രചന – അരുന്ധതി
” അപ്പോൾ പോട്ടെ കണ്ണേട്ടാ,,, ”
അതും പറഞ്ഞ് അവള് പുറത്തേക്കോടി.
ഈ സമയം കണ്ണേട്ടാനുള്ള അവളുടെ വിളി കേട്ട് കിളി പറന്ന പോലെ നിന്നിടത്ത് തന്നെ കണ്ണൻ നിന്ന് പോയി.
കുറച്ച് കഴിഞ്ഞാണ് അവന്റെ പോയ കിളികൾ തിരിച്ചു വന്നത്.
” അല്ലാ,,,
അവളിപ്പോൾ എന്താ എന്നെ വിളിച്ചേ, കണ്ണേട്ടാന്നൊ ”
അവളുടെ ആ വിളി വീണ്ടും മനസ്സിൽ ഓർക്കുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി അവൾക്ക് വേണ്ടി വിരിയുന്നുണ്ടായിരുന്നു.
കണ്ണന്റെ മുറിയിൽ നിന്നും ദേവു നേരെ താഴേക്കാണ് ഇറങ്ങി വന്നത്. മൂളിപ്പാട്ടും പടി ചിരിച്ചു കൊണ്ടുള്ള അവളുടെ വരവ് കണ്ടപ്പോൾ എല്ലാവർക്കും അതിശയമായിരുന്നു. കാരണം മുൻപേ നടന്ന സംഭവങ്ങൾ അവളെ അത്രമാത്രം സ്വാധീനിച്ചത് എല്ലാവരും കണ്ടതാ.
” നിനക്കൊരു നാണവും ഇല്ലേ എന്റെ ദേവു?”
അടുക്കളയിലേക്ക് വന്ന ദേവൂനെ നോക്കി സാവിത്രി ചോദിച്ചു.
അവരുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ച് ചായയും എടുത്ത് പുറത്തേക്ക് പോയതല്ലാതെ അവള് ഒരക്ഷരം പോലും ആരോടും മിണ്ടിയില്ല.
ഒത്തിരി രാത്രി ആവും മുൻപ് അർജുൻ ദേവിയെ ഫോൺ വിളിച്ചു. രണ്ട് ദിവസത്തേക്ക് കുറച്ച് തിരക്കുണ്ട് അതുകൊണ്ട് ഇന്ന് വരില്ലാന്നും, രണ്ട് ദിവസം കഴിഞ്ഞ് അവരെ കൂട്ടാനായി അങ്ങോട്ട് വരാമെന്നും പറഞ്ഞ് ഫോൺ വെച്ചു.
അവൻ വരില്ലാന്ന് പറഞ്ഞത് കൊണ്ട് പിന്നെ ദേവിക്ക് വലിയ സന്തോഷമൊന്നും ഇല്ലായിരുന്നു.
വൈകിട്ട് എല്ലാവരും കഴിക്കാനിരുന്നു. കണ്ണൻ വന്നിരുന്നപ്പോഴേ എല്ലാവരുടെയും ശ്രദ്ധ ദേവൂന്റെ മുകളിൽ ആയിരുന്നു. പക്ഷേ അവരാരും പ്രതീക്ഷിച്ചത് പോലെ അവളൊന്നും മിണ്ടിയില്ല.
അവൻ വരുമ്പോഴേ എല്ലാവരും തന്നെ ശ്രദ്ധിക്കും എന്നറിയാവുന്നത് കൊണ്ടാണ് അവള് തല ഉയർത്തി നോക്കാതിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അവള് മുന്നിലിരിക്കുന്ന കണ്ണനെ നോക്കി. അത് പ്രതീക്ഷിച്ചത് കൊണ്ട് അവൻ അവളെ നോക്കാതെ മനഃപൂർവം തന്നെ പാത്രത്തിലേക്ക് നോക്കി കഴിച്ചു. പിന്നീട് കിടക്കാൻ പോകുന്നതിന് മുൻപ് പലവട്ടം തമ്മിൽ കണ്ടെങ്കിലും എന്തോ അവളുടെ മുഖത്തെ കുറുമ്പ് കാണാൻ വേണ്ടി അവൻ മനഃപൂർവം അവളെ ശ്രദ്ധിക്കാതെ നടന്നു.
