18/04/2026

നിലാവ് : ഭാഗം 47

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍””ഡീ,,,,, “”
അവൻ ഉച്ചത്തിൽ വിളിച്ചു.

അവള് പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.

“”മനുഷ്യനിവിടെ ഒന്ന് കാണാൻ വെപ്രാളം പിടിച്ച്, എല്ലാവരുടെയും കളിയാക്കും സഹിച്ച് വന്നപ്പോൾ നീ ഇവിടെ നിന്ന് ഭംഗി നോക്കി കളിയ്ക്കുന്നോ… ഒരുങ്ങിയിട്ടെന്താ സൗന്ദര്യ മത്സരത്തിന് പോകുന്നോ? അതോ നിന്നെ പെണ്ണ് കാണാൻ വല്ലവരും വരാന്ന് പറഞ്ഞിട്ടുണ്ടോ?? “”
ഉള്ളിൽ അത്രയും സമയം അടക്കി വെച്ചത് മുഴുവൻ അവനിൽ നിന്നും ദേഷ്യമായി പുറത്തേയ്ക്ക് വന്നു.

“”അത്‌ പിന്നെ ഞാൻ കണ്ണേട്ടൻ വരുമ്പോഴേക്കും ഒരുങ്ങി സുന്ദരിയായി നിൽക്കാൻ വേണ്ടി പുതിയ ചുരിദാർ ഏതാ നല്ലതെന്ന് നോക്കിയതാ “”
നിറഞ്ഞു വന്ന കണ്ണുനീരിനെ അവനിൽ നിന്നും മറച്ച് അവള് പറഞ്ഞു.

“”എങ്കിൽ നിനക്കിച്ചിരി നേരത്തെ എഴുന്നേറ്റൂടായിരുന്നോ?? “”
ഗൗരവം ഒട്ടും വിടാതെ തന്നെ അവൻ ചോദിച്ചു.

“”അത്‌,,,,
ഞാൻ നേരത്തെ എഴുന്നേൽക്കണം എന്ന് കരുതി തന്നെയാ കിടന്നേ. പക്ഷേ,, “”
അത്രയും പറഞ്ഞതും അവള് കരഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു..

“”അയ്യേ,,,
കണ്ണേട്ടന്റെ ദേവു കരയുവാ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. ഒന്ന് കാണാൻ ഓടി വന്നപ്പോൾ കാണാൻ പറ്റാഞ്ഞതിന്റെ വിഷമത്തിൽ പറഞ്ഞതല്ലേ. ഞാനോർത്തത് വരുമ്പോൾ നീ വാതിലിൽ കാണും എന്നാ. പക്ഷേ അവിടെ കണ്ടില്ല. പിന്നെ എല്ലാവരുടെയും കളിയാക്കൽ. എല്ലാം കൂടി ആയപ്പോൾ പറ്റിപ്പോയി. ക്ഷമിയ്ക്ക്. “”
അപ്പഴേക്കും അവള് തിരിഞ്ഞ് അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞിരുന്നു.

“”പോ ഞാൻ മിണ്ടില്ല കണ്ണേട്ടനോട് “”

“”അങ്ങനെ പറയല്ലേ, ന്റെ ദേവു ഒന്ന് ക്ഷമിക്ക്. “”
അതും പറഞ്ഞ് തന്റെ നെഞ്ചിൽ കിടക്കുന്ന അവളുടെ മുഖം ഉയർത്തി അവൻ ആ കണ്ണുകളിൽ തന്റെ ചുണ്ട് പതിപ്പിച്ചു.

പെട്ടെന്ന് വാതിലും തുറന്ന് ഒന്നാക്കി ചുമച്ച് കൊണ്ട് ഭാമ അങ്ങോട്ട് വന്നു.
“”ഞാൻ വിചാരിച്ചത് പോലെ തന്നെ. അപ്പോൾ ഇതിനാണല്ലേ നീ വന്നപാടെ ഇങ്ങോട്ട് കയറി വന്നത്??? “”
കണ്ണന്റെ ചെവിയ്ക്ക് പിടിച്ചു കൊണ്ട് ഭാമ പറഞ്ഞു.

“”ആ,,,,,,,
വിട് ഭാമേച്ചി… ഇവിടെ വന്നപ്പോൾ ഞാനൊന്ന് വഴക്ക് പറഞ്ഞതിന് ഇവള് ഭയങ്കര കരച്ചില്. അതാ ഞാൻ “”
അവൻ പറഞ്ഞത് പകുതിയ്ക്ക് നിർത്തി.

