18/04/2026

നിലാവ് : ഭാഗം 30

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍
” ശോ,,,
വലിയ അഹങ്കാരം കാണിച്ചതാ. വല്ലതും ചെയ്ത് തരുവോ എന്ന് ചോദിച്ചപ്പോൾ കുറച്ച് ചൂട് വെള്ളം വേണം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ മനസ്സ് പറഞ്ഞു വേണ്ടാന്ന്.
ഇനി ഞാൻ തന്നെ എങ്ങനെയാ ഈശ്വരാ… എന്തായാലും പതിയെ ഏഴുന്നേൽക്കാം… ”
ഇതെല്ലാം മനസ്സിൽ പറഞ്ഞ് കൊണ്ട് അവള് പതിയെ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി. പതിയെ സ്റ്റെപ്പിറങ്ങി താഴെ വന്നു.
പെട്ടെന്ന് അവൾക്ക് തല കറങ്ങും പോലെ തോന്നി. പിന്നീടെന്തെങ്കിലും ചിന്തിക്കുന്നതിന് മുൻപേ അവൾ തല കറങ്ങി നിലത്തേക്ക് വീഴാൻ പോയി.

സോഫയിൽ ടീവിയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് വിഷ്ണു അവളിറങ്ങി വരുന്നത് കണ്ടത്. നോക്കുമ്പോൾ ഇറങ്ങി തനിയെ നടന്ന് പോകുന്നു. പോക്ക് കണ്ടപ്പോഴേ മനസ്സിലായി അടുക്കളയിലേക്കാണെന്ന്. എന്താന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും, ആ നാവിൽ നിന്ന് വരാൻ പോകുന്നതോർത്തപ്പോൾ വന്ന വാക്കുകൾ മുഴുവൻ ഒറ്റയടിക്ക് വിഴുങ്ങി.

എന്തെങ്കിലും ആട്ടെ എന്ന് കരുതി നോക്കുമ്പോഴുണ്ട് ദേ തല കറങ്ങി വീഴാൻ പോകുന്നു. പിന്നെ ഒന്നും നോക്കാതെ ഓടി ചെന്ന് പിടിച്ചു.

അവന്റെ കൈകളിലേക്കാണ് അവൾ വന്ന് വീണത്. അവൻ അവളെ വേഗം തന്നെ കോരിയെടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി.

അവൻ പെട്ടെന്ന് കുറച്ച് വെള്ളമെടുത്ത് അവളുടെ മുഖത്തേക്ക് തളിച്ച്. പതുക്കെ അവള് കണ്ണ് തുറന്ന് അവനെ നോക്കി.

” ഹാവൂ സമാധാനം ഉണർന്നല്ലോ ”
സമാധാനത്തിൽ പറഞ്ഞവൻ അവളെ നോക്കി.

” ഞാനിതെവിടെയാ,,,
അല്ലാ നിങ്ങളെന്താ ഇവിടെ? ”
കണ്ണുരുട്ടി കൊണ്ട് അവള് അവനോട് ചോദിച്ചു.

” ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ. ഡീ മനുഷ്യനായാൽ കുറച്ച് അഹങ്കാരമൊക്കെ വേണം വേണ്ടന്നല്ല. പക്ഷേ ഇത്രക്ക് പാടില്ല.
ഞാൻ നിന്നോട് ചോദിച്ചതല്ലേ എന്തെങ്കിലും വേണോന്ന്. അപ്പോൾ എന്താ ഒരഹങ്കാരം. ”

” അതേ,
എനിക്ക് വേണമെങ്കിൽ ഞാൻ തന്നത്താനെ പോയി എടുത്തോളാം കൂടുതൽ ഡയലോഗ് അടിക്കണ്ട. ”
അവന്റെ നേരെ കൈ വെച്ച് അവളും ദേഷ്യത്തിൽ തന്നെ കണ്ണുരുട്ടികൊണ്ട് പറഞ്ഞു.

” ദേ ഒത്തിരി ഉരുട്ടിയാൽ നിന്റെ ഉണ്ടക്കണ്ണ് ഞാൻ തന്നെ കുത്തിപ്പൊട്ടിക്കും.
ആദ്യം ഇവിടെ അടങ്ങി കിടക്ക്‌ ഞാൻ പോയി എന്തെങ്കിലും വേദനക്കുള്ളത് എടുത്തിട്ട് വരാം. ”
അതും പറഞ്ഞവൻ തിരിഞ്ഞു.

” എനിക്ക് വേദനയുണ്ടെന്ന് തന്നോടാരാ പറഞ്ഞത്. ”

” ദേ പെണ്ണേ ഇതൊക്കെ മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കും ഉണ്ട്.
നീയിപ്പോൾ ഇവിടെ അടങ്ങി കിടക്ക്‌. ഇവിടുന്നെങ്ങാനും എഴുന്നേറ്റാൽ ഞാൻ അപ്പോൾ പറയാം ബാക്കി. ”
അത്രയും പറഞ്ഞവൻ മുറിക്കു പുറത്തേക്ക് പോയി.

താഴെ വന്നതും അവന് എന്ത് ചെയ്യണം എന്നൊരു പിടിയും ഇല്ലായിരുന്നു.
ശോ അവളുടെ വേദന കണ്ടപ്പോൾ ഏറ്റും പോയി. ഇപ്പോൾ എന്താ ചെയ്യുന്നേ.
അവന്മാരെ ആരെയെങ്കിലും വിളിച്ചു ചോദിച്ചാലോ?
വേണ്ടാ പിന്നെ ഇല്ലാത്ത സംശയമൊന്നും കാണില്ല. ദൈവമേ എന്താ ഇപ്പോൾ ചെയ്യാ?

ആലോചിച്ച് അവസാനം അവൻ ആ മൊബൈൽ എടുത്തു.
ഗൂഗിൾ ഉള്ളപ്പോൾ പിന്നെന്തിന് ടെൻഷൻ.
എന്ന് മനസ്സിൽ പറഞ്ഞ്
വേഗം തന്നെ അവൻ ഫോണെടുത്ത് നോക്കി. കുറേ ഒക്കെ കണ്ടു. അവസാനം ഒന്നുറപ്പിച്ചു.

ആദ്യം മൂന്നു ഗ്ലാസ്‌ വെള്ളം ചൂടാക്കാൻ വെച്ചു. അത് ചൂടായപ്പോൾ അതിലേക്ക് ഒരു പിടി ഉലുവ ഇട്ടു. അതിനെ മുക്കാൽ ഭാഗം ആക്കും വരെ തിളപ്പിച്ചു.

അവൻ അതും എടുത്ത് ഒരു ഗ്ലാസ്സിലാക്കി അവളുടെ അടുത്തേക്ക് നടന്നു

” അതേ ഇതങ്ങോട്ട് കുടിച്ചേ… ”
അവളുടെ അടുത്ത് ഉലുവ വെള്ളം ഒരു ഗ്ലാസ്സിലാക്കി വെച്ചു കൊണ്ട് അവനവളെ വിളിച്ചു.

