രചന – അരുന്ധതി
” അച്ചുവേട്ടാ ചായ. ”
അവൻ ആ ചായയും കുടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പോകാനായി ഇറങ്ങി.
” അതേ,,,
നേരത്തേ എഴുന്നേറ്റിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ധൃതി വെക്കണമായിരുന്നോ.
അവൻ മറുപടിയൊന്നും പറയാതെ വേഗം താഴെ വന്ന് എല്ലാവരോടും യാത്ര പറഞ്ഞ് വേഗം മുറ്റത്തേക്കിറങ്ങി. അവളോട് ഇറങ്ങുവാ എന്നും പറഞ്ഞു.
അവന്റെ കാറ് ഗേറ്റ് കടക്കുന്ന വരെയും അവള് ഉമ്മറത്ത് തന്നെ നോക്കി നിന്നു.
” അമ്മേ,,, നമ്മടെ തൊഴുത്തിലെ പയ്യിനെ വാങ്ങിയിട്ട് കുറേ ആയോ. ”
അടുക്കളയിലേക്ക് ചെന്ന് കൊണ്ട് അവൾഅമ്മയോടു ചോദിച്ചു.
” കഴിഞ്ഞ വിഷു അടുക്കാറായപ്പോൾ വാങ്ങിയതാ. ”
ദോശ മാവ് കല്ലിലേക്കൊഴിച്ചു കൊണ്ട് അമ്മ അവളെ നോക്കി പറഞ്ഞു.
” ആരാ അമ്മേ കറക്കാൻ വരുന്നത്.”
” കണ്ണപ്പനാ വരുന്നത്. കുറച്ച് കൂടി കഴിയുമ്പോൾ വരും. ഇവിടത്തേക്കും, അപ്പുറത്തേക്കും ഉള്ളത് വെച്ചിട്ട് കണ്ണപ്പൻ തന്നെ സ്റ്റോറിൽ കൊണ്ട് പോയി കൊടുക്കും. അതാണല്ലോ എപ്പോഴത്തെയും പതിവ്. ഇപ്പോഴും അതിനൊരു മാറ്റവുമില്ല. ”
പെട്ടെന്ന് ദേവി പണ്ടത്തെ കാലത്തെ കുറിച്ചാലോചിച്ചു. കുട്ടിക്കാലത്ത് രാവിലെ എഴുന്നേറ്റ് അപ്പുറത്ത് ചെന്ന് ഭദ്രയേയും കൂട്ടി കുറുമ്പി പയ്യിനെ കറക്കാൻ വരുന്ന കണ്ണപ്പേട്ടന്റെ അടുത്ത് പോയിരിക്കുന്ന രണ്ട് ബെറ്റിക്കോട്ടുകാരി കുട്ടികൾ. പയ്യിനെ കറക്കുമ്പോൾ അത് നോക്കിയിരിക്കുന്ന രണ്ടാളുടെയും മുഖത്തേക്ക് ചിലപ്പോൾ കറക്കുന്ന പാല് ചീറ്റിച്ചു തരുന്ന കണ്ണപ്പേട്ടൻ. അതൊക്കെ ഓർത്തപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.
സുഖമുള്ള ഓർമകൾക്കിടയിലേക്ക് പെട്ടന്ന് നോവ് കടന്ന് വന്നപ്പോൾ ആ ചിരി മാഞ്ഞു. പകരം അവിടെ ദുഃഖം നിഴലിച്ചു.
പെട്ടെന്നുള്ള അമ്മയുടെ കരസ്പർശമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
” എന്റെ മോള് ഇനി വിഷമിക്കരുത്. ഈശ്വരൻ എന്റെ കുട്ടിക്ക് ആപത്തൊന്നും വരുത്താതെ തിരിച്ചു തന്നില്ലേ. പിന്നെ, ഇങ്ങനെയൊക്കെ നടന്നത് കൊണ്ടല്ലേ എന്റെ മോൾക്ക് മംഗലത്ത് കോവിലകത്തെ മരുമകളാവാൻ കഴിഞ്ഞത്. നിന്റെ കൂടെ ഈശ്വരനുണ്ട് അതുകൊണ്ടാ മോനെയും നിന്നേയും ഈശ്വരൻ തമ്മിൽ കൂട്ടിമുട്ടിച്ചത്… എന്റെ മോൾക്ക് എന്നും നല്ലത് മാത്രേ വരൂ.”
