രചന – അരുന്ധതി
മുകളിലേക്ക് ചെന്ന്,
ദേവി പതിയെ വാതില് തുറന്നു.
നോക്കുമ്പോൾ മുറി മുഴുവൻ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അർജുൻ കട്ടിലിൽ ഇരിക്കുന്നു. അവള് മുറിയിലേക്ക് കയറി വാതിലടച്ചു. പതിയെ നടന്ന് അർജുന് അരികിലെത്തി.
അവൻ അവളെ അരികിലായി ഇരുത്തി.
രണ്ടാളും മുഖത്തേക്ക് നോക്കാതെ കുറച്ച് സമയം അങ്ങനെ തന്നെ ഇരുന്നു.
” ഭഗവാനെ,,,
ഞാൻ പറയുന്നത് ശെരിയാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെക്കൊണ്ട് കഴിയില്ല അതുകൊണ്ടാ. എന്റെ മനസ്സ് മനസ്സിലാക്കാൻ മറ്റാരേക്കാളും എന്റെ അച്ചുവേട്ടന് സാധിക്കും. പറയാനുള്ള ശക്തി എനിക്ക് തരണേ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് അവള് പതിയെ അർജുന്റെ മുഖത്തേക്ക് നോക്കി.
” എന്താ നിനക്കെന്നോട് എന്തെങ്കിലും പറയാനുണ്ടോ? ”
ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം അവളുടെ മനസ്സിന് ശക്തി കൊടുത്തു.
” അത്,,,,
അച്ചുവേട്ടാ,,, എങ്ങനെയാ പറയേണ്ടത് എന്നെനിക്കറിയില്ല. ”
” നീ എന്താണ് പറയാൻ വരുന്നതെന്ന് എനിക്കറിയാം.
നീ ഇപ്പോൾ അനുഭവിക്കുന്ന മാനസ്സിക സംഘർഷം ആരെക്കാളും നന്നായി എനിക്ക് മനസ്സിലാകും. ”
അവന്റെ വാക്കുകൾക്ക് കാതോർത്ത് അവനിലേക്ക് അവള് തന്നെ ശ്രദ്ധി ചെലുത്തി.
” നിന്റെ അച്ഛൻ നേരിട്ട് ഈ ബന്ധത്തെ അംഗീകരിച്ച്, നിന്നെ എനിക്ക് തരുന്നത് വരെ എല്ലാ അർത്ഥത്തിലും നമ്മള് ഭാര്യ, ഭർത്താക്കന്മാരായിരിക്കില്ല. ഞാൻ അതിന് നിന്നെ നിർബന്ധിക്കുകയുമില്ല. നേരിട്ടറിയില്ലെങ്കിലും ഇപ്പോൾ എന്റെ കൂടി അച്ഛനാണ് അദ്ദേഹം. ആ അച്ഛനോട് ചില കടമകളൊക്കെ എനിക്കും ഉണ്ട് . അതിൽ പെട്ട ഒന്നാണ് ഇതും. ഒരച്ഛൻ മകളെ വളർത്തി വലുതാക്കുമ്പോൾ കാണുന്ന കുറച്ച് സ്വപ്‌നങ്ങളില്ലേ അതിൽ പെടുന്നതാണ് അവളുടെ വിവാഹം കുടുംബജീവിതം ഒക്കെ.
ഞാൻ ചെയ്യുന്നത് ശെരിയോ, തെറ്റോ, മറ്റുള്ളവർക്ക് ഇത് മനസ്സിലാകുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഇതാണ് എന്റെ തീരുമാനം.”
അത്രയും കേട്ട് കഴിഞ്ഞതും അവളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് വന്നു.
അവളുടെ മുഖം തന്റെ കൈക്കുമ്പിളിൽ കോരിയെടുത്ത് അവൻ ആ മുഖത്തേക്ക് തന്നെ നോക്കി.
” ദേവി,,,
നീയെന്തിനാ ഇപ്പോൾ കരയുന്നതെന്ന് എനിക്കറിയാം. ”
” അച്ചുവേട്ടാ,,,
ഈ ലോകത്ത് എന്റെ മനസ്സ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്റെ അച്ഛന് മാത്രമാണെന്നാണ് ഞാൻ കരുതിയിരുന്നത്. അച്ചുവേട്ടനെ മനസ്സിലാക്കും മുൻപ് വരെയും എന്റെ ചിന്ത അത് തന്നെ ആയിരുന്നു.
ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഇങ്ങനെയുള്ള, എല്ലാം പറയാതെ തന്നെ മനസ്സിലാക്കുന്ന ഒരു നല്ല പാതിയെ ആണ്. അത് മനസ്സിലായിട്ടും ഞാൻ എത്ര മാത്രം വിഷമിപ്പിച്ചു ”
അത്രയും പറഞ്ഞതും അവൻ അവളുടെ വായ പൊത്തി.
” വേണ്ട,
ഇനി നീ എന്നെ വിഷമിപ്പിച്ച കാര്യം പറയണ്ട. അന്ന് നീ എന്തിനാ അങ്ങനെയൊക്കെ ചെയ്തതെന്ന് എനിക്കറിയാം. അതുകൊണ്ട് ഇനി നീ ആ കാര്യം ഓർത്ത് വിഷമിക്കണ്ട. ”
എല്ലാം കേട്ട് കഴിഞ്ഞതും അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അവന്റെ നെഞ്ചിൽ നനവ് കൂടുംതോറും അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.
എത്ര സമയം അവര് അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല.
പിറ്റേന്ന്,
രാവിലെ അവൻ ഉണരും മുൻപ് തന്നെ അവള് കുളി കഴിഞ്ഞ് താഴെ എത്തിയിരുന്നു. പൂജാമുറിയിൽ കയറി വിളക്ക് വെച്ച ശേഷം അവള് നേരെ അടുക്കളയിലേക്ക് ചെന്നു. അപ്പോഴേക്കും ദേവകിയമ്മയും എത്തി.
” ആഹാ മോള് രാവിലെ എഴുന്നേറ്റോ? ”
“ഉവ്വമ്മേ,
വിളക്ക് വെച്ച് വന്നതേ ഉള്ളു.”
” ദാ അമ്മേ ചായ…. ”
” മോള് ഇത് അവന് കൊണ്ട് പോയി കൊടുക്ക്. അവനിപ്പോൾ കുളി കഴിഞ്ഞ് കാണും “.
“ശെരി അമ്മേ ”
ചായയുമായി മുകളിലേക്ക് ചെന്ന് വാതിൽ തുറന്നതും അർജുൻ കുളി കഴിഞ്ഞ് മുടി മാടി ഒതുക്കുന്ന തിരക്കിലായിരുന്നു.
” അച്ചുവേട്ടാ,,,
ചായ….. ”
അവളുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അർജുന്റെ ചുവടുകൾ അവൻ പോലും അറിയാതെ അവളുടെ അടുത്തേക്കടുത്തു.
കുളി കഴിഞ്ഞ് മുടി തോർത്ത് കൊണ്ട് കെട്ടി, സിന്ദൂരരേഖയിൽ കുങ്കുമം ചാർത്തി, താൻ കെട്ടിയ ആലിലതാലിയുമായി അവന്റെ മുൻപിൽ നിൽക്കുന്ന ദേവിയിൽ നിന്ന് മിഴിയകറ്റാതെ അവളെ തന്നെ നോക്കി നിന്നു. അവളുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന താലി കയ്യിലെടുത്ത് അവൻ അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം അവളിൽ നിന്നും അകന്ന് കട്ടിലിൽ വന്നിരുന്നു.
” ടി ഭാര്യേ,,,,
വാ ഇവിടെ വന്നിരിക്ക്… ”
അവള്,,, അവന്റെ അടുത്ത് വന്നിരുന്ന് അവന് നേരെ ചായ നീട്ടി.
” ദാ ചായ,,,
കുടിക്ക് അല്ലെങ്കിൽ ചൂടാറും… ”
” ദേവി,,,
നമുക്ക് പുറത്ത് പോവാം ഇന്ന്. ”
ചായ കുടിച്ചു കൊണ്ട് അവൻ അവളോട് പറഞ്ഞു.
” അപ്പോൾ ഡ്യൂട്ടിക്ക് പോവണ്ടേ? ”
” ഇല്ലാ ഇന്നത്തേക്ക് ലീവെടുത്തു. ”
” എങ്കിൽ നമുക്കെല്ലാവർക്കും കൂടി പോകാം. ”
അതും പറഞ്ഞ് അവനെ നോക്കുമ്പോൾ അവൻ അവളെ തന്നെ നോക്കി ചിരിക്കുന്നുണ്ട്.
” ഇതാണ് എന്റെ ദേവി.
