19/04/2026

നിലാവ് : ഭാഗം 13

രചന – അരുന്ധതി

 

‍‍‍‍
“ഭാമേ,,,,
ഈ നവീൻ എങ്ങനെയാ നിങ്ങളുടെ ജീവിതത്തിൽ വന്നത്? “.

” അതോ?

ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് ദേവി ഇറങ്ങിയപ്പോൾ കുറച്ച് വൈകി. കുറച്ചെന്ന് പറഞ്ഞാൽ ഇറങ്ങിയപ്പോൾ ഒരു പതിനൊന്നര ആയി

“ഇതാണോടി കുറച്ച് ”

“ദേ ഇടയിൽ കയറി പറഞ്ഞാൽ ഞാൻ പറയൂല്ല കേട്ടോ. ”

“അങ്ങനെ പറയാതെ ഏട്ടന്റെ ഭാമക്കുട്ടിയല്ലേ ”

“ഒത്തിരി സോപ്പ് വേണ്ട കേട്ടല്ലോ. ഞാൻ പറഞ്ഞോളാം ”

“ആ അന്ന് ഇറങ്ങാൻ നേരം ഞാൻ അവളോട്‌ പറഞ്ഞതാ ഞാൻ കാറ് ബുക്ക്‌ ചെയ്യാമെന്ന്. അപ്പോൾ നിങ്ങൾടെ ഭാവി കെട്ടിയോൾക്ക് ഒടുക്കത്തെ വാശി. ”

“വാശിയൊ അതെന്തിന് അവള് ഡ്യൂട്ടി കഴിഞ്ഞ് താമസിച്ചിറങ്ങിയതിന് നിന്നോടെന്തിനാ വാശി? ”

“അത് പിന്നെ എന്റെ ഡ്യൂട്ടി കൂടെ അവള് ചെയ്യേണ്ടി വന്നു “.

“അതിനിപ്പോൾ എന്താ നിന്റെ കൂട്ടുകാരിയല്ലേ ”

“അതൊക്കെ ശെരിയാ.പക്ഷേ,,,,, ”

“എന്താടി ഒരു പക്ഷേ,,,, ”

“ഞാൻ നോക്കുന്ന ആളുടെ കാര്യത്തിൽ ഞാനൊരു പൊട്ടത്തരം കാണിച്ചു. പ്രശ്നമാകാനും മാത്രം ഒന്നും ഇല്ലാ. പക്ഷേ ഞങ്ങൾടെ സാറിന് ഒരു തെറ്റും കാണരുത് എന്ന് ഭയങ്കര നിർബന്ധമാ . അത് കൊണ്ട് ആ പുള്ളിക്കാരൻ എന്നെ വഴക്ക് പറയുമെന്ന് എനിക്കുറപ്പായിരുന്നു. അതിന് ഞാൻ തലവേദന ആണെന്നും പറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ദേവി എന്നോട് ഫ്ലാറ്റിൽ പൊക്കോളാൻ പറഞ്ഞു. സത്യത്തിൽ അതിന് വേണ്ടിയാണ് ഞാനാ തലവേദന കാര്യം ഒപ്പിച്ചത്. അവൾക്ക് ഒരു ചെറിയ സംശയം തോന്നിയതാ. സാറ് വന്നപ്പോൾ സംശയം അവളുറപ്പിച്ചു. ഫോൺ വിളിച്ചു പച്ചക്കെന്നെ ചീത്ത പറഞ്ഞവള് ”

“ഡീ കളളം പറഞ്ഞാൽ ഞാൻ ചെവി പിഴുതെടുക്കും . അവള് ചീത്ത പറയില്ലെന്ന് എനിക്കറിയാം. ”

“ഈൗ ”

ഭാമ ഒരു വളിച്ച ചിരി. ചിരിച്ചു.

