18/04/2026

പല്ലവി : ഭാഗം 48

രചന – അമ്മു സജീവ്

രാവിലെ തന്നെ എല്ലാവരും ചടങ്ങിന്റെ തിരക്കിൽ ആയിരുന്നു..

രാവിലെ തന്നെ രോഹിണിയെ അണിയിച്ചൊരുക്കി കസവിന്റെ സെറ്റും മുണ്ടും ഉടുപ്പിച്ചു അമ്മുവും അച്ചുവും കൂടി വളരെ സിമ്പിൾ ആയിട്ട് കുറച്ചു മേക്കപ്പ് ഒക്കെ ഇട്ടു റെഡി ആക്കി എടുത്തു.

അതിരാവിലെ തന്നെ ചിന്നുവും മരിയയും വന്നിരുന്നു.

രോഹിണിയുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.

സൂര്യോദയത്തിനു മുന്നേ തന്നെ ചടങ്ങുകൾ എല്ലാം വളരെ ഭംഗിയായി തന്നെ നടന്നു.

ഏട്ടത്തിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഏഴു തരം പലഹാരങ്ങളും വീതം വച്ചു എല്ലാവർക്കും കൊടുക്കാനായി പാക്ക് ചെയ്യുന്ന തിരക്കിലാണ് നമ്മുടെ നാൽവർ സംഘം.

കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ച അവസ്ഥ ആവാതിരുന്നാൽ മതിയായിരുന്നു..

ആരും പേടിക്കണ്ട… സാധനങ്ങൾക്ക് പ്രത്യേകിച്ച് കുറവൊന്നും ഉണ്ടായിട്ടില്ല.

ചടങ്ങുകൾ എല്ലാം ഭംഗിയായി അവസാനിച്ചു.

വന്നവർക്കെല്ലാം ഭക്ഷണം വിളമ്പിക്കൊടുക്കാനും മറ്റും ജിത്തുവും മുന്നിൽ തന്നെയുണ്ടായിരുന്നു..

ജിത്തുവിനെ വായിനോക്കാൻ കിട്ടുന്ന ഒരവസരവും നമ്മുടെ അമ്മു വെറുതെ കളയില്ലല്ലോ..

ചോര ഊറ്റി ചോര ഊറ്റി ന്റെ ചെറുക്കന് വല്ലോം വരുവോ ആവോ

മര്യാദക്ക് നടക്കുന്ന ചെക്കനെ ദോ ലവൾ വഴി തെറ്റിക്കൂന്നാ തോന്നുന്നേ…

പക്ഷെ അച്ചു ന്ന് പറയുന്ന ആ കട്ടുറുമ്പ് ഒന്നിനും സമ്മതിക്കുന്നില്ലന്നെ..

(അവളെ ഇനിയും വളരാൻ അനുവദിക്കരുത്.. കേസ് കൊടുക്കണം പിള്ളേച്ചാ…)

അവളുടെ ശല്യം സഹിക്ക വയ്യാഞ്ഞിട്ട് അമ്മു രോഹിണിയുടെ അടുത്തേക്ക് പോയി.

എല്ലാം കഴിഞ്ഞു ഇനി രോഹിണിയെ അവളുടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോവുകയാണ്.. പാവത്തിന് നല്ല സങ്കടം ഉണ്ട്..

അപ്പുവേട്ടനെ പിരിയുന്നതിലൊന്നും അല്ലാട്ടോ..

ഇത്രയും തങ്കപ്പെട്ട ഒരു നാത്തൂനെ മഷിയിട്ട് നോക്കിയാൽ കിട്ടുവോ.. അതോണ്ടാ..

ഭർത്താവ് പോയാൽ വേറെ ഭർത്താവിനെ കിട്ടും. പക്ഷെ അമ്മു പോയാൽ വേറെ അമ്മുവിനെ കിട്ടുല്ല..

റെയർ പീസാ…. ലക്ഷത്തിലൊന്നേ കാണൂ.. ശോ നിച്ച് ബയ്യ… ഹമ്പട ഞാനെയ്..

അപ്പുവേട്ടനാണേൽ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും ഇല്ല..

” ഇനി ഇങ്ങേരുടെ ഭാര്യ അല്ലേ പോകുന്നെ?ഒരു വിഷമോം ഇല്ലല്ലോ?”( അമ്മു )

” നീ അവിടെ ആരെ വായിനോക്കി നിക്കുവാ അമ്മൂ.. ഈ സാധനങ്ങൾ ഒക്കെ എടുത്തു ഒന്ന് മാറ്റിവയ്ക്ക് ”

പോരാളിയുടെ അടുത്ത ഉത്തരവ് വന്നതുകൊണ്ട് അമ്മു അങ്ങോട്ട് പോയി..

