19/04/2026

നിലാവ് : ഭാഗം 23

രചന – അരുന്ധതി

‍‍‍‍‍‍ ” എനിയ്ക്ക് വിഷമം വന്നില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും.
പക്ഷേ, അച്ചുവേട്ടൻ അയാളോട് പറഞ്ഞ ഓരോ വാക്കുകളും ആ നോവിന്റെ അളവ് കുറച്ചു. കഷ്ടപ്പെട്ട് നേടിയ ജോലി പോലും വേണമെങ്കിൽ എനിക്ക് വേണ്ടി ഉപേക്ഷിക്കും എന്ന് പറഞ്ഞപ്പോൾ ”

അത്രയും പറഞ്ഞതും അവൾ അവനെ ഇറുക്കെ വലിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു.

” ഇത്രയും ആയ സ്ഥിതിക്ക് അവന് കിട്ടാനുള്ളത് കിട്ടിയിരിക്കും. ”

പറഞ്ഞത് കേട്ട ഉടനെ അവൾ അവനിൽ നിന്നും അടർന്നു മാറി.

” വേണ്ട അച്ചുവേട്ടാ,
ഇനി ഒരു പ്രശ്നത്തിനും പോകണ്ട. എനിക്ക് പേടിയാ. ”

അവള് പറഞ്ഞ് കേട്ടതും ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി.
” അതിന് ഞാൻ എന്തെങ്കിലും ചെയ്യാൻ പോകുവാണെന്നു നിന്നോട് പറഞ്ഞോ ”

പിന്നെങ്ങനെ എന്ന ചോദ്യ ഭാവത്തിൽ അവൾ അവന് നേരെ മുഖം ചുളിച്ചു.

” ഡീ പൊട്ടിക്കാളി,,,
എല്ലാം കണ്ട് കൊണ്ട് ശേഖറിനെ ഒന്നും ചെയ്യാതെ എന്റെ അടുത്ത് നിന്ന മറ്റൊരാളെ നീ മറന്നോ?
എന്റെ അളിയനെ ”

” എന്റെ ദൈവമേ,,,,
ആ കാര്യം ഞാൻ ഓർത്തെ ഇല്ല. ”

” അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്. അത് അന്നേരത്തെ അവന്റെ നോട്ടത്തിൽ നിന്ന് എനിക്ക് മനസ്സിലായതാ. ”

അതും കൂടി കേട്ട് കഴിഞ്ഞതും ദേവിയുടെ മുഖത്ത് ഭയം നിഴലിച്ചു.

” അച്ചുവേട്ടാ,
പ്ലീസ്. അച്ചുവേട്ടൻ പറഞ്ഞാൽ അവൻ അനുസരിക്കും… ”

” ഡീ ,,, അവന്റെ പെങ്ങളെ അവന്റെ മുന്നിൽ വെച്ച് അനാവശ്യം പറഞ്ഞതിന് അവൻ പ്രതികരിക്കും. കാരണം അവൻ തന്റേടമുള്ള, നട്ടെല്ലുള്ള ഒരാണാ. അതുകൊണ്ട് അതിൽ നിന്നും ഞാനവനെ തടയില്ല. ”
പറഞ്ഞ് തീർന്നതും അർജുൻ എഴുന്നേറ്റ് താഴേക്ക് പോയി.
ഒരുപാട് കരഞ്ഞത് കൊണ്ട് ദേവിക്ക് തല പൊട്ടി പോകും പോലെ തലവേദന എടുത്തു. അതുകൊണ്ട് ഒന്നുറങ്ങി സന്ധ്യ കഴിഞ്ഞപ്പോൾ അവള് എഴുന്നേറ്റ് താഴേക്കിറങ്ങി വന്നു.

വരുമ്പോൾ അമ്മ അടുക്കളയിലായിരുന്നു , ഭാമ ഹാളിൽ സീരിയൽ കാണുന്ന തിരക്കിലും.

” അതേ നവീൻ എവിടെ? ”
അവളുടെ ചോദ്യത്തിന് ഉത്തരം പറയാതെ ഭാമ സീരിയൽ നോക്കിയിരുന്നു.

