രചന – അരുന്ധതി
”ഞാൻ ഇതെവിടെയാ?
എങ്ങനെ ഇവിടെ എത്തി? ആരാ എന്നെ രക്ഷിച്ചത്? ആരുടെ വീടാണിത് ? ”
“ഞാനാ മോളേ നിന്നെ ഇവിടെ എത്തിച്ചത്”
“ആ ശബ്ദം അത്,,,
അത് രാഘവേട്ടന്റേതാണല്ലോ “.
“രാഘവേട്ടാ,,,,,,,, ”
“അതേ ദേവി മോളേ രാഘവേട്ടനാ.”
“പക്ഷേ ഞാൻ എങ്ങനെ ഇവിടെ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. അപകടം പറ്റിയ ഞാൻ ഒരു വശത്തേക്ക് തെറിച്ചു വീണു. പക്ഷേ ഇവിടെ എങ്ങനെ “.
“ഒക്കെ മോൾക്ക് ഞാൻ പറഞ്ഞ് തരാം.ഇപ്പോൾ മോള് കിടക്ക്. കുറഞ്ഞു വരുന്നതല്ലേ ഉള്ളൂ ”
“ഇല്ലാ എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല. പറ ഞാൻ എങ്ങനെയാ രാഘവേട്ടന്റെ അടുത്തെത്തിയത്? ”
“പറയാം.,
അന്ന് പന്ത്രണ്ട് മണി വരെ നോക്കിയിട്ടും നിങ്ങളെ കാണാതെ ആയപ്പോൾ എനിക്ക് സംശയം തോന്നി.
പക്ഷേ എന്താണ് നടന്നത് എന്നറിയാൻ ഞാൻ അവിടെ പുറം പണിക്ക് നിൽക്കുന്ന ആ പാണ്ടിയില്ലേ അവനെ വിളിച്ചു. നിങ്ങളെ കുറിച്ച് ആദ്യമേ ചോദിച്ചാൽ അവന് വല്ല സംശയവും തോന്നിയാലോ എന്ന് കരുതി ചുമ്മാ എന്തൊക്കെയോ ചോദിച്ചു. കോകിലമ്മയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് നിങ്ങള് രക്ഷപെടാൻ ശ്രമിച്ചു എന്നും, അത് കണ്ടുപിടിച്ച് നിങ്ങളെ ഉപദ്രവിച്ചു എന്നും ഒക്കെ അറിഞ്ഞത്. റാവുത്തർ വന്നിട്ടുണ്ടെന്നും നിന്നെ വൈകിട്ട് റാവുത്തർ കൊണ്ടുപോകും എന്ന് കൂടി പറഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു എനിക്ക്. നിന്നെ അവിടെ നിന്ന് കൊണ്ടുപോയാൽ പിന്നെ ഒരിക്കലും കണ്ടെത്താനാവില്ല എന്നെനിക്കറിയാരുന്നു. സീത അവിടെ തന്നെ ഉള്ളത് കൊണ്ട് അവളെ രക്ഷിക്കാം. പക്ഷേ നിന്നെ എങ്ങനെ രക്ഷിക്കും എന്നോർത്തിട്ട് എനിക്കൊരു രൂപവുമില്ലായിരുന്നു. എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നെങ്കിലും അറിയാൻ കഴിഞ്ഞാൽ രക്ഷപ്പെടുത്താമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് നിങ്ങള് പോകുന്ന കാറിനെ പിന്തുടരാം എന്ന് വിചാരിച്ചത്. അങ്ങനെ ഞാൻ ബംഗാളിവ് പുറത്ത് കാത്തു നിന്നു. റാവുത്തറുടെ കാറ് മുന്നേ എനിക്ക് പരിചയമുണ്ട്. അതുകൊണ്ട് പുറത്ത് വന്നത് അയാളുടെ കാറാണെന്ന് മനസ്സിലാക്കാൻ എളുപ്പമായിരുന്നു. നിങ്ങളുടെ പിന്നാലെ ഞാൻ കുറേ ദൂരം വന്ന്. മൈസൂറിലേക്ക് കടക്കുന്ന ചെക്‌പോസ്റ് ഉണ്ടല്ലോ അവിടെ വച്ച് ഞാൻ വരും മുൻപേ നിങ്ങളുടെ കാറ് കടന്ന് കാടിനുള്ളിലെ വഴിയിലൂടെ മുൻപോട്ട് പോയി.
