22/04/2026

നിലാവ് : ഭാഗം 18

രചന – അരുന്ധതി

“അതേ ഒരു പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നുണ്ട്. അതിന്റെ വിചാരം ആരും അറിയുന്നില്ലന്നാ. ”

“അപ്പോൾ അമ്മക്കെല്ലാം മനസ്സിലായി അല്ലേ? ”

” ഉവ്വ്,,,
എനിക്കിത് എന്നേ മനസ്സിലായതാ.
അവള് നിന്റെ ഭാര്യ ആയി കാണാൻ നിന്നെക്കാളും ആഗ്രഹമുണ്ട് എനിക്ക്. പക്ഷേ അവൾക്കതിന് എന്തോ ഒരു സമ്മതക്കുറവ് പോലെ എനിക്ക് തോന്നുണ്ട്.”

“സമ്മതമൊക്കെയാണമ്മേ. പിന്നെ ഒരു ചെറിയ പ്രശ്നമുണ്ട് അത് ഞാൻ മാറ്റിക്കൊള്ളാം. ”

“അതൊക്കെ അവിടെ നിൽക്കട്ടെ. എന്റെ പോന്നു മോൻ ജോലിക്കൊന്നും പോകുന്നില്ലേ.? “‘”
എളിക്ക് കൈ കുത്തി ദേവകിയമ്മ ചോദിച്ചതും,

“അങ്ങനെ ചോദിച്ചാൽ പോകണം. രണ്ട് ദിവസം കൂടി കഴിഞ്ഞ് ”

“രണ്ട് ദിവസവുമില്ല മൂന്ന് ദിവസവുമില്ല. നാളെ തൊട്ട് ഡ്യൂട്ടി ടൈമിൽ നിന്നെ ഇവിടെ കണ്ടാൽ വലിയ ഐ പി എസ് കാരനാണെന്നൊന്നും ഞാൻ നോക്കില്ല മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും. ”
പറഞ്ഞ് തീർന്നതും അവര് അകത്തേക്ക് കയറി പോയി.

“ദൈവമേ ഇത് കഷ്ടമുണ്ട് കേട്ടോ. എന്നോടീ ചതി വേണ്ടായിരുന്നു. ”

💟💟💟💟💟💟💟

വൈകിട്ട് ഭക്ഷണം കഴിച്ച് അർജുൻ നേരത്തേ മുറിയിലേക്ക് പോയി. അമ്മ ദേവിക്ക് ഭക്ഷണവും, മരുന്നും കൊടുത്ത് അമ്മയും മുറിയിലേക്ക് പോയി.

മുറിയിൽ ഉറങ്ങാൻ കിടന്നിട്ട് അർജുന് ഉറക്കം വരുന്നതേയില്ല. തിരിഞ്ഞും മറിഞ്ഞും അവൻ കട്ടിലിൽ കിടന്നുരുണ്ടു.

ശേ,
ഇതെന്ത് കഷ്ടമാ. അല്ലാത്തപ്പോൾ കിടക്കുമ്പോഴേ ഉറങ്ങുന്നതാണല്ലോ. ഇന്ന് കണ്ണടക്കാൻ പോലും പറ്റുന്നില്ല.
അവൻ എഴുന്നേറ്റിരുന്ന് കണ്ണാടിയിലേക്ക് നോക്കി.
ഈ സിനിമയിലൊക്കെ കാണുമ്പോലെ, .

