രചന – അരുന്ധതി
പള്ളിയിൽ ചെന്ന് ഫാദറിനെ കണ്ട് ഐസക്കും പോയി.
പിന്നീടുള്ള ദിവസങ്ങളിൽ ഐസക്കിന് ഊണിലും ഉറക്കത്തിലും ആനിയെ കുറിച്ചായിരുന്നു ചിന്ത. തന്നെ പോലും ഉത്തരം മുട്ടിച്ച അവളുടെ വാക്സാമർഥ്യം അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു.
അങ്ങനെ ഒരു ഞായറാഴ്ച,
രാവിലെ പള്ളിയിൽ പോയി കുർബാന കൊണ്ട ശേഷം ഐസക് നേരെ പോയത് ഫാദറിന്റെ അടുത്തേയ്ക്കാണ്.
“”ഫാദർ,, “”
അദ്ദേഹത്തിനടുത്തേക്ക് ചെന്ന് കൊണ്ട് അവൻ വിളിച്ചു.
“”ഐസക്കേ,, വാ,,, നീ ഇരിയ്ക്ക് “”
അവൻ അദ്ദേഹത്തിനടുത്തേയ്ക്കിരുന്നു.
“”ഫാദർ,,, “”
“” എന്നതാടാ പറയാനൊരു അമാന്തം??
എന്നതാണെങ്കിലും നീ പറഞ്ഞോ. ഇന്ന് പള്ളിയിൽ വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു. എന്താ മോനേ?? “”
അവന് നേരെ നോക്കി അദ്ദേഹം ചോദിച്ചു.
“”എങ്ങനെ പറഞ്ഞു തുടങ്ങും എന്നെനിക്കറിയില്ല ഫാദർ. മനസ്സിൽ തോന്നിയ ആഗ്രഹം ആദ്യം ഞാൻ അപ്പച്ചനോടും, അമ്മച്ചിയോടുമാ പറഞ്ഞത്. കർത്താവിനോടും പറഞ്ഞു. ഇപ്പോൾ,,, “”
“”ആഗ്രഹമോ?,,,
എന്താടാ,,,, മിന്ന് കെട്ടും, പെണ്ണും ഒന്നും വേണ്ടാന്ന് പറഞ്ഞ് നടന്നിട്ട് ഇപ്പോൾ അതിന് വല്ല മാറ്റവും വന്നോ “”
“”അതിനെക്കുറിച്ച് സംസാരിക്കാൻ തന്നെയാണ് ഞാൻ വന്നത് . മുന്നോട്ടുള്ള ജീവിതത്തിൽ ഒരാള് എന്റെ കൂടെ ഉണ്ടാവണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. ജീവിതത്തിൽ ആദ്യമായി തോന്നിയ ആഗ്രഹം. “”
“”നീ എടുത്ത തീരുമാനമായത് കൊണ്ട് ഒരിക്കലും തെറ്റ് പറ്റില്ല. പറയ് ആരാണ്? “”
“”ആനി,,, “”
അവൻ ഒറ്റവാക്കിൽ പറഞ്ഞ് നിർത്തി.
“”ആനിയോ??
അത് വേണോടാ,,,നിന്റെ അമ്മാച്ചൻ ഇതിന് സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ. അയാള് മാത്രമല്ല. കുരിശുവീട്ടിൽ കുടുംബക്കാരാരും ഇതിന് സമ്മതിക്കില്ല. എന്തിനാ മോനേ വെറുതെ അവളെ കൂടി വേദനിപ്പിക്കുന്നത് “”
വേവലാതിയോടെ ഫാദർ പറഞ്ഞു.