“”ബാക്കി കൂടി പറയെടാ നീ,,, “”

അവൻ ഭാമയെ നോക്കിയൊന്ന് ഇളിച്ചു കാണിച്ചു.

“”അത് പിന്നെ,,,, “”

“”ഞാൻ താഴേയ്ക്കൊന്ന് ചെല്ലട്ടെ
നിന്റെ ചേച്ചിയോട് പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ അനിയന്റെ കൈയിലിരുപ്പ്. “”

ഭാമ വലിയ ഗമയിൽ പറഞ്ഞ് പുറത്തേക്കിറങ്ങാൻ തിരിഞ്ഞു.
ഈ സമയം ദേവി അറിഞ്ഞാൽ എന്ത് പറയും എന്നോർത്ത് ദേവു പേടിച്ച് കണ്ണനെ നോക്കി അവൻ അവളെയൊന്ന് കണ്ണ് ചിമ്മി കാണിച്ച് ഭാമയെ വിളിച്ചു.

“‘”ഭാമേച്ചി,,,
ഒന്ന് നിന്നെ,,, അപ്പോഴേ,,, ചിലരൊക്കെ എന്നും വൈകിട്ട് ടെറസിന്റെ മുകളിൽ കാറ്റ് കൊള്ളാൻ പോകുന്നതും കൂടി ഞാൻ പറയും. “”

കണ്ണൻ പറഞ്ഞത് കേട്ടതും ഭാമ ഞെട്ടി തിരിഞ്ഞു നോക്കി.

“”എന്ത് പറ്റി ഭാമേച്ചി പോകാത്തെ?? “”
കണ്ണൻ ഒന്നും അറിയാത്തത് പോലെ ചോദിച്ചു.

“”ഡാ മോനേ കണ്ണാ,,,
അരുത്. ഞാൻ നിന്റെ ചേച്ചിയല്ലേ, നീ എന്റെ അനിയനല്ലേ, നമ്മള് ചേച്ചിയും, അനിയനുമല്ലേ “”
അവള് പ്രത്യേക ടൂണിൽ പറഞ്ഞു.

“”അതേ, അതേ നമ്മള് ചേച്ചിയും അനിയനും തന്നെയാ. “”അവനും അതേ പോലെ തന്നെ തിരിച്ചു പറഞ്ഞു.

“”എങ്കിൽ ചേച്ചി അങ്ങോട്ട് “”

“”എങ്ങോട്ട്,?? “”
അവൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.

“”അല്ല താഴോട്ട്,, “”
അതും പറഞ്ഞവള് താഴേയ്ക്ക് പോയി.

“”പാവാ,,,
ഈ നാക്ക് മാത്രമേ ഉള്ളു. മനസ്സിൽ മുഴുവൻ എല്ലാരോടും സ്നേഹാ. “”
ഭാമ പോയതും കണ്ണൻ അവളെ നോക്കി പറഞ്ഞു.
ദേവു അവന്റെ കൈയ്യില്ലേയ്ക്ക് കൈ ചേർത്ത് ചുറ്റി പിടിച്ചു.

“”ഞാൻ താഴേയ്ക്ക് പോകുവാ . ഇനിയിപ്പോൾ ആരും അന്വേഷിച്ചിങ്ങോട്ട് കയറി വരണ്ട. “”
അതും പറഞ്ഞവൻ മുറിയ്ക്ക് പുറത്തേക്കിറങ്ങി.

“”ഞാൻ വേഗം ഒരുങ്ങി വന്നേക്കാം… “”
എന്ന് പറഞ്ഞവള് മുറിയടയ്ക്കാൻ വാതിലിന് മുന്നിലേയ്ക്ക് ചെന്നു.

“”അതേ ആ പിങ്ക് ചുരിദാർ ഇട്ടാൽ മതി. “”
പുറത്തേക്കിറങ്ങി വീണ്ടും ഒരു ചുവട് പിന്നിലേയ്ക്ക് വന്നവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.

💞💞💞💞💞

“”ദേവകിയമ്മയെ വീട് മുഴുവൻ ഭയങ്കര സന്തോഷത്തിൽ ദേവി കൊണ്ട് നടന്നു കാണിച്ചു കൊടുത്തു.

