19/04/2026

നിലാവ് : ഭാഗം 54

രചന – അരുന്ധതി‍‍‍‍‍‍‍‍

“”അതേ വേഗം ഇറങ്ങാം അല്ലെങ്കിൽ രാഹുകാലം “”
കണ്ണൻ അത്രയും പറഞ്ഞ് ദേവകിയെ നോക്കി.

“”ആനി ചേച്ചി “”
എന്നും വിളിച്ച് ദേവി ആനിയുടെ അടുത്തേയ്ക്ക് ചെന്നു.

അർജുനും, ദേവിയും
ഐസക്കിനും, ആനിയ്ക്കും ഒപ്പം അവരുടെ കാറിലും.
കണ്ണനും, വിഷ്ണുവും, രേവതിയും, ദേവകിയും മറ്റൊരു കാറിലുമായിരുന്നു. അങ്ങനെ അവരുടെ കാറ് തറവാട്ടിൽ നിന്നും ദേവിയുടെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.

യാത്രയിൽ ഉടനീളം ദേവി ഉറങ്ങാതെ പുറത്തേയ്ക്ക് നോക്കി തന്നെയിരുന്നു. ഇടയ്ക്ക് സന്തോഷത്താൽ അർജുന്റെ കൈ ചുറ്റി പിടിയ്ക്കുന്നുണ്ട്.

“”മനസ്സ് നിറഞ്ഞ് തുളുമ്പി തീർക്കല്ലേ എന്റെ ഭാര്യേ?””
പതിയെ അവളുടെ കാതോരം ചെന്ന് അർജുൻ പറഞ്ഞു.

“”നിറഞ്ഞു തുളുമ്പട്ടെ അച്ചുവേട്ടാ.
എന്റെ ആഗ്രഹങ്ങളൊക്കെ സാധിക്കുവല്ലേ. ഇനി ഇതിലും കൂടുതൽ എനിയ്ക്കെന്താ വേണ്ടേ.””

“”അതേ രണ്ടും പിറകിലിരുന്ന് സല്ലപിയ്ക്കാതെ വഴി പറഞ്ഞ് താ.””
ഐസക് പിന്നിലേയ്ക്ക് നോക്കി പറഞ്ഞു.

“”ദാ ആ വളവ് കഴിഞ്ഞ് നേരെ പോയാൽ മതി അച്ചായാ. ചെല്ലുമ്പോഴേ കാണാം തറവാട്.
അവരുടെ കാറ് മുന്നിലുണ്ടായിരുന്നപ്പോൾ അച്ചായന് കൺഫ്യൂഷൻ ഇല്ലായിരുന്നു.
അതെങ്ങനെയാ അപ്പോഴല്ലേ ഇവിടെയൊരാൾടെ ഛർദി. “”

അർജുൻ പറഞ്ഞത് കേട്ടതും ദേവി അവനെ കൂർപ്പിച്ചു നോക്കി.

“”ഡാ, ഡാ.,,,,
നീ അവളെ ഒത്തിരി അങ്ങോട്ട് ആക്കണ്ട. കേട്ടോ “”
ആനി പിന്നിലേയ്ക്ക് നോക്കി പറഞ്ഞതും ഐസക് കണ്ണാടിയിലൂടെ അർജുനെ നോക്കി തലകുലുക്കി കാണിച്ചു.

“”നേരെ നോക്കി വണ്ടിയോടിയ്ക്ക് അച്ചായാ””
എന്നും പറഞ്ഞ് ആനി ഐസക്കിന്റെ തോളിൽ ഒരടി വെച്ച് കൊടുത്തു.

“”ആ അച്ചായാ ദാ എത്തി ഈ കാണുന്ന തറവാടാണ് “”
അർജുൻ പറഞ്ഞതും ഐസക് കാറ് ആ തറവാട്ടുമുറ്റത്ത് നിർത്തി.

“”ആ വന്നോ,,,””
അവര് വന്നപ്പോൾ ദേവിയുടെ അച്ഛനും, ഭദ്രയുടെ അച്ഛനും ചേർന്ന് വാതിലൊക്കെ വൃത്തി ആക്കുകയായിരുന്നു.

“”വരൂ വരൂ,,,””
ഐസക്കിനോടും, ആനിയോടും അതും പറഞ്ഞ് കൊണ്ട് സാവിത്രിയും, ലക്ഷ്മിയും. അങ്ങോട്ടിറങ്ങി വന്നു.

“”ഇതെന്താ നിങ്ങളിത്ര താമസിച്ചേ””

“”എന്റമ്മേ ഞങ്ങള് രണ്ട് കൂട്ടരും ഒന്നിച്ചാ ഇറങ്ങിയേ. ഇടയ്ക്ക് വെച്ച് ഇവൾക്കൊരേ ഛർദി.””

“”യാത്ര ചെയ്തതിന്റെയാ. “”
ദേവിയുടെ അടുത്തേയ്ക്ക് ചെന്ന് അച്ഛൻ പറഞ്ഞു.

“”ഒന്നൂല്ലെന്റെ രാമേട്ടാ,,””
അവള് ആരും കേൾക്കാതെ പതിയെ വിളിച്ചു.

“”എന്താ,,, ന്താ നീ വിളിച്ചേ “”
അവളുടെ അടുത്തേയ്ക്ക് വന്ന് സാവിത്രി ചോദിച്ചു.

“”സാവിത്രി,,,
വന്ന പാടെ തുടങ്ങാതെ. നീ. ഇവരെയെല്ലാം അകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോ “”
അൽപം കടുപ്പിച്ചു അച്ഛൻ പറഞ്ഞപ്പോഴാണ് ഐസക്കും., ആനിയും കൂടി ഉള്ള വിവരം സാവിത്രി ഓർത്തത്.

“”അതൊന്നും സാരമില്ല അച്ഛാ. ഇതൊക്കെ കാണുന്നത് തന്നെ ഒരു രസല്ലേ.””
ആനിയാണ് മറുപടി കൊടുത്തത്.

“”അകത്തേയ്ക്ക് വരൂ,,,””
രണ്ടമ്മമാരും കൂടി അവരെ അകത്തേയ്ക്ക് കൊണ്ട് പോയി.