അതിലേക്കൊന്നു നോക്കിയിട്ട് അവളവന്റെ മുഖത്തേക്കും ഒന്ന് നോക്കി.
” ഇതെന്തുവാ ഇത്? ”

” ഇതോ കുറച്ച് വിഷം. എന്താ വേണ്ടേ ”
സ്വരം അല്പം കടിപ്പിച്ചു തന്നെ അവനവളോട് ചോദിച്ചു.

” വിഷമാണോ എങ്കിൽ താ. എന്നിട്ട് ഇയാളും കൂടി ഇച്ചിരി കുടിച്ചോ. നമുക്കൊരുമിച്ചു സ്വർഗത്തിൽ പോയി അടി പിടിക്കാം. ”

” അത് നടക്കത്തില്ല. ഞാൻ സ്വർഗത്തിൽ പോകും. നിന്നെ അവിടെ എടുക്കത്തില്ല. ”

” അയ്യോ വളിച്ച കോമഡി അടിക്കല്ലേ. ”

” ഡീ മര്യാദക്കിത് കുടിക്ക്. അല്ലെങ്കിൽ ഞാൻ കുടിപ്പിക്കും . ”

” ഓഹോ എങ്കിലൊന്ന് കാണണമല്ലോ. ”

” എങ്കിൽ നിന്നെ കാണിച്ച് തന്നിട്ടേ ബാക്കി കാര്യമുള്ളൂ ”
പറഞ്ഞു തീർന്നതും അവൻ അവളുടെ വാ തുറപ്പിച്ച് ഒഴിച്ച് കൊടുത്തു.
അവള് തുപ്പാൻ പോയപ്പോൾ വായ പൊത്തി പിടിച്ചു. അപ്പോഴാണ് അവര് അത്രയും അടുത്ത് നിൽക്കുന്നത്. രണ്ടുപേരുടെയും ഹൃദയമിടിപ്പ് പോലും ഒരു പോലെ എന്ന് തോന്നിപ്പോകും. അവൻ കൈ അങ്ങനെ തന്നെ മാറ്റാതെ അവളുടെ വായുടെ മുകളിൽ വെച്ചു.
അവളുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു. അവന്റേതും മറിച്ചായിരുന്നില്ല.
ആ നിമിഷം അവളുടെ ഉള്ളിലെ നോവ് പോലും എങ്ങോ പോയ്‌ മറഞ്ഞത് പോലെ.
പെട്ടെന്ന്, താഴെ കോളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അവർക്ക് ബോധം വന്നത്.
പെട്ടെന്ന് തന്നെ അവൻ അവളിൽ നിന്നും അകന്ന് മാറി. രണ്ടാൾക്കും പരസ്പരം നോക്കാൻ എന്തോ ഒരു ജാള്യത തോന്നി.
അവൻ വേഗം താഴേക്ക് പോയി.

ചെന്ന് വാതിൽ തുറന്നതും,
എന്താ താമസിച്ചത് എന്നുള്ള രീതിക്ക് എല്ലാവരും നോക്കുന്നുണ്ട്.

” എന്താടാ ഇത്ര താമസിച്ചേ,,
നീ എവിടെ ആയിരുന്നു… ”
അർജുനാണ് ചോദിച്ചത്.

” ഞാൻ,,,, ”
അത്രയും പറഞ്ഞതും ബാക്കി പറയാനാകാതെ അവൻ വന്ന വാക്കുകള് മുഴുവനും ഒറ്റയടിക്ക് വിഴുങ്ങി.

” എന്താടാ ഞാൻ വന്നപ്പോൾ നിന്ന് പോയത് ”
സോഫയിലേക്കിരുന്നു കൊണ്ട് അർജുൻ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” ഓ എന്റെ ഏട്ടാ ഞാനൊന്ന് ഉറങ്ങിപ്പോയി.”

” ഉറങ്ങിപ്പോയോ?
നിനക്കെന്താടാ ഒരു കള്ളലക്ഷണം? ”

” കള്ളലക്ഷണമോ,
ഒന്ന് പോ ഏട്ടാ. ഉള്ള കള്ളന്മാരെ ഒക്കെ ചോദ്യം ചെയ്ത് ചെയ്ത് ഇപ്പോൾ ആരെക്കണ്ടാലും ഇതാ ചിന്ത. പോ ഞാൻ പോകുവാ. ”

അവന്റെ ആ പോക്ക് നോക്കി നിന്ന അർജുൻ നേരെ നോക്കുമ്പോൾ എല്ലാം കണ്ട് നോക്കി നിൽക്കുകയാണ് ദേവി.

” എന്താടി നോക്കി നിൽക്കുന്നെ. ”

” ഒന്നുവില്ല. അവനെ ചോദ്യം ചെയ്യുന്നതും നോക്കി കയറ്റി വിടുന്നതും ഒക്കെ കണ്ടത് കൊണ്ട് നിന്ന് പോയതാ. ”
അവന്റെ അടുത്തേക്ക് നടന്ന് വന്ന് കൊണ്ട് അവള് പറഞ്ഞു.

” എന്താടി നിനക്കൊന്നും തോന്നുന്നില്ലേ..”

” തോന്നുന്നുണ്ട്… ”

” കണ്ടോ അതാ ഞാനും പറഞ്ഞെ ”
കൈ നീട്ടികൊണ്ടു അവൻ പറഞ്ഞു.

” ശെരിക്കും തോന്നുന്നുണ്ട്. കൃത്യ സമയത്ത് കഴിക്കാൻ കിട്ടിയില്ലെങ്കിൽ എല്ലാം കൂടി എന്നെ പഞ്ഞിക്കിടും എന്ന്. ”
അതും പറഞ്ഞു അവള് വേഗത്തിൽ അടുക്കളയിലേക്ക് നടന്നു.

💟💟💟💟💟

” എന്താ എന്റെ അച്ചുവേട്ടാ ഇത്ര ആലോചന. വിച്ചുവാണോ കാര്യം. ”
വാതിൽ കുറ്റിയിട്ട് വെള്ളവും എടുത്ത് മേശമേൽ വെച്ച് അവന്റെ അടുത്തേക്കിരുന്നു കൊണ്ട് അവള് അവനോട് ചോദിച്ചു.

” അല്ലടി നിനക്കൊന്നും തോന്നിയില്ലേ. അവൻ രാവിലെ കള്ളത്തരം പറഞ്ഞത് തന്നെയാ .”

