്തുണ്ട് ”
അത് പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി

അവൻ കുളിച്ച് വരുമ്പോഴേക്കും ബാക്കിയെല്ലാവരും അവൻ വന്ന കാര്യം അറിഞ്ഞിരുന്നു.

” കണ്ണാ,,,
താഴേക്കിറങ്ങി വാ,,, ”
ദേവി താഴെ നിന്നും വിളിച്ചു. അവൻ ഇറങ്ങി വരുമ്പോഴേക്കും അവന് കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു.

ഊണ് മേശക്ക് മുന്നിൽ അവനിരുന്നു. ഭാമയോട് കാണിച്ചത് പോലെ തന്നെ സ്നേഹമായിരുന്നു കണ്ണനോടും. എല്ലാവരും അവനോട് കാണിക്കുന്ന സ്നേഹം കണ്ട് ദേവിയ്ക്ക് ഒരുപാട് സന്തോഷം തോന്നി.
പക്ഷേ ഇതൊന്നും അവിടെയുള്ള ഒരാൾക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. യാത്രക്കിടയിൽ ഭക്ഷണം ശെരിയാകാതിരുന്നത് കൊണ്ട് അവന് നന്നായിട്ട് വിശക്കുന്നുണ്ടായിരുന്നു. അത് കഴിക്കുന്നത് കാണുമ്പോൾ തന്നെ എല്ലാവർക്കും മനസ്സിലാക്കാനും പറ്റുന്നുണ്ടായിരുന്നു.
കഴിക്കുന്നതിനിടയ്ക്ക് അവനൊന്ന് തലയുയർത്തി ദേവൂനെ നോക്കി. അവളുടെ മുഖത്ത് പുച്ഛഭാവമായിരുന്നു. അത് പ്രതീക്ഷിച്ചത് കൊണ്ട് അവൻ മുന്നിലിരിക്കുന്ന ഭക്ഷണത്തിൽ മാത്രം കോൺസെൻട്രേഷൻ കൊടുത്തു.
കഴിച്ചെഴുന്നേറ്റു കഴിഞ്ഞപ്പോൾ അവള് പായസമെടുത്ത് കൊടുത്തു. അവനതുമായി സോഫയിലേക്ക് പോയിരുന്നു.

” ആദ്യമായിട്ടായിരിക്കും അല്ലേ ഭക്ഷണം കാണുന്നത്. ”
അവള് അവനോടെന്ന രീതിയിൽ ടീവിയിലേക്ക് നോക്കി ചോദിച്ചു.

” അതേ,,,
ഇത്രയും നാളും വായു മാത്രം കഴിച്ചാ ജീവിച്ചേ… ”

അവൻ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചു എങ്കിലും ഇങ്ങനെ എണ്ണിച്ചുട്ടപ്പം പോലെ പറയും എന്ന് വിചാരിച്ചില്ല. അതുകൊണ്ട് തന്നെ പിന്നെ നാണം കെടാൻ നിൽക്കാതെ അവളൊന്നും മിണ്ടാതെ എഴുന്നേറ്റ് പോയി.

അങ്ങോട്ട് വന്ന ദേവി അവന്റെ അടുത്ത് നിന്നും എഴുന്നേറ്റു പോകുന്ന ദേവൂനെയാണ് കാണുന്നത്. അവളുടെ മുഖം വീർത്തിരിക്കുന്നത് കണ്ട് എന്താടി എന്ന് ചോദിച്ചതും മുഖം തിരിച്ച് അകത്തേക്ക് പോയി.
അവനോട് ചോദിച്ചപ്പോഴും ഒന്നിവില്ലന്നും പറഞ്ഞ് കണ്ണടച്ച് കാണിച്ചു .