“”അമ്മേ,,,
അമ്മയും., അപ്പച്ചിയും???””
അവരെ അവിടെയെങ്ങും കാണാഞ്ഞ് ദേവി തിരക്കി.

“”ദാ ആ മുറിയിലുണ്ട്. ഒറ്റയിരുപ്പല്ലായിരുന്നോ അവിടുന്ന് ഇവിടെ വരെ. മടുത്തു കാണും അതുകൊണ്ട്. വന്നപ്പോഴേ രണ്ടാളെയും ഒന്ന് വിശ്രമിയ്ക്കാൻ പറഞ്ഞ് മുറിയിലേക്ക് വിട്ടു. ഒന്ന് കിടന്നുറങ്ങട്ടെ.””

“”അത് നന്നായി അമ്മേ
ആ പിന്നെ ആനി ചേച്ചിയ്ക്കും, അച്ചായനും ഏത് മുറിയാ.? “”

“”മുകളിലത്തെ മുറി ഞാൻ ഒരുക്കിയിട്ടിട്ടുണ്ട്. വന്നോളൂ “”
ദേവിയുടെ അമ്മ പറഞ്ഞു.

“”വാ ആനി ചേച്ചി “”

മുകളിൽ ചെന്ന് ആനിയെ മുറിയിലാക്കി ദേവിയും ഫ്രഷ് ആവാൻ മുറിയിലേക്ക് പോയി. അർജുൻ അകത്തേയ്ക്ക് വന്നപ്പോൾ ഐസക്കിനെയും മുറി കാണിച്ചു കൊടുത്തു.

“”ദേവിമ്മേ.,,,””
ദേവി ഫ്രഷ് ആയി കഴിഞ്ഞ് കിടക്കാൻ തുടങ്ങിയതും,,, സൂര്യൻ അവളുടെ അടുത്തേയ്ക്കോടി വന്നു.

“”ആഹാ ഇതാരാ ഇത്??
ദേവീമ്മേടെ പൊന്നല്ലേ “””
ദേവി അവനെ അടുത്തേയ്ക്കിരുത്തി കൊണ്ട് ചോദിച്ചു.

“”ആ നാനാ “”

“”ആര് പറഞ്ഞു ദേവിമ്മ വന്നെന്ന്?””

“”ശാവിത്തി അമ്മ “”

“ആഹാ അമ്മയാണോ പറഞ്ഞെ?””

“”മ്മ്മ് “”
എന്നും പറഞ്ഞവൻ തലകുലുക്കി.

“”പൊന്ന് വല്ലതും കഴിച്ചോ??””

“”ആ,,,
ദേവിമ്മേ,,,, എന്റെ കുഞ്ഞാവ എബിടെ?? എനിച്ചു തരാന്ന് പഞ്ഞിട്ട്?'”
അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി സങ്കടത്തോടെ ചോദിച്ചു.

“”കുഞ്ഞാവ വന്നില്ലല്ലോ,,,
വരുമ്പോൾ തരാവേ “”

“”ആ…””

“”നമുക്കെ ഭദ്രമ്മയെ വിളിയ്ക്കാം””
ദേവി അവനോട് ചോദിച്ച ശേഷം ഫോണെടുത്ത് ഭദ്രയെ വിളിച്ചു.

“”ഹലോ,,,
ഡി ഭദ്രേ. എന്തായി. “”

“”എല്ലാം. നമ്മള് വിചാരിച്ചത് പോലെ തന്നെ.
വന്നപ്പോഴേ രണ്ട് സേട്ടന്മാരെയും ഇവിടെ ഹരിയേട്ടന്റെ വീക്ഷണത്തിൽ നിർത്തിയേക്കുവാ. രണ്ടും നേരെ തറവാടിന്റെ മുറ്റത്താ കൊണ്ട് കാറ് നിർത്തിയത്. അമ്മമാരേ രണ്ടാളെയും എന്റമ്മയും, നിന്റമ്മയും വന്നു അകത്തേയ്ക്ക് കൊണ്ട് പോയി. സഖിമാരെ നോക്കി രണ്ടാളും വിചാരിച്ചത് പോലെ തന്നെ അവിടെ തന്നെ നിന്നു. അവര് വിചാരിച്ചില്ല അക്കോമഡേഷൻ ഇവിടെയാണെന്ന്. ഹരിയേട്ടനും, ഞാനും വന്നു വിളിച്ചപ്പോൾ ചമ്മി പോയി. പിന്നെ വരാതെ വേറെ രക്ഷയില്ലല്ലോ.””
അത്രയും പറഞ്ഞ് ഭദ്ര നിർത്തി.

“”ശെരി.
എന്നിട്ട് ദേവൂം, ഭാമയും എവിടെ?””

“”രാവിലെ ഞാൻ മൈലാഞ്ചി ഇടീച്ച് മുറിയ്ക്കകത്ത് ഇരുത്തിയിട്ടുണ്ട്.
കല്യാണം വരെ ഒരു നിയന്ത്രണവും ഇല്ലാതെ ഇരുന്നതല്ലേ അതുകൊണ്ട് ഒരു കുഞ്ഞ് പണി നല്ലതാ. നമ്മടെ പ്ലാനെല്ലാം നിനക്കോർമ്മയുണ്ടല്ലോ അല്ലേ??””

“”അതൊക്കെ ഓർമ്മയുണ്ട്.എന്നാലും, ഇച്ചിരി കൂടിപ്പോകുമോ ഭദ്രേ??””
ദേവി അൽപം പതുങ്ങിയ ശബ്ദത്തിൽ ചോദിച്ചു.