” ശെരി. അവനങ്ങനെ പറഞ്ഞതാണെങ്കിൽ തന്നെ എന്തിന്. എന്ത് കാര്യത്തിന് വേണ്ടി? ”

” അതാ ഞാനും ആലോചിക്കുന്നേ. അവനത് പറയേണ്ട ആവശ്യമില്ല… ”

” അച്ചുവേട്ടാ,
ഇപ്പോൾ അത് വിട്. ഞാനൊരു കാര്യം പറയട്ടെ,,,. അച്ചുവേട്ടന്റെ മനസ്സിൽ അങ്ങനെ ഒരാഗ്രഹമുണ്ടോ എന്നെനിക്കറിയില്ല…
നമുക്ക് ഭാമയെ വിച്ചൂനെ കൊണ്ട് കെട്ടിച്ചാലോ? ”

” നീ എന്താ വിചാരിച്ചേ,
എന്റെ മനസ്സിലും ഇത് തന്നെയാ ആഗ്രഹം. പിന്നെ ഞാനത് പറയാത്തത്,
അവര് തമ്മില് എപ്പോഴും അടി അല്ലേ അതാ. ഇങ്ങനെ അടി പിടിക്കുന്ന രണ്ടിനെയും നമ്മളെങ്ങനെ ഒന്നിപ്പിക്കാനാ. അതോർത്തത് കൊണ്ടാ ഞാൻ പിന്നെ നിന്നോട് പറയാതിരുന്നത്. ”

” അതും ശെരിയാ.
പക്ഷേ അവരുടെ ഇടയിൽ ഇപ്പോൾ എവിടെയൊക്കെയോ ഒരു സ്പാർക്കുണ്ട്. ”

” എങ്കിൽ നാളെ മുതൽ അവര് രണ്ട് പേരെയും നീയൊന്ന് ശ്രദ്ധിയ്ക്ക്.”

” അവസാനം അവളെങ്ങാനും അറിഞ്ഞാൽ എന്നെ കളിയാക്കും. “…

അങ്ങനെ ഓരോന്നും പറഞ്ഞ് അവര് കിടന്നു.

ഇതേ സമയം, വിച്ചുവിന്റെ മനസ്സിന് ഒരു സമാധാനവുമില്ലാതെ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു.

ഇതെന്താ ഇത്.
മനുഷ്യന് ഉറങ്ങാനേ പറ്റുന്നില്ലല്ലോ.. കണ്ണടച്ചാൽ ആ പിശാശിനെയാ കാണുന്നെ.
അതെന്താ അങ്ങനെ. ഇന്ന് രാവിലെ അവൾക്ക് വേദനിച്ചപ്പോൾ തനിക്കെന്താ അത്രക്കും നൊന്തത്. അവള് വീഴാൻ പോയതിന് തന്റെ നെഞ്ചെന്തിനാ അത്രമാത്രം മിടിച്ചത്.
തനിക്കെന്താ അവളുടെ കണ്ണുകളിൽ നോക്കി നിന്നപ്പോൾ കണ്ണെടുക്കാൻ തോന്നാതിരുന്നത്.
ഈശ്വരാ പണി പാളിയോ. അവളെ എനിക്കിഷ്ടമാണോ. എന്താ മനസ്സേ ഒന്നും പറയാത്തത്. അപ്പോൾ എനിക്ക് ഇഷ്ടമാണല്ലേ.
എന്റെ ദൈവമേ ആ പിശാശ് ഇതറിഞ്ഞാൽ തീർന്നു.
ദേ മനസ്സേ അടങ്ങി ഒതുങ്ങി അകത്തെങ്ങാനും ഇരുന്നോളണം. കേട്ടല്ലോ. എന്നിട്ട് കിടന്നുറങ്ങാൻ നോക്ക്.

അപ്പുറത്തെ മുറിയിൽ ഭാമയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. എങ്ങനെയൊക്കെ കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇതെന്താ എനിക്ക് പറ്റിയെ കട്ടില് കണ്ടാൽ ശവമാകുന്ന എനിക്കിത് എന്ത് പറ്റി ദൈവമേ….

ദേവിയോട് പറയാത്ത ഒന്നും എന്റെ ജീവിതത്തിലില്ല. എന്ത് നടന്നാലും അവളോട്‌ പറയും. എന്നിട്ടും ഞാനെന്താ ഇന്ന് ഞാൻ വീഴാൻ പോയപ്പോൾ വിച്ചുവേട്ടൻ എന്നെ താങ്ങി പിടിച്ചതും, എടുത്ത് കട്ടിലിൽ കിടത്തിയതും, ഉലുവ വെള്ളം ഉണ്ടാക്കി തന്നതും, ഒന്നും പറയാതിരുന്നത്. അവള് അടുത്തിരുന്നപ്പോൾ പലതവണ പറയാൻ തോന്നിയതാ. പക്ഷേ ഉള്ളിലിരുന്ന് ആരോ വേണ്ടാന്ന് പറഞ്ഞു. അതെന്താ അങ്ങനെ എനിക്ക് പറയണ്ടാന്നു തോന്നിയത്.
അല്ലാ ഞാനിപ്പോൾ എന്തിനാ വിച്ചുവേട്ടൻ എന്ന് പറഞ്ഞത്. എവിടെയോ എന്തോ ഒരു തകരാറ് പോലെ തോന്നുന്നുണ്ടല്ലോ ഈശ്വരാ…. എനിക്കെന്ത് പറ്റി. അപ്പോൾ എനിക്കാ ജന്തുവിനോട് ഇഷ്ടമാണോ.
അയ്യേ ഇതെങ്ങാനും ആ ജന്തു അറിഞ്ഞാൽ,,,
അതോർക്കാൻ കൂടി വയ്യ..
തലവഴി ഒന്ന് കൂടി പുതപ്പെടുത്തിട്ട് അവള് കണ്ണടച്ച് കിടന്നു.

💟💟💟💟💟

“ദേവീ,,,, ”
ഡ്യൂട്ടിക്ക് പോകാൻ ഒരുങ്ങുകയാണ് അർജുൻ,,,

” എവിടേ പോകണമെങ്കിലും ഈ അലർച്ച നിർബന്ധമാ അല്ലേ?
ദേ യൂണിഫോം ഞാൻ തേച്ചു വെച്ചിട്ടുണ്ട്. എല്ലാം ഇവിടെ തന്നെയുണ്ട്. ”
അവന്റെ അടുത്തേക്ക് ചെന്ന് കൊണ്ട് അവള് പറഞ്ഞു.

” ഡീ ഭർത്താവ്,
അതും ഒരു കമ്മീഷ്ണറ് ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങാൻ പോകുമ്പോൾ എല്ലാം എടുത്ത് കൊടുത്ത്. ആ യൂണിഫോം ഷർട്ട്‌ ഒക്കെ ഒന്ന് ഇട്ടു കൊടുത്ത് പിന്നെ അവസാനം ഒരു ഉമ്മയും ഒക്കെ കൊടുത്ത് വിടാൻ ഞാൻ പറഞ്ഞു തരണോ എന്റെ പ്രിയതമക്ക് ”
പാന്റും, ഇന്നർ ബനിയനും ഇട്ട് കണ്ണാടിയിൽ നോക്കി മുടിയും, മീശയും ഒക്കെ ചീകി ഒതുക്കിക്കൊണ്ടു അവൻ പറഞ്ഞു. കൂട്ടത്തിൽ കണ്ണാടിയിലൂടെ അവളുടെ മുഖത്തേക്കും.