“”എന്റെ അപ്പച്ചനും, അമ്മച്ചിയും ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്റെ ഈ ആഗ്രഹത്തിനൊപ്പമേ അവര് നിൽക്കുമായിരുന്നുള്ളു. “”
“”അതൊക്കെ ശെരിയാണ്. പക്ഷേ,,, “”
“”ഫാദറിന് അവളെ എന്റെ കൈ പിടിച്ചേൽപ്പിക്കാൻ വിശ്വാസമുണ്ടോ?? അതുമാത്രം എനിക്കറിഞ്ഞാൽ മതി. “”
“”വിശ്വാസമുണ്ടോ എന്നോ,,, നിന്നെക്കാൾ നല്ല ഒരാളെ ഞാൻ എവിടുന്ന് കണ്ട് പിടിക്കാനാ. പക്ഷേ ആലീസ് “”
“”ആലീസിന്റെ കാര്യം ഓർത്ത് ഫാദർ പേടിക്കണ്ട. . ഇപ്പോൾ അതൊന്നും അല്ല പ്രശ്നം . ആനിയ്ക്ക് ഈ മിന്ന് കെട്ടിന് സമ്മതമാണോ അല്ലയോ എന്നെനിക്കറിയണം. “”
“”ഞാൻ ചോദിച്ചിട്ട് കാര്യമില്ല നീ തന്നെ നേരിട്ട് ചോദിച്ചറിഞ്ഞാൽ മതി. “”
“”ഫാദർ,,, “”
പെട്ടെന്ന് ആനി അങ്ങോട്ടേക്ക് കയറി വന്നു. അവിടെ പെട്ടെന്ന് ഐസക്കിനെ കണ്ടതും അവള് ചമ്മിയ പോലെ ആയി.
“”ആ ഇതാരാ ആനി മോളോ,,
ഇങ്ങ് വാ. ഇതാരാണെന്നു നോക്കിക്കേ “”
ഫാദർ അവളെ അടുത്തേയ്ക്ക് വിളിച്ചു പറഞ്ഞു.
“””ഓ,,
ഇത് കമ്മീഷ്ണർ അല്ലേ. പറഞ്ഞ സമയത്ത് വരാത്ത കമ്മീഷ്ണർ. “”
അവള് പറഞ്ഞത് കേട്ടതും ഫാദർ അവളെ തുറിച്ച് നോക്കി.
എന്നിട്ട് അവനെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ച് എഴുന്നേറ്റു.
“”ആനി നീ ഇവിടെ നിൽക്ക്. ഞാനിപ്പോ വരാം. “”
“”ഫാദർ അത്,,, “”
“”അവനിപ്പോ പോകും മോളെ, “”
അവളുടെ പ്രശ്നം മനസ്സിലാക്കി അദ്ദേഹം അതും പറഞ്ഞ് പുറത്തേയ്ക്ക് പോയി.
അവിടെ ഇരിക്കുന്ന ഐസക്കിനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത
ഫാദറിന്റെ പാട്ട് പെട്ടിയിലെ പൊടി തട്ടി കളയുന്നതിലായിരുന്നു ആനിയുടെ ശ്രദ്ധ. പെട്ടെന്ന് മൗനം ഭേദിച്ചു കൊണ്ട് ഐസക് തന്നെ അവളെ വിളിച്ചു.
“”ആനി,,,, “”
അവൻ വിളിച്ചത് കേട്ടതും, എന്താ എന്നുള്ള ഭാവത്തിൽ അവള് പതിയെ മുഖമുയർത്തി അവനെ നോക്കി.
“”അല്ല ഒരിച്ചിരി സമയം വൈകിയതിന് ഇങ്ങനെ മുഖം വീർപ്പിച്ചു വെക്കേണ്ട കാര്യമൊന്നുമില്ല “”
“”അതേ,,
എന്റെ മുഖം എപ്പോൾ വീർപ്പിക്കണം, ആരെ കാണുമ്പോൾ ചിരിക്കണം, എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. കമ്മീഷ്ണറ് അതോർത്തു തല പുകയ്ക്കണ്ട. “”
മുഖത്ത് പുച്ഛം വാരി വിതറി അവള് പറഞ്ഞു.
