The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അരുന്ധതി
അങ്ങനെ അവരുടെ സന്തോഷവും, സ്നേഹവും, ഭാമയുടെ കുറുമ്പും ഒക്കെ ആയി അവരുടെ ജീവിതം സന്തോഷത്തോടെ മുൻപോട്ട് പോയി.
ക്ലാസ്സ് തുടങ്ങിയത് കൊണ്ട് നവീൻ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി.
ഭാമയും, ദേവിയും ജോലിക്ക് ദിവസവും പോയി വന്നു. ജോലിയും, ഭർത്താവും, കുടുംബവും ഒക്കെ ആയി ദേവിയുടെ ജീവിതവും , ഏട്ടന്റെ കുഞ്ഞിപ്പെങ്ങളായി, ദേവിയുടെ നാത്തൂനായി ഭാമയുടെ ജീവിതവും മുൻപോട്ട് പോയി. എങ്കിലും, ദിവസം ചെല്ലുംതോറും ഭാമയുടെ ഉള്ളിൽ പഴയ ഓർമ്മകൾ ഒരു നോവായി വളർന്നു വന്നു.
🌹🌹🌹🌹🌹
” പഴംപൊരി ഇതുവരെ ആയില്ലേ ആവോ …”
ടീവിയിൽ നോക്കി സെറ്റിയിൽ കിടന്നു കൊണ്ട് ഭാമ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
” എന്റെ ദൈവമേ,
ഇനി കയ്യിൽ കൊണ്ട് കൊടുക്കുന്നത് വരെ ഇവളിങ്ങനെ വിളിച്ചോണ്ടിരിക്കും ”
എണ്ണയിൽ വറത്തു കോരിക്കൊണ്ട് ദേവി അമ്മയോടായി പറഞ്ഞു.
” നീ തന്നെയാ അവളെ വഷളാക്കുന്നെ.
എല്ലാം പറയുവേം ചെയ്യും നീ തന്നെ എല്ലാം ചെയ്യുവേം ചെയ്യും. ”
ചായ ഇളക്കി കൊണ്ട് ദേവകിയമ്മ അവളോട് പറഞ്ഞു.
” അത് പിന്നെ അമ്മേ,,,
എന്റെ കുഞ്ഞിന് ഞാൻ കൊടുത്താലും ഇങ്ങനെയൊക്കെ പറയില്ലേ,, ഒന്നും ചെയ്യൂല്ലന്നൊക്കെ. അത്രേം ഉള്ളു. എനിക്ക് ജീവനാണ് എന്റെ ഭാമയെ, അവളെനിക്ക് എന്റെ കുഞ്ഞിനെ പോലെയാ . ”
” നിങ്ങള് ഒരിക്കലും പിരിയാതെ എപ്പോഴും ഇങ്ങനെ തന്നെ ഉണ്ടാവണം. ”
” ഉണ്ടാവും അമ്മേ,,,
എന്നും ഞങ്ങള് പിരിയാതെ ഒന്നിച്ചുണ്ടാവും.
“ആ പിന്നെ,
നാളെ ഒരു വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണാ. അതുകൊണ്ട് നീ ഇങ്ങനെ ഇട്ട് വഷളാക്കാതെ. ”
” എന്റെ ഭാമക്ക് അവളിലെ അവളെ മനസ്സിലാക്കുന്ന ഒരാൾക്കേ ഞാൻ കൊടുക്കൂ.
ശോ, എനിക്കൊരു ചേട്ടനുണ്ടായിരുന്നെങ്കിൽ
മറ്റൊരിടത്തും വിടണ്ടായിരുന്നു. ”
അതും പറഞ്ഞ് ഭാമയുടെ അടുത്തേക്ക് പോകുന്ന ദേവിയെ നോക്കി അങ്ങനെ തന്നെ നിന്നു ദേവകിയമ്മ .
” ഇന്നാടി,,,
ഇരിക്കുന്നിടത്ത് നിന്ന് അനങ്ങരുത് കേട്ടോ.”
” ഓ,,,
ആയിക്കോട്ടെ”
എന്ന് പറഞ്ഞ് ദേവിയുടെ കയ്യിൽ നിന്ന് പാത്രം വാങ്ങി അവളെ നോക്കി ഒന്ന് ഇളിച്ചും കാണിച്ച് വീണ്ടും ടീവിയിലേക്ക് നോക്കി പഴംപൊരി തട്ടാൻ തുടങ്ങി.
” ഡീ,
കാലടിപ്പിച്ചു വെക്കെടി. പെൺപിള്ളേർ ഇങ്ങനെ ഇരിക്കരുത്. ”
പറഞ്ഞത് കേട്ടതും അവള് കുറച്ചും കൂടി അകത്തി വെച്ചു.
