രചന – അരുന്ധതി
“ഇന്ന് നീയങ്ങ് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ. കണ്ടിട്ട് എനിക്കെന്നെ നിയന്ത്രിക്കാനാവുന്നില്ല. ഈ സൗന്ദര്യം അതെന്നേ മത്തു പിടിപ്പിക്കുന്നു”. എന്നും പറഞ്ഞ് അവൻ അവൾക്ക് നേരെ നടന്നടുത്തു. പേടിച്ചവൾ കണ്ണുകളടച്ചു. “ഭദ്രേ…..” അത് കേട്ട് ഞെട്ടിയവൾ കണ്ണ് തുറന്നവനെ നോക്കി. ………………… “എന്താടി ഞാനൊരു പൊട്ടനാണെന്ന് വിചാരിച്ചോ നീ” എന്നും പറഞ്ഞവൻ ദേവിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. അതുകണ്ട് ഭയന്ന് ഭദ്ര ഓടി വന്ന് അവന്റെ കൈക്ക് പിടിച്ചു. “ദേവിയെ വിട്, വിടാനാ പറഞ്ഞത് ” “എന്താടി രണ്ടും കൂടി എന്നെയങ്ങ് അടിച്ചിട്ട് ഫോണും കൊണ്ട് പോകാം എന്ന് വിചാരിച്ചോ. നിന്നോടൊക്കെ അന്നേ ഞാൻ പറഞ്ഞതാ എന്റെ കണ്ണുകൾ നിന്റെയൊക്കെ പിന്നാലെ തന്നെ ഉണ്ട് എന്ന്. നീയൊന്നും എത്ര വിചാരിച്ചാലും ഈ കാർത്തിയെ തോൽപ്പിക്കാനാവില്ല. കാർത്തി ഒന്ന് വിചാരിച്ചാൽ അത് നടത്തിയിരിക്കും” “താനൊന്ന് പോടോ താനെന്ത് ചെയ്യുമെന്നാ ഒരു ചുക്കും ചെയ്യില്ല. ഇനി താൻ എന്ത് പറയും നാട്ടുകാരോട് ഞങ്ങള് രണ്ടാളും തന്റെ അടുത്തേക്ക് സുഖം തേടി വന്നെന്നോ. അത് വിശാസിക്കാനും മാത്രം വിഡ്ഢികളല്ല ഇവിടെയുള്ളവര്” അവനൊരു പുച്ഛച്ചിരി ചിരിച്ചു. “എന്താടോ താൻ ചിരിക്കുന്നതത് ഞങ്ങള് പറഞ്ഞാൽ ആരും വിശ്വസിക്കില്ലന്നാണോ? ” “വിശ്വസിക്കും എല്ലാവരും വിശ്വസിക്കും. പക്ഷേ എന്തിനിവിടെ വന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ നീ എന്ത് പറയും. ഇവളുടെ അനിയത്തിയുടെ മാനം രക്ഷിക്കാനാണെന്നോ.”
“അതേ. അത് കേട്ട് എല്ലാവരും തന്നെ പുഴുത്ത പട്ടിയെ തല്ലും പോലെ തല്ലി ചതക്കും ” “നീ എന്ത് വിചാരിച്ചെടി എന്നെ കുറിച്ച് നിന്നെയൊക്കെ പോലെ 2പീറ പെണ്ണുങ്ങള് വിചാരിച്ചാൽ അങ്ങ് ഒതുക്കി കളയാമെന്നോ. ഇതിലും വലിയ വൃത്തികെട്ട കളികൾ കളിച്ച് ജയിച്ചവനാ ഞാൻ. നിന്നെപോലെയുള്ള കുറേ എണ്ണത്തിന്റെ ജീവിതമിട്ട് അമ്മാനമാടിയതാ. ആ എന്നെ നീ കളി പഠിപ്പിക്കുന്നോ. ഞാനീ മുറിയിൽ എത്തും മുൻപ് അതൊക്കെ അതൊക്കെ എത്തേണ്ടിടത്ത് എത്താൻ ഏർപ്പാട് ചെയ്ത് കഴിഞ്ഞു. എന്റെ ശരീരത്തിൽ ഇന്ന് ആരെങ്കിലും തൊട്ടാൽ പിന്നെ ഇവളുടെ അനിയത്തി നാളത്തെ പകല് കാണാൻ ജീവനോടെ ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ നിനക്ക്. ലോകം മുഴുവൻ അവളിലെ നഗ്നത കണ്ടതറിഞ്ഞ് അവള് ആത്മഹത്യ ചെയ്തിരിക്കും. മകളുടെ മാനം കാക്കാൻ പോലും കഴിഞ്ഞില്ല എന്ന വിഷമം താങ്ങാനാവാതെ ഇവളുടെ തന്ത നെഞ്ച് പൊട്ടി മരിക്കും. പിന്നെ പോലീസ്, അത് ഞാൻ നോക്കിക്കൊള്ളാം.
