19/04/2026

നിലാവ് : ഭാഗം 24

രചന – അരുന്ധതി

‍” ദേ ചുമ്മാ കളിക്കാതെ പോയി കിടന്നുറങ്ങിക്കെ ”

” ഹ്മ്മ്മ്മ്,,,
ശെരി. എങ്കിൽ ഞാൻ വെക്കുവാ,,,,
ആ പിന്നെ നാളെ ഞാൻ വരുമ്പോൾ നിനക്കൊരു സർപ്രൈസ് ഉണ്ട്. ”

” സർപ്രൈസോ? ”

” അതേ,,, സർപ്രൈസ്. അത് കേട്ട്
നീ നാളെ ഞെട്ടും. നോക്കിക്കോ ,,, ”

” അതെന്താ സർപ്രൈസ് എന്ന് പറ ”

” പറഞ്ഞാൽ എങ്ങനെയാ അത് സർപ്രൈസ് ആവുന്നേ?
ഇപ്പോൾ നീ സുഖമായി കിടന്നുറങ്ങിക്കോ”

” അച്ചുവേട്ടാ,,,
പ്ലീസ്,, ഒരു ക്ലൂ എങ്കിലും തന്നിട്ട് ”
അവളുടെ കൊഞ്ചിയുള്ള സംസാരം കേൾക്കെ അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.

” നീ ഒരുപാടാഗ്രഹിക്കുന്ന ഒരു കാര്യമാണ്”

“അങ്ങനെ ഒരു കാര്യം? ”

” മതി, മതി കിടന്നുറങ്ങിക്കോ,,,
ഗുഡ് നൈറ്റ്‌ ”

” അച്ചുവേട്ടാ, അച്ചുവേട്ടാ ,,,,, ”
അപ്പോഴേക്കും അവൻ കാൾ കട്ടാക്കിയിരുന്നു.

” ദുഷ്ടൻ,,
കട്ടാക്കി… നാളെ ഇങ്ങ് വരട്ടെ ”
പിന്നെ അവളും കിടന്നു. അവന്റെ മുഖം തന്നെ ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

💟💟💟💟💟💟💟💟

” ഇതെന്താ ദേവി മോളിന്ന് ഭയങ്കര ഉത്സാഹത്തിലാണല്ലോ? ”
ഭാമക്ക് ചായ കൊടുക്കുന്നതിനിടയിൽ ദേവകിയമ്മ നവീനോട് പറഞ്ഞു.

” അത് പിന്നെ അവൾടെ അച്ചുവേട്ടൻ ഇപ്പോൾ ഇങ്ങെത്തുവല്ലോ അതിന്റെയാ. ”
ഒരു പ്രത്യേക ടൂണിൽ ഭാമ ദേവിയെ നോക്കി പറഞ്ഞു ,

“ഒരുപാട് അങ്ങ് ആക്കണ്ട.
എനിക്ക് വരുമ്പോൾ എന്തോ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു. അതുകൊണ്ടാ ”

” ഓ,,, ”
ആയിക്കോട്ടെ,,, എങ്കിൽ ഒരു കാര്യം ചെയ്യ് നാട്ടുമ്പുറത്തൊക്കെ കുംഭകുടം എന്നൊരു പരുപാടിയുണ്ട് ഉത്സവത്തിന്. അതുപോലെ എന്തെങ്കിലും തലയിൽ വെച്ച് കിടന്ന് തുള്ളിക്കൊ. അപ്പോൾ കാണാനും ഒരു ഭംഗിയൊക്കെ ഉണ്ടാവും. ”

” വേണ്ടടി എന്തിനാ അത് മാത്രമാക്കുന്നെ ഒരു ചവിട്ട് നാടകം കൂടി ആകാം എന്തേയ്???”

” ഓ,,,
ഒന്ന് നിർത്താമോ രണ്ടെണ്ണവും,,, രാവിലെ തുടങ്ങിക്കോളും ”
നവീൻ ശബ്ദമുയർത്തിയതും രണ്ടും അവന് നേരെ തിരിഞ്ഞു.

