രചന – ജ്വാലാമുഖി
“മുത്തശ്ശനും മോളും കൂടെ ഇത് എങ്ങോട്ടാ? ” “പെൻഷൻ ഇന്നലെ വന്നു ദിവാകരാ… ന്റെ കുട്ടി കുറെ നാളായിട്ടു ഒരു മോഹം പറയണൂ… മൂക്ക് കുത്തി ഒരു നീലക്കൽ മൂക്കുത്തി ഇടണം എന്ന്… എന്നാ പിന്നെ ആയേക്കാം എന്ന് കരുതി ഇറങ്ങിതാ… ” “നാണു തട്ടാന്റെ വീട്ടിലേക്കാണെൽ ഇപ്പൊ പോകണ്ട പിള്ളേ… അയാൾക്ക് സുഖം ഇല്ലാതെ ആശുപത്രിയിൽ കൊണ്ടു പോയേക്കാ… ” “അയ്യോ എന്ത് പറ്റി.. ” “നെഞ്ചു വേദന ആണെന്ന് കേട്ടു… ” ആശിച്ചു മോഹിച്ചു മൂക്ക് കുത്താം എന്ന് കരുതിയപ്പോൾ ഇങ്ങനെ ആയല്ലോ എന്റെ കൃഷ്ണ… “അഗ്നിക്കുട്ടിടെ മുഖം വാടിലോ പിള്ളേ.. ” “ഏയ് ക്ക് വിഷമം ഒന്നും ഇല്ല ദിവാകരേട്ടാ… തട്ടാന് സുഖം ആവട്ടെ എന്നിട്ടു കുത്താലോ… ” അത് പറയുമ്പോളും എന്റെ ഉള്ളു വല്ലാതെ പിടയുന്നുണ്ടായിരുന്നു… അല്ലേലും ഈ പൊട്ടിപ്പെണ്ണ് എന്ത് ആഗ്രഹിച്ചാലും ഭഗവാൻ തരില്ലല്ലോ…. “എങ്കിൽ വരൂ കുട്ടി.. നമുക്ക് പിന്നെ വരാം… ” പാടത്തൂടെ നടക്കുമ്പോൾ തോടിന്റെ അരുപിടിച്ചു വളർന്നു നിൽക്കുന്ന കൈതക്കാടുകളിൽ നിന്നും കൈതപ്പൂവിന്റെ മണം പരന്നു…
“മുത്തശ്ശാ.. ” “എന്താ കുട്ട്യേ… ” “ഈ കൈത പൂക്കുന്നത് രാത്രിയിൽ അല്ലെ… ” “എന്താ ഇപ്പൊ അങ്ങനെ ഒരു ചോദ്യം…? ” “ഏയ് വെറുതെ… ” “പന്ത്രണ്ടു വർഷത്തിൽ ഒരിക്കലേ കൈത പൂക്കുള്ളു… അത് പകലും വിടരും.. പണ്ടൊക്കെ പെണ്ണുങ്ങൾ തലയിൽ ചൂടാനൊക്കെ കൈതപ്പൂ എടുത്തിരുന്നു… വസ്ത്രങ്ങൾ നിറച്ച പെട്ടികളിൽ ഈ പൂക്കൾ ഇട്ടു വച്ചാൽ അത്തറൊക്കെ മാറി നിൽക്കും.. പക്ഷെ സൗന്ദര്യവും മണവും ഉണ്ടായിട്ടു എന്ത് കാര്യം.. എന്നതിന് തെളിവാണ് കൈതപ്പൂ… ” “അതെന്താ അങ്ങനെ പറഞ്ഞെ…? ” “ശിവന്റെ ശാപം കിട്ടിയ പൂവാണ് കൈതപൂ… അതുകൊണ്ട് ക്ഷേത്രങ്ങളിൽ പൂജക്ക് ഈ പുഷ്പം എടുക്കില്ല… ” “എന്തു മണം ആണല്ലേ മുത്തശ്ശാ… ” “നിന്റെ അമ്മയ്ക്കും ഈ മണം വല്ല്യ ഇഷ്ടം ആയിരുന്നു… പാവം ന്റെ കുട്ടി… ” എന്ത് പറഞ്ഞു മുത്തശ്ശനെ ആശ്വസിപ്പിക്കണം എന്നെനിക്കു അറിയില്ലായിരുന്നു… ” പിള്ള എവിടെ പോയി വരുവാ… ” മനയ്ക്കലെ ചെത്തുകാരൻ കണാരൻ ചേട്ടൻ കയ്യിലെ കള്ളും കുടം വീശി പിടിച്ചു ഞങ്ങൾക്ക് നേരെ വരുന്നുണ്ടായിരുന്നു…