<<<“അർജുൻ,,,
ദേവിയെ ഒരു നോക്കെങ്കിലും കാണാതെ നിനക്കിന്ന് ഉറങ്ങാൻ പറ്റില്ല. ”

“നിനക്ക് നാണമില്ലേ മനസ്സേ ഇങ്ങനെയൊക്കെ എന്നോട് പറയാൻ.
കാര്യം ഞാനിഷ്ടപ്പെടുന്ന പെണ്ണാ. ഞാൻ കല്യാണം കഴിക്കാൻ ഇരിക്കുന്നതാ. എന്നും പറഞ്ഞ് ഈ നട്ട പാതിരക്ക് അവളുടെ മുറിയിൽ പോവുക എന്ന് പറഞ്ഞാൽ. ച്ഛേ,, മോശം ”

“എന്ത് മോശം. ഞാൻ പറയാനുള്ളത് പറഞ്ഞു. നിന്റെ ഇഷ്ടം “>>>

വീണ്ടും അവൻ കട്ടിലിലേക്ക് കിടന്നു. കണ്ണടക്കുമ്പോൾ ദേവിയുടെ മുഖം മാത്രം. പിന്നൊന്നും ചിന്തിക്കാതെ അവൻ ചാടിയെഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി.
ദേവിയുടെ മുറിയുടെ വാതിലിൽ ചെന്നു. അത് ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൻ ആകത്തു ചെല്ലുമ്പോൾ അവള് നല്ല ഉറക്കമായിരുന്നു. ശരീരത്തിന്റെ ക്ഷീണം എത്രത്തോളം ഉണ്ടെന്നുള്ളത് അവളുടെ മുഖത്ത് പ്രകടമായിരുന്നു. കണ്ണൊക്കെ കുഴിഞ്ഞു തുടങ്ങി. അവൻ പോലും അറിയാതെ അവന്റെ കൈകൾ അവളിലേക്ക് ചലിച്ചു. പതിയെ അവളുടെ മുടിയിലൊന്ന് തലോടി. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ വേഗം മുറിക്കു പുറത്തിറങ്ങി. വാതിൽ ചാരി അവന്റെ മുറിയിലെത്തി.
കണ്ണടക്കുമ്പോൾ ആദ്യമായി ദേവിയെ കണ്ടത് മുതൽ ഇപ്പോൾ വരെയുള്ള കാര്യങ്ങൾ അവനോർത്തു. ആ മുഖം അവനിൽ ഓരോ നിമിഷവും ആഴ്ന്നിറങ്ങികൊണ്ടിരുന്നു. അങ്ങനെ എപ്പോഴോ ഉറങ്ങിപ്പോയി.

💟💟💟💟💟

രാവിലെ എഴുന്നേറ്റ് യൂണിഫോം ഇട്ട്, കാലിൽ കറുത്ത ബൂട്ടുമിട്ട്, തൊപ്പിയും എടുത്ത് മുറിക്കു പുറത്തേക്കിറങ്ങി. ചാരിയിട്ട വാതിൽ തുറന്ന് ദേവിയുടെ മുറിയിലേക്ക് നോക്കവേ അവളപ്പോഴും ഉറക്കത്തിൽ തന്നേ ആയിരുന്നു. മുറിയിൽ കയറി അവളെ ഒന്ന് നോക്കിയ ശേഷം അവൻ താഴേക്ക് പോയി

“അമ്മേ,,,,, ”

“ദാ, വരുന്നെടാ. നീ അവിടെ ഇരിക്ക്. ”

“എന്താ അമ്മേ കഴിക്കാൻ,,, ”

“ഇന്ന് ഞാൻ മസാല ദോശ ഉണ്ടാക്കി, ”

“മസാല ദോശയോ?
അതെന്താ ഇന്ന് പ്രത്യേകത. സാധാരണ ഇതൊന്നും ഉണ്ടാവാറില്ലല്ലോ.? ”
ദോശ കഴിച്ച് കൊണ്ട് അവനത് പറയവേ,

“എന്റെ മോളിവിടെ ഉണ്ടല്ലോ അവൾക്ക് മസാല ദോശ വലിയ ഇഷ്ടമാ. ”

“ഓഓഓ,,,,
അപ്പോൾ അതാണ് മോൾക്ക്.
അല്ലാതെ എനിക്കല്ല. ”

“പോടാ,,, ”
അവന്റെ ചെവിയിൽ പിടിച്ച് ഒന്ന് തിരിച്ചു കൊണ്ട് ദേവകിയമ്മ അത് പറയവേ അർജുൻ എഴുന്നേറ്റോടി.