“”അമ്മേ,,, ദേ ഇവിടെയാണ് കുഞ്ഞിലേ മുതലേയുള്ള എന്റെയും, ഭദ്രയുടെയും രഹസ്യ സംഭാഷണ സ്ഥലം.
പിന്നെ ദേ ഈ മാവിലാണ് എല്ലാ ഓണത്തിനും ഞങ്ങള് ഊഞ്ഞാല് കെട്ടിയാടാറ്. “”
അങ്ങനെ ചെറുതും, വലുതുമായ എല്ലാം അവള് ദേവകിയമ്മയെ പറഞ്ഞു കേൾപ്പിച്ചു. ആദ്യമായിട്ട് വീട്ടിലേയ്ക്ക് ദേവകിയമ്മ വന്നതിന്റെ സന്തോഷം എത്രയെന്ന് അവൾക്ക് പോലും തിരിച്ചറിയാൻ പറ്റിയിരുന്നില്ല. അതുകൊണ്ട് അവള് പിന്നേയും ഓരോന്ന് കാണിച്ചു കൊടുത്തുകൊണ്ടിരുന്നു.

“”എന്റെ മോളെ ദേവി നീ ഇങ്ങനെ ധൃതി പ്പെട്ട് പറയാതെ. “”
അവളുടെ വെപ്രാളം കണ്ട് ദേവകിയമ്മ പറഞ്ഞു.
അതിനവള് തിരിച്ചൊരു ചിരിയാണ് മറുപടി കൊടുത്തത്.

“”അവിടെ കേക്ക് മുറിയ്ക്കാൻ സമയം ആയില്ലേ വാ നമുക്കങ്ങോട്ട് പോകാം “”
ദേവകിയമ്മ അവളെ നോക്കി ചോദിച്ചു.

“”അയ്യോ അത്‌ ശെരിയാണല്ലോ അമ്മേ. വാ നമുക്കങ്ങോട്ട് പോകാം. “”

🎂🎂🎉😘🎊🎂🎂

ഹരി സൂര്യനെ എടുത്ത് പിടിച്ച് ടേബിളിന് മുകളിൽ വച്ചിരിയ്ക്കുന്ന കേക്കിന്‌ മുന്നിലേയ്ക്ക് താഴ്ത്തി പിടിച്ചു. ഭദ്ര അവന്റെ കൈയ്യിൽ പിടിച്ച് കേക്ക് മുറിച്ചു. എല്ലാവരും കൈയ്യടിച്ച് പാട്ട് പാടുന്നത് കേട്ടവനും കൈ കൊട്ടി. അതുകണ്ട് എല്ലാവരും ചിരിച്ചു. പിന്നെ ഭദ്ര തന്നെ കേക്ക് കട്ട്‌ ചെയ്ത് പാത്രത്തിലാക്കി. അതിൽ നിന്നും അവനെക്കൊണ്ട് ഹരിയുടെ വായിലേയ്ക്ക് അൽപ്പം കേക്കെടുത്ത് വെച്ചു കൊടുത്തു. അതിന് ശേഷം ഹരി അൽപ്പം അവനെക്കൊണ്ട് എടുപ്പിച്ച് ഭദ്രയുടെ വായിലേയ്ക്കും വെച്ച് കൊടുപ്പിച്ചു.
ഒരു കൈയ്യിൽ സൂര്യനെ എടുത്ത് പിടിച്ചു. അപ്പോഴേയ്ക്കും എല്ലാവരും ഹാളിലേയ്ക്കിരുന്നിരുന്നു. ഭദ്ര ഒരു കൈയ്യിൽ കേക്കും, ഒരു കൈയ്യിൽ അവനെയും എടുത്ത് എല്ലാവരും ഇരിയ്ക്കുന്നിടത്തേയ്ക്ക് ചെന്നു .

“”മോനേ ദാ എല്ലാവർക്കും കേക്കെടുത്ത് കൊടുക്ക്. “”
കൈയ്യിലിരിക്കുന്ന പാത്രം അവന്റെ മുന്നിലേയ്ക്ക് നീട്ടിക്കൊണ്ട് അവള് പറഞ്ഞു.

“”മ്മ്ച്ചും “””
തല വെട്ടിച്ച് അവൻ ചുണ്ട് കൂർപ്പിച്ച് ചുറ്റും പരതിക്കൊണ്ടിരുന്നു.

“”സൂര്യാ,,,
ദാ എടുത്ത് കൊടുക്ക്… “‘
അവള് വീണ്ടും പറഞ്ഞു. എന്നിട്ടും ഒരു കുലുക്കവുമില്ലാതെ അവൻ മിണ്ടാതെ അവളുടെ കൈയിലിരുന്നു.
അപ്പോഴും അവന്റെ കണ്ണ് ചുറ്റും പരതിക്കൊണ്ടിരുന്നു. അപ്പോഴാണ് കറികൾ പാത്രത്തിലാക്കി ടേബിളിലേയ്ക്ക് വെക്കാൻ ദേവി അങ്ങോട്ട് വന്നത്.