നിനക്കൊരിക്കലും മാറാനാവില്ല.
നീയെന്നും നീ തന്നെയാണ്. നിന്റെ അടുത്ത് നിന്നും ഈ ഉത്തരം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചത്. ”
” അച്ചുവേട്ടാ,,,
കഴുത്തിൽ ഈ താലിയും, നെറുകയിൽ ഈ കുങ്കുമവും വന്നു എന്നല്ലാതെ എനിക്കെന്ത് വ്യത്യാസം വരാനാണ്. ”
അവൾ പറഞ്ഞ് തീരുമ്പോഴേക്കും അവന്റെ കൈ അവളുടെ കയ്യുമായി കൂടി ചേർന്നിരുന്നു.
” അതേ ലീവ് ഒരാഴ്ച ആക്കിയാലോ?
എന്താ നിന്റെ അഭിപ്രായം? ”
അവൻ നോക്കുമ്പോൾ തന്നെ നോക്കി ചിരിക്കുകയാണ് ദേവി.
” ഭാമ കേൾക്കണ്ട ഇപ്പോൾ തന്നെ കളിയാക്കി കൊല്ലും ”
എന്നും പറഞ്ഞ് അവൻ കുടിച്ച ചായ ഗ്ലാസ്സും വാങ്ങി ചിരിച്ചു കൊണ്ട് അവളെഴുന്നേറ്റു.
” ഏട്ടാ,,,,
ഏട്ടാ,,, ഒന്നിങ്ങു വന്നേ…. ”
താഴെ നിന്ന് ഭാമ മുകളിലേക്ക് വിളിച്ച് കൂവി.
” നിൽക്ക് ഞാനും വരുന്നു. അല്ലെങ്കിൽ പിന്നെ,എന്താകുമെന്ന് ഞാൻ പറയണ്ടല്ലോ ”
” ഹാ നോക്കിക്കേ അമ്മേ, എന്താ ഒരു ജോഡി…. ”
താഴേക്ക് ഇറങ്ങി വരുന്ന അവരെ നോക്കി ഭാമ പറഞ്ഞു.
” അത് പിന്നെ ഞാനല്ലേ കൂടെ അത് കൊണ്ടാ ഇത്ര എടുപ്പ് തോന്നുന്നത്. ”
ഇറങ്ങി വരും വഴി ഭാമയെ നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.
” ഓ പിന്നെ എന്റെ മോള് കൂടെയുള്ളത് കൊണ്ടാ.. ”
ദേവകിയമ്മയും വിട്ടു കൊടുത്തില്ല.
” എല്ലാവരും നിർത്ത്,,,
ഞാനൊരു തമാശ പറഞ്ഞതാ. അല്ലെങ്കിൽ തന്നെ ഇതാണോ ജോഡി. ഹയ്യേ..
പാടത്ത് കോലമായിട്ട് കൊണ്ട് നിർത്താം രണ്ടിനെയും ”
അങ്ങനെ ഭാമ തന്നെ ഉത്തരം കണ്ടെത്തി കൊടുത്തു.
” ആട്ടെ, എന്റെ അളിയനെവിടെ?
ഇതുവരെ എഴുന്നേറ്റില്ലേ ”
” ദേ അളിയൻ, അളിയന് വേണ്ടി എന്തോ സ്പെഷ്യൽ ഉണ്ടാക്കുന്ന തിരക്കിലാ… ”
” അതെന്താടി നിനക്ക് അളിയൻ വിളിയിൽ ഒരാക്ക് പോലെ ”
” ആക്കലോ, ഞാനോ?
ഏയ് ഞാനങ്ങനെ ചെയ്യുവോ ഏട്ടാ ”
” മ്മ്മ്മ്മ് ”
അർജുൻ അവളെ നോക്കിയൊന്ന് ശെരിക്കും മൂളി.
” ദാ എല്ലാവരും വന്നോ റെഡി റെഡി ബ്രേക്ഫാസ്റ് റെഡി. ”
ഉണ്ടാക്കിയത് എന്താണെങ്കിലും അടിപൊളി ആയിരിക്കും എന്ന് ദേവിക്കും, ഭാമക്കും ഉറപ്പാണ്. കാരണം അവൻ ഫ്ലാറ്റിൽ വന്നാൽ പിന്നെ അവർക്ക് അടുക്കളയിലേക്ക് കയറണ്ട. അവൻ തന്നെയാവും പാചകം.