പിന്നാലെ ഞാൻ വന്നിട്ടും കാറ് കാണാൻ പറ്റിയില്ല. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിൽ ഞാൻ മുന്നോട്ട് വരുമ്പോൾ ഒരു ലോറി ചീറിപ്പാഞ്ഞ് വരുന്നത് കണ്ടു. കുറച്ച് കൂടി മുൻപോട്ട് വന്നപ്പോൾ ഒരു കാറ് കൊക്കയിലേക്ക് മറിയുന്നതു കണ്ടു. ലോറി നിർത്തി ഞാൻ വന്ന് നോക്കുമ്പോൾ ആ കാറ് നിലപതിച്ചിരുന്നു. കാടായത് കൊണ്ട് തന്നെ അധിക സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നി ഞാൻ തിരിഞ്ഞ് വണ്ടിക്കടുത്തേക്ക് നടക്കാനൊരുങ്ങി അപ്പോഴാണ് ആരോ വേദന കൊണ്ട് ഞെരുങ്ങുന്ന ശബ്ദം കേട്ടത് ഞാൻ കുറച്ച് ഉള്ളിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് ആരോ അവിടെ കിടക്കുന്നു എന്ന് മനസ്സിലായത്. വന്ന് ഞാൻ തിരിച്ചു കിടത്തി നോക്കിയപ്പോൾ നിന്നെ കണ്ട് എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ശരീരം പോലും വിറക്കുന്നു എന്ന് തോന്നി.
പെട്ടെന്ന് അവിടെ നിന്നും കോരിയെടുത്ത് വണ്ടിയിൽ കിടത്തി അവിടെ നിന്നും ഇവിടെ എത്തിച്ചു. പുറത്ത് ആശുപത്രിയിൽ എത്തിച്ചാൽ അത് സുരക്ഷിതമല്ല എന്ന് തോന്നി. കാരണം റാവുത്തറുടെ അപകട വിവരം കോകിലമ്മ അറിയും. അയാളായത് കൊണ്ട് അപകടം നടന്ന പരിസരമൊക്കെ നിരീക്ഷിക്കും. അയാളുടെ ശരീരം കണ്ട് കിട്ടിയാൽ. ഉടൻ തന്നെ അവര് നിന്നെ ആവും തിരക്കുന്നത്. അവരുടെ ബന്ധങ്ങൾ വച്ച് അന്വേഷിച്ചാൽ ആശുപത്രിയിൽ നിന്നെ അഡ്മിറ്റ് ചെയ്താൽ അതറിയാൻ പറ്റും. അതുകൊണ്ടാണ് അവിടെയൊന്നും കാണിക്കാതെ ഇവിടെ കൊണ്ട് വന്നത്. മനസ്സിൽ നല്ല പേടിയുണ്ടായിരുന്നു. ഈശ്വരൻ കൂടെയുണ്ട് എന്ന വിശ്വാസമായിരുന്നു. നിനക്ക് ബോധം വീഴുന്നത് വരെ ഞാൻ എവിടെയൊക്കെ നേർച്ച നേർന്നു എന്നെനിക്ക് പോലും അറിയില്ല. ഈശ്വര വിശ്വാസമൊക്കെ എന്നേ ഞാൻ കൈവിട്ടതാണെന്നോ. ഇപ്പോൾ നിനക്ക് വേണ്ടി ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോയി.
പറഞ്ഞ് തീർന്നതും ദേവി ആ മനുഷ്യന് മുന്നിൽ തൊഴു കൈകളോടെ നന്ദി പറഞ്ഞു.
“എന്താ മോളേ ഇത് നീ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്. നീ കിടന്നോ. ”
“അങ്ങനെയല്ല രാഘവേട്ടാ ഈശ്വരൻ പോലും എന്നെ കൈ വിട്ടു എന്നാ ഞാൻ വിചാരിച്ചത്. ”
“മോള് ഇനി ഒന്നും ആലോചിക്കണ്ട ഉറങ്ങിക്കോ മരുന്ന് കഴിക്കുന്നതല്ലേ ”
“എന്റെ സീത,
അവള് കൂടി ആ നരകത്തിൽ നിന്ന് രക്ഷപ്പെട്ട് എന്റെ കൂടെ ഇവിടെ വന്നിരുന്നെങ്കിൽ . സ്നേഹിക്കാൻ മാത്രമേ അവൾക്കറിയൂ. എങ്ങനെ എങ്കിലും അവളെ കൂടി ഒന്ന് രക്ഷിക്കുമോ രാഘവേട്ടാ “.