“കവല വരെ ഒന്ന് പോയതാ കണാരാ.. ” “അഗ്നിക്കുട്ടി ടെ പഠിപ്പൊക്കെ കഴിഞ്ഞോ… ” “ഇല്ല… ഇനി നല്ലൊരു ആലോചന നോക്കണം… പഠിപ്പിച്ചു കളയാൻ സമയം ഇല്ല.. പഠിക്കാൻ ഇഷ്ട എന്റെ കുട്ടിക്ക് പക്ഷെ… ഇപ്പൊ തന്നെ എനിക്ക് വയസ്സ് എണ്പത്തിയേഴ് ആയിരിക്കണൂ… ഇതിനെ ആരുടെ എങ്കിലും കയ്യിൽ ഏല്പിച്ചിട്ട് വെണം എനിക്കൊന്നു കണ്ണടക്കാൻ… ” “നല്ല ആലോചന വല്ലതും വരുവാണേൽ ഞാൻ അങ്ങോട്ട് വിടട്ടെ… ” “ആയിക്കോട്ടെ… ” തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ മനസ്സിനൊക്കെ വല്ലാത്ത ഭാരം ആയിരുന്നു… ***** “എന്താ മുത്തശ്ശാ ഇത്ര ആലോചന… ” “മുത്തശ്ശനോട് മോൾക്ക് ദേഷ്യം ഉണ്ടോ…? ” “എന്തിനു… ” “ഇനിയും പഠിപ്പിക്കാൻ ഈ സാധുനു കഴിയാത്തതിൽ .. ” “പഠിച്ചു വല്ല്യ ഡിഗ്രി ഒക്കെ വാങ്ങിയിട്ട് എന്തിനാ മുത്തശ്ശാ… കണ്ടവന്റെ അടുക്കളയിൽ പാത്രം കഴുകാൻ എന്തിനാ ഡിഗ്രി… ” ഒഴുകി വന്ന കണ്ണുനീർ തുള്ളികൾ ഞാൻ കാണാതെ മുത്തശ്ശൻ തുടച്ചു നീക്കുമ്പോൾ അതു കാണാത്ത പോലെ തന്നെ ഞാനും നടിച്ചു .. “മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട്… വല്ല്യ വീട്ടുകാർ ഒക്കെ ആണ്… മുത്തശ്ശൻ അവരോടു വരാൻ പറയട്ടെ… ” “എന്തിനാ അതൊക്കെ എന്നോട് ചോദിക്കണേ മുത്തശ്ശാ… എന്താന്ന് വച്ചാൽ മുത്തശ്ശൻ തീരുമാനിച്ചോളൂ… ചെക്കനെ കാണണം എന്നും ക്ക് ഇല്ല… ” *****
ഇളം നീല കര സെറ്റ് മുണ്ട് ഉടുത്തു കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് എവിടെ നിന്നോ ഒരു നാണം… !!! ആദ്യമായി പെണ്ണ് കാണാൻ വരുന്ന ദിവസം അല്ലെ… അതുകൊണ്ട് ഒന്ന് കണ്ണനെ തൊഴുതു വരാം എന്ന് കരുതി.. നേരത്തെ യാത്രയായി… കണ്ണന്റെ നടയിൽ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി തൊഴുതപ്പോൾ മനസിനു ഒരു ധൈര്യം വന്ന പോലെ… തിരിച്ചു വീട്ടിലേക്കു ദൃതിയിൽ നടക്കുമ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി… “അഗ്നി… ” “ദേവേട്ടനോ.. ” “അഗ്നി എന്താ ഇന്ന് നേരത്തെ… ” “അല്ല ദേവേട്ടൻ എന്താ നേരത്തെ… ” “അഗ്നിയോട് ഒരു കാര്യം പറയാൻ വേണ്ടി കാത്തു നിന്നതാ… ” “എന്താ… ” “എന്തോ ഈ ഇട ആയി ഊണിലും ഉറക്കത്തിലും ഈ മുഖം എന്നെ ഉറക്കം കെടുത്തുന്നു… ” പറഞ്ഞു വന്നത് ഏറെക്കുറെ എനിക്ക് മനസിലായി..പക്ഷെ എനിക്ക് ഭാവമാറ്റം ഒന്നും വന്നില്ല .. കാരണം ഇത് ഞാൻ പണ്ടേ പ്രതീക്ഷിച്ചിരുന്നു… “അഗ്നി ഒന്നും പറഞ്ഞില്ല.. ” “എനിക്ക് അങ്ങനെ ഒന്നും ഇല്ല ദേവേട്ടാ… ഉള്ളിൽ തോന്നിയ മോഹം അത്… മറന്നേക്കൂ… ” അത് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ എന്തോ വല്ലാത്തൊരു കുറ്റബോധം പോലെ തോന്നി…
പാവം അങ്ങനെ മുഖത്തു നോക്കി പറയേണ്ടിയിരുന്നില്ല.. പക്ഷെ മുത്തശ്ശൻ… ആ വാക്കുകൾക്കപ്പുറം ഒരു ജീവിതം അഗ്നിക്ക് ഇല്ല… വീട്ടിൽ എത്തി… മുണ്ടൊക്കെ ഒന്നുടെ നേരെയാക്കി… കണ്ണാടിക്ക് മുന്നിൽ പോയി നിൽകുമ്പോൾ വല്ല്യ കുട്ടി ആയപോലെ എനിക്കും തോന്നി… ഉമ്മറത്തു സംസാരം കേട്ടു തുടങ്ങിയപ്പോൾ ആണ് അവർ വന്നു എന്നത് പോലും ഞാൻ അറിഞ്ഞത്… ജനൽ വാതിലിന്റെ വിടവിലൂടെ ഞാൻ എത്തി നോക്കി… ശരിയാ.. അവർ വന്നിരിക്കുന്നു… ഓടിപ്പോയി അടുക്കളയിൽ കഴുകി തുടച്ചു വച്ചിരിക്കുന്ന കവിടി പിഞ്ഞാണത്തിൽ ഒരു പടല പൂവൻ പഴവും… കായ വറുത്തതും… നല്ല നറുനെയ്യിൽ തേങ്ങ വറുത്തിട്ട ഉണ്ണിയപ്പവും പകർത്തി… ചായ ആറ്റിയെടുത്തു ഗ്ലാസിൽ പകർത്തി.. അപ്പോളേക്കും മുത്തശ്ശൻ അകത്തേക്ക് വന്നു ഓരോന്നായി എടുത്തു ഉമ്മറത്തേക്ക് കൊണ്ടു പോയി… “ചായ മോള് കൊണ്ടു വന്നാൽ മതി… ” “എന്റെ കൈ വിറക്കും മുത്തശ്ശാ.. അതുടെ മുത്തശ്ശൻ കൊണ്ടു പൊക്കൊളു… ” “എന്തിനാ പേടിക്കണേ.. അവർ ഇപ്പൊ കെട്ടിക്കൊണ്ട് പോകില്ല ന്റെ കുട്ടിയെ.. ഇപ്പോ ഒന്ന് കാണേ ഉള്ളു ..