അമ്മയുടെ വാക്കുകൾ കേട്ട് അമ്മക്ക് അവളൊരു ചിരി സമ്മാനിച്ചു. എന്നിട്ട് അച്ഛനുള്ള ചായയും വാങ്ങി ഉമ്മറത്തേക്ക് നടന്നു.
” രാമേട്ടാ,,, ”
വർഷങ്ങൾക്കു ശേഷമുള്ള ആ വിളി കേട്ടതും അതുവരെ ഉണ്ടായിരുന്ന ആ അച്ഛന്റെ സങ്കടങ്ങളെല്ലാം എങ്ങോ പോയ് മറഞ്ഞത് പോലെ.
അത്രക്ക് തെളിച്ചമായിരുന്നു ആ മുഖത്ത്.
” ദാ രാമേട്ടാ, നല്ല ചൂട് ചായ ”
അതും പറഞ്ഞവൾ അച്ഛന്റെ അടുത്തേക്ക് ചായ ഗ്ലാസ് നീട്ടി.
” നീ പോയ ശേഷം ഈ അകത്തളങ്ങളിൽ പലവട്ടം ഞാൻ ഈ വിളി കേട്ടിട്ടുണ്ട്. ഒക്കെ ഓർമ്മകളാണെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സങ്കടം സഹിക്കാൻ പറ്റിയിട്ടില്ല മോളെ. അച്ഛന്റെ മനസ്സ് കൈ വിട്ട് പോകുമോ എന്ന് പോലും ഭയന്നു . പിന്നെയുള്ള ഒരു വിശേഷ ദിവസങ്ങളും ഇവിടെ ഉണ്ടായിട്ടില്ല. അമ്പലത്തിലെ ഉത്സവവും, വിഷുവും, ഓണവും എല്ലാം ഒരാഘോഷങ്ങളും ഇല്ലാതെ കടന്ന് പോയി. ”
” മതിയെന്റെ രാമേട്ടാ ഇനി ഇങ്ങനെ വിഷമിക്കാതെ ഞാനിങ് തിരിച്ചു വന്നില്ലേ. ”
അച്ഛന്റെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ടുള്ള അവളുടെ പറച്ചില് കേൾക്കെ ആ അച്ഛന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.
” ആഹാ അച്ഛനും മോളും കൂടി രാവിലെ എന്താ പരുപാടി… ”
അവരുടെ കളികൾ കണ്ടുകൊണ്ട് ഉമ്മറത്തേക്ക് കയറി ഇരുന്ന് കൊണ്ട് ഗോപാലൻ ചോദിച്ചു.
” എത്ര നാളയെടാ എന്റെ കാന്താരിയുടെ കൂടെ എന്തെങ്കിലുമൊക്കെ പറഞ്ഞിങ്ങനെ സന്തോഷിച്ചിട്ട്. ”
” അത് ശെരിയാ നിന്റെ മുഖത്തെ ആ മങ്ങി പോയ ചിരി ഇപ്പോഴാ തിരികെ കിട്ടിയത്. ”
” ലക്ഷ്മി അമ്മ എവിടേ… ”
ഗോപാലേട്ടനുള്ള ചായയും എടുത്ത് കയ്യിലേക്ക് കൊടുത്ത് കൊണ്ട് അവള് ചോദിച്ചു.
” പണ്ട് നിനക്കായി അവളുണ്ടാക്കി തരാറുള്ള ആ പഴയ സാധനമില്ലേ അതുണ്ടാക്കാനുള്ള തത്രപ്പാടിലാ. വെളുപ്പിന് അടുക്കളയിൽ കയറിയതാ. പിന്നെയും എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്. ”
” ഹായ് കുമ്പിള്,,, ”
അതും പറഞ്ഞവള് അപ്പുറത്തേക്കോടി..