അവസാനം കിടക്കാൻ മുറിയിലേക്ക് പോകുന്നതിന് തൊട്ട് മുൻപും അവള് അവനെ ഒന്ന് നോക്കി. അവൾക്കൊരു നോട്ടം പോലും കൊടുക്കാതെ അവൻ മുറിയിൽ കയറി കതകടച്ചു. അവൻ ഒളി കണ്ണിട്ട് നോക്കിയപ്പോൾ മുഖം വീർപ്പിച്ച് അവനെ നോക്കി തന്നെ നിൽപ്പുണ്ട് അവള്.
ആ മുഖം ഓർത്തപ്പോൾ മുറിയിൽ കയറിയിട്ടും കണ്ണന് ചിരി വന്നു.
കണ്ണൻ മുറിയിൽ കയറി നോക്കുമ്പോൾ വിഷ്ണു ഒരു സമാധാനവും ഇല്ലാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.
” വിഷ്ണുവേട്ടാ എന്താ കാര്യം. എന്തുപറ്റി ഇങ്ങനെ ടെൻഷൻ അടിക്കാൻ. ”
” എനിക്ക് സങ്കടം വരുന്നെടാ. അവളെ കാണാൻ തോന്നുന്നു. മര്യാദക്കൊന്ന് മിണ്ടിയിട്ട് എത്ര ദിവസമായെന്നോ ”
കട്ടിലിലേക്കിരുന്നു കൊണ്ട് വിഷ്ണു കണ്ണന് മറുപടി കൊടുത്തു.
” അതാണോ കാര്യം. വാ ഞാൻ വരാം പോയി വിളിക്ക് ഭാമേച്ചിയെ. ”
” ടാ അതല്ലടാ, ദേവിയേട്ടത്തി പറഞ്ഞിട്ടുണ്ട്. രാത്രി സംസാരമൊന്നും വേണ്ടാന്ന്. പ്രത്യേകിച്ച് ഇവിടെ വച്ച് ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഏങ്ങാനും അറിഞ്ഞാൽ എന്റെ കാര്യത്തിൽ തീരുമാനമാകും. ”
” ചേച്ചി അറിയത്തൊന്നുമില്ല. വാ ഞാൻ കൂട്ട് വരാം. ”
“ടാ എന്നാലും,,, ”
” ഒരെന്നാലുമില്ല,,, വാ ”
അതും പറഞ്ഞവൻ വിച്ചൂനെയും കൊണ്ട് മുറിയ്ക്ക് പുറത്തിറങ്ങി.
പതിയെ ഒച്ച വെക്കാതെ നടന്ന് ചെന്ന് ടെറസിൽ കൂടി അവരുടെ മുറിയുടെ ജനാല തുറന്നു.
നോക്കുമ്പോൾ അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ ദേവു ഉറക്കം വരാതെ കണ്ണും തുറന്ന് കിടക്കുകയായിരുന്നു. അവൻ പതിയെ അവിടുന്ന് അവളെ പതിയെ വിളിച്ചു. അവനെ കണ്ടതും ദേവു സന്തോഷം കൊണ്ട് വേഗം ജനലിന്റെ അടുത്ത് വന്ന് നിന്നു.
” എനിക്കറിയാരുന്നു കണ്ണേട്ടനും ഉറക്കം വരുന്നില്ലെന്ന്. ”
പതിയെ കൊഞ്ചിക്കൊണ്ട് അവളത് പറഞ്ഞതും,,,
” അയ്യടാ,,,
എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.
ഞാൻ ഭാമേച്ചിയെ വിളിക്കാൻ വന്നതാ.
