19/04/2026

നിലാവ് : ഭാഗം 31

രചന – അരുന്ധതി

വർഷങ്ങൾക്ക് ശേഷം ആ മുറ്റത്ത് കാല് ചവിട്ടുമ്പോൾ അവൾക്ക് ഉള്ളിൽ മുഴുവൻ ഭയമായിരുന്നു. പുറത്തേക്കിറങ്ങിയതും തറവാട്ടിലേക്ക് നോക്കിയപ്പോൾ നടന്നതെല്ലാം അവളുടെ മനസ്സിലേക്ക് വന്നു. അപ്പോഴേക്കും അർജുൻ അവളുടെ കൈകളെ ചേർത്ത് പിടിച്ചു മുൻപോട്ട് നടന്നിരുന്നു.

കോളിംഗ് ബെൽ അമർത്തിയതും ആരായിരിക്കും ആദ്യം ഇറങ്ങി വരിക എന്നോർത്ത് അവൾക്ക് വല്ലാതെ പേടി തോന്നി.

അകത്ത്‌ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും ഒരാശ്രയത്തിനായി അവൾ അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.

” മോളെ,,,
ദേവീ ”
ആ ശബ്ദം അവളുടെ കാതിലെത്തിയതും അവളുടെ കൈ അവന്റെ കയ്യിൽ നിന്നും വേർപെട്ട്, അവള് മുൻപോട്ട് നടന്നു.

” അച്ഛാ,,,, ”
അടുത്ത് ചെന്നതും അവൾ അച്ഛന്റെ കാലിലേക്ക് വീണു.

” അച്ഛാ, മാപ്പ്…
അച്ഛന്റെ ദേവി മോൾക്ക് അച്ഛൻ മാപ്പ് തരണം. എന്നെ വെറുക്കരുത്… ”
അങ്ങനെ ഓരോന്നും പറഞ്ഞ് അവള് ആ കാലിൽ വീണ് കരഞ്ഞു.

അച്ഛൻ അവളെ പിടിച്ചെഴുന്നേല്പിച്ചു. അവളുടെ കണ്ണുനീരിനെ തുടച്ചു നീക്കി.

” എന്റെ പൊന്ന് മോളെ നീ എന്തിനാ ഈ അച്ഛനോട് മാപ്പ് ചോദിക്കുന്നത്. മാപ്പ് ചോദിക്കേണ്ടത് ഞാനല്ലേ. എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ കുഞ്ഞിനെ ഞാൻ അവിശ്വസിച്ചില്ലേ. നിന്നെയും നിന്റെ മനസ്സിനെയും നന്നായി അറിയാമായിരുന്നിട്ടും ഞാൻ നിന്നെ വിശ്വസിച്ചില്ല. എന്നോട് ക്ഷമിക്ക് മോളെ.ഈ അച്ഛൻ തോറ്റു പോയി. ”
അത്രയും പറഞ്ഞ് അച്ഛൻ അവൾക്ക് നേരെ കൈ കൂപ്പാനായി തുടങ്ങിയതും അവള് തടഞ്ഞു.

