21/04/2026

പ്രണയിനി : ഭാഗം 30

രചന – ഗംഗ ശലഭം

ഒടുവിൽ വർമ്മയുടെ ബിസിനസ് സാമ്രാജ്യം സാരംഗിയ്ക്ക് മാത്രമായി കിട്ടണമെന്ന വാശി അച്ഛനിൽ ഉടലെടുത്തു. എനിക്കും അതായിരുന്നു വേണ്ടത്. ആശിച്ചത് നടത്താൻ അച്ഛൻ ഏതറ്റം വരെയും പോകുമെന്ന് ആരെക്കാളും നന്നായി എനിക്കാണല്ലോ അറിയുന്നത്?

അങ്ങനെ ആരും അറിയാതെ വർമ്മയെയും സായിയെയും ഇല്ലാതാക്കാൻ തന്നെ അച്ഛൻ തീരുമാനിച്ചു. അതിന് വേണ്ടുന്ന എല്ലാ സോഴ്‌സും അച്ഛനന്നുണ്ടായിരുന്നു.

വർമ്മയുടെയും സായിയുടെയും ഒപ്പം സാരംഗിയെ കൂടെ ചേർത്ത് വച്ചത് ഞാനാണ്. അച്ഛൻ പോലും അറിയാതെ…..! വർമ്മയുടെ ബിസിനസ് സാമ്രാജ്യം സ്വന്തമാക്കുക എന്നതിനേക്കാൾ എന്റെ ആവശ്യം സാരംഗിയുടെ മരണമായിരുന്നു.

അച്ഛൻ വിദഗ്ധമായൊരു പ്ലാൻ തയാറാക്കി. അത് നടപ്പിലാക്കാൻ സ്റ്റീഫനെ ഏൽപ്പിച്ചു. സായിയോടൊപ്പം ഞാനും സാരംഗിയും ബാംഗ്ലൂർക്ക് പോയി. മോളെ തറവാട്ടിൽ തന്നെ നിർത്തി. സായിയും സാരംഗിയും വർമ്മയും ഇല്ലാതായിക്കഴിഞ്ഞ് വർമ്മയുടെ സ്വത്തുക്കൾ എന്റെ പക്കൽ എത്തണമെങ്കിൽ സാരംഗിയുടെ കുഞ്ഞ് ജീവനോടെ ഉണ്ടാകണമല്ലോ? അതിനേക്കാൾ അവൾ എന്റെ ചോരയല്ലേ? അവളെ ഇല്ലാതാക്കാൻ എന്റെ മനസ്സ് അനുവദിക്കുമോ?

അന്ന്…
സാരംഗിയും പ്രഭാകരവർമ്മയും അച്ഛന്റെ പ്ലാൻ പ്രകാരം ഉണ്ടായ ആ ആക്‌സിഡന്റിൽ മരണപ്പെട്ട ദിവസം….

***********

“ശ്രീ വരുന്നില്ലേ?”

അലസമായി ബെഡിൽ ഇരിക്കുന്നവനരികിലേക്ക് വന്നു നിന്ന് സാരംഗി ചോദിച്ചു.

” വയ്യെടോ… നല്ല തലവേദന. മൈഗ്രൈൻ തുടങ്ങി എന്നാ തോന്നുന്നേ….”

ശ്രീനാഥ് നെറ്റിയിൽ അമർത്തി പിടിച്ചു കൊണ്ട് മുഖം ചുളിച്ചു.

” നമുക്ക് പോകുന്ന വഴി ഹോസ്പിറ്റലിൽ കാണിക്കാടോ…. സായി തിരികെ വന്നതിന്റെ സന്തോഷത്തിലാണ് അച്ഛൻ ഇന്ന് ഇങ്ങനെ ഒരു ഫങ്ക്ഷൻ അറേഞ്ച് ചെയ്തത്. അതിനൊപ്പം നമ്മുടെ പുതിയ ബിസിനസ് ലോഞ്ചിന്റെ കാര്യവും അന്നൗൺസ് ചെയ്യുന്നുണ്ട്. താൻ ഇല്ലേൽ എനിക്കത് വിഷമമാകും ശ്രീ….”

സാരംഗി ശ്രീനാഥിന് അരികിലായി ഇരുന്ന് അവന്റെ കരം കവർന്നു.

” പ്ലീസ് സാരൂ…. ഐ കാണ്ട്…. എനിക്ക് വയ്യെടോ… അവിടെ വന്നാലും എനിക്കൊന്നും എൻജോയ് ചെയ്യാൻ പറ്റില്ല. എന്നെ ഒന്ന് ഒഴിവാക്കിത്താ….”

അസഹ്യമായ വേദന കൊണ്ടെന്ന പോലെ ശ്രീനാഥ് മുഖം ചുളിച്ചു പറഞ്ഞപ്പോൾ സാരംഗി ഒന്ന് നിശ്വസിച്ചു.

” ഓക്കേ…. റസ്റ്റ്‌ എടുക്ക്… എന്തുണ്ടെങ്കിലും വിളിക്കണം.”