” ഡീ,, അവനെവിടെ എന്നല്ലേ നിന്നോട് ചോദിച്ചേ ”
ഭാമയുടെ തലയിലേക്ക് സോഫയിൽ കിടന്ന തലയിണ എടുത്തെറിഞ്ഞു കൊണ്ടാണ് അവളത് ചോദിച്ചത്.

” എന്തുവാടി മനുഷ്യനെ സ്വസ്ഥമായി ഇരുന്ന് സീരിയൽ കാണാനും സമ്മതിക്കില്ലേ? ”

” ചെവി കേൾക്കാൻ വയ്യേ നിനക്ക്. എത്ര തവണ വിളിച്ചു. ”

” ഒന്ന് പോകുന്നുണ്ടോ മനുഷ്യനെ ശല്യപ്പെടുത്താതെ ആ അനുമോള് ഇപ്പോൾ പദ്മിനി മാഡത്തോട് തംബുരുവിന്റെ കാര്യം പറയും ഞാൻ അത് കേൾക്കാൻ ഇരിക്കുവാ. ”

” അവൾടെ ഒരു തംബുരുവും, വീണയും, മാടനും,,,, ഇങ്ങോട്ട് താടി റിമോട്ട്. ”
എന്നും പറഞ്ഞ് റിമോട്ട് തട്ടിപ്പറിച്ച് ചാനൽ മാറ്റി.

” കഷ്ടം ഉണ്ട് കേട്ടോ,,
ഞാൻ കാത്തു കാത്തിരുന്ന ഭാഗവാ.. നീ റിമോട്ട് താ എന്റെ പൊന്ന് ദേവിയല്ലേ ”

” ശെരി,,, തരാം,,
എങ്കിൽ പറ അവനും, അച്ചുവേട്ടനും എവിടെ .??? ”

” അവൻ നമ്മള് വന്നു കേറി കുറച്ച് കഴിഞ്ഞപ്പോൾ പുറത്തേക്ക് പോയതാ. ഇതുവരെ ലാൻഡ് ചെയ്തിട്ടില്ല.
പിന്നെ ഏട്ടൻ ദാ പുറത്ത് നിൽക്കുന്നുണ്ട്.
ഇത്രയും കേട്ടാൽ മതിയല്ലോ ഇനിയെങ്കിലും ആ റിമോട്ട് ഒന്ന് താ . ”

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് തീർത്ത് ഭാമ വേഗം ദേവിയുടെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി ചാനെൽ മാറ്റി.

ദേവി അച്ചുവേട്ടാന്നും വിളിച്ച് പുറത്തേക്കിറങ്ങിയതും നവീൻ വന്ന് ബൈക്ക് നിർത്തി.

” ഓ വന്നോ കൊച്ച് തമ്പുരാൻ, എവിടെ പോയതാണോ ആവോ? ”
അവളുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ അവൻ അർജുനെ നോക്കിയൊന്ന് ചിരിച്ചു.

” ഇതെന്താ രണ്ടും വല്ല ക്ലോസപ്പിന്റെ പരസ്യത്തിനും പോകുന്നുണ്ടോ ഇങ്ങനെ മുപ്പത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചോണ്ട് നിൽക്കുന്നു. ”

ദേവി ചോദിച്ചതും അർജുന്റെ ഫോൺ ബെല്ലടിച്ചു.
ഫോൺ എടുത്തതും മറു വശത്ത് നിന്നും,,,
” ഹലോ,,
ഗുഡ് ഈവെനിംഗ് സർ,,, ”

” ഗുഡ് ഈവെനിംഗ്,,,”

” സർ,,,
ശേഖർ സാറിന് ഒരപകടം ബൈക്കിൽ നിന്ന് വീണതാ. ദേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തേക്കുവാ. ”

” അയ്യോ,,,
ആണൊ ബൈക്കിൽ നിന്ന് വീണതാണോ, ഒത്തിരി പരിക്കൊന്നും ഇല്ലല്ലോ അല്ലേ,,, ”