” നീയെന്താ ഓം ശാന്തി ഓശാനയിലെ പൂജയോ ”
ഏഹേ,,, ഈ പറയുന്നതൊന്നും അവളെയല്ല ബാധിക്കുന്നത് എന്ന പോലെയാണ് ഇരിപ്പ്.
” അല്ലെങ്കിലും പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം പണ്ടേ ഇല്ലല്ലോ ”
അത്രയും പറഞ്ഞ് ദേവി ദേഷ്യത്തിൽ പോയി.
അവള് പോയി കഴിഞ്ഞതും ഭാമ ചിരിച്ചു കൊണ്ട് അവള് പറഞ്ഞത് പോലെ ഇരുന്നു.
അടുക്കളയിൽ ചെന്ന് ഹാളിലേക്ക് നോക്കിയ ദേവി തലയാട്ടി ചിരിച്ചു.
💟💟💟💟💟💟💟💟
” എന്താ അച്ചുവേട്ടാ മുഖത്തൊരു ടെൻഷൻ പോലെ.? ”
ഡ്യൂട്ടി കഴിഞ്ഞ് വന്ന അർജുനോട് ദേവി ചോദിച്ചു.
” ഞാൻ നാട്ടിലേക്ക് പോകുവാ,,, ”
അത്രയും പറഞ്ഞ് അവൻ അമ്മയുടെയും, ദേവിയുടെയും മുഖത്തേക്ക് നോക്കി.
ആരെതിർത്താലും പോകും എന്ന് മനസ്സിൽ ഉറപ്പിച്ചു തന്നെയാണ് അവൻ അവരോട് പറഞ്ഞത്.
” അച്ചൂ,,,
വേണ്ട, തീർന്നതൊന്നും ഇനി തുടങ്ങേണ്ട മോനേ,,, ”
” അമ്മേ ഇനിയും ഇവിടെ നിന്നാൽ എന്റെ അച്ഛനും, അമ്മയും എനിക്ക് മാപ്പ് തരില്ല. ഈ തീരുമാനം ഞാൻ എടുത്തിട്ട് കുറച്ച് ദിവസമായി. അതിന് വേണ്ടി ഞാൻ അങ്ങോട്ട് ട്രാൻസ്ഫർ വെച്ചിരുന്നു.
ഇന്നാണ് ശെരിയായത്. അങ്ങോട്ട് തന്നെ കിട്ടി. അതാ ഞാൻ പറഞ്ഞത് എന്റെ അച്ഛനും, അമ്മയും ആഗ്രഹിക്കുന്നത് ഞാൻ അങ്ങോട്ട് ചെല്ലണമെന്നാ. ഇനി ആരും എതിര് പറയരുത്.
” ഇല്ലാ അച്ചുവേട്ടാ, ആരും പറയില്ല. അച്ചുവേട്ടൻ അവിടെ ചെല്ലണം അത് അച്ചുവേട്ടന്റെ കടമയാണ്. ”
ദേവിയിൽ നിന്നും അങ്ങനെയൊന്ന് ആരും പ്രതീക്ഷിച്ചില്ല.
” പക്ഷേ ഒരു കാര്യം,
പോകുമ്പോൾ ഞങ്ങളെല്ലാവരും കൂടെയുണ്ടാകും. അച്ചുവേട്ടനെ ഒറ്റക്ക് ആ ദുഷ്ടകൂട്ടങ്ങളുടെ ഇടയിലേക്ക് വിടില്ല. ”
അത്രയും പറഞ്ഞ് അവള് മുറിയിലേക്ക് കയറി പോയി.
” അതേ ഏട്ടാ ഞങ്ങളെല്ലാവരും ഉണ്ടാകും,, ”
ഭാമയും അവളുടെ തീരുമാനം അറിയിച്ചു.
” മോനേ,,,
അവള് സമ്മതിച്ചത് ഉള്ളിൽ ഭയമില്ലാഞ്ഞിട്ടല്ല. അച്ഛന്റെയും, അമ്മയുടെയും ഒക്കെ വില അവൾക്കറിയാം അതുകൊണ്ടാ . ”
” എനിക്കറിയാം അമ്മേ,,,
പക്ഷേ,,, ”
” ഇപ്പോൾ നീ അവളുടെ അടുത്തേക്ക് ചെല്ല്… ”
അർജുൻ മുറിയിലേക്ക് ചെല്ലുമ്പോൾ ദേവി ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. അവൻ ചെന്ന് അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് പിടിച്ചു.
” എന്റെ മനസ്സ് ഈ ഭൂമിയിൽ മനസ്സിലാകുന്നത് നിനക്ക് മാത്രമാണ് ”
” എന്റെ അച്ചുവേട്ടൻ ഈ നോവും മനസ്സിലിട്ട് ഉരുകുന്നത് ഞാൻ എന്നെ മനസ്സിലാക്കിയതാ. അന്നേ തീരുമാനിച്ചതാ എന്നെങ്കിലും അച്ചുവേട്ടൻ പോയാൽ ആ കൂടെ ഞാനും ഉണ്ടാകും എന്ന്.
