രചന – അരുന്ധതി
“”ഹലോ,,, കണ്ണേട്ടാ,,,, “”
ആദ്യ റിങ്ങിലേ അവൾ ഫോണെടുത്തപ്പോഴേ അവന് മനസ്സിലായി അവൾ തന്റെ ഫോൺ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന്.
“””ദേവൂ,,,
നാളെ മുതൽ ഞാൻ ജോലിക്ക് കയറും… “”
“””കണ്ണേട്ടാ,,,
എല്ലാം ശെരിയായി കഴിഞ്ഞ്, വന്നെന്നെ പെണ്ണ് ചോദിക്കണം. ഈ ദേവൂന് കണ്ണേട്ടനില്ലാതെ ഒരു ജീവിതമില്ല.”””
അവസാനമായി അവള് പറഞ്ഞ വാക്ക് കേട്ട് കൊണ്ടാണ് അവളുടെ അച്ഛൻ അങ്ങോട്ട് വന്നത്.
അവള് പറഞ്ഞതെല്ലാം കേട്ട് കഴിഞ്ഞതും അച്ഛൻ പുറത്തേക്കിറങ്ങി. അമ്മയോട് പോലും എന്തെങ്കിലും പറയും മുൻപ് അർജുനെ ഫോൺ വിളിച്ചു.
“””ആ ഹലോ അച്ഛാ,,, ”
“””മോനേ,,,
നാളെ നിനക്ക് തിരക്കുണ്ടോ? “”
“എന്താ അച്ഛാ,,?
തിരക്കായിട്ടൊന്നും ഇല്ല എപ്പോഴത്തെയും പോലെ ഒക്കെ തന്നെ. എന്താ അച്ഛൻ പറഞ്ഞോളൂ ”
“”അത് മോനേ എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ട്. “”
“”ശെരി അച്ഛാ,, ഞാൻ നാളെ ദേവിയെയും കൂട്ടി വീട്ടിലേക്ക് വരാം. ”
“””വേണ്ട മോനേ, വീട്ടിലേക്ക് വരണ്ട. നമുക്ക് പുറത്ത് വെച്ച് കാണാം. ദേവി അറിയണ്ട. ഞാൻ അവളുടെ അമ്മയോടും പറയുന്നില്ല.”
“”എങ്കിൽ ശെരി അച്ഛാ, “”
എല്ലാം പറഞ്ഞ് ഫോൺ വെച്ചിട്ടും ദേവിയുടെ അച്ഛന്റെ മുഖം മൗനമായി തന്നെയിരുന്നു. കാര്യം എന്തെന്ന് പലവട്ടം സാവിത്രി ചോദിച്ചിട്ടും ഒന്നും പറയാതെ അദ്ദേഹം കിടന്നു.
❤️❤️❤️❤️❤️
“അച്ഛൻ ഒത്തിരി നേരമായോ വന്നിട്ട്?” അടുത്തേക്ക് ചെന്ന് കൊണ്ട് അർജുൻ ചോദിച്ചു.
“”ഏയ് ഇല്ല മോനേ,, അച്ഛൻ ദേ ഇപ്പോൾ വന്നതേ ഉള്ളു “”
“”അത് ഞാൻ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് എസ്.പി ഓഫിസിലേക്ക് ചെല്ലാൻ പറഞ്ഞ് വിളിച്ചത്. “”
“”അതൊന്നും സാരമില്ല മോനേ,, “”
“”എന്താ അച്ഛാ, എന്താ പെട്ടന്ന് കാണണം എന്ന് പറഞ്ഞത്? “”
ആകാംക്ഷ അടക്കാൻ വയ്യാതെ അർജുൻ ചോദിച്ചു.
കുറച്ച് നേരത്തേ മൗനത്തിനു ശേഷം അദ്ദേഹം എല്ലാം പറഞ്ഞു. ഒക്കെ കേട്ട് കഴിഞ്ഞതും അർജുന് അതിശയമായിരുന്നു. തമ്മിൽ എങ്ങനെ അടി വെക്കാം എന്ന് ചിന്തിച്ചിരിക്കുന്ന അവര് തമ്മിൽ പ്രണയമാണെന്ന് കേട്ടപ്പോൾ.
“” അവനെക്കുറിച്ച് ദേവി പറഞ്ഞറിഞ്ഞപ്പോൾ തൊട്ട് എന്റെ മനസ്സിൽ ഈ ആഗ്രഹം തുടങ്ങിയതാ. പക്ഷേ അവര് തമ്മിലുള്ള വഴക്ക് കണ്ടപ്പോൾ പിന്നെ ആരോടും ഈ ആഗ്രഹം പറയാൻ തോന്നിയില്ല. അവർക്ക് തമ്മിൽ അങ്ങനെ ഒന്നും ഇല്ലെങ്കിൽ പിന്നെ ഞാൻ വെറുതെ എന്തിനാ എന്നോർത്തു … “”
“”ദേവിയുടെ മനസ്സിലും ഇതെ ആഗ്രഹം തന്നെയാ അച്ഛാ . അവളെന്നോട് പറഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാം.
പിന്നെ അച്ഛൻ പറഞ്ഞത് പോലെ അവര് തമ്മിലുള്ള അടി കണ്ടാൽ ആർക്കും ഈ കാര്യവും പറഞ്ഞ് അങ്ങോട്ട് ചെല്ലാൻ തോന്നില്ല. എന്തായാലും ഇതറിയുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ദേവി തന്നെയാവും. “”
“” അതേ മോനേ,,. എനിക്കറിയാം അത്. അവൾക്ക് കണ്ണനെയും, ദേവൂനെയും ഒരുക്കലും വേർതിരിച്ച് കാണാൻ പറ്റില്ല. രണ്ടാളെയും ജീവനാ””
“” അതേ അച്ഛാ.