“”ഇങ്ങനെ എണ്ണിച്ചുട്ടപ്പം പോലെ മറുപടി കൊടുത്താൽ കേട്ടിയോന്റെ കൈ മുഖത്തിരിക്കും കേട്ടോ “”
“”അയ്യോ,, ഇങ്ങോട്ട് വന്നേച്ചാലും മതി. ഈ ആനിയുടെ തനി സ്വഭാവം അറിയും. പിന്നെ,,
ആനി ഇങ്ങനെയൊക്കെയാ. അതൊക്കെ അറിഞ്ഞു കെട്ടുന്നവൻ കെട്ടിയാൽ മതി. ഇനി അങ്ങനെ കിട്ടിയില്ലെങ്കിൽ ഞാൻ ഇങ്ങനെ തന്നെയങ്ങ് ജീവിയ്ക്കും. “”
അത്രയും പറഞ്ഞ് അവള് മുഖം തിരിച്ചു നിന്നു.
“”എങ്കിൽ ആനിക്കൊച്ചിന്റെ ഈ സ്വഭാവം കണ്ട് കൂടെകൂട്ടാൻ തയ്യാറായി ഒരാള് വന്നിട്ടുണ്ട് പേര് ആൽവിൻ ഐസക്. “”
അവൻ പറഞ്ഞ് തീർന്നതും അവളൊരു പ്രതികരണവും ഇല്ലാതെ തലകുലുക്കി കൊണ്ട് നിന്നു. പെട്ടെന്ന് ആ പേര് ഒന്നും കൂടി മനസ്സിൽ പറഞ്ഞ് നോക്കിയതും അവള് ഞെട്ടി അവനെ നോക്കി. അപ്പോഴേക്കും അവൻ അവിടെ നിന്നും പുറത്തേയ്ക്ക് പോയിരുന്നു. തിരിച്ചൊന്നും പറയാൻ പറ്റാതെ അവള് അങ്ങനെ തന്നെ നിന്നു.
“”ആനിമോളെ ,, “”
ഫാദർ അവളുടെ അടുത്തേയ്ക്ക് വന്നു.
“”ഫാദർ,,””
അവള് എന്തൊക്കെയോ പറയാനെന്നവണ്ണം അദ്ദേഹത്തെ വിളിച്ചു.
“”ഈ ബന്ധത്തിന് മോള് സമ്മതിയ്ക്കണം. കാരണം അവനെക്കാളും നല്ലൊരു ആളെ നിനക്ക് വേണ്ടി കണ്ടെത്തി തരാൻ എനിയ്ക്കാവില്ല. “”
“”പക്ഷേ,,””
“”മോളെ,,
സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് സങ്കട കടലിലേയ്ക്ക് വീണവനാണ് അവൻ. അവന്റെ അപ്പച്ചനും, അമ്മച്ചിയും പോയ ശേഷം , കൂടെ സ്വന്തമായി ആരെങ്കിലും വേണം എന്ന ഒരാഗ്രഹം അവനിൽ ഉണ്ടായിട്ടേ ഇല്ല. ഇപ്പോൾ അവൻ നിന്നെ കൂടെ കൂട്ടാൻ ആഗ്രഹിയ്ക്കുന്നു. അതിൽ യാതൊരു തെറ്റും ഞാൻ കാണുന്നില്ല. മറിച്ച് ശെരി മാത്രമേ കാണുന്നുള്ളൂ. എന്ത് തീരുമാനം വേണമെങ്കിലും നിനക്കെടുക്കാം. “”
ഫാദർ പറഞ്ഞ് തീർന്നതും തിരിച്ചൊന്നും പറയാതെ അവൾ എഴുന്നേറ്റ് പുറത്തേയ്ക്ക് പോയി.
മുറിയിൽ ചെന്ന് അവനെ കുറിച്ച് മാത്രമായിരുന്നു അവളുടെ ചിന്ത. ആ ചിന്ത അവളുടെ മുഖത്തെ പ്രസന്നമാക്കി.
പിറ്റേന്ന് രാവിലെ പള്ളിയിൽ പോയി കർത്താവിന് മുന്നിൽ മുട്ട് കുത്തിയവൾ പ്രാർത്ഥിച്ചു. ശേഷം ഐസക്കിന്റെ അപ്പച്ചന്റെയും, അമ്മച്ചിയുടെയും കല്ലറയ്ക്ക് മുൻപിലും പോയി സമ്മതം അറിയിച്ചു.