“”ദേവിമ്മേ,,,,, “”
ഭദ്രയുടെ കൈയിലിരുന്ന് കൊണ്ട് അവൻ അവളെ നീട്ടി വിളിച്ചു. എന്നിട്ട് ഭദ്രയുടെ കൈയ്യിൽ നിന്നും ഊർന്നിറങ്ങി ദേവിയുടെ അടുത്തേയ്ക്കോടി ചെന്നു.

“”ബാ,,, ദേവിമ്മേ കേക്ക് കയിച്ചാം… “”
അതും പറഞ്ഞവൻ ദേവിയുടെ കൈ വലിച്ച് കൊണ്ട് ഭദ്രയുടെ അടുത്തേയ്ക്ക് വന്നു. ആ കാഴ്ച കണ്ട് നിന്ന എല്ലാവർക്കും ആ കുരുന്നിന് അവളോടുള്ള ആത്മബന്ധത്തിന്റെ ശക്തി വ്യക്തമായിരുന്നു .
ദേവി നിറഞ്ഞ മിഴികളോടെ സൂര്യൻ വായിൽ വെച്ച് കൊടുത്ത കേക്ക് അൽപം കഴിച്ച് അവനെ തുരുതുരെ ചുംബിച്ചു.

“”ഇതൊക്കെയാണ് ഈശ്വരന്റെ കരവിരുതുകൾ. സൂര്യനും, ദേവിയും തമ്മിൽ കണ്ടുമുട്ടിയിട്ട് എത്ര നാളായി. ഇത്രവേഗം അവര് തമ്മിൽ അടുത്തത് അവന്റെ അമ്മയും, അവളും തമ്മിലുള്ള ഒരിയ്ക്കലും അണയാത്ത ആത്മബന്ധത്തിന്റെ ശക്തി കൊണ്ട് തന്നെയാണ് “”
ദേവിയുടെ അച്ചൻ അത്‌ പറയുമ്പോൾ ദേവിയുടെ കണ്ണ് നിറഞ്ഞു.

“”അല്ലെങ്കിലും എന്ത് നടന്നാലും എന്റെ ഭാര്യയ്ക്ക് പൈപ്പ് തുറന്ന് വിട്ടപോലെയാ കണ്ണ് നീര്. ആല്ലേടി ഭാര്യേ “”
എന്നും പറഞ്ഞ് അർജുൻ ദേവിയെ ചേർത്ത് പിടിച്ചു.
എല്ലാവരും അവരെ രണ്ടാളെയും നോക്കി ചിരിച്ചു.

“”എന്നാൽ കഴിക്കാനിരിയ്ക്കാം എല്ലാം റെഡി ആയി കഴിഞ്ഞു. “”
രേവതിയാണ് എല്ലാവരോടും വന്നു പറഞ്ഞത്.

“”ആഹാ അമ്മേ അമ്മ വീട്ടുകാരി ആയല്ലോ? “”
വിഷ്ണു അടുക്കളയിലേയ്ക്ക് നോക്കി പറഞ്ഞു.

“”എന്താ അപ്പച്ചി ,,,
അവൻ കളിയാക്കിയോ?? “”

“”എന്റെ മോന് അല്ലെങ്കിലേ കുറച്ച് കളിയാക്ക് കൂടുതലാ “”

“”എല്ലാം ആയെങ്കിൽ ഇലയിടാം “”
പായസം അടച്ച് വെച്ച് കൊണ്ട് സാവിത്രി പറഞ്ഞു.

സദ്യ കഴിയ്ക്കാനായി എല്ലാവരും ഇരുന്നു തുടങ്ങി. അമ്മമാരെയും, അച്ഛന്മാരെയും, ദേവകിയമ്മയെയും, രേവതിയെയും ഇരുത്തി. അവരെല്ലാവരും ഇരുന്നിട്ടും ഇരിയ്ക്കാതിരിയ്ക്കുന്ന അർജുനെയും ബാക്കി ആൺപടകളെയും ദേവി നോക്കി. അപ്പോഴേയ്ക്കും എല്ലാം മുണ്ടൊക്കെ മടക്കി കുത്തി തലയിൽ തോർത്ത്‌ ചുറ്റി കെട്ടി നിൽക്കുന്നു. ദേവി തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ ഭാമയുടെയും, ദേവൂന്റെയും, ഭദ്രയുടെയും മുഖത്തും ദേവിയുടെ മുഖത്തെ അതേ എക്സ്പ്രഷൻ തന്നെ.