ഈ കാര്യം അറിഞ്ഞാൽ അവൾക്കായിരിക്കും ഏറ്റവും കൂടുതൽ സന്തോഷം. “”
“”അവളുടെ അമ്മയ്ക്കും അവനെ ഒരുപാട് ഇഷ്ടമാണ്. അല്ലെങ്കിലും അവനോട് ആർക്കാ സ്നേഹം തോന്നാത്തത്. “”
അത് പറയുമ്പോൾ ആ അച്ഛന്റെ മുഖത്ത് ഒരു മകനോടുള്ള വാത്സല്യം നിറഞ്ഞിരുന്നു.
“””അച്ഛാ, ഞാനൊരു കാര്യം പറയട്ടെ,,, എന്തായാലും അവന് ഇപ്പോൾ ജോലി ആയി. ദേവൂന്റെ പഠിത്തം ഉടനെ കഴിയും എങ്കിൽ പിന്നെ വെച്ച് താമസിപ്പിക്കാതെ ഇതും കൂടി വിച്ചൂന്റെയും, ഭാമയുടെയും നടത്തുന്ന കൂട്ടത്തിൽ അങ്ങ് നടത്തിയാലോ? “”
ഒരുപാട് പ്രതീക്ഷയോടെ അവൻ അച്ഛന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“”അയ്യോ മോനേ,, ഇത്രയും പെട്ടെന്നോ? അത് വേണ്ട.””
“”എനിക്കറിയാം പെട്ടെന്നൊരു കല്യാണം നടത്താനുള്ള കാര്യങ്ങൾ ഓർത്തിട്ടാ അച്ഛൻ ഇങ്ങനെ പറയുന്നതെന്ന്.
അച്ഛാ,,, ദേവിയ്ക്ക് അവര് രണ്ടാളും എങ്ങനെയാണോ അങ്ങനെ തന്നെയാണ് എനിയ്ക്കും. അതുകൊണ്ട് ഒന്നും ഓർത്ത് അച്ഛൻ പേടിക്കണ്ട. പിന്നെ ആരും മറ്റെങ്ങോട്ടും അല്ലല്ലോ പോകുന്നത്. നമ്മളെല്ലാവരും ഒരു കുടക്കീഴിൽ തന്നെ അല്ലേ. അതുകൊണ്ട് അച്ഛൻ എതിര് പറയരുത്. “”
“””അതുകൊണ്ടല്ല മോനേ,,, “”
“”അച്ഛാ എന്തായാലും ഒരു കല്യാണം നടക്കാൻ പോകുവാ ഒപ്പം ഇതും കൂടി നടത്തിയാൽ എല്ലാവർക്കും സന്തോഷമാവും. അവനും ആരുമില്ലാന്നുള്ള തോന്നലും ഉണ്ടാവില്ല. ഞാനും അപ്പച്ചിയും കൂടി അടുത്ത ആഴ്ച വിച്ചൂന്റെയും, ഭാമയുടെയും നിശ്ചയത്തിന് മുഹൂർത്തം കുറിയ്ക്കാൻ പോകുന്നുണ്ട്. അതിന്റെ കൂടെ ഇതും കൂടി കുറിയ്ക്കാം. “”
“”മോനേ നീ ഇങ്ങനെ പെട്ടന്ന് എല്ലാം തീരുമാനിച്ചത് പോലെ പറയല്ലേ,,, “”
ആ ശബ്ദത്തിൽ ഒരച്ഛന്റെ വ്യാകുലതകൾ കലർന്നിരുന്നു.
“”അച്ഛൻ ഒന്നും ഓർത്ത് പേടിക്കണ്ട..രണ്ടും നമ്മള് ഒന്നിച്ചങ് നടത്തുന്നു. “”
ഒടുക്കം അർജുന്റെ നിർബന്ധത്തിൽ അദ്ദേഹം സമ്മതിച്ചു.
തിരികെ വീട്ടിൽ ചെന്ന് ഈ കാര്യം ദേവിയുടെ അമ്മയോട് പറയുമ്പോൾ ആ മുഖത്ത് പരിഭവം നിറഞ്ഞിരുന്നു.
“”എന്താ രാമേട്ടാ,, എന്നോട് ഈ കാര്യം ആദ്യമേ പറയാതിരുന്നത്. ഞാൻ സമ്മതിക്കില്ലെന്ന് കരുതിയോ?
എന്റെ സ്വന്തം മകനായിട്ട് തന്നെയല്ലേ കണ്ണനെ ഞാൻ കാണുന്നത്. അത് ഞാൻ പറഞ്ഞിട്ടും ഉള്ളതല്ലേ.
എന്നിട്ടും,,,”””
” അതെനിക്കറിയാവുന്നത് കൊണ്ടല്ലേ ഞാൻ നിന്റെ സമ്മതം പോലും ചോദിക്കാതെ മോനോട് എല്ലാം ചെയ്തോളാൻ പറഞ്ഞത്. “”
“”പക്ഷേ,,
ഇത്ര പെട്ടെന്ന് കല്യാണം എന്നൊക്കെ പറയുമ്പോൾ,, “”
അതും പറഞ്ഞ് വ്യാകുലതയോടെ സാവിത്രി അദ്ദേഹത്തെ നോക്കി.
