19/04/2026

നിലാവ് : ഭാഗം 10

രചന – അരുന്ധതി

‍‍‍‍‍‍‍ഈ ജോലി ഞാൻ നിർത്തുവാ. ഇനി നാട്ടിൽ പോയി അവിടെ എന്തെങ്കിലും ചെയ്ത് ജീവിക്കാനാ വിചാരിക്കുന്നെ ” “അപ്പോൾ ഞങ്ങളെ ഇവിടെ വിട്ട് പോകുവാണോ ” “അതിന് നിങ്ങളെ വിട്ടിട്ട് പോകുന്നു എന്ന് ഞാൻ പറഞ്ഞോ. നിങ്ങള് വിഷമിക്കണ്ട എല്ലാത്തിനും ഒരു വഴി ഞാൻ കണ്ടിട്ടുണ്ട്. ” ” എന്ത് വഴി ” “നാളത്തെ കഴിഞ്ഞ് ഉച്ചക്ക് ഞാനിവിടുന്ന് പോകും. അന്ന് വൈകിട്ട് നിങ്ങള് പുറകിലത്തെ തുരുമ്പിച്ച ഗേറ്റ് വഴി പുറത്തിറങ്ങണം അവിടെ ഞാനുണ്ടാകും. ആ പിന്നെ, ഞാൻ പോകും മുൻപ് നിങ്ങളുടെ അത്യാവശ്യ സാധനങ്ങളും മറ്റും എന്റെ കയ്യിൽ ആരും കാണാതെ ഏൽപ്പിക്കണം . അതുമായി ഞാൻ ഒരു പന്ത്രണ്ട് മണിക്ക് കാത്തു നിൽക്കാം”. “പക്ഷേ ആരെങ്കിലും കണ്ടാലോ രാഘവേട്ടാ? ” “ആരും കാണില്ല മക്കള് പേടിക്കാതെ ” “എനിക്കിവരെ നന്നായിട്ടറിയാം രാഘവേട്ടാ അത്ര പെട്ടെന്നൊന്നുംഇവിടുന്ന് ഞങ്ങൾക്ക് രക്ഷപ്പെടാനാവില്ല. അതുകൊണ്ട് കൃത്യം പന്ത്രണ്ട് മണി വരെ ഞങ്ങളെ നോക്കി നിന്നാൽ മതി.

എന്നിട്ടും കണ്ടില്ലെങ്കിൽ പിന്നെ ഇവിടെ നിൽക്കരുത്. അത് രാഘവേട്ടന് ആപത്താ. ” “ഞാൻ സൂക്ഷിച്ചോളാം മോളേ” “4വർഷമായി ഞാൻ പുറം ലോകം കണ്ടിട്ട്. അന്ന് ഇവിടെ വന്നതിൽ പിന്നെ ഞാൻ പുറത്ത് പോയിട്ടില്ല. ഇവരെയും, ഇവരുടെ ക്രൂരതകളെയും മാത്രമാണ് കാണുന്നത് .അതുകൊണ്ട് എനിക്കറിയാം ഇവരെ നന്നായിട്ട്. അതുകൊണ്ടാ പറഞ്ഞത്”. “പേടിക്കാതെ മോളേ. ദേ കോകിലമ്മ വരുന്നു” നിങ്ങള് പൊയ്ക്കോ വെറുതെ അവര് കാണണ്ട. ” ഉടൻ തന്നെ അവര് രണ്ടാളും അവിടെ നിന്നും മുറിയിലേക്ക് നടന്നു . “എന്താ രാഘവാ പോകാൻ തന്നെ തീരുമാനിച്ചോ നീ? ” “നാളെ കഴിഞ്ഞ് പോകാം എന്ന് വിചാരിക്കുന്നു”. ” മാനേജരെ ഒന്ന് കണ്ടിട്ട് പോയാൽ മതി. ഞാൻ പറഞ്ഞേക്കാം”. അതും പറഞ്ഞ് അവരവിടെ നിന്നും പോയി. “ഡീ സീതേ അവർക്ക് നമ്മളോടൊക്കെയാ വെറുപ്പുള്ളു അല്ലേ “. ” രാഘവേട്ടനോട് പറഞ്ഞത് കേട്ടിട്ടാണോ. ഡീ അവർക്കാരോടും വെറുപ്പുമില്ല.