” ഫുഡ് ന്റെ കാര്യം ആയിപ്പോയി. അല്ലേൽ കാണാമായിരുന്നു അമ്മുവിന്റെ ശെരിക്കുമുള്ള സ്വഭാവം. ഹല്ല പിന്നെ..തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ ആരാ കുപ്പിന്ന് വന്ന റോബോട്ടോ?? “( അമ്മു )

” അല്ലടി കുപ്പിന്ന് വന്ന ചിമ്പാൻസി.. ”

” യാരത്?? ആസ്ഥാനത്തു വന്നു കോമഡി പറയുന്ന ബ്ലഡി ഗ്രാമവാസി.. “( അമ്മു )

” ഇവിടെ മൊത്തം ആളുകളാ ന്റെ അമ്മു. നിന്റെ ആ തിരുവായ ഒന്ന് അടച്ചു വയ്ക്ക് ”

അതും പറഞ്ഞു ചിന്നു വേഗം അവളുടെ വായ പൊത്തിപ്പിടിച്ചു..

” ആം മ്മ്മ് ആാാ മ്മ്മ്മ്മ് മ്മ്മ്മ്……. ”

” എന്തോന്നാ?? വല്ലോം പറയാൻ ഉണ്ടേൽ മര്യാദക്ക് പറയ് പെണ്ണേ… “( ചിന്നു )

” വായിൽ കൈ വച്ചിട്ട് മര്യാദക്ക് പറയാൻ നിന്റെ കൊച്ചച്ചൻ കൊണ്ട് വച്ചേക്കുന്നോ എനിക്ക് വേറെ വായ.. ”

വായിൽ വച്ചിരുന്ന ചിന്നുവിന്റെ കൈ തട്ടിമാറ്റിയിട്ടു അമ്മു അത് പറഞ്ഞപ്പോഴാണ് അവൾക്കും ആ ബോധം ഉണ്ടായത്..

അതിനവൾ നന്നായൊന്ന് ഇളിച്ചു കാണിച്ചു..

” ആഹ് പിന്നേയ് നാളെ നമുക്ക് രാവിലെ ക്ഷേത്രത്തിൽ വരെ പോകണം.. നേരത്തെ റെഡി ആയി നിന്നോണം..കേട്ടല്ലോ?”( ചിന്നു )

” അതെന്താ നാളെ പതിവില്ലാത്ത ഒരു ക്ഷേത്ര ദർശനം..? “(അമ്മു )

” അതൊക്കെയുണ്ട്.. സർപ്രൈസ് ആണെന്നാ എന്നോടും പറഞ്ഞത്.. ഇത് കഴിഞ്ഞാൽ നിങ്ങളും നേരെ വീട്ടിലേക്ക് വരണം എന്നാ പറഞ്ഞേക്കുന്നെ… “( ചിന്നു )

” അപ്പൊ കാര്യമായിട്ട് എന്തോ ഉണ്ടല്ലോ?? സമയം പറഞ്ഞാൽ മതിയെടി നമുക്ക് പോകാം.. ” ( അമ്മു )

അമ്മുവും ചിന്നുവും സാധനങ്ങൾ പെറുക്കി മാറ്റിക്കൊണ്ടിരുന്നപ്പോഴാണ് മറിയാമ്മയും അച്ചുവും അങ്ങോട്ട് വന്നത്. പിന്നെ നാലുപേരും കൂടി എല്ലാം അടക്കി ഒതുക്കി വച്ചു.

💕

ചടങ്ങ് എല്ലാം കഴിഞ്ഞു രോഹിണിയെ യാത്രയാക്കിയതിനു ശേഷം ഗാർഡനിൽ സെറ്റ് ചെയ്ത ഇരിപ്പിടത്തിൽ ഇരിക്കുവാണ് അപ്പുവും ജിത്തുവും.

അന്നേരമാണ് ഒരു പാത്രത്തിൽ കുറച്ചു പലഹാരവുമായി അച്ചുവും അമ്മുവും അങ്ങോട്ട് വന്നത്..

മരിയയ്ക്ക് എവിടെയോ പോകാൻ ഉണ്ടായതുകൊണ്ട് മറിയാമ്മയും ചിന്നുവും രോഹിണി ഇറങ്ങിയതിന്റെ പിന്നാലെ തന്നെ അവരുടെ വീട്ടിലേക്ക് പോയിരുന്നു.

അമ്മുവിന്റെ പാത്രത്തിൽ നിന്ന് അപ്പു ഒരു ജിലേബി എടുക്കാൻ തുനിഞ്ഞതും അവൾ പാത്രം മാറ്റിയിരുന്നു.