“ഞാനും ഇതേ കാര്യം തന്നെ പറഞ്ഞതാ,, പക്ഷേ മോൻ പറയുന്നത് എല്ലാം അവൻ നോക്കിക്കോളാം എന്നാ… “”
“”എങ്കിലും നമുക്ക് ചെയ്യാനുള്ളതെല്ലാം നമുക്ക് ചെയ്യണം. ആരുടെ കാര്യത്തിലും കുറവ് വരുത്താൻ പറ്റില്ല. കാരണം രണ്ടാളും നമുക്ക് ഒരുപോലെ അല്ലേ? “”
“”അതേ,,
ആദ്യം ഗോപാലനോടും, ലക്ഷ്മിയോടും പറയണം. അവരിന്ന് വരില്ലേ ഭദ്രേടെ അടുത്തൂന്ന്.? “”
“”ഉവ്വ് സന്ധ്യയ്ക്ക് മുൻപ് എത്തും എന്നാ പറഞ്ഞെ,, “”
“ദേവു എവിടെ സാവിത്രി? ”
അകത്തേയ്ക്ക് നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു.
“”മുറിയിലുണ്ട്..
അതേ,,, ആദ്യം ഇച്ചിരി പേടിപ്പിച്ചിട്ട് സമ്മതം അറിയിച്ചാൽ മതി. അല്ലെങ്കിൽ ദേഷ്യപ്പെടുന്നതിനിടയ്ക്ക് കണ്ണനെക്കൊണ്ട് വിളിപ്പിക്കാം. അപ്പോൾ ആ ചമ്മല് നമ്മക്ക് നേരിട്ട് കാണാല്ലോ “”
കൊച്ച് കുട്ടികളെ പോലെ ആ അമ്മ പറയുമ്പോൾ അവരുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന് പോയി ദേവീടെ അച്ഛൻ.
“”എന്താ എന്റെ സാവിത്രി ഇത്?
ഇങ്ങനെ കുട്ടിക്കളി കളിയ്ക്കാൻ നിനക്കെത്രയാ പ്രായം?””
“”എനിക്കറിയില്ല രാമേട്ടാ,, ആഗ്രഹിച്ചത് കൈയ്യിൽ കിട്ടിയ കൊച്ച് കുട്ടിയായി ഞാനിപ്പോൾ. അവനെ സ്വന്തം മകനായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ എത്ര മാത്രം ആഗ്രഹിക്കിച്ചെന്ന് രാമേട്ടനാറിയുവോ.”
അത് പറയുമ്പോൾ ആ അമ്മയുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞിരുന്നു.
“ആാ ആഗ്രഹം പോലെ ഇനി അവനുണ്ടാവും എന്നും നമ്മുടെ കൂടെ ഇവിടെ. “”
❤️❤️🌹❤️❤️
“അമ്മേ,,, അപ്പച്ചീ,, വിച്ചൂ,, ഭാമേ,, “”
എല്ലാവരെയും ഒറ്റ ശ്വാസത്തിൽ വിളിച്ചു കൊണ്ട് അവൻ അകത്തേയ്ക്ക് ചെന്നു.
ദേവിയും, കണ്ണനും ഹോസ്പിറ്റലിൽ രാവിലെ പോയത് കൊണ്ട് തന്നെ ധൈര്യത്തോടെയാണ് അവൻ അകത്തേയ്ക്ക് വന്നത്.
“”എന്താടാ,, നീ വിളിച്ചു കൂവുന്നേ? ”
എന്നും ചോദിച്ച് ദേവകി അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് വന്നു.
എല്ലാം പറയാം,, എല്ലാവരും വരട്ടെ, അമ്മയിവിടെ ഇരിയ്ക്ക്.
“”അച്ചൂ,,, എന്താ മോനേ നിന്റെ മുഖത്ത് ഇത്ര സന്തോഷം? ”
രേവതി അവന്റെ അടുത്തേയ്ക്ക് വന്നിരുന്ന് കൊണ്ട് ചോദിച്ചു.
“” എന്താ ഏട്ടാ ഞങ്ങൾടെ കല്യാണ തീയ്യതി കുറിച്ചോ. അതാണോ ഏട്ടനിത്ര സന്തോഷം?”
ഭാമയെയും കൂട്ടി താഴേക്കു വന്ന് കൊണ്ട് വിഷ്ണു ചോദിച്ചു.
“”അയ്യോ,,,
ഊണിലും ഉറക്കത്തിലും നിനക്ക് ഈ ഒരൊറ്റ ചിന്തയെ ഉള്ളോ എന്റെ വിച്ചൂ,,? ”
ചോദ്യം കേട്ടതും അങ്ങനെയൊന്നുമില്ലാന്നുള്ള രീതിയിൽ വിച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു.
“”ഇവിടെ ഇവരുടെ കല്യാണത്തോടൊപ്പം ഒരു കല്യാണം കൂടി നടക്കാൻ പോകുന്നു. “”
“”കല്യാണമോ അതിനിവിടെ ഇനി ആരാ ഉള്ളെ? ഏട്ടൻ ദേവീനെ ഒന്നും കൂടി കെട്ടാൻ പോകുവാണോ? “”
സംശയത്തോടെ ഭാമ അർജുനോട് ചോദിച്ചു. അത് കേട്ടതും ദേവകി അവളെ നോക്കി കണ്ണുരുട്ടി.
അവള് അവരെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു.
“”എന്റെ ദൈവമേ,,, ഇങ്ങനെ ഒരെണ്ണം. എന്തായാലും ചക്കിക്കൊത്ത ചങ്കരൻ തന്നെയാ.. “”
അത് കേട്ടതും പിന്നല്ലാ എന്നും പറഞ്ഞ് വിഷ്ണു ഭാമയുടെ തോളിലേക്ക് കൈയ്യിട്ടു.