സ്നേഹവുമില്ല. അവരെ അനുസരിച്ചു നിൽക്കുന്ന ഒരു വളർത്തു നായയോടുള്ള പരിഗണന അത്രേം ഉള്ളു”. “ഞാൻ പോയി ബാഗ് പാക്ക് ചെയ്യട്ടെ ” അവള് ചെയ്യുന്നതൊക്കെ നോക്കി സീത കട്ടിലിലിരുന്നു. “ഡീ ഈ ഒരു ബാഗ് മതിയല്ലേ നമുക്ക്. എന്റെ സാധനങ്ങൾ ഇതിലുണ്ട്. ഇനി നിന്റെ എടുക്ക്. എന്താ സീതേ നിനക്ക് ഒരു താല്പര്യമില്ലാത്തത് പോലെ. രാഘവേട്ടനെ വിശ്വാസമില്ലാഞ്ഞിട്ടാണോ “? “ഒരിക്കലുമല്ല. എനിക്ക് പ്രതീക്ഷിക്കാൻ ഭയമാടി. ആഗ്രഹിച്ചിട്ട് ഒന്നും നടന്നില്ലെങ്കിലോ ” “അങ്ങനെ ഒന്നും ചിന്തിക്കാതെ നീ എന്താണ് വേണ്ടതെന്നു വെച്ചാൽ എടുക്ക് “. എനിക്ക് കൊണ്ടുപോകാൻ ഇത് മാത്രമേ ഉള്ളു എന്ന് പറഞ്ഞ് സീത ഒരു ബുക്കെടുത്തു കൊടുത്തു. അതിന്റെ ആദ്യ പേജിൽ കണ്ണന്റെ ചിത്രവും തൊട്ടടുത്ത പേജിൽ രണ്ട് പെൺകുട്ടികൾ കൈ കോർത്തിരിക്കുന്ന ചിത്രവുമായിരുന്നു . അത് കണ്ട നിമിഷം ദേവി സീതയെ കെട്ടിപ്പിടിച്ചു. “എനിക്കിത് മാത്രം മതിയെടി. എന്റെ കണ്ണനെയും നിന്നെയും മതിയെനിക്ക്. വേറെ ഒന്നും വേണ്ട ” അത് പറഞ്ഞ് തീർന്നതും സീതയെ കെട്ടിപ്പിടിച്ച് ദേവി കുറെ നേരം കരഞ്ഞു. പിറ്റേന്ന് ആരും കാണാതെ രാഘവേട്ടന്റെ കയ്യിൽ ബാഗ് ഏൽപ്പിച്ചു. അതിന് ശേഷം അദ്ദേഹം അവിടെ നിന്നും നടന്നു. ഗേറ്റ് കടക്കും മുൻപ് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടാളും നോക്കി നിൽക്കുന്നത് കണ്ടു. …..

