18/04/2026

നിലാവ് : ഭാഗം 46

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഈ സമയം,,,
“”ഡാ മോനേ,,
നീ ദേവിമോളോട് കാര്യം പറഞ്ഞോ?? “”
അടുക്കളയുടെ വാതിലിലേയ്ക്ക് അവര് വരുന്നുണ്ടോ എന്ന് പരിഭ്രമത്തിൽ നോക്കിക്കൊണ്ട് ഐസക് ചോദിച്ചു .

“”ഇല്ല അച്ചായാ,,,
നിശ്ചയ തിരക്കിനിടയിൽ ഞാൻ പെട്ടന്ന് ഇവിടെ നിന്ന് മാറിയാൽ അവൾക്ക് സംശയം തോന്നും എന്ന് അച്ചായൻ തന്നെയല്ലേ പറഞ്ഞത്. ഞാൻ ഇന്നിങ്ങോട്ട് ഇറങ്ങുന്നതിന് മുൻപും വിളിച്ചു അച്ചായൻ ഏൽപ്പിച്ച ആ പോലീസുകാരെ. അച്ചായൻ പറഞ്ഞതല്ലേ അതുകൊണ്ട് അവരെല്ലാം കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്ക് അവര് ഇന്നലെ എത്തി.
നിശ്ചയത്തിന്റെ അന്ന് വൈകിട്ട് എല്ലാം അവളോട്‌ പറയാം എന്ന് വിചാരിച്ചിരുന്നപ്പോഴല്ലേ,,,,.
ഈ അവസ്ഥയിൽ ഞാൻ എങ്ങനെയാ അവളോടിത് പറയുന്നേ.. എന്തായാലും അവിടെ ഇപ്പോൾ യാതൊരു കുഴപ്പവുമില്ലന്നറിഞ്ഞത് തന്നെ വലിയ സമാധാനം .”””
വേവലാതിയോടെ അർജുൻ പറഞ്ഞു.

“”ഞാൻ കൃത്യ സമയത്ത് തന്നെ എല്ലാം അറിയുന്നുണ്ട്. ഒരു കുറവും അവിടെ ഉണ്ടാകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. “”

“”എന്തായാലും നാളെ ഡോക്ടറെയും കണ്ട്, നാളത്തെ കഴിഞ്ഞ് സൂര്യന്റെ പിറന്നാളും കഴിഞ്ഞ് അവളെയും കൂട്ടി പോകാം. ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം.
അവൾക്ക് രാഘവേട്ടനെ കാണുമ്പോൾ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റിയാൽ മതി എന്നൊരു പ്രാർത്ഥനയെ എനിയ്ക്കുള്ളു അച്ചായാ. “”

പെട്ടന്ന് ദേവി അങ്ങോട്ട് വന്നതും അവര് സംസാരം നിർത്തി.

“”എന്താ രണ്ടാളും കൂടി ഒരു ഗൂഢാലോചന?? മ്മ്മ്മ്മ്മ്?? “”

“”ഒന്നില്ലെന്റെ മോളെ ഓഫിസിലെ ഓരോ കാര്യങ്ങളെ കുറിച്ച് പറയുവാരുന്നു. അതൊക്കെ പോട്ടെ എവിടെ എന്റെ ആനിക്കൊച്ച്?? “”

“”ദേ എല്ലാം റെഡി ആയി. അതുകൊണ്ട് എന്നോട് കൈകഴുകി വന്നിരുന്നോളാൻ പറഞ്ഞു. “”

“””ആഹാ അപ്പോൾ പിടി പിടിയ്ക്കാൻ റെഡി ആയിട്ടിരിയ്ക്കാം അല്ലേ? “”
അർജുൻ അവിടെ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.

“”എന്നാൽ വാ നമുക്കങ്ങോട്ടിരിയ്ക്കാം “”
അതും പറഞ്ഞ് അവരെല്ലാവരും കൂടി ഡൈനിങ് ടേബിളിന് മുന്നിൽ പോയിരുന്നു.

