രചന – അരുന്ധതി
” അച്ഛാ,,,
ഇതാണ് എന്റെ ഏട്ടൻ,
പേര് അർജുൻ മഹേശ്വർ. ഇത് എന്റെ ഏട്ടന്റെ വളർത്തമ്മ ദേവകി ”
വിഷ്ണുവിന്റെ ആ വാക്കുകൾ കേട്ടതും ചലനമറ്റത് പോലെ നിന്ന് പോയി അയാള്…
” എന്ത് പറ്റി,,,
ഈ പേരറിയില്ല എന്നുണ്ടോ ഗംഗാധരൻ മുതലാളിക്ക്? ”
അർജുന്റെന്റെ ശബ്ദം കോവിലകത്ത് ശക്തിയിൽ മുഴങ്ങി.
” എല്ലാവരെയും ഓർമ്മയുണ്ട് ഏട്ടാ….
അല്ലെങ്കിൽ ഈ മുഖം ഇങ്ങനെ ഇരിക്കുവോ”
” അയ്യോ എന്റെ പൊന്ന് മോനേ നീ എവിടെ ആയിരുന്നു ഇത്ര നാളും. ഞങ്ങള് എന്ത് മാത്രം വിഷമിച്ചു എന്നറിയുമോ നിന്നെ കാണാതെ. നിന്റെ അപ്പച്ചി ആണെങ്കിൽ കുറച്ച് ദിവസം കരച്ചിൽ തന്നെ ആയിരുന്നു.
ഇവനാണെങ്കിൽ ഞങ്ങളെ പോലും വേണ്ടായിരുന്നു. നിന്നെ കാണാഞ് ഈ വീട് മുഴുവൻ ഏട്ടാ ഏട്ടാ വിളിച്ച് കരച്ചിലായിരുന്നു. ”
മുഖത്ത് ദുഃഖത്തിന്റെ ഭാവം മുഴുവൻ വാരി വിതറി ഇട്ട് അയാള് അവനടുത്തേക്ക് ചെന്നു.
” അതേ മോനേ,
എന്റെ ഏട്ടന്റെ മകനല്ലേ നീ.
എന്നോട് എത്ര സ്നേഹമായിരുന്നു ഏട്ടനെന്നറിയുവോ. ആ ഏട്ടന്റെ മകൻ ഇത്ര നാളും എവിടെയോ. എന്റെ ഈശ്വരാ എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ”
ഗംഗാധരന് പിറകേ രേവതിയും ദുഃഖത്തിന്റെ പര്യായമാകാൻ ശ്രമിച്ചു.
” അപ്പച്ചി പറഞ്ഞത് ശെരിയാ ഇവൻ എന്നെ ഓർത്ത് കരഞ്ഞു നടന്നിട്ടുണ്ടാവും കാരണം ഇവൻ എന്റെ അനിയനാ. നിങ്ങള് ജന്മം കൊടുത്തു എന്ന ഒരു കുഴപ്പമേ ഇവനുള്ളൂ.
പിന്നെ അപ്പച്ചി കരഞ്ഞ കാര്യവും ഏട്ടന്റെ സ്നേഹത്തെ കുറിച്ചും ഒക്കെ പറഞ്ഞത് കേട്ടപ്പോൾ മുഖത്തൊന്ന് തരണം എന്നാ ആദ്യം തോന്നിയത്. ഞാനത് ചെയ്യാത്തത് ഞാൻ ആ അച്ഛന്റെ മകനായത് കൊണ്ടാ.
സ്വന്തം ഏട്ടനാണ് എന്ന് പോലും നോക്കാതെ കൊല്ലാൻ കൂട്ട് നിന്നിട്ട്, അവരുടെ മകന്റെ ജീവൻ എടുക്കാൻ വരെ നോക്കിയിട്ട് നിന്ന് അഭിനയിക്കുന്നോ ”
അർജുന്റെ ഉള്ളിലെ ദേഷ്യം കാൺകെ അവർക്ക് എന്ത് ചെയ്യണം എന്നറിയാൻ വയ്യാത്ത അവസ്ഥയിലായി.
” അയ്യോ മോനേ നിന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാ. ഇവളാണോ ഈ ദേവകി.?”