” അയ്യടാ, ഒരു കമ്മീഷ്ണറ് വന്നേക്കുന്നു.
ദേ അതൊക്കെ അങ്ങ് ഓഫീസില് കേട്ടല്ലോ”
അടുത്തേക്ക് ചെന്ന് അവന്റെ പിരിച്ചു വച്ച മീശ താഴേക്കാക്കി കൊണ്ട് അവള് പറഞ്ഞു.

” ഡീ,,, ”

വിളിച്ചു കൊണ്ട് അവൻ അടുത്തേക്ക് വരുന്നതിനും മുന്നേ അവളോടി മുറിക്കു പുറത്തിറങ്ങി.

കുറച്ച് കഴിഞ്ഞപ്പോൾ അവനും റെഡി ആയി താഴെ വന്നു.
അവള് എല്ലാം വിളമ്പി കൊടുത്തു.

അച്ഛന്റെയും, അമ്മയുടെയും ഫോട്ടോക്ക് മുൻപിൽ വന്ന് തൊഴുത ശേഷം ദേവകിയമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അവൻ അപ്പച്ചിയുടെയും, ഇളയച്ഛന്റെയും അടുത്ത് ചെന്നു. അവരും അവനെ അനുഗ്രഹിച്ചു. പിന്നെ പുറത്തേക്കിറങ്ങി. ദേവിയും അവനൊപ്പം നടന്നു കാറിനടുത്തെത്താറായപ്പോൾ അവൻ അവളെ തോള് കൊണ്ടൊന്ന് തട്ടി. ആരെങ്കിലും കണ്ടാലോ എന്നുള്ള രീതിയിൽ അവളവനെ കൂർപ്പിച്ചു നോക്കി.
പിന്നെ അവൻ പോകുന്നത് വരെ അവിടെ തന്നെ നിന്നു.

പിന്നീടുള്ള ദിവസങ്ങളിൽ ദേവി വീടിനുള്ളിലുള്ള ഭാമയുടെ വിഷ്ണുവിന്റെയും ചലനങ്ങൾ ശ്രദ്ധിച്ചു. എവിടെയൊക്കെയോ അവൾക്കും ഒരു വശപ്പിശക് തോന്നി.
ഓരോ ദിവസവും നടക്കുന്നത് അവൾ വൈകിട്ട് കിടക്കുമ്പോൾ അർജുനോട് പറയും. അങ്ങനെ ഓരോ ദിവസം കഴിയുംതോറും അവർക്ക് രണ്ടാളെയും നല്ല സംശയമായി. അങ്ങനെ ഒരു ദിവസം,

” മോളെ ദേവി,,,
അപ്പച്ചിക്കൊരു കാര്യം പറയാനുണ്ട്. വൈകിട്ട് അച്ചു കൂടി വന്നിട്ട് ഞാൻ പറയാം. മറ്റാരും അറിയണ്ട. ”

” ശെരി അപ്പച്ചി,
വൈകിട്ട് അച്ചുവേട്ടനും കൂടി വന്ന് കഴിയുമ്പോൾ രാത്രി ഒരു പതിനൊന്നൊക്കെ ആകുമ്പോൾ ടെറസിൽ വന്നാൽ മതി. ഞങ്ങള് രണ്ടാളും അവിടെ ഉണ്ടാകും. ”

” എങ്കിൽ ശെരി മോളെ ”

💜💜💜💜💜

” എന്താ അപ്പച്ചി പറയാനുള്ളത് ”
അർജുൻ അരഭിത്തിയിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു.

” വിച്ചുവിന്റെയും, ഭാമ മോളുടെയും കാര്യമാ. ഒരുപക്ഷെ നിങ്ങൾക്കും ഇതേ സംശയം തോന്നിയിട്ടുണ്ടാകും. ”

” എന്താ അപ്പച്ചീ,,, ”
ദേവിക്ക് കാര്യം മനസ്സിലായെങ്കിലും അത് പുറത്ത് പറഞ്ഞില്ല. ആരോരുമില്ലാത്ത ഭാമയെ മകന്റെ ഭാര്യയായി അപ്പച്ചി സ്വീകരിക്കുമോ എന്ന പേടി അവൾക്ക് വന്നു. അതവളുടെ മുഖത്തും പ്രകടമായിരിന്നു.

” മോള് പേടിക്കണ്ട.
ഞാൻ പറയാൻ വന്നത് ഇതാണ്.
അവർക്ക് തമ്മിൽ ഇഷ്ടമാണ്. ഒരുപാട് ഇഷ്ടമാണ്. പക്ഷേ അവരുടെ ഉള്ളിലെ എന്തോ ഒന്ന് അത് തുറന്ന് പറയാൻ അവരെ സമ്മതിക്കുന്നില്ല. നിങ്ങള് വിചാരിച്ചാൽ അത് മാറ്റി അവരെ ഒന്നിപ്പിക്കാൻ സാധിക്കും. അവരുടെ ബന്ധത്തിന് എനിക്ക് പൂർണ്ണ സമ്മതമാണ്. പണ്ടാണെങ്കിൽ വലിയ സ്വത്തും, പണവും, കാറും, ബംഗ്ലാവും ഒക്കെ വേണമെന്ന് പറയുമായിരുന്നു ഈ രേവതി വർമ്മ. പക്ഷേ ഇന്ന് എനിക്കെന്റെ മകന്റെ സന്തോഷം മാത്രം മതി. ”

” അപ്പച്ചി,,,
ഞങ്ങൾക്കും ഇതേ സംശയം തന്നെയാണ്. അവര് തമ്മിൽ ഇഷ്ടമുണ്ട് പക്ഷേ അത് ചോദിച്ചാൽ തുറന്ന് സമ്മതിക്കില്ല. അവര് സമ്മതിച്ചെങ്കിലല്ലേ പറ്റൂ.. ”
ചോദ്യഭാവത്തിൽ അവൻ രേവതിയെ നോക്കി.

” അച്ചൂ,,, നീ വിചാരിച്ചാൽ അവരുടെ മനസ്സിലുള്ളത് പുറത്ത് കൊണ്ട് വരാൻ പറ്റും. ”

” എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരാതിരിക്കില്ല അപ്പച്ചി. ”
ആശ്വാസ വാക്കെന്ന പോലെ അവൻ അവരോട് പറഞ്ഞു.

” പക്ഷേ മോനേ ഒരു കാര്യം.
എന്റെ ആഗ്രഹം കൂടിയാണ് ഇതെന്ന് അവനറിയരുത്. അറിഞ്ഞാൽ ഒരുപക്ഷെ അവൻ അവന്റെ ഉള്ളിലുള്ളത് പോലും തുറന്ന് സമ്മതിച്ചു എന്ന് വരില്ല.
അത്രക്ക് വെറുത്തു പോയി എന്റെ മോൻ എന്നെ. ”
പറഞ്ഞു കഴിയുമ്പോഴേക്കും അവര് കരഞ്ഞിരുന്നു.

” അപ്പച്ചീ,,, ”
അവൻ വിളിച്ചിട്ടും തിരിഞ്ഞു നോക്കാതെ അവര് മുറിയിലേക്ക് പോയി.