” അവൾക്ക് നമ്മളോടൊന്നും ഒരു ദേഷ്യവും, വെറുപ്പുമില്ല അല്ലേടാ…
എത്ര വേഗത്തിലാ അവളാ പഴയ കാന്താരി ആയത് ”
രാമേട്ടന് നേരെയിരുന്നു കൊണ്ട് ഗോപാലൻ ചോദിച്ചു.
” അവൾക്ക് ഒരിക്കലും നമ്മളോടാരോടും ദേഷ്യവും, വെറുപ്പും ഉണ്ടാവില്ലടാ. നന്മയുള്ള മനസ്സോടെ വളരണം എന്ന് പറഞ്ഞ് കൊടുത്തല്ലേ അവളെ നമ്മള് വളർത്തിയത്.
പിന്നെ ഉള്ളിൽ വിഷമം കാണും. അത് മറച്ചു വെച്ചാ അവള് ഇങ്ങനെ നമുക്ക് വിഷമം ഉണ്ടാവാതിരിക്കാൻ അഭിനയിക്കുന്നത്. എല്ലാം മാറും. അവളെ നമ്മള് സ്നേഹിച്ച് ആ വിഷമം മാറ്റിയെടുക്കണം. ”
ഈ സമയം ദേവി ലക്ഷ്മി അമ്മയുടെ അടുത്ത് ചെന്നിരുന്നു
” ലക്ഷ്മി അമ്മോ,,, എവിടെ എന്റെ കുമ്പിള്?”
പുരികമുയർത്തി അവളാ മുഖത്തേക്ക് നോക്കി ചോദിച്ചു.
” അപ്പോഴേക്കും അവിടെ വന്ന് പറഞ്ഞു അല്ലേ.. ഞാൻ പറഞ്ഞതാ ഇപ്പോൾ പറയണ്ട ഞാൻ കൊണ്ട് കൊടുക്കുമ്പോൾ അറിഞ്ഞാൽ മതിയെന്ന്. ”
ലക്ഷ്മിയമ്മ പരിഭവിച്ചു
” എന്തായാലും എനിക്കുള്ളതല്ലേ ഇങ്ങ് താ,,” എന്നും പറഞ്ഞ് അവൾ ഒരെണ്ണം ഇലയിൽ നിന്ന് പൊളിച്ച് വായിലേക്കും മൂന്നെണ്ണം കയ്യിലേക്കും എടുത്ത് അകത്തേക്കോടി.
” ഈ പെണ്ണിന്റെ ഒരു കാര്യം.”
ഓടുന്ന വഴിക്ക് കേട്ടു പിന്നിൽ നിന്നുള്ള ലക്ഷ്മി അമ്മയുടെ വാക്കുകൾ.
അവള് മുകളിലേക്ക് ചെല്ലുമ്പോൾ ഭദ്ര കുളിച്ചിറങ്ങി കുഞ്ഞിനെ ഉണർത്തുന്ന തിരക്കിലായിരുന്നു. ഉണരാതെ വീണ്ടും കിടന്ന സൂര്യനെ പതിയെ എഴുന്നേൽപ്പിച്ച് പല്ല് തേപ്പിച്ചു. എല്ലാം കഴിഞ്ഞ് നോക്കുമ്പോഴാണ് വാതിലിൽ നിൽക്കുന്ന ദേവിയെ കണ്ടത്.
” ആഹാ നീ ഇവിടെ നിൽക്കുവാണോ,,,
എന്താടി ഇങ്ങനെ നോക്കി നിൽക്കുന്നെ ”
കുഞ്ഞിനെ കുളിപ്പിക്കാനായി തോർത്തെടുത്ത് തോളിലേക്കിട്ട് കൊണ്ട് അവള് ചോദിച്ചതും ദേവി അകത്തേക്ക് വന്ന് കട്ടിലിൽ ഇരുന്നു.
” അല്ലാ, പണ്ട് രാവിലെ അമ്പലത്തിൽ പോകാൻ ഞാൻ കുത്തിപ്പൊക്കുമ്പോഴാണ് നീ രാവിലെ എഴുന്നേറ്റ് കുളിക്കുന്നത്. ആ ഭദ്രയിൽ നിന്നും ഈ ഭദ്രയിലേക്കുള്ള മാറ്റം കണ്ട് നോക്കി നിന്നതാ. ”
” ഡീ,,,
വിവാഹം കഴിഞ്ഞപ്പോൾ എല്ലാം മാറി.
നീ ഇവിടെ ഇരിക്ക് ഞാനിവനെ ഒന്ന് കുളിപ്പിക്കട്ടെ. തലയിൽ എണ്ണ വെച്ചതാ. ഇനിയും നിന്നാൽ പനി പിടിക്കും. ”
ദേവിയോടതും പറഞ്ഞ് കുഞ്ഞിനെ എടുത്ത് ബാത്റൂമിലേക്ക് കയറുന്ന ഭദ്രയെ അവൾ നോക്കിയിരുന്നു. അകത്ത് കുളിപ്പിക്കുന്ന കൂട്ടത്തിൽ സൂര്യൻ ഭദ്രയുടെ മേലേക്ക് വെള്ളം തട്ടിത്തെറിപ്പിക്കുന്നുണ്ട്. അതിനവള് കണ്ണുരുട്ടി പേടിപ്പിക്കുന്നും ഉണ്ട്. അപ്പോൾ അവൻ പിന്നെയും തട്ടിത്തെറിപ്പിക്കും. എന്നിട്ട് മോണ കാട്ടി കൈ കൊട്ടി ചിരിക്കും. അങ്ങനെ അവരുടെ കളിയും, ചിരിയും ഒക്കെ കണ്ട് ദേവിയിലും ഒരു ചിരി വിരിഞ്ഞു.
കുളിപ്പിച്ച് കുഞ്ഞിനെ ടവ്വലുടുപ്പിച്ച് മാറോടടക്കി പിടിച്ച് മുറിയിലേക്ക് കൊണ്ട് വന്ന് കട്ടിലിന് മുകളിൽ നിർത്തി. അവന്റെ നെറുകയിൽ രാസ്നാദി പൊടി തേച്ച് കൊടുത്തു. എല്ലാം കണ്ട് നിന്ന ദേവി ഭദ്രയിലെ മാതൃത്വത്തെ തിരിച്ചറിയുകയായിരുന്നു. ആ സമയം ദേവിയുടെ ഉള്ളിലും ഒരു കുഞ്ഞെന്ന ആഗ്രഹം ഉടലെടുത്തു .
” എന്താടി നോക്കുന്നെ,,, നിനക്കും വേണ്ടെടി ഇങ്ങനെയൊന്നിനെ ”
കുഞ്ഞിനെ ഡ്രസ്സ് ഇടീപ്പിച്ച് കഴിഞ്ഞ് ഭദ്ര ദേവിയുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.
ഭദ്ര അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ചു.
” നീ വാ നമുക്ക് പാടത്തേക്കൊന്നിറങ്ങാം. ഒരുപാട് പറയാനുണ്ട്. ”
ദേവി അതും പറഞ്ഞ് കട്ടിലിൽ നിന്നെഴുന്നേറ്റു.
“വാ നമുക്ക് പുറത്തേക്ക് പോകാം.”
അവര് പുറത്തേക്കിറങ്ങും മുൻപ് സൂര്യൻ അവരുടെ മുൻപിലൂടെ താഴേക്കോടി.
” ഡീ,
ഇവനിത്ര ധൃതിയിൽ എങ്ങോട്ടാ”
” ആ,,
ഇനി അവന് എന്നെ വേണ്ട. ഇപ്പോൾ ദേവൂന്റെ അടുത്ത് കാണും അവൾക്കേ അവനെ മേയ്ക്കാൻ പറ്റൂ. പിന്നെ നിന്റെ അച്ഛന്റെ അടുത്ത് കാരണവര് കളിയും ഒക്കെ ആയിട്ട് വൈകിട്ട് വരെ അവിടെ നിന്നോളും. ”
താഴേക്ക് സ്റ്റെപ്പിറങ്ങി കൊണ്ട് ഭദ്ര ദേവിയോട് പറഞ്ഞു.