” ഒന്ന് നിർത്തുന്നുണ്ടോ രണ്ടാളും,,
നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ കിടന്ന് അഭിനയിക്കാൻ. ദേവകി തെറ്റിധരിപ്പിച്ചു പോലും ”
വിഷ്ണുവിന്റെ സ്വരത്തിലെ മാറ്റം അവരിൽ ആശ്ചര്യമുണ്ടാക്കി.
അർജുൻ, ഈ സമയം കൈ കെട്ടി നിന്ന് അവന്റെ വാക്കുകൾക്ക് കാതോർക്കുകയായിരുന്നു.
” സ്വന്തം ഏട്ടനാണ്, ഏട്ടത്തിയാണ് എന്ന് പോലും നോക്കാതെ സ്വത്തിന് വേണ്ടി അവരെ കൊന്ന് കളഞ്ഞിട്ട് നിന്ന് നല്ലവരാകുന്നോ? അതും പോരാഞ്ഞ് സ്വന്തം മകനെ പോലെ കാണേണ്ട അവരുടെ കുഞ്ഞിനെ പോലും വെറുതെ വിടാതെ, ഒരു മനസാക്ഷിയുമില്ലാതെ കൊന്ന് കളയാൻ വരെ നിങ്ങള് തീരുമാനിച്ചില്ലേ? ഇത്ര മനസാക്ഷിയില്ലാത്ത നിങ്ങളുടെ മകനായി ജനിച്ചതോർത്തിട്ട് എനിക്ക് ഈ ജീവൻ പോലും അവസാനിപ്പിക്കാൻ തോന്നുവാ. അത്രക്ക് വെറുപ്പാണ് എനിക്ക് നിങ്ങളെ രണ്ടാളെയും. ”
അത്രയും അവൻ പറഞ്ഞവസാനിപ്പിച്ചു അപ്പോഴേക്കും രേവതി കരഞ്ഞു കൊണ്ട്?മോനേ എന്നും വിളിച്ച് അവന്റെ അടുത്തേക്ക് വന്നു.
” എന്നെ നിങ്ങള് തൊടരുത്,,,
അതെനിക്കിഷ്ടമല്ല. കുട്ടിക്കാലത്ത് ഏട്ടനെവിടെ എന്ന് ഞാൻ പലവട്ടം നിങ്ങളോട് ചോദിച്ചിട്ടുണ്ട്. ഓരോ തവണ ഏട്ടനെ ചോദിക്കുമ്പോഴും മിണ്ടാതിരിക്കാൻ പറഞ്ഞ് നിങ്ങള് എന്നെ അടിച്ചു. മുതിർന്നപ്പോഴും ഞാൻ തിരക്കി അപ്പോഴും മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ഒരിക്കൽ ചോദിച്ചപ്പോൾ നിങ്ങള് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്,
അവൻ എവിടെയോ പോയി ചത്തു തുലഞ്ഞു എന്ന്.
അന്ന് ഞാൻ എത്ര മാത്രം കരഞ്ഞു എന്ന് നിങ്ങൾക്കറിയില്ല.
പിന്നീട് നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെയാണ് എല്ലാം ഞാൻ മനസ്സിലാക്കിയത്. അന്നെന്റെ മനസ്സിൽ നിന്നും പടിയിറങ്ങിയതാണ് നിങ്ങൾ രണ്ടാളും . അന്നകന്നതാണ് ഞാൻ നിങ്ങളിൽ നിന്നും. പക്ഷേ എന്റെ അകൽച്ചയൊന്നും നിങ്ങൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. എല്ലാം സ്വന്തമാക്കാനുള്ള ഓട്ടം. അതിനിടയിൽ മകന്റെ മാറ്റമൊക്കെ എവിടെ കാണാനാ.
അപ്പോഴെല്ലാം എനിക്ക് കൂട്ട് എന്റെ ഏട്ടന്റെ ഓർമ്മകൾ മാത്രമായിരുന്നു. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ ഏട്ടൻ തന്നെ എന്നെ തേടി വന്നു .
