രചന – അരുന്ധതി
ഐ. സി. യു.വിന് പുറത്ത് മനസ്സ് തകർന്നു നിൽക്കുമ്പോഴും അവരുടെ മൂന്നാളുടേയും മനസ്സിൽ ദേവിയെ ഒരാപത്തും കൂടാതെ തിരികേ തരണേ എന്ന് മാത്രമായിരുന്നു പ്രാർത്ഥന.
പെട്ടെന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
“അർജുൻ സർ,
ഒന്നെന്റെ ക്യാബിനിലേക്ക് വരൂ ”
“മേ ഐ കമിംഗ് സർ “ഡോറിൽ തട്ടി അർജുൻ ചോദിക്കവേ,
“ആ വരൂ,,
ഇരിക്കൂ…. ”
“ഡോക്ടർ ദേവിക്കിപ്പോൾ എങ്ങനെ ഉണ്ട്? ”
“സർ,
ഞാൻ പറയുന്നത് കേട്ടിട്ട് ടെൻഷൻ ആവരുത്. ”
“ഇല്ലാ. ഡോക്ടർ പറഞ്ഞോളൂ ”
“ഇന്നലെ ഇവിടെ കൊണ്ട് വരുമ്പോൾ ശെരിക്കും കൈ വിട്ട് പോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. പക്ഷേ ഇപ്പോൾ അതിൽ നിന്നും മാറ്റം വന്നിട്ടുണ്ട്. മരുന്നിനോട് ശരീരം പ്രതികരിക്കാൻ തുടങ്ങി.. ”
മനസ്സിലുള്ള സന്തോഷം ആ സമയം അർജുന്റെ മുഖത്ത് പ്രതിഫലിച്ചു.
“കാലിന്റെ മുറിവ് അല്പം ആഴത്തിലുള്ളതാണ്. അത് സ്റ്റിച് ചെയ്തിട്ടുണ്ട്. പക്ഷേ,,,”
“എന്താ ഡോക്ടർ ഒരു പക്ഷേ? ”
“സർ, ഞാനൊരു കാര്യം തുറന്ന് പറയാം,
തലയിലെ മുറിവ് പ്രത്യക്ഷത്തിൽ കാര്യമായിട്ടില്ല. പക്ഷേ , എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയാൻ കുറച്ച് ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് വന്നിട്ടേ പൂർണ്ണമായ ഒരു ഉറപ്പ് ദേവിയുടെ കാര്യത്തിൽ പറയാൻ പറ്റൂ.”
“ഡോക്ടർ അപ്പോൾ ,,,,, ”
“ഒന്നും വരില്ലടോ നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം. ”
“ഡോക്ടർ,
ഒരു കാര്യം ചോദിച്ചോട്ടെ അരുതെന്ന് പറയരുത്. ഞാനൊന്ന് ദേവിയെ കയറി കണ്ടോട്ടെ. ഒത്തിരി സമയം നിൽക്കില്ല പെട്ടെന്നിറങ്ങിക്കോളാം. ”
“ശെരി. ഒരുപാട് വൈകരുത്. പെട്ടെന്നിറങ്ങണം. ഞാൻ അവിടെ ഡ്യൂട്ടിക്ക് നിൽക്കുന്ന സിസ്റ്ററിനോട് പറഞ്ഞേക്കാം. ”
“ഒത്തിരി നന്ദിയുണ്ട് ഡോക്ടർ. ”
അവിടെ നിന്ന് അർജുൻ നേരെ ഐ.സി യുന് മുന്നിലെത്തി. കുറച്ച് കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് അകത്തേക്ക് കയറ്റി.
ആകത്ത് ബോധം വീഴാതെ കിടക്കുന്ന ദേവിയെ കാൺകെ അർജുന്റെ കണ്ണ് നിറഞ്ഞൊഴുകി. അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുക്കാൻ അവന്റെ മനസ്സ് കൊതിച്ചു.