” അമ്മ എന്താ ചേച്ചി വരാഞ്ഞത്? ”

” അമ്മ കൂടി വന്നാൽ അപ്പച്ചിയെ ഒറ്റപ്പെടുത്തിയത് പോലെയാവില്ലേ. കൂടെ കൊണ്ട് വരാൻ വിച്ചു സമ്മതിക്കുകയും ഇല്ല. അതുകൊണ്ട് അമ്മ തന്നെ പറഞ്ഞു വരുന്നില്ലെന്ന്. എപ്പോഴായാലും വരാമല്ലോ എന്ന്. ”

❤️❤️❤️❤️❤️

രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും മുറികളിലേക്ക് പോയി.
വിഷ്ണുവിന്റെ കൂടെയാണ് കണ്ണൻ.
ഭാമ ദേവൂന്റെ കൂടെയും.

വന്നിട്ട് കുറച്ച് ദിവസമേ ആയുള്ളൂ എങ്കിലും സൂര്യൻ പെട്ടെന്നാണ് ദേവിയോടടുത്തത്. വൈകിട്ട് ഭദ്ര അപ്പുറത്തേക്ക് പോകാനിറങ്ങുമ്പോൾ വരാൻ വിളിച്ചിട്ടവൻ ദേവിയുടെ എളിയിൽ തന്നെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. .
പിന്നെ ഒരു വിധത്തിലാണ് ഭദ്ര അവനെ കൊണ്ട് പോയത്. അവരെ അപ്പുറത്ത് കൊണ്ടാക്കി തിരികെ വന്ന് ദേവി കതകും അടച്ച് കുടിക്കാനുള്ള വെള്ളവും എടുത്ത് മുറിയിലേക്ക് പോയി.

മുറിയിൽ ചെന്ന് വാതിലടച്ച് വെള്ളം മേശപ്പുറത്ത് വെച്ചു. നോക്കുമ്പോൾ അർജുനെ അവിടെയെങ്ങും കാണാനില്ല.

പുറത്തെങ്ങും ഇല്ലല്ലോ. അവരുടെ മുറിയിൽ ലൈറ്റ് ഓഫ് ആണ്. അവിടെയും കാണാൻ വഴിയില്ല. പിന്നെ എവിടെ പോയി എന്നാലോചിച്ച് അവള് ബാൽക്കണി തുറന്നു.
പുറത്തേക്കിറങ്ങിയപ്പോൾ നല്ല കാറ്റ് അവളെ തട്ടി കടന്ന് പോയി. കാറ്റിന്റെ ശക്തിയിൽ അവളുടെ മുടിയും, സാരിയും എല്ലാം ഉലഞ്ഞു തുടങ്ങിയിരുന്നു. പെട്ടെന്ന് ഒരു കൈ അവളുടെ അരക്കെട്ടിലൂടെ അവളെ ചേർത്തു പിടിച്ചു. പെട്ടെന്നായത് കൊണ്ട് അവളൊന്ന് ഞെട്ടി. അവന്റെ നെഞ്ചിൽ ചാരി നിന്ന് തല ചെരിച്ച് അവൾ അവനെയൊന്ന് നോക്കി. പിന്നെ അവനോട് ചേർന്ന് നിലാവ് നോക്കി നിന്നു. അവനവളുടെ തോളിൽ മുഖം ചേർത്ത് അവളെ കുറച്ച് കൂടി ഇറുക്കിപ്പിടിച്ചു.

” നോക്കിക്കേ അച്ചുവേട്ടാ നിലാവ് കണ്ടോ. ഈ നിലാവ് കാൺകെ അല്ലേ പ്രിയപ്പെട്ടതെല്ലാം ഒരിക്കൽ എനിക്ക് നഷ്ടമായത്. ഇന്ന് അതേ നിലാവ് നോക്കി നിൽക്കുമ്പോൾ ഞാനെന്റെ പ്രാണനോട് ചേർന്ന് നിൽക്കുന്നു. ”
അത് പറഞ്ഞതും അവൾ അവന്റെ നേർക്ക് തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി. പരസ്പരം കണ്ണിൽ നോക്കി അവര് അങ്ങനെ തന്നെ അല്പം സമയം നിന്നു. അവന്റെ കണ്ണ് സ്ഥാനം മാറി അവളുടെ അധരങ്ങളിലേക്ക് പോകുന്നത് കണ്ടതും അവളവനെ തള്ളി മാറ്റി അകത്തേക്കോടി.
അവനും അവളുടെ പിന്നാലെ നിൽക്കാൻ പറഞ്ഞ് അകത്തേക്കോടി. ബാൽക്കണിയിലേക്കുള്ള വാതില് കുറ്റിയിട്ട് വാതിലിൽ ചാരി അവൻ കൈ കെട്ടി നിന്ന് അവളെ നോക്കി.
പിന്നെ മീശയൊന്ന് പിരിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു. അവൻ അടുത്ത് വന്നതും അവന്റെ നോട്ടം താങ്ങാനാവാതെ അവൾ മുഖം താഴ്ത്തി. അവൻ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്ത് നാണത്താൽ ചുവന്നു കിടക്കുന്ന അവളുടെ കവിളിൽ ചുംബിച്ചു.