എന്റെ ഏട്ടന് വേണ്ടിയാണ്, നിങ്ങളോട് സ്നേഹം ഞാൻ അഭിനയിച്ചത്. ഞാൻ എല്ലാം ഇത്ര നാളും നോക്കിയത്. അല്ലെങ്കിൽ എപ്പോഴേ നിങ്ങള് രണ്ടാളും ഇതെല്ലാം നശിപ്പിച്ചേനെ. ഇവിടെ ഉണ്ടായിരുന്നില്ല എങ്കിലും ഇതെല്ലാം ഇന്നും ഏട്ടന്റേതാണ്. എനിക്കൊന്നും വേണ്ട. ഏട്ടനെ എല്ലാം ഏൽപ്പിക്കാനാണ് ഇത്ര നാളും സത്യമറിഞ്ഞിട്ടും ഞാൻ നിങ്ങളുടെ ഒപ്പം നിന്നത്.
അതുകൊണ്ട് ഇന്ന് ഈ നിമിഷം രണ്ടാളും ഈ പടിയിറങ്ങണം. എനിക്ക് വെറുപ്പാണ് നിങ്ങളെ. ”
” മോനേ,,, വിച്ചൂ,, ”
രേവതി വീണ്ടും അവന്റെ അടുത്തേക്ക് വന്നു ”
” മാറി നിൽക്ക്,,,
എനിക്ക് നിങ്ങളെ വെറുപ്പാണെന്ന് പറഞ്ഞില്ലേ . ഈ വയറ്റിൽജനിച്ചു പോയല്ലോ എന്നോർത്താ എന്റെ സങ്കടം. നിങ്ങൾക്ക് തടസ്സമായാൽ എന്നെയും നിങ്ങള് കൊല്ലും. അത്രക്ക് ദുഷ്ട മനസ്സാ നിങ്ങൾക്ക്. അതുകൊണ്ട് ഇനിയൊരു നിമിഷം നിങ്ങള് ഇവിടെ നിന്ന് കൂടാ. ഇപ്പോൾ ഇറങ്ങണം ഇവിടെ നിന്ന്. ”
” മോനേ മതി,,,
ഇനി നീ എന്തെങ്കിലും പറയുന്നത് കേൾക്കാനുള്ള ത്രാണി എനിക്കില്ല. ”
തല കുനിച്ചു കൊണ്ട് ഗംഗാധരൻ പറഞ്ഞു.
” സ്വന്തം മകൻ ഇങ്ങനെ പറഞ്ഞപ്പോൾ താങ്ങാനാവുന്നില്ല അല്ലേ…
അവൻ ഇനി കണ്മുന്നിൽ ഉണ്ടാവില്ല എന്നോർത്തപ്പോൾ സഹിക്കുന്നില്ല അല്ലേ.
അപ്പോൾ എന്റെ പാവം അച്ഛൻ എത്ര മാത്രം വിഷമിച്ചു കാണും. ശരീരത്തിൽ നിന്നും അവസാന ശ്വാസം അകലുമ്പോഴും ആ മനസ്സ് നൊന്തത് എന്നെയോർത്താവില്ലേ….
ഈ ക്രൂരതകളെല്ലാം നിങ്ങള് ചെയ്തു കൂട്ടിയത് സ്വത്തിന് വേണ്ടിയല്ലേ,
എന്നിട്ടിപ്പോൾ എന്തായി, നിങ്ങള് ആർക്ക് വേണ്ടി ഒക്കെയും ചെയ്ത് കൂട്ടിയോ ആ ആള് തന്നെ എല്ലാം വേണ്ടാന്ന് പറഞ്ഞില്ലേ. ഇനി ഇതെല്ലാം മരിക്കുമ്പോൾ കൊണ്ട് പോകുവോ നിങ്ങള്? ”
അർജുന്റെ വാക്കുകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ളൂ.
” വേണ്ട ഏട്ടാ ഇവരോട് എന്തിനാ ഇതെല്ലാം പറയുന്നത്. ഇറക്കി വിട് ഇവരിവിടെ ഇനിയും നിന്നാൽ അമ്മാവന്റെയും, അമ്മായിയുടെയും ആത്മാവ് പോലും പൊറുക്കില്ല. ”
” മോനേ അച്ചൂ,,,
ക്ഷമിക്കാനാവുന്ന തെറ്റല്ല ചെയ്തത്. എല്ലാം ചെയ്തത് ഞങ്ങൾടെ മകന് വേണ്ടിയാണ്. പക്ഷെ അതേ കാരണം കൊണ്ട് തന്നെ ആ മകൻ ഞങ്ങളെ വെറുത്തു. ഞങ്ങളോട് ഇറങ്ങി പോകാൻ പറഞ്ഞു. അവന്റെ ജന്മത്തെ പോലും അവൻ ശപിച്ചു. അതുകൊണ്ട് ഇനി ഞങ്ങളിവിടെ നിൽക്കുന്നില്ല. പോകുവാണ്.