“””അച്ചൂ,,,
എന്താ കാര്യം മോനേ “””
“””അമ്മേ,,,
കണ്ണന്റെയും, ദേവൂന്റെയും കല്യാണം നടത്താൻ ഞാനും അച്ഛനും തീരുമാനിച്ചു. “”
അത് കേട്ടതും ഭാമ വിഷ്ണൂന്റെ തോളിൽ കിടന്ന് ചിരിക്കാൻ തുടങ്ങി.
“”നീ എന്തിനാടി ഇങ്ങനെ ചിരിക്കുന്നേ,,,””
അർജുൻ ഇച്ചിരി ദേഷ്യത്തിൽ തന്നെ ഭാമയോട് ചോദിച്ചു.
“”പിന്നെ ചിരിക്കാതെ,,, ഇത്രയും വലിയ തമാശ കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. കണ്ണന്റെയും, ദേവൂന്റെയും കല്യാണം. അതിലും ഭേദം ഏട്ടൻ രണ്ടിനും ഒരു കത്തി വാങ്ങി കൊടുക്കുന്നതല്ലേ നല്ലത്. അതാകുമ്പോൾ ഒറ്റയടിയ്ക്ക് തീരുമാനമാകും. “””
“”ഭാമേ,,,
വന്ന് വന്ന് നിന്റെ നാക്കിനു തീരെ ലൈസൻസ് ഇല്ലാതായി. “”
ദേവകിയമ്മ അല്പം ദേഷ്യത്തിൽ തന്നെ അവളെ നോക്കി.
“””എന്റെ ഏട്ടാ,,,
ഇതും പറഞ്ഞങ്ങോട്ട് ചെന്നാൽ രണ്ടും കൂടി ഏട്ടനെ ശെരിയാക്കും . “”
“””എന്റെ പൊന്നനിയത്തിയല്ലേ ഒരു അഞ്ച് മിനിറ്റ് ആ വാ ഒന്നടച്ചു വെയ്ക്ക്. “”
“”ഓ ഉത്തരവ്,, ഇനി ഞാനായിട്ട് മിണ്ടുന്നില്ല…””
അതും പറഞ്ഞ് അവൾ വായുടെ മുകളിൽ വിരലും വെച്ചിരുന്നു.
“”നമ്മളാരും അറിയാതെ രണ്ടും കൂടി ഭയങ്കര പ്രേമം ആണ് “”
അർജുൻ ഒറ്റ വാക്കിൽ പറഞ്ഞ് നിർത്തിയതും,,
“”എന്ത്,,,,?? “”
അവൻ പറഞ്ഞത് കേട്ട് ഭാമ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു.
“””അതേ,,,
ആരെയും അറിയിക്കാതെ രണ്ടും കൂടി മുടിഞ്ഞ പ്രേമാ.
ഇന്നലെ വൈകിട്ട് നമ്മുടെ കണ്ണനും, ദെവൂം ഫോണിൽ സംസാരിക്കുന്നത് അച്ഛൻ കേട്ടു. അങ്ങനെയാണ് മനസ്സിലായത്. പക്ഷേ എല്ലാവരും അറിഞ്ഞ കാര്യം ഇതുവരെ അവര് രണ്ടും അറിഞ്ഞിട്ടില്ല. “”
“”അമ്പടാ കള്ളാ…
പക്ഷേ ഏട്ടാ നമ്മള് കാണുമ്പോഴെല്ലാം രണ്ടും കൂടി അടിയല്ലേ. പിന്നെപ്പോഴാ ഇവർക്ക് പ്രണയം തുടങ്ങിയത്? “”
അവള് അർജുന്റെ അടുത്തേയ്ക്ക് ചെന്ന് ചോദിച്ചു.
“””അതിപ്പോൾ ഒരു പ്രണയം തുടങ്ങാൻ അത്ര സമയം വേണോ. വേണോടാ വിച്ചൂ??
അല്ലാ നിങ്ങളും അടിയല്ലാരുന്നോ അതാ ഞാൻ ചോദിച്ചേ”””
അർജുൻ പറഞ്ഞത് കേട്ടതും വിഷ്ണു ഭാമയെ ഒന്ന് കൂർപ്പിച്ചു നോക്കി. അവളുടെ നാവടങ്ങി ഇരിക്കാഞ്ഞിട്ടല്ലേ അർജുനിപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് .
വിഷ്ണു നോക്കുന്നത് കണ്ടതും ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന രീതിയിൽ ഭാമ മുകളിലേക്കും നോക്കിയിരുന്നു.
“”ഏട്ടാ,,
ഏട്ടത്തി അറിഞ്ഞിട്ടില്ലല്ലോ. അറിയുമ്പോൾ ഏട്ടത്തി ആയിരിക്കും കൂടുതൽ സന്തോഷിക്കുന്നത്. “”
“””ഇതുവരെ അറിഞ്ഞിട്ടില്ല… അവൾക്കൊരു സർപ്രൈസ് കൊടുക്കാം എന്ന് കരുതിയാ അവള് വരുന്നതിനു മുന്നേ ഞാനിങ് വന്നത്… ”
“എങ്കിലേ ഏട്ടാ,, അവനിട്ടും കൂടി ഒരു ചെറിയ പണി. പ്ലീസ്…. ഒന്നും ഇല്ലെങ്കിലും നമ്മെളെ ഇച്ചിരി പറ്റിച്ചതല്ലേ… ”
“””അപ്പോൾ മിഷൻ സ്റ്റാർട്ട്, “”
അവര് രണ്ടാളും കൈ കൊടുത്തു. അതിൽ നിന്ന് വിഷ്ണു മാത്രം മാറി.