കൈ കഴുകി വന്ന് അമ്മയോട് പോകുവാന്ന് പറയുമ്പോഴും കണ്ണ് മുകളിലത്തെ നിലയിലേക്കായിരുന്നു. .

“അമ്മേ,,, ഞാനിറങ്ങുവാ… ”
തലയിലെ തൊപ്പി ഒന്ന് കൂടി ഉറപ്പിച്ചു വെച്ച് അവനിറങ്ങി.

💟💟💟💟💟💟

മോളേ ദേവി, എന്നും വിളിച്ച് മുറിയിലേക്ക് ചെന്നു.

“ആഹാ എഴുന്നേറ്റോ? ,,, ”

“ആ അമ്മേ. എങ്കിലും കുറച്ച് താമസിച്ചു. ഭാമ ഏങ്ങാനും അറിഞ്ഞാൽ എന്നേ കളിയാക്കി കൊല്ലും. ”

“അതിനിപ്പോൾ എന്താ ഇപ്പോൾ നിനക്ക് വയ്യാതെ ഇരിക്കുവല്ലേ. മാത്രവുമല്ല. മരുന്ന് കഴിക്കുന്നതിന്റെ ക്ഷീണവും. അതുകൊണ്ട് ഉറങ്ങി പോയതല്ലേ. അവള് കളിയാക്കിയാൽ അവൾക്കുള്ളത് ഞാൻ കൊടുത്തോളാം.
മോളിപ്പോൾ ദേ ഈ ചായ കുടിക്ക്. എന്നിട്ട് ഇത് കഴിക്ക്. മരുന്ന് കഴിക്കേണ്ടതാ രാവിലെ. ”

” ശെരി അമ്മേ. ”

പാത്രം തുറന്നതും,,,

“ഹൈ മസാലദോശ….
എനിക്ക് ഭയങ്കര ഇഷ്ടാ. ”

“അതെനിക്കറിയാം. അതുകൊണ്ടല്ലേ ഇന്നിത് തന്നെ ഉണ്ടാക്കിയത്. അതിന് ദേ രാവിലെ ഒരാള് കുശുമ്പ് കുത്തിയിട്ട് പോയതേ ഉള്ളു. ”

അത് കേട്ടതും ദേവിയുടെ മുഖത്ത് ഒരു ചെറു ചിരി വിരിഞ്ഞു. അമ്മ കാണാതെ അവളത് ഒളിപ്പിക്കുകയും ചെയ്തു.

“എങ്കിൽ ഞാൻ താഴോട്ട് ചെല്ലട്ടെ. കുറച്ച് കഴിഞ്ഞ് അമ്മ കയറി വരാം. മോൾക്ക്‌ വായിക്കുന്ന ശീലമുണ്ടോ. എങ്കിൽ ദാ ഈ ബുക്കുകളൊക്കെ അച്ചുവിന്റെയാ. നിനക്ക് വായിക്കാൻ വേണ്ടി ഞാൻ എടുത്ത്കൊണ്ട് വന്നതാ. ചുമ്മാ ഇരുന്നാൽ ബോറടിക്കില്ലേ. അതുകൊണ്ടാ.”

“അത്,,, അമ്മേ,,
ഇതൊക്കെ എടുത്തത് ഇഷ്ടായില്ലെങ്കിലോ. അതാ… ”

“അവൻ തന്നെയാ ഇതൊക്കെ എടുത്ത് എന്നേ ഏൽപ്പിച്ചത്.
മോളിതൊക്കെ വായിച്ച് ഇവിടിരിക്ക്. ഞാൻ താഴോട്ട് ചെല്ലട്ടെ. ഉച്ചക്കത്തേക്ക് എല്ലാം ആക്കണം. അവന് ഭക്ഷണം കൊടുത്തയക്കണം. ”

“ശെരി അമ്മേ,,, ”