നീ ഒന്ന് വിളിച്ചേ വിഷ്ണു ചേട്ടൻ അപ്പുറത്ത് നിൽപ്പുണ്ട്. ”
അവനത് പറഞ്ഞ് കഴിഞ്ഞതും ചുണ്ട് പിളർത്തി അവളവനെ നോക്കി നിന്നു.
” നിന്ന് കഥകളി കാണിക്കാതെ ഒച്ച വെക്കാതെ ചേച്ചിയെ ഒന്ന് ചെന്ന് വിളിച്ചേ. ”
ചമ്മിയുള്ള അവളുടെ പോക്ക് കാൺകെ അവന് ചിരി വന്നു.
” ഭാമേച്ചി,,,
ഒന്നെഴുന്നേറ്റേ ദേ വിഷ്ണു ചേട്ടൻ കാണാൻ വന്ന് നിൽക്കുന്നു. ”
അവള് പറഞ്ഞത് കേട്ടതും ഭാമ ചാടിയെഴുന്നേറ്റു.
” വിച്ചുവേട്ടനോ,, എവിടേ? ”
” ദേ അവിടെ.. ”
ദേവു ജനാലയ്ക്ക് നേരെ കൈ ചൂണ്ടി.
അവനെ കണ്ടതും ഭാമ ശരവേഗത്തിൽ ടെറസിലേക്കുള്ള വാതിൽ തുറന്ന് അവന്റെ അടുത്തേക്ക് ചെന്നു.
അവളടുത്ത് വന്നതും വിച്ചു കണ്ണനെ ഒന്ന് നോക്കി.
” നോക്കണ്ട. ഞാൻ പൊക്കോളാം.”
അവനതും പറഞ്ഞ് പുറത്തേക്ക് പോകാൻ തുടങ്ങി.
” അയ്യോടാ മോനേ ചതിക്കല്ലേ,,,
നീ പുറത്തേക്ക് പോയാലെങ്ങനെയാ. ”
വിഷ്ണു അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.
” പിന്നെ ഞാനെങ്ങോട്ട് പോകും. ”
കുറച്ച് സമയം ഒന്ന് ചിന്തിച്ച ശേഷം വിഷ്ണു അവന്റെ മുഖത്തേക്ക് നോക്കി.
” ദേ ആ മുറിയിൽ ഇരുന്നോ. അതാകുമ്പോൾ ഇവള് അങ്ങോട്ട് വരുമ്പോൾ നമുക്ക് ഒന്നിച്ചു തിരിച്ചു പോകാമല്ലോ ”
” അയ്യോ അത് പറ്റില്ല. ”
” എന്റെ പൊന്ന് മോനേ എതിര് പറയല്ലേടാ ”
വിഷ്ണു അവന് നേരെ കെഞ്ചിക്കൊണ്ട് പറഞ്ഞു.
” ശെരി. എങ്കിൽ പെട്ടെന്ന് വേണം. ”
എന്നും പറഞ്ഞ് അവൻ നേരെ ദേവൂന്റെ അടുത്തേക്ക് പോയി.
ചെല്ലുമ്പോൾ ആള് കയറി കിടന്ന് കഴിഞ്ഞു.
അവളെ വിളിക്കാതെ അവൻ ആ മുറിയിലെ കസേരയിൽ കയറി ഇരുന്നു.
” എന്തൊരു ജാടയാ ഇത്. ഞാനൊന്ന് പാവമായപ്പോൾ എന്തൊരഹങ്കാരവാ. ”
അവൻ വന്നതറിയാതെ അവള് പുറമേ പറഞ്ഞ് പിറുപിറുത്തു കൊണ്ടിരുന്നു.
” അഹങ്കാരം നിന്റെ കഴുത്തിൽ കുരുക്കിട്ട് ജീവിതം കളയാൻ ഒരുത്തൻ വരില്ലേ അവന്.”