ഒരു പുഞ്ചിരിയോടെ അവനെ പുണർന്ന്
നെറുകയിൽ മുത്തി സാരംഗി പോകാനായി എഴുന്നേറ്റു.

താഴെ കാർ സ്റ്റാർട്ട്‌ ആകുന്നതും അകന്ന് പോകുന്നതും ശ്രീനാഥ് മുറിയ്ക്കുള്ളിൽ ഇരുന്ന് അറിഞ്ഞു. ടേബിളിന് മുകളിലിരുന്ന മൊബൈൽ കയ്യെത്തിച്ചെടുത്ത് ശ്രീനാഥ് ദേവനെ വിളിച്ചു.

” അവരിവിടുന്ന് ഇറങ്ങി….
വർമ്മയും സായിയും മാത്രമേ ഉള്ളൂ….. സാരംഗി മറ്റൊരു കാറിലാണ്.”

ശ്രീനാഥ് ദേവനെ തെറ്റിദ്ധരിപ്പിച്ചു.

ദേവനുമായുള്ള കാൾ അവസാനിപ്പിച്ച ശേഷം ഒരുന്മാദിയെപ്പോലെ അവൻ പൊട്ടിച്ചിരിച്ചു. ഉള്ളിൽ സന്തോഷം നിറഞ്ഞു തുളുമ്പി പുറത്തേയ്ക്ക് ഒഴുകുന്നത് പോലെ… സാരംഗി അവസാനിച്ചാൽ അവിടെ, തന്നിൽ നിന്നും ഒരിക്കൽ അകന്ന് പോയ പ്രണയത്തെ വീണ്ടും എത്തിപിടിക്കാനുള്ള വഴി തുറക്കുകയാണ്. ശ്രീനാഥ് കണ്ണുകൾ ഇറുക്കെ മൂടി.

പ്രണയം….
അതൊരു ലഹരി പോലെ തന്നെ മത്ത് പിടിപ്പിക്കുന്നുണ്ടിപ്പോൾ….
പരസ്പരം പ്രണയിച്ചിരുന്നപ്പോൾ പോലും അവളെക്കുറിച്ചുള്ള ചിന്തകൾ ഇത്രയേറെ തന്നെ ഉന്മത്തനാക്കിയിരുന്നില്ല എന്നവന് തോന്നി.
അല്ലെങ്കിലും കിട്ടില്ല എന്ന് തോന്നുന്നത് നേടിയെടുക്കുമ്പോഴാണല്ലോ അതിന് മധുരം കൂടുന്നത്?

അവളിലേയ്ക്കെത്താൻ തന്റെ മുന്നിൽ നിൽക്കുന്ന ഏറ്റവും വലിയ തടസ്സം… സാരംഗി…
അത് ഇന്ന് കൊണ്ട് അവസാനിക്കും….!

ഉള്ളിലെ സന്തോഷം പുറത്തേക്ക് ഒഴുകാൻ വെമ്പൽ കൊള്ളുന്നത് പോലെ… ആരോടെങ്കിലും ഒന്നു പറഞ്ഞില്ലെങ്കിൽ സന്തോഷം കൊണ്ട് ഭ്രാന്ത് പിടിക്കുമെന്ന തോന്നൽ….
ഒട്ടും മടിക്കാതെ മൊബൈൽ എടുത്ത് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ അടുത്ത സുഹൃത്ത് ആനന്ദിനെ വിളിച്ച് ഉള്ളിലെ സന്തോഷം പങ്ക് വച്ചു ശ്രീനാഥ്.

ശ്രീനാഥിന്റെ പ്രണയത്തിൽ തുടങ്ങി, വർമ്മയുടെയും സാരംഗിയുടെയും കൊലപാതകം പ്ലാൻ ചെയ്തതിലൂടെ കടന്ന് സംസാരം മാധവൻ തമ്പിയിൽ എത്തി നിന്നു.

ഇടയ്ക്ക് സ്റ്റീഫന്റെ കാൾ വെയ്റ്റിംഗ് കണ്ട് ആനന്ദിനോട് ബൈ പറഞ്ഞ് ശ്രീനാഥ് കാൾ കട്ട് ചെയ്തു.

“എന്റെ ഫ്രണ്ട് ഇർഷാദ് അങ്ങോട്ട് വരുന്നുണ്ട്. ഫോണിൽ പറയാൻ പറ്റാത്ത ചിലതൊക്കെ സംസാരിക്കാൻ. അവനിപ്പോ നിങ്ങളെ വിളിക്കും.”

“ഏല്പിച്ച കാര്യം എന്തായി?”

“അര മണിക്കൂറിനുള്ളിൽ ആ സന്തോഷവാർത്ത നിങ്ങളുടെ കാതിൽ എത്തും.”

കൂടുതൽ ഒന്നും പറയാതെ സ്റ്റീഫൻ കാൾ അവസാനിപ്പിച്ചു.