” പാവം ഒരുപാട് മനസ്സ് നോവുന്നുണ്ട് അല്ലേ അച്ചുവേട്ടാ…
എത്ര കൃത്യമായിട്ടാ അപ്പച്ചി പറഞ്ഞത്. അല്ലെങ്കിൽ സ്വന്തം മകനെ കുറിച്ച് ഒരമ്മക്കല്ലാതെ മറ്റാർക്കാ അല്ലേ മനസ്സിലാവുന്നേ. ”

” എന്തായാലും നമുക്ക് ശെരിയാക്കാം. ഇപ്പോൾ നീ വാ അകത്തേക്ക് പോവാം. മഞ്ഞു കൊള്ളണ്ട. ”

” അല്ലാ അച്ചുവേട്ടാ,,,
നമ്മളിപ്പോൾ എങ്ങനെയാ,,
രണ്ടിന്റെയും കള്ളത്തരം പൊളിച്ചു മനസ്സിലുള്ളത് പുറത്ത് കൊണ്ട് വരുന്നേ ”
താടിക്ക് കൈ കൊടുത്ത് അവള് അവന്റെ നേർക്ക് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.

” ഒരു വഴിയുണ്ട്…
പണ്ട് മുതലേ പലരും ചെയ്ത് വിജയിച്ച വഴിയാ. നമുക്കതൊന്ന് പരീക്ഷിക്കാം. ”
അവൻ അവളുടെ കാതിൽ പോയി അത് പറഞ്ഞു തീർന്നതും അവളുടെ മുഖത്ത് ചിരി വിടർന്നു.

” ഇത് മതി അച്ചുവേട്ടാ ”

” മ്മ്മ്മ്,,, കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി. ”
അവളെ നോക്കി അവനതും പറഞ്ഞ് കട്ടിലിലേക്ക് കയറി കിടന്നു.

💞💞💞💞💞

” ഭാമേ,,,, ഒന്നിങ്ങു വന്നേടി ”

” ദാ വരുന്നു ഏട്ടാ ”

അവള് താഴേക്ക് വരുന്നത് കണ്ടപ്പോഴേ വായിച്ച് കൊണ്ടിരുന്ന പത്രത്തിൽ നിന്നും വിച്ചു തല പുറത്തേക്കിട്ട് നോക്കി.

” എന്താ ഏട്ടാ,,, ”
അവന്റെ അടുത്തേക്കിരുന്ന് കൊണ്ട് അവള് ചോദിച്ചു.

” നാളെ എന്റെ അളിയൻ ഇങ്ങോട്ട് വരും . ”

” ബെസ്റ്റ്,,,
ഇതായിപ്പോൾ നന്നായെ. ഇതിലെന്താ ഇത്ര വലിയ കാര്യം .
അവൻ എന്തായാലും എക്സാം കഴിഞ്ഞ് ഇങ്ങോട്ട് വരുമല്ലോ. അല്ലാ കണ്ണന്റെ (നവീൻ) എക്സാം ഇത്ര പെട്ടെന്ന് തീർന്നോ?
ഇന്നലെ വരെ മെസ്സേജ് അയച്ചിട്ട് അവനൊന്നും പറഞ്ഞില്ലല്ലോ. ”
അതും പറഞ്ഞു ചുണ്ട് കോട്ടി അവൾ സോഫയിലേക്ക് കൈ കുത്തി.

” അവന്റെ എക്സാം കഴിഞ്ഞില്ല….”

” പിന്നെ ഏതളിയൻ “?
ഒന്നും മനസ്സിലാകാതെ ഭാമ അവന്റെ മുഖത്തേക്ക് നോക്കി.

” അതേ എന്റെ ഈ കാന്താരിയെ ഞാൻ ഒരാളുടെ കയ്യിൽ ഏൽപ്പിക്കാൻ പോകുവാ.
മനസ്സിലായില്ലേ നിന്റെ കല്യാണം നടത്താൻ പോകുവാ എന്ന് ”
അർജുന്റെ വാക്കുകൾ അവരുടെ രണ്ടാളുടെയും നെഞ്ചിലേക്കാണ് തറച്ചു കേറിയത്.
വിഷ്ണുവിനാണെങ്കിൽ കേട്ടത് വിശ്വസിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഭാമക്ക് മറുത്തൊന്നും പറയാനും പറ്റുന്നില്ല. ദേവിയാണെങ്കിൽ അവളെ വന്ന് ചേർത്തു പിടിച്ചു ഉമ്മ കൊടുത്തു . ഈ സമയമെല്ലാം അവളുടെ ശ്രദ്ധ വിഷ്ണുവിലായിരുന്നു. അവന്റെ നോട്ടവും അവളിൽ തന്നെ. അത് മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്ത പോലെ ദേവിയും അർജുനും രണ്ടാളെയും നോക്കി.

കുറച്ച് കഴിഞ്ഞതും വിഷ്ണു പതിയെ മുറിയിലേക്ക് പോയി. വാതില് കൂട്ടിയിട്ട് കുറേ സമയം ബാത്റൂമിലെ ഷവറിനു കീഴിൽ പോയി നിന്നു.

“ഈശ്വരാ ഞാൻ അവളോടെങ്കിലും എന്റെ ഉള്ളിലുള്ളതൊന്ന് പറഞ്ഞിരുന്നെങ്കിൽ,,,
ഇനിയിപ്പോൾ ഞാനെന്ത് ചെയ്യും. ആരോടെങ്കിലും പറയണമെങ്കിൽ തന്നെ അവളുടെ മനസ്സും അറിയണ്ടേ.
പക്ഷേ അവളുടെ കണ്ണിൽ ഞാൻ എന്നോടുള്ള പ്രണയം പലപ്പോഴും കണ്ടിട്ടുണ്ട്. ഇപ്പോൾ പോലും അവളുടെ ആ നോട്ടം. ദൈവമേ ഒരു പിടിയും കിട്ടുന്നില്ലല്ലോ….”ഇങ്ങനെയൊക്കെ സ്വയമേ അവൻ മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നു.

ഭാമക്കും എന്ത് ചെയ്യണമെന്നറിയാതെ കരയാൻ മാത്രമേ കഴിഞ്ഞുള്ളു.

” വിച്ചുവേട്ടൻ ആ മനസ്സിലുള്ളത് എന്നോടൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ പറഞ്ഞേനെ ഏട്ടനോട്. എനിക്ക് ഏട്ടന്റെ അനിയനെ മതിയെന്ന്. ഇനിയിപ്പോൾ നാളെ വരുന്നയാള് കണ്ട് പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. എന്റെ ദൈവമേ ഒരു വഴി പറഞ്ഞു തരണേ.. ”
മനസ്സിൽ ഓരോന്നും പറഞ്ഞ് കരഞ്ഞ് കരഞ്ഞ് അവള് അന്നത്തെ ദിവസം മുറിയിൽ തന്നെ കിടന്നു. ഭക്ഷണം കഴിക്കാൻ ദേവി വന്ന് വിളിച്ചെങ്കിലും തലവേദന ആണെന്ന് പറഞ്ഞു.