“സർ,,,
ഒരുപാട് സമയം ഇവിടെ നിൽക്കരുത്… ”
അവളെ ഒന്ന് കൂടി നോക്കി നിറഞ്ഞ് വന്ന കണ്ണ് തുടച്ചു കൊണ്ട് അവൻ പുറത്തേക്കിറങ്ങി…
“ഏട്ടാ അവൾക്ക് എങ്ങനെ ഉണ്ട്? ഡോക്ടർ എന്താ പറഞ്ഞെ? ”
“ഒന്നൂല്ലാ മോളേ. അവൾക്ക് കുഴപ്പമില്ല എന്ന് പറയാനാ വിളിച്ചേ. ”
“എന്നിട്ട് ഏട്ടന്റെ മുഖമെന്താ ഇങ്ങനെ വല്ലാതിരിക്കുന്നെ? ”
“ഇത്രയും സമയം ടെൻഷൻ ആയിരുന്നില്ലേ അതാ. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം ”
” ഏട്ടൻ ഈ ആശുപത്രി വിട്ട് എവിടെയും പോവില്ലന്നു എനിക്കറിയാം. ആരും കാണാതെ മാറി നിന്ന് മനസ്സിലെ വിഷമം കരഞ്ഞു തീർക്കാനല്ലേ പോകുന്നത്? ”
ഭാമയെ നോക്കിയൊന്ന് ചിരിച്ച് അർജുൻ മുറിക്ക് പുറത്തേക്കിറങ്ങി. ആരും കാണാതെ മനസ്സ് തുറന്ന് കരഞ്ഞു. അന്നത്തെ രാത്രി അവരാരും ഉറങ്ങിയില്ല.
രാവിലെ ഐ സി യുന് പുറത്തിരിക്കുന്ന അർജുനോട് ഒരു നേഴ്സ് വന്ന് ഡോക്ടർ വിളിക്കുന്നു എന്ന് പറഞ്ഞു.
“സർ,,,
ഡോക്ടർ ക്യാബിനിലേക്കൊന്ന് ചെല്ലാൻ പറഞ്ഞു. ”
അർജുൻ വേഗം തന്നെ അദ്ദേഹത്തിനടുത്ത് ചെന്നു.
“ഞാൻ പറഞ്ഞില്ലേ ഈശ്വരൻ കൂടെയുണ്ടെങ്കിൽ ഒന്നും സംഭവിക്കില്ലെന്ന്. അതുപോലെ തന്നെ സംഭവിച്ചു. ടെസ്റ്റിൽ ഒരു കുഴപ്പവുമില്ല. രണ്ട് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാം. ”
“ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. എന്റെ ദേവിയെ ഒരാപത്തും വരുത്താതെ തിരിച്ചു തന്നതിന്. ”
“സർ,
എന്നോട് നന്ദിയൊന്നും പറയണ്ട. താൻ പാതി ദൈവം പാതി എന്നല്ലേ. എന്നെക്കൊണ്ടാവുന്നത് ഞാൻ ചെയ്തു. ബാക്കിയെല്ലാം ഈശ്വരന്റെ അനുഗ്രഹം ”
“ഡോക്ടർ,,,
അവളെ ഞങ്ങൾക്കൊന്ന് കാണാൻ പറ്റുവോ? ”
“അതിനെന്താ കണ്ടോളൂ. ഒത്തിരി സ്‌ട്രെയിൻ എടുപ്പിക്കരുത് ”
“ഇല്ലാ ഡോക്ടർ.
എങ്കിൽ വരട്ടെ ”
“അമ്മേ, ഭാമേ,,
വാ ദേവിയെ കണ്ടോളാൻ പറഞ്ഞു. ”
കേട്ടതും ഭാമ ആദ്യം ഓടി..
“സിസ്റ്റർ ഞങ്ങൾക്ക് ദേവിയെ ഒന്ന് കാണാൻ,,,
ഡോക്ടർ സമ്മതിച്ചിട്ടാ…”
ആകത്തു ചെന്നതും അവരെ നോക്കി ദേവിയൊന്ന് ചിരിച്ചു.