” നീയേ അനിയനാ ഞങ്ങള് ചേച്ചിമാരും അതുകൊണ്ട് നീ ഞങ്ങളെ ഭരിപ്പിക്കാറായിട്ടില്ല. ”

” ഞാനിത് പോലെ ഒന്ന് എവിടെയോ കേട്ടിട്ടുണ്ടല്ലോ ”
നവീൻ മനസ്സിൽ പറഞ്ഞ് കൊണ്ടവരെ നോക്കി.

” നീ എന്താടാ പിറുപിറുക്കുന്നെ? ”

പ്രശ്നം രൂക്ഷമായതും ദേവകിയമ്മ ബുദ്ധിപൂർവ്വം ഇടപെട്ടു. ഭാമയുടെ ശ്രദ്ധ തിരിക്കണമെങ്കിൽ ഒരേയൊരു മാർഗമേ ഉള്ളൂ എന്ന് അമ്മക്ക് നന്നായിട്ടറിയാം.

” ഭാമേ ദാ ഭക്ഷണം എടുക്കുവാ,,
വാ,,, ”

അത് കേട്ടതും അവള് രണ്ടാളെയും ഒന്ന് നോക്കി.

” അതേ നമ്മള് സ്വന്തമല്ലേ വെറുതെ കിടന്ന് അടി പിടിക്കുന്നതെന്തിനാ. അതുകൊണ്ട് ഞാനില്ല.”
അത്രയും പറഞ്ഞവൾ ടേബിളിനടുത്തേക്ക് നടന്നു .

ആ പോക്ക് കണ്ട് അവര് രണ്ടാളും ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു.
അപ്പോഴാണ് വാതിൽക്കൽ കാറ് വന്ന് നിന്ന ശബ്ദം കേട്ടത്. പെട്ടെന്ന് ഭാമ ഒഴികെ എല്ലാവരും വാതിൽക്കലേക്ക് പോയി.

” ആഹാ നീ ഇത്ര രാവിലെ വന്നോ? ”
കാറിൽ നിന്നിറങ്ങിയ അർജുനെ നോക്കി ദേവകിയമ്മ പറഞ്ഞു.

” വെളുപ്പിനെ അവിടുന്ന് പുറപ്പെട്ടു അമ്മേ.. ”

” എന്തായാലും കയറി വാ ”
അത്രയും പറഞ്ഞ് അമ്മ അകത്തേക്ക് പോയി.

” എന്താടി ഇത്ര രാവിലെ വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ? ”
അതും പറഞ്ഞവൻ അവളുടെ അടുത്തേക്ക് നടന്നു.

” ഹ്മ്മ്,,, വാ,,
അകത്തോട്ടു പോകാം… ”

“ആ,,,
അളിയോ ഇത്ര രാവിലെ വരൂവെന്ന് വിചാരിച്ചില്ല. ”

” വെളുപ്പിനെ പുറപ്പെട്ടു അതാ നേരത്തേ ഇങ്ങ് വന്നത്. ”

” എന്തോ സർപ്രൈസ് കൊണ്ടുവരും എന്നും പറഞ്ഞ് ഇവിടെ ഒരാള് നിലത്തൊന്നുമല്ല ”

അർജുൻ അത് കേട്ടതും ദേവിയെ നോക്കിയൊന്ന് ചിരിച്ചു.

അവളാണെങ്കിൽ നവീനെ നോക്കി കണ്ണുരുട്ടുന്ന തിരക്കിലും.

” ഭാമേ എന്തൊരു തീറ്റിയാടി ഇവിടെ ഒരാള് വന്നിട്ട് ഒന്ന് നോക്കുക ഏഹേ ”

” ഏട്ടൻ ഇവിടെ തന്നെ ഉണ്ടല്ലോ. പിന്നെന്താ ”

” എന്നാലും എന്റെ ഭാമേ “”
അവളുടെ കഴിപ്പ് നോക്കി അർജുൻ പറഞ്ഞു.