” പുറമേ പരിക്കുകളൊന്നും ഇല്ലാ സർ,
ശരീരം മുഴുവൻ ചതവുണ്ട് എന്നാ അറിഞ്ഞേ,,, നല്ല അപകടം ആയിരുന്നു അതല്ലേ. പിന്നെ ഭാഗ്യം ജീവന് ആപത്തൊന്നും ഇല്ലാ. ”

” എങ്കിൽ ശെരി എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്. ”

” ശെരി സർ,, ”

ഫോൺ കട്ടാക്കിയതും ദേവിയുടെ മുഖത്ത് മുഴുവൻ ചോദ്യ ചിഹ്നങ്ങളായിരുന്നു.

” ശേഖറിന് ഒരപകടം.
ബൈക്കിൽ നിന്ന് വീണതാ എന്നാ പറഞ്ഞെ,,, ”
അതും പറഞ്ഞ് അർജുൻ, നവീനുമായി അകത്തേക്ക് നടക്കാനൊരുങ്ങി.

” അതേ,,,
അളിയനും, അളിയനും ഒന്ന് നിന്നെ,,
ആ ശേഖറിന് എന്ത് പറ്റിയെന്നാ പറഞ്ഞെ,,,”

” അതെന്താ ദേവി നിന്നോട് ഇപ്പോഴല്ലേ ഞാൻ ബൈക്ക് അപകടം എന്ന് പറഞ്ഞത്.”

” അതേ,, അളിയൻ ഇപ്പോൾ പറഞ്ഞ് നിർത്തിയതല്ലേ ഉള്ളൂ,,, ”
അർജുനെ സപ്പോർട്ട് ചെയ്ത് നവീനും പറഞ്ഞു.

” രണ്ടാളും ഒത്തിരി അങ്ങ് അഭിനയിക്കല്ലേ,,,
കൃത്യമായി ഇന്ന് തന്നെ അപകടം നടന്നു എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ”

” ഹാ, ഇത് നല്ല കൂത്ത്,,
പിന്നെ അപകടം വരുമ്പോൾ ചെണ്ട കൊട്ടി അറിയിച്ചിട്ടാണോ വരുന്നത്,,
ഇവൾക്കിതെന്താ പറ്റിയത്,,,
നീ വാ അളിയാ,, നമുക്ക് പോയി രണ്ട് ചായ കുടിക്കാം. അമ്മ നല്ല ചൂട് പഴംപൊരി ഉണ്ടാക്കിയിട്ടുണ്ട്… വാ…. ”
ഒരമ്മ പെറ്റതു പോലെയുള്ള ആ പോക്കും നോക്കി എളിക്ക് കയ്യും കൊടുത്ത് ദേവി നിന്നിടത്ത് തന്നെ നിന്നു.

പിന്നെ എല്ലാവരും കൂടി സംസാരിച്ചും, കളി പറഞ്ഞും ഒക്കെ ഇരുന്നു,
അപ്പോഴെല്ലാം ദേവിയുടെ മുഖം കടന്നൽ കുത്തിയത് പോലെ ആയിരുന്നു.

” വാ എല്ലാവരും വന്നേ കഴിക്കാൻ ഇരിക്കാം… ”
അടുക്കളയിൽ നിന്നും ടേബിളിലേക്ക് എല്ലാം എടുത്ത് വെക്കുന്ന വഴിക്ക് ദേവകിയമ്മ പറഞ്ഞു.

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ദേവിയുടെ മുഖത്ത് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ആരും കാണാതെ ഇടക്ക് അർജുൻ കാല് കൊണ്ട് അവളുടെ കാലിനിട്ട് തട്ടുന്നുണ്ടോ. അപ്പോൾ ഒരു ദഹിപ്പിക്കുന്ന നോട്ടമുണ്ട്. എന്നാലും പിന്നെയും ഇത് തന്നെ….
എല്ലാവരും കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റു.