അതൊക്കെ ഒതുക്കി തന്നെയാ ഞാൻ ഇവിടെ വരെ എത്തിയത്. ” എല്ലാം കേട്ട് തളർന്നു പോയി ഭദ്ര. പക്ഷേ ദേവിയുടെ മുഖം കണ്ടാൽ ഒക്കെയും മുൻകൂട്ടി കണ്ടത് പോലെയുണ്ട്. ഒരു ഭാവമാറ്റവുമില്ല. മരവിച്ച പോലെ. “നീ തീരുമാനിക്ക് എന്ത് വേണമെന്ന് രണ്ടായാലും നിന്റെ തന്തക്ക് നോവും. ” “ഭദ്രേ ഇയാളാഗ്രഹിച്ചത് പോലെ നടക്കട്ടെ. ഞാനായിട്ട് വന്നതാണെന്ന് എല്ലാവരോടും പറഞ്ഞാൽ ദേവൂനെ എങ്കിലും നമുക്ക് രക്ഷിക്കാം. അല്ലെങ്കിൽ എല്ലാം കൈവിട്ട് പോകും. അതുകൊണ്ട്…. ” “അതുകൊണ്ട്.??? നീ എന്താ ഈ പറയുന്നത്. എല്ലാവരുടെയും മുന്നിൽ നീ ഇവനെ തേടി വന്നതാണ് എന്ന് പറയാൻ പോകുവാണോ.” ടക്, ടക്, ടക് വാതിലിൽ മുട്ടുന്നത് കേട്ട് അവര് രണ്ടാളും പരസ്പരം നോക്കി “ഭദ്രേ നീ പോ ആ പുറകിലത്തെ വാതിൽ തുറന്നാൽ നിനക്ക് പുറത്തിറങ്ങാം”. “ഇല്ലാ നിന്നെ ഈ ചതിക്കുഴിയിൽ ഇട്ടേച്ച് ഞാൻ പോകില്ല ” “എനിക്കെന്റെ അച്ഛനെയും, അനിയത്തിയേയും രക്ഷിച്ചേ പറ്റൂ.
അതിന് ഇയാളുടെ കൂടെ ഒറ്റക്ക് ഞാനിവിടെ വേണം” “നീ എന്തൊക്കെ പറഞ്ഞാലും ഞാൻ പോകില്ല ദേവീ”.. നീ പോയേ പറ്റൂ. ശക്തിയിൽ ഭദ്രയുടെ കൈക്ക് പിടിച്ച് വലിച്ച് മുറിയുടെ പിൻവാതിൽ തുറന്ന് ദേവി ഭദ്രയെ പുറത്താക്കി വാതിലടച്ചു. “മതിയായില്ലേ തനിക്ക്” “ഇല്ലാ കുറച്ച് കൂടിയുണ്ട്. എനിക്ക് നിന്നെ ശെരിക്കൊന്ന് കാണണം. ഇപ്പോഴല്ല 2 ദിവസം കഴിഞ്ഞ്. അന്ന് നമ്മള് തമ്മിൽ കണ്ട സ്ഥലത്ത് നീ വരണം. ” വീണ്ടും വാതിലിൽ മുട്ട് കേട്ടപ്പോൾ, അവൻ അവൾക്കടുത്തേക്ക് നടന്നു. അവളുടെ നെറ്റിയിൽ ചാർത്തിയിരുന്ന കുങ്കുമം ഒരു വശത്തേക്ക് പടർത്തി. ശേഷം അവനിട്ടിരുന്ന ഷർട്ടൂരിയെടുത്ത് അവന്റെ ഇടത്തേ തോളിലിട്ടു. “എന്താടി നീ നോക്കി പേടിപ്പിക്കുന്നത്. എവിടെ നിന്റെ ഈശ്വരൻ . എപ്പോഴും പോയി പ്രാർത്ഥിക്കാറുണ്ടല്ലോ.എന്നിട്ടെന്താ രക്ഷിക്കാൻ വരാത്തത്” “ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്നാ. തന്റെ തകർച്ച ഇവിടെ നിന്ന് തുടങ്ങുവാ. ഇനി ഒരു പെണ്ണിന്റെ ജീവിതമിട്ടും താൻ കളിക്കില്ല.