പെട്ടെന്ന് കണ്ണന്റെ ശബ്ദം കേട്ടതും ദേവു ഞെട്ടിയെഴുന്നേറ്റു. മുന്നിലിരിക്കുന്ന അവനെ കണ്ട് അവള് ശെരിക്കും ചമ്മി.
” ഇതെന്താ ഇവിടെ ഇരിക്കുന്നത്,,,? ”
അവന്റെ നേരെ ചെന്ന് നിന്ന് കൊണ്ട് അവള് ചോദിച്ചു.
” നിന്നെ കാണാൻ വേണ്ടി വന്നതാ. എന്തേയ്? ”
പുരികമുയർത്തി അവൻ ചോദിച്ചതും അവള് മുഖം കൂർപ്പിച്ചു നോക്കി.
” അയ്യടാ,,, കാണാൻ വരാൻ പറ്റിയ ഒരു സാധനം. അവര് സംസാരിക്കുന്നതിനിടക്ക് ഞാനെന്തിനാ അതുകൊണ്ട് മുറിയിലേക്ക് പോകാൻ പോയതാ. അപ്പോഴാ ചേട്ടൻ പോകല്ലേ ഇവിടെ ഇരിക്കാൻ പറഞ്ഞത്. അതുകൊണ്ട് വന്നു പോയതാ കൊച്ചുതമ്പുരാട്ടിയെ ”
കൈ തൊഴുത് കൊണ്ട് അവനത് പറഞ്ഞതും ദേവു മുഖം തിരിച്ചു കട്ടിലിൽ പോയിരുന്നു.
അവിടെ ഇരുന്ന് കൊണ്ട് അവള് ഇടക്കിടക്ക് അവനെ നോക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു. അറിഞ്ഞു കൊണ്ട് തന്നെ അവൻ ആ ഭാഗത്തേക്ക് നോക്കിയതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവര് വന്നു. കണ്ണനും, വിഷ്ണുവും അവരുടെ മുറിയിലേക്കും പോയി.
വിഷ്ണു കിടന്നപ്പോഴേ ഉറങ്ങിപ്പോയി. പക്ഷേ കണ്ണന് കണ്ണടയ്ക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. കണ്ണടച്ചാൽ അപ്പോൾ ദേവൂന്റെ കുറുമ്പ് നിറഞ്ഞ മുഖം മാത്രം. അവളുടെ മുഖം താനെന്തിന് ഓർത്തുകൊണ്ടിരിക്കണം എന്ന് അവൻ തന്നെ മനസ്സിനോട് ചോദിച്ചു കൊണ്ടിരുന്നു. ഈ സമയം ദേവൂന്റെ മനസ്സിലും കണ്ണൻ മാത്രമായിരുന്നു. എന്തുകൊണ്ട് ദേവൂന്റെ മുഖം തന്റെ ഉറക്കം കെടുത്തുന്നു എന്ന് കണ്ണന് മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദേവൂന് അതിന്റെ അർത്ഥം നന്നേ മനസ്സിലായി തുടങ്ങിയിരുന്നു. ഇത് വരെ ആരോടും തോന്നാത്ത ഒന്ന് അവനോട് തോന്നിത്തുടങ്ങി എന്ന് അവൾ മനസ്സിലാക്കി.
ഈ സമയം ദേവിയും ഉറക്കമില്ലാതെ കിടക്കുകയായിരുന്നു.
(ഇന്നവിടെ ഉറക്കമില്ലാത്ത രാത്രിയാണെന്ന് തോന്നുന്നു)
ഇന്നലെ ഈ സമയം അവളോടൊപ്പം ഉണ്ടായിരുന്ന അവളുടെ പ്രാണൻ ഇപ്പോൾ അവളിൽ നിന്ന് എത്ര ദൂരെയാണെന്നോർക്കുമ്പോൾ അവൾക്ക് വല്ലാതെ വിഷമം തോന്നി. ഫോണെടുത്ത് അവനെ വിളിച്ചു. ആദ്യ റിങ്ങിലേ അവൻ ഫോൺ അവനെടുത്തു.