💓💓💓💓💓💓💓

” അച്ചുവേട്ടാ,,, പറഞ്ഞത് ഏറ്റ ലക്ഷണമാണ്. രാവിലത്തെ സംഭവത്തിന് ശേഷം ഇതുവരെ അവള് മുറിയിൽ നിന്നിറങ്ങിയിട്ടുമില്ല. ഒരു വക കഴിച്ചിട്ടുമില്ല. വിച്ചുവാണെങ്കിൽ എവിടെയോ പോയി ഇപ്പോഴാ വരുന്നത്. അവനെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ”

” വിഷമിക്കാതെ,,, എല്ലാം നല്ലൊരു കാര്യത്തിനല്ലേ ”

🌹🌹🖤🌹🌹

പിറ്റേന്ന്, രാവിലെ തന്നെ ദേവി ഭാമയെ എഴുന്നേൽപ്പിച്ച് കുളിക്കാൻ കയറ്റി.
അതുകഴിഞ്ഞ് അവളെ ഒരു ഹാഫ്സാരി ഉടുപ്പിച്ചു. ദേവി തന്നെ ഒരുക്കി.

ഭാമയുടെ ആങ്ങളയുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞ് അർജുൻ വിഷ്ണുവിനെയും ഒരുക്കി താഴെ വന്നു.

വിഷ്ണു നോക്കുമ്പോൾ ഒരു പിങ്ക് നിറത്തിലുള്ള ഹാഫ്സാരിയിൽ ഒരുങ്ങി നിൽക്കുകയാണ് ഭാമ. മുടിയിൽ അല്പം മുല്ലപ്പൂ വെച്ചിട്ടുണ്ട്. കാതിൽ പിങ്ക് കല്ല് വെച്ച ജിമിക്കിയും.
അവളെ കാൺകെ അവന്റെ ഉള്ളിൽ ഒരു കടൽ ആർത്തിരമ്പുന്നത് അവനറിഞ്ഞു.

മുന്നിൽ നിൽക്കുന്ന വിഷ്ണുവിനെ കാണുംതോറും നിറഞ്ഞു വരുന്ന കണ്ണുകളെ ഭാമ ആരും കാണാതെ തുടച്ചു നീക്കി.

തമ്മിൽ കാണുംതോറും അവരുടെ കണ്ണുകൾ തങ്ങൾക്കൊരിക്കലും പിരിയാനാവില്ലന്നു പറയും പോലെ നിറഞ്ഞു കൊണ്ടേ ഇരുന്നു.

പെട്ടെന്നാണ് പുറത്തൊരു കാറ് വന്ന് നിന്ന ശബ്ദം കേട്ടത്.
അത് കേട്ടതും അർജുൻ വേഗം വിഷ്ണുവിനെയും കൂട്ടി പുറത്തേക്ക് പോയി.
കാറിൽ നിന്നും രണ്ട് ചെറുപ്പക്കാർ പുറത്തേക്കിറങ്ങി.

” വാ അകത്തേക്ക് പോകാം ”
അർജുൻ അവരെ രണ്ട് പേരെയും സ്വീകരിച്ച് അകത്തേക്കിരുത്തി.
കുറച്ച് സമയം കുശലമൊക്കെ പറഞ്ഞ ശേഷം ദേവിയോട് ഭാമയെ വിളിക്കാൻ പറഞ്ഞു.

ഭാമ കയ്യിൽ ഒരു ട്രേയുമായി അവർക്ക് മുൻപിൽ വന്ന് നിന്നു.
മുന്നിൽ നീർത്തിളക്കമുള്ള മിഴികളോടെ തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുവിന്റെ മുഖത്തേക്ക് അവളൊന്ന് നോക്കി. അവനെ കണ്ടതും നിറയാൻ വന്ന മിഴികളെ അവൾ എങ്ങനെയൊക്കെയോ തടഞ്ഞു നിർത്തി.

” ചായ കൊടുക്ക് ഭാമേ,, ”
പിറകിൽ നിന്ന് അർജുൻ പറഞ്ഞത് കേട്ടപ്പോഴാണ് അവൾക്ക് തന്റെ ഇതുവരെയുള്ള ശ്രദ്ധ വിഷ്ണുവിലായിരുന്നു എന്ന തോന്നലുണ്ടായത്.
ഭാമ എല്ലാവർക്കും ചായ കൊടുത്തു. ശേഷം പിന്നിലേക്ക് മാറി ദേവിയുടെ അടുത്ത് ചെന്ന് നിന്നു.

” രാകേഷ്,,,
ദേ ഇതാണ് എന്റെ അനിയൻ വിഷ്ണു.
ഭാമക്ക് ഇവനും ചേട്ടനാണ്. ഞങ്ങളുടെ പെങ്ങളെ നിനക്ക് തരുവാണ്… ”

” ഞാൻ പൊന്ന് പോലെ നോക്കിക്കോളാം. അതോർത്ത് വിഷമിക്കണ്ട. ”

അവരുടെ ഓരോ വാക്കുകളും വിഷ്ണുവിനെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നി.
അയാളുടെ വാക്കുകൾ ഓരോന്നും കേൾക്കുമ്പോഴും ഭാമ ഒരു ആശ്രയത്തിനായി വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കും. ആ മുഖം കാണുമ്പോൾ അവൾക്കും സങ്കടം ഒട്ടും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

പിന്നെയും അവര് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഒരു യന്ത്രത്തെ പോലെ ഭാമയും, വിഷ്ണുവും അവിടെ തന്നെ നിന്നു.
ആ സമയം കൊണ്ട് തന്നെ വിഷ്ണു എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു.

കുറച്ച് കഴിഞ്ഞതും അവരെല്ലാവരും ഇറങ്ങി. എല്ലാവരെയും യാത്രയാക്കി അർജുൻ അകത്തേക്ക് വന്നു.

” ഏട്ടാ,
ഒന്ന് നിന്നെ,,, എനിക്കൊരു കാര്യം പറയാനുണ്ട്. ”
സന്തോഷത്തോടെ കയറി വരുന്ന അർജുനെ നോക്കി വിഷ്ണു പറഞ്ഞു.

” എന്താ നിനക്ക് പറയാനുള്ളത് ”

അവൻ എന്താണ് പറയാൻ പോകുന്നത് എന്നോർത്ത് എല്ലാവരും അങ്ങോട്ട് ശ്രദ്ധിച്ചു. ഭാമയുടെ മുഖത്ത് മാത്രം പേടി നിഴലിച്ചു.

” ഈ കല്യാണം നടക്കില്ല ….
നടക്കാൻ ഞാൻ സമ്മതിക്കില്ല. ഏട്ടൻ ഇപ്പോൾ വന്നവരോട് പറഞ്ഞേക്ക്. ”

” കാരണം,? ”
വിഷ്ണുവിന് കുറച്ചും കൂടി അടുത്തേക്ക് ചെന്ന് കൊണ്ട് അർജുൻ ചോദിച്ചു.