ഇത് കുറിച്ച് വച്ചോ ” “കുറച്ച് സമയത്തിനകം, ജീവിതമേ കയ്യിൽ നിന്ന് പോകും എന്നിട്ടും അവളുടെ അഹങ്കാരം കണ്ടില്ലേ ” വീണ്ടും വാതിലിൽ മുട്ട് കേട്ടപ്പോൾ അവൻ വാതിൽ തുറന്നു. പിന്നിലായി നിൽക്കുന്ന ദേവിയെ കണ്ട് എല്ലാവരും സ്തബ്ധരായി നിന്നു. അവളുടെ നെറ്റിയിലെ പടർന്ന കുങ്കുമം കാൺകെ പലരുടെയും മുഖങ്ങളിൽ പുച്ഛവും, സങ്കടവും നിറഞ്ഞു. മുന്നിൽ നിൽക്കുന്ന അവളുടെ പ്രിയപ്പെട്ടവരെ നോക്കാതെ അവൾ മുഖം കുനിച്ചു നിന്നു. “വാടീ ഇവിടെ… എന്തിനാ നീ ഇവിടെ വന്നത്. പറയെടി എന്തിനാ വന്നതെന്ന് ” അമ്മയുടെ മുഖത്തേക്ക് പോലും നോക്കാനാവാതെ ദേവി തല കുനിച്ചു തന്നെനിന്നു. “ദേവീ പറ നീ എന്തിനിവിടെ വന്നു ” ” ഇയാളെ കാണാൻ” അമ്മയുടെ ആ ചോദ്യത്തിന് അവൾ മുഖമുയർത്താതെ തന്നെ മറുപടി പറഞ്ഞു. പറഞ്ഞു കഴിഞ്ഞതും അടി കൊണ്ടവൾ ഭദ്രയുടെ കൈകളിലേക്ക് വീണു. “അമ്മേ വേണ്ട അവളെ ഒന്നും ചെയ്യല്ലേ” ” ഭദ്രേ….. നീ അങ്ങോട്ട് മാറി നിൽക്ക് ” രാമേട്ടന്റെ വാക്കുകൾ അത്ര ദൃഢതയുള്ളതായിരുന്നു.
“പറ, നീ എന്തിനാ ഇങ്ങോട്ട് വന്നത്. നിന്റെ നാവിൽ നിന്ന് എനിക്കത് കേൾക്കണം ” ശബ്ദം പോലും പുറത്തേക്കെടുക്കാനാവാതെ ദേവി തറഞ്ഞു നിന്നു. “നിന്നോടാണോ ചോദിച്ചത്. നീയായിട്ട് ഇവന്റെ അടുത്തേക്ക് വന്നതാണോ ?” “അതേ. ഞാനായിട്ട് ഇയാളുടെ അടുത്തേക്ക് വന്നതാണ് ” അവളത് പറഞ്ഞതും അച്ഛന്റെ മുൻപിലൂടെ എരിയുന്ന ഒരു സിഗരറ്റും കത്തിച്ചു പിടിച്ച് ചുണ്ടിൽ ചിരിയുമായി നടന്നകലുന്ന അവനെ അവൾ വെറുപ്പോടെ നോക്കി നിന്നു. എല്ലാം തകർന്നവനെ പോലെ തിരിഞ്ഞു നടക്കുന്ന അച്ഛനോട് അച്ഛന്റെ ദേവി മോള് ഒരു തെറ്റും ചെയ്തിട്ടില്ല അച്ഛാ എന്ന് പറയണമെന്നവൾക്ക് തോന്നി. “വാടീ ഇവിടെ ” ആളുകൾക്ക് മുന്നിലൂടെ അമ്മ അവളെയും വലിച്ചു കൊണ്ടുപോകുമ്പോൾ കേട്ടു ചില അടക്കം പറച്ചിൽ. അന്ന് രാമേട്ടൻ വരമ്പത്തു വെച്ച് ഇവൻ ഈ പെണ്ണിനെ കയറിപിടിക്കാൻ നോക്കി എന്ന് പറഞ്ഞല്ലേ വഴക്കുണ്ടാക്കിയത്. അച്ഛൻ വന്നത് കണ്ടപ്പോൾ രണ്ടുംകൂടി ഒത്തുകളിച്ച് രാമേട്ടനെ ചതിച്ചതാവും .