” അയ്യടാ, വേണേൽ പോയി എടുക്കങ്ങോട്ട്. ഇത് ഞാൻ എനിക്ക് വേണ്ടി കഷ്ടപ്പെട്ട് എടുത്തോണ്ട് വന്നെയാ..അതീന്നു കയ്യിട്ട് വാരുന്നോ കള്ള പന്നി.. “( അമ്മു )

” ഒരു ജിലേബി തന്നെയല്ലേ.. വീടിന്റെ ആധാരം ഒന്നുമല്ലല്ലോ? “( അപ്പു )

” ആധാരം ചോദിച്ചാൽ ഞാൻ തരാം.. പക്ഷെ ഇത് ഞാൻ തരൂല്ലടാ പട്ടി. ”

അതും പറഞ്ഞു അമ്മു പാത്രം കുറച്ചൂടി നീട്ടിപ്പിടിച്ചു..

” നീയെന്തു സാധനവാടി? ഭാര്യ പോയ സങ്കടത്തിൽ ഇരിക്കുന്ന എനിക്ക് ഒരു ജിലേബി പോലും തരാത്ത ദുഷ്ടത്തി.നിന്നോട് ദൈവം ചോദിക്കൂടി . “( അപ്പു )

” ശ്യെടാ, ഇങ്ങേർടെ വർത്താനം കേട്ടാൽ തോന്നും ഞാൻ നിങ്ങടെ ഭാര്യയെ അടിച്ചിറക്കി വിട്ടേക്കുവാണെന്ന്.

കുറച്ചു നാൾ കൂടി കഴിയുമ്പോൾ കയ്യിലൊരു ട്രോഫിയുമായിട്ട് ഇങ്ങോട്ട് തന്നെ വരില്ലേ ന്റെ പുന്നാര നാത്തൂൻ. “( അമ്മു )

” നിന്നോട് സംസാരിക്കാൻ ഞാൻ ഇല്ല. ”
അതും പറഞ്ഞു അപ്പു തിരിഞ്ഞിരുന്നു.

അപ്പുവിന്റെ മ്ലാന കുണ്ടിത കുപ്രിത ക്രഞ്ചിത വദനം കണ്ടു അമ്മുവിന്റെ മനസലിയും എന്ന് കരുതിയ ആ പൊട്ടന് തെറ്റി.

ഫുഡിന്റെ കാര്യത്തിൽ കരിങ്കൽ ക്വാറിയേക്കാൾ കട്ടി മനസാണ് അമ്മുന്റേത്..

” ന്റെ ചേച്ചി, പാവം ചേട്ടൻ.ഒരു ജിലേബി അല്ലെ ചോദിച്ചുള്ളൂ. അതിനു ഇങ്ങനാണോ പറയുന്നേ..? “(അച്ചു )

” കണ്ടോ അവൾക്കെയുള്ളു എന്നോട് സ്നേഹം.. അച്ചൂസേ.. എനിക്ക് പിറക്കാതെ പോയ അനിയത്തിയാ കുട്ടാ നീ.. “( അപ്പു )

” അപ്പൊ ഞാനോ?? “( അമ്മു )

” നിന്നെ തവിടു കൊടുത്തു വാങ്ങിയതാ. ഹും “( അപ്പു )

” തവിടു കൊടുത്തു വാങ്ങിയത് നിങ്ങടെ പെണ്ണുമ്പിള്ളേ.. ”

” വല്ലതും പറഞ്ഞോ? “( അപ്പു )

” ഞാനൊന്നും പറഞ്ഞില്ലേ.. “( അമ്മു )

അപ്പുവാകട്ടെ അച്ചുവിനെ വാനോളം പുകഴ്ത്തുന്ന തിരക്കിലാ..

അന്നേരം ആണ് ജിത്തു അവളുടെ പാത്രത്തിൽ നിന്ന് ഒരു നെയ്യപ്പം എടുത്തത്.

അതുവരെ ഭൂമി ദേവിയെ പോലെ ഇരുന്നവൾ പെട്ടന്ന് ഭദ്രയെ പോലെയായി. കൈ മടക്കി ജിത്തുവിന്റെ മുതുകിനിട്ട് നല്ല ഒരു ഇടി കൊടുത്തു.

” പാത്രത്തിൽ കയ്യിടുന്നോടാ പന്നി…. ”

എല്ലാം വളരെ പെട്ടന്നായിരുന്നു. ഇടി കൊണ്ടത് ജിത്തൂന് ആണേലും ശെരിക്കും ഞെട്ടിയത് അപ്പുവാണ്.

അച്ചുന്റെ ഇടി കണ്ടു പാവം നമ്മുടെ അപ്പു വിജ്ര….. വിജ്രം…

അല്ല ഈ ഞെട്ടി നിക്കുന്നെന് അങ്ങനെന്തോ പറയില്ലായിരുന്നോ??