“”എന്താടാ വിച്ചൂ നീയില്ലാത്തെ?? ”
“”എന്റെ ഏട്ടത്തിയെ പറ്റിക്കാൻ ഞാൻ കൂട്ട് നിൽക്കില്ല. “”
“”വേണ്ട ഏട്ടാ,, ഏട്ടത്തി ഫാൻ അവിടെ നിൽക്കട്ടെ ഞാനുണ്ട്. “”
കുറച്ച് കഴിഞ്ഞപ്പോൾ ദേവിയും, കണ്ണനും കൂടി വന്നു. കണ്ണനെ കണ്ടതും ഭാമ ഓടി ചെന്ന് അവന് കൈ കൊടുത്തു.
“””കൺഗ്രാറ്റ്സ് മോനേ കണ്ണാ,, “””
ഭാമ പറഞ്ഞത് കേട്ട് ദേവിയും, കണ്ണനും മുഖത്തോട് മുഖം നോക്കി നിന്നു.
“”എന്തിനാ ഭാമേച്ചി എനിക്ക് കൺഗ്രാറ്റ്സ്??”
“”എന്റെ പൊന്നനിയാ നിന്റെ കല്യാണം നടത്താൻ പോകുന്നു. “”
അത് കേട്ടതും അവനെക്കാളും ഞെട്ടിയത് ദേവിയാണ്.
“”നീ എന്തുവാ ഭാമേ ഈ പറയുന്നേ,, ഇവന്റെ കല്യാണമോ? ”
“”ഭാമ പറഞ്ഞത് ശെരിയാ ദേവി,, “”
അർജുൻ അകത്ത് നിന്ന് അതും പറഞ്ഞ് കൊണ്ടിറങ്ങി വന്നതും ദേവി അതിശയത്തോടെ അവനെ നോക്കി.
” ഇവന്റെ കല്യാണമോ? എന്താ അച്ചുവേട്ടാ ഈ പറയുന്നേ. ഇതെപ്പോൾ തീരുമാനിച്ചു അതും ഞാൻപോലും ഞാനറിയാതെ? “‘
അവളുടെ ശബ്ദത്തിൽ പരിഭവം കലർന്നു.
“”ദേ ഇന്ന് അച്ഛനാണ് ഇങ്ങനെ ഒരാലോചന കൊണ്ട് വന്നത്. നല്ല കുടുംബമാണ്, നല്ല കുട്ടിയാണ്, സുന്ദരിയാണ് എന്നൊക്കെയാ പറഞ്ഞെ. ഇവരുടെ നിശ്ചയം നടത്തുന്ന കൂട്ടത്തിൽ ഇതും കൂടി നടത്താം എന്നാ അച്ഛൻ പറയുന്നേ “”
അർജുൻ ഓരോന്നും പറയുമ്പോഴും കണ്ണനെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
അവൻ എന്താ ഇവിടെ നടക്കുന്നത് എന്നുള്ള ഭാവത്തിൽ നിൽക്കുകയാണ്.
“” ഓ അപ്പോൾ എല്ലാം തീരുമാനമായി അല്ലേ? “”അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു. പിന്നെ ഒന്നും പറയാൻ നിൽക്കാതെ ദേവി മുകളിലേയ്ക്കു കയറി പോയി.
“”അളിയോ,,
എന്താ കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും ഒരു സന്തോഷമില്ലാതെ നിൽക്കുന്നെ? പെണ്ണിനെ കാണാൻ കൊള്ളില്ലാന്ന് കരുതിയാണോ? നല്ല സുന്ദരിക്കുട്ടിയാണെന്നാ അച്ഛൻ പറഞ്ഞെ”
“”പക്ഷേ എനിക്ക്,,, “”
“”അതേ,, നീ ഇപ്പോൾ വേണ്ടന്നല്ലേ പറയാൻ വരുന്നേ,, അതൊന്നും നടക്കില്ല. ഞാൻ പോട്ടെ എല്ലാം അവളോടൊന്ന് പറഞ്ഞ് ശെരിയാക്കണം. “”
എന്തോ പറയാൻ വന്ന കണ്ണനെ തടഞ്ഞു കൊണ്ട് അർജുൻ മുകളിലേക്ക് കയറി പോയി.
പോകുമ്പോൾ ഭാമയെ ഒന്ന് നോക്കി. അവള് കണ്ണ് കൊണ്ട് ഏറ്റു എന്ന രീതിയിൽ അർജുനെ നോക്കി.
അവൻ മുകളിൽ ചെല്ലുമ്പോൾ കൈയ്യിലിരുന്ന ബാഗ് കട്ടിലിന് മുകളിൽ തലകുത്തി നിൽക്കുന്നു. അവള് താഴേക്ക് നോക്കി കട്ടിലിന്റെ ഒരറ്റത്തും.
അപ്പോഴേ കാര്യങ്ങളിനി എങ്ങനെയൊക്കെ ആവും എന്ന് അവനൊരു ധാരണയായി.
“”എന്ത് പറ്റി എന്റെ പെണ്ണിന്?? “”
തുറിച്ചൊരു നോട്ടം മാത്രം തിരിച്ചു കിട്ടി.
“”ഇതെന്താ ഇപ്പോൾ ഇങ്ങനെയൊരു ഭാവം?? നിന്നോട് അച്ഛൻ ആലോചനയെക്കുറിച്ച് പറയാഞ്ഞിട്ടാണോ?”