” ദേവീ,,,
ഇന്ന് നീ എല്ലാ അർത്ഥത്തിലും എന്റെ പതിയാകാൻ പോകുവാണ്. ”
അവളുടെ കാതോരം ചെന്ന് അവനത് പറയുമ്പോഴേക്കും ഹൃദയമിടിപ്പ് താങ്ങാനാവാതെ അവൾ അവനിലേക്ക് ചേർന്ന് നിന്നിരുന്നു.
അവൻ അവളെ കോരിയെടുത്ത് കട്ടിലിലേക്ക് കിടത്തി. അവന്റെ ഓരോ നോട്ടവും അവളിൽ നാണം വിരിയിച്ചു കൊണ്ടേ ഇരുന്നു. അവനെ നോക്കാനാവാതെ അവൾ പെട്ടെന്ന് തിരിഞ്ഞു കിടന്നു. അവളുടെ ഇടുപ്പിലെ തെന്നി മാറിയ സാരി അവൻ അല്പം കൂടി മാറ്റി അവളുടെ ഇടുപ്പിൽ അമർത്തി ചുംബിച്ചു. പെട്ടെന്ന് ഞെട്ടിപിടഞ്ഞവൾ നേരെ കിടന്ന് അവന്റെ തോളിലൂടെ കയ്യിട്ട് അവനെ കെട്ടിപ്പിടിച്ചു. അവനവളെ അടർത്തി മാറ്റി അവളിലേക്കടുത്തു. അവളുടെ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. പിടഞ്ഞു കൊണ്ടവൾ അവന്റെ പുറത്ത് അള്ളിപ്പിടിച്ചു. തമ്മിൽ തടസ്സമായ ഓരോന്നും അവൻ തന്നെ വേർപെടുത്തി.
അവരുടെ വിയർപ്പ് പോലും തമ്മിൽ ഒന്നായി തുടങ്ങി. ഒടുവിൽ തളർച്ചയോടെ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ നെഞ്ചിലെ രോമങ്ങളിൽ മുഖം ചേർത്ത് അവൾ മൃദുവായി ചുംബിച്ചു.

രാവിലെ ഉണരുമ്പോൾ ഒരു പുതപ്പിനുള്ളിൽ ഒരു ശരീരം പോലെ തമ്മിൽ ചേർന്ന് കിടന്നു രണ്ടുപേരും. സൂര്യകിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ കണ്ണ് തുറന്ന് പുറത്തേക്ക് നോക്കി. അവനെ ഉണർത്താതെ പതിയെ എഴുന്നേറ്റ് ഇടാനുള്ള വസ്ത്രങ്ങളുമെടുത്ത് ബാത്‌റൂമിലേക്ക് കയറി തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ ഉണ്ടായ ചെറിയ നോവ് കഴിഞ്ഞ് പോയ രാത്രിയെ ഓർമ്മപ്പെടുത്തി. ആ ഓർമ്മകൾ അവളിൽ നാണം വിരിയിച്ചു.
കുളിച്ചിറങ്ങി കണ്ണാടിക്ക് മുന്നിൽ വന്ന് സീമന്തരേഖയിൽ കുങ്കുമം ചാർത്തി,
താലി ഒന്ന് കൂടി എടുത്ത് നോക്കി
പുറത്തേക്കിട്ട് തന്റെ പ്രതിബിംഭം നോക്കിയപ്പോൾ എന്തോ പുതുമ വന്നത് പോലെ തോന്നിയവൾക്ക്.