“”അല്ല എല്ലാവരും കൂടി ഇതെന്തിനുള്ള പുറപ്പാടാ. ഒരു സദ്യ കഴിയ്ക്കാൻ ഇത്രയും ഒരുക്കമൊക്കെ വേണോ? “”
ദേവി സാരിയെടുത്ത് ഇടുപ്പിലേക്ക് കുത്തി കൊണ്ട് അർജുനോട് ചോദിച്ചു.

“”ഇന്നേ,,,
ഞങ്ങളാണ് വിളമ്പുന്നത്. അതുകൊണ്ട് എല്ലാവരും അങ്ങോട്ടിരുന്നാട്ടെ… “”
അതും പറഞ്ഞ് അർജുൻ ദേവിയെ പിടിച്ച് വലിച്ച് കൊണ്ടിരുത്തി. അതേ പോലെ തന്നെ എല്ലാവരും സ്വന്തം പെയറിനെ കൊണ്ട് ചെന്നിരുത്തി.

“”ദേ ഹരിയേട്ടാ,,,
ചുമ്മാ കുഞ്ഞ് കളിയ്ക്കാതെ കേട്ടോ “”
ഭദ്ര ദേഷ്യത്തോടെ പറഞ്ഞു

“”ഇന്ന് ഞങ്ങൾ ആണുങ്ങളാണ് എല്ലാവർക്കും വിളമ്പി തരുന്നത്. അതുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും റസ്റ്റ്‌.””
അതും പറഞ്ഞ് ഹരി എഴുന്നേറ്റതും കണ്ണൻ എല്ലാവർക്കും മുന്നിൽ ഇലയിട്ടു. വിഷ്ണു ആണ് ഉപ്പ് വിളമ്പിയത്.

“”ആ അല്ലെങ്കിലും വിച്ചുവേട്ടൻ എളുപ്പമുള്ളതല്ലേ തിരഞ്ഞെടുക്കൂ “”
ഭാമ പറഞ്ഞത് കേട്ടതും വിഷ്ണു മുഖം വെട്ടിച്ച് ആവി പറക്കുന്ന ചോറും എടുത്തുകൊണ്ട് വന്നു. ഇരിയ്ക്കുന്ന ഓർഡറിൽ വിളമ്പി വരുന്ന വഴിയ്ക്ക് ഭാമയ്ക്ക് മാത്രം വിളമ്പിയില്ല.
അവൻ ഏറു കണ്ണിട്ട് നോക്കുമ്പോൾ മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാവർക്കും വിളമ്പി കഴിഞ്ഞ് അവൻ അവളുടെ അടുത്ത് ചെന്നു. എന്നിട്ട് ആ പാത്രത്തിൽ ബാക്കി വന്ന ചോറ് മുഴുവൻ അവളുടെ ഇലയിൽ കുടഞ്ഞിട്ടു. അത് കണ്ട് മറ്റുള്ളവർക്കെല്ലാം ചിരി പൊട്ടി.

“”നിനക്ക് ഭക്ഷണം വലിയ ഇഷ്ടല്ലേ അതാ വിച്ചുവേട്ടൻ ഇത്രയും തന്നത്. “”
വിഷ്ണു അവളുടെ ചെവിയോരം ചെന്നു പറഞ്ഞു.

“”എന്നെ വാശി കയറ്റിയാൽ ഞാനിത് മുഴുവൻ കഴിയ്ക്കും എന്റെ സ്വഭാവം അറിയാല്ലോ.””
അവന് നേർക്കു നേർ ഇരുന്ന് ഭാമ മുഖം കുറച്ചും കൂടി വീർപ്പിച്ചു പറഞ്ഞു.

പിന്നേ സദ്യവട്ടങ്ങൾ എല്ലാം കഴിഞ്ഞു. അവസാനം പായസവും വിളമ്പി. സൂര്യൻ പതിവ് പോലെ ദേവൂന്റെ മടിയിൽ തന്നെ കഴിക്കാനിരുന്നു. അവസാനം എല്ലാവരും കഴിച്ചു കഴിഞ്ഞതും പെൺപടകളെല്ലാം എഴുന്നേറ്റ് അവിടെ തന്നെ സ്വന്തം ആൾക്കാരെ ഇരുത്തി. അവർക്ക് അവര് തന്നെ വിളമ്പി കൊടുത്തു. അർജുൻ കഴിയ്ക്കാൻ എടുത്ത ആദ്യത്തെ ഉരുള ദേവിയ്ക്ക് കൊടുത്തു. ആ കാഴ്ച്ച എല്ലാവരും കൺകുളിർക്കെ കണ്ട് നിന്നു.