“”എന്നോട് പറയുന്നതും അച്ചുവേട്ടനോട് പറയുന്നതും ഒരുപോലെയാണ്. പക്ഷേ ഇതിപ്പോൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു പറഞ്ഞപ്പോൾ,,, ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ ചേച്ചിയല്ലേ?”
അവളുടെ ശബ്ദത്തിലെ ഇടർച്ച മനസ്സിലാക്കി അവൻ പതിയെ അവളുടെ മുഖം ഉയർത്തി. നോക്കുമ്പോൾ ധാരധാരയായി കണ്ണ് നിറഞ്ഞൊഴുകുന്നു.
ഈശ്വരാ പണി പാളിയോ എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് അവൻ അവളെ നോക്കി അവന്റെ ഫോൺ നീട്ടി.
“”ദാ അച്ഛനെ വിളിയ്ക്ക്. അച്ഛൻ പറഞ്ഞിരുന്നു നീ അങ്ങോട്ട് വിളിക്കാൻ. ‘”
“”എനിക്ക് വേണ്ട. ഞാനിപ്പോൾ രാമേട്ടനെ വിളിക്കുന്നില്ല. ഒരു മരുമകനെ കിട്ടിയപ്പോൾ എന്നെ വേണ്ട “”
അതും പറഞ്ഞവൾ മുഖം തിരിച്ചിരുന്നു.
“”ഹാ വിളിക്കെന്നേ,,,
നിനക്കറിയാവുന്ന കുട്ടിയാണെന്നാ പറഞ്ഞെ. ദാ ഫോൺ,,”””
അവൻ ഫോൺ അവളുടെ കൈയ്യിലേക്ക് വെച്ച് കൊടുത്തു.
അവന്റെ നിർബന്ധം കാരണം അവൾ ഫോണെടുത്ത് വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ മുഖത്തെ വിഷമം മാറി അവിടെ സന്തോഷം നിറയുന്നത് അവൻ കണ്ടു. അതേപോലെ തന്നെ ആ മുഖത്ത് പരിഭവവും നിറഞ്ഞു. അത് കണ്ടതും അവൻ ഓടാനായി എഴുന്നേറ്റു.
അപ്പോഴേക്കും കൈയ്യിൽ പിടിവീണിരുന്നു.
ഫോൺ വെച്ച് കഴിഞ്ഞതും എഴുന്നേറ്റ അവനെ അവള് പിടിച്ച് നിർത്തി.അവന്റെ മുഖത്തേക്ക് നോക്കി കണ്ണുരുട്ടി. അവളുടെ മുഖത്തെ കുറുമ്പ് കണ്ടതും അവൾക്കടുത്തേക്ക് വന്ന അവന്റെ മുഖത്തെ തിരിച്ചു മാറ്റി അവള് അവന്റെ നെഞ്ചിലേക്ക് ഇടിച്ചു. അവൻ അവളുടെ കൈയ്യിൽ പിടിക്കുംതോറും അതിനെ എതിർത്ത് വീണ്ടും വീണ്ടും ഇടിച്ചു. ഒടുക്കം അവൻ ബലമായി രണ്ട് കൈയും പിടിച്ച് പിറകിലേക്കാക്കി അവളുടെ കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു. അപ്പോഴും ആ കണ്ണുകൾ അവനിലേക്ക് നോക്കി പരിഭവിച്ചുകൊണ്ടേയിരുന്നു.
ഒരു സർപ്രൈസ് തന്നതല്ലേ എന്റെ പെണ്ണേ. അതിന് നീ എന്റെ നെഞ്ച് ഇടിച്ചു പഞ്ചറാക്കിയല്ലോ..
“”അതെനിക്ക് സങ്കടവും, സന്തോഷവും എല്ലാം കൂടി വന്നു. അതുകൊണ്ടല്ലേ… “”
അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്നു കൊണ്ട് അവള് പറഞ്ഞു.
“”എന്നാലും എന്റെ അച്ചുവേട്ടാ,, എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവര് രണ്ടും തമ്മിൽ,,, “”
“”ആദ്യം കേട്ടപ്പോൾ എനിക്കും വിശ്വസിക്കാൻ പറ്റിയില്ല. ”
“”വാ അച്ചുവേട്ടാ നമുക്ക് താഴേക്ക് പോകാം. അവന് ഞാൻ വെച്ചിട്ടുണ്ട് ഈ കാര്യം എന്നോട് പറയാതിരുന്നതിന്. “”
അതും പറഞ്ഞവള് അവനെയും വിളിച്ച് വേഗം താഴേക്ക് പോയി.
ഈ സമയം താഴെ,,
“”എന്താടാ മോനെ നിനക്കൊരു സന്തോഷമില്ലാതെ ഇരിക്കുന്നെ? എന്തേയ് നിനക്ക് കല്യാണം വേണ്ടേ? ”
ഭാമ ചോദിച്ചതിന് ദേഷ്യത്തിൽ ഒരു നോട്ടമല്ലാതെ അവൻ മറ്റൊന്നും പറഞ്ഞില്ല.
“”എന്താടാ നിനക്ക്? നീയെന്തിനാ ഒരുമാതിരി ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നെ. പ്രശ്നം വല്ലതും ഉണ്ടോ? “”
“എന്ത് പ്രശ്നം?? “കുറച്ച് ഉച്ചത്തിൽ തന്നെ അവൻ ചോദിച്ചു.
“”ഹോ,,,
എന്നെയിപ്പോൾ കടിച്ച് കീറുവല്ലോ? എന്താടാ വല്ല പ്രേമത്തിലും ചെന്ന് ചാടിയോ നീ? “”
“”ദേ ഭാമേച്ചീ മിണ്ടാതിരിക്കുന്നുണ്ടോ മനുഷ്യന് ഇവിടെ തലക്ക് ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാ,, ”
“”അതിന് ഭ്രാന്ത് പിടിക്കാനും മാത്രം ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ..