“മനുഷ്യനെ പേടിപ്പിച്ചിട്ട് ചിരിക്കുന്നോ.? ”
“എന്താ ഭാമേ,
നീ പേടിച്ച് പോയോ ഞാൻ തട്ടി പോകുവെന്ന്? ” പറഞ്ഞ് തീർന്നതും ഭാമ ദേവിയുടെ വായ പൊത്തി.
“ദേ പെണ്ണേ വയ്യാതെ കിടക്കുവാണ് എന്നൊന്നും ഞാൻ വിചാരിക്കില്ല. പിടിച്ചൊരെണ്ണം തന്നാലുണ്ടല്ലോ ”
“മോളേ ദേവീ,,,
ഞങ്ങളൊക്കെ വല്ലാതെ പേടിച്ച് പോയി ”
അവര് രണ്ടുപേരും സംസാരിച്ചപ്പോഴും അർജുൻ ഒന്നും മിണ്ടാതെ മാറി നിൽക്കുകയായിരുന്നു. അവൻ എന്തെങ്കിലും ഒന്ന് സംസാരിക്കും എന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ ഒന്നും സംസാരിക്കാതെ അവൻ പുറത്തേക്കിറങ്ങി പോയി.
“ഒത്തിരി സമയം ഇവിടെ നിൽക്കാൻ പാടില്ല. ”
ഒരു നേഴ്സ് വന്ന് പറഞ്ഞതും അവര് ദേവിയോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.
“ഭാമേ കുറച്ച് കഴിഞ്ഞാൽ അവളെ റൂമിലേക്ക് മാറ്റും. അതിനുള്ളതെല്ലാം ഞാൻ ചെയ്തിട്ടുണ്ട് ”
“ഏട്ടൻ എവിടെ പോകുവാ? ”
“അത്യാവശ്യമായി സ്റ്റേഷൻ വരെയൊന്ന് പോകണം. ”
“അതെന്താ പെട്ടെന്നൊരത്യാവശ്യം? ”
“നിനക്കറിയാല്ലോ ഭാമേ ഇപ്പോൾ ആ ആകത്തു കിടക്കുന്നത് എന്റെ പ്രാണനാണ്. അവളെ നോവിച്ചവനെ ഈ അർജുൻ ജീവനോടെ ഉള്ളപ്പോൾ വെറുതെ വിടില്ല.
ഈ രണ്ട് ദിവസം അവള് കൈ വിട്ട് പോകുമോ എന്ന ടെൻഷനിലായിരുന്നു ഞാൻ. ഇപ്പോൾ അവള് ഒക്കെ ആയി. ഇനി അവനെ,,, ”
അത്രയും പറഞ്ഞ് അർജുൻ പോയി.
ആ വാക്കുകളിൽ നിന്നും അർജുന് ദേവിയോടുള്ള പ്രണയത്തിന്റെ ആഴം മനസ്സിലാക്കുകയായിരുന്നു ഭാമ .
അർജുൻ സ്റ്റേഷനിലെത്തിയതും, വാതിൽ തുറന്ന് പുറത്തിറങ്ങി. പാറാവ് നിൽക്കുന്ന ആള് സല്യൂട്ട് അടിച്ചു.
“ഗുഡ് മോർണിംഗ് സർ, ”
“ലോക്കപ്പ് തുറക്ക്,,, ”
ആകത്ത്, അർജുനെ കണ്ടതും അയാളുടെ മുഖത്ത് പുച്ഛഭാവം വന്ന് നിറഞ്ഞു.
“ഡോ,,,,
താനെന്റെ പെണ്ണിനെ തൊടും അല്ലേ.
ഈ രണ്ട് ദിവസം ഞാൻ അനുഭവിച്ച ടെൻഷൻ മുഴുവൻ താൻ കാരണമാണ്. ഇനി ഒരു പെണ്ണിനെയും താൻ ഉപദ്രവിക്കില്ല. ഇനി താൻ പുറംലോകം കാണില്ല. അർജുൻ മഹേശ്വർ ആണ് പറയുന്നത്. ”
അവന്റെ കണ്ണിലെ തീക്ഷ്ണത അയാളിൽ ഭയം നിറച്ചു.