“ഫോൺ വിളിച്ച് വണ്ടി ബുക്ക്‌ ചെയ്യാം എന്ന് പറഞ്ഞപ്പോൾ വേണ്ടാന്നും പറഞ്ഞ് ആ വാശിക്കിറങ്ങി നടന്നതാ ”

💟💟💟💟💟💟💟💟

ഈശ്വരാ മണി പതിനൊന്നര ആയല്ലോ പേടിയാവുന്നു. അവള് ബുക്ക്‌ ചെയ്ത് തരാം എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചാൽ മതിയാരുന്നു. അതെങ്ങനെയാ അപ്പോൾ വാശിയല്ലേ. ഇപ്പോൾ സമാധാനമായല്ലോ..
നടന്ന് വരുമ്പോൾ മുന്നിൽ കൂടി ഒരാള് കടന്ന് പോയി. കുറച്ച് കഴിഞ്ഞപ്പോൾ ആരോ പിന്തുടരുന്നത് പോലെ തോന്നി. തിരിഞ്ഞ് നോക്കിയപ്പോൾ അയാള് പിറകേ ഉണ്ട്. ദേവി നോക്കുമ്പോൾ മറ്റെവിടെയോ നോക്കും. അവള് പെട്ടെന്ന് നടപ്പിന്റെ വേഗത കൂട്ടി. അപ്പോൾ അയാളും വേഗത കൂട്ടി. കുറച്ച് കഴിഞ്ഞപ്പോൾ അയാള് നടന്ന് അടുത്ത് വരുംപോലെ തോന്നി അവള് ഓടി.
അയാളും പുറകെ ഓടി. ഓടുന്ന വഴിക്ക് ഒരു കല്ലിൽ തട്ടി വീണു. പെട്ടെന്ന് അയാൾ അവളുടെ തൊട്ടടുത്തെത്തി.
അയാള് അവളുടെ നേരെ മുഖം താഴ്ത്തി അവളെ കണ്ണ് കൊണ്ട് മുഴുവനായും ഒന്ന് ഉഴിഞ്ഞു വിട്ടു. അറപ്പോടെ അവള് അയാളെ തള്ളി മാറ്റി എഴുന്നേറ്റോടി. അയാള് പെട്ടെന്ന് അവളുടെ മുടിയിൽ പിടിച്ച് വലിച്ച് നിലത്തേക്കിട്ടു. അവള് പേടിച്ചു എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ അടുത്തേക്ക് വെറിയോടെ അടുത്ത അയാളെ പിറകിൽ നിന്ന് ആരോ ചവിട്ടി വീഴ്ത്തി. ദേവി നോക്കുമ്പോൾ ദേഷ്യം ഭാവത്തോടെ നിൽക്കുന്ന ഒരാൺകുട്ടി. അവൻ നിലത്തു കിടന്ന അയാളെ വീണ്ടും ചവിട്ടി അവന്റെ കാലിൽ പിടിച്ചയാള് വലിച്ചു അവനും നിലത്തേക്ക് വീണു. പെട്ടെന്നയാള് എഴുന്നേറ്റ് ദേവിക്ക് നേരെ നടന്നു. അത് കണ്ട് അവൻ എഴുന്നേറ്റ് ചെന്ന് അടുത്ത് കിടന്ന കല്ലെടുത്ത് അയാളുടെ തലയിൽ ആഞ്ഞടിച്ചു. ശേഷം ദേവിയെ വലിച്ചു കൊണ്ടോടി. ഓടി ഓടി അവര് മുൻപ് നിന്നിടത്ത് നിന്ന് ഒരുപാട് ദൂരമെത്തി.
പെട്ടെന്നവൻ അവൾക്ക് നേരെ ഒച്ച വെച്ചു.

“ചേച്ചി എന്തിനാ ഈ പാതിരാത്രിക്ക് ഒറ്റക്ക് നടന്ന് വന്നത്. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എനിക്ക് ആലോചിക്കാൻ കൂടി വയ്യ. എന്നാൽ അങ്ങനെയുള്ളപ്പോൾ ഒന്ന് പ്രതികരിക്കണ്ടേ. ഇത് ചുമ്മാ ഇരുന്ന് കരയുന്നു. ചെവിക്കിട്ടൊരു കിഴുക്ക് തരണം”.

അവള് കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നു. എന്തോ അവന്റെ ആ സംസാരം അത് അവൾക്കൊരുപാട് ഇഷ്ടപ്പെട്ടു.

“ശെരി ചേച്ചി ഇനി ശ്രദ്ധിച്ചോളാം. എങ്കിൽ ഞാൻ പോട്ടെ. ഇപ്പോൾ തന്നെ ഒത്തിരി വൈകി “.