സത്യം പറയെടാ വല്ല ഹിന്ദിക്കാര്
പെണ്പിള്ളേരെയും മനസ്സിൽ കയറ്റി വെച്ചിട്ടുണ്ടോ. അങ്ങനെയെങ്ങാനും ആണെങ്കിൽ മോൻ അതങ്ങ് മറന്നേക്ക്. നിന്റെ ചേച്ചി അറിഞ്ഞാൽ നിന്നെ വെച്ചേക്കില്ല. “”
“””ഒന്ന് നിർത്തെന്റെ ഭാമേച്ചി. ഹിന്ദിക്കാരൊന്നും അല്ല,, നല്ല ഒന്നാംതരം മലയാളി കുട്ടിയാ,,, “”
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് എന്താണ് പറഞ്ഞെതെന്നുള്ള ബോധം അവന് വന്നത്
“” എന്താടാ പറഞ്ഞെ,,,
ആഹാ അപ്പോൾ മനസ്സിൽ ഏതാണ്ടൊക്കെ ഉണ്ട്. ശെരിയാക്കിത്തരാം, എല്ലാം ഞാൻ ശെരിയാക്കിത്തരാം. “”
അതും പറഞ്ഞ് ഭാമ എഴുന്നേറ്റ് എല്ലാവരോടും താഴേക്ക് വരാൻ പറഞ്ഞ് താഴെ നിന്നും വിളിച്ച് കൂവി.
“”എന്റെ പൊന്ന് ഭാമേച്ചി ആ തിരുവായ ഒന്നടച്ചു വെയ്ക്ക്. “”
അതും പറഞ്ഞവൻ അവളുടെ വായ പൊത്തി പിടിച്ചു.
അപ്പോഴേക്കും ദേവിയും അർജുനും താഴേക്ക് വന്നു.
“”എന്താ ഇവിടെ? ”
അവള് ചോദിച്ചത് കേട്ടതും ഭാമ അർജുനെ നോക്കി. കിട്ടേണ്ടതെല്ലാം കിട്ടി എന്ന് ആംഗ്യം കാണിച്ച് അവൻ നെഞ്ച് തിരുമ്മി. അപ്പോഴേ അവൾക്ക് മനസ്സിലായി ദേവിയെല്ലാം അറിഞ്ഞെന്ന്. അത് ഒന്നും കൂടി മനസ്സിലാക്കി തരാൻ ദേവി അവളെയൊന്ന് കൂർപ്പിച്ചു നോക്കുകയും ചെയ്തു.
“””ദേവീ,,
നിന്റെ അനിയന് പ്രേമം…
ഹിന്ദിക്കാരൊന്നുമല്ല,,, ഒരു മലയാളി കുട്ടിയാണെന്ന്..അതുകൊണ്ട് ഇവന് ഈ കല്യാണം വേണ്ടാന്ന് “”
“””ഭാമ പറയുന്നത് ശെരിയാണോ കണ്ണാ?? “”
ഉള്ളിലെ സന്തോഷം മനസ്സിൽ അടക്കി വെച്ച് തന്നെ മുഖത്ത് കുറച്ച് ദേഷ്യം വരുത്തി ദേവി ചോദിച്ചു.
“”അത് ചേച്ചീ,, അങ്ങനെയല്ല,, “”
“എങ്ങനെയല്ലന്ന്??
സത്യം പറ കണ്ണാ,, നിന്റെ മനസ്സിൽ വല്ലതും ഉണ്ടോ? ”
അവള് ചോദിച്ചതും എന്ത് പറയണം എന്നറിയാതെ അവൻ മുഖം കുനിച്ചു നിന്നു.
പെട്ടെന്ന് ദേവി അവന്റെ ചെവിയ്ക്ക് പിടിച്ച് തിരിച്ചു.
“””എന്താടാ,,,
ഞങ്ങളാരും ഒന്നും അറിയില്ലെന്ന് വിചാരിച്ചോ രണ്ടും?? “””
അവളുടെ ചോദ്യം കേട്ടതും അവൻ അന്തംവിട്ട് അവളെ നോക്കി.
“”ഞങ്ങളെല്ലാവരും അറിഞ്ഞു. പക്ഷേ ആ കാര്യം നീയും, അവളും മാത്രം അറിഞ്ഞില്ല.””
അവള് പറഞ്ഞതും അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു.
“”അത് ചേച്ചീ,, “”
“”ഒന്നും പറയണ്ട. അച്ഛനാണ് ഈ കാര്യം ഇന്ന് രാവിലെ അച്ചുവേട്ടനോട് പറഞ്ഞത്. “”
അത് കേട്ടതും അവൻ എങ്ങനെയെന്നുള്ള ഭാവത്തിൽ അവരെ നോക്കി.
“””ഇന്നലെ ജോലിക്കൊക്കെ പോയ സന്തോഷം അറിയിയ്ക്കാൻ തമ്പുരാൻ വിളിച്ചില്ലേ. അതിന് എന്റെ പുന്നാര അനിയത്തി തന്ന മറുപടി മുഴുവൻ അച്ഛൻ കേട്ടു. “”
അവള് പറഞ്ഞ് കഴിഞ്ഞതും അയ്യോ എന്നും പറഞ്ഞവൻ തലയ്ക്ക് കൈ വെച്ചു.