“”ദേ പെണ്ണേ അവസാന നിമിഷം ഒരുമാതിരി ചോദ്യം ചോദിച്ചാലുണ്ടല്ലോ “”

“”എന്റേടി നീ കാറാതെ “”

“”അപ്പോൾ ബാക്കി എല്ലാം നമ്മള് പ്ലാൻ ചെയ്തത് പോലെ.കേട്ടല്ലോ “”

“”ശെരി, ശെരി എങ്കിൽ നീ ഇങ്ങ് വാ. “”

“”ആ വരുന്നു. അതിന് മുന്നേ നിന്റെ പൊന്ന് എവിടെയെന്ന് നോക്കട്ടെ. ദേവിമ്മ എന്നും വിളിച്ച് എപ്പോൾ തൊട്ട് തുടങ്ങിയതാണെന്നോ. അവനെ കൂടി. എടുത്തോണ്ട് വരാം. തല്ക്കാലം ആദ്യം നീ ഒന്ന് കിടന്നുറങ്ങ് കുറച്ച് നേരം. ഞാൻ അത് കഴിഞ്ഞ് അവനെയും കൊണ്ട് വരാം “”

“”അവൻ എന്റെ കൂടെയുണ്ട്. ഞാൻ വന്നപ്പോഴേ ആളിങ്ങു വന്നു. ഇപ്പോൾ. ദേ അടുത്തിരിപ്പുണ്ട് . “”

“”അടിപൊളി…. എന്നാൽ ഞാനിപ്പോൾ അങ്ങോട്ട് വരാം “”

😘😘😘

“”കണ്ണാ,,,
എനിയ്ക്ക് എന്റെ കണ്ണിന്റെ മുന്നിൽ ജയില് കാണാം. കമ്പിയില്ലാത്ത ഒരു ചെറിയ ജയില്.””
വിഷ്ണു പറയുന്നത് കേട്ട് കണ്ണൻ അവനെ തന്നെ നോക്കി ഇരുന്നു.

“”എന്താടാ പൊട്ടാ നീ ഇങ്ങനെ നോക്കിയിരിയ്ക്കുന്നെ “”

“”അല്ലാ,,,
എന്റെ പെങ്ങള് ഒരു ഭ്രാന്തന്റെ ഭാര്യ ആവാൻ പോകുവാണല്ലോ എന്നോർത്ത് ഇങ്ങനെ ഇരുന്ന് പോയതാ.””

“”ഡാ പൊട്ടാ,,,,
അതൊന്നുമല്ല. നീ ഒന്നാലോചിച്ച് നോക്ക്. നമ്മള് വന്നപ്പോൾ പ്രതീക്ഷിയ്ക്കാതെയല്ലേ
ഇങ്ങോട്ട് കൊണ്ട് വന്നത്. എന്നിട്ടിത് വരെ നമ്മളെ അങ്ങോട്ട് വിട്ടോ “”
കണ്ണന്റെ തലയ്ക്കിട്ട് ഒരു കുത്ത് കൊടുത്ത് വിഷ്ണു ചോദിച്ചു.

“”അത് പിന്നെ നാളെ കല്യാണം ആയിട്ട് പെണ്ണും., ചെറുക്കനും ഒരിടത്ത് നിൽക്കണ്ട എന്ന് കരുതിയിട്ടല്ലേ.””

“”മ്മ്മ്മ്,,,,””
നീ. അങ്ങനെ വിശ്വസിച്ചോ

“”സംശയമുണ്ടെങ്കിൽ. വാ നമുക്കപ്പുറത്തോട്ട് പോകാം “”
കണ്ണൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ്കൊണ്ട് പറഞ്ഞു.

“”പോകുന്നത് വെറുതെയാ മോനേ. നാളെ കല്യാണ മണ്ഡപത്തിൽ വെച്ചല്ലാതെ അവരെ കാണാം എന്ന് വിചാരിക്കണ്ട.””

“”എങ്കിൽ അതൊന്നറിയണമല്ലോ “”
എന്നും പറഞ്ഞ് കണ്ണൻ വിഷ്ണുവിനെയും കൂട്ടി പുറത്തേക്കിറങ്ങി.

ഈ സമയം,,,
“”ഭാമേച്ചി,,,
എനിയ്ക്കൊരു സംശയം നമ്മളെയും, അവരെയും തമ്മിൽ കാണിക്കാതിരിയ്ക്കാൻ മനപ്പൂർവ്വം ഈ മൈലാഞ്ചി ഇടീച്ച് ഇരുത്തിയേക്കുന്നതാണോ??””
ദേവു ഭാമയോട് തന്റെ സംശയം ചോദിച്ചു.

“”എനിയ്ക്കും അങ്ങനെയൊന്ന് തോന്നാതിരുന്നില്ല.””

“”എങ്കിൽ നമുക്ക് ഈ മൈലാഞ്ചി കഴുകി കളഞ്ഞിട്ട് പുറത്തോട്ടിറങ്ങാം.””
ഭാമ ദേവൂനോട് പറഞ്ഞതും അവളും സമ്മതിച്ചു.
രണ്ടാളും മൈലാഞ്ചി കഴുകി കളഞ്ഞ് പുറത്തേക്കിറങ്ങി.

“”അല്ലാ,,,
നിങ്ങള് മൈലാഞ്ചി കഴുകി കളഞ്ഞോ. കാണിച്ചേ നോക്കട്ടെ കളർ വെച്ചോന്ന് ‘”
ഭദ്ര അവരുടെ അടുത്തേയ്ക്ക് വന്നു ചോദിച്ചു.

“”മ്മ്മ്,,,, വെച്ച് വരുന്നു “”
ദേവു ഒന്നാക്കി പറഞ്ഞു.

“”എന്നാൽ വാ കഴിയ്ക്കാം “”
അതും പറഞ്ഞ് ഭദ്ര അവർക്കുള്ളത് എടുക്കാൻ അപ്പുറത്തേയ്ക്ക് പോയി.

“”നമ്മക്ക് വെറുതെ തോന്നിയതാവും അല്ലേ ദേവു “”
ഭാമ ദേവൂനോട് ചോദിച്ചു

“”ആർക്കറിയാം എന്തായാലും വാ “”

“”അല്ല നിങ്ങള് രണ്ടാളും ഇതെങ്ങോട്ടാ??””
ദേവി ചോദിച്ചതും രണ്ടാളും നിന്നു

“”അല്ല കുറേ നേരമായല്ലോ മൈലാഞ്ചി ഇട്ടത് കൊണ്ട് അകത്ത് തന്നെ ഇരിയ്ക്കുന്നു . ഇപ്പോൾ കഴുകി കളഞ്ഞില്ലേ. അതുകൊണ്ട് പുറത്തേയ്ക്കൊന്ന്.