അർജുൻ നല്ല ഉറക്കത്തിലായിരുന്നത് കൊണ്ട് അവനെ ഉണർത്താതെ പുറത്തിറങ്ങി വാതിൽ പുറത്ത് നിന്നടച്ചു.
അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചായയിട്ട് കഴിഞ്ഞിരുന്നു . അതും എടുത്ത് അവന് കൊടുക്കാൻ മുറിയിലേക്ക് പോയി. അപ്പോഴും അർജുൻ എഴുന്നേൽക്കാതെ കിടന്ന കിടപ്പ് തന്നെയാണ്. പുതപ്പ് മുഖത്ത് നിന്നും മാറ്റി അവള് പതിയെ അവനെ ഉണർത്തി. പെട്ടന്നവള് പോലും പ്രതീക്ഷിക്കാതെ അവനവളെ വലിച്ച് മേത്തേക്കിട്ടു.

” ആഹാ രാവിലെ കുളിയൊക്കെ കഴിഞ്ഞ് എന്റെ ഭാര്യ അങ്ങ് സുന്ദരി ആയല്ലോ. വെളുപ്പിനെ മനുഷ്യന്റെ കണ്ട്രോള് കളയുവല്ലോ നീ. ”

” അച്ചുവേട്ടാ ദേ രാവിലെ കളിക്കാതെ വിടുന്നുണ്ടോ. ഞാൻ താഴോട്ട് പോട്ടെ. ”

” കുറച്ച് നേരം കൂടി കഴിയട്ടേടി… ”
അവനവളിലേക്ക് മുഖം അടുപ്പിച്ചു.

” പോയി പല്ലുതേയ്ക്ക്. എന്നിട്ട് കുളിച്ചിട്ട് താഴോട്ട് വരാൻ നോക്ക്. ഡ്യൂട്ടിക്ക് പോകണ്ടേ… ”

” അയ്യോ,,,
എന്റെ ദൈവമേ ഇന്നൊരു കോൺഫറൻസ് ഉണ്ട്…. ”
അതും പറഞ്ഞ് ബാത്‌റൂമിലേക്കുള്ള അവന്റെ ഓട്ടം കണ്ടപ്പോൾ അവള് ചിരിച്ചു പോയി.

അവനൊരുങ്ങി താഴെ വരുമ്പോഴേക്കും അച്ഛൻ അവനെ കാത്ത് കഴിക്കാതെ ഇരിക്കുകയായിരുന്നു.

” വാ മോനേ നമുക്കൊരുമിച്ചിരിയ്ക്കാം..”

” അയ്യോ അച്ഛൻ എന്നെ നോക്കി ഇരിക്കുവായിരുന്നോ? ”
അതും പറഞ്ഞവൻ ദേവിയെ നോക്കി കണ്ണുരുട്ടി.

” അവളെ നോക്കണ്ട മോനേ ഞാനാ പറഞ്ഞത് നിന്നോട് പറയണ്ടാന്ന്. പോകാൻ ഒരുങ്ങുന്നതല്ലേ വെറുതെ ധൃതി പിടിപ്പിക്കണ്ട എന്ന് വിചാരിച്ചു. ”

കഴിക്കുന്നതിനിടയിൽ ഭാമയും, വിഷ്ണുവും അവരുടെ അടുത്തേക്ക് വന്നു.

” ഏട്ടാ ഞങ്ങള് നാളെ വീട്ടിലേക്ക് വരാം.”

” ഞാനത് മോനോട് പറയാൻ വരുവാരുന്നു. ഇന്നൊരു ദിവസം കൂടി നിന്നിട്ട് ഇവരെ നാളെ വിട്ടാൽ മതിയോ? ”

” അയ്യോ എന്താ അച്ഛാ ഇങ്ങനെ പറയുന്നേ. എനിക്കൊരു വിരോധവും ഇല്ല. അച്ഛന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. ഞാൻ വൈകിട്ട് ഇങ്ങോട്ട് വരാം. എന്നിട്ട് നാളെ എല്ലാവർക്കും കൂടി ഒന്നിച്ചു പോകാം.”