“”അച്ഛനോ?? ”
“”അതേ അച്ഛൻ തന്നെ,,, “”
“”അപ്പോൾ ദേവു അറിഞ്ഞോ അച്ഛൻ
എല്ലാം അറിഞ്ഞ കാര്യം? “”
ഒരു സമാധാനമില്ലാതെ അവൻ വീണ്ടും ചോദിച്ചു.
“” ഡാ പൊട്ടാ,, നിന്നോടല്ലേ ഇല്ലാന്ന് പറഞ്ഞത് ”
അവന്റെ വെപ്രാളം കണ്ട് ഭാമ ഇടയ്ക്ക് കയറി പറഞ്ഞു.
“”ദാ ഫോൺ,,,
നീ തന്നെ അവളെ വിളിച്ച് പറയ്. എല്ലാവരും എല്ലാം അറിഞ്ഞെന്ന് “”
“”ചേച്ചി അത് വേണോ? ഞാൻ പിന്നെ അവളോട്,, ”
“” നിന്നോട് വിളിക്കാനല്ലേ പറഞ്ഞത് “”
അവൻ പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുൻപ് ഭാമ ഉച്ചത്തിൽ പറഞ്ഞു.
അവൻ ഫോൺ വിളിച്ചതും അതെടുക്കുക പോലും ചെയ്യാതെ,
അച്ഛൻ ദേവൂന്റെ കൈയ്യിൽ കൊണ്ട് ഫോൺ കൊടുത്തു.
“”ദേവൂ,,, ദാ ഫോൺ,, കണ്ണനാ “”
അത് കേട്ടതും, അവള് കണ്ണും മിഴിച്ച് അച്ഛനെ നോക്കി. അവൻ വിളിച്ചതിന് അച്ഛനെന്തിനാ ഫോൺ തനിക്ക് തരുന്നത് എന്ന് മനസ്സിൽ ചിന്തിച്ച് അവള് ഫോൺ വാങ്ങാതെ അങ്ങനെ തന്നെനിന്നു.
“”ദേവൂ,,, ഫോൺ കൈയ്യിൽ പിടിച്ച് അച്ഛൻ നിൽക്കുന്നത് കണ്ടില്ലേ??? “”
സാവിത്രി അല്പം ദേഷ്യത്തിൽ തന്നെ അവളോട് പറഞ്ഞു.
അവള് പതിയെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു..
“”ഹലോ,,, “”
“”ദേവൂ,, “”
അവൻ പതർച്ചയോടെ അവളെ വിളിച്ചു.
അവന്റെ ശബ്ദം കേട്ടപ്പോഴേ എന്തോ കുഴപ്പമുണ്ട് എന്നവൾക്ക് തോന്നി. പേടിയോടെ അവള് മറുപടി ആയി ഒന്ന് മൂളി.
“”എല്ലാവരും എല്ലാം അറിഞ്ഞു. നമ്മളിന്നലെ സംസാരിയ്ക്കുന്നത് അച്ഛൻ കേട്ടു. “”
കാര്യങ്ങൾ മുഴുവൻ അവൻ അവളോട് പറഞ്ഞു. എല്ലാം കേട്ടതും അവള് അമ്മയെയും, അച്ഛനെയും ചമ്മിയൊന്ന് നോക്കി.
അപ്പോഴേക്കും ഭാമ ഫോൺ തട്ടിപ്പറിച്ചു മേടിച്ചു.
“”അപ്പോൾ ദേവു മോളെ,,, എല്ലാവരും എല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് ഇനിയിപ്പോൾ ഒളിച്ചു കളിയുടെ ആവശ്യം ഇല്ലല്ലോ. “”
എല്ലാവരുടെയും മുന്നിൽ ചമ്മിയതോർത്തപ്പോൾ അവള് തന്നെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
നേരെ അച്ഛന്റെ അടുത്തെത്തി.
“”അച്ഛാ,. “”
“” അച്ഛന്റെ മോള് വിചാരിച്ചോ ഇതിന് അച്ഛൻ എതിര് നിൽക്കും എന്ന്.? നിന്നെക്കാൾ സന്തോഷം ഞങ്ങൾക്കാണ് മോളെ. കാരണം നീ ആഗ്രഹിക്കുന്നതിനും മുന്നേ ഞങ്ങളുടെ മനസ്സിൽ ഈ ആഗ്രഹം തോന്നിയതാ “”
“”അവനെക്കാളും നല്ലൊരാളെ നിനക്ക് ഞങ്ങള് എവിടുന്ന് കണ്ടുപിടിച്ചു തരും മോളെ “”
അമ്മയുടെ കൂടി വാക്കുകൾ കേട്ടതോടെ അവള് സന്തോഷം കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു.
❤️❤️💖❤️❤️
“””അച്ചുവേട്ടാ,,,
അങ്ങനെ എല്ലാവരും ഒരു കുടക്കീഴിൽ തന്നെ അല്ലേ?. എന്റെ ആഗ്രഹം പോലെ തന്നെ അവരും ഒന്നിക്കാൻ പോകുന്നു. “”
“””അതേ,, അച്ഛൻ എന്നോട് പറഞ്ഞപ്പോഴേ ഞാൻ ആദ്യം പറഞ്ഞതും ഇത് തന്നെയാ.. “”
“”” എന്റെ മനസ്സ് എങ്ങനെയാ അച്ചുവേട്ടാ ഇത്രയും കൃത്യമായി വായിച്ചെടുക്കുന്നത്? ”
അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്ന് കൊണ്ട് അവള് ചോദിച്ചു.
“”നീ എങ്ങനെയാ എന്റെ മനസ്സ് വായിക്കുന്നെ. അങ്ങനെ തന്നെ “”
തുടരും,,,

by