” വാ എല്ലാവരും വാ. കഴിക്കാം. ”
എല്ലാവരും വന്ന് ഭക്ഷണം കഴിക്കാനിരുന്നു
” എല്ലാവരും ഇരുന്നോ,,, ”
ദേവകിയമ്മ പറഞ്ഞ് തീർന്നതും ദേവിയൊഴിച്ച് എല്ലാവരും കയറി ഇരുന്നു.
” അമ്മേ,
അമ്മയും ഇരുന്നോ ഞാൻ വിളമ്പിതരാം. ”
” വേണ്ട മോളെ,, നിങ്ങളെല്ലാവരും ഇരുന്നോ ”
” അതുവേണ്ട,,, അമ്മയിരിക്ക് ”
അവര് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിനിടയിൽ,,
” ആരെങ്കിലും ഒന്നിരിക്ക്, മനുഷ്യന് വിശക്കുന്നു. ”
വിശന്നാൽ നീ നീയല്ലാതായി മാറും.
ഭാമയുടെ തലയിൽ ഒരു തട്ടും കൊടുത്ത് നവീൻ പറഞ്ഞതും, ചുണ്ട് കൂർപ്പിച്ച് ഭാമ അവനെ നോക്കി.
” നീയെന്നോ?
ആയിക്കോട്ടെടാ ….
അല്ലെങ്കിലും എനിക്കിപ്പോൾ ഒരു വിലയുമില്ലല്ലോ ”
കണ്ണ് തിരുമ്മി കരയാൻ നോക്കിയിട്ടും ഒരു തുള്ളി കണ്ണുനീര് പോലും വന്നില്ല.
കുറച്ച് സമയമായിട്ടും ആരുടേയും അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് ഇടം കണ്ണിട്ട് ഭാമ നോക്കി.
അപ്പോൾ തന്നെത്തന്നെ നോക്കിയിരിക്കുകയാണ് എല്ലാവരും.
” അതേ,,,
ഏറ്റില്ല.
അതുകൊണ്ട് ഒത്തിരി ആക്കി ചളമാക്കണ്ട.”
” ദേവീ നീ വിളമ്പ്,,, ”
എല്ലാവർക്കും വിളമ്പി കഴിഞ്ഞ് ഭാമക്ക് കൊടുക്കുന്നതിനിടയിൽ,
” അതേ നാത്തൂന്മാർക്ക് തരുമ്പോൾ കുറച്ചൊക്കെ ബഹുമാനത്തോടെ ചോദിച്ചിട്ടൊക്കെ വേണം തരാൻ. കേട്ടല്ലോ. ”
പറഞ്ഞ് കഴിഞ്ഞതും ഭാമ വലിയ ഗമയിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി. ഈ സമയം ഭാമയൊഴിച്ച് ബാക്കിയെല്ലാവരുടേയും കണ്ണ് തള്ളി ഇപ്പോൾ താഴെ വീഴാൻ പാകത്തിനായി.
എല്ലാവരും കഴിച്ച് കഴിഞ്ഞ് ഹാളിൽ സംസാരിച്ചിരിക്കുബോൾ,
” അതേ,, നമുക്കെല്ലാവർക്കും കൂടി ഇന്നൊന്ന് കറങ്ങാൻ പോകാം. ”
അർജുൻ പറഞ്ഞ് കഴിഞ്ഞതും, ഭാമയുടെയും, നവീന്റെയും മുഖത്ത് അഞ്ഞൂറിന്റെ ബൾബ് കത്തിയ പ്രകാശമായിരുന്നു. കാരണം, കുറേ നാളായി എല്ലാവരും കൂടി സന്തോഷത്തോടെ പുറത്തൊക്കെ പോയിട്ട്.
” പോകാം,,,”
രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു.
” എങ്കിൽ നാത്തൂനേ വാ പോയി ഒരുങ്ങാം. ”
ഭാമയെ കളിയാക്കി നവീൻ പറഞ്ഞു.
” ശെരി അളിയാ,,
വാ ഒരുങ്ങാം ”
അവളും വിട്ട് കൊടുത്തില്ല.