അതും പറഞ്ഞവൻ കഴിച്ചെഴുന്നേറ്റു. എല്ലാവരോടും പോകുവാ എന്ന് പറഞ്ഞ്. പുറത്തേക്കിറങ്ങാൻ തുടങ്ങി. പെട്ടെന്നാണ്,

” അയ്യോ ഫോൺ മുകളിൽ വെച്ച് മറന്നു.”

” അച്ചുവേട്ടൻ ഇവിടെ നിൽക്ക്. ഞാൻ നോക്കാം… ”

” നിനക്കറിയില്ല ഞാൻ പോയി നോക്കാം ”
അതും പറഞ്ഞവൻ മുകളിലേക്ക് പോയി.

സാരിത്തലപ്പ് എളിക്ക് കുത്തി അവള് അവന്റെ പോക്ക് നോക്കി നിന്നു.
പെട്ടെന്ന് മുകളിൽ നിന്ന് അവൻ വിളിച്ചു.
അത് കേട്ടതും അച്ഛൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.
അച്ഛനെന്തിനാ ചിരിക്കുന്നത് എന്ന് ചിന്തിച്ച് നിന്നപ്പോഴാണ് അവൻ വീണ്ടും വിളിച്ചത്.
പിന്നെ അവള് വേഗം മുറിയിലേക്ക് പോയി.

” ഞാൻ നോക്കിയാൽ കാണത്തില്ല എന്ന് പറഞ്ഞിട്ട് പിന്നെന്തിനാ എന്നെ വിളിച്ചത്? ”
അല്പം പരിഭവിച്ച് തന്നെ അവള് അവനോട് ചോദിച്ചു.

പെട്ടെന്ന് അവനവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു.
” ഇപ്പോൾ മനസ്സയോടി പൊട്ടി നിനക്ക്? ”

” എന്തൊരു കള്ളനാ എന്റെ അച്ചുവേട്ടാ നിങ്ങള് … ”

” ഇറങ്ങുന്നതിനു മുൻപേ നിന്നെയൊന്ന് തനിച്ചു കിട്ടാൻ വേറെ വഴിയില്ലായിരുന്നു മോളെ ”

” ഈ അച്ചുവേട്ടനെ കൊണ്ട് ഞാൻ തോറ്റു” അവളവന്റെ നെഞ്ചിലേക്ക് കുറച്ച് കൂടി അടുത്ത് നിന്ന് അവന്റെ നെഞ്ചിൽ ഒരിടി വെച്ചു കൊടുത്തു. പെട്ടെന്നാണ് അവള് അച്ഛൻ ചിരിച്ചതിനെ പറ്റി ഓർത്തത്.

” അയ്യേ,,,
അപ്പോൾ അച്ഛന് മനസ്സിലായിട്ടാ അല്ലേ അന്നേരം അച്ഛൻ ചിരിച്ചത്. ”
അവനിൽ നിന്ന് മാറി നിന്നു കൊണ്ട് തലക്ക് കൈ വെച്ച് അവള് തന്നെത്താൻ പറഞ്ഞു.

” എന്ത് പറ്റി? നീയെന്താ തന്നെ സംസാരിക്കുന്നെ? ”

” അത്,
അച്ചുവേട്ടൻ രണ്ടാമത് വിളിച്ചപ്പോൾ അച്ഛൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.”

” അതിനിപ്പോൾ എന്താ അച്ഛന് മനസ്സിലായിട്ടുണ്ടാവും ”
അവനൊരു കൂസലുമില്ലാതെ പറയുന്നത് കേട്ട് അവള് അവനെ കൂർപ്പിച്ചു നോക്കി.