“മോളിപ്പോൾ സുഖമായുറങ്ങ്. ഞാൻ നോക്കട്ടെ എന്ത് ചെയ്യാം എന്ന് “.
…………………….
” ഡീ സീതേ,
നീ അറിഞ്ഞോ നിന്റെ പുന്നാര ദേവി പോയി”
അത് കേട്ടിട്ടും അങ്ങോട്ട് ശ്രദ്ധ കൊടുക്കാതെ അലക്കിയ വസ്ത്രങ്ങൾ മടക്കി വക്കുകയായിരുന്നു സീത.
“എന്താടി നീ കേട്ടില്ലേ “?
“നിങ്ങളല്ലേ അവളെ ആ ദുഷ്ടന് വിറ്റത് . എന്നിട്ടിപ്പോൾ പോയെന്നു പറഞ്ഞു വരുന്നു.
“നിന്ന് നാക്കിട്ടടിക്കാതെ ഈ പത്രം വായിച്ച് നോക്കെടി ”
< പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശ്രീധർ റാവുത്തർ മരണപ്പെട്ടു. മൈസൂറിലേക്കുള്ള യാത്രക്കിടയിൽ കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു. ശരീരം കണ്ടെത്തിയിട്ടുണ്ട്. നാളെ വൈകിട്ട് സംസ്കാരം. അപകടമാണോ, കൊലപാതക ശ്രമമാണോ എന്ന് സംശയം>.
വായിച്ച് തീർന്നതും സീതക്ക് ശരീരം തളരുന്നത് പോലെ തോന്നി.
” എന്റെ സീത അവള്, അവളെവിടെ? ”
“അവളിപ്പോൾ പരലോകത്ത് എത്തിയിട്ടുണ്ടാകും. അല്ലെങ്കിൽ വല്ല മൃഗങ്ങളും തിന്നിട്ടുണ്ടാവും. പച്ച മാംസമല്ലേ രുചി കൂടും ”
അവരത് പറഞ്ഞ് തീർന്നതും സമനില നഷ്ടപ്പെട്ടവളെ അവൾ കോകിലയുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
“നിങ്ങളാ, നിങ്ങളൊറ്റ ഒരുത്തിയാ ഇതിനെല്ലാം കാരണം. എന്റെ ദേവി മരിച്ചെങ്കിൽ അതിന് ഉത്തരവാദി നിങ്ങൾ മാത്രമാ. വിടില്ല നിങ്ങളെ ഞാൻ നോക്കിക്കോ. ”
കഴുത്തിൽ നിന്ന് അവര് തന്നെ സീതയുടെ കൈ പിടിച്ച് മാറ്റി കട്ടിലിലേക്ക് തള്ളിയിട്ടു. അതിന് ശേഷം ഒരു കാലെടുത്തു പൊക്കി സീതയുടെ വലത് വശത്തായി വെച്ചു.
“ഡീ പീറ പെണ്ണേ നീ എന്ത് ചെയ്യും എന്നെ.
എന്റെ ഔദാര്യത്തിൽ ഇവിടെ കഴിയുന്ന നീ എന്റെ നേരെ വിരൽ ചൂണ്ടുന്നോ. അടങ്ങി ഒതുങ്ങി ഞാൻ പറയുന്നതും അനുസരിച്ച് ഇവിടെ നിന്നോളണം “.
അവര് മുറിയിൽ നിന്നും പോയ ശേഷം സീത ഒരുപാട് കരഞ്ഞു. ചിരിച്ചു കൊണ്ടുള്ള ദേവിയുടെ സീതേ എന്ന വിളി ഓർക്കുമ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ വയ്യാത്ത പോലെ തോന്നി.
……………………….
രണ്ട് ദിവസം കഴിഞ്ഞ് രാഘവേട്ടൻ ബംഗ്ലാവിലേക്ക് വിളിച്ചു. സീതയല്ലാതെ ആരെങ്കിലും ഫോണെടുത്താൽ റാവുത്തറുടെ മരണ വിവരം അറിഞ്ഞത് കൊണ്ടാണ് വിളിക്കുന്നത് എന്ന് പറയാം എന്ന് മനസ്സിൽ കരുതിയാണ് ഫോൺ ചെയ്തത്. വിചാരിച്ചത് പോലെ തന്നെ മറ്റാരോ ആണ് സംസാരിച്ചത്.