“”അതെന്തായാലും നന്നായി.””

“”എങ്കിൽ അങ്ങോട്ട് ചെല്ല് “”
ദേവി അവരോട് അതും പറഞ്ഞ് പുറത്തേക്കിറങ്ങി.

ഇതേ സമയം,,,
“”രണ്ടാളും എങ്ങോട്ടാ??””
പുറത്തേക്കിറങ്ങാൻ നിൽക്കുന്ന കണ്ണനെയും, വിഷ്ണുവിനെയും പിന്നിൽ നിന്നും വിളിച്ച്കൊണ്ട് ഹരി ചോദിച്ചു.

“”അപ്പുറത്തോട്ടൊന്ന് പോകാം എന്ന് വെച്ചു ഹരിയേട്ടാ.””
കണ്ണനാണ് മറുപടി കൊടുത്തത്.

“”അത് ശെരിയാണല്ലോ രണ്ടാളും വന്നിട്ട് അവരെ ഒന്ന് കണ്ടില്ലല്ലോ അല്ലേ???””

“”അതേ ഹരിയേട്ടാ.
എന്നാൽ ഒന്നങ്ങോട്ട് പോയിട്ട് വരാം.
ഹരിയേട്ടൻ വരുന്നില്ലേ “”

“”ഞാൻ വന്നേക്കാം നിങ്ങള് നടന്നോ “”

ശെരി എന്നും പറഞ്ഞ് കണ്ണൻ വിഷ്ണുവിനെയും കൂട്ടി അപ്പുറത്തേയ്ക്ക് പോയി

“”ഇപ്പോൾ എങ്ങനെ ഉണ്ട്. വിച്ചുവേട്ടൻ പറഞ്ഞത് പോലെയാണെങ്കിൽ ഇപ്പോൾ ഹരിയേട്ടൻ നമ്മളെ തടഞ്ഞേനെ. വിച്ചുവേട്ടന് വെറുതെ തോന്നിയതാവും “”

“”മ്മ്മ്മ്മ് “”
കണ്ണൻ പറഞ്ഞതിന് വിഷ്ണു ഒന്ന് മൂളുക മാത്രം ചെയ്തു .

അവര് പോയെന്നുറപ്പായതും ഹരി ഫോണെടുത്ത് ഭദ്രയെ വിളിച്ചു

“”ഹലോ ഡി ഭദ്രേ,,,
രണ്ടാളും അങ്ങോട്ട് വരുന്നുണ്ട് കേട്ടോ.””

“”ശെരി, ശെരി ഹരിയേട്ടൻ ഫോൺ വെച്ചോ. നമ്മുടെ പുന്നാര പുത്രനെ ഇപ്പോ അങ്ങോട്ട് വിടാം.””

“”അവൻ കുളമാക്കുവോടി?””

“”ആ കാര്യത്തിൽ ഹരിയേട്ടൻ പേടിക്കണ്ട. അവനേ കൊണ്ടേ അവരെ തടയാൻ പറ്റൂ.””

“”അതേ, അതേ,,,
ഒരു കാര്യം കുളമാക്കുന്ന കാര്യത്തിൽ അമ്മേടെ മോൻ തന്നെയാ “”
ഹരി പതിയെ ചിരിച്ച് കൊണ്ട് പറഞ്ഞു.

“”അതിന്റെ ഇടയ്ക്ക് എനിയ്ക്കിട്ട് കൊട്ട്. ആയിക്കോട്ടെ മനുഷ്യാ.””

“”അതേ നമ്മക്ക് പിന്നെ അടി വെയ്ക്കാം കേട്ടോ “”
അതും പറഞ്ഞ് ഹരി ഫോൺ വെച്ചു.

“”സൂര്യാ ദേ നിനക്ക് ആന കളിയ്ക്കണം എന്ന് പറഞ്ഞില്ലേ??””
ഭദ്ര സൂര്യന്റെ അടുത്തേയ്ക്കിരുന്ന് കൊണ്ട് ചോദിച്ചു.

“”ആം കളിച്ചണം.വാ ദേവിമ്മേ ആന കളിച്ചാം “”
സൂര്യൻ ദേവിയുടെ നേരെ നോക്കി പറഞ്ഞു.

“”ദേവിമ്മയല്ല. ദേ കണ്ണൻ വരുന്നുണ്ട് അവൻ കളിപ്പിയ്ക്കും. മോൻ അങ്ങോട്ട് ചെല്ല് “”

“”കണ്ണമ്മാമനോ,,,””

“”ആ.,,
ദേ നമ്മടെ വീട്ടിലോട്ട് ചെല്ല് “”
അത് കേട്ട പാടെ സൂര്യൻ അപ്പുറത്തേക്കോടി.

പരസ്പരം സംസാരിച്ച് നിന്ന് കണ്ണനും, വിഷ്ണുവും ഇറങ്ങിയതും സൂര്യൻ അവരുടെ അടുത്തേയ്ക്ക് വന്നു

“”ആഹാ ഇതാരാ ഇത്??
എവിടെയാരുന്നു ഇത്രേം നേരം?””
കണ്ണൻ അവനെ എടുത്ത് കൊണ്ട് ചോദിച്ചു.

“”നാൻ ദേവൂന്റെ അടുത്ത് “”
അത് കേട്ടത് കണ്ണന്റെ മുഖം വിടർന്നു.

“”എന്നാൽ വാ നമുക്ക് ഒന്നും കൂടി ദേവൂന്റെ അടുത്ത് പോകാം “”

“”നാനില്ല….
മാമൻ ബാ ആന കളിച്ചാം “”
സൂര്യൻ കണ്ണനെ നോക്കി പറഞ്ഞു.

“”ഇപ്പോഴോ,,,
നമുക്ക് ദേവൂനെ കണ്ടിട്ട് ആന കളിയ്ക്കാം””

“”മേണ്ട… ഇപ്പൊ കളിച്ചണം “”
എന്നും പറഞ്ഞ് സൂര്യൻ വലിയ വായിൽ കാറാൻ തുടങ്ങി.