” അമ്മേ ഞങ്ങള് പാടത്തേക്കൊന്നിറങ്ങുവാ,,, കുറേ നാളായില്ലേ,,, ”
” എങ്കിൽ അത് കഴിഞ്ഞ് അപ്പുറത്തേക്ക് വന്നാൽ മതി. ഞാൻ അങ്ങോട്ട് പോകുവാ.”
” ആ അമ്മേ ശെരി ”
എന്നും പറഞ്ഞ് അവര് പുറത്തേക്കിറങ്ങി.
” എന്താടി വീട്ടിൽ ഇത്ര വിശേഷം. ”
ചോദ്യഭാവത്തിൽ ദേവി ഭദ്രയുടെ മുഖത്തേക്ക് നോക്കി.
” നീ വന്നത് തന്നെയല്ലേ ഏറ്റവും വലിയ വിശേഷം. ഇന്ന് സദ്യയൊക്കെ ഉണ്ട്… ”
” അച്ചുവേട്ടനില്ലാതെ ഞാനെങ്ങനെയാടി ,,, ”
അവളുടെ മനസ്സിലെ വിഷമം പുറത്തേക്ക് വന്നു.
” എന്റെ ദൈവമേ,,, ഇനി അതോർത്ത് വിഷമിക്കണ്ട. എല്ലാം നിന്റെ അച്ഛൻ വിളിച്ച് പറഞ്ഞിട്ടുണ്ട്. ആള് കൃത്യ സമയമാകുമ്പോൾ ഇങ്ങെത്തും.നിന്റെ അച്ഛൻ പറഞ്ഞാൽ നിന്റെ ഹസ് സമ്മതിക്കാതിരിക്കില്ല. അവര് തമ്മിൽ അത്രക്ക് കൈയ്യാ . ”
അത് കേട്ടപ്പോൾ ദേവിക്ക് ഒരുപാട് സന്തോഷമായി. അർജുനെ അവളുടെ അച്ഛൻ മനസ്സ് കൊണ്ട് സ്വീകരിച്ചതോർത്തപ്പോൾ അവൾക്ക് വല്ലാത്ത ഒരു കുളിർമ്മ തോന്നി.
” വാ,
ആ മാവിന്റെ ചുവട്ടിലിരിക്കാം. പണ്ടും നമ്മുടെ രഹസ്യ സംഭാഷണങ്ങളെല്ലാം ഇവിടെ വെച്ചായിരുന്നില്ലേ ”
അവര് രണ്ടാളും അവിടേക്കിരുന്നപ്പോൾ പാടത്തു നിന്നും ഒരു കാറ്റ് അവരെ തട്ടി കടന്ന് പോയി.
കുറച്ച് നേരത്തേ മൗനത്തിനു ശേഷം ദേവി എല്ലാം ഭദ്രയോട് പറഞ്ഞു തീർത്തു.
എല്ലാം അമ്മ പറഞ്ഞ് അറിഞ്ഞിരുന്നെങ്കിലും ദേവിയുടെ നാവിൽ നിന്ന് തന്നെ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഭദ്രയുടെ മിഴികൾ നിറഞ്ഞൊഴുകി. അവള് ദേവിയെ കെട്ടിപ്പിടിച്ചു. രണ്ടുപേരും ഒരുപാട് കരഞ്ഞു.
” എന്റെ ഭഗവാനെ,
എന്ത് മാത്രം അനുഭവിച്ചു ദേവി നീ. ഓർക്കുമ്പോൾ പോലും എനിക്ക് പേടിയാകുവാ. ”
ഭദ്രയുടെ മുഖത്തേക്കൊന്ന് നോക്കി ദേവി വീണ്ടും ദൂരേക്ക് നോക്കിയിരുന്നു.