“”ആനിക്കൊച്ചേ,,,
ദേ ഞങ്ങളിരുന്നു കേട്ടോ “”
ഐസക് അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും ആനിയെത്തി അർജുനും, ദേവിയ്ക്കും വിളമ്പി. അത് കണ്ടതും ഐസക് എനിക്കില്ലേ എന്നുള്ള രീതിയിൽ ആനിയെ ഒന്ന് നോക്കി. എവിടെ കണ്ടഭാവമില്ല.
“”ആനിക്കൊച്ചേ എനിയ്ക്കോ?? “”

ഐസക് ചോദിച്ചതും മൈൻഡ് പോലും ചെയ്യാതെ ഐസക്കിനടുത്തേയ്ക്കിരുന്ന് തനിയ്ക്ക് മുന്നിൽ ഒരു പാത്രം എടുത്ത് വെച്ച് അതിലേക്ക് വിളമ്പി.
അവര് മൂന്നാളും ആനിയെ തന്നെ നോക്കിയിരുന്നു.
“”നിങ്ങളെന്താ കഴിക്കാത്തെ?? “”

“”അല്ല അച്ചായന്?? “”
അർജുൻ പമ്മി ചോദിച്ചു.

“”ഇച്ചായനല്ലേ ഇത്,, “”
എന്നും പറഞ്ഞവള് വിളമ്പി വെച്ച പാത്രം ഐസക്കിന് അടുത്തേയ്ക്ക് നീക്കി വെച്ചു. അതിൽ നിന്നും ഐസക് കുറച്ചെടുത്ത് ആനിയ്ക്ക് വായിൽ വെച്ച് കൊടുത്തു. ഇത് കണ്ട് കൊണ്ട് അർജുനും, ദേവിയും അവരെ തന്നെ നോക്കിയിരുന്നു.

“”അതേ,, ഇവിടിങ്ങനെയാ. അതുകൊണ്ട് എന്റെ മക്കള് കഴിക്കാൻ നോക്ക് “”
അവരെ നോക്കിയിരിക്കുന്ന അർജുനോടും, ദേവിയോടും ഐസക് പറഞ്ഞു.

കഴിച്ചു കഴിഞ്ഞും, കുറേ സമയം അവര് അവിടെ സംസാരിച്ചിരുന്നു. വൈകുന്നേരമായപ്പോൾ അവരിറങ്ങി.

“”നാളെ ഡോക്ടറെ കണ്ടിട്ട് എന്തോ പറഞ്ഞെന്ന് ഇങ്ങോട്ട് വിളിച്ചറിയിക്കണേ രണ്ടാളും “”
ഇറങ്ങാൻ തുടങ്ങുന്ന അവരോട് ആനി പറഞ്ഞു.

“”ശെരി ചേച്ചി. “”

അതും പറഞ്ഞ് അവര് പോയി. അവര് പോകുന്നതും നോക്കി അവര് രണ്ടാളും വാതിലിൽ തന്നെ നിന്നു.

“”അവര് കൂടി വന്നപ്പോഴാ നമ്മുടെ ജീവിതത്തിന് ഒരർത്ഥം വന്നത് അല്ലിയോ ഇച്ചായാ “”

“”ആന്നെ,,, “”

💞💞💞

“”അച്ചുവേട്ടാ,,,,
എനിയ്ക്കെന്തോ ഒരു പേടി പോലെ “”
വൈകിട്ട് അർജുന്റെ കരവലയത്തിനുള്ളിൽ ഇരുന്ന് ദേവി പറഞ്ഞു.

“”എന്തിനാ ഇപ്പോൾ ഒരു പേടി നിനക്ക്?? “”

“”ഇതുവരെയും ഞാൻ എപ്പോഴൊക്കെ ഒത്തിരി സന്തോഷിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇരട്ടിയായി ഞാൻ ദുഃഖിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ എല്ലാംകൊണ്ടും ഒരുപാടൊരുപാട് സന്തോഷവതിയാണ്. അതുകൊണ്ട് ഒരു പേടി പോലെ…എപ്പോഴും എന്നെ ഇങ്ങനെ ചേർത്ത് പിടിച്ചോളണേ അച്ചുവേട്ടാ. “”