” എങ്കിൽ നാത്തൂൻ നടന്നോളൂ,, ”
” നാത്തൂൻ നടന്നു എന്ന് തന്നെ വിചാരിച്ച് അളിയൻ നടന്നോളൂ,, ”
” അളിയൻ നടന്ന് ഒരുങ്ങാൻ തുടങ്ങി എന്ന് വിചാരിച്ച് നാത്തൂൻ നടന്നോളൂ ”
” ഓ,,,
നിർത്തുന്നുണ്ടോ രണ്ടെണ്ണവും ഒരളിയനും, നാത്തൂനും,,, ”
ഇനി നിന്നാൽ ശെരിയാവില്ല എന്ന് മനസ്സിലായത് കൊണ്ട് രണ്ടെണ്ണവും മുകളിലേക്ക് പോയി.
പെട്ടെന്ന് തന്നെ എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി.
💟💟💟💞💟💟💟
” മുൻപ് വന്നിട്ടുണ്ടെങ്കിലും ഈ വരവിന് ഒരു പ്രത്യേകതയുണ്ട് അല്ലേ അച്ചുവേട്ടാ… ”
കൈ കോർത്ത് പിടിച്ച് നടക്കുന്നതിനിടയിൽ ദേവി അർജുനോട് പറഞ്ഞു.
” ഇങ്ങനെയൊന്ന് ഞാൻ എന്ത് മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നോ ”
” അതേ,,,
രണ്ടാളും ഒന്നിങ്ങു ശ്രദ്ധിച്ചേ,,,
കാര്യം കല്യാണം കഴിഞ്ഞതൊക്കെയാ പക്ഷേ ഞങ്ങള് രണ്ട് സിംഗിൾ പസിങ്കകൾ ഇവിടെ ഉണ്ട്. ആ ഓർമ്മ രണ്ടിനും വേണം. ”
ഭാമ പറഞ്ഞ് കഴിഞ്ഞതും, അവര് രണ്ടാളും കൂടി വന്ന് അവളുടെ രണ്ട് വശവും നിന്ന് അവളുടെ കയ്യിൽ പിടിച്ചു.
” ഏട്ടന്റെ കാന്താരി അത്‌കൊണ്ട് ഇനിയിപ്പോൾ സിംഗിൾ പസിങ്ക മാറ്റണ്ട. ”
അങ്ങനെ സംസാരിച്ചു നിൽക്കുമ്പോഴാണ് ദേവകിയമ്മയും, നവീനും ഭക്ഷണമൊക്കെ ആയി വന്നത്. ഭക്ഷണം കണ്ടതും പിന്നെ ഒന്നും നോക്കാതെ ഭാമ ഒറ്റ ഓട്ടത്തിന് അവരുടെ അടുത്തെത്തി.
അത് കണ്ട് ദേവിയും, അർജുനും ചിരിയോടെ അവർക്കടുത്തേക്ക് നടന്നു.
പെട്ടെന്ന്,,,
” ഹലോ, അർജുൻ മഹേശ്വർ,,,, ”
ആരോ വിളിക്കുന്നത് കേട്ട് അർജുൻ തിരിഞ്ഞ് നോക്കുമ്പോൾ,,
” ശേഖർ,,, ”
അവനെ കണ്ടതും, അർജുൻ ദേവിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. മുന്പോട്ട് നടന്നു.
” എന്താടാ നീ ഒരു പരിചയവുമില്ലാത്ത പോലെ പോകുന്നെ? ”
” അച്ചുവേട്ടാ,, എന്താ ഇത് ഒരാള് സംസാരിക്കുമ്പോൾ ഇങ്ങനെയാണോ പെരുമാറുന്നത്? ”
” അച്ചുവേട്ടൻ,,,
ആഹാ കൊള്ളാല്ലോ.
നീ ഇവളെ അങ്ങ് കെട്ടിയല്ലേ.
ടാ, ഒന്ന് കെട്ടിയാലും എനിക്ക് പ്രശ്നമല്ല കേട്ടോ. നിനക്ക് മടുത്തെങ്കിൽ എന്നോട് പറഞ്ഞാൽ മതി. ഞാനെടുത്തോളാം. ”
അത്രയും കേട്ടതും, അർജുൻ ദേഷ്യം നിയന്ത്രിക്കാനാവാതെ മുഷ്ടി ചുരുട്ടികൊണ്ടിരുന്നു. അത് മനസ്സിലായത് കൊണ്ട് ദേവി അവന്റെ കയ്യിൽ മുറുക്കി പിടിച്ചു.