” അച്ചുവേട്ടാ,,,
നിങ്ങടെയൊരു ബുദ്ധി,,, ഞാനിനി എങ്ങനെ അച്ഛന്റെ മുഖത്ത് നോക്കും ”
കുഞ്ഞ് പിള്ളേരെ പോലെ ചിണുങ്ങിക്കൊണ്ടുള്ള അവളുടെ പറച്ചില് കേട്ടപ്പോൾ അവന് ചിരി വന്നു.

” കണ്ണ് കൊണ്ട് നോക്കണം ”

അവനത് പറഞ്ഞതും അവളവനെ നോക്കി കണ്ണുരുട്ടി

” എന്റെ പൊന്ന് പെണ്ണേ,,, ഈ ലോകത്ത് കല്യാണം കഴിയുന്ന ഭാര്യാഭർത്താക്കന്മാര് ഇങ്ങനെയൊക്കെ തന്നെയാ.
നീ അതുകൊണ്ട് അച്ഛനെ എങ്ങനെ നോക്കും എന്നോർത്ത് ടെൻഷൻ
അടിക്കണ്ട. ”

” എന്നാലും,,, ”

” ഒരെന്നാലുമില്ല നീ വാ സമയം പോകുന്നു. ”
എന്നും പറഞ്ഞ് ഒരുമ്മയും കൂടി കൊടുത്ത് അവൻ പുറത്തേക്ക് നടന്നു.

ഇതിനെക്കൊണ്ട് തോറ്റല്ലോ എന്നും പറഞ്ഞ് അവളും പിറകേ പോയി.
അവന്റെ കാറ് ഗേറ്റ് കടക്കുന്നത് വരെയും അവള് ഉമ്മറത്ത് തന്നെ നിന്നു.

❤️❤️❤️❤️❤️

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ട് എല്ലാവരും ഓരോന്നൊക്കെ പറഞ്ഞ് ചിരിച്ച് കളിച്ചങ്ങനെ ഇരുന്നു.
ദേവൂം, കണ്ണനും പരസ്പരം കൊട്ട് കൊടുക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ തമ്മിൽ തല്ല് കൂടിക്കൊണ്ടേ ഇരുന്നു.

പെട്ടെന്ന് സാവിത്രി കുറേ പഴുത്ത മാമ്പഴവും എടുത്ത് അങ്ങോട്ട് വന്നു.
“ദേ നല്ല പഴുത്ത മാമ്പഴമാ ഞാൻ മുറിച്ചോണ്ടു വരാം.”

” വേണ്ടമ്മേ നമുക്ക് ജ്യൂസടിക്കാം. ”
കണ്ണൻ അതും പറഞ്ഞ് സാവിത്രിയുടെ കൂടെ അകത്തേക്ക് പോയി.

” അകത്തേക്ക് പോയിട്ട് കാണാനില്ലല്ലോ ”
കുറേ നേരമായിട്ടും അവരെ കാണാതെ ദേവി അകത്തോട്ടു നോക്കി പറഞ്ഞു.

” ഇങ്ങ് വരും. അല്ലാതെ അതുവഴി ചേച്ചീടെ കണ്ണൻ എങ്ങോട്ടും പോവത്തില്ല. ”
സൂര്യനെ മടിയിലേക്ക് ഒന്ന് കൂടി കയറ്റിയിരുത്തിക്കൊണ്ട് ദേവു പറഞ്ഞതും ദേവി അവളെ നോക്കി കണ്ണുരുട്ടി.

” രണ്ടാളും ഇരുന്നിനി കൊമ്പ് കോർക്കണ്ട… ”
ഭദ്ര അവർക്കിടയിൽ നിന്ന് കൊണ്ട് പറഞ്ഞു.

” അല്ലടി ഇവൾക്കിച്ചിരി കൂടുന്നുണ്ട്. അവൻ വന്ന അന്ന് തൊട്ട് തുടങ്ങിയതാ ഇവള് അവന്റെ മേലെ കയറാൻ. ”
ദേവി നിർത്താതെ വീണ്ടും പറഞ്ഞു.

” ദേവീ നീ ഒന്ന് നിർത്തിക്കെ. അവള് തമാശ ആയിട്ട് പറഞ്ഞതല്ലേ ”
ഇത്തവണ ഭാമയാണ് ഇടക്ക് കയറിയത്.

