19/04/2026

നിലാവ് : ഭാഗം 28

രചന – അരുന്ധതി

 

‍‍‍‍‍” വലിയ ഡയലോഗ് അടിച്ചിട്ട് ഇറങ്ങി പോകുവാണോ ”
തിരിഞ്ഞ് നടന്ന ഭാമയെ നോക്കി വിഷ്ണു ചോദിച്ചു.

” ടോ,
തനിക്കിത് എന്തിന്റെ അസുഖവാ…
എനിക്കെന്റെ ബാഗെടുക്കാൻ പോലും വയ്യേ,,,. ഇത് നല്ല കൂത്ത്. ”
ബാഗെടുത്ത് വിഷ്ണുവിന്റെ അടുത്ത് കൊണ്ട് വെച്ച് ഭാമ പറഞ്ഞു.

” ഇങ്ങനെ നിൽക്കാതെ അങ്ങോട്ട് മാറി നിൽക്ക് മനുഷ്യന് കൈക്ക് വേദന എടുക്കുന്നു. ”
പെട്ടിയെടുത്ത് തിരികെ വെക്കും വഴി
അത്രയും പറഞ്ഞ് അവള് പോയതും വിഷ്ണു അർജുനെ നോക്കി ഒന്ന് ചിരിച്ചു.

” എന്തുവാടാ പാവം ഉണ്ട് കേട്ടോ ”

” അത്ര പാവമൊന്നുവല്ല”
അർജുന്റെ തോളിൽ കൈ വെച്ചു കൊണ്ട് വിഷ്ണു പറഞ്ഞു.

💟💟💟💟💟💟💟

കിടന്ന് കുറേ സമയം കഴിഞ്ഞിട്ടും ഉറക്കം വരാതെ കൈ നെറ്റിമേൽ വെച്ച് അർജുൻ കണ്ണ് തുറന്ന് കിടന്നു. ദേവി ഉറങ്ങിക്കാണും എന്ന് കരുതി അവൻ ഉണർത്താനും പോയില്ല. വെറുതെ എന്തിനാ അവളുടെ ഉറക്കം കൂടി കളയുന്നത് എന്ന് കരുതി.

” അച്ചുവേട്ടാ,,,
ഉറങ്ങാൻ പറ്റുന്നില്ല അല്ലേ .
വിഷമിക്കണ്ട അച്ഛനും, അമ്മയും എന്നും കൂടെ തന്നെയുണ്ടല്ലോ . അവരുടെ അനുഗ്രഹം എന്നും കൂടെ കാണും… ”

താൻ പറയാതെ തന്നെ തന്റെ മനസ്സ് മനസ്സിലാക്കുന്ന അവളോട്‌ അവന് വല്ലാത്ത ഇഷ്ടം തോന്നി. പെട്ടന്ന് അവൻ അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. ഒരു കുഞ്ഞിനെ പോലെ അവളോട്‌ ചേർന്ന് കിടന്നു.
അവളും തിരിഞ്ഞു കിടന്ന് അവന്റെ മുടിയിൽ തലോടി. ഒരമ്മയുടെ വാത്സല്യമായിരുന്നു ആ സമയം അവളിൽ.
തലോടലിനിടയിൽ അവളറിയുന്നുണ്ടായിരുന്നു അവന്റെ മിഴികൾ നിറഞ്ഞൊഴുകുന്നത്.

” അച്ചുവേട്ടാ,,,
കരയല്ലേ. അതെനിക്ക് സഹിക്കാൻ പറ്റില്ല. ”
അവള് പറഞ്ഞു കഴിഞ്ഞതും അവനവളെ കുറച്ച് കൂടി മുറുക്കി പിടിച്ചു.

💟💟💟💟💟

രാവിലെ ഭക്ഷണം കഴിക്കാൻ എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു. അർജുന്റെ അടുത്ത് ഭാമയും, അവർക്ക് നേരെ ആയി വിഷ്ണുവും, ദേവകിയമ്മയും,

” ഇവിടെ ഇരിക്കാമോ ആവോ? ”
ഭാമ അവിടെ ഇരുന്ന് കൊണ്ട് പൊതുവെ ആയിട്ട് ചോദിച്ചു.