എങ്ങനെ തോന്നി ആ പെണ്ണിന് പാവം രാമേട്ടനെ ഇങ്ങനെ ചതിക്കാൻ. താഴത്തും തലയിലും വെക്കാതെയല്ലേ അതിനെ പുന്നാരിച്ച് വളർത്തിയത്. കലികാലം പറഞ്ഞിട്ടെന്താ…. ആ രാത്രി ആരും ഉറങ്ങിയില്ല. അമ്മ അച്ഛന് കാവലിരുന്നു. പിറ്റേന്ന്,,,,, “ഭദ്രേ നിൽക്ക്. നീ എവിടെക്കാ…, ” “അമ്മേ ദേവിയെ ഒന്ന് കാണാൻ. ” “വേണ്ട നീ അകത്തു കയറി പോ ” “അമ്മേ അത് “….. “പറഞ്ഞത് മനസ്സിലാവില്ലാന്നുണ്ടോ നിനക്ക്. അകത്തു കയറി പോ. പോകാനല്ലേ പറഞ്ഞത് ” …….. “ഗോപാലാ,, രാമന്റെ മോളും നിന്റെ മോളും വലിയ കൂട്ടാണല്ലേ ” ചോദ്യം മനസ്സിലാവാത്ത രീതിയിൽ ഗോപാലേട്ടൻ നോക്കി. “അല്ലാ ആ കൊച്ചിന് എന്തൊരു അടക്കവും ഒതുക്കവുമായിരുന്നു. ഇപ്പോൾ കണ്ടില്ലേ. അതുപോലെ ഇനി നിന്റെ മോൾക്കും? ആ കൂട്ടല്ലേ നിന്റെ മോളും. അതുകൊണ്ട് ചോദിച്ചതാ ” കേട്ടതും ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് ഗോപാലേട്ടൻ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു. കണ്ട് നിന്നവര് വേഗം പിടിച്ചു മാറ്റി. “ഞാൻ ഉള്ള കാര്യമാ പറഞ്ഞെ ആണും പെണ്ണുമായി ഒന്നല്ലേ ഉള്ളൂ നിനക്ക് അതുകൊണ്ട് പറഞ്ഞതാ ” അവിടുന്ന് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് കലങ്ങി മറിഞ്ഞിരുന്നു.
വീട്ടിലെത്തിയ പാടെ ഭദ്ര അച്ഛന്റെ അടുത്ത് വന്നു. “അച്ഛാ ഈ അമ്മയെന്നെ ദേവിയുടെ അടുത്ത് വിട്ടില്ല. അച്ഛൻ വന്നിട്ട് ഇതിനൊരു തീരുമാനമാകാൻ നിന്നതാണ് ഞാൻ. പറ അച്ഛാ ഞാൻ പൊക്കോട്ടെ? ” “വേണ്ട”…. “അച്ഛാ… നിങ്ങൾക്കൊക്കെ ഇതെന്താ സംഭവിച്ചത്”…. “ഭദ്രേ… പോകണ്ട എന്ന് പറഞ്ഞാൽ പോകണ്ട ഞങ്ങൾക്ക് ആകെയുള്ളത് നീയാ, ചീത്തപ്പേര് കേട്ടാൽ പിന്നെയത്ര പെട്ടെന്നൊന്നും അത് മാറില്ല. അതുകൊണ്ട് നീയിനി അങ്ങോട്ട് പോകുന്നില്ല. ഇതെന്റെ തീരുമാനമാ. ” എല്ലാം കേട്ട് പുറത്ത് നിന്ന ദേവി തളർന്നു പോയി. കരച്ചിൽ കേട്ട് അവര് തിരിഞ്ഞു നോക്കി. മുന്നിൽ നിൽക്കുന്ന ദേവിയെ കണ്ട് ഭദ്രയൊഴിച്ച് ബാക്കി രണ്ട് മുഖങ്ങളിലും ദേഷ്യവും, അറപ്പും വിരിഞ്ഞു. ദേവീ എന്നും വിളിച്ച് ഭദ്ര ഓടിച്ചെന്ന് ദേവിയെ കെട്ടിപ്പിടിച്ചു. “ഭദ്രേ അങ്ങോട്ട് മാറി നിൽക്ക് ” “ഇല്ലാ ഞാൻ മാറില്ല. ” നിന്നോട് മാറാനല്ലേ പറഞ്ഞതെന്നും പറഞ്ഞ് ഭദ്രയെ പിടിച്ചു മാറ്റി കവിളിൽ തലങ്ങും വിലങ്ങും അടിച്ചു. എല്ലാം കണ്ട് പകച്ചു നിന്ന ദേവിയെ പിടിച്ചു വലിച്ച് ഗോപാലേട്ടൻ രാമേട്ടന് മുന്നിൽ നിർത്തി. “രാമാ എനിക്ക് ആകെ ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളു.