പെട്ടെന്ന് കണ്ണൻ ജ്യൂസുമായി അങ്ങോട്ടേക്ക് വന്നു. അമ്മമാരും അവരുടെ ഒപ്പം ഇരുന്നു. അവൻ തന്നെ എല്ലാവർക്കും ജൂസെടുത്ത് കൊടുത്തു.

” ഇനി എങ്ങനെയുണ്ടെന്നൊന്ന് പറഞ്ഞെ,,, ”
കണ്ണൻ എല്ലാവരെയും നോക്കി പറഞ്ഞു.

എല്ലാവരും അടിപൊളി എന്ന് പറഞ്ഞു. ദേവൂന്റെ മറുപടിക്ക് വേണ്ടി എല്ലാവരും അവളെ നോക്കിയിരുന്നു. പക്ഷേ ദേവൂന്റെ മുഖം മാത്രം വീർത്തിരുന്നു.
അവനിട്ടൊരു പണി കൊടുക്കാൻ അവള് നോക്കിയിരുന്നപ്പോഴാണ് അവൻ തന്നെ മുന്നിൽ കൊണ്ട് വന്ന് ഇട്ടു കൊടുത്തത്.

” അടിപൊളി ആയിട്ടുണ്ട് ”

അവള് പറഞ്ഞത് കേട്ടതും എല്ലാവരും അതിശയത്തോടെ അവളെ നോക്കി. ഇവളിത്ര പെട്ടെന്ന് നന്നായോ എന്ന് വരെ അവരെല്ലാവരും ചിന്തിച്ചു.

” കലക്കിയെന്നെ,,,
അത് പിന്നെ അങ്ങനെയല്ലേ വരൂ.
പണ്ട് ജ്യൂസ്‌ കടയിൽ നിന്നത് കൊണ്ട് ഗുണമുണ്ട്. വന്ന വഴി മറക്കാത്തത് നല്ലതാ.”

അവള് പറഞ്ഞ് തീർന്നതും കണ്ണന്റെ മുഖം മങ്ങി. അവൻ എന്തെങ്കിലും പറയും എന്ന് പ്രതീക്ഷിച്ചാണ് അവളത് പറഞ്ഞത്.
ഒന്നും പറയാതെ അവൻ അകത്തേക്ക് കയറി പോയി. അതിന് മുൻപ് ദേവൂന്റെ മുഖത്തേക്കൊന്ന് നോക്കി. അവള് മാത്രം അവന്റെ കണ്ണിലെ നനവ് കണ്ടു.
അവൻ പോകുന്നത് നോക്കി തരിച്ചു നിന്ന അവളെ തിരിച്ചു നിർത്തി സാവിത്രി മുഖമടച്ച് ഒന്ന് കൊടുത്തു. ദേവി അവളെ നോക്കാതെ അകത്തേക്ക് കയറി പോയി.
അവരുടെയൊന്നും പെരുമാറ്റം അവളെ ബാധിക്കാത്ത രീതിയിൽ അവള് നിന്ന നിൽപ്പ് തന്നെ നിന്നു. അവന്റെ നിറഞ്ഞ മിഴികളും, വാടിയ മുഖവും മാത്രമേ മനസ്സിൽ വന്നുള്ളൂ.

മുറിയിൽ കയറി കതകടച്ച് കട്ടിലിലേക്ക് കിടന്നു. താൻ പറഞ്ഞത് എത്ര മോശമായിപ്പോയി എന്നോർത്തപ്പോൾ അവൾക്ക് സങ്കടം താങ്ങാൻ വയ്യാത്ത പോലെ തോന്നി.

“ഒന്നുമില്ലെങ്കിലും എന്റെ ചേച്ചിയെ ആരോരുമില്ലാത്ത സമയത്ത് എങ്ങനെ നോക്കിയതാ. സീതേച്ചി ഇല്ലായിരുന്നെങ്കിൽ എന്റെ ചേച്ചിയെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമായിരുന്നോ. ഞാൻ പറഞ്ഞതിന് എന്നോട് ഈശ്വരൻ പോലും പൊറുക്കില്ലല്ലോ . ”
വിഷമം താങ്ങാനാവാതെ അവള് സ്വയമേ ഓരോന്നും പറഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു.