” അച്ചൂ,,, ദാ ചായ കുടിക്ക്. ”
ദേവകിയമ്മ കൊണ്ട് വന്ന് കൊടുത്തതും അവൻ ചായ വാങ്ങി കുടിച്ചു.
ഈ സമയം നവീൻ നോക്കുമ്പോൾ ദേവി അവന്റെ ഇടത്തും വലത്തുമൊക്കെ നോക്കുന്നത് കണ്ടു .

” അളിയോ ഇവിടെ ഒരാളുടെ എന്തോ കളഞ്ഞു പോയെന്ന് തോന്നുന്നു. ”

” കളഞ്ഞു പോകാനോ? എന്ത് ”

” ആന്നെ, ഒരു സർപ്രൈസ് ”
പറഞ്ഞ് തീർന്നതും അവര് രണ്ടാളും ദേവിയെ നോക്കി ചിരിക്കാൻ തുടങ്ങി.

” ഓ,,
എനിക്കെങ്ങും വേണ്ട. ഒരു സർപ്രൈസ്. ഇനി ആ വാക്കിവിടെ മിണ്ടി പോകരുത്… ”
അതും പറഞ്ഞ് മുഖവും കോട്ടി അവള് പോയി തിരിഞ്ഞു നിന്നു.

” ആഹാ വന്നപ്പോഴേ തുടങ്ങിയോ? ”
ഭാമ പറഞ്ഞതും ദേവി അവളെ ദഹിപ്പിക്കുന്ന തരത്തിൽ ഒരു നോട്ടം നോക്കി.

” ഭാമേച്ചി,,,
വെറുതെ അങ്ങോട്ട് ചെല്ലണ്ട. ഇന്ന് നല്ല ഫോമിലാ. ”
ദേവിയെ നോക്കി നിൽക്കുന്ന ഭാമയോട് നവീൻ പറഞ്ഞു.

” ഏട്ടാ,,,,
അവൾക്കങ്ങു കൊടുക്ക് എന്താന്ന് വെച്ചാൽ. ”

ശെരി കൊടുത്തേക്കാം എന്നും പറഞ്ഞ് അവൻ എഴുന്നേറ്റ് അവളുടെ അടുക്കലേക്ക് നടന്നു.

” ദേവീ,,,
സർപ്രൈസ് അറിഞ്ഞാൽ നീ ഞെട്ടും പറഞ്ഞേക്കാം ”

“ഓ പിന്നെ ഞെട്ടും, നമുക്ക് കാണാം. ”
അവന് നേർക്ക് തിരിഞ്ഞ് നിന്ന് കൊണ്ട് അവള് പറഞ്ഞു.

” ശെരി,,,
നമുക്ക് കാണാം. ”

ഹ്മ്മ്മ്മ് എന്ന് പറഞ്ഞ് അവള് ആക്കി ഒന്ന് മൂളി.

” അതേ ഈ നിൽക്കുന്നതാരാ? ”
നവീന് നേർക്ക് കൈ ചൂണ്ടി കൊണ്ട് അവനത് ചോദിച്ചതും,

” ആഹാ ഇതായിപ്പോൾ നന്നായെ,
ഇതാരാന്ന് അച്ചുവേട്ടന് ഇതുവരെയും മനസ്സിലായില്ലേ? ”
ഒരു ചിരിയോടെ അവള് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

” നീ ഞാൻ ചോദിച്ചതിന് ഉത്തരം താ ”

” ഇതാണ് എന്റെ അനിയൻ.
പേര് നവീൻ. ”

” എങ്കിൽ ഇവന് നീയറിയാത്ത മറ്റൊരു പേര് കൂടിയുണ്ട്.
കണ്ണൻ…
ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ നിന്റെ സീതയുടെ കണ്ണൻ. ”

അർജുന്റെ ആ വാക്കുകൾ അവിടെ നിന്ന എല്ലാവരിലും ഞെട്ടലുണ്ടാക്കി.