അവൻ അവളെ ഒന്ന് കൂടി ഇറുക്കി പുൽകി. “”എന്റെ പെണ്ണേ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടല്ലോ. വെറുതെ പേടിച്ച് ബി. പി ഒന്നും കൂട്ടണ്ട. നാളെ നമ്മള് ഡോക്ടറെ കാണുന്നു, തിരിച്ചു വരുംവഴി സൂര്യന് പിറന്നാൾ സമ്മാനം വാങ്ങുന്നു. നാളത്തെ കഴിഞ്ഞ് നമ്മളെല്ലാവരും കൂടി തറവാട്ടിലേക്ക് പോകുന്നു പിറന്നാളാഘോഷിക്കുന്നു. തിരിച്ചു വരുന്നു. എന്നിട്ടും തീർന്നില്ല അടുത്തയാഴ്ച കല്യാണമാ സ്വർണ്ണം, ഡ്രസ്സ്‌ തുടങ്ങി എന്തൊക്കെ ചെയ്യാൻ കിടക്കുന്നു. അതിന്റെ ഇടയിൽ നീ വെറുതെ ഇങ്ങനെ ആവശ്യമില്ലാത്തത് ചിന്തിച്ചു പേടിക്കാതെ. “”

“”അച്ചുവേട്ടൻ ഇങ്ങനെ എന്നെ ചേർത്ത് പിടിയ്ക്കുമ്പോൾ എന്റെ ഭയം ഒക്കെ എവിടെയോ പോയി ഒളിയ്ക്കുന്നത് പോലെ””
അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞിരുന്ന് കൊണ്ട് അവള് പറഞ്ഞു.

“”അതേ കുടന്നുറങ്ങിക്കെ. ഇങ്ങനെ ഉറക്കമൊളിച്ചാൽ എന്റെ കുഞ്ഞ്. “”

“”അയ്യോ അച്ഛന്റെ മോൾക്ക് സുഖാണിവിടെ. അവളിവിടെ സന്തോഷത്തിലാ ഇരിക്കുന്നെ. അതുകൊണ്ട് അതോർത്ത് അച്ചൻ വിഷമിക്കണ്ട. “”

അത് കേട്ടതും അവൻ അവളുടെ വയറിലേയ്ക്ക് ഒന്ന് പതിയെ ചുംബിച്ചു.

“”അച്ഛന്റെ മോൾക്ക് തന്നതാട്ടോ…
വേണമെങ്കിൽ അമ്മയ്ക്കും തരാം. അല്ലെങ്കിൽ ഇനി എനിയ്ക്ക് കിട്ടിയില്ലന്നും പറഞ്ഞ് കരഞ്ഞാലോ “”

അവൻ പറഞ്ഞത് കേട്ടതും അവള് കണ്ണടച്ച് ഉറക്കം നടിച്ചു കിടന്നു.

പിറ്റേന്ന് തന്നെ അവര് ഡോക്ടറെ കണ്ടു. പ്രത്യേകിച്ചു കാര്യമായൊന്നും പറഞ്ഞില്ല.
പിന്നെ അവിടുന്ന് ജ്യൂവലറിയിലേയ്ക്കാണ് വന്നത്.

“”എന്റെ പൊന്ന് ദേവി നീ സമാധാനത്തിൽ നോക്ക്. ഇപ്പോൾ ഈ എടുത്ത് നോക്കിയതെല്ലാം നല്ല മോഡലുകളാണ്. നിനക്കിതൊന്നും മനസ്സിൽ ഇഷ്ടപ്പെടില്ല. കാരണം,,, സൂര്യന് എന്ത് കൊടുത്താലും അത്‌ കുറഞ്ഞു പോയെന്നെ നിനക്ക് തോന്നൂ. അതുകൊണ്ട് ഇതിൽ നിന്ന് ഏതെങ്കിലും എടുക്ക്.”””
മുന്നിൽ കാണുന്ന വളകളും, ചെയ്നുകളും നോക്കി അർജുൻ പറഞ്ഞു.
അവസാനം രണ്ടിൽ നിന്നും ഓരോന്നെടുത്ത ശേഷം, അവര് നേരെ അവന് ഡ്രെസ്സെടുക്കാൻ പോയി.
അവിടെ ചെന്നിട്ടും സ്ഥിതി മറിച്ചായിരുന്നില്ല. ഒടുക്കം കുഞ്ഞ് ആൺകുട്ടുകൾക്കുള്ള ഷർട്ടും, അതിന്റെ കരയുള്ള മുണ്ടും എടുത്തു.
തിരികെ വീട്ടിൽ എത്തുമ്പോൾ എല്ലാവരും അവനായി എടുത്ത സാധനങ്ങൾ ദേവകിയെയും, രേവതിയെയും കാണിയ്ക്കുകയായിരുന്നു.