” അളിയാ,, ഇത് പണിയാ,,, അവള് മുട്ടൻ കലിപ്പാ… ”
കൈ കഴുകി വരുന്ന നവീനെ പിടിച്ച് നിർത്തി അർജുൻ പറഞ്ഞു.

” അതേ,,
അളിയൻ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും,,, ”

” ഓഹോ,, ടാ നീയും എന്നെ കൈവിട്ടു അല്ലേ,,, ആയിക്കോട്ടെ,, ”
ഇങ്ങനെ അവര് തമ്മിൽ പറഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് അടുക്കളയിലെ പണിയെല്ലാം കഴിഞ്ഞ് ദേവി മുറിയിലേക്ക് പോകാൻ വന്നത്. അവിടെ നിന്ന് സംസാരിക്കുന്ന രണ്ടാളെയും ശ്രദ്ധിക്കാതെ അവള് മുറിയിലേക്ക് കയറി പോയി.

” അളിയാ,
നീ കണ്ടോ അവളുടെ മുഖം ഇരിക്കുന്നത്…”

” അതേ ശെരിയാ,,,
എന്തായാലും അളിയൻ ചെല്ല് ഞാൻ പോയി ഒന്ന് കിടക്കട്ടെ ഭയങ്കര ക്ഷീണം…. ”
ഒന്ന് ഞെളിഞ്ഞു കൊണ്ട് അവനത് പറയവെ അർജുന്റെ മുഖം സങ്കടം വന്നിരിക്കുന്ന അംഗനവാടി കുട്ടികളുടെ പോലെ ആയി…

” ക്ഷീണം കാണും, അതുകൊണ്ടാണല്ലോ ഞാനിപ്പോൾ ഇങ്ങനെ കിടന്ന് ഉരുകുന്നത്,,,”

” അപ്പോൾ ശെരി പോട്ടെ അളിയാ,,
നാളെ അളിയന് ജീവനുണ്ടെങ്കിൽ കാണാം…”
പറഞ്ഞു തീർന്നതും, അർജുൻ എന്തെങ്കിലും പറയും മുൻപേ തന്നെ അവൻ എസ്‌കേപ്പ് ഫ്രം ഉഗാണ്ട ആയി.

” നിന്നെ ഞാൻ എടുത്തോളാം,,, ”
എന്നും പറഞ്ഞ് അവൻ പോയ വഴിയും, മുറിയിലേക്കുള്ള വഴിയും നോക്കി കുറച്ച് സമയം നിന്നു. എന്നിട്ട് പതിയെ മുകളിലേക്ക് നടന്നു. ”

പതിയെ ചെന്ന് കതക് തുറക്കുമ്പോൾ, കട്ടിലിൽ കിടക്കുകയാണ് ദേവി. അവൻ പതിയെ ആകത്തു കേറി വാതിലടച്ചു.
ശബ്ദം കേട്ടതും അവള് മുഖം ചെരിച്ച് കിടന്നു.

” ദേവീ,, ”
പതിയെ അവളെ വിളിച്ച് നോക്കി… യാതൊരു അനക്കവുമില്ല.

” ദേവീ,,,”
പതിയെ അവളുടെ അടുത്തിരുന്ന് തോളിൽ പിടിച്ച് കൊണ്ട് വിളിച്ചു.

കൈ തട്ടി മാറ്റിയതല്ലാതെ ഒരു മൈൻഡും ഇല്ലാ.