“സീതേ, സമയം 11 ആയി. നമുക്ക് ഇറങ്ങിയാലോ?”. “അതേ ആരും കാണാതെ അവിടെ വരെ ചെല്ലുക എന്ന് വെച്ചാൽ അത് വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ല. അതുകൊണ്ട് വാ നമുക്കിറങ്ങാം ” അവര് പതിയെ നടന്ന് പ്രധാന വാതിൽ തുറക്കാതെ അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി. അവിടെ ഇടത് വശത്തു കൂടി പതിയെ നടന്നു. ഡോറില്ലാത്ത ഒരു വാതിലുണ്ട് അത് കടന്നാൽ പിന്നെ വീടിന് പുറത്തെത്തി. പിന്നെ ആരും കാണാതെ പഴയ ഗേറ്റ് വരെ എത്താൻ എളുപ്പമാണ്. ശ്രദ്ധാപൂർവ്വം അവര് ആ വാതിലിലേക്കുള്ള ഭാഗത്തേക്ക്‌ കയറി ആ വാതില് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങിയതും അവിടെ വാതിലിന് മുന്നിൽ ഒരാൾ കാവൽ നിൽക്കുന്നു. പെട്ടെന്ന് അയാൾ കാണാതെ അവർ തൂണിന് പിന്നിലൊളിച്ചു. “ഡീ ഇനി എന്ത് ചെയ്യും സമയം പോകുന്നല്ലോ ” “ദേവീ ഒരു വഴിയുണ്ട്. അയാൾ അങ്ങോട്ട് നടക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ നീ പതിയെ നടന്ന് വാതിൽ കടക്കണം “.

“അപ്പോൾ നീയോ? ” “ഡീ അയാളെങ്ങാനും തിരിഞ്ഞു നോക്കിയാൽ ദാ ഈ ഫ്ലവർവേസ്‌ കൊണ്ട് അയാളെ അടിച്ചു വീഴ്ത്തി ഞാൻ പുറത്തിറങ്ങിക്കോളാം ഇനി നിന്റെ കൂടെ എത്താൻ എനിക്ക് പറ്റിയില്ലെങ്കിലും നീ ഈ വീടിന് പുറത്തിറങ്ങിക്കോളണം കേട്ടല്ലോ. ഞാൻ എങ്ങനെ എങ്കിലും ഇറങ്ങിക്കോളാം. കാരണം അവിടെ ഇറങ്ങി നിൽക്കുന്നത് ആരെങ്കിലും കാണാൻ സാധ്യത ഉണ്ട്. അപ്പോൾ നീ പൊയ്ക്കോ അയാള് തിരിഞ്ഞ് നടക്കാൻ പോകുവാ. പറഞ്ഞതോർമ്മയുണ്ടല്ലോ. ” ഉവ്വ്, എന്ന് പറഞ്ഞ് ദേവി പതിയെ നടന്ന് അയാള് കാണാതെ പുറത്തിറങ്ങി. പക്ഷേ സീത ഇറങ്ങാൻ നോക്കിയപ്പോൾ അയാള് അവിടെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു . അവള് കുറേ നേരം നോക്കിയിട്ടും അയാളവിടെ നിന്നും മാറിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ അയാളവിടെയിരുന്ന് ഉറങ്ങാൻ തുടങ്ങി. പെട്ടെന്ന് തന്നെയവൾ അവിടെ നിന്നും മുന്നോട്ട് നീങ്ങി. വാതിലിന് മുന്നിലെത്താറായപ്പോൾ അയാള് കണ്ണ് തുറന്നു. പെട്ടെന്ന് സീതക്ക് എന്ത് ചെയ്യണമെന്നറിയാതെ പെട്ടന്നയാളെ ഫ്ലവർവേസ് കൊണ്ട് അടിക്കാനാഞ്ഞു. പെട്ടെന്ന് ആരോ വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ടു.