“”കാറല്ലേ എന്റെ പൊന്ന് മോനേ.,,,
വാ മാമൻ കളിപ്പിയ്ക്കാം “”
കണ്ണൻ പറഞ്ഞത് കേട്ടതും സ്വിച്ചിട്ടത് പോലെ സൂര്യന്റെ കരച്ചില് നിന്നു.
പിന്നെ കുറച്ച് നേരത്തേയ്ക്ക് കണ്ണന് അവിടെ നിന്ന് മറ്റൊരിടത്തോട്ട് അനങ്ങാൻ പോലും പറ്റിയില്ല.

🤗🤗🤗

ഭാമയും, ദേവൂം കുറേ നേരം ഭക്ഷണവും കൊണ്ട് അവിടെ അവരെ കാത്തിരുന്നു.

“”നിങ്ങള് കഴിച്ച് കഴിഞ്ഞെങ്കിൽ കിടന്നോ. ഉറക്ക ക്ഷീണം മുഖത്ത് കാണണ്ട.””
ഭാമ രണ്ട് പേരോടുമായി പറഞ്ഞു.

“”ഇച്ചിരി നേരം കൂടി കഴിയട്ടെ ഭദ്രേച്ചി “”

“”എന്തിനാ ഇച്ചിരി നേരം കൂടി???
കഴിച്ച് കഴിഞ്ഞല്ലോ ഇനി പോയി കിടക്ക് “”
സാവിത്രി അങ്ങോട്ട് വന്ന് പറഞ്ഞു.

പിന്നെ ഒന്നും പറയാൻ നിൽക്കാതെ ദേവൂം, ഭാമയും മുറിയിലേയ്ക്ക് പോയി.

“”അമ്മയ്ക്ക് വരാൻ കണ്ട സമയം എന്തൊരു കറക്റ്റ് ആയിരുന്നു.””

“”അവിടുത്തെ മുറിയിൽ ആനി ചേച്ചിയും, ദേവകിയമ്മയും, രേവതിയമ്മയും, ലക്ഷ്മി അമ്മയും എല്ലാവരും ഉണ്ടായിരുന്നു. അതിൽ നിന്ന് കൃത്യമായി അമ്മ ഇറങ്ങി വന്നത് എന്തായാലും സ്വയമേ ആലോചിച്ചിട്ടല്ല. അവള്, ദേവി പറഞ്ഞ് വിട്ടതാ ഉറപ്പാ .””
ഭാമ വലിയ കണ്ട് പിടിത്തത്തോടെ പറഞ്ഞു.

“”ഞാനൊന്നും പറയുന്നില്ല “”
എന്ന് പറഞ്ഞ് ദേവു കയറി കിടന്നു.
പുറകെ അവളുടെ ഒപ്പം ഭാമയും.

കുറച്ച് കഴിഞ്ഞതും കണ്ണനും, വിഷ്ണുവും വന്നു .

“”ആഹാ വാ രണ്ടാളും. വിശക്കുന്നില്ലേ നിങ്ങൾക്ക്? കഴിയ്ക്കാനെടുക്കാം “”
ദേവി രണ്ട് പേരുടെയും അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു.

“”ഡാ നമുക്ക് കഴിയ്ക്കാം അതാകുമ്പോൾ കുറച്ച് സമയം അധികം കിട്ടും അവരെ കാണുകയും ചെയ്യാം “”
വിഷ്ണു പതിയെ കണ്ണന്റെ ചെവിയിൽ പറഞ്ഞു.

“”എന്താ വേണ്ടേ രണ്ടാൾക്കും?””

“”വേണം…
എടുത്തോ ഏട്ടത്തി “”
എന്നും പറഞ്ഞ് അവര് കസേരയിലേയ്ക്കിരുന്നു. കഴിയ്ക്കുന്നതിനിടയിൽ രണ്ടാളുടെയും കണ്ണ് അവരെ പരതിക്കൊണ്ടിരുന്നു.

“”ഏട്ടത്തി അവര് രണ്ടാളും എവിടെ???””അവസാനം സഹി കെട്ട് വിഷ്ണു തന്നെ ദേവിയോട് ചോദിച്ചു.

“”അവര് കിടന്നല്ലോ…
അമ്മയാ രണ്ടിനേയും കിടക്കാൻ പറഞ്ഞ് വിട്ടത്.””

“”അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി.””
കണ്ണൻ വിഷ്ണു കേൾക്കാൻ പാകത്തിന് അതും പറഞ്ഞ് എഴുന്നേറ്റു.

“”എന്നാൽ ഞങ്ങളും അങ്ങോട്ട് കിടക്കാൻ പോകുവാ “”

“”അതേ വേഗം പൊയ്ക്കോ. രാവിലെ നേരത്തേ ഒരുങ്ങേണ്ടതല്ലേ “”

“”അതേ, അതേ “”
വിഷ്ണു പറഞ്ഞ് കൊണ്ട് പോകുന്നത് നോക്കി ദേവി ചിരിയടക്കി പിടിച്ച് നിന്നു.

“”എന്ത് പറ്റി രണ്ടാൾക്കും മുഖം വല്ലാതിരിയ്ക്കുന്നെ “”
നിഷ്കളങ്ക ഭാവം മുഖത്ത് വാരിവിതറി ഒന്നും അറിയാത്തത് പോലെ ഹരി ചോദിച്ചു.

“”ഓ എന്ത് പറ്റാനാ ഹരിയേട്ടാ…””

എന്നും പറഞ്ഞുള്ള അവരുടെ രണ്ടാളുടെയും പോക്ക് നോക്കി ഹരിയും ചിരി കടിച്ചു പിടിച്ച് നിന്നു.

എല്ലാവരും കിടന്നു കഴിഞ്ഞ് കുറേ നേരം പിന്നെയും വൈകിയാണ് ദേവി ഉറങ്ങിയത്.

“”എന്താ അച്ചുവേട്ടാ താമസിച്ചത്?””

“”അത് പിന്നെ അവിടെ സദ്യയുടെയും, പന്തലിന്റെയും കാര്യമൊക്കെ ഒന്ന് ശെരിയാക്കാതെ എനിയ്ക്ക് വരാൻ പറ്റുവോ””
അവൾടെ അടുത്തേയ്ക്കിരുന്നു കൊണ്ട് അർജുൻ ചോദിച്ചു.