“കണ്ടോ ഇപ്പോഴും വല്ല പേടിയുണ്ടോന്നൊന്ന് നോക്കിയേ. ”

“അയ്യോ,,,
ഞാൻ നിന്നെ വിളിക്കാൻ വരുവാരുന്നു ”

തലയിൽ കൈ വെച്ച് അവളത് പറഞ്ഞതും എങ്കിൽ വാന്ന് പറഞ്ഞ് അവൻ മുന്നേ നടന്നു.
ഫ്ലാറ്റിന് മുന്നിലെത്തിയതും അവരവിടെ നിന്നു.

“ഇവിടെയാണോ ചേച്ചി താമസിക്കുന്നെ. കൊള്ളാല്ലോ. എങ്കിൽ ചെല്ല് ഞാൻ പോകുവാ. പിന്നെ ഇനി ഇങ്ങനെ ഒറ്റയ്ക്ക് പാതിരാക്കിറങ്ങി നടന്നാൽ ഞാൻ കാണത്തില്ല. ”

“നീ പോകുവാണോ എവിടെയാ താമസിക്കുന്നെ. എന്താ പഠിക്കുന്നെ? ”

“മേലിൽ ആകാശം, താഴെ ഭൂമി. ”

“നീ എന്താ പാതിരാത്രി സിദ്ധാന്തം പറഞ്ഞ് കളിക്കുവാണോ? ”

“ചേച്ചി,,,,
ഇപ്പോൾ സമയം ഒത്തിരി രാത്രി ആയി. ചേച്ചി പൊക്കോ. നാളെ അവിടെ ബൊമ്മ ഇല്ലേ സെൻട്രൽ ജംഗ്ഷനിൽ ഞാൻ അവിടെ കാണും. അപ്പോൾ ചെന്നാട്ടെ. ചേച്ചി അങ്ങ് ചെന്നിട്ടെ ഞാൻ പോകൂ ”

സമ്മതം എന്ന് പറഞ്ഞ് അവള് പോയി.

ഫ്ലാറ്റിൽ ചെന്ന് ബെല്ലടിച്ചതും കതക് തുറന്ന ഭാമ ഞെട്ടി പോയി. കലി തുള്ളി നിൽക്കും എന്ന് വിചാരിച്ച ദേവി ദേ ഫുൾ ഹാപ്പി ആയി നിൽക്കുന്നു. ഇതെന്ത് മറിമായം എന്ന് വിചാരിച്ച് അവൾ അകത്തേക്ക് പോയി.

“ഡീ ദേവീ നിനക്കെന്ത് പറ്റിയെടി? ”

“ഡീ ഒരു സംഭവം ഉണ്ടായി”.
ഞാൻ വരും വഴി ഒരു സംഭവം, എന്ന് പറഞ്ഞ് തുടങ്ങിയതും ഭാമയുടെ മുഖത്ത് പല ഭാവങ്ങളും മിന്നിമാഞ്ഞു .

“ഡീ,
കുറച്ച് അനുസരണ വേണമെടി നിന്റെ അഹങ്കാരം കാരണമല്ലേ ഇതൊക്കെ നടന്നത്. എന്തെങ്കിലും സംഭവിച്ചു പോയിരുന്നെങ്കിലോ ദേവി? “.

അതിനൊന്നും സംഭവിച്ചില്ലല്ലോ ഭാമക്കുട്ടി
എന്നും പറഞ്ഞ് അവളുടെ താടിത്തുമ്പിൽ പിടിച്ച് ഒരാട്ട്.

“അങ്ങോട്ട് വിട്ടേ. അവള് സോപ്പിടാൻ വന്നേക്കുന്നു. ആ ചെറുക്കൻ വന്നില്ലായിരുന്നെങ്കിലോ “?