” അതെന്താ നീ അങ്ങനെ ചോദിച്ചേ,,,
ഇവിടെ ഇരിക്കുന്നത് കൊണ്ടിപ്പൊഴെന്താ ? ”
അർജുൻ കസേര ഒന്ന് കൂടി വലിച്ചിട്ടിരുന്നു കൊണ്ട് ചോദിച്ചു.

” അല്ലാ,,,
ഇനി കസേരയിൽ പേരോ മറ്റോ എഴുതി വെച്ചിട്ടുണ്ടോ എന്നറിയില്ലല്ലോ. ഇനിയിപ്പോൾ ഇരുന്ന് കഴിയുമ്പോൾ എഴുന്നേൽക്കാനോ മറ്റോ പറഞ്ഞ് വരുവോ എന്നറിയാനാ ”
വിഷ്ണുവിന് നേരെ ഒന്ന് നോക്കി ഭാമ അർജുനോട് പറഞ്ഞു.

അതിൽ നിന്നും അവന് മനസ്സിലായി അവള് വിഷ്ണുവിനിട്ട് കുത്തിയതാണെന്ന്.

” അതേ എന്നോട് വല്ലതും പറയാനുണ്ടെങ്കിൽ എന്റെ മുഖത്ത് നോക്കി പറയണം. ”
വിഷ്ണു അവൾക്ക് നേരെ ചൂണ്ടി പറഞ്ഞു.

” എനിക്കാരെയും പേടിയൊന്നുമില്ല. വേണമെങ്കിൽ മുഖത്ത് നോക്കി ഞാൻ പറയും . കാണണോ? ”
അവളും വിട്ട് കൊടുത്തില്ല.

” ആ കാണണം എന്തേയ് ”

പ്രശ്നം രൂക്ഷമാകുന്നു എന്ന് കണ്ടതും ദേവി ഭാമയുടെ തലക്കിട്ടൊന്ന് കൊടുത്തു.

” ഭാമേ,,,
മിണ്ടാതെയിരുന്ന് കഴിക്ക്. ”

അതും കൂടി കേട്ടതും ഭാമ ഒന്നും മിണ്ടാതെ പാത്രത്തിലേക്ക് നോക്കി കഴിക്കാൻ തുടങ്ങി. ഇടയ്ക്കൊന്ന് തലയുയർത്തി നോക്കിയപ്പോൾ വിഷ്ണു അവളെ നോക്കി കളിയാക്കി. അവനെ ഒന്ന് കൂർപ്പിച്ചു നോക്കി മുഖം കൊണ്ട് കോക്രിയും കാണിച്ച് അവള് വീണ്ടും പാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു.

💟💟💟💟💟

കുറച്ച് കഴിഞ്ഞതും എല്ലാവരും കൂടി പുറത്തേക്ക് പോകാനായി ഒരുങ്ങി.

” എന്റെ ദേവീ,
ആ ജന്തു വരുന്നുണ്ടോ?
എങ്കിൽ ഞാനില്ല. എനിക്കാണെങ്കിൽ ആ തിരുമോന്ത കാണുമ്പോൾ ദേഷ്യം ഇരച്ചു കയറും. ”
ദേഷ്യത്തിൽ കട്ടിലിലേക്കിരുന്ന് കൊണ്ട് ഭാമ പറഞ്ഞു.

” ജന്തുവോ,,,
എന്താ ഭാമേ ഇത്,,,
ഞാൻ നിന്നോട് പറയാൻ തന്നെ ഇരിക്കുവായിരുന്നു. എന്തൊക്കെയാ ഇന്ന് രാവിലെ വിളിച്ചു പറഞ്ഞത്. അവനെന്ത് വിചാരിക്കും നിന്നെ കുറിച്ച്. ”

” അയാളെന്തെങ്കിലും വിചാരിക്കട്ടെ. അതിന് എനിക്കെന്താ ”
ദേവിയെ നോക്കി പറഞ്ഞു കൊണ്ടവൾ മുഖം തിരിച്ചിരുന്നു.