” അതേ ദേവീ,
നിന്റെ സീതയുടെ കണ്ണനാണ് ഈ നിൽക്കുന്ന നിന്റെ നവീൻ.
നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി കണ്ണനെ അന്വേഷിച്ചാണ് ഞാൻ പോയത്.
ഇവര് പണ്ട് താമസിച്ചിരുന്നു എന്ന് നീ പറഞ്ഞ സ്ഥലത്താണ് ഞാൻ ആദ്യം പോയി അന്വേഷിച്ചത്. അവിടെ ഇവരുടെ അമ്മയുടെ ഒപ്പം ജോലി ചെയ്തിരുന്ന ഒരു സ്ത്രീയോട് തിരക്കിയപ്പോഴാണ് അവര് മരിച്ച ശേഷം അവിടുത്തെ കുറച്ച് ആളുകൾ ചേർന്ന് കണ്ണനെ കുറച്ചകലെ ഒരു ഓർഫനേജിലാക്കി എന്നറിഞ്ഞത് .
അവിടെ നിന്ന് കൊണ്ടാണ് ഇവൻ പിന്നീട് പഠിച്ചത്. പിന്നെ അവിടെ നിൽക്കാനുള്ള പ്രായം കഴിഞ്ഞപ്പോൾ ഇവിടെ ഈ നാട്ടിലേക്ക് വന്നു. അങ്ങനെയാണ് നിന്നെ കാണുന്നത്. നീ കാണിച്ച കണ്ണന്റെ ചിത്രം ഞാൻ അന്ന് ഫോണിൽ എടുത്തിരുന്നല്ലോ
അതുകൊണ്ട് എളുപ്പമായി. അവിടെ ഉള്ള കുട്ടികളുടെ ചിത്രങ്ങളൊക്കെ ഞാൻ കാണാൻ ചോദിച്ചു അങ്ങനെയാണ് കണ്ണൻ അവിടെ ചെന്നപ്പോഴുള്ള ഫോട്ടോ കണ്ടത്. അപ്പോൾ അവിടുത്തെ ഫാദർ തന്നെയാണ് അവന്റെ മുതിർന്നപ്പോഴുള്ള ചിത്രവും കാണിച്ചത്. ശെരിക്കും ആ ഫോട്ടോ കണ്ടപ്പോൾ ഞാനും നിങ്ങൾക്കിപ്പോഴുണ്ടായ അതേ അവസ്ഥയിൽ തന്നെ ആയിരുന്നു.

അവൻ അത്രയും പറഞ്ഞിട്ടും ദേവിക്കും, നവീനും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.

” നവീൻ,,,
നിന്റെ ചേച്ചിയെ ഈ നിൽക്കുന്ന ദേവി ചേച്ചിക്ക് എങ്ങനെയാ .പരിചയം എന്നല്ലേ നിന്റെ ഇപ്പോഴുള്ള ചിന്ത.
പറയാം,,, എല്ലാം ഇനി നീ അറിയണം. ”
എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ പറ്റാതെ നിൽക്കുന്ന നവീനോട് അർജുൻ പറഞ്ഞു.

” അതേ,,,
അറിയണം എനിക്കെല്ലാം അറിയണം. ”

” ഇന്ന് നീ കാണുന്ന ചിരിച്ച് കളിച്ച് നടക്കുന്ന ദേവി ചേച്ചിക്കുള്ളിൽ ഒരുപാട് ദുഃഖങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദേവിയുണ്ട്. ആ ദേവിയെ നിനക്ക് മുൻപിൽ അവള് കാണിക്കാത്തത് മനഃപൂർവ്വമാണ്. അവള് വിഷമിക്കുന്നത് നിനക്കിഷ്ടമല്ല എന്നവൾക്കറിയാം. അതുകൊണ്ട് തന്നെ അവളുടെ ചിരിച്ച മുഖം മാത്രം നീ കണ്ടാൽ മതി എന്ന് അവളാഗ്രഹിച്ചു. അതുകൊണ്ടാണ് നിന്നിൽ നിന്നും ഇതുവരെയും എല്ലാം മറച്ചു വെച്ചത്. ”

അങ്ങനെ അർജുൻ ദേവിയുടെ ഇത് വരെയുള്ള ജീവിതം മുഴുവൻ നവീനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞതും അവൻ ദേവിയുടെ മുഖത്തേക്ക് നോക്കി. ആ സമയം നിറയാൻ വെമ്പുന്ന കണ്ണ് നീരിനെ തടയാൻ ശ്രമിക്കുകയായിരുന്നു അവള്.