തിരിഞ്ഞു നോക്കുമ്പോൾ കലിപൂണ്ട് മുന്നിൽ നിൽക്കുന്ന കോകിലയെയാണ് കണ്ടത്. ഇതേ സമയം പുറത്തിറങ്ങിയ ദേവി ഗേറ്റ് എത്താറായിട്ടും സീതയെ കാണാഞ്ഞ് പേടിച്ചു. സമയം പന്ത്രണ്ടാകാറായതോടെ അവൾക്ക് പേടി കൂടി വന്നു. അവൾ തിരിച്ചു നടന്നു. നടന്ന് ചെല്ലുമ്പോൾ സീതയെ അവിടെയെങ്ങും കണ്ടില്ല. അകത്തു നിന്നും ആരെയോ അടിക്കുന്ന ശബ്ദം കേട്ട് അവൾ പതിയെ നടന്ന് അകത്തെ മുറിയുടെ ജനാല തുറന്നു. നോക്കുമ്പോൾ സീതയെ കലി തീരാതെ തല്ലുന്ന കോകിലയെ ആണ് കണ്ടത്. ഒന്നും ചെയ്യല്ലേ എന്നവൾ അലറി. അതോടെ എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി. “ദേവീ നീ പോ നിൽക്കണ്ട എന്നെ നീ നോക്കണ്ട പോ ” എന്നിങ്ങനെ സീത അലറിക്കൊണ്ടിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ദേവി തരിച്ചു നിന്നു. “നിന്നോട് പോകാനല്ലേ പറഞ്ഞത്. പോകാൻ ” എന്നവൾ അലറി. സീതയെ തന്നെ നോക്കി ദേവി തിരിഞ്ഞ് നോക്കാതെ പിന്നോട്ട് നടന്നു. പെട്ടെന്ന് ആരിലോ ചെന്ന് തട്ടി നിന്നു. പെട്ടെന്നവൾ തിരിഞ്ഞു നോക്കി. ഒരു മധ്യവയസ്‌കൻ. കാതിൽ രത്നക്കല്ല്, കയ്യിൽ വജ്ര മോതിരങ്ങൾ കയ്യിൽ കട്ടിയുള്ള ചെയിൻ.

കഴുത്തിൽ ചങ്ങല പോലെ കട്ടിയുള്ള മാലകൾ. അയാളെ കാൺകെ അവളിൽ ഭയം കൂടി വന്നു. പെട്ടെന്നവൾ അയാളിൽ നിന്നും പിന്നിലേക്ക് മാറി നിന്ന ശേഷം പിറകിലേക്കോടി. ഓടിയ അവളുടെ മുന്നിൽ കോകില വന്ന് നിന്നു. അവളുടെ കരണത്ത് ആഞ്ഞടിച്ചു. അടിയുടെ ശക്തിയിൽ നിലത്തേക്ക് വീണ അവളുടെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേല്പിച്ച് അവര് വീണ്ടും അടിച്ചു. എന്നിട്ട് സീതയുടെ അടുത്തേക്ക് തള്ളിയിട്ടു. വീഴാൻ പോയ അവളെ സീത താങ്ങി നിർത്തി. “എന്ത് വിചാരിച്ചു നീയൊക്കെ എന്നെ കളിപ്പിച്ച് ഇവിടെ നിന്നും രക്ഷപെടാമെന്നോ. എവിടെ വരെ പോകുമെന്ന് നോക്കിയതാ ഞാൻ. ഇനി പച്ചവെള്ളം തരില്ല രണ്ടിനും . ” “കോകിലേ എന്താ ഇത് കുട്ടികളെ ഇങ്ങനെ ഉപദ്രവിക്കാമോ. അവര് പാവം ” “ശ്രീധർ റാവുത്തർ……. അയ്യോ,,, ഇതെപ്പോഴെത്തി “… ഞാനിപ്പോൾ വന്നതേയുള്ളു. അപ്പോഴല്ലേ,,,,, എന്ന് പറഞ്ഞയാൾ ദേവിയുടെ ശരീരത്തു കൂടി കണ്ണുകളോടിച്ചു. അറപ്പോടെ അയാളെ നോക്കി, അവൾ സീതയുടെ മേലേക്ക് ചാഞ്ഞു.