” അഹങ്കാരം പറഞ്ഞാൽ നല്ല വീക്ക് വച്ച് തരും ഞാൻ.
ഇനി ഏങ്ങാനും നീ അവനെ വല്ലതും പറയുന്നത് ഞാൻ കണ്ടാൽ അപ്പോൾ പറയാം ഞാൻ ബാക്കി.
പിന്നെ ഇന്ന് അവനും, നീയും, ഞാനും, അച്ചുവേട്ടനും കൂടിയാ പുറത്ത് പോകുന്നത്. അതിന് ഒരു മാറ്റവുമില്ല. ”

” ആ പിന്നെ ഞാനെങ്ങും ഇല്ലാ, ”
ദേവിയെ എതിർത്തു കൊണ്ട് ഭാമ പറഞ്ഞു

” അത് നീയല്ല തീരുമാനിക്കുന്നത്.
പിന്നെ അച്ചുവേട്ടൻ നിന്നെ കൊണ്ടല്ലാതെ പോകുവോ. ”

” ഓഓഓ,,,
ശെരി ഞാൻ വരാം. പക്ഷേ ആ ജന്തു,,,,,
സോറി, വിഷ്ണുവേട്ടൻ എന്നോടൊന്നും മിണ്ടാൻ പാടില്ല. ”

അവളുടെ സംസാരം കേട്ടിട്ട് ദേവിക്ക് ചിരി വന്നിട്ട് വയ്യാരുന്നു. ആ ചിരി കടിച്ചമർത്തി അവള് ഭാമയെ ഒരുങ്ങാൻ വിട്ടു.

” അമ്മേ ഞങ്ങള് പോയിട്ട് വരാം,,, ”
ദേവകിയമ്മയോട് യാത്ര പറഞ്ഞ് ദേവി പുറത്തേക്കിറങ്ങി.

” അപ്പച്ചിയും , ഇളയച്ചനും വരുന്നോ ഞങ്ങൾടെ കൂടെ ”
അർജുന്റെ ചോദ്യം കേട്ടതും വിഷ്ണുവിന് ദേഷ്യം സഹിക്കാനാവാതെ പുറത്തേക്കിറങ്ങാൻ ഒരുങ്ങി.

” ഇല്ല മോനേ നിങ്ങള് പോയിട്ട് വാ ”
അർജുനോട് അവര് പറഞ്ഞ മറുപടി കേട്ടിട്ടും അവന്റെ ദേഷ്യം മാറിയില്ല. അത് അവന്റെ മുഖത്ത് നിന്ന് മനസ്സിലാക്കാനും സാധിക്കുവാരുന്നു.
എല്ലാവരും കയറി,
കാറ് കോവിലകത്തിന്റെ മതിൽ കടന്നു പുറത്തിറങ്ങി.
അർജുനും, വിഷ്ണുവും മുന്നിലും
ദേവിയും, ഭാമയും പിറകിലുമാണ് ഇരുന്നത്.
എല്ലാവരും പരസ്പരം കളിയും ചിരിയും തമാശയും ഒക്കെ പറഞ്ഞ് മുൻപോട്ട് പോയി.
പക്ഷേ വിഷ്ണുവും, ഭാമയും പരസ്പരം ഒന്നും മിണ്ടിയില്ല.

” അല്ലാ ഇവിടെ രണ്ട് പേര് കുറേ സമയമായല്ലോ പരസ്പരം ഒന്നും മിണ്ടാതെ ഇരിക്കുന്നു. ”
അർജുൻ രണ്ട് പേരോടുമായി ചോദിച്ചു.

” എനിക്കാരോടും ഒരു പിണക്കവുമില്ല ഏട്ടാ,,, പിന്നെ മിണ്ടാത്തത്,
ഇവിടെ ചിലർക്കൊക്കെ ഒരെല്ല് കൂടുതലാ.അതുകൊണ്ടാ. ”
വിഷ്ണു അർജുന്റെ മുഖത്തേക്കും, കണ്ണാടിയിലൂടെ കാണുന്ന ഭാമയുടെ പ്രതിബിംബത്തെയും നോക്കി പറഞ്ഞു.

” കൂടുതലുണ്ടെങ്കിൽ എന്താ ആ എല്ലൂരി എടുക്കുവോ ”
അവളും വിട്ട് കൊടുത്തില്ല.

” മതി മതി ഇനി അതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട. ഞാൻ നിർത്തി. ”
അവരുടെ ഇടയിൽ കയറി അർജുൻ പറഞ്ഞു. അത് കേട്ടതും രണ്ടും കണ്ണാടിയിൽ നോക്കി മുഖം വെട്ടിച്ചു.