💜💜💜💜💜

എല്ലാവരും കിടന്ന് കഴിഞ്ഞപ്പോൾ പതിവ് സംഭാഷണത്തിന് ദേവിയുടെ അച്ചൻ രാമനും, ഭദ്രയുടെ അച്ഛൻ ഗോപാലനും മുറ്റത്തേക്കിറങ്ങി.

“”ഈ കുടുംബത്തിന്റെ സന്തോഷം ഇനിയൊരിയ്ക്കലും ഈശ്വരൻ തിരികെ തരില്ലന്നാ ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ എന്നെ ഈശ്വരൻ അനുഗ്രഹിച്ചിരിക്കുകയാ.
അല്ലേടാ??? അല്ലെങ്കിൽ ഇങ്ങനെ രണ്ട് മക്കളെ എന്റെ ദേവിയ്ക്കും, ദേവൂനും കിട്ടുമോ. ഇനി ഈ ജന്മത്തിൽ ഒത്തിരി ആഗ്രഹങ്ങളൊന്നും ഇല്ലടാ. എന്റെ പേരക്കുട്ടിയെ കൂടി കാണണം അതാ ഇപ്പോഴുള്ള വലിയ ആഗ്രഹം. “”
ഒരു ദീർഘ നിശ്വാസത്തോടെ ദേവിയുടെ അച്ഛൻ പറഞ്ഞു തീർത്തു.

“”അതെന്താ നീ ചാകാൻ പോകുവാണോ…
ഈ ആഗ്രഹം കൂടിയേ ബാക്കിയുള്ളു പോലും. അവന്റെ ഓരോരോ വാർത്തമാനങ്ങളെ… “”

“”എന്റെ പൊന്ന് ഗോപാലാ നീ ഇങ്ങനെ ഒച്ച വെയ്ക്കാതെ ഞാൻ പറഞ്ഞു വന്ന വഴിയ്ക്കങ്ങ് പറഞ്ഞതാ.. “”

“”മതി മതി. അല്ലെങ്കിൽ നീ ഇനി വേറെ പലതും പറയും. നമ്മുക്ക് അകത്ത്‌ പോകാം. എല്ലാരും കിടന്നു. “”

“”””സുഗ്രീവമിതം പരമംപവിത്രം
സീതാകളത്രം നവമേഘ ഗാത്രം
കാരുണ്യപാത്രം ശതപത്ര നേത്രം
ശ്രീരാമചന്ദ്രം സതതം നമാമി.””””

രാവിലെ അമ്പലത്തിൽ നിന്നുള്ള റെക്കോർഡിങ് കേട്ടാണ് ദേവി ഉണർന്നത്. എഴുന്നേറ്റ് കുളിച്ച് അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ സാവിത്രി ചായ ഇടുന്ന തിരക്കിലായിരുന്നു. ഒപ്പം ലക്ഷ്മിയും ഉണ്ടായിരുന്നു. എല്ലാവരും ഉള്ളത് കൊണ്ട് രാവിലത്തേയ്ക്കുള്ള ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു രണ്ടാളും.

“”ഇന്നെന്താ അമ്മേ രാവിലെ ഇഡ്ഡലിയും, സാമ്പാറും ആണോ?? “”
അടുപ്പത്തിരിയ്ക്കുന്ന അപ്പച്ചമ്പിലേയ്ക്ക് നോക്കി അവള് ചോദിച്ചു.

“”ഇഡ്ഡലിയാ. അതാകുമ്പോൾ എല്ലാവർക്കും ഇഷ്ടവുമാണ് പിന്നേ ഒത്തിരി പേരുള്ളപ്പോൾ അതാ നല്ലത്. “”

“”””മ്മ്മ്മ്മ് “””

“”എന്ത് പറ്റി മുഖത്തൊരു വാട്ടം? ഈ സമയത്ത് ഇങ്ങനെ മുഖം വാടി ഇരുന്നൂട മോളെ “”
ലക്ഷ്മിയാണ് ദേവിയുടെ മുഖം നേരെ പിടിച്ച് ചോദിച്ചത്.

“”അല്ലമ്മേ എത്ര നാളായി ഞാനൊന്ന് ഭഗവാനെ കണ്ട് തൊഴുതിട്ട്. അതോർത്തപ്പോൾ ഒരു വിഷമം “”

“”ഞാനും ചോദിക്കണം എന്ന് കരുതി ഇരിക്കായിരുന്നു. നീ എന്താ ഭഗവാനോട് പിണങ്ങിയിട്ടാണോ പോവാത്തെ എന്ന് . അങ്ങനെ ഒന്നും വിചാരിയ്ക്കരുത് മോളെ. നല്ലത് വരുമ്പോൾ ഈശ്വരൻ വലുതും, കഷ്ടപ്പാടുകൾ വരുമ്പോൾ അങ്ങനെ അല്ലാതെയും ചിന്തിക്കരുത്. ജീവിതമാവുമ്പോൾ സുഖവും, ദുഃഖവും ഒക്കെ ഉണ്ടാകും. ഈശ്വരന്മാര് പോലും മനുഷ്യാവതരത്തിൽ എത്ര കഷ്ടതകൾ അനുഭവിച്ചു. “”