അവിടുന്ന് നേരെ വന്നത് ഫാദറിന്റെ അടുത്തേയ്ക്കാണ്.
“”ഫാദർ,,, എനിക്ക് സമ്മതമാണ് .
ഫാദർ വിളിച്ചറിയിച്ചോളൂ”
അത്രയും പറഞ്ഞവൾ തിരിച്ചു പോയി.
പെട്ടെന്ന് തന്നെ ഫാദർ ഐസക്കിനെ വിവരമറിയിച്ചു. അവൻ ഫോൺ വെച്ച് മറ്റുള്ളവരെയെല്ലാം സ്വന്തം തീരുമാനം അറിയിച്ചു.
“”സമ്മതിയ്ക്കുകേല ഞാൻ. അങ്ങനെ കണ്ട അനാഥ പെണ്ണിനെയൊന്നും കുരിശുവീട്ടിലെ മരുമകളാക്കാൻ ഞാൻ അനുവദിക്കത്തില്ല. “”
ഐസക്കിന്റെ അമ്മാച്ചൻ സ്വന്തം എതിർപ്പ് പ്രകടിപ്പിച്ചു.
“”പിന്നെ അമ്മാച്ഛൻ എനിക്ക് കണ്ട് വെച്ചേക്കുന്നതരെയാ? ആലീസിനെയോ? ‘”
ഐസക് അയാൾക്ക് നേരെ നിന്ന് അലീസിനെ ചൂണ്ടി ചോദിച്ചു.
“”അതേ,, എന്റെ മകൾ അലീസിനെ നീ മിന്ന് കെട്ടിയാൽ മതി “”
“”അതിന് സമ്മതമാണോ അല്ലയോ എന്ന് ആലീസ് പറയട്ടെ “”
ആലീസിന് നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു.
“”എന്റെ സമ്മതാണ് അവളുടെയും സമ്മതം””
“”അല്ല,,,,
എനിയ്ക്ക് സമ്മതമല്ല. “”
മുഖം ഉയർത്താതെ തന്നെ അവള് മറുപടി പറഞ്ഞു.
“”ആലീസേ,,, “”
അയാള് ഉച്ചത്തിൽ അലറി.
“”അപ്പച്ചൻ ശബ്ദമുയർത്തണ്ട. സഹോദരനായി കണ്ട ആൾക്ക് മുന്നിൽ എങ്ങനെയാണ് മിന്ന് കെട്ടാൻ തല കുനിച്ചു കൊടുക്കുന്നത് ? “”
“”മകളുടെ മനസ്സ് കാണാതെ സ്വത്തിലും, പണത്തിലും മാത്രമായിരുന്നില്ലേ അമ്മാച്ചന്റെ കണ്ണ്. അതുകൊണ്ടാ സ്വന്തം മകളുടെ മനസ്സ് കാണാൻ പറ്റാതെ പോയത്.””
പിന്നെ ഒന്നും പറയാൻ നിൽക്കാതെ അയാള് അകത്തേയ്ക്ക് കയറി പോയി.
“”ഐസക്കേ,,
സ്വത്തിനോടും, പണത്തോടും കുറച്ച് അത്യാഗ്രഹം ഉണ്ടെന്നേ ഉള്ളൂ. ഇച്ചായന്റെ മനസ്സിൽ നിന്നോടുള്ള സ്നേഹം അങ്ങനെ തന്നെയുണ്ട്.”