” അച്ഛാ വേണ്ടാ. എന്റെ അച്ഛൻ എനിക്ക് മുൻപിലെന്നല്ല ആർക്ക് മുൻപിലും തോൽക്കുന്നത് ഈ മോൾക്കിഷ്ടല്ല അതുകൊണ്ടാണ് എന്റെ ജീവിതം നശിക്കും എന്നറിഞ്ഞിട്ടും ഞാൻ എല്ലാത്തിനും മുന്നിട്ടിറങ്ങിയത്. ഞാൻ അച്ഛനെ ചതിച്ചു എന്നറിഞ്ഞാൽ ഒരുപക്ഷെ അച്ഛൻ പിടിച്ച് നിൽക്കും പക്ഷേ താൻ ജീവനോടെ ഇരിക്കെ സ്വന്തം മകളുടെ അഭിമാനം ചവിട്ടി തെക്കപ്പെടുന്നതും അവളെ എന്നന്നേക്കുമായി നഷ്ടപ്പെടുന്നതും നോക്കി നിൽക്കാൻ എന്റെ അച്ഛന് കഴിയില്ല.
അവള് ഈ ലോകത്ത് നിന്ന് പോകാൻ തീരുമാനമെടുത്താൽ അതിനും മുന്നേ അച്ഛൻ പോകും എന്നെനിക്കറിയാം. എന്റെ അച്ഛനെ എന്നും എനിക്ക് ജീവനോടെ കാണണം അതിന് വേണ്ടിയാ ഞാൻ സ്വയം കുറ്റക്കാരി ആയത്. എല്ലാം സഹിക്കാം എന്ന് തന്നെയാ വിചാരിച്ചത് പക്ഷേ എന്റെ അച്ഛൻ ഞാൻ കാരണം മരിക്കും എന്ന് കൂടി പറയുന്നത് കേട്ടപ്പോൾ സഹിക്കാനായില്ല. ഞാൻ ഇവിടെ ഉണ്ടായാൽ എന്റെ അനിയത്തിക്ക് പോലും നല്ലൊരു ഭാവി ഉണ്ടാവില്ല എന്നൊക്കെ ഓർത്തപ്പോൾ,,, ”
അത്രയും പറഞ്ഞു തീർന്നതും കരഞ്ഞു കൊണ്ടവൾ നിലത്തേക്കിരുന്നു പോയി.

മുടിയിൽ ഒരു കരസ്പർശം അനുഭവിച്ചപ്പോഴാണ് അവള് മുഖമുയർത്തി നോക്കിയത്.

നിറഞ്ഞ മിഴികളോടെ മകളോട് മാപ്പ് പറഞ്ഞു കൊണ്ടാണ് ആ അമ്മ അവളുടെ മുഖത്തേക്ക് നോക്കിയത്.

” അമ്മയോട് ക്ഷമിക്ക് മോളെ നിന്നെ മനസ്സിലാക്കാൻ ഈ അമ്മക്ക് സാധിച്ചില്ല. അച്ഛനെ നീ കൊല്ലുമെന്ന് പോലും പറഞ്ഞ മഹാപാപിയാണ് ഞാൻ. ഭദ്ര മോള് എല്ലാം പറഞ്ഞപ്പോഴാണ് ഞങ്ങള് എല്ലാം മനസ്സിലാക്കുന്നത്. എന്നോട് ക്ഷമിക്ക് മോളെ.. ”

” സാരമില്ല അമ്മേ. പുറമേ നിന്നാരു നോക്കിയാലും എന്റെ ഭാഗത്ത്‌ തെറ്റുണ്ടല്ലോ. കാരണം സത്യം നിങ്ങൾക്കാർക്കും അറിയില്ല. അമ്മ വിഷമിക്കണ്ട എനിക്കാരോടും ഒരു ദേഷ്യവുമില്ല. ”