“അവൻ വന്നല്ലോ. ”

“ആ കൊച്ച് നല്ലതായത് നിന്റെ ഭാഗ്യം. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല.
അതും അല്ല ആ ചെറുക്കൻ കൊണ്ട് പോയി വേറെ വല്ല പ്രശ്നത്തിലും ചാടിച്ചിരുന്നെങ്കിലോ? ”

“പോടീ. അവൻ അങ്ങനെയുള്ള ഒരു കൊച്ചല്ല. ഏറിപ്പോയാൽ ഒരു പ്ലസ് 2 അത്രേം ആയിട്ടുള്ളു. ”

“മ്മ്മ്മ്മ് അതിലൊന്നും വലിയ കാര്യമില്ലടി”

“നീ പറയുന്നതൊക്കെ ശെരിയാടി. പക്ഷേ അവനെ ആദ്യം കണ്ടപ്പോഴേ എനിക്കെന്തോ ഒരു അടുപ്പം തോന്നിയെടി. എവിടെയോ കണ്ട് മറന്ന പോലെ ഒരു മുഖം പോലെ. പിന്നെ അവന്റെ സംസാരം. എല്ലാം കൂടി ആയപ്പോൾ. ”

“എന്തായാലും നല്ല സ്വഭാവമുള്ള കുട്ടിയാ. ഏതൊ നല്ല കുടുംബത്തിൽ പിറന്നതാവും “.

“ശെരി, ശെരി ചെന്ന് കുളിക്ക്. ഞാൻ ഭക്ഷണം എടുത്ത് വെക്കാം “.

“ഭക്ഷണമോ. നീയോ. ”

“എന്തേ???
നീ പോയി കുളിച്ചിട്ട് വാ മോളേ നീ ഇന്ന് ഞെട്ടും.

“ഓഓഓ ആയിക്കോട്ടെ ”

“ഭാമേ നീ ഭക്ഷണം ഉണ്ടാക്കി വെച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല. ഇതുണ്ടാക്കാൻ എന്റെ പൊന്ന് മോള് എത്ര സമയമെടുത്തു? ”

“ഒരുപാട് അങ്ങ് ആക്കല്ലേടി. ഞാൻ ഒത്തിരി സമയമെടുത്ത് തന്നെ ചെയ്തതാ. ”

“പിന്നെ,,,,, ബ്രെഡും ജാമും ഉണ്ടാക്കാൻ ഒത്തിരി സമയം വേണം ”

“പുച്ഛിക്കാതെ മോളേ.
ബ്രഡ്ഡ്ടുക്കണം, ജാം തേക്കണം, പിന്നേം ഒരെണ്ണം വെക്കണം, പിന്നെ അതുപോലെ രണ്ടുപേർക്കും ഉള്ളതുണ്ടാക്കണം. വലിയ കഷ്ടപ്പാടാ.”

……………………….

പിറ്റേന്ന്,,,

“ഡീ ഇവിടെയാണ് അവൻ പറഞ്ഞത്. ”

“വാ നമുക്ക് ആരോടെങ്കിലും ചോദിക്കാം.”

“അത് പറ്റില്ല. ”

“അതെന്താ പറ്റാത്തെ “?

“അതോ എനിക്ക് പേരറിയില്ല ”

“ഡീ മന്ദബുദ്ധി നിന്റെ കൂടെ ഇറങ്ങുന്നതിനു മുൻപെങ്കിലും നിനക്കൊരു വാക്കെന്നോട് പറഞ്ഞൂടാരുന്നോ ”

തലയിൽ കൈ വെച്ച് വഴിയിൽ കുത്തിയിരുന്ന് ഭാമ പറഞ്ഞതും ദേവി ഒന്നും പറയാനാകാതെ മിണ്ടാതെ നിന്നു.

“വാ പോകാം..
ഇനി എന്തിനാ ഇവിടെ നിൽക്കുന്നെ. ”

“എന്നാലും,,,, ”

ഒരെന്നാലുമില്ല ഇങ്ങോട്ട് വാടീന്നും പറഞ്ഞ് ഭാമ ദേവിയെ പിടിച്ച് തിരിഞ്ഞതും ചേച്ചീന്നും വിളിച്ച് ഒരാള് ഓടി വന്നു.