” സീത,
അവളാണ് എന്റെ ജീവൻ പോലും ഇന്ന് നിലനിൽക്കാൻ കാരണം. സ്വാർത്ഥതക്ക് വേണ്ടി സ്വന്തം അച്ഛനമ്മമാരെയും, പ്രസവിച്ച കുഞ്ഞിനേയും, പോലും കൊല്ലാൻ മനസ്സുള്ള നമ്മുടെ ഈ ലോകത്താണ് സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച് എന്നെയവൾ രക്ഷിച്ചത്. സത്യം പറഞ്ഞില്ലെങ്കിൽ അവളെ അവര് കൊല്ലും എന്നവൾക്ക് ഉറപ്പായിരുന്നു. കാരണം അവരുടെ സ്വഭാവം മറ്റാരേക്കാളും അവൾക്ക് നന്നായി അറിയാരുന്നു. എന്നിട്ടും എന്നെക്കുറിച്ചൊന്നും അവള് പറഞ്ഞില്ല .”
പറഞ്ഞ് കഴിഞ്ഞതും ദേവിയുടെ മിഴികൾ നിറഞ്ഞൊഴുകി.
” വിഷമിക്കാതെടി,,,
അവളുടെ ആ സ്നേഹം നിന്നോടൊപ്പം എപ്പോഴും ഉണ്ട്. അതുകൊണ്ടല്ലേ അവളുടെ കണ്ണനെ നിനക്ക് മുൻപിൽ ഈശ്വരൻ തന്നെ എത്തിച്ചത്. ”
” അതെ,,,
എനിക്കെന്റെ ദേവൂന് തുല്യമാണ് ഇപ്പോൾ അവനും….
അവനും എന്നെ ജീവനാ. സീതയെ പോലെ തന്നെയാണ് അവൻ എന്നെയും കാണുന്നത്. ”
” ഇനി എന്തായാലും വിഷമിക്കേണ്ട ആവശ്യമൊന്നും ഇല്ലല്ലോ.
ആ പിന്നെ ഈ കണ്ണനെയും, ഭാമയേയും എനിക്കൊന്ന് കാണണം. പ്രത്യേകിച്ച് ഭാമയെ. എന്റെ ദേവിയെ ഇങ്ങനെ സ്നേഹിക്കുന്ന അവളെ എനിക്ക് കണ്ട് സംസാരിക്കാനുണ്ട്. ”
” എന്തിനാ കുശുമ്പ് കുത്താനാണോ? ”
” പോടീ,,,
അവളോട് കുശുമ്പ് കുത്തിയാൽ ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല. ആരുമില്ലാതിരുന്ന നിന്നെ ഇത്രയേറെ സ്നേഹിച്ചതല്ലേ. പിന്നെ നിങ്ങളുടെ ഇടക്ക് എന്നെ കൂടി കൂട്ടുമോ എന്നും ചോദിക്കണം ”
” അത് നീ ചോദിക്കാതെ തന്നെ അവളിപ്പോൾ കൂട്ടിക്കാണും. അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ….
ഇപ്പോൾ തന്നെ ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്നേക്കാൾ സന്തോഷം അവൾക്കായിരിക്കും.
പിന്നെ കണ്ണൻ,
അവനുടൻ തന്നെ നാട്ടിലേക്ക് വരും അവന്റെ എക്സാം തീർന്നിട്ട് രണ്ട് ദിവസമായി. തീർന്നാൽ ഉടൻ ഇങ്ങോട്ട് വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ലൊക്കേഷൻ അയച്ച് കൊടുത്തിട്ടുണ്ട്. പിന്നെ ഇവിടെ ആരോട് ചോദിച്ചാലും പറഞ്ഞ് തരും എന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ അവൻ എന്ന് വരുമെന്ന് പറഞ്ഞില്ല. ”
വീണ്ടും അവരെന്തൊക്കെയോ പറഞ്ഞ് പാടത്തേക്ക് നോക്കിയിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി. ചെല്ലുമ്പോഴുണ്ട് വീടിനുള്ളിൽ നല്ല കറികളുടെയും, പായസ്സത്തിന്റെയും ഒക്കെ മണം.