” കാരണം,,,
കരണമൊന്നുമില്ല. ഞാൻ സമ്മതിക്കില്ല അത്ര തന്നെ… ”
അത്രയും പറഞ്ഞവൻ താഴേക്ക് നോക്കി നിന്നു.

” ഞാൻ ഇവളുടെ കല്യാണം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് തീരുമാനിച്ചത് പോലെ തന്നെ നടത്തും. അതിന് നിന്റെ സമ്മതം എനിക്കാവശ്യമില്ല. ”
അർജുൻ സ്വരം അല്പം കടിപ്പിച്ചു തന്നെ പറഞ്ഞു.

” ഞാൻ സമ്മതിക്കില്ല. കാരണം,
ഇവള് ഞാൻ സ്നേഹിക്കുന്ന പെണ്ണാ.. ഞാൻ താലി കെട്ടി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന പെണ്ണാ. അതുകൊണ്ട് ഇവളെ മറ്റാർക്കും വിട്ട് കൊടുക്കാൻ എനിക്ക് സമ്മതമല്ല. ”
അവളെ ചേർത്ത് പിടിച്ച് അവനത് പറയുമ്പോഴും മുന്നിൽ നടക്കുന്നത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ഭാമ.

” അത് നീ മാത്രം പറഞ്ഞാൽ പോര.
ഇവള് പറയട്ടെ. ഇത്ര നേരമായിട്ടും ഒരക്ഷരം പോലും മിണ്ടാതെ നിൽക്കുന്നത് കണ്ടില്ലേ.
അതിൽ നിന്ന് തന്നെ മനസിലാക്കാം അവൾടെ മനസ്സിൽ ഒന്നും ഇല്ലാന്ന്. ”

” അല്ലാ,,,
എനിക്കും ഇഷ്ടമാണ് വിച്ചുവേട്ടനെ. ഞാൻ ജീവിക്കുന്നുണ്ടെങ്കിൽ അത് വിച്ചുവേട്ടന്റെ കൂടെ മാത്രമായിരിക്കും. ”
തല താഴ്ത്തി വിഷ്ണുവിനോട് ചേർന്ന് നിന്ന് കൊണ്ട് തന്നെ അവള് പറഞ്ഞു.

” ഓഹോ അപ്പോൾ നിങ്ങളെല്ലാം തീരുമാനിച്ചു അല്ലേ,,, ഇനിയിപ്പോൾ ഞാനെന്താ വേണ്ടത്… ”

അവരൊന്നും മിണ്ടാതെ മുഖം കുനിച്ച് തന്നെ നിന്നു.

” എന്തായാലും ഞാൻ തീരുമാനിച്ചതിൽ ഒരു മാറ്റവുമില്ല. ”
എന്നും പറഞ്ഞ് അവൻ ഫോണെടുത്ത് രാകേഷിനെ വിളിച്ചു.

” ഹലോ അർജുൻ,,
നമ്മള് വിചാരിച്ചത് പോലെ എല്ലാം ശെരിയായോടാ. ”

” അതേടാ വിചാരിച്ചത് പോലെ തന്നെ എല്ലാം നടന്നു. അപ്പോൾ നന്ദിയുണ്ട് നൻപാ
വെക്കട്ടെ. ”
അതും പറഞ്ഞ് രണ്ടാളും ഫോൺ വെച്ചു.

ഭാമയും, വിഷ്ണുവും അർജുൻ പറഞ്ഞത് മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നു.

അർജുൻ അവിടുന്ന് നടന്നു വന്നു രണ്ടിന്റെയും ചെവിക്ക് പിടിച്ച് തിരിച്ചു.

” രണ്ടിന്റെയും മനസ്സിൽ എന്താണെന്ന് ഞങ്ങൾക്ക് നേരത്തേ മനസ്സിലായതാ.
നിങ്ങളെ നോക്കി ഇരുന്നാൽ ഈ ജന്മത്തെങ്ങും നടക്കത്തില്ല എന്ന് തോന്നിയപ്പോഴാ ഇങ്ങനെയൊന്ന് പ്ലാൻ ചെയ്തത്. എന്തായാലും അതുകൊണ്ട് നിങ്ങൾക്ക് പരസ്പരം തുറന്ന് പറയുമ്പോഴുള്ള ചമ്മല് വേണ്ടി വന്നില്ലല്ലോ.”

അവൻ പറഞ്ഞ് തീർന്നതും ചമ്മിയ ഒരു ചിരിയായിരുന്നു രണ്ടുപേരുടെയും മുഖത്ത്.

കൂടുതൽ എന്തെങ്കിലും കേൾക്കും മുൻപ് രണ്ടും മുകളിലേക്കോടി.
രണ്ടാളും അവനവന്റെ മുറിയിൽ കയറി കതകടച്ചു.

പരസ്പരം ഒന്നും പറയാതിരുന്ന് വിഷമിപ്പിച്ചതോർത്തപ്പോൾ അവർക്ക് രണ്ടാൾക്കും വിഷമം തോന്നി. പെട്ടെന്ന് ഭാമ ഫോണെടുത്ത് വിഷ്ണുവിന് മെസ്സേജ് അയച്ചു.
“സോറി…
ഐ ലവ് യു ”
ആ മെസ്സേജ് കണ്ടതും വിഷ്ണുവിന് ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു.

💜💜💜💜💜

” പാവം അല്ലേ അച്ചുവേട്ടാ രണ്ടെണ്ണവും…. ഇപ്പോഴും മുഖത്ത് നിന്നും ആ ചമ്മല് മാറിയിട്ടില്ല. വൈകിട്ട് കഴിക്കാനിരിക്കുമ്പോഴും അതേ ചമ്മല് തന്നെ മുഖത്ത്.. ”
ഷീറ്റ് വിരിച്ചു കൊണ്ട് ദേവി അർജുന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

” പാവമൊക്കെ ശെരി തന്നെയാ…
നീ ഒന്ന് ശ്രദ്ധിച്ചോളണം ഇനി രണ്ടിനെയും….”

” അതിന് കമ്മീഷ്ണറുടെ അത്രയും കുഴപ്പക്കാരനല്ല അവൻ ”
അവന്റെ മൂക്കിൽ പിടിച്ച് ആട്ടി കൊണ്ട് അവളത് പറഞ്ഞതും. ആ മുഖത്ത് ചിരി വിരിയുന്നത് കണ്ടു.

💟💟💟💟💟💟💟

അങ്ങനെ കളിയും, ചിരിയും, ഒക്കെ ആയി അവരുടെ ജീവിതം മുന്നോട്ട് പോയി.
സത്യസന്ധമായി ജോലി ചെയ്ത് ഉയർന്ന ഉദ്യോഗസ്ഥരുടെ പ്രശംസകളും, പലരുടെയും വെറുപ്പും അവന് കിട്ടി.
അതോടൊപ്പം ശത്രുക്കളെയും… ദിവസം ചെല്ലുംതോറും ഭീഷണികളും കൂടി കൂടി വന്നു. ആദ്യമൊക്കെ അതെല്ലാം ദേവിയോട് പറഞ്ഞിരുന്നു. അവളുടെ പേടി മനസ്സിലാക്കി പിന്നെ ഒന്നും പറയാതെ ആയി….