“ചേച്ചീ,
എപ്പോഴാ വന്നേ. ”

“വന്നിട്ട് കുറച്ച് നേരമായി നിന്നെ കാണാത്തത് കൊണ്ട് തിരിച്ചു പോകാൻ തുടങ്ങുവാരുന്നു. ”

“അത് കൊള്ളാം.
ആഹാ ഇതാരാ ഇത്? മുഖത്ത് കടന്നൽ കുത്തിയ പോലെ ഉണ്ടല്ലോ? ”

“കടന്നൽ നിന്റെ,,,, നീ പോടാ ചെറുക്കാ. ”

“ഭാമേ,,,,,,, ”

“അത് പിന്നെ ഈ പൊരി വെയിലത്ത്‌ നിന്ന് കഥ പറഞ്ഞാൽ പിന്നെ ആർക്കായാലും ദേഷ്യം വരൂല്ലേ ”

ചിന്തിച്ചത് അതുപോലെ തന്നെ അവൻ പറഞ്ഞപ്പോൾ അവള് അന്തിച്ചു പോയി.

“നമുക്ക് ആ കടയിലോട്ടിരിക്കാം ”

അവിടുത്തെ ഒരു ജ്യൂസ്‌ കടയിലേക്കവര് കയറി.

“നമ്മളെ ഇവിടെ കയറ്റി ഇരുത്തിയിട്ട് ഇവനിതെവിടെ പോയി ദേവീ? ”

“ജ്യൂസ്‌, ജ്യൂസ്‌,,,,,,, ”

“ആഹാ നീയെന്താടാ ഇവിടുത്തെ സപ്ലയർ ആണോ? ”

ഭാമയുടെ ആ ചോദ്യത്തിന് അതേ എന്നവൻ ഉത്തരം പറഞ്ഞതും രണ്ടാളുടെയും മുഖം മാറി

“അടിപൊളി ജ്യൂസ്‌ ആണ് കുടിക്ക് രണ്ടാളും ”

അവരവനെ ഒന്ന് നോക്കി….

“ഞാനിവിടുത്തെ മാത്രമല്ല ഈ ഭാഗത്ത്‌ ഒട്ടുമിക്ക കടയിലും ജോലിക്ക് നിൽക്കാറുണ്ട്. രാത്രി പതിനൊന്ന് വരെ ഫുൾ ജോലി. ഇന്നലെ അതും കഴിഞ്ഞ് റൂമിൽ പോകാൻ വരും വഴിയാ ഒരാളുടെ കരച്ചിൽ പ്രതികരണം കേട്ടത്. ”

അത് കേട്ടതും അടുത്തിരിക്കുന്ന ഭാമയെ ഒന്നിടംകണ്ണിട്ട് ദേവി നോക്കി. ഒറ്റ നോട്ടമേ നോക്കിയുള്ളൂ പിന്നെ മുഖം നേരെ ആക്കി .

“നീ എന്താ പഠിക്കാൻ പോകാത്തെ? ”

“ബെസ്റ്റ്. വേറെ എന്തൊക്കെ ചോദിക്കാനുണ്ട് ചേച്ചി. ഇതാണോ ചേച്ചിക്ക് ആദ്യം ചോദിക്കാൻ കണ്ടത്? എന്റെ പേര് പോലും ചോദിക്കാതെ ഓടി വന്നു ചോദിച്ചേക്കുന്നു പഠിക്കാൻ പോകാത്തതെന്താണെന്ന്. മലയാളി തന്നെ ”

“അയ്യോ,,,
സത്യത്തിൽ ആദ്യം അതാ ചോദിക്കാൻ വന്നേ. പക്ഷേ പെട്ടെന്ന് അങ്ങനെയങ്ങു വന്നു പോയി ”

“ഹ്മ്മ്മ്മ്,,
ചോദിക്കാഞ്ഞ സ്ഥിതിക്ക് ഞാൻ പറയാം.
എന്റെ പേര് നവീൻ. Plus2കഴിഞ്ഞു. പിന്നെ ദേ ഇതിലേയൊക്കെ ഇങ്ങനെ ഓരോ ജോലിയും ചെയ്ത് നടക്കുന്നു “.

“അതെന്താ നീ pus2കൊണ്ട് നിർത്തിയത്? ”

“അത് കഴിഞ്ഞപ്പോൾ അനാഥാലയത്തിൽ നിന്ന് പോന്നു. സ്വയം ജോലി ചെയ്യാൻ പ്രായമായിട്ടും എന്തിനാ വെറുതെ .
പിന്നെ ഇങ്ങനെ ഓരോന്നൊക്കെ ചെയ്ത് ജീവിച്ചു പോകുന്നു. ”

പിന്നെ ഒന്നും ചോദിക്കാതെ അവനോട് യാത്ര പറഞ്ഞ് രണ്ടാളും ഇറങ്ങി.