ആഹ് അത് വിട് അല്ലേൽ തന്നെ നമുക്കെന്തിനാ ഈ കടിച്ചാൽ പൊട്ടാത്ത വാക്കൊക്കെ..

അങ്ങനെ പകച്ചു പണ്ടാരമടങ്ങി അപ്പുവിന്റെ കയ്യിലിരുന്ന ലഡ്ഡു വരെ പൊടിഞ്ഞു പോയി..

” അമ്മൂസേ.. ഏട്ടന്റെ പൊന്ന് ഇങ് വന്നേ .. മുത്താണ് നീ… കോടി പുണ്യമാണ് നീ.. “( അപ്പു )

ജന്മനാ ഒരു ട്യൂബ് ലൈറ്റ് ആയ അമ്മുന് അത് വേഗം മനസിലാവും ന്ന് ഞാൻ പറയാതെ തന്നെ മനസിലായി കാണുല്ലോല്ലേ…

” എന്തിനാ ഇപ്പൊ സോപ്പിടുന്നെ.. ഞാൻ ന്റെ ജിലേബി തരൂല്ല… “( അമ്മു )

” വേണ്ട ന്റെ മോള് തന്നെ മുഴുവൻ കഴിച്ചോ??
“അപ്പു അതും പറഞ്ഞു ജിത്തുവിനെ വിളിച്ചോണ്ട് റോഡിലേക്ക് പോയി..

അവര് ഭാവി അളിയന്മാർക്ക് എന്തേലുമൊക്കെ പറയാൻ കാണുമല്ലോ..
അവര് പറഞ്ഞിട്ട് വരട്ടെ..

വീട്ടിൽ ഒരു ഫങ്ക്ഷൻ കഴിഞ്ഞാൽ എന്തോരം പണിയാണെന്നോ?? ഹയ്യോ..

എല്ലാം ഒരുവിധം കഴിഞ്ഞു അമ്മു അച്ചുവിനയേയും കൂട്ടി ഒന്ന് പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി അമ്മു റെഡി ആയി താഴേക്ക് ഇറങ്ങി..

വേറെങ്ങും അല്ലാട്ടോ അപ്പുറത്തെ പറമ്പിലും കുളത്തിലുമൊക്കെ പോയി അടുത്ത കടയിൽ നിന്ന് കുൽഫിയും സിപ്പപ്പും ഒക്കെ വാങ്ങാനാ..

ഒരു ത്രീ ഫോർത്ത് പാവാടയും ഷർട്ടും ആണ് അമ്മുവിന്റെ വേഷം. മുടി എല്ലാം കൂടി മുകളിലേക്ക് വാരി ബൺ ചെയ്തു വച്ചേപ്പുണ്ട്..

” നീയിതെങ്ങോട്ടാ?? “( അമ്മ )

” ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ അമ്മേ.. “( അമ്മു )

” അത് മനസിലായി.. ഇതെന്ത് കോലം ആണെന്നാ ചോദിച്ചേ.. പോയി മാറി ഇട്ടിട്ടു പോ.. “( അമ്മ )

” ഇതിനെന്താ കുഴപ്പം. ഇതിപ്പോഴത്തെ ട്രെൻഡ് ആണമ്മേ.. ഫാഷൻ സെൻസ് ഇല്ലാത്ത സില്ലി ഗേൾ.. ” ( അമ്മു )

” ഓ തെണ്ടി നടന്നാലും ട്രെൻഡിന് ഒരു കുറവുമില്ല… “( അമ്മ )

” ഓ ഡാർക്ക്‌.. പോയി പോയി മൂഡ് പോയി..
ഇപ്പൊ എന്താ വേണ്ടേ ഞാൻ ഇത് മാറണം. ആഹ് ശെരി മാറാം ”
അതും പറഞ്ഞു അവൾ ചാടിത്തുള്ളി അകത്തേക്ക് കയറി പോയി..

വേഗം ഡ്രസ്സ്‌ മാറി അമ്മു അച്ചുവിനെയും കൂട്ടി പുറത്തേക്ക് പോയി..

നടന്നു പോകുന്ന കൂട്ടത്തിൽ ജിത്തുവിനെയും അപ്പുവിനെയും മോഹനേട്ടന്റെ കടയിൽ വച്ചു കണ്ടതുകൊണ്ട് അവരുടെ ചിലവിൽ അവിടുന്ന് മിട്ടായിയും സിപ്പപ്പും ഒക്കെ വാങ്ങി അവരുടെ കൂടെ തന്നെ വീട്ടിലേക്ക് തിരിച്ചു..

തുടരും……..