“”ഈശ്വരനെ മറന്നിട്ടോ വാശി ആയിട്ടോ ഒന്നും അല്ലമ്മേ. ഒന്നും ഇല്ലാതെ ഒരനാഥയെ പോലെ ഈ വീടിന്റെ പടി ഇറങ്ങേണ്ടി വന്നിട്ടും, അതിന് ശേഷം ഒരുപാട് കഷ്ടതകൾ അനുഭവിച്ചിട്ടും ഞാൻ ഒരിയ്ക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല. എന്നെങ്കിലും നാട്ടിൽ വന്ന് ആ നടയിൽ ചെന്ന് നിൽക്കണം എന്ന് ഒരുപാട്ഗ്രഹിച്ചിട്ടുണ്ട്. അച്ചുവേട്ടനെ എനിയ്ക്ക് ഈ ഈശ്വരൻ തന്നനുഗ്രഹിച്ചപ്പോൾ അച്ചുവേട്ടനോടൊപ്പമേ ഇനി ആ നടയിൽ ചെന്ന് നിൽക്കൂ എന്ന് അന്നേ വിചാരിച്ചതാ. അന്ന് വീട്ടിൽ വന്നപ്പോൾ പെട്ടെനായത് കൊണ്ട് ഞാൻ ഷോക്കായി പോയി. പിന്നേ ഇളയച്ഛന്റെ മരണവും ഒക്കെ കഴിഞ്ഞ് ഇപ്പോഴല്ലേ ഇങ്ങോട്ട് വരുന്നേ. എന്തായാലും ഇന്ന് പോയിട്ടേ തിരിച്ചു പോകൂ എന്നുറപ്പിച്ചു കൊണ്ടാ ഇങ്ങോട്ട് വന്നേ. “”

“”എങ്കിൽ നീ ചെല്ല് ഞങ്ങള് നോക്കിക്കോളാം ഇവിടുത്തെ കാര്യം. അവനെ എഴുന്നേൽപ്പിച്ച് ഒരുങ്ങി പോകാൻ നോക്ക് പത്തുമണിയ്ക്ക് മുൻപേ ഇറങ്ങണ്ടേ ഇവിടുന്ന്. “”

“”ശെരി അമ്മേ “”

അവള് മുറിയിൽ ചെല്ലുമ്പോഴേക്കും അർജുൻ കുളിച്ചിറങ്ങിയിരുന്നു.

“”ആഹാ കുളി കഴിഞ്ഞോ ഞാൻ കുത്തിപ്പൊക്കാൻ വരുവാരുന്നു. വാ നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം “”
അവന്റെ അടുത്തേയ്ക്ക് ചെന്ന് തല തോർത്തിക്കൊടുത്തു കൊണ്ട് അവള് പറഞ്ഞു.

“”എങ്കിൽ ദേ ഞാനിപ്പോൾ റെഡിയാവാം “”

കുറച്ച് കഴിഞ്ഞതും രണ്ടാളും ഒരുങ്ങിയിറങ്ങി. എല്ലാവരും എഴുന്നേറ്റ് വരുന്നതിന് മുൻപേ അവര് രണ്ടാളും അമ്പലത്തിലേയ്ക്ക് പോയി.
പടവരമ്പത്തൂടെ അവന്റെ കൈയ്യും പിടിച്ച് അവൾ അവളുടെ കുട്ടിക്കാലം മനോഹരമാക്കി തീർത്ത നാട്ടിൻപുറത്തൂടെ നടന്നു. കാണുന്ന ഓരോ പുൽക്കൊടിയെയും കുറിച്ച് അവൾക്കൊരായിരം കഥകൾ അവനോട് പറയാനുണ്ടായിരുന്നു. ഒടുവിൽ ശ്രീകോവിലിനു മുന്നിലെത്തി അവിടെ ഭഗവാന് മുന്നിൽ മനസ്സ് തുറന്ന് പ്രാർത്ഥിക്കുമ്പോൾ അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