” നീ പോയതിന്റെ പിറ്റേ ദിവസം രാവിലെ മോള് പോയതറിയാതെ ഭദ്ര ഇവിടെ വന്നു. അവളുടെ അച്ഛനെയും, അമ്മയെയും ഒക്കെ ധിക്കരിച്ച് നിനക്ക് വേണ്ടി ശബ്ദമുയർത്തി. ഗോപാലേട്ടൻ അവളുടെ മുഖത്തടിച്ചു എന്നിട്ടും പിന്നോട്ട് മാറാതെ അവള് എല്ലാ സത്യങ്ങളും വിളിച്ചു പറഞ്ഞു. എല്ലാവരോടും പോയി നിന്നോട് മാപ്പ് പറയാൻ പറഞ്ഞ് അവള് കരഞ്ഞു. എല്ലാം കേട്ട് നിന്റെ അച്ഛന് സഹിക്കാൻ പറ്റിയില്ല. നിന്നോട് ചെയ്തതും പറഞ്ഞതും ഓർത്ത് ഞാനും ഉരുകി.. ഞങ്ങളെല്ലാവരും നിന്നെ കാണാൻ മുകളിലേക്ക് വന്നു. നിന്നെ മുറിയിൽ കാണാതെ എല്ലായിടത്തും നോക്കി. അവസാനം ഭദ്ര തന്നെയാണ് നിന്റെ കത്തും കണ്ടുപിടിച്ചത്. അത് വായിച്ചതും നിന്റെ അച്ഛൻ കുഴഞ്ഞു വീണു. വിളിച്ചിട്ട് എഴുന്നേൽക്കാതായപ്പോൾ ഞങ്ങളെല്ലാവരും വല്ലാതെ പേടിച്ചു. പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു അപ്പോഴാണ് അറ്റാക്കിന്റെ തുടക്കമായിരുന്നു എന്നറിഞ്ഞത്. പിന്നെ നിന്റെ അച്ഛൻ സന്തോഷിച്ച് ഞാൻ കണ്ടിട്ടില്ല. നീ പോയതിന് ശേഷം ഒരു ദിവസം പോലും സമാധാനം ഉണ്ടായിട്ടില്ല. ”

” അർജുൻ മോൻ ഇവിടെ വന്ന് എല്ലാം പറയുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്രയാണെന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കി തരാൻ പറ്റില്ല. മോൻ തന്നെ ഞങ്ങളോട് എല്ലാം പറഞ്ഞു. എന്റെ കുട്ടി കടന്നു പോയ വഴികളറിഞ്ഞപ്പോൾ സങ്കടം സഹിക്കാനായില്ല മോളെ. ”
പറഞ്ഞു തീർന്നതും ആ മനുഷ്യന്റെ കണ്ണിൽ നിന്നും കണ്ണ് നീര് പൊഴിഞ്ഞിരുന്നു.

” മോളെ ദേവു,
എന്താ എന്റെ മോള് ചേച്ചിയോട് മിണ്ടാതെ മാറി നിൽക്കുന്നെ. ചേച്ചിയോട് മോളിപ്പോഴും പിണക്കമാണോ ”
വാതിലിനോട് ചേർന്ന് മാറി നിൽക്കുന്ന ദേവൂനെ നോക്കി ദേവി ചോദിച്ചു.

ചേച്ചീന്നും വിളിച്ച് അവളോടി വന്ന് ദേവിയെ കെട്ടിപ്പിടിച്ചു.
” എനിക്ക് വേണ്ടിയല്ലേ എന്റെ ചേച്ചി ഇതെല്ലാം അനുഭവിച്ചത്. അതെല്ലാം ഓർത്ത് എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ”
പറഞ്ഞ് തീർന്നതും അവളുടെ കണ്ണ് നീര് ദേവിയുടെ പുറം നനച്ചിരുന്നു

” അയ്യോ ചേച്ചീടെ മോള് ഇങ്ങനെ കരയല്ലേ. ഇപ്പോൾ എല്ലാം ശെരിയായില്ലേ? ”
ദേവൂന്റെ കണ്ണ് തുടച്ചു കൊണ്ട് അവളത് പറഞ്ഞതും. തിരിഞ്ഞു നോക്കുമ്പോൾ ഗോപാലേട്ടനും, ലക്ഷ്മി അമ്മയും വന്ന് നിൽക്കുന്നത് കണ്ടു.

” എന്താ എന്നോട് മിണ്ടാതെ നിൽക്കുന്നെ. രണ്ടാൾക്കും ഇപ്പോഴും എന്നോട് വെറുപ്പാണോ. അതാണോ മിണ്ടാതെ നിൽക്കുന്നെ ”
അവരുടെ അടുത്തേക്ക് നടന്നു ചെന്ന് അവളത് പറയുമ്പോൾ രണ്ടുപേരുടെ മുഖത്തും ദുഃഖം നിഴലിച്ചിരുന്നു.