“ഭാമേ,,, എന്താ നീ ആലോചിക്കുന്നേ? ”

“നീ എന്താ ആലോചിച്ചേ അതുതന്നെ ”

“പാവം. ആരുമില്ലാത്തതു കൊണ്ടല്ലേ പഠിക്കാൻ പോലും പറ്റാത്തത്. അവനിൽ നല്ലൊരു മനുഷ്യനുണ്ട്. അവന് ഈശ്വരൻ നല്ലൊരു ജീവിതം മുന്നിൽ കരുതി വെച്ചിട്ടുണ്ട്. ഉറപ്പാ. ”

💓💓💓💓💓💓💓💓💓

അങ്ങനെ അവര് രണ്ടാളുമായി അവൻ നല്ല കൂട്ടായി. അവർക്ക് സ്വന്തം അനിയനായി.

💓💓💓💓💓💓💓💓💓💓💓

“ഭാമേ,,, ഒരു സ്‌ക്‌ളർഷിപ് ശെരിയാക്കിയാൽ അവന് എംബിബിസ്ന് ഒരു സീറ്റ് ഒപ്പിക്കാരുന്നു. കൂടെ ഒരുമാസം കോച്ചിങിനും പോയി എൻട്രൻസ് കൂടി എഴുതിയാൽ അവനെ ഒരു ഡോക്ടർ ആക്കി എടുത്തൂടെ നമുക്ക്. ”

“പക്ഷേ അതൊക്കെ പറയുന്നത് പോലെ നടക്കുവോടി? ”

“ശ്രമിക്കാം. അതുകൊണ്ടെന്താ. നാളെ തന്നെ കോച്ചിങ് സെന്ററിൽ പോയി തിരക്കാം. നമ്മുടെ താരയുടെ അമ്മ കോച്ചിങ് സെന്ററിൽ ആണ് ഞാൻ ഒന്ന് ചോദിക്കട്ടെ. ”

“എങ്കിൽ ചെന്ന് തിരക്ക് ”

പിന്നെ എല്ലാം പെട്ടെന്ന് ശെരിയായി. കോച്ചിങ്ങിനു പോകുന്ന കാര്യം അവനെ വിളിച്ച് പറഞ്ഞ് സമ്മതിപ്പിച്ചു. എക്സാം കഴിഞ്ഞു.

” ചേച്ചി എനിക്ക് റിസൾട്ട്‌ ഓർത്തിട്ട് നല്ല പേടിയുണ്ട് ”

“എന്റെ അനിയൻ ഇങ്ങനെയുള്ള കാര്യത്തിലൊന്നും ഭയപ്പെടരുത്. ഇത് നിനക്ക് കിട്ടും എനിക്കുറപ്പുണ്ട്. ഇനി കിട്ടിയില്ലെങ്കിലും സാരമില്ല. എക്സാമല്ലേ വീണ്ടും എഴുതണം. ”

“എന്നാലും….”.

“ഒന്നും ഇല്ലാ. നീ പോയി കിടന്നുറങ്ങു. ഞാനും പോകുവാ എനിക്ക് നാളെ ഡ്യൂട്ടി ഉണ്ട്”.

പിറ്റേന്ന് റിസൾട്ട്‌ വന്നപ്പോൾ അവന് നല്ല റാങ്കോടു കൂടി ഇവിടെ തന്നെ അഡ്മിഷനും കിട്ടി.

“ചേച്ചി, നാളെ ഒന്ന് അമ്പലത്തിൽ വരുവോ രണ്ടാളും ”

“വരാം. ഞാൻ നിന്നോട് പറയാനിരുന്നതാ. ഞാനും ഭാമയും എട്ടാകുമ്പോഴെത്താം ”

“എങ്കിൽ ശെരി നാളെ കാണാം ”

പിറ്റേന്ന്,,,,,,,

അമ്പലത്തിൽ നിന്ന് തൊഴുത്തിറങ്ങി നവീൻ ദേവിയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങി.