ഇത് നടക്കില്ല,, എന്ന് മനസ്സിൽ പറഞ്ഞ് രണ്ടും കല്പിച്ചവൻ അവളെ തിരിച്ചു കിടത്തി. എത്ര ശ്രമിച്ചിട്ടും മുഖം കാണിക്കാതെ അവള് ബലം പിടിച്ച് തന്നെ കിടന്നു. അവള് ബലം പിടിക്കുന്നതനുസരിച്ച് അവൻ കൂടുതൽ ശക്തിയിൽ അവളെ തിരിച്ചു കിടത്താൻ ശ്രമിച്ചു. അങ്ങനെ അവൻ ഒരു കൈ അവളുടെ ഒരു വശത്തായി കുത്തിക്കൊണ്ട് മറ്റെ കൈ കൊണ്ട് അവളെ തിരിച്ചു കിടത്താൻ നോക്കി. ആ നീക്കം പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് അവള് തിരിഞ്ഞതും അവളുടെ മെത്തേക്ക് വീഴാതിരിക്കാൻ അവൻ അവളുടെ അടുത്ത വശത്തേക്കും കൈ കുത്തി.
ഇപ്പോൾ അവന്റെ കര വലയത്തിനുള്ളിലാണ് അവള്. അത്രയും അടുത്ത് അവനെ കണ്ടതും അവളുടെ ശ്വാസഗതി മാറിത്തുടങ്ങി, . അവളെ അത്രയും അടുത്ത് കാൺകെ അവനിൽ പ്രണയത്തിന്റെ ഇതുവരെയില്ലാത്ത പല ഭാവങ്ങളും ഉടലെടുത്തു.

പെട്ടെന്ന്, അവൻ അവളിൽ നിന്നും അടർന്നു മാറി… കട്ടിലിൽ ഇരുന്നു. അവളും എഴുന്നേറ്റ് അവന്റെ വലത് വശത്തായി ഇരുന്നു.

” എന്താടി നിനക്ക്,,,
നീയെന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ച് വച്ചിരിക്കുന്നെ,,,? ”

” ദേ അച്ചുവേട്ടാ കണ്ണടച്ച് ഇരുട്ടാക്കരുതേ,, ”

” അതിന് ഞാൻ കണ്ണടക്കണം എന്നില്ല ഈ ലൈറ്റ് അങ്ങ് ഓഫാക്കിയാൽ മതി. ”
അവൻ പറഞ്ഞ് തീർന്നതും അവളുടെ മുഖം വീണ്ടും വീർത്തു തുടങ്ങി,,,,

” അയ്യോ വേണ്ട ഇനി വീർപ്പിക്കണ്ട,,, ”

” അവൻ തെറ്റ് ചെയ്താൽ അത് പറഞ്ഞ് തിരുത്തേണ്ടതിന് പകരം അതിന് കൂട്ട് നിന്നെക്കുന്നു… ”

” അതിന് ഇതെങ്ങനെയാ തെറ്റാവുന്നെ,,,?”

” ആഹാ,,,
ഇതായിപ്പോൾ നന്നായെ,, ഒരു പോലീസുകാരനെയാണ് ഉപദ്രവിച്ചത്. അത് തെറ്റല്ലേ,,, ”

” അവൻ ഒരു പൊലീസാണ് എന്ന് കരുതി അവന് എന്ത് തോന്നിവാസവും ചെയ്യാനും പറയാനുമുള്ള ലൈസെൻസ് ഒന്നും ഇല്ല.
പിന്നെ നട്ടെല്ലുള്ള ഒരുത്തന്റെ മുന്നിൽ നിന്ന് അവന്റെ പെങ്ങളെക്കുറിച്ച് അനാവശ്യം പറഞ്ഞാൽ ചിലപ്പോൾ ഇതല്ല ഇതിനപ്പുറവും കിട്ടിയെന്ന് വരും.
ശേഖർ അത്രയും കിടന്ന് തിളച്ചപ്പോൾ അവൻ ഒന്നും ചെയ്യാതിരുന്നത് എന്താണെന്നറിയുമോ നിനക്ക്?
അപ്പോൾ അവൻ ശേഖറിനെ എന്ത് ചെയ്താലും നീ അവനെ തടയും എന്ന് നവീന് ഉറപ്പായിരുന്നു. നീ തടഞ്ഞാൽ അവന് നിന്നെ എതിർക്കാൻ പറ്റില്ല. അതുകൊണ്ട് മാത്രമാ അവൻ അത്രയും നേരം അടങ്ങി നിന്നത്.

” ഞാനൊന്നും പറയുന്നില്ല. ഇനി ഇതിന്റെ ബാക്കി എന്താകും എന്നോർത്തിട്ട് എനിക്കൊരു രൂപവുമില്ല. ”
അത്രയും പറഞ്ഞ് അവള് ദേഷ്യത്തിൽ എഴുന്നേറ്റു.