” മോളെ നിന്നോട് മാപ്പ് ചോദിക്കാൻ പോലും അർഹതയില്ല ഞങ്ങൾക്ക്.. അത്രക്കും വലിയ തെറ്റാണു ഞങ്ങൾ ചെയ്തത്. ”

” അരുത് ഇനിയാരും ഇതിനെക്കുറിച്ചൊന്നും പറയരുത്. നിങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ല. അന്ന് നിങ്ങളുടെയെല്ലാം ശെരി അത് തന്നെ ആയിരുന്നു. ”
എല്ലാവരുടെയും മുഖത്ത് നോക്കി അവളത് പറഞ്ഞ് വീണ്ടും ഗോപാലേട്ടന്റെ മുഖത്തേക്ക് നോക്കി.

” അവളെവിടെ ഭദ്ര. ഞാൻ വന്നത് അവളറിഞ്ഞില്ലേ…. ”
സംശയത്തോടെ അവളെല്ലാവരെയും നോക്കി.

” അവള് വീട്ടിലുണ്ട് മോളെ. കെട്ടിച്ചുവിട്ട വീട്ടീന്ന് രാവിലെ വന്നതാ. അർജുൻ മോൻ വിളിച്ച് പറഞ്ഞിരുന്നു നിങ്ങളിന്ന് എത്തുമെന്ന്. ”

അത് കേട്ടതും അവള് അർജുനെ ഒന്ന് നോക്കി. അപ്പോഴും ഒരു പുഞ്ചിരി മാത്രമാണ് അവൻ തിരികെ നൽകിയത്.

” ഞാൻ അങ്ങോട്ട് ചെന്ന് കാണാം അവളെ. ”
അതും പറഞ്ഞവൾ ഭദ്രയുടെ അടുത്തേക്കോടി.

ചെല്ലുമ്പോൾ മുറ്റത്തെ പൂന്തോട്ടത്തിൽ നിൽക്കുകയായിരുന്നു ഭദ്ര.
ദേവി പതിയെ ചെന്ന് ഭദ്രയെ അവളറിയാതെ ഒച്ചവെച്ച് പേടിപ്പിച്ചു.
പെട്ടെന്ന് ഭദ്ര തിരിഞ്ഞു നോക്കി.

” ആ വന്നോ,,, ”
അത്രയും പറഞ്ഞവൾ വീണ്ടും അവിടെ എന്തൊക്കെയോ ചെയ്യുന്നതായി ഭാവിച്ചു.

” ഭദ്രേ,, ഡീ എന്താടി ഇത്രയും നാള് കൂടി എന്നെ കണ്ടിട്ടും നിനക്കൊന്നും പറയാനില്ലേ”
ഭദ്രയെ തിരിച്ചു നിർത്തി ദേവി അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

” എന്ത് മിണ്ടാനാ,,, ”
അവളുടെ മുഖത്തേക്ക് നോക്കി ഭദ്ര അതും പറഞ്ഞ് വീണ്ടും മുഖം തിരിച്ചു.

ഭദ്രയുടെ ആ പെരുമാറ്റം താങ്ങാൻ ദേവിക്ക് സാധിച്ചില്ല. അത്രയും അവള് തന്നിൽ നിന്നും അകന്ന് പോയോ എന്നോർത്തപ്പോൾ നിറഞ്ഞു തൂവിയ മിഴികളെ തടഞ്ഞു നിർത്താൻ അവൾക്കായില്ല.
കരഞ്ഞു കൊണ്ടവൾ തിരിഞ്ഞോടാൻ പോയതും കയ്യിൽ പിടി വീണിരുന്നു.