എല്ലാത്തിനും മാപ്പ് ”
അത്രയും പറഞ്ഞതും അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.
” വേണ്ട ഇളയച്ചാ,,,
നിങ്ങള് എവിടെയും പോകണ്ട. നിങ്ങള് ചെയ്തതിനുള്ള ശിക്ഷ നിങ്ങൾക്ക് കിട്ടി കഴിഞ്ഞു. ”
” പക്ഷേ ഏട്ടാ അത്,,, ”
അർജുന്റെ തീരുമാനത്തിനെ വിഷ്ണു എതിർക്കാനൊരുങ്ങി.
” വിച്ചൂ,,, ”
എതിർക്കാനൊരുങ്ങിയ വിഷ്ണുവിനെ അർജുൻ തടഞ്ഞു കൊണ്ട് വീണ്ടും പറയാൻ തുടങ്ങി.
“സ്വന്തം മകൻ അവന്റെ ജന്മത്തെ പോലും പഴിച്ച്, അത് നൽകിയവരെ വെറുപ്പാണ് എന്ന് പറഞ്ഞ നിമിഷം നിങ്ങളുടെ ഉള്ളിലെ അഹങ്കാരം നശിച്ചു .
നൊന്തു പെറ്റ ഒരമ്മക്കും സഹിക്കാനാവില്ല മകന്റെ നാവിൽ നിന്നും വീഴുന്ന ഇത്തരം വാക്കുകൾ. ഇതാണ് നിങ്ങൾക്കുള്ള ശിക്ഷ. അതുകൊണ്ട് ഈ അർജുൻ നിങ്ങൾക്ക് മാപ്പ് തരുന്നു .
കാരണം,
ചെയ്ത് കൂട്ടിയതിന് ഇപ്പോൾ നിങ്ങള് പശ്ചാത്തപിക്കുന്നുണ്ട്. ”
അവൻ അത്രയും പറഞ്ഞിട്ടും അവരുടെ മുഖം കുനിഞ്ഞു തന്നെ ഇരുന്നു.
” എനിക്ക് ഒട്ടും താല്പര്യമില്ല ഇവര് രണ്ടാളും ഇവിടെ താമസിക്കുന്നതിൽ. ”
അത്രയും പറഞ്ഞവൻ അകത്തേക്ക് കയറി പോയി.
അവനെ നോക്കിയ രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
” അപ്പച്ചീ പശ്ചാത്താപത്തെക്കാൾ വലുതായി ഒന്നുമില്ല. ”
രേവതിയുടെ അടുത്തേക്ക് ചെന്ന് അർജുൻ പറഞ്ഞു.
കുറച്ച് കഴിഞ്ഞതും, ,
അകത്ത് നിന്നും വിഷ്ണു നിലവിളക്കുമായി വന്നു.
” ദേവകിയമ്മ വന്ന് ഈ വിളക്ക് ഏട്ടത്തിക്ക് കൊടുക്ക്. അംബിക അമ്മായിയും ഇത് തന്നെയാവും ആഗ്രഹിക്കുന്നത്. ”
പറഞ്ഞ് തീർന്നതും അവൻ വിളക്ക് ദേവകിയമ്മയുടെ കൈകളിലേക്ക് കൊടുത്തു. ശേഷം അകത്ത് പോയി ആർത്തിയുമെടുത്ത് വന്നു.
മംഗലത്ത് തറവാട്ടിലേക്ക് നിലവിളക്കുമായി ദേവി അർജുനോടൊപ്പം കയറി. പൂജാമുറിയിൽ ചെന്ന് വിളക്ക് വെച്ച് പ്രാർത്ഥിച്ച് രണ്ടാളും പുറത്തേക്ക് വന്നു.