“”താഴെ വെച്ചേ ചോദിയ്ക്കാനിരുന്നതാ. അച്ചായൻ ഉണ്ടായിരുന്നല്ലോ അതാ “”

“”എന്റെ പൊന്ന് ഭാര്യേ,,,
നീ ഒന്ന് കിടന്നുറങ്. രാവിലെ എഴുന്നേൽക്കണ്ടേ.””
അവളുടെ മുഖം പിടിച്ച് ആട്ടിക്കൊണ്ട് അർജുൻ പറഞ്ഞു.

“”മ്മ്മ്മ് “”
എന്നും പറഞ്ഞ് ദേവി കയറി കിടന്നു.
ഒപ്പം അവനും

😍😍😍😍😍

രാവിലെ ഭാമയെയും, ദേവൂനെയും ഒരുക്കാൻ ബ്യൂട്ടീഷൻ വന്നു. അവര് ആറു മണി ആയപ്പോഴേ ഭാമയെയും,ദേവൂനെയും ഒരുക്കാൻ തുടങ്ങി.
അവരെ നല്ല നാടൻ സ്റ്റൈലിൽ തന്നെയാണ് ഒരുക്കിയത്.

പെട്ടെന്ന്, പെട്ടെന്ന് ഓരോരുത്തരും ഒരുങ്ങി കഴിഞ്ഞു.

“”ദേവീ,,,
നീ ഒരുങ്ങി കഴിഞ്ഞെങ്കിൽ താഴേയ്ക്ക് വന്നേ “”
താഴെ നിന്നും സാവിത്രി വിളിയ്ക്കുന്നത് കേട്ടാണ് ദേവി പ്ലീറ്റ് എടുക്കുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചത്.

“”ശോ,,,
ഇതെടുത്തിട്ട് ശെരിയാവുന്നില്ലല്ലോ എന്റെ ഭഗവാനെ “”

“”എന്റെ ദേവീ,,,
നിനക്ക് സന്തോഷം കൂടിയിട്ടാ പറ്റാത്തത് .
നീ സമാധാനത്തിൽ ചെയ്യ് അപ്പൊ കിട്ടും “”
കണ്ണാടിയിൽ നോക്കി മുടി ചീകിക്കൊണ്ട് അർജുൻ പറഞ്ഞു.

“”എനിയ്ക്ക് ദേഷ്യം വരുന്നു.
ഇതെത്ര നേരമായി. ‘വെറുതെ ഒരു ഭാര്യ’ സിനിമയില് അവര് ടൂറ് പോകാൻ നേരം ഗോപിക ചേച്ചി സാരിയുടുക്കാൻ എടുത്തത് പോലെയുണ്ട്. എത്ര നോക്കിയിട്ടും പറ്റുന്നില്ല””

“”എന്നാൽ വാ ഞാനുടുപ്പിച്ച് തരാം.””
എന്നും പറഞ്ഞ് അർജുൻ അവളെ നോക്കുമ്പോൾ.
അവള് സാരിത്തുമ്പ് മാറ്റിയിട്ട് പ്ലീറ്റ് എടുക്കുകയാണ്. ആ കാഴ്ച അവനെ അവൻ പോലും അറിയാതെ അവൾക്കടുത്തേയ്ക്ക് അടുപ്പിച്ചു.
അവന്റെ നോട്ടത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാവാതെ അവള് തല കുനിച്ചു.

“”ഞാൻ ഉടുപ്പിച്ച് തരട്ടെ “”
അവൻ ചോദിച്ചതും അവളുടെ മുഖത്ത് നാണത്തിൽ കലർന്ന ചിരി വിരിഞ്ഞു.

“”ദേവീ,,,,””
വാതിലിൽ കൊട്ടിക്കൊണ്ടുള്ള ആനിയുടെ വിളി കേട്ടതും അവര് രണ്ടാളും ഞെട്ടി.

“”ദാ കഴിയാറായി ആനിചേച്ചി…..””
എന്നും പറഞ്ഞവള് അവനെ തള്ളി മാറ്റി

“”മ്മ്മ് “”
അവളെ നോക്കി ഒന്ന് നീട്ടി മൂളിക്കൊണ്ട് അവൻ മുറിയ്ക്ക് പുറത്തേക്കിറങ്ങി.
കുറച്ച് കഴിഞ്ഞതും ദേവിയും, ഒരുങ്ങി ഇറങ്ങി.
മുതിർന്നവർക്കെല്ലാവർക്കും ദക്ഷിണ കൊടുത്ത ശേഷം ഭാമയെയും, ദേവൂനെയും രാഹുകാലത്തിനു മുൻപ് ദേവിയുടെ അച്ഛൻ കൈ പിടിച്ചിറക്കി. കാറിലേയ്ക്ക് കയറ്റി.
വിഷ്ണുവും, കണ്ണനും അവർക്ക് മുന്നേ അമ്പലത്തിലേയ്ക്ക് പോയിരുന്നു. അവർക്കൊപ്പം ഭദ്രയും, ഹരിയും, സൂര്യനും രണ്ടമ്മമാരും.
ദേവൂനും,ഭാമയ്ക്കും, ഒപ്പം മറ്റുള്ളവരും.

മണ്ഡപത്തിലെത്തിയ ശേഷം കണ്ണനേയും, വിഷ്ണുവിനെയും ആദ്യം കയറ്റി ഇരുത്തി.
കുറച്ച് കഴിഞ്ഞതും ഭാമയെയും, ദേവൂനെയും മണ്ഡപത്തിലേയ്ക്ക് കൊണ്ട് വന്നു. മുന്നിൽ താലം പിടിച്ച് കുട്ടികൾ. അവർക്ക് പിന്നിലായി അവര് രണ്ടാളും. കല്യാണ വസ്ത്രത്തിൽ ഒരുങ്ങി വരുന്ന തന്റെ പെണ്ണിനെ കാൺകെ കണ്ണനും, വിഷ്ണുവും പരിസരം മറന്ന് അവരെ തന്നെ നോക്കി ഇരുന്നു.