” അല്ലടാ,
വേണ്ടന്ന് തോന്നിയാൽ പുറത്ത് കൊടുക്കണ്ട. ഞാനെടുത്തോളാം…”
അത് കൂടി ആയപ്പോൾ അർജുന് നിയന്ത്രിക്കാനാവുന്നതിലും അപ്പുറമായി അവന്റെ ദേഷ്യം . അവൻ ശേഖറിന് നേരെ ചെന്നു. ദേവി അവന്റെ കയ്യിൽ പിടിച്ചിട്ടും അത് തട്ടി മാറ്റി അവൻ ഒറ്റ തൊഴിക്ക് ശേഖറിനെ താഴെ ഇട്ടു.
നിലത്തു നിന്നും എഴുന്നേറ്റ് വന്ന ശേഖറിനെ വീണ്ടും അടിക്കാനാഞ്ഞു. പെട്ടെന്ന് നവീൻ വന്ന് പിടിച്ചു മാറ്റി.
” വേണ്ട അളിയാ വിട്ടേക്ക്,,,, ”
” ശേഖർ,,,
ഞാനിപ്പോൾ നിന്നെ ഒന്നും ചെയ്യാത്തത് നിന്നെ പേടിച്ചിട്ടല്ല. കവല ചട്ടമ്പികളെ പോലെ പൊതുസ്ഥലത്ത് നിന്ന് തല്ല് കൂടി എന്തിനാണ് നല്ലൊരു പ്രഫഷനെ കളങ്കപ്പെടുത്തുന്നത് എന്നോർത്തിട്ടാ…
പക്ഷേ ഇനിയും എന്റെ പെണ്ണിനെ കുറിച്ചൊരു അനാവശ്യ വാക്ക് നിന്റെ വായിൽ നിന്ന് വീണാൽ. ഞാനെല്ലാം അങ്ങ് മറക്കും. എനിക്കിവളെക്കാൾ വലുതല്ല അതൊന്നും .
പിന്നെ, ഞാൻ താലി കെട്ടി ഇവളെ കൂടെ കൂട്ടിയത് എപ്പോഴും കൂടെയുണ്ടാവാൻ വേണ്ടിയാ. അതുകൊണ്ട് നീ ഇനി ഇമ്മാതിരി വർത്തമാനവും കൊണ്ട് എന്റെ മുൻപിലെങ്ങാനും വന്നാൽ….. നിനക്കറിയാല്ലോ ഈ അർജുൻ വെറും വാക്ക് പറയില്ലെന്ന്. ”
അത്രയും പറഞ്ഞ് അവൻ ദേവിയുടെ കൈ മുറുക്കെ പിടിച്ച് കാറിനടുത്തേക്ക് നടന്നു.
തിരിച്ചു വരുമ്പോൾ ആരും ഒന്നും സംസാരിച്ചില്ല. വീടെത്തിയതും ദേവി കരഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി.
” മോനേ,,,
ഇപ്പോൾ അവളുടെ അടുത്ത് നീ വേണം … ചെല്ല്,,,
ചെന്നവളെ സമാധാനിപ്പിക്ക് ”
അവൻ മുറിയിൽ ചെല്ലുമ്പോൾ കിടക്കയിൽ മുഖം അമർത്തി കരയുകയാണ് അവൾ. അവൻ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു.
” ദേവീ,,,
കരയാതെടോ,,,
എന്നോട് ക്ഷമിക്ക്,, ”
അത് കേട്ടതും അവള് എഴുന്നേറ്റ് അവന് നേരെ മുഖമുയർത്തി.
” അച്ചുവേട്ടൻ എന്തിനാ എന്നോട് ക്ഷമ ചോദിക്കുന്നെ?
അയാളല്ലേ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞത് ”
” എങ്കിലും ഞാൻ കാരണമല്ലേ അവൻ അങ്ങനെയെല്ലാം പറഞ്ഞത്.
നിനക്കെത്ര മാത്രം വിഷമമായി. ”
” എനിയ്ക്ക് വിഷമം വന്നില്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും.
പക്ഷേ, അച്ചുവേട്ടൻ അയാളോട് പറഞ്ഞ ഓരോ വാക്കുകളും ആ നോവിന്റെ അളവ് കുറച്ചു. കഷ്ടപ്പെട്ട് നേടിയ ജോലി പോലും വേണമെങ്കിൽ എനിക്ക് വേണ്ടി ഉപേക്ഷിക്കും എന്ന് പറഞ്ഞപ്പോൾ ”
അത്രയും പറഞ്ഞതും അവൾ അവനെ ഇറുക്കെ വലിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു.
തുടരും,,,,,

by