” ഏട്ടാ,,,
ഇനി വിഷമത്തിന്റെ കാലമൊക്കെ കഴിഞ്ഞു. പിന്നെ നിങ്ങളെ ഇനി ഞാൻ ഇവിടെ നിന്ന് വിടില്ല. ”
” അയ്യോ അത് പറ്റില്ലടാ,
ഞങ്ങള് വാടകക്ക് ഒരു വീടെടുത്തു എന്ന് ഞാൻ പറഞ്ഞതല്ലേ,”
” ഇത് ഏട്ടന്റെ വീടാ. ഇവിടെ നിന്ന് ഏട്ടൻ അല്ല പോകേണ്ടത് വേറെ ചിലരാ ”
ഒരു വശത്ത് മാറി നിൽക്കുന്ന ഗംഗാധരനെയും, രേവതിയെയും നോക്കിയാണ് വിഷ്ണു അത് പറഞ്ഞത്.
” വിച്ചൂ,,,
മതി. ഇനി ഈ കാര്യത്തെ കുറിച്ച് നീ ഒന്നും മിണ്ടരുത്. ”
അർജുൻ പറഞ്ഞ് തീർന്നതും വിഷ്ണു അവര് നിൽക്കുന്നിടത്തേക്കൊന്ന് നോക്കി ദേഷ്യത്തിൽ മുകളിലേക്ക് കയറി പോയി.
അവന്റെ ആ പോക്ക് കണ്ട രേവതിയുടെ മിഴികൾ അനുസരണയില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
” കരയണ്ട.
ചെയ്ത് കൂട്ടിയതിന്റെയാണ് എന്ന് കരുതി സമാധാനിക്ക്.
പിന്നെ, അവനെ നമുക്ക് മാറ്റിയെടുക്കാം. പക്ഷേ അതത്ര എളുപ്പമല്ല. കാരണം, അവന്റെ മനസ്സിനേറ്റ മുറിവ് അത്രയും വലുതാ. അത് മാറാൻ സമയമെടുക്കും. നിങ്ങളുടെ മാറ്റം അവന് മനസ്സിലാകണം
എങ്കിലേ അവന് നിങ്ങളോടുള്ള സമീപനത്തിൽ വ്യത്യാസം വരൂ. ”
അത്രയും പറഞ്ഞ് അർജുൻ മുകളിലേക്ക് കയറിപ്പോയി. ഒപ്പം ദേവിയും. കുറച്ച് കഴിഞ്ഞതും ഭാമയും മുകളിലേക്ക് പോകാനായി അമ്മയെ വിളിക്കാൻ നോക്കി. അപ്പോൾ അർജുന്റെ അച്ഛന്റെയും ., അമ്മയുടെയും ചിത്രത്തിലേക്ക് നോക്കി കരയുന്ന അമ്മയെയാണ് കണ്ടത്. പിന്നെ വിളിക്കാൻ തോന്നിയില്ല അവൾക്ക്.
അവള് നേരെ മുകളിലേക്ക് ഒറ്റക്ക് കയറിപ്പോയി.
” ദേവകി,,, ”
രേവതി അടുത്തേക്ക് ചെന്ന് വിളിച്ചു.
ദേവകിയമ്മ അവരെ ഒന്ന് നോക്കി പതിയെ ഒന്ന് ചിരിച്ചു
” ക്ഷമിക്കണം ദേവകി ഞങ്ങളോട്. തെറ്റ് ചെയ്ത് പോയി. ”
” സാരമില്ല….
ഇനിയെങ്കിലും ഒന്നോർക്കണം ജീവിതം എന്നാൽ അവിടെ സ്വത്തിനും, പണത്തിനുമൊന്നുമല്ല പ്രാധാന്യം.