അതിന് നല്ലൊരു ജീവിതം വേണമെന്ന് എനിക്കാഗ്രഹമുണ്ട്. അതുകൊണ്ട് ഇനി ഇവളെ അങ്ങോട്ട് വിടരുത്. ഞാൻ അപേക്ഷിക്കുകയാണ്. അതുകൊണ്ട് ഒരു ബന്ധത്തിന്റെ പേരിലും ഇനി ആരും അങ്ങോട്ട് വരരുത്” എല്ലാം ഇന്നിവിടെ തീർന്നു. ” ഞാനപേക്ഷിക്കുകയാണ് എന്ന് പറഞ്ഞ് ഗോപാലേട്ടൻ ഇറങ്ങിയതും രാമേട്ടൻ കുഴഞ്ഞ് വീണു. “ദേവൂ കുറച്ച് വെള്ളം എടുത്ത് കൊണ്ട് ഓടി വാ ” അമ്മ വിളിച്ച് പറഞ്ഞത് കേട്ട് ദേവു വെള്ളം കൊണ്ടു വന്നു. അത് മുഖത്ത് തളിച്ചപ്പോൾ അച്ഛൻ കണ്ണ് തുറന്നു. “അച്ഛാ എന്ത് പറ്റി അച്ഛാ വാ എഴുന്നേൽക്ക് മുറിയിൽ പോയി കിടക്കാം. പ്രഷർ കുറഞ്ഞതാവും. ഞാൻ കുറച്ച് മോരിൽ ഉപ്പിട്ട് എടുത്ത് തരാം. ” “അങ്ങോട്ട് മാറി നിൽക്കെടി. ഈ മനുഷ്യനെ ഈ നിലയിൽ ആക്കിയിട്ട്. എന്നെക്കൊണ്ടൊന്നും പറയിക്കരുത്. തറവാടിന്റെ മാനം കളയാനുണ്ടായ ജന്മം. ദേവൂ അച്ഛനെ പിടിക്ക് മുറിയിൽ കൊണ്ടുപോയി കിടത്താം. ” അവര് പോകുന്നതും നോക്കി ദേവി നടുത്തളത്തിൽ നിന്നു. പിന്നീട് സങ്കടം സഹിക്ക വയ്യാതെ മുറിയിൽ കയറി കതകടച്ച് കുറേ നേരം കരഞ്ഞു. അമ്മയും ഗോപാലേട്ടനും ഒക്കെ പറഞ്ഞ ഓരോ വാക്കുകളും അവളെ തളർത്തി.
എല്ലാം ഓർത്തപ്പോൾ ചങ്ക് പൊട്ടിപ്പോകും പോലെ തോന്നിയവൾക്ക്. 2ദിവസം കഴിഞ്ഞ് അവൻ പറഞ്ഞിടത്ത് ചെന്നില്ലെങ്കിൽ ഈ ചെയ്ത് കൂട്ടിയതെല്ലാം പാഴാകും എന്ന് കൂടി ഓർത്തപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. ഞാനുണ്ടെങ്കിലല്ലേ അവന് ഇനി പ്രതികാരം നടത്താൻ പറ്റൂ. ദേവൂനെ വെച്ചാണെങ്കിൽ അത് നേരത്തേ ആവാരുന്നു. ഞാൻ പോയാൽ എല്ലാത്തിനും ഒരു പരിഹാരമാകും. ഈ അവസ്ഥയിൽ എന്റെ മരണം പോലും എല്ലാവർക്കും ബുദ്ധിമുട്ടാവും. അതുകൊണ്ട് ആർക്കും കണ്ടു പിടിക്കാൻ സാധിക്കാത്ത ഒരിടത്തേക്ക് പോകണം. നാളത്തേക്ക് വൈകിച്ചാൽ അയാളുടെ അടുത്ത് പോകേണ്ടി വരും അതുകൊണ്ട് ഇന്ന് തന്നെ പോകണം. ഈ നാടും വീടും വിട്ട് എങ്ങോട്ടെങ്കിലും. ലൈറ്റ് അണച്ച് എല്ലാവരും കിടന്ന ശേഷം, അവള് പതിയെ എഴുന്നേറ്റു . കുറച്ച് വസ്ത്രങ്ങളും, അവളുടെ സർട്ടിഫിക്കറ്റും, കയ്യിലുണ്ടായിരുന്ന കുറച്ച് കാശും ഒരു ബാഗിലാക്കിയ ശേഷം മുറിക്കു പുറത്തിറങ്ങി.