“അതേ ആരും വിചാരിക്കാത്ത സമയത്തായിരുന്നില്ലേ. ഇവിടെ കോകിലമ്മക്ക് വല്ലാതെ വിഷമമായി”.
“എന്ത് ചെയ്യാനാ മനുഷ്യന്റെ കാര്യം ഇത്രയൊക്കെയേ ഉള്ളൂ. എന്തൊക്ക ഉണ്ടെന്ന് പറഞ്ഞിട്ടെന്താ അല്ലേ “?
” എങ്കിൽ ശെരി രാഘവേട്ടാ വെക്കട്ടെ.”
ഈ സമയം സീത ഫോണിനടുത്ത് തന്നെ ഉണ്ടായിരുന്നു രാഘവേട്ടൻ എന്ന് കേട്ടതും അവള് അങ്ങോട്ട് ശ്രദ്ധ കൂർപ്പിച്ചു. അവിടെ ഫോൺ വെച്ചതും സീത ചുറ്റിനുമൊന്നു നോക്കിയിട്ട് ഫോൺ എടുത്ത് രാഘവേട്ടനെ വിളിച്ചു.
“ഹലോ രാഘവേട്ടാ ഞാനാ സീത”.
“മോളേ ഞാൻ നിന്നെ കിട്ടാൻ വേണ്ടിയാ അങ്ങോട്ട് വിളിച്ചത്. ഞാൻ ഒരു അത്യാവശ്യ കാര്യം പറയാനാ അങ്ങോട്ട് വിളിച്ചത് ഞാൻ ഇന്ന് വൈകിട്ട് അന്ന് പറഞ്ഞത് പോലെ തന്നെ വരും. നീ എങ്ങനെയെങ്കിലും പുറത്തിറങ്ങി വരണം. ”
“ഇല്ല രാഘവേട്ടാ ഞാൻ വരില്ല. ”
“വരില്ലെന്നോ. അതെന്താ? ഒക്കെ ഞാനറിഞ്ഞു റാവുത്തർ വന്നതും, ദേവി മോളേ കൊണ്ട്പോയതും ഒക്കെ ”
“അപ്പോൾ എല്ലാം അറിഞ്ഞോ?
എന്റെ ദേവി,,,,,,
അവള് പോയി രാഘവേട്ടാ. അവള് രക്ഷപ്പെടാതെ എനിക്ക് മാത്രം രക്ഷപെടണ്ട.”
അത് പറഞ്ഞതും സീത കരയാൻ തുടങ്ങി
“കരയണ്ട മോളേ അവൾക്കൊന്നും സംഭവിചിട്ടില്ല അവളിപ്പോൾ എന്റെ കൂടെ ഉണ്ട്. ”
“എന്താ എന്താ പറഞ്ഞെ.
ദേവി,
അവൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നോ. അവള് ജീവനോടെ ഉണ്ടെന്നോ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.”
“അതേ മോളേ അവള് സുഖമായി ഇവിടെ ഉണ്ട് ”
“എനിക്കവളെ കാണണം ഞാൻ വരാം. എന്നെ വന്ന് കൊണ്ട് പോയാൽ മതി. ”
“ഡീ,,, ”
ആ ശബ്ദം കാതിൽ പതിച്ചതും പേടിയോടെ അവള് ഫോൺ താഴേക്ക് വെച്ചു.
” എന്താടി പറഞ്ഞെ ദേവി ജീവനോടെ ഉണ്ടെന്നോ. എവിടെയാടി അവള്. പറയെടി എവിടെയാടി ”
“ഇല്ലാ ഞാൻ പറയില്ല അവളെവിടെ ആണെന്ന് ഞാൻ പറയില്ല. എന്നെക്കൊന്നാലും ഞാനത് പറയില്ല. ”
“നിന്നെ കൊന്ന് കുഴിച്ചു മൂടണ്ട എങ്കിൽ പറയെടി ”
എന്നവർ അവളുടെ മുടിക്ക് കുത്തിപ്പിടിച്ചലറി .
“ഇല്ലാ എന്നെ കൊന്നാലും ഞാൻ പറയില്ല. ഞാനത് പറഞ്ഞാൽ എന്റെ ദേവിയെ ഇവിടെ കൊണ്ട് വന്ന് നരകിപ്പിക്കും. അത്രക്ക് മനസ്സാക്ഷിയില്ലാതെ സ്ത്രീയാണ് നിങ്ങൾ ”
“അപ്പോൾ നീ പറയില്ല.