“അവിടെ നിൽക്ക്, കുറച്ച് നേരമായല്ലോ കിടന്ന് തിളക്കാൻ തുടങ്ങിയിട്ട്. ഇനി ഒന്ന് തണുത്തേ. ”
അത്രയും പറഞ്ഞ് അവൻ അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ച് മടിയിലിരുത്തി.

” ദേ വിടുന്നുണ്ടോ,, എനിക്ക് ദേഷ്യം വന്നിരിക്കുവാ. ”

” അയ്യോ ആണോ,,,
എന്തിനാ എന്റെ പ്രിയതമക്ക് ദേഷ്യം? ”

” ദേ അച്ചുവേട്ടാ ഒന്നും അറിയാത്ത പോലെ പറയരുത് കേട്ടല്ലോ ”

” ടി,,
നിന്നെ അത്രയും അവൻ പറഞ്ഞിട്ട് നിന്റെ അനിയൻ പ്രതികരിക്കാതിരിക്കുന്നാൽ അതല്ലേ തെറ്റ്. അങ്ങനെ വരുമ്പോൾ ഇപ്പോൾ അവൻ ചെയ്തത് എങ്ങനെയാ തെറ്റാവുന്നേ? ”

” ഈ വേദാന്തം പറച്ചില് ഒന്ന് നിർത്താമോ?
അയാള് ഇനി വെറുതെ ഇരിക്കുവോ?
അതെല്ലാം ഓർത്തിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുന്നു. ”

” ഞാൻ എന്തിനാടി ഇവിടെ ജീവനോടെ ഇരിക്കുന്നത്. അവന് ഒന്നും പറ്റാതെ ഞാൻ നോക്കിക്കൊള്ളാം.
ഇനിയെങ്കിലും ഒന്ന് ചിരിച്ചേ,,, ”

ഒരു പ്രതികരണവും ഇല്ലാതെ ഇരിക്കുന്ന അവളുടെ മുഖത്തേക്ക് അവൻ ഒന്ന് കൂടി നോക്കി.

” ഓ,,
ശെരി എങ്കിൽ വേണ്ട,,,
അവസാനം നാളെ ഈ സമയത്ത് ഞാനിവിടെ ഇല്ലാ എന്നെ മിസ്സ്‌ ചെയ്യുന്നു എന്നെങ്ങാനും പറഞ്ഞ് വിളിച്ചിട്ടുണ്ടെങ്കിൽ ഞാൻ അപ്പോൾ തരാം. ”

അവൻ അത്രയും പറഞ്ഞ് കട്ടിലിൽ കയറി ഒരു വശത്തേക്ക് കിടന്നു.

” അതിന് നാളെ എവിടെ പോകുന്നു? ”
അവള് ചോദിച്ചത് കേട്ടിട്ടും ഒരു മൈൻഡുമില്ലാതെ അവൻ അങ്ങനെ തന്നെ കിടന്നു.

” അച്ചുവേട്ടാ,,,
നാളെ എവിടെയാ പോകുന്നെ,,,
എന്നിട്ട് നാളെ വരില്ലേ? ”

” നീ എന്നോട് പിണക്കമല്ലേ പിന്നെ ഞാൻ എന്തിനാ നിന്നോട് പറയുന്നേ? ”

” എനിക്ക് പിണക്കമൊന്നുമില്ല,,
പറ നാളെ എവിടെ പോകുവാ,,,? ”
അവന്റെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് അവളത് ചോദിച്ചതും അവന്റെ ഉള്ളിലെ എല്ലാ പ്രശ്നവും മാറി.