“നാളെ ഞാൻ കോളേജിൽ ജോയിൻ ചെയ്യുവാ. വഴി തിരിഞ്ഞു പോയ എന്റെ ജീവിതത്തിനെ നേർ വഴി കാണിച്ചത് ചേച്ചിയാ. ഈ ലോകത്ത് എനിക്ക് ഇന്നേറ്റവും പ്രിയപ്പെട്ട ഒരാള് എന്റെ ദേവിയേച്ചിയാ. അതുകൊണ്ട് ചേച്ചിയുടെ അനുഗ്രഹമാണ് എനിക്കെന്തിലും വലുത് ”

“എന്റെ അനുഗ്രഹം നീ പറഞ്ഞില്ലെങ്കിലും നിനക്കുണ്ടാവും ”

“പിന്നെ ഡീ ഭാമ ചേച്ചി, ഞാൻ പോയെന്നും വെച്ച് എന്റെ ചേച്ചിയെ ഭക്ഷണ പരീക്ഷണം നടത്തി കൊല്ലരുത് കേട്ടോ.”

“ഓ,,, ഉത്തരവ് നീരവേന്ദ്ര തമ്പുരാനെ. ഒന്ന് പോടാ ചെറുക്കാ. ലോകത്തെങ്ങും ഇല്ലാത്ത ഒരു ചേച്ചിയും അനിയനും വന്നേക്കുന്നു. ഹ്മ്മ്മ്മ് ”

💓💓💓💓💓💓

“അങ്ങനെ അങ്ങനെ അവൻ ഓരോ ദിവസം ചെല്ലുംതോറും എനിക്കും ദേവിക്കും പ്രിയപ്പെട്ട അനിയനായി മാറി.
ഇപ്പോൾ അവനെ മൂന്നു വർഷം മുൻപ് കണ്ടുമുട്ടിയതാണെന്നു പോലും ഞങ്ങള് മറന്നു പോയി. അത്രക്കും അവൻ ഞങ്ങൾക്കാരോ ആയിമാറി.”

ഒക്കെ പറഞ്ഞ് തീർന്നതും അർജുന്റെ മനസ്സിൽ ദേവിയോടുള്ള സ്നേഹത്തിന്റെ അളവ് അളക്കാനാവുന്നതിലും അപ്പുറമായി മാറിയിരുന്നു.

“ഇപ്പോൾ മനസ്സിലായല്ലോ ഏട്ടന് അളിയനെക്കുറിച്ച്. ”

മനസ്സിലായി, മനസ്സിലായി…

“അയ്യോ ഞാൻ പോട്ടെ. അല്ലെങ്കിൽ എന്നെ എന്റെ ഏട്ടത്തി ഇടിച്ചു സൂപ്പാക്കും. ”

“ഏട്ടത്തി എന്നൊക്കെ നീ പതുക്കെ കാറ്. കേട്ടാൽ ഉടനെ തന്നെ എനിക്ക് കൈ കൊട്ടി കാക്കയെ വിളിക്കേണ്ടി വരും. ”

നീ പോടാ ചേട്ടാ, എന്നും പറഞ്ഞ് അവന്റെ തലക്കിട്ട് ഒരു തട്ടും വെച്ച് ഭാമ ഓടി.

“ഡീ ദേവീ നാളെ ഏട്ടന് ഡിസ്ചാർജ് ആണ് ”

“എനിക്കറിയാം.
അതിനിപ്പോൾ എന്താ.
ആളുകൾ ആശുപത്രിയിൽ വരും, ഭേദമാകും തിരിച്ച് പോകും . പുതുമയല്ലല്ലോ ഇത്,?

“പക്ഷെ ദേവി ഇത്,,,, ‘

“ഭമേ ഇത് നമ്മളൊന്ന് പറഞ്ഞു തീർത്തതല്ലേ. അന്ന് ഞാൻ പറഞ്ഞതാ നിന്നോട് ഇനി ഒരു സംസാരം വേണ്ടാന്ന്. ”

“പക്ഷെ ദേവീ,,, ”

“ഭാമേ,,,
അവസാനമായി ഞാൻ പറയുവാ നീ ഇനി ഈ കാര്യം എന്നോട് പറയരുത്. ”

“നിനക്ക് ഏട്ടനോടുള്ള ഇഷ്ടം എനിക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് ഞാൻ ഈ കാര്യം വിട്ടു കളയില്ല മോളേ “…

തുടരും,,,