” ചേച്ചീ,,, ”
എന്നവൻ വിളിച്ചു. എന്നിട്ടും അവള് നിൽക്കാതെ മുകളിലേക്ക് പോയി.

” നീ വിഷമിക്കണ്ട അവളിപ്പോൾ ഇറങ്ങി വരും… ഞാനല്ലേ പറയുന്നേ”

കുറച്ച് കഴിഞ്ഞപ്പോൾ അവളു താഴെക്ക് ഇറങ്ങി വന്നു. കയ്യിൽ സീതയുടെ ബുക്കും ഉണ്ടായിരുന്നു.
അവളത് തുറന്ന് അവളും സീതയും കൂടിയുള്ള ചിത്രം അവന് കാണിച്ച് കൊടുത്തു.

ആ ചിത്രം കണ്ടപ്പോഴുള്ള അവന്റെ കണ്ണിലെ നീർത്തിളക്കം അവളിൽ സന്തോഷമേകി.

സീതേച്ചി എന്നവൻ ആ ചിത്രത്തെ നോക്കി വിളിച്ചു.

” കണ്ണാ,,,
എന്റെ സീതയുടെ കണ്ണനാണ് നീ എന്ന് ഞാനറിഞ്ഞില്ലല്ലോ ഇത്ര നാളും.
ഞാൻ പറയാതിരുന്നതിന്റെ കാരണം അച്ചുവേട്ടൻ പറഞ്ഞു. നീ എന്താ ഒന്നും എന്നോട് പറയാതിരുന്നത്? ”

” പലപ്പോഴും ഞാൻ ആഗ്രഹിച്ചതാ. ചേച്ചിയോട് ഒക്കെയും തുറന്ന് പറയാൻ. ചേച്ചിയോട് ആദ്യമേ പറഞ്ഞാൽ ആ ദയവോടെ ചേച്ചി എന്നെ കാണുമോ എന്നോർത്തപ്പോൾ പതിയെ പതിയെ പറയാം എന്ന് വെച്ചു. പോകെ പോകെ വെറുതെ നിങ്ങളെക്കൂടി വിഷമിപ്പിക്കണ്ട എന്ന് കരുതി ഒന്നും പറയണ്ട എന്ന് വെച്ചു.
പക്ഷേ ഒക്കെയും നേരത്തേ പറഞ്ഞിരുന്നെങ്കിൽ,,, ”

അത്രയും പറഞ്ഞതും അവനും കരഞ്ഞു പോയി.
ദേവി പതിയെ വാത്സല്യത്തോടെ അവന്റെ മുടിയിൽ തലോടി…

” അതേ,,,
രണ്ടും കൂടി സെന്റി അടിച്ചത് മതി.
നിർത്തി പോയി വല്ലതും കഴിക്കാൻ നോക്ക്”

” അതേ,
ഭാമേച്ചി ഈ കഴിക്കണം കഴിക്കണം എന്നൊരു വിചാരം മാത്രമേ ഉള്ളോ. അല്ലാ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിച്ചതാ. ”

” അതേടാ,,, ഉള്ളൂ,, എന്തേയ്? ”
രംഗം പതിയെ വഷളാവാൻ തുടങ്ങി എന്ന് കണ്ടതും, ദേവി ഭാമയെ പിടിച്ച് അടുക്കളയിൽ കൊണ്ടിരുത്തി.

” ഇവിടെ ഇരുന്നോളണം.
അമ്മേ ഇവളെ നോക്കിക്കോളണം കേട്ടോ. കണ്ണ് തെറ്റിയാൽ ആരുടെയെങ്കിലും മെക്കട്ട് കേറുവാ. ”
അവളെ അവിടിരുത്തി അവർക്കുള്ള ഭക്ഷണവുമെടുത്ത് ദേവി ഹാളിലേക്ക് പോയി.