ബീച്ചിനടുത്ത് കാറ് പാർക്ക് ചെയ്യുന്നിടത്തായി വിഷ്ണു കാറ് നിർത്തി.

അവര് നാല് പേരും കൂടി ബീച്ചിലേക്ക് നടന്നു.
അർജുനും ദേവിയും കൈ കോർത്തു പിടിച്ചും, പിറകെയായി രണ്ട് ധ്രുവങ്ങളിൽ നടക്കുംപോലെ വിഷ്ണുവും, ഭാമയും…

” അതേ,,,
ഏട്ടാ ഞാനീ പിശാശിനെയും കൊണ്ട് ഇവിടെ ഇരുന്നോളാം നിങ്ങള് നടന്നോ ”

” അത് വേണ്ടടാ, നമുക്കൊന്നിച്ചു നടക്കാം വാ ”

” ഞാൻ ഇടക്ക് വരാറുള്ളതല്ലേ അതുകൊണ്ടാ പറഞ്ഞെ,
പിന്നെ ഇതിനെയും കൊണ്ട് പോയാൽ വഴിയേ പോകുന്നവരുടെ കയ്യിൽ നിന്നും വേണമെങ്കിൽ കിട്ടും അതാ പറഞ്ഞെ നിങ്ങളോട് പൊക്കോളാൻ. ”

” അതേ ഏട്ടാ,
ഞാൻ ഇവിടെ ഇരിക്കാം. ”
ഭാമയും വിഷ്ണുവിനെ അനുകൂലിച്ചു.

അവര് രണ്ടാളും നടന്ന് ബീച്ചിലേക്കിറങ്ങി.

” അപ്പോൾ ബോധം എന്ന് പറയുന്ന സാധനമൊക്കെ ഉണ്ട് അല്ലേ ”
വിഷ്ണു ഭാമയുടെ നേരെ തിരിഞ്ഞു ചോദിച്ചു.

” പിന്നെ ഇയാൾക്ക് മാത്രേ ഉള്ളോ ഇതൊക്കെ ”
അവളും എണ്ണിച്ചുട്ടപ്പം പോലെ മറുപടി കൊടുത്തു.

മുന്നിലൂടെ പോകുന്നവരും, അടുത്തിരിക്കുന്നവരും ഒക്കെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ രണ്ടാളും നിർത്തി.
പിന്നെ വിഷ്ണു ഫോണെടുത്ത് അതിലേക്ക് നോക്കി കൊണ്ടിരുന്നു.
ഭാമ മുന്നിലെ കാഴ്ചകളൊക്ക നോക്കിയിരുന്നു.
അങ്ങനെ അവള് നോക്കുമ്പോൾ,
കയ്യിൽ ഐസ്ക്രീമും ആയിട്ട് ഓടി വരുന്ന ഒരു കുഞ്ഞിനെ കണ്ടു. അതിന് പിറകേ ആയിട്ട് ആ കുട്ടിയുടെ അച്ഛനും, അമ്മയും. ഓടി വരുന്നുണ്ട്. ആ അച്ഛൻ വന്ന് ആ കുഞ്ഞിനെ കോരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടുന്നു.
അത് കണ്ടതും അവളുടെ കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞൊഴുകി.
അനക്കമൊന്നും കേൾക്കാതെ വിഷ്ണു ഫോണിൽ നിന്ന് തല ഉയർത്തി നോക്കുമ്പോൾ അനുസരണയില്ലാതെ ഒഴുകി ഇറങ്ങുന്ന കണ്ണ് നീരിനെ തുടച്ചു മാറ്റുന്ന ഭാമയെ ആണ് കാണുന്നത്.
കാര്യമെന്തെന്നറിയാൻ അവൻ അവളുടെ കണ്ണുകളെ പിന്തുടർന്നു. കാര്യം മനസ്സിലായപ്പോൾ അവനും സങ്കടം വന്നു.