💟💟💟💟💟💟💟💟

അങ്ങനെ ഓരോ ദിവസവും കടന്ന് പോയി. എന്നും ഡ്യൂട്ടിക്ക് പോകും മുൻപും ശേഷവും ദേവിയും ഭാമയും തമ്മിൽ സംസാരിക്കും. ഭാമയെ എന്നും വിളിച്ച് എഴുന്നേൽപ്പിക്കും.
അർജുൻ, എന്നും പോകുമ്പോഴും വരുമ്പോഴും അവളറിയാതെ അവളെ അടുത്ത് ചെന്ന് കാണും. ഇടക്ക് തലയിൽ ഒന്ന് തലോടും. അവളതൊന്നും അറിഞ്ഞിരുന്നില്ല.

💟💟💟💟💟💟💟💟

അങ്ങനെ ഒരു ദിവസം ദേവകിയമ്മയും, ദേവിയും സംസാരിച്ചിരിക്കുന്ന സമയത്ത്,

“മോളേ അമ്മ മോളോട് ഒരു കാര്യം ചോദിക്കട്ടെ,,, ”

“അതിനെന്തിനാ അമ്മേ ഒരു മുഖവുര.
അമ്മക്കെന്തും എന്നോട് ചോദിക്കാല്ലോ. ”

“മോൾക്ക് അമ്മയെ ഇഷ്ടാണോ? ”

“ഇതായിപ്പോൾ നന്നായെ, അത് അമ്മക്കിതു വരെ മനസ്സിലായിട്ടില്ല?
എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ് ഈ അമ്മകുട്ടിയെ. ”

അമ്മയുടെ കവിളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ദേവി പറഞ്ഞു.

“മോൾക്ക് അച്ചൂനെ ഇഷ്ടാണോ? ”

പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം അവളൊട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് തന്നെ പറയാൻ അവൾക്കൊരു ഉത്തരമുണ്ടായിരുന്നില്ല.

“അവനുമായുള്ള വിവാഹത്തിന് മോൾക്ക് താല്പര്യമുണ്ടോ?
മോള് ആലോചിച്ചു പറഞ്ഞാൽ മതി.
പിന്നെ,..
എനിക്കറിയാം അവന്റെ മനസ്സ് നിനക്കറിയാം എന്ന്. . എന്റെ അച്ചു പാവമാ. ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി. ഇപ്പോൾ അവന്റെ എല്ലാം നീയാണ്. ”

“അമ്മേ അത്,,,, ”

“മോള് തീരുമാനിക്ക്…”
അതും പറഞ്ഞ് അവര് താഴേക്ക് പോയി.

അവള് മറുപടി ഒന്നും പറഞ്ഞില്ല.
ശേഷം ഫോണെടുത്ത് ഭാമയെ വിളിച്ചു.

“എന്താടി ഈ സമയത്തൊരു വിളി. “?

“ഭാമേ നാളെ നീ ഇങ്ങോട്ട് വരണം. ഞാൻ അങ്ങോട്ട്‌ വരുവാ. കാര്യം എന്താ എന്നൊന്നും എന്നോട് ചോദിക്കരുത്. ”

“ഏട്ടനാണ് നിന്നെ അങ്ങോട്ട് കൊണ്ട് പോയത്. അതുകൊണ്ട് എനിക്ക് ഏട്ടനോട് ചോദിക്കാതെ ഒരു തീരുമാനവും പറയാൻ പറ്റില്ല. ”

“ഭാമേ,,,
എനിക്കതൊന്നും അറിയണ്ട. നിനക്ക് വരാൻ പറ്റുമോ ഇല്ലയോ? അതുമാത്രം പറഞ്ഞാൽ മതി നീ. ”

“കാര്യം അറിയാതെ വരില്ല. നീ കാര്യം പറ. എന്നോട് പോലും പറയാൻ പറ്റാത്ത എന്താ നിനക്ക്? ”

“അത്,,,”

“വേണ്ട ബുദ്ധിമുട്ടി നീ പറയണ്ട ”

“അങ്ങനെയല്ല ഭാമേ,,,
ഞാൻ പറയാം. ”

ദേവകിയമ്മ അവളോട്‌ പറഞ്ഞതെല്ലാം അവൾ ഭാമയോട് പറഞ്ഞു.