ശാന്തമായി ഉറങ്ങുന്ന അച്ഛനെയും, അമ്മയെയും ദേവുവിനെയും നോക്കി അൽപ നേരം നിന്നു. കണ്ണ്നീര് കവിളിൽ തടത്തെ നനച്ചപ്പോഴാണ് താൻ കരയുകയാണെന്നവൾക്ക് മനസ്സിലായത്. കണ്ണുകൾ തുടച്ച് തിരിഞ്ഞു നോക്കാതെ അവൾ നടുത്തളത്തിലെ വാതിൽ തുറന്ന് പുറത്തിറങ്ങി. മുറ്റത്തെത്തിയതും അവളൊന്ന് തിരിഞ്ഞു നോക്കി. താൻ പിച്ച വെച്ച് നടന്ന സ്വർഗതുല്യമായിരുന്ന തന്റെ തറവാട്. മുറ്റത്ത് കൂടി ഓടിക്കളിക്കുന്ന തനിക്ക് പിന്നാലെ ഓടുന്ന അമ്മ, ഓടി വരുന്ന തന്നെ എടുത്ത് മാറോടണക്കുന്ന അച്ഛൻ, എല്ലാം ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു തൂവി. ഭദ്ര,, അവളെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റില്ലല്ലോ എന്ന് കൂടി ഓർത്തപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ആർത്തിരമ്പി വന്ന കണ്ണ് നീർ കടലിനെ തുടച്ചു നീക്കിയവൾ നടന്നു. മുറ്റം കടന്നതും മുന്നിൽ ഇരുട്ട് മാത്രം. പേടിയോടെയവൾ അവിടെ പകച്ചു നിന്നു. ശേഷം ഒരു ദീർഘ നിശ്വാസമെടുത്തവൾ ഇരുട്ട് നിറഞ്ഞ റോഡിന്റെ ഒരു വശത്ത് കൂടി നടന്നു തുടങ്ങി .
നടന്ന് നടന്ന് ബസ്സ്റ്റോപ്പിലെത്തി. കുറച്ച് കഴിഞ്ഞ് ഒരു ട്രാൻസ്‌പോർട് ബസ് നിർത്തി അതിൽ കയറി കോട്ടയം സ്റ്റാൻഡിലിറങ്ങി. സമയം ഒന്നരയോടടുത്തിരുന്നു. കയ്യിലുള്ള ഫോണിന്റെ സിം ഒടിച്ചു കളഞ്ഞ ശേഷം പുതിയത് വാങ്ങാനായി അവള് ഒരു കടയിൽ കയറി. എല്ലാം ശെരിയാക്കി അവിടെ നിന്ന് അടുത്തുള്ള കടയിൽ കയറി വെള്ളം വാങ്ങുമ്പോൾ തോന്നി ആരുടെയൊക്കെയോ കണ്ണുകൾ തന്നെ പിന്തുടരുന്നതായി. പതിയെ ആർക്കും മനസ്സിലാകാത്ത വിധത്തിൽ അവള് തിരിഞ്ഞു നോക്കുമ്പോൾ കുറച്ച് പേര് തന്നെ തന്നെ ശ്രദ്ധിക്കുന്നു. അവരുടെ രൂപം കണ്ടാൽ തന്നെ പേടി തോന്നും. അവളവിടുന്നിറങ്ങി കുറച്ച് മുൻപിലേക്ക് നീങ്ങി നിന്നു. അപ്പോൾ അവരും കുറച്ച് മുൻപോട്ട് നീങ്ങി. വീണ്ടും അവളത് പോലെ തന്നെ ചെയ്തു. ഒപ്പം അവരും. അവളുടെയുള്ളിൽ ഭയമേറി വന്നു. “എന്താ മോളേ എവിടെ പോവാനാ? ” അതിലൊരാളുടെ ചോദ്യം അവളെ ശെരിക്കും ഭയപ്പെടുത്തി .