“”അതേ അളിയാ സ്വന്തം പ്രോപ്പർട്ടിയല്ലേ ഒരു മയത്തിലൊക്കെ നോക്ക്.””
കണ്ണന്റെ അടുത്തേയ്ക്ക് ചെന്ന് കൊണ്ട് അർജുൻ പറഞ്ഞു.

“”വിഷ്ണൂ,,,
മതിയെടാ നോക്കിയത്. അവളിനി എന്നും കൂടെയുണ്ടല്ലോ??””
ഭദ്ര ചോദിച്ചപ്പോഴാണ് താൻ ഇത്രയും സമയം അവളെ നോക്കി ഇരിയ്ക്കുകയായിരുന്നു എന്ന് വിഷ്ണുവിന് മനസ്സിലായത്.

ഭാമയും, ദേവൂം മണ്ഡപത്തിലേക്ക് കയറിയതും, ദക്ഷിണ കൊടുക്കാനുള്ളവർക്കെല്ലാം ദക്ഷിണ കൊടുത്തു.
ശേഷം കണ്ണനടുത്തായി ദേവുവും,
വിഷ്ണുവിനടുത്തായി ഭാമയും ഇരുന്നു.
കുറച്ച് കഴിഞ്ഞതും,,,

“”മുഹൂർത്തമായി ഇനി താലി ചാർത്തിക്കോളൂ””
തിരുമേനി പറഞ്ഞത് പ്രകാരം കണ്ണനും, വിഷ്ണുവും മുഹൂർത്തത്തിന് തന്നെ ദേവൂന്റെയും, ഭാമയുടെയും കഴുത്തിൽ താലി ചാർത്തി അവരെ തങ്ങളുടെ പാതിയാക്കി. കണ്ണന്റെ സഹോദരീ സ്ഥാനത്ത് നിന്ന് ദേവിയാണ് താലി കെട്ട് സമയത്ത് ദേവൂന്റെ മുടി പൊക്കി കൊടുത്തത്. വിഷ്ണുവിന്റെ സഹോദരീ സ്ഥാനത്ത് നിന്ന്കൊണ്ട് ഭദ്ര ഭാമയുടെയും.

ആ മംഗള മുഹൂർത്തതിന് സാക്ഷ്യം വഹിച്ച്കൊണ്ട് എല്ലാവരും അവരെ അനുഗ്രഹിച്ചു.

ദേവിയുടെ അച്ഛൻ ഭാമയെയും, ദേവൂനെയും വിഷ്ണുവിനും, കണ്ണനും കൈ പിടിച്ച് നൽകി കന്യാദാനം നടത്തി. അതിന് ശേഷം മണ്ഡപത്തിന് വലം വെച്ച് അവര് ഭാഗവാന് മുൻപിൽ തൊഴു കൈയ്യോടെ നിന്നു.

ഒരുപാട് വലിയ ചടങ്ങായി നടത്താത്തിരുന്നത് കൊണ്ട് കല്യാണവും, ചടങ്ങുകളും എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു.

വൈകും മുൻപ് ഇറങ്ങാം എന്ന് പറയാൻ ദേവി അൽപം വേഗത്തിൽ അവരുടെ അടുത്തേക്ക് നടന്നു. അതുകണ്ടതും അർജുൻ അവളുടെ പിന്നാലെ ഓടി വന്നു.

“”ദേവീ.,,,
നീ ഇങ്ങനെ ധൃതി പിടിച്ച് നടക്കാതെ. എന്റെ കുഞ്ഞ്.””
അർജുൻ പറഞ്ഞ് മുഴുവിപ്പിയ്ക്കും മുൻപ് ദേവി അവനെ കൂർപ്പിച്ചു നോക്കി.

“”ഇതും കൂടി കൂട്ടി ഇന്ന് കല്യാണത്തിന് ഇവിടെ വന്നിട്ട് ഇതെത്രാമത്തെ തവണയാണ് അച്ചുവേട്ടൻ എന്നോട് പറഞ്ഞ് പുറകെ നടക്കുന്നതെന്ന് വല്ല ബോധവും ഉണ്ടോ. ആരെങ്കിലും കേട്ടാൽ എന്തൊരു നാണക്കേടാ “”

“”ഓ പിന്നെ.,,,
ഞാൻ എന്റെ കുഞ്ഞിന്റെ കാര്യമാ പറഞ്ഞത്. അതാര് കേട്ടാലും എനിയ്ക്ക് പ്രശ്നമല്ല “”
അർജുൻ അത്രയും പറഞ്ഞ് മുഖം വെട്ടിച്ചു.

“”ശെരി…
എങ്കിൽ ഇനി ഞാൻ പതിയെ നടക്കൂ…””
എന്നും പറഞ്ഞവള് അവനോടൊപ്പം അവരുടെ അടുത്തേയ്ക്ക് ചെന്നു.

“”അതേ,,,
സമയം വൈകുന്നു. അത്രയും ദൂരം ചെല്ലാനുള്ളതല്ലേ. അല്ലെങ്കിൽ അവിടെ ചെന്ന് കയറാനുള്ള മുഹൂർത്തം തെറ്റും.””
രേവതി പറഞ്ഞതും ദേവിയുടെ അച്ഛനും അതിനെ അനുകൂലിച്ചു.

അർജുനും ദേവിയും അവരെയും കൊണ്ട് പോകുന്ന കാറിലും,,, ഐസക്കും, ആനിയും, ദേവകിയും, രേവതിയും ഒരു കാറിലുമായിരുന്നു.

“”ഞങ്ങള് ആദ്യമേ അങ്ങ് പോകാം.ചെന്നിട്ട് വേണ്ടേ ആരതിയ്ക്കുള്ളതൊക്കെ റെഡിയാക്കാൻ “”
എന്നും പറഞ്ഞ് ദേവകിയും, രേവതിയും ഐസക്കിനും,, ആനിയ്ക്കും ഒപ്പം ആദ്യമേ പുറപ്പെട്ടു.
കുറച്ച് സമയം കഴിഞ്ഞതും പിന്നാലെ അവരും.