💟💟💟💟💟💟💟💟💟
ദേവിയെ നോക്കാൻ ദേവകിയമ്മയും, ഭാമയും ഹോസ്പിറ്റലിൽ തന്നെ നിന്നു. അർജുൻ എന്നും രാവിലെയും വൈകിട്ടും അവളെ കാണാൻ വന്നു. പക്ഷേ പരസ്പരം രണ്ടാളും ഒന്നും സംസാരിച്ചില്ല.
“ഏട്ടാ നാളെയാണ് ഡിസ്ചാർജ്. ഏട്ടൻ വരുമ്പോൾ ഒന്ന് ചെന്ന് ഡോക്ടറെ കാണാൻ പറഞ്ഞു. ”
“എങ്കിൽ ഞാൻ പോയിട്ട് വരാം ”
“എസ്ക്യൂസ് മി ഡോക്ടർ ,,,, ”
“യെസ് കമിംഗ്,,,
ആഹാ ആരിത്. ഇരിക്ക് സർ “.
“ഭാമ പറഞ്ഞു ഡോക്ടർ കാണണമെന്ന് പറഞ്ഞെന്ന്. ”
“പേടിക്കാനൊന്നുമില്ല.
നാളെയാണ് ഡിസ്ചാർജ്. തലയിലെ മുറിവ് പേടിക്കാനൊന്നുമില്ല. പക്ഷേ കാലിലെ മുറിവ്,,,,
അത് പൂർണ്ണമായും റസ്റ്റ് ചെയ്താൽ മാത്രമേ കാലിന്റെ മുറിവ് കുറയൂ. ചുരുക്കി പറഞ്ഞാൽ കുറയുന്നത് വരെ കാല് നിലത്തു കുത്തുകയെ ചെയ്യരുത്. ”
“ശെരി ഡോക്ടർ. ശ്രദ്ധിച്ചോളാം. എങ്കിൽ ഇറങ്ങട്ടെ ”
അവിടുന്നിറങ്ങി മുറിയിലെത്തിയപ്പോൾ ദേവി ഉറങ്ങിയിരുന്നു.
” ഏട്ടാ,
ഡോക്ടർ എന്താ പറഞ്ഞത്?”
ഡോക്ടർ പറഞ്ഞത് മുഴുവൻ കേട്ട് കഴിഞ്ഞതും ഭാമ അർജുനെ നോക്കി.
“വീട്ടിൽ വന്നാൽ അവള് റെസ്റ്റൊന്നും എടുക്കില്ല. കാലിലെ മുറിവ് കരിയുന്നത് വരെ അവള് ശ്രദ്ധിക്കില്ല ”
“എല്ലാം .കൂടി വെച്ചു നോക്കുമ്പോൾ അവള് എന്റെ വീട്ടിൽ നിൽക്കുന്നതാ നല്ലത് ”
“അതേ ഏട്ടാ. അവിടെയാണെങ്കിൽ അമ്മയും ഉണ്ടല്ലോ. പക്ഷേ അവളോട് ഈ കാര്യം പറഞ്ഞാൽ അവള് സമ്മതിക്കില്ല.”
“അതുകൊണ്ട് കാറിൽ കയറും വരെ എങ്കിലും അവളറിയരുത്. ”
“ശെരി ഏട്ടാ.. ”
പിറ്റേന്ന്,,,
“ഭാമേ,,, നമ്മളെങ്ങനെയാ പോവുന്നെ? ”
“ഡീ അത്,,
ഏട്ടനാക്കി തരും… ”
“അമ്മ വന്നില്ലല്ലോടി. ”
നിന്നെ സ്വീകരിക്കാൻ നിൽക്കുന്ന അമ്മ എങ്ങനെയടി ഇവിടെ വരുന്നേ. പതിയെ ഭാമ പറഞ്ഞതും, ദേവി അവളെ നോക്കി എന്താ എന്ന് ചോദിച്ചു.