“എന്താടി ചോദിച്ചത് കേട്ടില്ലേ? ” “റെയിൽവേസ്റ്റേഷൻ ” വിറച്ചു കൊണ്ടവൾ മറുപടി പറഞ്ഞു. “വാ ചേട്ടന്മാരു കൊണ്ടാക്കിതരാം ” “വേണ്ട ഞാൻ തനിയെ പൊയ്ക്കോളാം ” അങ്ങനെ പറയല്ലേ മോളേ എന്ന് പറഞ്ഞ് ഒരുത്തൻ അവളെ അടിമുടി നോക്കി. പെട്ടെന്ന്, “മോളേ നീ ഇവിടെ നിൽക്കുവാണോ നല്ല കഥ ഞാനെവിടെയൊക്കെ നോക്കി ” ആദ്യം അത് കേട്ടവളൊന്ന് അന്തിച്ചു. പക്ഷേ അദ്ദേഹം തന്നെ അവരിൽ നിന്നും രക്ഷപ്പെടുത്താനാണ് അത് പറഞ്ഞതെന്ന് അയാളുടെ മുഖഭാവത്തിൽ നിന്നവൾക്ക് മനസ്സിലായി. “വാ മോളേ നമുക്ക് പോകാം ” “ഒത്തിരി നന്ദിയുണ്ട് അങ്കിളേ. അവരിൽ നിന്നും എന്നെ രക്ഷിച്ചതിന്. ” “മോള് ഈ പാതിരാത്രിക്ക് തനിയെ എവിടെ പോകുവാ? ” “റെയിൽവേസ്റ്റേഷൻ വരെ. ” “നടന്ന് പോകണ്ട. ഞാനും അങ്ങോട്ടേക്കാ. വാ നമുക്കൊരു ടാക്സി പിടിക്കാം “. ശെരി എന്ന് പറഞ്ഞ് അയാൾ ഒരു ടാക്സിക്ക് കൈ കാണിച്ചു. അവര് രണ്ടാളും അതിൽ കയറി. റെയിൽവേസ്റ്റേഷൻ റോഡിലേക്ക് പോകാതെ ടാക്സി നേരെ പോയി.
“അങ്കിൾ വഴി തെറ്റി നേരെയല്ല വലത്തേക്കാ പോകേണ്ടത് ” പറഞ്ഞിട്ടും ടാക്സിയുടെ വേഗത കൂടിയതല്ലാതെ അവരിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. “നിർത്ത് എനിക്കിറങ്ങണം. നിർത്താനല്ലേ പറഞ്ഞത് ” മിണ്ടാതിരിക്കടി അവിടെ എന്നും പറഞ്ഞ് അവൻ തിരിഞ്ഞു നോക്കി. ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് തല കറങ്ങും പോലെ തോന്നി. ശേഷം മുന്നോട്ട് തിരിഞ്ഞ് അവര് രണ്ടാളും പരസ്പരം നോക്കി ചിരിച്ചു. പിന്നെ എന്തെങ്കിലും ചോദിക്കാനാവും മുൻപ് അവരവളെ മയക്കി കിടത്തി. മുഖത്ത് വെള്ളം വീണപ്പോൾ അവളുണർന്നു. മുൻപിൽ, ശരീരം മുഴുവൻ ആഭരണങ്ങളണിഞ്ഞ്, നെറ്റിയിൽ വലിയ പൊട്ടു തൊട്ട ഒരു സ്ത്രീ. വായ മുഴുവൻ മുറുക്കാൻ ചവച്ച് ചുവന്നിരിക്കുന്നു. കണ്ട മാത്രയിലെ ദേവി ഭയന്ന് പിന്നിലേക്ക് മാറി.