ശെരി, വേണ്ട നീ പറയണ്ട.
ഇനി നീ ഇവിടെ വേണ്ട.
പണം കായ്ക്കുന്ന മരമാണെങ്കിൽ കൂടി പുരയ്ക്കു മീതെ വളർന്നാൽ അത് വെട്ടിയൊതുക്കണം എന്നാണ്. അതുകൊണ്ട് നീ എന്ന അദ്ധ്യായം ഇവിടെ തീർന്നു ”
ഒരു വെടിയൊച്ചയോട് കൂടി സീത പിറകിലേക്ക് വീണു. മറുതലക്കൽ ഫോൺ കട്ടാകാതെ എല്ലാം കേട്ട് നിന്നിരുന്ന രാഘവേട്ടൻ സീതമോളെ എന്നലറി. ശേഷം ഒരു നിമിഷം പകച്ചിരുന്നു പോയി. കണ്ണുനീർ കവിൾത്തടത്തെ നനച്ചപ്പോൾ അറിഞ്ഞു താൻ കരയുകയാണെന്നു.
ദേവി ഉണരുമ്പോൾ അവളോട് എന്ത് പറയും എന്നോർത്ത് അദ്ദേഹം തളർന്നിരുന്നു.
പിറ്റേന്ന്,,,,
“രാഘവേട്ടാ എന്താ പറ്റിയെ ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഒരു വല്ലായ്മ എന്ത് പറ്റി? സീതയെ കുറിച്ചോർത്തിട്ടാണോ? ”
അവളത് ചോദിച്ചതും ആ മനുഷ്യൻ ഞെട്ടി ദേവിയെ നോക്കി. കണ്ണുകൾ നിറഞ്ഞു വന്നു.
“എന്താ രാഘവേട്ടാ എന്താ ഇങ്ങനെ നോക്കുന്നെ. എന്താ കണ്ണ് നിറഞ്ഞിരിക്കുന്നെ. എന്താ എന്ത് പറ്റി? ”
“ഒന്നൂല്ലാ മോളേ. ഒന്നൂല്ലാ…. ”
“പിന്നെന്താ കണ്ണ് നിറഞ്ഞിരിക്കുന്നെ? ”
“അതോ,
അത് ചിലപ്പോൾ കണ്ണിൽ വല്ലതും പോയതാവും ”
“രാഘവേട്ടൻ കളളം പറയാതെ. കാര്യം പറ. സീതയെ കൊണ്ട് വരുന്ന കാര്യം എന്തായി. ഇന്ന് പോകുമോ കൊണ്ടുവരാൻ?”
എന്തെങ്കിലും ഒന്ന് പറ രാഘവേട്ടാ എന്ന് പറഞ്ഞവൾ അദ്ദേഹത്തെ പിടിച്ച് കുലുക്കി
“അവളെ എനിക്കിനി കൂട്ടികൊണ്ട് വരാൻ പറ്റില്ല മോളേ. എനിക്ക് എത്തിച്ചേരാനാവുന്നതിലും ഒരുപാട് ദൂരെ അവള് പോയി. ”
“എവിടെ? .
അവളെവിടെ പോയി?
എനിക്ക് പേടിയാവുന്നു രാഘവേട്ടാ. എന്റെ സീത, അവൾക്ക്.
എനിക്കൊന്നും മനസ്സിലാവുന്നില്ല. ”
എല്ലാം രാഘവേട്ടൻ ദേവിയോട് പറഞ്ഞു.
“എന്താ,,,,,
രാഘവേട്ടൻ എന്താ പറഞ്ഞെ. എന്താന്ന്? ”
അവള് അദ്ദേഹത്തെ ഒന്ന് നോക്കി നിലത്തേക്കിരുന്നു.