“അമ്മ വീട്ടിലേക്ക് വന്നോളും എന്നാ ഞാൻ ഉദേശിച്ചേ. ”
“ഡീ ഇനി ഇവിടെ ഒന്നും ഇല്ലല്ലോ അല്ലേ?
നമുക്കിറങ്ങാവോ? ”
“ഏട്ടൻ ബില്ലടച്ചു വരുന്ന താമസമേയുള്ളൂ.”
പിന്നെ പെട്ടെന്നു തന്നെ എല്ലാം കഴിഞ്ഞ് ദേവിയെ ഡിസ്ചാർജ് ആക്കി. കാറിൽ കയറ്റി ഇരുത്തി.
“അപ്പോൾ ഏട്ടാ എന്റെ ദേവികുട്ടിയെ നന്നായി നോക്കിക്കോളണെ. ”
“അതെന്താ ഭാമേ നീ ഇതെവിടെ പോകുവാ? ”
“ഞാനല്ല നീയാ പോകുന്നെ. നീ ഇനി എല്ലാം കുറയുന്നത് വരെ അവിടെയാണ്. നിനക്കിപ്പോൾ പൂർണ്ണമായ റസ്റ്റ് ആണ് വേണ്ടത്. അതുകൊണ്ടാ. ”
“പക്ഷേ ഭാമേ നീ,,, ”
“ഡീ ഇനിയും ലീവെടുത്താൽ പ്രശ്നമാ. ”
“എങ്കിൽ നിനക്കും അവിടെ നിന്ന് പോകാമല്ലോ? ”
“ഡീ, അവിടുന്ന് ഒത്തിരി ദൂരമുണ്ട്. ഏട്ടനെ ബുദ്ധിമുട്ടിക്കേണ്ടി വരും പിന്നെ. ഇതിപ്പോൾ ഞാൻ ഹോസ്റ്റലിലേക്ക് മാറിയാൽ മതിയല്ലോ ”
“പക്ഷേ നീ ഒറ്റക്ക്,,,, ”
“നിനക്ക് വയ്യാത്തത് കൊണ്ടല്ലേ. അതുകൊണ്ട് എന്റെ മോള് മിണ്ടാതെ പോകാൻ നോക്ക്.
ഏട്ടാ വണ്ടിയെടുക്ക്. അല്ലെങ്കിൽ ഇവളിങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും. ”
“എങ്കിൽ നീ ഇപ്പോൾ കൂടെ വാ,,, ”
“ഡീ ഇന്ന് ഈവെനിംഗ് ഡ്യൂട്ടിക്ക് കയറാൻ പോകുവാ. മുൻകൂട്ടി പറയാതെ അല്ലേ ലീവെടുത്തെ. പിന്നെ കാത്തറിൻ മാഡം ആണ് ഇടപെട്ട് രണ്ട് ദിവസത്തേക്ക് ലീവ് വാങ്ങിച്ചു തന്നത്. അതുകൊണ്ടാ.
നിനക്ക് തോന്നരുത് ഞാൻ നിന്നെ ഒഴിവാക്കി പോയെന്ന്.”
“പോടീ അവിടുന്ന്, അവള് പുതിയ ഒരു കണ്ടുപിടിത്തം കൊണ്ട് വന്നേക്കുന്നു. ”
“ആ ഇപ്പോൾ ഒക്കെ ആയി.
ഏട്ടാ വണ്ടി വിട്ടോ. ഞാൻ പോകുവാ. ”
“ഭാമേ സൂക്ഷിച്ചു പോകണം. ഹോസ്പിറ്റലിൽ ചെന്ന ഉടനെ എന്നെ വിളിക്കണം. ”
“ശെരി ഏട്ടാ. ”
അങ്ങനെ അവിടെ നിന്ന് കാറ് അർജുന്റെ വീടിനു മുന്നിലെത്തി.