പേടിക്കണ്ട ഞാനൊരു പാവം അമ്മയാ . പേര് രത്നകോകില. എല്ലാവരും എന്നെ കോകിലമ്മ എന്ന് വിളിക്കും. “ഡാ ശ്രീകാന്ത്,,,,, നീ പറഞ്ഞതിലും സുന്ദരിയാണല്ലോഡാ ഇവള്”. ” അതല്ലേ കോകിലമ്മക്ക് വേണ്ടി ഇവളെ ഞാനിവിടെ എത്തിച്ചു തന്നത്. ” ” നീ അതിശയിക്കണ്ട അവൻ തന്നെയാണ് കാർത്തിയും, ശ്രീകാന്തും ഓരോ നാട്ടിലും അവൻ ഓരോ പേരിലാ “. താൻ വന്നു പെട്ട കുരുക്ക് എത്ര മുറുക്കമുള്ളതാണെന്ന് ഓരോ നിമിഷവും അവള് മനസ്സിലാക്കുകയായിരുന്നു. ഇന്നാ,,,, ഈ സുന്ദരികുട്ടിയെ എനിക്ക് തന്നതിനുള്ള പാരദോഷികം. അടുത്ത നിമിഷം വലിയ ഒരുകെട്ട് പണം അവന് മുന്നിലേക്ക് വന്നു വീണു. അതെടുത്ത് അവൻ അവർക്കു മുന്നിൽ വന്നു നിന്നു. പണം മാത്രം പോരാ എനിക്ക്. ഇവളെയും വേണം ഒരു തവണത്തേക്ക്. അത്രക്ക് ഞാൻ ആഗ്രഹിച്ചു പോയി.
“അത് നടക്കില്ല എന്ന് നിനക്കറിയാവുന്ന കാര്യമല്ലേ” ഇതുവരെ ഞാൻ നിങ്ങള് പറയുന്നതൊക്കെ അനുസരിച്ചില്ലേ. ഒത്തിരി എണ്ണത്തെ കൊണ്ട് വന്ന് തന്നില്ലേ. അതിനെയൊക്കെ വച്ച് നിങ്ങള് കാശുണ്ടാക്കിയില്ലേ. അതുകൊണ്ട് ഇത്, ഇതിനെ ആദ്യം എനിക്ക് തന്നെ വേണം. “ശെരി തന്നേക്കാം ” പറഞ്ഞ് തീർന്നതും അവര്, വെറ്റില ചെല്ലം തുറന്ന് ഒരു വെറ്റില അല്പം ചുണ്ണാമ്പും കൂട്ടി തിരുമ്മി വായിലിട്ട് ചവച്ചു. ശേഷം തോക്കെടുത്ത് അവന് നേരെ പിടിച്ചു. എന്നിട്ട് ചവച്ച മുറുക്കാൻ അവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി. നീ എന്നെ കണക്ക് പറഞ്ഞ് കച്ചവടം പഠിപ്പിക്കുന്നോടാ . നിന്നെപ്പോലെ ഒരുപാട് അവന്മാരെ കണ്ടും, തീർത്തും തന്നെയാ ഈ കോകില രത്നകോകിലയും, കോകിലമ്മയും ഒക്കെ ആയത്. നിനക്കറിയാല്ലോ ഒരുത്തൻ രുചിച്ച പെണ്ണിന് വില കുറവാ. നീ ഇവളെ കുറിച്ച് പറഞ്ഞപ്പോഴേ എനിക്ക് മനസ്സിലായി നിനക്കിവളോടുള്ള താല്പര്യം.
അതുകൊണ്ടാണ് ഇവനെ ഞാൻ നിന്റെ അടുത്തേക്ക് അയച്ചത് ഒരു കോട്ടവും പറ്റാതെ ഇവളെ ഇവിടെ കിട്ടാൻ. എനിക്ക് നേരെ വിരൽ ചൂണ്ടിയാ നീ ഇനി ജീവനോടെ വേണ്ട. “കോകിലമ്മേ എന്നോട് ഈ ഒരു തവണത്തേക്ക് ക്ഷമിക്കണം ” “ഇല്ലാ ഈ കോകിലയുടെ നേരെ ഉയർന്ന ഒരു നാവും പിന്നെ ആരുടെ നേരെയും ഉയർന്നിട്ടില്ല”. അവർ ആ തോക്ക് അവന് നേരെ ഉയർത്തി വലിച്ചു. ഒരു ശബ്ദത്തോടെ അവൻ എന്ന അധ്യായം അടഞ്ഞു “ഇവനെ കൊണ്ട് പോയി കൊക്കയിൽ തള്ളിയേക്ക്. മൃഗങ്ങള് അവരുടെ വിശപ്പ് മാറ്റട്ടെ ” മുന്നിലൂടെ ചലനമറ്റ അവന്റെ ശരീരം അകന്ന് പോകുന്നത് കാൺകെ അവളിൽ ഒരു ചെറു കുളിരുണ്ടായി. കാർത്തിക്കുള്ളത് കൊടുത്തിട്ടുണ്ട്. കുറഞ്ഞു പോയെങ്കിൽ ക്ഷമിക്കുക.

by