” അപ്പോൾ ഫോൺ നോക്കിയിരിക്കുവായിരുന്നു അല്ലെ. എങ്കിൽ പിന്നെ ഒന്ന് വിളിച്ചൂടെ. ദുഷ്ടൻ. ഞാനിവിടെ അച്ചുവേട്ടനില്ലാണ്ട് എന്ത് മാത്രം വിഷമിക്കുന്നുണ്ടെന്നോ. എനിക്കിപ്പോൾ കാണാൻ തോന്നുന്നു. ”
എന്ന് പറഞ്ഞ് കൊച്ച് കുഞ്ഞിനെ പോലെ അവൾ ചിണുങ്ങി കരഞ്ഞു .
” അയ്യേ, എന്താ എന്റെ പെണ്ണ് കരയുവാ. ഞാൻ നിന്റെ അടുത്ത് തന്നെയില്ലേ.
അങ്ങനെ വിചാരിച്ച് ആ തലയിണ കെട്ടിപ്പിടിച്ചു കിടന്നോ. ”
” ഒന്ന് പോകുന്നുണ്ടോ മനുഷ്യനെ കളിയാക്കാതെ ”
” ഹാ,,, കളിയാക്കിയതല്ലെടി സംശയമുണ്ടെങ്കിൽ നീ ഞാൻ പറഞ്ഞത് പോലെ ചെയ്തു നോക്ക്. ഞാനിന്നലെ തലവെച്ച് കിടന്ന തലയിണ എടുത്ത് നീ അടുത്ത് വെക്ക്. ”
” ദേ അച്ചുവേട്ടാ, ചുമ്മാ കളിക്കാൻ നിൽക്കല്ലേ ”
” കളിയല്ല പെണ്ണേ,, നീ ആദ്യം പറഞ്ഞത് പോലെ ചെയ്യ്. ”
” മ്മ്മ്മ് ശെരി. ”
” ആ തലയിണ എടുത്ത്, അതിനെ നോക്കി ഞാനാണ് അടുത്തുള്ളത് എന്ന് വിചാരിച്ച് അച്ചുവേട്ടാന്ന് വിളിക്ക് ”
” പൊ അവിടുന്ന്. എനിക്കെങ്ങും വയ്യ… ”
” പറയുന്നത് കേൾക്കാൻ. ”
സ്വരമല്പം കടിപ്പിച്ച് തന്നെ അവൻ പറഞ്ഞു.
അവള് പതിയെ കണ്ണടച്ച് അച്ചുവേട്ടാന്ന് വിളിച്ചു. മറുവശത്ത് ഫോണിൽ പ്രേമപൂർവ്വം തന്നെ അവൻ ആർദ്രമായി പെണ്ണേ എന്ന് വിളിച്ചു.
പെട്ടന്നവൾക്ക് എന്തോ അവൻ അടുത്ത് തന്നെ ഉള്ളത് പോലെ തോന്നി.
” എന്റെ പെണ്ണിന് ഉറക്കം വരുന്നില്ലേ… ഞാൻ അടുത്ത് തന്നെ കിടപ്പുണ്ടല്ലോ. നീ എന്റെ നെഞ്ചിൽ തല വെച്ച് കിടന്നോ.”
“മ്മ്മ്മ്മ് ” അവളിൽ നിന്ന് ഒരു മൂളല് മാത്രമേ പുറത്തേക്ക് വന്നുള്ളൂ.
” എന്റെ പെണ്ണുറങ്ങിക്കോ.
ഞാനാ മുടിയിൽ തലോടുന്നുണ്ട് .”
കുറച്ച് സമയം കഴിഞ്ഞതും അവൻ പെണ്ണേ എന്ന് ഒന്ന് കൂടി വിളിച്ചു. അപ്പോഴേക്കും അവള് ഉറങ്ങി തുടങ്ങിയിരുന്നു. കുറച്ച് സമയം കഴിഞ്ഞതും അവൻ തന്നെ ഫോൺ കട്ട് ചെയ്തു.