“അപ്പോൾ അവള് എനിക്ക് വേണ്ടി, എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലേ സ്വയം മരണമേറ്റു വാങ്ങിയത്. അവരെ കുറിച്ച് നന്നായി അറിഞ്ഞിരുന്നിട്ടും അവരോടു മല്ലിട്ടത് എനിക്ക് വേണ്ടിയല്ലേ. പറ രാഘവേട്ടാ. ഞാൻ ഇനി എന്ത് ചെയ്യും. എനിക്കവളെ കാണണം. ”
“എന്റെ കുട്ടി കരയാതെ. അവള് നിന്റെ നന്മക്ക് വേണ്ടിയല്ലേ ഇതൊക്കെ ചെയ്തത്. നിന്റെ നല്ല ഭാവിക്ക് വേണ്ടി. ഇപ്പോൾ നിന്നെ കണ്ട് അവള് സന്തോഷിക്കുന്നുണ്ടാവും. ”
രാഘവേട്ടനെ ഒന്ന് നോക്കിയ ശേഷം ദേവി ഒന്നും മിണ്ടാതെ എഴുന്നേറ്റ് മുറിയിലേക്ക് പോയി. അവിടെ ചെന്ന് ബാഗ് തുറന്ന് അവളേൽപ്പിച്ച ബുക്ക് തുറന്നു. സീതയും, ദേവിയും കൈ കോർത്തിരിക്കുന്ന ചിത്രത്തിലേക്ക് നോക്കി. ആ സമയം ആർത്തിരമ്പി വന്ന കണ്ണുനീരിനെ പിടിച്ചു നിർത്താൻ ദേവിക്കായില്ല .
കുറേ സമയം ആ ബുക്കും ചേർത്ത് പിടിച്ച് ഒരുപാട് കരഞ്ഞു.
ഇടക്ക് മുടിയിൽ ഒരു സ്പര്ശമറിഞ്ഞപ്പോഴാണ് കണ്ണ് തുറന്നത്. രാഘവേട്ടന്റെ ഭാര്യ ആയിരുന്നു അത്. മല്ലിക ചേച്ചി. ആ ചേച്ചി അവളെ ചേർത്ത് പിടിച്ച് എഴുന്നേൽപ്പിച്ചു. സമാധാനിപ്പിച്ചു. കഞ്ഞി കോരി കൊടുത്തു. അന്ന് ഉറങ്ങാൻ കിടക്കുമ്പോൾ എങ്ങനെയും കണ്ണനെ കണ്ട് പിടിക്കണമെന്നും സീതയുടെ സ്ഥാനത്തു നിന്ന് അവന്റെ കാര്യങ്ങൾ ചെയ്ത് കൊടുക്കണം എന്നും അവൾ മനസ്സിലുറപ്പിച്ചു.
അങ്ങനെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞ്, ഞാൻ ആ വീടുമായി പൊരുത്തപ്പെട്ടു തുടങ്ങി. ഒരു ദിവസം രാഘവേട്ടൻ എന്നെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു.
“മോളേ നീ ഇവിടെ ജീവിതം കളയേണ്ടവളല്ല. നിനക്ക് മുൻപിൽ ഒരു നല്ല ജീവിതം കിടക്കുന്നുണ്ട്. ”
“എനിക്കിപ്പോൾ ഒന്നിനും തോന്നുന്നില്ല രാഘവേട്ടാ. മനസ്സ് മുഴുവൻ മരവിച്ചിരിക്കുവാ. ഓരോന്നോർക്കുമ്പോൾ ശരീരം തളർന്നു പോവും പോലെ തോന്നുവാ. ”
“അതൊക്കെ നീ ഇവിടെ തന്നെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കുന്നത് കൊണ്ട് തോന്നുന്നതാ. നീ ഇവിടെ നിന്ന് പോകണം.എങ്കിലേ ശെരിയാവൂ. ”
“എന്നെ നിങ്ങൾക്കും വേണ്ടാതായോ “?
“മോളേ ദേവി നീ അങ്ങനെ പറയരുത്. ഒരിക്കലും നിന്നെ ഇവിടെ ആർക്കും വേണ്ടാതാവില്ല. നിന്റെ നല്ല ഭാവിക്ക് വേണ്ടിയും, പിന്നെ നീ എല്ലാം മറക്കാനും വേണ്ടിയാ ഞാനീ പറയുന്നത്. മോളിത് അനുസരിക്കണം ഈ രാഘവേട്ടൻ മോളോട് അപേക്ഷിക്കുകയാണ്. ”
ശേഷംഅദ്ദേഹം എഴുന്നേറ്റു പോയി.
എന്ത് ചെയ്യണമെന്നറിയാതെ ദേവി കുറച്ച് സമയം അങ്ങനെ തന്നെ ഇരുന്നു. പിന്നീട് അവളും തീരുമാനിച്ചു. രാഘവേട്ടൻ പറഞ്ഞത് പോലെ തന്നെ ചെയ്യാം എന്ന്.