“”അതേ,,,
ആവശ്യമുള്ളതൊക്കെ എല്ലാവരും രാത്രിയിലെ ചെയ്തു വെച്ചോളണം. രാവിലെ ഇവിടെ കളയാൻ സമയമില്ല. “”
മുകളിലേയ്ക്ക് കയറി പോകുന്ന അർജുനെയും, ദേവിയെയും,
വിഷ്ണുവിനെയും നോക്കി പറഞ്ഞു. ”

“”അതേ എല്ലാവരും നേരത്തേ ഒരുങ്ങിക്കോളണം വൈകി ചെല്ലാൻ പറ്റില്ല.””
കണ്ണന് പിന്നിൽ നിന്നു കൊണ്ട് ഭാമ പറഞ്ഞു.

“”നിന്നോടും കൂടിയാടി ചേച്ചി പറഞ്ഞത്.
നാളെ നേരത്തേ എഴുന്നേറ്റില്ലെങ്കിൽ ഞാൻ ഇവിടെ ഇട്ടിട്ട് പോകും ഉറപ്പാ “”

“”ശെരി…
ആട്ടെ കൊച്ചുതമ്പുരാൻ എന്തിനാണാവോ ഇത്ര തിടുക്കപ്പെട്ട് അങ്ങോട്ട് പോവുന്നെ?? “”
ഭാമ കൈയ്യും കെട്ടി നിന്ന് ചോദിച്ചു.
മുകളിലേയ്ക്ക് കയറി പോകാൻ നിന്നവരെല്ലാം ചിരിച്ചു കൊണ്ട് കയറി പോയി.

“”അ,,, അത്‌ പിന്നെ നമ്മള് താമസിച്ചാൽ അവിടെ അവർക്ക് പിറന്നാളാഘോഷം അത്രയും കൂടി വൈകില്ലേ അതാ ഞാൻ,,, “”

“”മ്മ്മ്മ്മ്മ്,,, വൈകും വൈകും “””

അതും പറഞ്ഞൊന്ന് ആക്കി ചിരിച്ച് ഭാമയും മുകളിലേയ്ക്ക് കയറി പോയി.

പിറ്റേന്ന് വെളുപ്പിന് തന്നെ അവരെല്ലാവരും പുറപ്പെടാൻ ഇറങ്ങി.

“”ഒന്ന് വരുന്നുണ്ടോ നിങ്ങള്..
ഇല്ലെങ്കിൽ ഇവിടെ നിന്നോ ഞാൻ പോകുവാ… “”
ആദ്യമേ ഒരുങ്ങി ഇറങ്ങി കണ്ണൻ ബഹളം വെച്ചു.

“”ഓ വരുന്നെന്റെ പൊന്നളിയാ,,,
ഇങ്ങനെ കിടന്ന് കയറ് പൊട്ടിയ്ക്കല്ലേ “”
പുറത്തേക്കിറങ്ങി വന്ന് കൊണ്ട് അർജുൻ പറഞ്ഞു.

“”ഞാനിന്നലേ പറഞ്ഞതാ എല്ലാത്തിനോടും,,, “”

“”അതേ എല്ലാവരും ഒന്ന് വേഗം വാ.
ഇവിടെയൊരുത്തൻ മരണവെപ്രാളം എടുക്കുന്നു. “”
അർജുൻ അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.