വീട്ടിലെത്തി മുഹൂർത്തം തെറ്റും മുൻപേ രണ്ടാളുടെയും ഗൃഹപ്രവേശം നടത്തി.
ഹാളിൽ ഇരുത്തി രണ്ട് വധൂ വരന്മാർക്കും മധുരം കൊടുത്തു.

“”ചടങ്ങുകളെല്ലാം കഴിഞ്ഞോ ദേവിയേച്ചി.??””
കണ്ണൻ ദേവിയുടെ നേരെ നോക്കി ചോദിച്ചു.

“”കഴിഞ്ഞു കണ്ണാ,,,
എന്താടാ???”””

“”ഇന്നലത്തെ പ്ലാൻ ആരുടെ വകയായിരുന്നു??””

“”പ്ലാനോ?? എന്ത് പ്ലാൻ??””
ദേവി ഒരു കൂസലുമില്ലാതെ ചോദിച്ചു.

“”ദേ ഒറ്റ ഇടി വെച്ച് തന്നാലുണ്ടല്ലോ. പറഞ്ഞേക്കാം… ഒന്നും അറിയാത്ത ഒരു പാവം “”

“”ഈ,,,””
ദേവി അവനെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു.

“”ചിരിയ്ക്കല്ലേ ചിരിയ്ക്കല്ലേ “”

“”എന്നാലും എന്റെ ഏട്ടത്തി,,,
ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. “”
വിഷ്ണു പറഞ്ഞതും കൂടി ആയപ്പോൾ ദേവിയുടെ മുഖം വീർത്തു.

“”അയ്യോ എന്റെ ദൈവമേ,,,
ഈ മുഖം ഇങ്ങനെ വീർപ്പിയ്ക്കണ്ട. ഞങ്ങള് ചുമ്മാ പറഞ്ഞതല്ലേ “”

“”അതേ,,,
മതി മതി. ഇനി എല്ലാരും പോയി ഫ്രഷ് ആയിട്ട് വാ “”
അർജുൻ അവരുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.

“”എന്നാൽ ഞങ്ങളിറങ്ങിയേക്കുവാ കേട്ടോ””
ഐസക് എല്ലാവരോടുമായി പറഞ്ഞു.

“”വന്നതല്ലേ ഉള്ളു അച്ചായാ “”

“”നീ ഒന്ന് പോയേടാ ചെറുക്കാ …
ഇറങ്ങട്ടെ അമ്മേ.,,, ഇറങ്ങട്ടെ അപ്പച്ചി. വരട്ടെ പിള്ളേരെ “”
അർജുന്റെ കൈയ്ക്കിട്ടൊരടിയും കൊടുത്ത് അവരോട് യാത്രയും പറഞ്ഞ് ഐസക്കും, ആനിയും ഇറങ്ങി.

❤️❤️❤️

“”എന്റെ ദേവി ഒന്ന് പെട്ടന്നാവട്ടെ. ഞാൻ അവരുടെ മുറി എത്ര പെട്ടെന്നാ അലങ്കരിച്ചേ””

“”മ്മ്മ്,,,
അതുകൊണ്ടല്ലേ എനിയ്ക്ക് ഒന്നും കൂടി ചെയ്യേണ്ടി വന്നത് “”
എളിയ്ക്ക് കൈ കുത്തി ദേവി അത് ചോദിച്ചതും. അർജുൻ അവളെ നോക്കി സൈറ്റടിച്ച് കാണിച്ച് കൊടുത്ത് അവളെയും കൊണ്ട് പുറത്തേക്കിറങ്ങി.

“”എന്നാപ്പിന്നെ ഇനി അവരെ അകത്തേയ്ക്ക് വിട്ടിട്ട് നമുക്കും പോയി കിടക്കാം “”

“”ഞാൻ രണ്ടെണ്ണത്തെ അടുക്കളയിൽ നിർത്തിയിട്ടാ വന്നത്. അങ്ങോട്ട് ചെല്ലട്ടെ “”
ദേവി അതും പറഞ്ഞ് താഴേയ്ക്ക് നടന്നു.

അർജുൻ കണ്ണനെയും., വിഷ്ണുവിനെയും മുറിയിലാക്കി സ്വന്തം മുറിയിലേക്കും പോയി.

“”രണ്ടാളും പാൽ ഗ്ലാസ്സും എടുത്ത് മുറിയിലേക്ക് നടന്നോ””
ദേവി രണ്ടാളുടെയും കൈയ്യിൽ ഓരോ ഗ്ലാസ് പാല് എടുത്ത് കൊടുത്തു.

“”അല്ല. ചേച്ചി.,,,
എന്റെ ഭയങ്കര വലിയൊരു സംശയമാ. എന്തിനാ ഈ. പാല്??””
ദേവു തന്റെ സംശയം ചോദിച്ചതും ദേവിയ്ക്ക് എന്ത് പറയണം എന്നറിയാതെ ആയി.

“”അത്,,, പിന്നെ,,,,
ആ,,, എനിയ്ക്കറിയില്ല. നീ ചെല്ല് ദേവു. എനിയ്ക്ക് നന്നായിട്ട് ഉറക്കം വരുന്നു.””

അവരെ രണ്ടാളെയും മുറിയിലേക്കയച്ച് ദേവിയും സ്വന്തം മുറിയിലേക്ക് പോയി.

“”അച്ചുവേട്ടാ,,,,
ഇന്നെനിയ്ക്ക് ഭയങ്കര സന്തോഷമുള്ള. ദിവസമാ””
അവള് അവന്റെ നെഞ്ചിലേക്ക് കിടന്നു കൊണ്ട് പറഞ്ഞു.

“”ആണോ,,,??””
അവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

“”അതേ.,,,
അതോടൊപ്പം തന്നെ നല്ല ക്ഷീണവും ഉള്ള ദിവസമാ. അതുകൊണ്ട് ഗുഡ് നൈറ്റ്…””
എന്നും പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ഒരിടി വെച്ച് കൊടുത്ത് അവള് അവനേ ഇറുക്കി പുണർന്ന് ഉറങ്ങാൻ കിടന്നു .

തുടരും,,,,