വീട്ടിൽ വെച്ച്, ഞാൻ ഡൽഹിയിൽ ജോലിക്ക് അപ്ലൈ ചെയ്തിരുന്നു. അതുകൊണ്ട് അവിടെ വരെ ചെന്നാൽ ജോലി കിട്ടും എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു . അങ്ങനെ അവരോടെല്ലാം നന്ദി പറഞ്ഞ്, അവിടെ നിന്നിറങ്ങി ഡൽഹി എന്ന ഈ മഹാനഗരത്തിൽ എത്തി. സർട്ടിഫിക്കറ്റ് എല്ലാം ഉണ്ടായിരുന്നത് കൊണ്ട് ജോലി കിട്ടാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോൾ ആദ്യമൊക്കെ മനസ്സിൽ വല്ലാത്ത വിഷമമായിരുന്നു. അങ്ങനെ ഒരു ദിവസമാണ് എനിക്ക് നിന്നെ കിട്ടിയത്. ഒരു ബെല്ലും ബ്രേക്കുമില്ലാത്ത സാധനം.നിന്നോട് അടുത്ത് കഴിഞ്ഞപ്പോൾ പതിയെ ഞാൻ എല്ലാം മറന്ന് തുടങ്ങി. പക്ഷേ സീതയും, രാഘവേട്ടനും ഒക്കെ എന്റെ മനസ്സിൽ തന്നെ ഇരുന്നു. നിന്നോടെല്ലാം പറയാൻ ഞാൻ പലവട്ടം വിചാരിച്ചതാ . നീ ചോദിക്കുമ്പോൾ പറയാം എന്നൊക്കെ ആദ്യം കരുതി. പിന്നെപ്പിന്നെ ഓർത്തു എന്തിനാ നിന്നെ കൂടി വെറുതെ എല്ലാം പറഞ്ഞു വിഷമിപ്പിക്കുന്നതെന്ന്. അതുകൊണ്ടാണ്, അല്ലാതെ….
ദേവി പറഞ്ഞ് തീർന്നതും ഭാമ ദേവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“സോറി ഡീ നീ എന്നോട് ക്ഷമിക്ക് ഇത്രയുമൊക്കെ നിന്റെ ജീവിതത്തിൽ നടന്നെന്നോ. ഇത്ര മാത്രം വിഷമം നീ മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ടെന്നോ അറിയാതെ ഞാൻ…. ”
ഭാമക്ക് പറയാൻ വാക്കുകൾ കിട്ടിയില്ല.
“സോറി ഒന്നും നീ പറയണ്ട. എപ്പോഴായാലും നീ എല്ലാം അറിയേണ്ടതല്ലേ. ഇതിപ്പോൾ ഇങ്ങനെ ആയി എന്ന് വിചാരിച്ചാൽ മതി ”
പെട്ടെന്ന്,,,,
“അയ്യോ എന്നെ തല്ലല്ലേ സാറേ തല്ലല്ലേ എനിക്ക് നോവുന്നു ”
ഒരു കുട്ടിയുടെ കരയുന്ന ശബ്ദം കേട്ടാണ് അവര് തിരിഞ്ഞു നോക്കിയത്. കണ്ടാൽ മാന്യൻ എന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ. അയാളൊരു കുട്ടിയെ തല്ലുന്നു.
“അതേ നിങ്ങൾ എന്തിനാ ഈ കുട്ടിയെ ഇങ്ങനെ തല്ലുന്നേ. ”
ദേവിയും, ഭാമയും അടുത്തേക്ക് ചെന്ന് ചോദിച്ചു. എന്നിട്ടും ഒരു കുലുക്കവുമില്ലാതെ അയാള് ആ കുട്ടിയെ തള്ളി മാറ്റി.
“തന്നോടല്ലേ ചോദിച്ചേ ഈ കുട്ടിയെ എന്തിനാ തല്ലുന്നതെന്ന് ”
ആ കുട്ടിയെ പിടിച്ച് തനിക്കരികിലേക്ക് മാറ്റി നിർത്തിക്കൊണ്ട് ദേവി അത് പറഞ്ഞതും,
“വേണ്ടാ വേണ്ടാ എന്ന് പറഞ്ഞിട്ടും പിറകേ നടക്കുവാ. അവസാനം വേറെ വഴി കണ്ടില്ല അതാ തല്ലിയത്. അല്ലേൽ തന്നെ ഈ തെണ്ടിതിരിഞ്ഞ് നടക്കുന്നതിനെയൊക്കെ തല്ലിയാൽ ആരാ ചോദിക്കാൻ വരുന്നേ ”
“നിങ്ങളെ പോലെ വിദ്യാഭ്യാസമുള്ള മനുഷ്യരും ഇങ്ങനെയൊക്കെ ചിന്തിച്ചാൽ പിന്നെ എങ്ങനെ ശെരിയാവാനാ ഈ ലോകം”
അവരെ ഒന്ന് നോക്കി ദേഷ്യത്തോടെ അയാള് നടന്ന്പോയി.