” നാളെ ഒരു അത്യാവശ്യ കാര്യമുണ്ട്. ജോലിയുടെ ഭാഗമായിട്ട് തന്നെയാ. ”

” അതെന്താ നാളെ വരാത്തെ അത്ര ദൂരെയാണോ പോകുന്നെ ”

” അങ്ങനെയല്ല ചെല്ലുന്ന കാര്യം കഴിഞ്ഞാലല്ലേ പറ്റൂ. അതുകൊണ്ടാ… ”

” ശെരി,,,,
എങ്കിലേ കിടന്നുറങ്ങിയാട്ടെ.
എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. ”
അത്രയും പറഞ്ഞതും അവള് പുതച്ചു മൂടി തിരിഞ്ഞ് കിടന്നു .

” അതേ,,,, ദേവീ, ”

” ഞാനുറങ്ങി ”

💟💟💟💟💟💟💟

” ദേവീ,,, ”
മുകളിൽ നിന്നുള്ള അർജുന്റെ ശബ്ദം കേട്ടാണ് ദേവി അടുക്കള വാതിലിലേക്ക് ചെന്നത്

” ദേവീ,,,
ഒന്നിങ്ങു വന്നേ,,, ”

” ആാാ ദാ വരുന്നു ”
പറഞ്ഞ് തീർന്നതും പാല് തിളച്ചു തൂകുന്ന ശബ്ദം കേട്ടു.

” അയ്യോ എന്റെ ഭഗവാനെ ”
എന്നും പറഞ്ഞ് അവള് പാത്രത്തിലേക്ക് കയറി പിടിച്ചു.
“ആാാാ,,,”,

അവള് കൈ ഊതുന്നത് കണ്ട് കൊണ്ടാണ് ദേവകിയമ്മ അങ്ങോട്ടേക്ക് വന്നത്.
” അയ്യോ എന്ത് പറ്റി മോളെ ”

” അതമ്മേ പാല് തിളച്ചു തൂകിയപ്പോൾ പെട്ടന്ന് ഓർക്കാതെ അതിലേക്ക് കയറി പിടിച്ചു. ”

” സൂക്ഷിക്കണ്ടേ മോളെ. ”

” ഒന്നും ഇല്ലമ്മേ, ഇപ്പോൾ മാറിക്കോളും. ”

” ആ മോളെ അവൻ ദേ അവിടെ കിടന്ന് വിളിക്കുന്നുണ്ട് ചെല്ല്,,,”

” ആ അമ്മേ ദാ പോകുവാ ”

മുകളിലേക്ക് അവള് ചെന്നതും ഷർട്ടിന്റെ കൈ മടക്കി കൊണ്ടിരിക്കുകയാണ് അർജുൻ.

” എന്താ അച്ചുവേട്ടാ കിടന്ന് വിളിച്ച് കൂവുന്നത്? ”

” നീ ഇങ്ങ് വന്നേ ഈ ബട്ടൻസ് ഇട്ടു തന്നെ”

” അയ്യടാ,,, ഇതെന്താ ഒരു പുതിയ ആഗ്രഹം? ”

” നീ കണ്ടിട്ടില്ലേ ഭർത്താവ് പുറത്തേക്കൊക്കെ പോകുമ്പോൾ ഭാര്യമാര് ഇങ്ങനെയൊക്കെ ചെയ്ത് കൊടുക്കുന്നത്.?”

” ദേ ചുമ്മാ കളിക്കാതെ അങ്ങോട്ട് വാ. സമയം പോകുന്നു. ”

അത്രയും പറഞ്ഞ് അവള് തിരിഞ്ഞു.

” അയ്യോ,,,
എന്റെ കണ്ണിലെന്തൊ പോയി. നീ ഒന്നിങ്ങു വന്നേ ”

” അയ്യോ,, നോക്കട്ടെ കാണിച്ചേ. ”

അവള് കണ്ണിൽ ഊതിയതും അവൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

“പോ അവിടുന്ന് ”

അത്രയും പറഞ്ഞ് അവള് അവനെ പുറകോട്ട് തള്ളി ഓടി മുറിക്കു പുറത്തിറങ്ങി.

കുറച്ച് കഴിഞ്ഞതും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

” എന്നാൽ ഞാൻ ഇറങ്ങുവാ,,, ”

എല്ലാവരോടും യാത്ര പറഞ്ഞ്, അവൻ അവളെ ഒന്ന് നോക്കി. ഉള്ളിലെ വിഷമം പുറത്ത് വരാതിരിക്കാൻ അവള് മാക്സിമം ശ്രമിക്കുന്നുണ്ട്.