പണത്തിനേക്കാൾ പ്രാധാന്യം ബന്ധങ്ങൾക്കുണ്ട്. ആകെയുള്ള ഒരു മകൻ പോലും തള്ളിപറഞ്ഞെങ്കിൽ, തന്റെ ജന്മത്തെയും ജന്മം തന്നവരെയും പഴിച്ചെങ്കിൽ ഓർക്കണം എത്ര വലിയ തെറ്റാണ് നിങ്ങൾ ചെയ്തു കൊണ്ടിരുന്നതെന്ന്. പിന്നെ ഞാൻ നിങ്ങളോട് ക്ഷമിച്ചു കഴിഞ്ഞു. കാരണം അർജുൻ പറഞ്ഞത് തന്നെ. പിന്നെ എന്റെ അംബിക ഇതെല്ലാം കാണുന്നുണ്ടെങ്കിൽ അവളും ആഗ്രഹിക്കുന്നത് ഇത് തന്നെയാവും. ”
പറഞ്ഞ് തീർത്ത് അംബികയുടെ ചിത്രത്തിലേക്ക് ഒന്ന് കൂടി നോക്കി ദേവകിയമ്മയും മുറിയിലേക്ക് പോയി.
💟💟💟💟💟
” രേവതി,,,
നീ കരയരുത്. നമ്മള് ചെയ്ത തെറ്റിന്റെ ശിക്ഷയാ ഇന്നീ അനുഭവിക്കുന്നത്. അത് നമ്മള് അനുഭവിച്ചു തന്നെ തീർക്കണം. ”
” നമ്മുടെ മകൻ നമ്മളെ എത്ര മാത്രം വെറുത്തിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. അവൻ പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ എന്റെ നെഞ്ച് പൊട്ടി പോകുന്നു ഗാംഗേട്ടാ. ”
പറഞ്ഞവസാനിച്ചതും രേവതി കരഞ്ഞു പോയി.
” അവന്റെ മനസ്സിലുള്ള വെറുപ്പ് എങ്ങനെയും മാറ്റണം. അതിന്, മനസ്സുകൊണ്ട് നമ്മൾ വർഷങ്ങൾക്ക് മുൻപ് നാടും, വീടും ഒന്നുമില്ലാതെ തേയില തോട്ടത്തിൽ ജോലി ചെയ്തിരുന്ന ആ പഴയ നമ്മളാവണം. പണത്തിനോട് ആർത്തിയില്ലാത്ത മനസ്സിൽ എല്ലാവരോടും സ്നേഹമുള്ള ആ പഴയ നമ്മൾ. ”
” അതേ,,,
അച്ചുവിനെ സ്നേഹിച്ച് എനിക്കെന്റെ ഏട്ടനോടും ഏട്ടത്തിയോടും പ്രായശ്ചിത്തം ചെയ്യണം. ”
🌹🌹🌹🌹🌹🌹🌹🌹
” ഹോ ഇത്ര വലിയ വീട്ടിൽ ഞാൻ ഏത് മുറിയാ ഇപ്പോൾ എടുക്കുന്നെ ”
ഭാമ ചിന്തിച്ച് , ചിന്തിച്ച് ഒരു മുറി തുറന്ന് അകത്തേക്ക് കയറി.
<<< എന്നാ വലിയ മുറിയാ,,,
കൊള്ളാം ഇതെടുക്കാം. >>>
ഇങ്ങനെയൊക്കെ മനസ്സിൽ പറഞ്ഞ് അവള് ആ മുറിയിലെ സാധനങ്ങളൊക്കെ നോക്കാൻ തുടങ്ങി. പെട്ടെന്നാണ് ബാൽക്കണിയിൽ നിന്ന് വിഷ്ണു അകത്തേക്ക് വന്നത്.
പെട്ടെന്ന് അവനെ കണ്ടതും അവളൊന്ന് ഞെട്ടി.
” താനാരാ,,,
കുറേ നേരമായല്ലോ ഇവിടെ കിടന്ന് കറങ്ങുന്നു. ആരോട് ചോദിച്ചിട്ടാ എന്റെ മുറിയിൽ കയറിയത്. എന്റെ മുറിയിൽ വഴിയേ പോകുന്നവരൊന്നും കയറുന്നത് എനിക്കിഷ്ടമല്ല. ”
ആ അവസാനത്തെ ഡയലോഗ് കൂടി കേട്ടതും ഭാമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പെട്ടന്ന്,
ശബ്ദം കേട്ട് അർജുൻ അങ്ങോട്ടേക്ക് വന്നു.