🌹🌹🌹🌹🌹
” അച്ചൂ,,,
കഴിക്കാൻ വാ എല്ലാം ആയി.”
യൂണിഫോം ഇട്ട് അവൻ താഴേക്കിറങ്ങി വന്ന് കഴിക്കാനിരുന്നു.
” അപ്പച്ചി എവിടേ അമ്മേ? ”
” അവള് ദേ പൂജാമുറിയിലുണ്ട്.
എന്തോ രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് ഒരു സമാധമവുമില്ല എന്നൊക്കെ പറഞ്ഞു.”
” അതെന്തു പറ്റി അമ്മേ വല്ല വയ്യായ്കയും ഉണ്ടോ? ”
ചായയെടുത്ത് ചുണ്ടോടടുപ്പിച്ചു കൊണ്ട് അവൻ ദേവകിയമ്മയോട് ചോദിച്ചു.
” അതൊന്നുമല്ലടാ അവളെന്തോ നിനക്ക് ആപത്ത് വരുന്നത് സ്വപ്നം കണ്ടെന്ന്. ”
” എനിക്കെന്ത് പറ്റാനാ അമ്മേ? ”
” അങ്ങനെയല്ല അച്ചൂ,,, എനിക്കെന്തോ വല്ലാത്തൊരു പേടിപോലെ മോനൊന്ന് സൂക്ഷിക്കണേ ”
അവരുടെ അടുത്തേക്ക് വന്ന് കൊണ്ട് രേവതി പറഞ്ഞു.
” എന്റെ അപ്പച്ചീ അതൊരു സ്വപ്നമല്ലേ. അതിനെന്തിനാ അപ്പച്ചി ഇങ്ങനെ പേടിക്കുന്നെ. ഒന്നുമില്ലെങ്കിലും ഞാനൊരു പോലീസുകാരനല്ലേ ”
” അതുകൊണ്ട് തന്നെയാ എനിക്കിത്ര പേടി”
” അപ്പച്ചി പേടിക്കണ്ട ഞാൻ സൂക്ഷിച്ചോളാം.”
അതും പറഞ്ഞവൻ കഴിച്ചെഴുന്നേറ്റു.
” അച്ചൂ,, ഞാനിന്ന് ഓർഫനേജ് വരെയൊന്ന് പോകും. വന്നിട്ടിത് വരെ ഒന്ന് അങ്ങോട്ട് പോയില്ല. വൈകുന്നേരത്തിനു മുന്നേ തിരിച്ചെത്തും. ”
” ശെരി. വൈകിട്ടിങ് വന്നേക്കണേ ”
“നീ അതോർത്ത് പേടിക്കണ്ട ഇരുട്ടും മുൻപേ ഞാനിങ് വന്നോളാം. ”
” മോനേ സൂക്ഷിക്കണേ ”
രേവതി വീണ്ടും സമാധാനില്ലാതെ അവനോട് പറഞ്ഞു.
” എന്റെ അപ്പച്ചീ പേടിക്കണ്ട. എനിക്കൊന്നും വരില്ല. നിങ്ങളുടെയൊക്കെ പ്രാർത്ഥന കൂടെയുള്ളപ്പോൾ എനിക്കെന്ത് പറ്റാനാ. അതുകൊണ്ട് വിഷമിക്കണ്ടാട്ടൊ. ഞാനിറങ്ങുവാ അല്ലെങ്കിൽ വൈകും. ”
അതും പറഞ്ഞവൻ പോയി. രേവതി അവൻ പോകുന്നത് നോക്കി നിന്നു.
” ഈശ്വരാ എന്റെ കുഞ്ഞിനൊന്നും വരുത്തരുതേ “എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.
തുടരും,,,,,
❤️

by