തുടർന്ന് മുറിക്ക് പുറത്തേക്കിറങ്ങാൻ ശ്രമിച്ച ശ്രീനാഥിന് ഡോർ തുറക്കാനായില്ല. മുറി പൂട്ടിയിട്ടില്ല. പുറത്ത് നിന്നാരോ ലാച്ച് ഇട്ടിരിക്കുകയാണ്. സായിയും സാരംഗിയും വർമ്മയും ഇവിടെ ഇല്ല. പിന്നെ ആരാണ് ഇത് ചെയ്തത്?

ആലോചിച്ചു നിൽക്കവേ ഇർഷാദിന്റെ കാൾ ശ്രീനാഥിനെ തേടിയെത്തി.

അല്പ സമയത്തിന് ശേഷം ഡോർ തുറന്ന് ഇർഷാദ് മുറിക്ക് ഉള്ളിലേക്ക് കടന്ന് വന്നു.
സെക്യൂരിറ്റിയെ ശ്രീനാഥ് ഇതിനോടകം വശത്താക്കിയിരുന്നത് കൊണ്ട് ഇർഷാദിന് വീടിനുള്ളിൽ കടക്കാൻ പ്രയാസം ഉണ്ടായില്ല.

“നീ പുറത്ത് ആരെയെങ്കിലും കണ്ടോ?”

ശ്രീനാഥ് ഇർഷാദിനോട് ആരാഞ്ഞു.

” ഇല്ല. സാർ പറഞ്ഞത് കൊണ്ട് സൂക്ഷിച്ചാണ് ഞാൻ അകത്തു കയറിയത്. പക്ഷെ, അടുത്ത മുറിയിൽ ആരോ ഉണ്ടെന്ന് തോന്നി. ഈ മുറിയുടെ ഡോർ പുറത്തു നിന്നും ലാച്ച് ചെയ്തിരുന്നു. ഞാൻ അത് കൊണ്ട് ആകെ കൺഫ്യൂഷൻ ആയിപ്പോയി.”

ഇർഷാദ് പറഞ്ഞു.

ശ്രീനാഥ് ഇർഷാദിനെയും കൂട്ടി റൂമിന് പുറത്തിറങ്ങി. അടുത്ത മുറിയിൽ നിന്നും ആരുടെയോ അടക്കിപ്പിടിച്ച സംസാരം കേട്ടു. ജാഗ്രതയോടെ ശ്രീനാഥ് ആ മുറിയുടെ ചാരിക്കിടന്ന വാതിൽ പതിയെ തുറന്നു.

“സായി…”

മുറിക്കുള്ളിൽ ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുന്ന സായിയെക്കണ്ട് അയാൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ശ്രീനാഥിനെക്കണ്ട് സായിയിലും ഞെട്ടൽ ഉണ്ടായി.

ശ്രീനാഥ് എന്തെങ്കിലും ചെയ്യും മുന്നേ സായി അവനെ ആക്രമിച്ചു. ശ്രീനാഥ് പ്രതീക്ഷിച്ചതിലും കായികബലം ഉണ്ടായിരുന്നു സായിക്ക്. അവൻ ഇരുവരോടും എതിർത്തു നിന്നു. കുറച്ചധികം പ്രയാസപ്പെട്ടു എങ്കിലും ഇരുവരും ചേർന്ന് ഒടുവിൽ സായിയെ കീഴടക്കുക തന്നെ ചെയ്തു.

വായിൽ ടേപ്പ് ഒട്ടിച്ച് കൈകാലുകൾ ബന്ധിച്ച് ഇർഷാദിന്റെ വാഹനത്തിൽ അവർ സായിയെ സ്റ്റീഫന്റെ രഹസ്യ സംഗേദത്തിൽ എത്തിച്ചു. അപ്പോഴേക്കും ശ്രീനാഥ് കാത്തിരുന്ന വാർത്ത ഫോൺ കാളിന്റെ രൂപത്തിൽ അവന്റെ ചെവിയിൽ എത്തിയിരുന്നു.

ശക്തമായ അടിയൊഴുക്കുള്ള പുഴയുടെ കുറുകെയുള്ള പാലത്തിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്ന് പോയി. കാറിനുള്ളിൽ ഉണ്ടായിരുന്നവരെല്ലാം തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നേ മരണപ്പെട്ടിരുന്നു. വർമ്മയും സാരംഗിയും വർമ്മയുടെ അടുത്ത സുഹൃത്തും അദ്ദേഹത്തിന്റെ മരുമകളും അവരുടെ മകളും… അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നത് വർമ്മയുടെ സുഹൃത്താണ്.

അഞ്ചു മൃതദേഹങ്ങൾ മോർച്ചറിയിൽ മരവിച്ചു കിടക്കുമ്പോൾ, ഭാര്യയുടെയും ഭാര്യാപിതാവിന്റെയും വിയോഗം സഹിക്കാനാവാതെയെന്ന പോൽ അലറികരഞ്ഞ് അഭിനയിച്ചു തകർക്കുകയായിരുന്നു ശ്രീനാഥ്…!

**********