“”അതെനിക്കറിയാം,,,
പക്ഷെ കാര്യങ്ങളൊക്കെ ഞാനും മനസ്സിലാക്കിയിരുന്നു എന്ന് അറിയിച്ചു എന്നേ ഉള്ളു. അറിവില്ലാത്ത പ്രായത്തിൽ അപ്പച്ചനും, അമ്മച്ചിയും പോയപ്പോൾ ഒപ്പം കൂടെ ഉണ്ടായിരുന്നത് നിങ്ങള് രണ്ടാളുമാ. സ്വത്തിനോടും, പണത്തോടും ഇച്ചിരി ആർത്തിയുണ്ടെന്നേ ഉള്ളു ആൾക്ക് ഒരാളെ ദ്രോഹിക്കാനുള്ള മനസ്സൊന്നും ഇല്ല എന്നെനിക്കറിയാം . ആന്റി അങ്ങോട്ട് ചെല്ല്. ഒത്തിരി വിഷമം ആയിക്കാണും. “”
അവര് മുകളിലേക്ക് ചെന്നു.
“”ഇച്ചായാ,,,
അവന് ഇച്ചായനോട് ദേഷ്യമൊന്നും ഇല്ല.
പിന്നെ അവരുടെ മനസ്സിൽ അങ്ങനെയൊന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാ വാശി പിടിയ്ക്കുന്നെ . ഇച്ചായൻ വെറുതെ പ്രശ്നമുണ്ടാക്കാൻ പോകണ്ട .””
“”അവനോട് എനിക്ക് ദേഷ്യവും, വാശിയും ഒന്നും ഇല്ല. പിന്നെ,,, “”
“”അതൊന്നും സാരമില്ല. ഇനിയിപ്പോൾ ഇച്ചായൻ അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ മുന്നിൽ തന്നെ ഉണ്ടാവണം. അതാണ് ചെയ്യേണ്ടത്. “”
“”നാളെ തന്നെ പള്ളിയിൽ പോയി അച്ചനെ ഒന്ന് കാണണം. “”
💞💞💞💞💞
കുരിശ് വരച്ച് ആനി കിടക്കാൻ പോകുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്..
ഫോൺ എടുത്ത് ചെവിയോട് ചേർക്കുമ്പോൾ കാതിൽ പതിഞ്ഞ ശബ്ദം മറുതലയ്ക്കലുള്ള ആളെ അവൾക്ക് മനസ്സിലാക്കി കൊടുത്തു.
“”ഹലോ,,, ആനിക്കൊച്ചേ,,, “”
അവന്റെ ആനിക്കൊച്ചേ എന്നുള്ള വിളി കേട്ടതും അവളുടെ മുഖം സന്തോഷത്താൽ തുടുത്തു.
“”എന്തോ,,, “”
പതിഞ്ഞ ശബ്ദത്തിൽ അവൾ വിളി കേട്ടു.
“”ശെരിക്കും നീ മനസ്സ് കൊണ്ട് തന്നെയാണോ സമ്മതം അറിയിച്ചത്? “”
അവൻ ചോദിച്ചിട്ടും മറുതലയ്ക്കൽ നിന്ന് മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ അവൻ അവളെ ഒന്ന് കൂടി വിളിച്ചു.
“”അന്ന് ഈ കാര്യം ഫാദർ പറയുമ്പോൾ ഈ ബന്ധത്തിന് സമ്മതിയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ അനാഥത്വമാണ്. കാരണം മറ്റാരേക്കാളും എന്നെ മനസ്സിലാക്കാൻ പറ്റും എന്നെനിയ്ക്ക് തോന്നി. പിന്നെ കുരിശ് വീട്ടിലെ മരുമകളാവാൻ എനിയ്ക്ക് അർഹതയുണ്ടോ എന്നൊരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു. “”
“”അതിന് നിന്നിലും അർഹയായ മറ്റൊരുവൾ ഇല്ല. ഇതറിയാൻ വേണ്ടിയാ ഞാൻ വിളിച്ചത്. എന്നാൽ ഇനി ആനിക്കൊച്ച് ഉറങ്ങിക്കോ “”
“”ശെരി ഇച്ചായാ,, “”
അതും പറഞ്ഞവൾ ഫോൺ വെച്ചു.
അവളുടെ ഇച്ചായാ എന്നുള്ള വിളി ഓർക്കുമ്പോൾ പോലും അവനിലുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.
അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
അവന്റെ ആനിക്കൊച്ചേ എന്നുള്ള വിളിയിലെ സുരക്ഷിതത്വം അവളെയും ആനന്ദത്തിലാഴ്ത്തി. അവൾക്കും സ്വന്തമെന്ന് പറയാൻ ഒരാളുണ്ടായ സന്തോഷം ഉണ്ടായിരുന്നു.
ഫോൺ നെഞ്ചോട് ചേർത്ത് അവൾ കിടക്കയിലേക്ക് കിടന്നു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മനസമ്മതവും, കല്യാണവും എല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു.
🌹🌹🌹🌹🌹
“””ഇപ്പോൾ അച്ചായന്റെ കുടുംബക്കാർക്ക് അച്ചായനെക്കാളും ഇഷ്ടം ആനിചേച്ചിയോടാ… അത്രയ്ക്ക് പാവാ ചേച്ചി “”
“”അതേ ഏട്ടാ ഇവിടെ വന്നപ്പോൾ ഞാൻ കണ്ടതല്ലേ. അച്ഛനൊക്കെ എത്ര കാര്യമായിരുന്നു. “”
“”അതേ,,,
ഇപ്പോൾ തന്നെ എത്ര ആയി സമയം എന്ന് വല്ല പിടിത്തവും ഉണ്ടോ അനിയത്തിയുടെ പുന്നാര ഏട്ടന്? “”
അവരുടെ അടുത്ത് നിന്നും എഴുന്നേറ്റ് നിന്ന് കൊണ്ട് ദേവി ചോദിച്ചു.
“”അയ്യോ,, എന്റെ ദൈവമേ മണി ഇത്രയും ആയോ. “”
“”വന്ന് കഴിഞ്ഞ് കഥ പറഞ്ഞാൽ എന്താ പറ്റില്ലായിരുന്നോ… ഒരു കഥാകാരൻ വന്നിരിയ്ക്കുന്നു. “”
“”ഡീ,,,
എന്റെ ഏട്ടനെ വല്ലതും പറഞ്ഞാലുണ്ടല്ലോ. ഞങ്ങള് ചിലപ്പോൾ കഥയും പറയും, ചിലപ്പോൾ കഥ എഴുതിയെന്നും വരും. നിനക്കെന്താ “”
ഭാമ പറയുമ്പോഴേക്കും വിച്ചു വന്നവളുടെ വായ പൊത്തിപിടിച്ചു.
“”ഏട്ടത്തി ഇതിന്റെ വായടച്ചിട്ട് ഇന്ന് നിങ്ങൾക്ക് പോക്ക് നടക്കില്ല. അതുകൊണ്ട് നിങ്ങള് പൊയ്ക്കോ “”
കിട്ടിയ തക്കത്തിന് രണ്ടും കൂടി ഓടി കാറിൽ കയറി.
“”ഭാമേ,,, അകത്ത് മസാല ദോശ ഉണ്ടാക്കി അടച്ച് വെച്ചിട്ടുണ്ട്. ചൂടാറും മുൻപ് എടുത്ത് കഴിച്ചോളണേ “”
കാറെടുക്കുമ്പോൾ ദേവി അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.
അതും കേട്ട് അടുക്കളയിലേയ്ക്ക് പോകാൻ തിരിഞ്ഞ ഭാമ കാണുന്നത് കണ്ണും തള്ളി നിൽക്കുന്ന വിച്ചുവിനെയാണ്.
“””അങ്ങോട്ട് മാറ്. അതേ മതി കണ്ണ് തള്ളിയത്. ഒത്തിരി തള്ളിയാൽ ആ കണ്ണ് കൂടി എടുത്ത് ഞാൻ ഓംലറ്റ് അടിച്ച് കഴിക്കും “”
“”അല്ല ഇപ്പോൾ അങ്ങോട്ട് അടി വെച്ച് തിരിഞ്ഞല്ലേ ഉള്ളു “”
“”അതാണെന്റെ ദേവി “”
തുടരും,,,

by