പറഞ്ഞു പോയതിന് അവനോട് മാപ്പ് പറയണം എന്നവൾ ഉറപ്പിച്ചു. എഴുന്നേറ്റിരുന്ന് മുഖം അമർത്തി തുടച്ച് അവള് അവന്റെ അടുത്തേക്ക് പോകാൻ മുറിയിൽ നിന്നിറങ്ങി.

അപ്പോഴേക്കും ഇരുട്ടിയിരുന്നത് കൊണ്ട് വൈകിട്ടത്തേക്കുള്ള കാര്യങ്ങൾക്കായി എല്ലാവരും അടുക്കളയിലും വിഷ്ണു സൂര്യനെ കളിപ്പിച്ച് ഹാളിലും, കണ്ണൻ അവന്റെ മുറിയിലും ആയിരുന്നു.

ദേവു ചാരിയിട്ടിരുന്ന വാതിൽ തുറന്ന് മുറിയിലേക്ക് കയറി. അവള് നോക്കുമ്പോൾ കണ്ണൻ എന്തിനെയോ ചേർത്ത് പിടിച്ച് കിടക്കുന്നത് കണ്ടു. അവൻ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് കൊണ്ട് അവനെ വിളിക്കണോ വേണ്ടയോ എന്നറിയാതെ അവളാദ്യം ഒന്ന് സംശയിച്ചു നിന്നു . പിന്നെ എന്തെങ്കിലും ആവട്ടേന്നു കരുതി അവന്റെ തോളിൽ പതിയെ തട്ടി. അവൻ അവളെ തിരിഞ്ഞ് നോക്കി. അപ്പോഴാണ് അവന്റെ കൈയ്യിലുള്ളത് എന്താണെന്നവള് കണ്ടത്. സീതയുടെ ഫോട്ടോ ആയിരുന്നു അത്. അത് കണ്ടപ്പോൾ അവളത്രയും സമയം അടക്കി വെച്ചിരുന്ന സങ്കടം മുഴുവൻ പുറത്തേക്ക് വന്നു. അവളിൽ നിന്നും പെട്ടെന്ന് അങ്ങനെയൊന്ന് കണ്ടപ്പോൾ അവനും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായി.

” എന്നോട് ക്ഷമിക്കണം. മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ജയിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞു പോയതാ എന്നോട് ക്ഷമിക്കണം. ”
അവന് മുന്നിൽ കൈ കൂപ്പി അവള് പറഞ്ഞു.

” അയ്യേ നീയതിന് എന്നോട് ക്ഷമയൊന്നും പറയണ്ട. ഞാനത് അപ്പോഴേ വിട്ടു. ”

” കളളം പറയണ്ട. എന്നിട്ടാണോ പിന്നെ ഇത്രയും സമയം സീതേച്ചിയുടെ ഫോട്ടോ അടക്കി പിടിച്ചിരുന്നത്. ”
പെട്ടെന്നവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞു.

” ആഹാ ആളിപ്പോൾ ഓക്കെ ആയല്ലോ.
എനിക്ക് പ്രശ്നമൊന്നുമില്ല. നീ പൊയ്ക്കോ.
പിന്നെയെ,,,
നീ ഇങ്ങനെ പാവം പോലെ ആകുവൊന്നും വേണ്ട. എനിക്കാ കുറുമ്പി ദേവൂനെയാ ഇഷ്ടം. ”

” അപ്പോൾ പോട്ടെ കണ്ണേട്ടാ,,, ”
അതും പറഞ്ഞ് അവള് പുറത്തേക്കോടി.

ഈ സമയം കണ്ണേട്ടാന്നുള്ള അവളുടെ വിളി കേട്ട് കിളി പറന്ന പോലെ നിന്നിടത്ത് തന്നെ കണ്ണൻ നിന്ന് പോയി.

തുടരും,,,,