” സഹിക്കുന്നില്ല അല്ലേ നിനക്ക് ഞാൻ ഒന്ന് മുഖം തിരിച്ചപ്പോൾ. എവിടേ പോയി നിന്റെ ധൈര്യം. ഒറ്റക്ക് ഒരു രാത്രിയിൽ തനിയെ ആരോരുമില്ലാത്തവളെ പോലെ ഇറങ്ങി പോയതല്ലേ. ഞാനുണ്ടെന്നെങ്കിലും നീ ഓർത്തോ. ഇത്ര നാളായിട്ടും തിരികെ വരണം എന്ന് നിനക്ക് തോന്നിയോ. എന്നിട്ട് പെട്ടെന്ന് കയറി വന്ന് മുന്നിൽ നിൽക്കുമ്പോൾ ഇത്രയെങ്കിലും കാണിക്കാതിരിക്കുന്നതെങ്ങനെയാ ”
പറഞ്ഞ് കഴിഞ്ഞതും അവൾ ദേവിയുടെ മുഖം പിടിച്ചുയർത്തി.

” എന്റെ ദേവി കരയണ്ടാട്ടോ. ഞാൻ വിഷമം കൊണ്ട് പറഞ്ഞു പോയതല്ലേ. ”
അതും പറഞ്ഞവൾ അവളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണ് നീര് തുടച്ചു.

” നിന്റെ കല്യാണം കഴിഞ്ഞു അല്ലേ. കെട്ടിയോൻ എവിടേ. വന്നില്ലെ… ”
ആകാംക്ഷയോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഭദ്രക്ക് ചിരി വന്നു.

” കെട്ടിയോൻ ഇവിടെയില്ല അമേരിക്കയിലാ. അടുത്ത മാസം വരും. പുള്ളിയെ കൊണ്ട് വലിയ ശല്യമൊന്നുമില്ല. പക്ഷേ അതിനും കൂടി കൂട്ടി ഒന്നുണ്ട്. അച്ഛന്റെയും, അമ്മയുടെയും അതേ സ്വഭാവം കിട്ടിയ ഞങ്ങൾടെ പൊന്ന് മോൻ. പേര് സൂര്യ പ്രതാപ്. സൂര്യാ എന്ന് വിളിക്കും ”

” ആഹാ എന്നിട്ടെവിടെ ആള്,,, ”
പറഞ്ഞ് തീർന്നതും ദേവിയുടെ കണ്ണ് ചുറ്റും പരതി.

” അകത്ത്‌ പിടിച്ചിരുത്തിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ചെല്ലുമ്പോൾ അകത്ത് എന്ത് ചെയ്ത് വെച്ച് കാണുവോ എന്തോ. ”

രണ്ടാളും അകത്തേക്ക് നടന്നു. ചെല്ലുമ്പോൾ കളിപ്പാട്ടങ്ങള് മുഴുവൻ നിരത്തിയിട്ടുണ്ട്, ആളെവിടെ എന്ന് നോക്കുമ്പോൾ മുഖത്തും കയ്യിലും മൊത്തം പെയിന്റ് ആക്കി നിൽക്കുന്നു.
പിന്നെ അവിടെ അമ്മയും മകനും തമ്മിൽ ഒരു യുദ്ധമായിരുന്നു. അത് കഴിഞ്ഞ് അവനെ കുളിപ്പിച്ച് അവര് രണ്ടാളും ദേവിയുടെ വീട്ടിലേക്ക് വന്നു. ഭദ്രയുടെ കയ്യും പിടിച്ച് വരുന്ന ദേവിയെ കാൺകെ കണ്ടുനിന്ന എല്ലാവരുടെ മുഖത്തും ഒരേ ഭാവമായിരുന്നു.

” ദേവീ ഇവിടെ വന്ന് മോന്റെ കൂടെ നിൽക്ക്. ”
ദേവിയുടെ അമ്മ അവളെയും അർജുനെയും ആരതി ഉഴിഞ്ഞ് അകത്തേക്ക് കയറ്റി.

“ഇന്നിനി നിങ്ങള് പോവണ്ട വൈകിട്ട് ഇവിടെ കൂടാം. ”
അച്ഛന്റെ വാക്കുകളെ അവര് സന്തോഷത്തോടെ അംഗീകരിച്ചു.