എല്ലാവരും കാറിലേയ്ക്ക് കയറി കണ്ണന്റെ മുഖത്തേയ്ക്കൊന്ന് നോക്കി. അവൻ എല്ലാവരേയും കണ്ണുരുട്ടി കാണിച്ച് കൊടുത്തു.
ശരവേഗത്തിൽ അവിടുന്ന് പാഞ്ഞ കാറ് ദേവിയുടെ തറവാടിന് മുന്നിൽ വന്ന് നിന്നു.
അവിടെ നിന്ന് സൂര്യനെയും എടുത്ത് ഹരി
പുറത്തേയ്ക്ക് വന്നു. ഹരി എന്ന് പറഞ്ഞാൽ ഭദ്രയുടെ (കാർത്തിയേട്ടൻ )…
പക്ഷേ ഹരിയെക്കാളും മുന്നേ സൂര്യൻ അവന്റെ കൈയ്യിൽ നിന്നും ചാടിയിറങ്ങി ദേവിയുടെ അടുത്തേയ്ക്കോടി.

“”ദേവിമ്മേ,,,, “”

“”ദേവിമ്മേടെ പൊന്നേ “”
എന്നും വിളിച്ച് ദേവി കുനിഞ്ഞിരുന്ന് അവനെ ചുംബനങ്ങൾ കൊണ്ട് മൂടി.

“”ഹോ എന്റെ ദേവി നീ വന്നല്ലോ,,,
ഇന്നലെ തൊട്ട് തുടങ്ങിയതാ ദേവിമ്മ വരും, ദേവിമ്മ വരും എന്ന് പറഞ്ഞുള്ള തുള്ളല്. “”
അതും പറഞ്ഞ് ഭദ്ര പുറത്തേക്കിറങ്ങി വന്നു.

അതിനിടയിൽ അകത്തേയ്ക്കൊന്ന് കയറാൻ പറ്റാതെ കണ്ണൻ നിന്ന് ഞെരി പിരി കൊണ്ടു.

“”അതേ,,,
എല്ലാവരും കുറച്ച് നേരത്തേയ്ക്കൊന്ന് സംസാരം നിർത്തി അകത്തേയ്ക്ക് കയറിയ്ക്കെ. ഇവിടെ ഒരാൾക്ക് ഭയങ്കര വിമ്മിഷ്ടം. “”

“”വിമ്മിഷ്ടമോ,, “”
കാര്യം മനസ്സിലായിട്ടും ഒന്നും മനസ്സിലാക്കാത്തത് പോലെ ഭദ്ര ചോദിച്ചു.

“”ശ്വാസം കിട്ടിയില്ലെങ്കിൽ പോലും ഇത്രയും വിമ്മിഷ്ടം കാണില്ല. “”
ഭാമ പറഞ്ഞ് തീർന്നതും എല്ലാവരും കണ്ണനെ നോക്കി.

“”പൊന്ന് ഭാമേച്ചി,,,
ആ തിരുവായ ഒന്നടയ്ക്കുവോ.. “”
അതും പറഞ്ഞവൻ മുഖം കോട്ടി നിന്നു.

“”എല്ലാവരും വന്നകാലിൽ നിൽക്കാതെ അകത്തേയ്ക്ക് കയറി വാ “”
ഹരി അർജുന്റെ അടുത്തേയ്ക്ക് ചെന്ന് പറഞ്ഞു.

ഹരിയും, അർജുനും തമ്മിൽ ഫോണിലൂടെ തന്നെ നല്ല പരിചയത്തിൽ എത്തിയിരുന്നത് കൊണ്ട് ഒരു പരിചയപ്പെടലിന്റെ ആവശ്യം ഇല്ലായിരുന്നു.

എല്ലാവരും അകത്തേയ്ക്ക് ചെന്നു. ഭാമയും, ദേവിയും ഭദ്രയുടെയും അമ്മമാരുടെയും അടുത്തേയ്ക്ക് ചെന്ന് നിന്നു. എല്ലാവരും പൊതുകാര്യങ്ങളും പറഞ്ഞ് ഹാളിൽ തന്നെ ഇരുന്നു.വന്നിട്ടിത്ര നേരമായിട്ടും ദേവൂനെ കാണാതെ കണ്ണൻ മുകളിലേയ്ക്ക് കയറി ചെന്നു.
ചെല്ലുമ്പോഴുണ്ട് കണ്ണാടിക്ക് മുന്നിൽ രണ്ട് ചുരിദാറും പിടിച്ച് ഏത് ചേരും എന്ന സംശയത്തിൽ ദേവു നിൽക്കുന്നു. കണ്ണൻ അവൾക്കടുത്തേയ്ക്ക് ചെന്നു.