എന്തെങ്കിലും അരുതാത്തത് സംഭവിച്ചാലും കൂടെ ഞാനും ഉണ്ടാകും. ഇപ്പോൾ എന്നിലുള്ള ശ്വാസം പോലും അച്ചുവേട്ടന് വേണ്ടിയാണ്. ”
അത്രയും പറഞ്ഞതും അവൾ കരഞ്ഞു പോയി.
അവളുടെ കണ്ണ് നീര് അവന്റെ കയ്യിൽ പതിച്ചതും അവൻ അവളെ കുറച്ച് കൂടി ചേർത്ത് പിടിച്ചു.
അവളുടെ കാതോരം ചെന്ന് ദേവീ എന്നാർദ്രമായി വിളിച്ചു.
ആ സമയം അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ തോന്നി അവൾക്ക്.
പെട്ടെന്ന് അവൾ അവനെ തള്ളി കട്ടിലിലേക്കിട്ടു.
” അതേ കള്ളപോലീസേ,,,
അവിടെ കിടക്ക്,,,.”
” ദേവിക്കുട്ടി,,,
ഇങ്ങ് വന്നേടി ഒരു കാര്യം പറയട്ടെ ”
കട്ടിലിൽ എഴുന്നേറ്റിരുന്ന് ഒരു കള്ളച്ചിരിയോടെ അവൻ അവളോട് പറഞ്ഞു.
” വേണ്ട അവിടെ ഇരുന്ന് പറഞ്ഞാൽ മതി.. ”
” ഞാനൊന്നും ചെയ്യൂല്ല,,, ഇങ്ങ് വാ,,
ഒരത്യാവശ്യ കാര്യം പറയാനാ.. ”
ഒന്ന് പതിയെ ചിന്തിച്ച് നിന്ന ശേഷം അവള് അവന്റെ അടുത്തേക്ക് നടന്നു.
” ഇവിടെ വാടി കാന്താരി,,, ”
അതും പറഞ്ഞവൻ അവളെ പിടിച്ച് അടുത്തിരുത്തി.
” അതേ,,,
നാളത്തെ കഴിഞ്ഞ് നമുക്കിവിടുന്ന് പോകണം. എനിക്ക് അടുത്തയാഴ്ച ജോയിൻ ചെയ്യണം എന്നാ വന്നിരിക്കുന്നെ.”
” അയ്യോ അപ്പോൾ ഇനി അധികം സമയമില്ലല്ലോ. ”
” അവിടെ ചെന്ന് കഴിഞ്ഞുള്ള കാര്യമൊക്കെ ശെരിയാക്കിയിട്ടുണ്ട് . ”
” ഓ,,,
അപ്പോൾ എല്ലാം കഴിഞ്ഞാണ് പറയുന്നത്. ”
അത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും കിറി കോട്ടി അവളവനെ നോക്കി.
” നീ സമ്മതിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. പിന്നെ നീ സമ്മതിച്ചാൽ പിന്നെ അമ്മക്ക് ആ കാര്യത്തിൽ അപ്പീലില്ലല്ലോ. അതുകൊണ്ടാ. ”
” ഹ്മ്മ്,….
എങ്കിലേ ഞാനങ്ങോട്ട് ചെല്ലട്ടെ,,,
എല്ലാം ഇപ്പോഴേ ചെയ്ത് തുടങ്ങിയാലേ തീരത്തൊള്ളൂ.
അങ്ങനെ ഇപ്പോൾ പോകണ്ടന്നും പറഞ്ഞ് അവൻ കയ്യെത്തി പിടിക്കാനാഞ്ഞതും അവള് ഓടി വാതിൽക്കൽ ചെന്ന് നിന്നു. അവിടെ നിന്ന് അവനെ നോക്കിയൊന്ന് കളിയാക്കി അവൾ താഴേക്കോടി.
💟💟💟💟💟💟💟💟💟
പിറ്റേന്ന് തന്നെ ദേവിയും,,, ഭാമയും ജോലി റിസൈൻ ചെയ്തു.
💟💟💟💟💟💟💟💟💟
” അമ്മേ,,, ഇനി ഒന്നും ഇല്ലല്ലോ,,, എല്ലാം എടുത്ത് വെച്ച് കഴിഞ്ഞല്ലോ ”
” ഇനി നാളെ നമ്മള് പോവുകയേ വേണ്ടൂ. അതുകൊണ്ട് മോള് പോയി കിടന്നോ ”
അവള് മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കിടന്ന് നെറ്റിമേൽ കൈ വെച്ച് എന്തോ ആലോചിച്ച് കിടക്കുകയായിരുന്നു അർജുൻ.