“ഡാ മോനെ നീ എന്തിനാ വേണ്ടന്ന് പറഞ്ഞിട്ടും അവരുടെ പിന്നാലെ ചെന്നത്. അതുകൊണ്ടല്ലേ “.
ആ കുട്ടിയെ പിടിച്ച് മുന്നിലേക്ക് നിർത്തി, ദേവി ചോദിച്ചു.
“ഞാൻ ഉച്ച മുതൽ ഇതും കൊണ്ട് നടക്കുന്നതാ ചേച്ചി. ഉച്ചക്കൊക്കെ ഇവിടെ പോലീസ്കാര് കാണും ഞാൻ ഇത് വിൽക്കാൻ നടക്കുന്നത് കണ്ടാൽ പ്രശ്നമാ.അതുകൊണ്ട് വൈകിട്ടെ പറ്റൂ. ഇതെങ്കിലും തീർക്കാതെ ചെന്നാൽ ശെരിയാവില്ല ചേച്ചി അതുകൊണ്ടാ. വേറെ ജോലിക്കൊന്നും ഇപ്പോൾ കുട്ടികളെ എടുക്കുന്നില്ല ”
“നീ വിഷമിക്കണ്ട നിനക്കുള്ള പണം ഞാൻ തരാം. വാ നമുക്ക് നിന്റെ വീട്ടിൽ പോകാം”.
“വേണ്ട ചേച്ചി. ഞാൻ അധ്വാനിക്കാത്ത പണം എനിക്ക് വേണ്ട. ചേച്ചിക്ക് ഇങ്ങനെ പറയാൻ തോന്നിയില്ലേ അതുമതി ”
“ശെരി നിനക്കിത് മുഴുവൻ വിൽക്കണം അത്രേം അല്ലേ ഉള്ളു. ഞാനീ കപ്പലണ്ടി മുഴുവൻ വാങ്ങിക്കാം എന്നിട്ട് അതിനുള്ള പണവും തരാം അപ്പോൾ കുഴപ്പമില്ലല്ലോ. ദാ പിടിച്ചോ”
“ചേച്ചി ആള് കൊള്ളാല്ലോ. ”
“ആട്ടെ നിന്റെ വീടെവിടാ? ”
പെട്ടെന്ന് വിസിലടിക്കുന്ന ശബ്ദം കേട്ടു. പോലീസ്കാരാണെന്ന് മനസ്സിലായതും അവനോടി
“അയ്യോ അവൻ പോയല്ലോടി ഭാമേ ”
“സാരവില്ലടി നമുക്ക് എവിടെയെങ്കിലും വെച്ച് പിടിക്കാം. നീ വാ നമുക്ക് പോകാം ”
ശെരി എന്ന് പറഞ്ഞ് അവര് നടന്നു.
“ഡീ ദേവി നാളെയല്ലേ നിന്റെ നവീന്റെ പിറന്നാള്. നീ കേക്കിന് ഓർഡർ കൊടുത്തോ?”
“അതൊക്കെ എപ്പോഴേ കൊടുത്ത് കഴിഞ്ഞു ”
“അമ്പടി മിടുക്കി. എന്നിട്ട് നീ എന്നോട് പറഞ്ഞോ. പോ മിണ്ടണ്ട ”
“എന്റെ ഭാമ തമ്പുരാട്ടി ഇങ്ങനെ മുഖം വീർപ്പിക്കല്ലേ. ”
“ശെരി ശെരി വാ നമുക്ക് പോകാം ”
വീട്ടിൽ ചെന്ന ഉടൻ ഭാമ കട്ടിലിലേക്ക് കയറി കിടന്നു. നോക്കുമ്പോൾ അലമാര തുറന്ന് ദേവി ഒരു കവർ പുറത്തെടുത്തു. അതിൽ ഒരു വലിയ പൊതിക്ക് മേലെ എഴുതിയിരിക്കുന്നു.
എന്റെ സ്വന്തം നവീന്,,,
തുടരും,,,

by