” ആർക്കും മനസ്സിലാകാതെ മറ്റുള്ളവരുടെ വിഷമം മാറ്റാനും, അവരെ സന്തോഷിപ്പിക്കാനും എന്റെ ഭാമക്കുട്ടിക്ക് നന്നായിട്ടറിയാം. ”
അവളുടെ കവിളിൽ നുള്ളിക്കൊണ്ട് ദേവകിയമ്മ പറഞ്ഞതും അവള് അമ്മയെ കെട്ടിപ്പിടിച്ചു.

പിന്നെ അന്ന് സന്തോഷം കൊണ്ട് അവിടെ സദ്യയും, പായസവും വരെ ഉണ്ടാക്കി.

അതിനിടക്കും ഭാമ അവൾക്ക് കൂടുതൽ പായസം വേണമെന്നും പറഞ്ഞ് നവീനുമായിട്ട് അടിയിട്ടു.

💟💟💟💟💟

” അച്ചുവേട്ടാ,,,
ഞാനിന്ന് എത്ര സന്തോഷത്തിലാണ് എന്നറിയാമോ…
അതിന്റെ കാരണം എന്റെ അച്ചുവേട്ടനാണ്.”
അവന്റെ നെഞ്ചിൽ കിടന്ന് കൊണ്ട് അവള് അങ്ങനെ ഓരോന്നും പറഞ്ഞ് കൊണ്ടിരുന്നു.

” സത്യത്തിൽ അറിഞ്ഞപ്പോഴേ ഈ കാര്യം നിന്നോട് പറയണം എന്ന് എനിക്ക് തോന്നിയതാ.
പിന്നെ ഓർത്തു നേരിട്ട് പറയുമ്പോൾ നിന്റെ മുഖത്തെ സന്തോഷം അത് കണ്ണ് നിറയെ കാണാമല്ലോ എന്ന്. ആ സന്തോഷത്തിന് വേണ്ടിയല്ലേ ഈ എന്റെ ജീവിതം പോലും. ”
അത്രയും പറഞ്ഞ് പെട്ടെന്ന് അവള് പോലും പ്രതീക്ഷിക്കാതെ അവൻ അവളെ നെഞ്ചോട് ഒന്ന് കൂടി ചേർത്തു കിടത്തി നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു.
കുറച്ച് സമയം അവര് അങ്ങനെ തന്നെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അർജുൻ അവന്റെ കൈ അവളിൽ നിന്നും അടർത്തി മാറ്റി. തിരിഞ്ഞു കിടന്നു.
അതേ ഇത് ശെരിയാവില്ല. ഇങ്ങനെ പോയാൽ ഞാൻ ചിലപ്പോൾ പറഞ്ഞ വാക്ക് മറന്ന് പോകുമോ എന്നെനിക്കൊരു സംശയം. അതുകൊണ്ട് അകന്ന് കിടക്കുന്നതാ നല്ലത്. നീ അങ്ങോട്ട് നീങ്ങി കിടന്നെ. അതും പറഞ്ഞവൻ പുതപ്പെടുത്ത് മൂടി.
അവന്റെ കളികൾ കണ്ട് ചിരിയടക്കാൻ പാട് പെടുകയായിരുന്നു ദേവി. അവൻ ഇനി എത്രയൊക്കെ അടുത്ത് വന്നാലും പറഞ്ഞ വാക്ക് പാലിക്കും വരെ അകന്ന് തന്നെയേ നിൽക്കൂ എന്ന് അവൾക്കുറപ്പായിരുന്നു.
കാരണം അവനിലെ മനുഷ്യനെ അവള് അത്രമാത്രം മനസ്സിലാക്കി.

തുടരും,,,

NB: നവീൻ തന്നെയാണ് കണ്ണൻ എന്ന് ആദ്യമേ തന്നെ എല്ലാവർക്കും മനസ്സിലായിരുന്നതാ.. നിങ്ങള് കൊള്ളാം കേട്ടോ.