” എന്താ അച്ചുവേട്ടാ, ഭയങ്കര ആലോചന”
” അതോ,,,
അമ്മയുടെ പിറകേ ഓടുന്ന ഒരു കുഞ്ഞിചെറുക്കനെ അവന്റെ അച്ഛൻ പിറകിലൂടെ വന്ന് പൊക്കിയെടുക്കുന്നതും, തോളിൽ കയറ്റി ഇരുത്തുന്നതും, ഒക്കെ ആലോചിച്ച് കിടക്കുകയായിരുന്നു. ”
പെട്ടെന്ന് എന്തോ ഓർത്തെന്ന പോൽ അവള് അവന്റെ അടുത്തായി ഇരുന്നു.
അവളറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അതിലൊരു തുള്ളി അവന്റെ നെഞ്ചിൽ പതിച്ചതും, അവൻ അവളുടെ തലയിൽ പതിയെ തലോടി.
” ദേവീ,
കരയണ്ടടോ,,, എനിക്കറിയാം നീ പുറമേ ചിരിച്ചാലും നാട്ടിലേക്ക് പോകുന്നതിന്റെ ടെൻഷൻ ഉണ്ടെന്ന്. നമുക്ക് പോകാം നീ ജനിച്ചു വളർന്ന തറവാട്ടിലേക്ക് ”
അത് കേട്ടതും അവൾ തലയുയർത്തി അവനെ നോക്കി.
” പേടിക്കണ്ട,
അന്ന് തെറ്റിദ്ധരിക്കപ്പെട്ട് ആരോരുമില്ലാത്തവളെ പോലെ നാടും വീടും വിട്ട വെറും ദേവിയല്ല നീയിപ്പോൾ,
അസിസ്റ്റന്റ് കമ്മീഷ്ണർ അർജുൻ മഹേശ്വറിന്റെ ഭാര്യയാണ്. ”
” എങ്കിലും,
എനിക്കവരെയൊക്കെ നോക്കാൻ എവിടെയോ ഒരു ഭയം പോലെ.
” ദേവീ,
നീ തെറ്റ് ചെയ്യാത്തിടത്തോളം ഒന്നിനെയും നീ ഭയപ്പെടേണ്ട. പിന്നെ ഇപ്പോൾ അവരെല്ലാം മനസ്സിലാക്കിയിട്ടുണ്ടാകും. നിന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാവും. ”
” അങ്ങനെ ആകണമെ എന്നാ എന്റെ പ്രാർത്ഥന “.
” അച്ഛനെയും, മകളെയും തമ്മിൽ കൂട്ടിമുട്ടിക്കും ഞാൻ. നീ നോക്കിക്കോ .
എന്നിട്ട് വേണം,,, ”
ഒരു കള്ളച്ചിരിയോടെ അവൻ അവളെയൊന്ന് നോക്കി.
” ഇതിനെക്കൊണ്ട് ഞാൻ തോറ്റു. ഒന്ന് പോ അച്ചുവേട്ടാ ”
” ഹാ ഞാൻ കാര്യമായിട്ട് പറഞ്ഞതാടി”
” അതേ,,, കാര്യമൊക്കെ ഇനി നാളെ. ഇപ്പോൾ കിടന്നോ,,,
” ദേവീ,
നീ ഒട്ടും റൊമാന്റിക് അല്ല കേട്ടോ ”
” അതേ,,.
എനിക്ക് നല്ല ഉറക്കം വരുന്നു.
അതുകൊണ്ട് സാറിപ്പോൾ കിടന്നുറങ്ങിയാട്ടെ. ”
” ഇതിന് നീ വലിയ വില കൊടുക്കേണ്ടി വരും. വലിയ വില. ”
” അതേ,,,
പാതിരാക്കിരുന്ന് പരസ്യം പറയാതെ കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ ”
” അപ്പോൾ ഇന്നിത് നമ്മുടെ ഇവിടുത്തെ അവസാനത്തെ ദിവസമാണ്. ”
” ആ അതേ, അതിനിപ്പോൾ എന്താ ”
” ഓ ഒന്നുവില്ലായെ,,,
ഇതിനെ ഒക്കെ സ്നേഹിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതി. ”
അത്രയും പറഞ്ഞവൻ കണ്ണടച്ച് കിടന്നു.
കുറച്ച് സമയം അവളെ നോക്കി. അവള് അവന്റെ കവിളിൽ ഒന്ന് പതിയെ തലോടി.
പിന്നെ ആ കവിളിൽ ഒരു ഉമ്മ കൊടുത്ത് വേഗം തിരിഞ്ഞ് കിടന്നു.
അത് പ്രതീക്ഷിച്ചിരുന്നത് കൊണ്ട് അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
തുടരും,,,,,,