“ആഹാ ഇതാണോ. ഇത് നേരത്തേ തന്നെ ഞങ്ങൾ തീരുമാനിച്ചതാണല്ലോ ”

“ഭാമേ,,, ”

“നീ അവിടെ കിടന്ന് അലറണ്ട. ”

“എല്ലാം അറിയുന്ന നീ കൂടി ഇങ്ങനെ പറയാതെ. എനിക്കൊരിക്കലും,,, ”

“നിനക്കൊരിക്കലും???? ”

“എനിക്കൊരിക്കലും ആ മനുഷ്യന്റെ ഭാര്യ ആവാൻ കഴിയില്ല. ”

“കാരണം? ”

“അത് നിനക്കറിയില്ലേ.
എന്നെപ്പോലെയൊരു പെണ്ണല്ല ആ, ”

ദേവിയുടെ വാക്കുകളെ തടഞ്ഞു കൊണ്ട് ഭാമ അവളുടെ നേരെ ദേഷ്യപ്പെട്ടു.

“നിർത്ത്,,,,,
ഒരക്ഷരം ഇനി നീ മിണ്ടരുത്. എന്തറിയാം നിനക്കെന്റെ ഏട്ടനെ കുറിച്ച്,
ആ മനസ്സിനെ കുറിച്ച്,,.
നീ ആരാണെന്നും എന്താണെന്നും, ഇത് വരെയുള്ള നിന്റെ ജീവിതമെന്താണെന്നും എന്റെ ഏട്ടനറിയാം. അന്ന് ആ ആശുപത്രി വിടുന്നതിനു മുൻപ് തന്നെ ഏട്ടനെ ഞാൻ എല്ലാം അറിയിച്ചിരുന്നു.
അന്ന് നിന്നോട് ഞാൻ പിണങ്ങിയതൊക്കെ നിന്നെ കുറിച്ച് അറിയാൻ കാണിച്ച അഭിനയമായിരുന്നു. അല്ലാതെ നീ അത് പറയില്ല എന്ന് എനിക്കുറപ്പായിരുന്നു. ഇതെല്ലാം ഏട്ടന് തന്നെ നിന്നോട് പറയണം എന്ന് ആഗ്രഹമുണ്ടായിരുന്നു അതാണ് ഏട്ടനെ അറിയിച്ച കാര്യം നിന്നോടിതു വരെ ഞാൻ പറയാതിരുന്നത്.
നിന്നെ എത്രത്തോളം ഏട്ടൻ സ്നേഹിക്കുന്നുണ്ട് എന്ന് നിനക്കറിയില്ല. ഏട്ടൻ നിന്നെ ആണ് സ്നേഹിക്കുന്നത്. നിനക്കൊരു പക്ഷേ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലും ഏട്ടൻ നിന്നെ സ്വീകരിക്കുമായിരുന്നു. അത്രമാത്രം ആ മനസ്സിൽ നീയുണ്ട്. നിന്റെ ഇതുവരെയുള്ള ജീവിതം അതായിരുന്നു എന്റെ ഏട്ടനെ ഒഴിവാക്കാൻ നിന്റെ മനസ്സിൽ ഉണ്ടായിരുന്ന കാരണം. ആ കാരണം ഇപ്പോൾ ഒന്നുമല്ലാതായി തീർന്നിട്ടും, ഇനിയും നീ അതിൽ തന്നെയാ ഉറച്ചു നിൽക്കുന്നതെങ്കിൽ ഞാൻ ഒന്നും പറയുന്നില്ല. ഞാൻ ഫോൺ വെക്കുവാ ”