“കോകിലേ, ഇവളേതാ നേരത്തേ ഞാൻ ഇവിടെ കണ്ടിട്ടില്ലല്ലോ”. “ഇത് പുതിയതാ. കൊണ്ടുവന്നിട്ട് കുറച്ച് ദിവസമായി ” “അപ്പോൾ ആരും തൊട്ടിട്ടില്ല എന്നർത്ഥം. ” “അതേ. വന്നതല്ലേ ഉള്ളൂ എന്ന് കരുതി ഞാൻ ആർക്ക് മുന്നിലും നിർത്തിയിട്ടില്ല”. “അതെന്തായാലും നന്നായി. നീ എനിക്ക് തന്നേക്കിവളെ . എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഈ സൗന്ദര്യം ഇതെനിക്ക് വേണം കോകിലേ. പകരം നിനക്കെന്ത് വേണം ” “റാവുത്തർ എന്താ ഈ പറയുന്നേ. അങ്ങനെ നമുക്കിടയിൽ കണക്കൊക്കെ വേണോ.” “ഇതിന് എത്ര വിലയിട്ടാലും അത് തികയില്ല കോകിലേ. എങ്കിലും നിനക്കുള്ളത് ഞാൻ തരും. എനിക്കിവളെ ഒരു തവണത്തേക്ക് പോരാ. അതുകൊണ്ട് ഞാൻ നാളെ പോകുമ്പോൾ ഇവളെ കൂടി കൊണ്ടുപോകും “. ആ വാക്കുകൾ ശരങ്ങൾ പോലെ ദേവിയുടെ മനസ്സിൽ കൊണ്ടുകേറി. “എങ്കിൽ വാ നമുക്കങ്ങോട്ടിരിക്കാം “. അവര് പോയ ശേഷം അവിടെ നിന്ന് എഴുന്നേറ്റ് മുറിയിലെത്തി ദേവിയും, സീതയും ഒരുപാട് കരഞ്ഞു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റ ദേവി കാണുന്നത്, പതിവിലും ഉത്സാഹത്തോടെ ഓരോന്നും ചെയ്യുന്ന സീതയെയാണ്. “ദേവീ വാ വന്ന് കഴിക്ക്. എന്നിട്ട് കുളിച്ചൊരുങ്ങിക്കോ.അല്ലെങ്കിൽ പോകാൻ സമയം വൈകും ” എന്നും പറഞ്ഞ് തിരിഞ്ഞ സീതയെ ദേവി പിടിച്ച് നിർത്തി. “എന്താ നിനക്ക് പറ്റിയത്. എന്തിനാ പതിവില്ലാത്ത ഉത്സാഹം. എന്താ നിനക്കെന്നെ പറഞ്ഞ് വിടാൻ ഇത്ര ധൃതിയായോ ” പറഞ്ഞ് തീർന്നത് സീത കരഞ്ഞുകൊണ്ട് ദേവിയുടെ വായ പൊത്തി. “എന്താ നീ പറഞ്ഞെ എനിക്ക് നിന്നെ പറഞ്ഞ് വിടാൻ ധൃതിയായെന്നോ. അങ്ങനെയാ നീയെന്നെ മനസ്സിലാക്കിയത്?. 4വർഷത്തിന് ശേഷം ഈ കുറച്ച് നാളുകളിലാണ് ഞാൻ ജീവിക്കുന്നു എന്ന തോന്നലെനിക്ക് വന്നത്. അതുവരെ ജീവനുണ്ടെന്നേ ഉണ്ടായിരുന്നുള്ളു. നീ പോയി കഴിഞ്ഞാൽ എന്റെ മനസ്സ് പിടിവിട്ട് പോകാതിരിക്കാനാ ഞാൻ “. “ഞാനെന്ത് പറയും നിന്നോട് നിന്റെ ഇവിടുത്തെ ജീവിതത്തിലും കഷ്ടമായിരിക്കും ഇനിയുള്ള എന്റെ ജീവിതം. ആർക്കൊക്കെ മുന്നിൽ ശരീരം അടിയറവെക്കേണ്ടി വരും. അതുപോലും അറിയില്ല. ” പറഞ്ഞ് തീർന്നതും രണ്ടാളും കരഞ്ഞു പോയി.