വൈകിട്ട് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ചു. സൂര്യ പെട്ടെന്ന് തന്നെ ദേവിയുമായി കൂട്ടായി. അതുകൊണ്ട് ദേവിയുടെ മടിയിലിരുന്നാണ് ആള് കഴിച്ചത്.

പിന്നെയും കുറേ സമയം എല്ലാവരും സംസാരിച്ചിരുന്നു.

കുറച്ച് കഴിഞ്ഞതും ഭദ്രയും അച്ഛനും, അമ്മയും എല്ലാം അവരുടെ വീട്ടിലേക്കും ബാക്കിയുള്ളവരെല്ലാം അവരവരുടെ മുറികളിലേക്കും പോയി.

ദേവി മുറിയിലേക്ക് ചെല്ലുമ്പോൾ ജനലിലൂടെ നിലാവ് നോക്കി നിൽക്കുകയായിരുന്നു അർജുൻ. ദേവി വേഗം ചെന്ന് അവനെ പിറകിലൂടെ ചുറ്റി പിടിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അച്ചുവേട്ടാ,,, ഞാനിന്ന് ഈ നിമിഷം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് എന്റെ അച്ചുവേട്ടനോടാണ്. പറഞ്ഞ് തീർന്നതും സന്തോഷത്താൽ അവള് കരഞ്ഞിരുന്നു.

പെട്ടെന്ന് അവൻ അവളെ തിരിച്ച് തനിക്ക് നേരെ നിർത്തി.

” നമുക്കിടയിൽ എന്തിനാ ഈ നന്ദി പറച്ചിലൊക്കെ. നമ്മളൊന്നല്ലേ. നിന്റെ വിഷമം എന്റേത് കൂടിയാ. ഞാൻ മനാസ്സിലാക്കുന്നുണ്ടായിരുന്നു നിന്റെ മനസ്സുരുകുന്നത്. ഇനി ഒരിക്കലും ഈ മിഴികൾ നിറയരുത്. ”
അവളുടെ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിനെ അവൻ തുടച്ചു മാറ്റി. അവൻ അവളെ ഇറുക്കെ പുണർന്നു.
കുറേ സമയം അവരങ്ങനെ തന്നെ നിന്നു.

” അതേ,,,
ഇങ്ങനെ തന്നെ നിൽക്കാനാണോ പ്ലാൻ. നമുക്ക് കിടക്കണ്ടേ. പിന്നെ,
നമ്മളൊരു തീരുമാനമെടുത്തിരുന്നു. ഓർമ്മയുണ്ടോ. ”
അവന്റെ ചോദ്യം കേട്ടതും അവളൊന്ന് മൂളുക മാത്രം ചെയ്തു.

” പൂർണ്ണമായും നമുക്ക് തമ്മിൽ, തമ്മിൽ അലിഞ്ഞു ചേരണം. അതിനിടയിലുള്ള എല്ലാ തടസങ്ങളും മാറി.
ഇനി നിന്നെ എനിക്ക് എല്ലാ അർത്ഥത്തിലും എന്റേത് മാത്രമാക്കണം. ”
അവന്റെ ഓരോ വാക്കുകളും അവളുടെ മുഖത്ത് നാണം വിരിയിച്ചു.

” പോ അവിടുന്ന് ,,, ”
അവള് അവന്റെ നെഞ്ചിൽ ഒരിടി കൊടുത്ത് അവനിൽ നിന്നും അടർന്നു മാറി.

” കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ. നാളെ രാവിലെ നേരത്തേ എഴുന്നേൽക്കണ്ടേ ”

” ഡീ ദുഷ്ടേ,,, നിനക്കിതിനെല്ലാം കൂടിയുള്ളത് ഞാൻ തരുന്നുണ്ട്

” ശെരി. ഇപ്പോൾ കിടന്നുറങ്ങു. നാളെ നേരത്തേ പോകണ്ടേ അച്ചുവേട്ടാ ”
പറഞ്ഞു കഴിഞ്ഞതും അവള് കയറി കിടന്നു. പുതപ്പിനുള്ളിൽ കിടക്കുമ്പോഴും അവൻ പറഞ്ഞതോർത്ത് അവളുടെ മുഖം നാണത്താൽ ചുവന്നു.