“”ഡീ,,,,, “”
അവൻ ഉച്ചത്തിൽ വിളിച്ചു.

അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.

“”മനുഷ്യനിവിടെ ഒന്ന് കാണാൻ വെപ്രാളം പിടിച്ച്, എല്ലാവരുടെയും കളിയാക്കും സഹിച്ച് വന്നപ്പോൾ നീ ഇവിടെ നിന്ന് ഭംഗി നോക്കി കളിയ്ക്കുന്നോ… ഒരുങ്ങിയിട്ടെന്താ സൗന്ദര്യ മത്സരത്തിന് പോകുന്നോ? അതോ നിന്നെ പെണ്ണ് കാണാൻ വല്ലവരും വരാന്ന് പറഞ്ഞിട്ടുണ്ടോ?? “”
ഉള്ളിൽ അത്രയും സമയം അടക്കി വെച്ചത് മുഴുവൻ അവനിൽ നിന്നും ദേഷ്യമായി പുറത്തേയ്ക്ക് വന്നു.

“”അത്‌ പിന്നെ ഞാൻ കണ്ണേട്ടൻ വരുമ്പോഴേക്കും ഒരുങ്ങി സുന്ദരിയായി നിൽക്കാൻ വേണ്ടി പുതിയ ചുരിദാർ ഏതാ നല്ലതെന്ന് നോക്കിയതാ “”
നിറഞ്ഞു വന്ന കണ്ണുനീരിനെ അവനിൽ നിന്നും മറച്ച് അവള് പറഞ്ഞു.

“”എങ്കിൽ നിനക്കിച്ചിരി നേരത്തെ എഴുന്നേറ്റൂടായിരുന്നോ?? “”
ഗൗരവം ഒട്ടും വിടാതെ തന്നെ അവൻ ചോദിച്ചു.

“”അത്‌,,,,
ഞാൻ നേരത്തെ എഴുന്നേൽക്കണം എന്ന് കരുതി തന്നെയാ കിടന്നേ. പക്ഷേ,, “”
അത്രയും പറഞ്ഞതും അവള് കരഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു..

“”അയ്യേ,,,
കണ്ണേട്ടന്റെ ദേവു കരയുവാ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. ഒന്ന് കാണാൻ ഓടി വന്നപ്പോൾ കാണാൻ പറ്റാഞ്ഞതിന്റെ വിഷമത്തിൽ പറഞ്ഞതല്ലേ. ഞാനോർത്തത് വരുമ്പോൾ നീ വാതിലിൽ കാണും എന്നാ. പക്ഷേ അവിടെ കണ്ടില്ല. പിന്നെ എല്ലാവരുടെയും കളിയാക്കൽ. എല്ലാം കൂടി ആയപ്പോൾ പറ്റിപ്പോയി. ക്ഷമിയ്ക്ക്. “”
അപ്പഴേക്കും അവള് തിരിഞ്ഞ് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞിരുന്നു.

“”പോ ഞാൻ മിണ്ടില്ല കണ്ണേട്ടനോട് “”

“”അങ്ങനെ പറയല്ലേ. ന്റെ ദേവു ഒന്ന് ക്ഷമിക്ക്. “”
അതും പറഞ്ഞ് തന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ മുഖം ഉയർത്തി അവൻ ആ കണ്ണുകളിൽ തന്റെ ചുണ്ട് പതിപ്പിച്ചു.

പെട്ടെന്ന് വാതിലും തുറന്ന്,,,
ഒന്നാക്കി ചുമച്ച് കൊണ്ട് ഭാമ അങ്ങോട്ട് വന്നു.

തുടരും,,,,