“”എല്ലാം പറഞ്ഞോ ഭഗവാനോട്?””
ആൽത്തറയിൽ അവൾക്കൊപ്പം ഇരുന്ന് കൊണ്ട് അവൻ ചോദിച്ചു

“”പുതുതായി ഒന്നും ഇല്ല അച്ചുവേട്ടാ. ഭഗവാനറിയാത്ത എന്താ എന്റെ ജീവിതത്തിൽ ഉള്ളത് “”

“”ശെരി എങ്കിൽ ഇനി നമുക്ക് വീട്ടിലേയ്ക്ക് പോകാം. എനിക്ക് ഉച്ചയ്ക്ക് ഓഫീസിൽ ചെല്ലേണ്ടതാ. “”

തിരികെ വീട്ടിലെത്തുമ്പോൾ എല്ലാവരും ഒരുങ്ങിയിരുന്നു. പിന്നേ രാവിലത്തെ ഭക്ഷണവും കഴിച്ച് എല്ലാവരും അവിടെ നിന്നും തിരിച്ചു.

“”അച്ഛാ,,, വ്യാഴാഴ്ച തന്നെ എല്ലാവരും അങ്ങിട്ടത്തിയേക്കണം. പിന്നേ കുറച്ച് ദിവസമേ കല്യാണത്തിനുള്ളു. എല്ലാം ഒന്നേന്ന് തുടങ്ങാൻ കിടക്കുവാ. ഓർമ്മയുണ്ടല്ലോ “”
ഇറങ്ങാൻ നേരം അർജുൻ അച്ഛന്റെ അടുത്തേയ്ക്ക് ചെന്ന് പറഞ്ഞു.

“”അതൊന്നും ഓർത്ത് മോൻ പേടിക്കണ്ട. ഞങ്ങളെല്ലാവരും അങ്ങോട്ടെത്തിക്കോളാം.””

“”എങ്കിൽ ശെരി ഞങ്ങളങ്ങോട്ട് “”
രേവതി എല്ലാവരെയും നോക്കി പറഞ്ഞു

“”ആയിക്കോട്ടെ, പോയി വരൂ “”

“”കണ്ണാ,,,
നിനക്ക് വണ്ടി ഓടിയ്ക്കാൻ പറ്റുവോ? അതോ ഇനി?? “”
വിഷ്ണുവിന്റെ വകയാണ് ആക്കിയുള്ള ചോദ്യം.

“”വിച്ചുവേട്ടാ വെറുതെ അവനെയിങ്ങനെ കളിയാക്കരുത് കേട്ടോ “”

ഭാമ പറഞ്ഞത് കേട്ടതും എല്ലാവരും അതിശയത്തോടെ അവളെ നോക്കി. കാരണം കണ്ണനെ കളിയാക്കാൻ ഒരവസരം കിട്ടിയാൽ അവളത് പാഴാക്കാറില്ല.

“”അതേ മതി മതി ഇനി അങ്ങ് ചെന്നിട്ടാവാം. വിച്ചൂ,,, നീ ചെന്ന് വണ്ടിയിൽ കയറ് “”
രേവതിയാണ് അവനെ ശാസിച്ചത്.

അവരുടെ കാറ് തറവാട്ടിൽ നിന്നകലുമ്പോൾ നിറഞ്ഞ മിഴികളോടെ ദേവു അത്‌ നോക്കി നിന്നു.

“”എന്തിനാടി പെണ്ണേ നീ ഇങ്ങനെ കരയുന്നെ, കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ എപ്പോഴും ഒന്നിച്ചു തന്നെ ഉണ്ടാവാല്ലോ “”
ഭദ്ര പറഞ്ഞത് കേട്ടതും ദേവൂന്റെ മുഖം നാണത്താൽ ചുവന്നു.

🌹🌹🌹🌹🌹

രാത്രിയിൽ കിടക്കാനായി ദേവി മെത്ത കുടഞ്ഞു വിരിയ്ക്കുന്നതിനിടയിൽ,,
“”ദേവീ നാളെ രാവിലെ നമുക്കൊരിടം വരെ പോകണം. കുറച്ച് ദൂരക്കൂടുതൽ ഉണ്ട്. അതുകൊണ്ട് നേരത്തേ പോകണം. “”

“”എവിടേയ്ക്കാ അച്ചുവേട്ടാ,,, “”

ഒന്നും മിണ്ടാതെ അവൻ കയറി കിടന്നു.

“”ഇതെന്താ ഒന്നും പറയാണ്ട് കയറി കിടന്നേ””

“”നീ കിടക്ക്‌ അല്ലെങ്കിൽ ഉറക്കം ശെരിയാവില്ല ദേവി “”
അതും കൂടി കേട്ടതും പിന്നെയൊന്നും ചോദിക്കാതെ അവള് കയറി കിടന്നു.

തുടരും,,,,