💓💓💓💓💓

” അച്ചുവേട്ടാ എഴുന്നേൽക്ക് സമയം പോകുന്നു. ‘
അവളെത്ര വിളിച്ചിട്ടും മൂളുന്നതല്ലാതെ അവൻ ഒന്ന് കൂടി പുതച്ചു കിടന്നു.

അവള് കുറേ സമയം വിളിച്ചതും അവൻ പതുക്കെ എഴുന്നേറ്റു. അവള് അവനെ കുളിക്കാനായി ബാത്‌റൂമിലേക്ക് കയറ്റി വിട്ടു.
കുറച്ച് സമയം കഴിഞ്ഞതും സോപ്പില്ല എന്നും പറഞ്ഞ് അവൻ വിളിച്ചു.

അവള് പാതി തുറന്ന വാതിലിലൂടെ അകത്തേക്ക് സോപ്പ് നീട്ടി. പെട്ടന്നവൻ അവളെ വലിച്ച് അകത്തേക്കിട്ടു.
ഷവർ ഓൺ ചെയ്തു. അവളെ ഇടുപ്പിലൂടെ കയ്യിട്ട് തന്റെ അടുത്തേക്ക് അടുപ്പിച്ചു പിടിച്ചു.

അവൻ നോക്കുമ്പോൾ അവളുടെ മുടിയിഴകളിലൂടെ വെള്ളം അവളുടെ മുഖത്തും, ചുണ്ടിലും ഒക്കെ തട്ടി ഒഴുകുന്നു. തൊണ്ടക്കുഴിയിലെത്തുമ്പോൾ ആ വെള്ളം അവിടെ ഒരു നിമിഷം തങ്ങി നിന്ന ശേഷം വീണ്ടും അത് അവളിലേക്ക് തന്നെ ഒഴുകുന്നു.
അവളുടെ വിറയ്ക്കുന്ന അധരങ്ങൾ കാൺകെ അവന്റെ അധരങ്ങൾ അവളുടെ അടുത്തേക്ക് അടുത്തു. പെട്ടന്നവള് നാണത്താൽ മുഖം കുനിച്ചു.

അവനെ തള്ളി മാറ്റി അവള് പുറത്തിറങ്ങി. ദേവു അറിയാതെ അവളുടെ മുറിയിൽ പോയി കുളിച്ച്. താഴെ ചെന്നപ്പോൾ അമ്മ അടുക്കളയിൽ ചായ ഇട്ട് കഴിഞ്ഞിരുന്നു.

അമ്മേ എന്ന് വിളിച്ച് അവള് അങ്ങോട്ട് ചെന്നതും അമ്മ അവൾക്ക് ചായ കുടിക്കാൻ കൊടുത്തു.
“മോളെ ദാ ഇത് അവന് കൊണ്ട് പോയി കൊടുക്ക്. ”

ചായയുമായി അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവളുടെ മുഖത്ത് ചെറിയൊരു ചമ്മലുണ്ടായിരുന്നു.

” അച്ചുവേട്ടാ ചായ. ”

അവൻ ആ ചായയും കുടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പോകാനായി ഇറങ്ങി.

” അതേ,,,
നേരത്തേ എഴുന്നേറ്റിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ധൃതി വെക്കണമായിരുന്നോ.

അവൻ മറുപടിയൊന്നും പറയാതെ വേഗം താഴെ വന്ന് എല്ലാവരോടും യാത്ര പറഞ്ഞ് വേഗം മുറ്റത്തേക്കിറങ്ങി. അവളോട്‌ ഇറങ്ങുവാ എന്നും പറഞ്ഞു.

അവന്റെ കാറ് ഗേറ്റ് കടക്കുന്ന വരെയും അവള് ഉമ്മറത്ത് തന്നെ നോക്കി നിന്നു.

തുടരും,,,,,