അത്രയും കേട്ടു കഴിഞ്ഞതും ദേവി തകർന്നു പോയി. ഇന്ന് ഈ കാണുന്ന നിലയിൽ എത്തുന്നതിനു മുന്നേ തന്നെ എല്ലാം മനസ്സിലാക്കി തന്നെ സ്നേഹിച്ച ആളാണ്. എന്നിട്ടും താൻ ഇത്രയുംനാളും അകറ്റി നിർത്തിയിട്ടും ഒന്നും പറഞ്ഞ് തന്നെ വിഷമിപ്പിച്ചില്ല. ഏതൊക്കെ വഴിയിലൂടെയാണ് താൻ കടന്ന് വന്നത്. അതൊക്കെ അറിഞ്ഞതിനു ശേഷവും ആദ്യം തോന്നിയ സ്നേഹം കുറയാതെ കൂടിയതല്ലേ ഉള്ളു. എല്ലാം കൂടി ഓർത്തപ്പോൾ വിഷമം താങ്ങാൻ പറ്റാത്തത് പോലെ തോന്നി അവൾക്ക്.

കട്ടിലിൽ കിടന്ന് കുറേ സമയം കരഞ്ഞു. ആരോ തലോടുന്നത് പോലെ തോന്നിയിട്ടാണ് അവൾ കണ്ണ് തുറന്നത്. നോക്കുമ്പോൾ അമ്മയാണ്.

“എന്തിനാ എന്റെ മോള് കരയുന്നെ. മോൾക്ക് ഇഷ്ടല്ലാ എങ്കിൽ വേണ്ട. എന്റെ മോനും എനിക്കും നിന്നെ കിട്ടാൻ അർഹതയില്ല എന്ന് ഞങ്ങള് വിചാരിച്ചോളാം. ”

പറഞ്ഞ് തീർന്നതും അവള് അമ്മയുടെ വായ പൊത്തി.

“അമ്മ അങ്ങനെ ഒന്നും പറയരുത്. സത്യത്തിൽ അർഹതയില്ലാത്തത് എനിക്കാണ്.
പിന്നെ, എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല . മറിച്ച്, ഒരുപാട് സ്നേഹം എന്റെ മനസ്സിൽ ഉണ്ട്. പക്ഷേ,,, ”

“ആ പക്ഷേ എന്തിനാ എന്നെനിക്കറിയാം. എല്ലാം അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. നിന്നെ ഞങ്ങൾ എല്ലാം അറിഞ്ഞ് കൊണ്ടു തന്നെയാ സ്വന്തം പോലെ കാണുന്നത്. അവന് ജീവനാണ് നിന്നെ. ഒരു പക്ഷേ എന്റെ മോനോട് സമ്മതമല്ല എന്ന് മോള് പറഞ്ഞാൽ അവൻ തളർന്നു പോവും. അതുകൊണ്ടാണ് ഞാൻ തന്നെ ചോദിച്ചത്”

“അമ്മേ,,,
നിങ്ങള് രണ്ടാളും സ്നേഹം കൊണ്ട് എന്നേ തോൽപ്പിച്ചു കളഞ്ഞല്ലോ ”

എന്നും പറഞ്ഞ് ദേവി അമ്മയെ കെട്ടിപ്പിടിച്ചു.
അവളെ അടർത്തി മാറ്റി,

“മോളെ കുറിച്ച് എല്ലാം എനിക്കും അവനും അറിയാം.
പക്ഷേ അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും മോൾക്കറിയില്ല. ”

“ഇനി എന്താ അമ്മേ,
ഒന്നും അറിഞ്ഞില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. എനിക്ക് പൂർണ്ണ സമ്മതമാണ് “.

“ഇപ്പോൾ മോള് തീരുമാനം എടുത്തു കഴിഞ്ഞു അവനുമായുള്ള ബന്ധത്തിന്.
ഇനിയും മോളോട് പറയാതിരിക്കാൻ പറ്റില്ല.
അവനെക്കുറിച്ച്‌ എല്ലാം മോളറിയണം. ”

അതിൽ പ്രധാനപ്പെട്ടത്,
എന്റെ അച്ചു അവൻ, എന്റെ മകനല്ല എന്ന സത്യമാണ്…

തുടരും,,,,,