” ടോ ഭാമേ ,
കരയാതെ ഈ ഭൂമിയിൽ അച്ഛന്റെയും, അമ്മയുടെയും സ്നേഹം കിട്ടാതെ വളരുന്ന എത്രയോ പേരുണ്ട്.
ജീവനോടെ കണ്മുന്നിൽ ഉണ്ടായിട്ടും മക്കളെ ശ്രദ്ധിക്കാത്ത, അച്ഛനമ്മമാരുള്ള കാലമാ.
എന്റെ അച്ഛനെയും, അമ്മയെയും തന്നെ കണ്ടില്ലേ.യാതൊരു മനസാക്ഷിയുമില്ലാത്ത അവരുടെ കൂടെയാണ് ഞാൻ വളർന്നത്. സ്വന്തം മകനെക്കാൾ അവർക്ക് വലുത് സ്വത്തും പണവുമായിരുന്നു. ”
പറഞ്ഞ് തീർന്നതും വിഷ്ണു ഒരു ദീർഘനിശ്വാസമെടുത്തു.

” എനിക്കത് കണ്ടപ്പോൾ അനാഥാലയത്തിലെ എന്റെ ജീവിതം ഓർമ്മ വന്നു . അച്ഛന്റെയും, അമ്മയുടെയും വാത്സല്യമറിയാത്ത ബാല്യം.
പറയാനാണെങ്കിലും ഒരച്ഛനും, അമ്മയും ഉണ്ട് വിഷ്ണുവേട്ടന്. എനിക്കോ ഓർമ്മ വെച്ച കാലം മുതൽ സ്വന്തമെന്ന് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. ദേവിയും, ഏട്ടനും വന്ന ശേഷമാ എന്റെ ജീവിതത്തിന് ഒരർത്ഥമുണ്ടായത്. ”
അവന്റെ മുഖത്തേക്ക് നോക്കാതെ അവളതും പറഞ്ഞ് മുഖം തുടച്ചു.

കുറച്ച് സമയത്തേക്ക് അവിടം മൗനമായിരുന്നു.

” ആഹാ ഇത്രയും ഉള്ളു?? , അപ്പോൾ ശെരിക്കും തൊട്ടാവാടിയാണ് അല്ലേ? ”
ഭാമയുടെ മുഖത്തേക്ക് നോക്കി വിഷ്ണു പറഞ്ഞു

” ദേ ഒരുമാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ. ഞാൻ തൊട്ടാവാടിയാണെന്ന് ഇയാളോടാരാ പറഞ്ഞത് ”

” ഈശ്വരാ ഇതിനൊരു അവസാനമില്ലേ ”
അതും ചോദിച്ചു കൊണ്ടാണ് അർജുൻ അങ്ങോട്ട് വന്നത്.

” ഏട്ടാ,,,
അതൊക്കെ വിട് എനിക്ക് ഐസ്ക്രീം വേണം… ”
എന്നും പറഞ്ഞ് തുള്ളിച്ചാടി പോകുന്ന ഭാമയെ വിഷ്ണു അത്ഭുതത്തോടെ നോക്കി.

തിരിച്ചുള്ള യാത്രയിലും, വീട്ടിൽ വന്ന ശേഷവും ഒക്കെ അവന്റെ ചിന്ത ഭാമയെക്കുറിച്ചായിരുന്നു.
എത്ര സങ്കടം ഉള്ളിലൊതുക്കി ആണവൾ ചിരിച്ചു കളിച്ചു നടക്കുന്നത്. അവളുടെ മൂടൊന്നു മാറ്റാനാണ്‌ താൻ അവളെ ദേഷ്യം പിടിപ്പിച്ചത്. അത് മനസ്സിലാക്കിയെന്നോണം തന്നെ അവള് പെരുമാറി. പിന്നെ ഏട്ടൻ വന്നപ്പോൾ എത്ര പെട്ടെന്നാണ് ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ടവൾ ഓടിയത്. ഒക്കെയും ആലോചിച്ച് അവന് ഉറക്കം വന്നില്ല.

ഭാമയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
താൻ പറയാതെ തന്റെ വിഷമത്തിന്റെ ആഴം മനസ്സിലാക്കിയ അവനോട് അവൾക്ക് ബഹുമാനം തോന്നി .
പിന്നെ, അതിൽ നിന്നും തന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി മനപ്പൂർവം തന്നെ ദേഷ്യം പിടിപ്പിച്ചതും കൂടി ഓർത്തപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.