ഇതിനോടകം തന്നെ അംബിക ഗ്രൂപ്പ്സിന്റെ പ്രധാന ഹെഢ് ആയി ദേവി സ്ഥാനമേറ്റു. താല്പര്യമില്ല എന്ന് പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചെങ്കിലും എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ അവള് സ്ഥാനമേറ്റു. ബിസ്സിനെസ്സുകളുടെയെല്ലാം മേൽനോട്ടം വിഷ്ണുവിനും, ഹോസ്പിറ്റലിന്റെ ചുമതല ഭാമക്കും നൽകി.

💜💜💜💜💜

” ദേവീ നമുക്ക്‌ നാളെ ഒന്ന് പുറത്ത് പോകാം. നമ്മൾക്ക് രണ്ടാൾക്കും മാത്രം…. ”

” നാളെയൊ,,, അപ്പോൾ ഡ്യൂട്ടി??? ”

” നാളെ ഞാൻ ഒരു പതിനൊന്നൊക്കെ ആകുമ്പോൾ വരാം . നീ അപ്പോഴേക്കും ഒരുങ്ങി നിന്നാൽ മതി. ‘

💜💜💜💜💜💜💜💜

” അമ്മേ അച്ചുവേട്ടനിന്ന് ഉച്ചക്ക് വരും. ഞങ്ങളൊന്ന് പുറത്ത് പോകും ”

” അതെയോ എങ്കിൽ നീ കുറച്ച് കഴിഞ്ഞ് കയറി പൊക്കോ. അവൻ വരുമ്പോഴേക്കും ഒരുങ്ങി നിൽക്കണ്ടേ… ”

” കുറച്ച് കൂടി കഴിയട്ടെ അമ്മേ സമയം ആകുന്നല്ലേ ഉള്ളു. ”

പോകാതിരുന്ന അവളെ നിർബന്ധിച്ച് ദേവകിയമ്മ ഒരുങ്ങാൻ വിട്ടു.
അവള് മുകളിലേക്ക് പോയി ഒരുങ്ങിക്കഴിഞ്ഞപ്പോൾ തന്നെ അവൻ വന്നു.

” അമ്മേ ഞങ്ങളിറങ്ങുവാ,,,”

രണ്ടുപേരും എല്ലാവരോടും പറഞ്ഞിറങ്ങി. ഭാമയും, വിഷ്ണുവും പോയത് കൊണ്ട് അവരോട് വിളിച്ചും പറഞ്ഞു.

” നമ്മളെവിടേക്കാ അച്ചുവേട്ടാ പോകുന്നെ”

” ഇത്രയും സമയം കാത്തില്ലേ കുറച്ച് സമയം കൂടി നീ ഒന്ന് കാത്തിരിക്ക്. ”
അവൻ പറഞ്ഞത് കേട്ട് ചുണ്ട് കോട്ടി അവള് പുറത്തേക്ക് നോക്കിയിരുന്നു.
കുറേ സമയമായത് കൊണ്ട്, അവൾക്ക് നന്നായിട്ട് ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ പിണക്കം ഭാവിച്ചിരിക്കുന്നത് കൊണ്ട് മിണ്ടാൻ പോയില്ല.

ഇടക്ക് വെച്ച് അവൻ കാറ് നിർത്തി.
അവൾക്ക് കുലുക്കിസർബത്ത് വാങ്ങി കൊടുത്തു.

” എനിക്ക് ദാഹിക്കുന്നില്ല. ”
അതും പറഞ്ഞവൾ മുഖം തിരിച്ചിരുന്നു.

“ഒരു ഭാര്യയുടെ ആവശ്യങ്ങൾ അവള് പറയാതെ തന്നെ മനസ്സിലാക്കാൻ ഒരു ഭർത്താവിന് കഴിയും. മനസ്സിലായല്ലോ. അതുകൊണ്ട് ഇതങ് കുടിക്ക്. ശെരിക്ക് ദാഹിക്കുന്നുണ്ടല്ലോ. ”

പിന്നെ ഒന്നും പറയാൻ അവൾക്ക് തോന്നിയില്ല.

” അച്ചുവേട്ടാ ഇനിയും ഒത്തിരി പോകണോ…
നമ്മളിനി എപ്പോഴാ തിരിച്ചു ചെല്ലുന്നേ,? ”

” ആദ്യം ചെല്ലട്ടെ. എന്നിട്ടല്ലേ തിരിച്ചു പോരുന്ന കാര്യം. ”

അവള് പുറത്തേക്ക് നോക്കി കാഴ്ചകൾ കണ്ടിരുന്നു. കുറച്ച് കഴിഞ്ഞതും കണ്ട് മറന്നതെന്തൊക്കെയോ കാണുന്നത് പോലെ. കണ്ണുകളെ വിശ്വസിക്കാനാവാതെ അവള് അവന്റെ മുഖത്തേക്ക് നോക്കി. അങ്ങനെയൊന്ന് പ്രതീക്ഷിച്ചത് കൊണ്ട് അവൻ നേരെ നോക്കി തന്നെയിരുന്നു. അവനെ അവൾ പലവട്ടം വിളിച്ചു. പക്ഷേ നേരെ നോക്കിയിരുന്നതല്ലാതെ അവനിൽ നിന്നും യാതൊരു പ്രതികരണവും വന്നില്ല.

പെട്ടന്ന് കാർ, തുറന്ന് കിടക്കുന്ന ഗേറ്റിലൂടെ അകത്തേക്ക് കയറി. കാർ നിന്നതും അവൾ അവന്റെ മുഖത്തേക്ക് ഒന്ന് കൂടി നോക്കി.
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ച് ഇറങ്ങാൻ പറഞ്ഞു.

വർഷങ്ങൾക്ക് ശേഷം ആ മുറ്റത്ത് കാല് ചവിട്ടുമ്പോൾ അവൾക്ക് ഉള്ളിൽ മുഴുവൻ ഭയമായിരുന്നു. പുറത്തേക്കിറങ്ങിയതും തറവാട്ടിലേക്ക് നോക്കിയപ്പോൾ നടന്നതെല്ലാം അവളുടെ മനസ്സിലേക്ക് വന്നു. അപ്പോഴേക്കും അർജുൻ അവളുടെ കൈകളെ ചേർത്ത് പിടിച്ചു മുൻപോട്ട് നടന്നിരുന്നു.

കോളിംഗ് ബെൽ അമർത്തിയതും ആരായിരിക്കും ആദ്യം ഇറങ്ങി വരിക എന്നോർത്ത് അവൾക്ക് വല്ലാതെ പേടി തോന്നി.

അകത്ത്‌ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും ഒരാശ്രയത്തിനായി അവൾ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.

തുടരും,,,,,