എല്ലാവരെയും ഒന്ന് നോക്കി അവൻ കാറിൽ കയറി.
കണ്ണിൽ നിന്നും കാറകലുന്നത് വരെ അവൾ വാതിൽക്കൽ തന്നെ നിന്നു.

അന്ന് ദേവിക്ക് ഒരു ഉത്സാഹവും ഇല്ലായിരുന്നു. കാര്യം അറിയാവുന്നത് കൊണ്ട് ആരും ചോദിക്കാനും പോയില്ല.
വൈകിട്ട് എല്ലാവരും മുറിയിലേക്ക് പോയി.
ദേവി മുറിയിലെത്തി വാതിൽ കുറ്റിയിട്ട് കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. എന്തോ ഭയങ്കര ശൂന്യത അവൾക്ക് തോന്നി.
കട്ടിലിൽ കയറി ഇരുന്നു. അപ്പോഴാണ് അർജുൻ ഇന്നലെ പറഞ്ഞത് ഓർമ്മ വന്നത്.
അവന്റെ ശബ്ദം എങ്കിലും കേൾക്കാൻ അവള് ഫോൺ എടുത്ത് വിളിക്കാൻ നമ്പർ ഡയൽ ചെയ്തതും ജോലിയുടെ കാര്യത്തിന് പോയതല്ലേ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഫോൺ എടുത്ത് മാറ്റി വെച്ചു.
അടുത്തിരിക്കുന്ന അവന്റെ ഫോട്ടോ എടുത്ത് അതിലൂടെ വിരലുകൾ ഓടിച്ചു.
പെട്ടെന്ന് ഫോൺ റിങ് ചെയ്തു. നോക്കിയപ്പോൾ അർജുൻ,

” ഹലോ,,,
അച്ചുവേട്ടാ,,, ”

” ആഹാ അപ്പോൾ ഞാൻ വിചാരിച്ചത് പോലെ തന്നെ നോക്കി ഇരിക്കുവാരുന്നു അല്ലേ ”

” എന്നാടുക്കുവാ, കഴിച്ചോ,,
നാളെ വരുവോ? ”

” എന്റെ പൊന്ന് ദേവി,,,
നീ ഇങ്ങനെ ഒറ്റ ശ്വാസത്തിൽ എല്ലാം കൂടി ചോദിക്കാതെ… ”

” പോ അവിടുന്ന്, ”

പിന്നെ കുറച്ച് സമയത്തേക്ക് അവരുടെ ലോകമായിരുന്നു.

” എങ്കിൽ ശെരി ഞാൻ വെക്കുവാ,,,
സമയം ഒരുപാടായി. ”

” ശെരി വെച്ചോ,
പക്ഷേ എനിക്കൊരു ഉമ്മ തന്നിട്ട് മതി. ”

” അയ്യടാ,,,
നാണവില്ലേ,,, ഒരുമാതിരി കോളേജ് പിള്ളേരെ പോലെ… ”

” എന്താടി ഇത്ര നാണിക്കാൻ.
ഞാൻ താലി കെട്ടിയ എന്റെ സ്വന്തം ഭാര്യയോടല്ലേ ഞാൻ ചോദിച്ചത് ”

” ദേ ചുമ്മാ കളിക്കാതെ പോയി കിടന്നുറങ്ങിക്കെ ”

” ഹ്മ്മ്മ്മ്,,,
ശെരി. എങ്കിൽ ഞാൻ വെക്കുവാ,,,,
ആ പിന്നെ നാളെ ഞാൻ വരുമ്പോൾ നിനക്കൊരു സർപ്രൈസ് ഉണ്ട്. ”

” സർപ്രൈസോ? ”

” അതേ,,, സർപ്രൈസ്. അത് കേട്ട്
നീ നാളെ ഞെട്ടും. നോക്കിക്കോ ,,, ”

തുടരും,,,