“ആഹാ നിങ്ങള് വന്നോ?
നിങ്ങള് പെട്ടെന്ന് വന്നത് കൊണ്ട് മുറി ശെരിയാക്കിയില്ല. താഴെ ആണെങ്കിൽ ഒരു മുറിയല്ലേ ഉള്ളൂ. അവിടെ എന്റെ ഒപ്പം കിടത്താം. ”
” വേണ്ട അമ്മേ ദേവിയെ
മുകളിലത്തെ മുറിയിൽ കിടത്താം. അതാകുമ്പോൾ അവൾ എന്താവശ്യത്തിനു വിളിച്ചാലും ഞാൻ കേൾക്കുമല്ലോ. ഇവിടെ തൊട്ടടുത്ത് കിടന്നാലും മരുന്ന് കഴിച്ചിട്ട് കിടക്കുന്നത് കൊണ്ട് അമ്മയറിയില്ല. അതുകൊണ്ട് മുകളിൽ എന്റെ മുറിക്ക് നേരെയുള്ള മുറി മതി. ”
“അതും ശെരിയാടാ.. അപ്പോൾ മുകളിൽ കിടത്താം. പക്ഷേ ഇതിപ്പോൾ എങ്ങനെ മുറി വരെ എത്തിക്കും? ”
കുറച്ച് സമയം ആലോചിച്ചു നിന്ന ശേഷം, ദേവിയെ കയ്യിൽ കോരിയെടുത്ത് കൊണ്ട് അർജുൻ സ്റ്റെപ്പ് കയറി. പെട്ടെന്നായത് കൊണ്ട് ദേവിക്ക് വിശ്വസിക്കാനായില്ല. ആദ്യം ഒന്ന് പിടഞ്ഞെങ്കിലും പിന്നീട് അർജുന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കെ പിടിച്ചു.
മുറിയിൽ ചെന്ന് ദേവിയെ കട്ടിലിലേക്ക് കിടത്തിയിട്ടും അവര് അകന്ന് മാറാതെ അങ്ങനെ തന്നെ നിന്നു. അവരുടെ ഹൃദയം ഒരേ വേഗതയിൽ മിടിക്കാൻ തുടങ്ങി. അവര് പരസ്പരം കണ്ണെടുക്കാതെ നോക്കി ഇരുന്നു.
“അച്ചൂ,,,,
ഒന്നിവിടെ വരെ വന്നേ,,,, ”
ദേവകിയമ്മയുടെ നീട്ടിയുള്ള വിളിയിൽ രണ്ടുപേരും ഞെട്ടി. പെട്ടെന്ന് അർജുൻ ദേവിയിൽ നിന്നും അടർന്നു മാറി പുറത്തേക്കിറങ്ങി. താഴേക്ക് വരുമ്പോൾ ആ മുഖം സന്തോഷത്താൽ നിറഞ്ഞിരുന്നു. ആകത്തു ദേവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
“എന്താ അച്ചൂ,,, ഭയങ്കര സന്തോഷം? ”
“ഒന്നുല്ല അമ്മേ,,, ”
” ദേവിയെ ഇവിടെ കൊണ്ട് വന്നത് റസ്റ്റ് എടുക്കാനാണ്. അതെന്റെ പൊന്ന് മോൻ മറക്കരുത്. പിന്നെ എന്റെ പോന്നു മോന് മാത്രമേ ബുദ്ധിയുള്ളു എന്നും വിചാരിക്കല്ലേ.”
“അമ്മ എന്താ ഈ പറയുന്നേ. എനിക്കൊന്നും മനസ്സിലാവുന്നില്ല. ”
“അതേ ഒരു പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നുണ്ട്. അതിന്റെ വിചാരം ആരും അറിയുന്നില്ലന്നാ. ”
“അപ്പോൾ അമ്മക്കെല്ലാം മനസ്സിലായി അല്ലേ? ”
” ഉവ്വ്,,,
എനിക്കിത് എന്നേ മനസ്സിലായതാ. ”
തുടരും,,,,,,

by