ദേവീ,,,,,, എന്ന് കോകില നീട്ടി വിളിച്ചു. “ഇവിടെ വന്നവരിൽ നീ മാത്രമാണ് പുറത്തേക്ക് പോകുന്നത്. പൊയ്ക്കോ ഇനി ഒരിക്കലും തമ്മിൽ കാണില്ലല്ലോ. ” അവിടെ നിന്ന് റാവുത്തറുടെ കാറിൽ കയറുമ്പോൾ അവള് സീതയെ ഒന്ന് കാണാനായി തിരിഞ്ഞു നോക്കി. പക്ഷേ നിരാശയായിരുന്നു ഫലം. കാർ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതും കാറിലിരുന്ന് ദേവിയുടെ കണ്ണുകളും, അകത്തു നിന്ന് ദേവി കാണാതെ അവളെ മനസ്സ്കൊണ്ട് യാത്രയാക്കിയ സീതയുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു. തിരികെ മുറിയിലെത്തി സീത കട്ടിലിൽ കിടന്ന് മുഖമമർത്തി കരഞ്ഞു. കാർ സഞ്ചരിച്ച് കുറേ ദൂരം പിന്നിട്ടു. ഇടക്കയാൾ ദേവിയെ പതിയെ തൊടാൻ ശ്രമിക്കുംതോറും അവൾ പ്രതികരിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇടക്കെപ്പോഴോ അയാൾക്ക് ശ്രദ്ധ തെറ്റി. കാർ മുന്നേ വന്ന ഒരു ലോറിയുമായി കൂട്ടിമുട്ടാൻ പോയി. പക്ഷേ പെട്ടെന്നയാൾ കാറ്‌ വെട്ടിച്ചു. പക്ഷേ ലക്ഷ്യം തെറ്റിയ കാറ്‌ ഒരു മരത്തിലിടിച്ചു. ആ ഇടിയുടെ ആഘാതത്തിൽ ഇടത് വശത്തെ ഡോർ തനിയെ തുറന്ന് ദേവി തെറിച്ച് ഒരു വശത്തേക്ക് വീണു. ശേഷം ആ കാറ്‌ കൊക്കയിലേക്ക് മറിഞ്ഞു. …

രണ്ട് ദിവസത്തിന് ശേഷം ദേവി കണ്ണ് തുറക്കുമ്പോൾ മുൻപിൽ താടിയൊക്കെ നീട്ടി വളർത്തിയ പ്രായമായ ഒരു മനുഷ്യൻ ഇരിക്കുന്നു. ആ മനുഷ്യന്റെ കയ്യിലും അടുത്തുമായി കുറേ പച്ചമരുന്നുകളും. പെട്ടെന്നവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പരിക്കുകൾ ഭേദമാകാത്തത് കൊണ്ട് വേദനയെടുത്തവൾ കട്ടിലിലേക്ക് തന്നെ വീണു പോയി. “എഴുന്നേൽക്കണ്ട കുട്ടി. കിടന്നോളൂ ഭേദമാകട്ടെ. ” “ഞാൻ ഇതെവിടെയാ? എങ്ങനെ ഇവിടെ എത്തി? ആരാ എന്നെ രക്ഷിച്ചത്? ആരുടെ വീടാണിത് ? ” “ഞാനാ മോളേ നിന്നെ ഇവിടെ എത്തിച്ചത്” “ആ ശബ്ദം അത്,,, അത് രാഘവേട്ടന്റേതാണല്ലോ “. തുടരും,,, ഡ്യൂട്ടി ഉള്ളത് കൊണ്ട് ഒട്ടും സമയം കിട്ടുന്നില്ല. അത് കൊണ്ടാണ് ലെങ്ത് കുറഞ്ഞ് പോകുന്നത്🙏 💞ഒത്തിരി സ്നേഹത്തോടെ💞 ❤️അരുന്ധതി അരുന്ധതി ❤️