” ഇതെന്താ ഇത്ര വലിയ സദ്യവട്ടങ്ങളൊക്കെ. ഞാൻ വന്നതിന്റെയാണോ ലക്ഷ്മി അമ്മേ ”
അവരുടെ പിറകിലൂടെ ചെന്ന് കാച്ചിയ പപ്പടം ഒരെണ്ണം എടുത്ത് കൊണ്ട് ദേവി ചോദിച്ചു.
” ഓ പിന്നെ നീ വന്നതിന്റെയൊന്നുമല്ല. ഇതൊക്കെ ഞങ്ങൾടെ മോന് കൊടുക്കാനുള്ളതാ. അവൻ വന്നതിന്റെയാ ഈ ഒരുക്കങ്ങളെല്ലാം. ”
” ഓ ഇപ്പോൾ നമ്മളെയൊന്നും വേണ്ട. ഹ്മ്മ്… ഒരു മോൻ വന്നേക്കുന്നു. ”
അതും പറഞ്ഞ് കയ്യിലിരുന്ന പപ്പടവും കടിച്ച് മുഖം കോട്ടിയവൾ പുറത്തേക്കിറങ്ങി.
പക്ഷേ ആരും കാണാതെ സന്തോഷത്തിന്റെ ഒരു ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
തന്റെ പ്രാണനെ എല്ലാവരും സ്വീകരിച്ചതോർത്തപ്പോൾ അവൾക്ക് അടക്കാനാവാത്തത്ര സന്തോഷം തോന്നി. അവനെ ഒന്ന് കാണാൻ അവളുടെ ഉള്ളം തുടിച്ചു.
കുറച്ച് കഴിഞ്ഞതും ഊണ് കഴിക്കാറായപ്പോൾ ദേവി അർജുനെ വിളിച്ചു. പക്ഷേ ബെല്ലടിക്കുന്നതല്ലാതെ അവൻ എടുക്കുന്നില്ല. അവൾക്ക് വല്ലാത്ത പേടി തോന്നി. അവള് പിന്നെയും പിന്നെയും അവനെ വിളിച്ചു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞതും ഭദ്ര അവളുടെ അടുത്തേക്ക് വന്നു.
” എന്താടി നീ ഫോണും പിടിച്ചിങ്ങനെ വിരണ്ടു നിൽക്കുന്നത്. ”
ഫോണിലേക്കും നോക്കി പേടിച്ച് നിൽക്കുന്ന ദേവിയെ നോക്കി ഭദ്ര ചോദിച്ചു.
” ഡീ ഉച്ചക്കെത്താമെന്നല്ലേ അച്ചുവേട്ടൻ അച്ഛനോട് പറഞ്ഞത്. ദേ സമയം ഒരു മണിയാകുന്നു. ഇതുവരെയും വന്നില്ലല്ലോ. ഞാൻ വിളിച്ചിട്ടാണെങ്കിൽ ഫോൺ എടുക്കുന്നില്ല. ”
” നീ അതിനെന്തിനാ ഇങ്ങനെ കിടന്ന് പേടിക്കുന്നെ, ഒരു മണിയല്ലേ ആയുള്ളൂ. എന്തെങ്കിലും അത്യാവശ്യത്തിൽ പെട്ട് കാണും. അല്ലെങ്കിൽ തന്നെ സമയം ഒത്തിരി ഒന്നും ആയില്ലല്ലോ. ഇങ്ങ് വന്നോളും ”
” പക്ഷേ ഭദ്രേ,,,
വിളിച്ചിട്ട് എടുക്കുന്നുമില്ലല്ലോ ”
” ഡീ അത് റേഞ്ച് കിട്ടാത്തതാവും. നീ വിഷമിക്കാതെ. ”
ഒരു സമാധാനവുമില്ലാതെ ദേവി മുറിയിലേക്ക് പോയി. സർവ്വ ദൈവത്തെയും വിളിച്ച് ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് കയറി കിടന്നു. .
കുറച്ച് കഴിഞ്ഞതും മുറ്റത്തൊരു വണ്ടി വന്ന് നിന്നു.
തുടരും,,,

by