” അതു പറഞ്ഞു എന്റെ തോളിൽ തട്ടിക്കൊണ്ടു മുത്തശ്ശൻ ഇറയത്തേക്ക് നടന്നു… കുറച്ചു കഴിഞ്ഞതും മുത്തശ്ശൻ വിളിച്ചു… “മോളെ ചായ ഇങ് എടുത്തോളൂ… ” കാല് വിറച്ചിട്ടു പയ്യെ പയ്യെ ഞാൻ പൂമുഖത്തു എത്തി… മുഖത്തു പോലും നോക്കാതെ ചായ തിണ്ണയിൽ വച്ചു.. മുണ്ടിന്റെ തലപ്പ് ചുരുട്ടി പിടിച്ചു പുറകോട്ടു മാറി നിന്നു.. “അഗ്നിമോൾക്ക് എന്നെ മനസ്സിലായോ… ” ഞാൻ തലയുയർത്തി നോക്കി… ഈശ്വര ഗൗരി ടീച്ചർ… !!! “ടീച്ചർ… ” “ആഹാ.. അപ്പോ ഓർമ്മ ഉണ്ടല്ലേ.. ” “ഉം… ” “നോക്കു അഗ്നിടെ മുത്തശ്ശാ.. പത്താം ക്ലാസ്സിൽ ടോപ് റാങ്ക് വാങ്ങിയ കുട്ടികളിൽ ഒരാൾ അയോണ്ടുള്ള ഇഷ്ടം അല്ലാട്ടോ എനിക്ക് അഗ്നി മോളോട്… ” “ടീച്ചറെ അവൾക്കു വല്ല്യ ഇഷ്ടം ആണ്… അതുകൊണ്ട് തന്നെ കല്യാണകാര്യം അവിടുന്ന് ആണെന്ന് ഞാൻ പറഞ്ഞതും ഇല്ല.. ഒന്ന് ഞെട്ടിക്കാം എന്ന് കരുതി.. ” “അത് നന്നായി… അഗ്നിക്ക് നല്ലൊരു സർപ്രൈസ് ആയിട്ടുണ്ട്… ” സത്യത്തിൽ എനിക്ക് വിശ്വാസം വരനില്ലായിരുന്നു…
സ്കൂളിൽ പഠിക്കുമ്പോൾ ഗൗരി ടീച്ചർ എനിക്ക് ഒരു അധ്യാപിക എന്നതിൽ ഉപരി ഒരമ്മ കൂടി ആയിരുന്നു… എട്ടാം ക്ലാസ്സ് മുതൽ മലയാളം പഠിപ്പിച്ചിരുന്നത് ഗൗരി ടീച്ചർ ആയിരുന്നു… ആദ്യമായി വല്ല്യ കുട്ടി ആയപ്പോൾ… ആശ്വസിപ്പിച്ചതും.. സ്റ്റാഫ് റൂമിൽ കൊണ്ടു പോയി മാറാൻ ഉള്ള ഉടുപ്പ് തന്നതും എല്ലാം ഈ ടീച്ചറമ്മ തന്നെ ആയിരുന്നു… എന്റെ കണ്ണാ… വിരൽ തുമ്പിൽ കൊണ്ടു തന്നിട്ട് നീ തട്ടിക്കളയരുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു.. അപ്പോളാണ് ചെക്കന്റെ മുഖത്തേക്ക് ഞാൻ നോക്കിയത്… സുന്ദരൻ ആയൊരു പയ്യൻ.. പക്ഷെ മുഖത്തെ ഗൗരവം എന്നെ തെല്ലൊന്ന് തളർത്തി… തുടരും…

by