💟💟💟💟💟

” ഇതെന്താ ഇന്ന് രണ്ടാളും വലത്തോട്ട് തിരിഞ്ഞാണോ എഴുന്നേറ്റെ, ”
പത്രം വായിച്ച് കഴിഞ്ഞ് മേശയിലേക്കിരിക്കും വഴി അർജുൻ ചോദിച്ചു.

” ഏട്ടാ,,, ”
ഭാമ അവനെ ശെരിക്കും നീട്ടിയൊന്ന് വിളിച്ചു.

” അച്ചുവേട്ടാ, ഇതെന്തിന്റെ അസുഖാ
മര്യാദക്കിരിക്കുന്നവരെ പറഞ്ഞ് വഴക്കുണ്ടാക്കിക്കണം എന്ന് വല്ല നേർച്ചയും ഉണ്ടോ ”
പാലപ്പം എടുത്ത് പാത്രത്തിലേക്ക് വെക്കും വഴി കുറച്ച് ഗാംഭീര്യത്തിൽ തന്നെ ദേവി അർജുനോട് ചോദിച്ചു.

“അയ്യോ ഞാനൊന്നും മിണ്ടുന്നില്ലായെ,,, ”
കുറച്ചെടുത്ത് വായിലേക്ക് വെച്ച് അവൻ ദേവിയോട് പറഞ്ഞു.

” അമ്മേ,,,
എത്ര നാള് കൂടിയാ പാലപ്പം കഴിക്കുന്നേ,, എന്തോ എനിക്ക് ഒരു പ്രത്യേക സ്വാദ് തോന്നുന്നു. ”

” അത്,
എന്റെ ദേവി മോളാ ഇന്ന് അടുക്കള ഭരണം അതാവും ”

” അയ്യേ,,,
അമ്മയത് വിശ്വസിച്ചോ ഞാൻ വെറുതെ പറഞ്ഞതല്ലേ,,, വായിൽ വെക്കാൻ കൊള്ളില്ല. ”
ദേവിയെ ഒന്ന് നോക്കിക്കൊണ്ട് അവൻ പറഞ്ഞ് കഴിഞ്ഞതും അവള് ദേഷ്യത്തിൽ അടുക്കളയിലേക്ക് കയറി പോയി.

” എന്തുവാടാ ഇത്. വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാൻ,,, ”
ദേവകിയമ്മ അവനെ ശാസിച്ചു.

” ചുമ്മാ പറഞ്ഞതല്ലേ അമ്മേ,,, ”

അവനതും പറഞ്ഞ് നോക്കിയതും മാറി നിൽക്കുന്ന രേവതിയെയും, ഗംഗാധരനെയും കണ്ടു.

” അപ്പച്ചീ,, രണ്ടാളും വാ,
നമുക്കൊന്നിച്ചിരിക്കാം. ”

അത് കേട്ടതും വിഷ്ണു കഴിപ്പ് നിർത്തി തല ഉയർത്തി നോക്കി.

” വാ ഇവിടെ വന്നിരിക്ക്.”
അർജുൻ നിർബന്ധിച്ചപ്പോൾ അവര് രണ്ടാളും മനസ്സില്ലാ മനസ്സോടെ അവിടേക്കിരുന്നു

പെട്ടെന്ന് വിഷ്ണു എഴുന്നേൽക്കാൻ ഒരുങ്ങി.

” വിച്ചൂ,,,
എവിടെ പോകുന്നു. നീ കഴിച്ച് കഴിഞ്ഞില്ലല്ലോ ”

“എനിക്ക് വേണ്ട ഏട്ടാ,,, ”

” അഹങ്കാരം കാണിക്കരുത്,,, ”

” അഹങ്കാരമല്ല ഏട്ടാ,,, എനിക്ക് ഇവരുടെ കൂടെ ഇരിക്കുന്നത് പോയിട്ട് കാണുന്നത് പോലും വെറുപ്പാ. എന്നോട് ഏട്ടൻ ക്ഷമിക്കണം. ”
പറഞ്ഞ് തീർത്ത് വിഷ്ണു എഴുന്നേറ്റ് പോയി.

അവന്റെ ഓരോ പ്രവർത്തിയും അവരെ രണ്ടാളെയും ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു. ഓരോ നിമിഷവും ചെയ്ത് പോയ തെറ്റുകളോർത്ത് അവരുടെ മനസ്സ് നീറിക്കൊണ്ടിരുന്നു.

തുടരും,,,,,

.