” എന്താ ഇവിടെ,
എന്തിനാ വിച്ചൂ നീ ഈ കിടന്ന് ഒച്ച വെക്കുന്നത് ”
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അർജുൻ മുറിയിൽ നിൽക്കുന്ന ഭാമയെ കണ്ടത്.
” നീ എന്താ ഭാമേ ഇവിടെ,,, ”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അനുസരണയില്ലാതെ ഒഴുകുന്ന മിഴികളെ തുടച്ചു കൊണ്ട് പുറത്തേക്ക് പോയി.
” വിച്ചൂ,,,,
എന്തുപറ്റി. അവളെന്തിനാ കരയുന്നെ. ”
” എന്റെ ഏട്ടാ,,,
ഏട്ടനല്ലേ പറഞ്ഞെ കഴുത്തിനു ചുറ്റും നാവാണ്. അങ്ങോട്ട് പറഞ്ഞാൽ തിരിച്ച് ഇരട്ടി പറയും. ഏട്ടന്റെ കാന്താരിയാണ് എന്നൊക്കെ. അതുകൊണ്ട് ഞാൻ ചെറുതായി ഒന്ന് ചൂടായതാ. ഏട്ടന്റെ കാന്താരിയുടെ നാവൊന്ന് നേരിട്ടറിയാൻ.
ഇപ്പോൾ എല്ലാം നശിപ്പിച്ച് ദേ കരഞ്ഞോണ്ട് പോകുന്നു. ”
” അതെന്തു പറ്റിയോ ആവോ,,,
ഞാൻ പോയി ചോദിക്കട്ടെ. ”
വിഷ്ണുവിനോട് പറഞ്ഞ് അർജുൻ ചെല്ലുമ്പോൾ പെട്ടിയുമെടുത്ത് ഇറങ്ങാൻ നിൽക്കുവാണ് ഭാമ.
” അച്ചുവേട്ടാ,
ദേ ഇവള് പോകുവാണെന്ന്. കാര്യമെന്താ എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല. ”
വേവലാതിയോടെ ദേവി അർജുനോട് പറഞ്ഞു.
” ഭാമേ,,,
എന്താ എന്തിനാ ഏട്ടന്റെ കാന്താരി പോകുന്നെ? ”
” ഞാൻ ഈ വീട്ടിൽ ഇന്നല്ലേ വരുന്നത്. എനിക്കെങ്ങനെയാ എല്ലാവരുടെയും മുറി അറിയാവുന്നത്. അറിയാതെ ഒന്ന് കയറി പോയതിന് മനുഷ്യനെ തിന്നില്ലന്നെ ഉള്ളു.
അതുകൊണ്ട് ഇനി ഞാനിവിടെ മുറി മാറി കേറാനും, താമസിക്കാനും ഒന്നുമില്ല. ഞാൻ പോകുവാ “.
അത്രയും പറഞ്ഞവള് വിഷ്ണുവിനെ ഒന്ന് കൂർപ്പിച്ചു നോക്കി പെട്ടിയുമെടുത്ത് താഴേക്കിറങ്ങാനൊരുങ്ങി.
” അച്ചുവേട്ടാ,
അവളോട് പോകണ്ടാന്നു പറ ”
” ഞാൻ പറഞ്ഞിട്ട് പോലും അവള് കേൾക്കുന്നില്ലല്ലോടി. ഇനിയിപ്പോൾ എന്താ ചെയ്യാ? ”
അർജുൻ ഇടത് വശത്ത് നിൽക്കുന്ന ദേവിയെയും, വലതു വശത്ത് നിൽക്കുന്ന വിഷ്ണുവിനെയും, നോക്കി പറഞ്ഞു.
” ഒരു മിനിറ്റ് ഏട്ടാ,,,
ഇതേറ്റാൽ രക്ഷപെട്ടു. ”
വിഷ്ണു അർജുനോട് പറഞ്ഞു.
” ഓഓഓ,
നീ എന്തെങ്കിലും ഒന്ന് ചെയ്യ്. ”
” അല്ലാ ഏട്ടന്റെ കുഞ്ഞനിയത്തിയാണ്,
കാന്താരിയാണ് എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ ഏട്ടനെ ഇട്ടേച്ചു പോകുവാണോ?
എന്താ ഏട്ടാ ഇതാണോ ഏട്ടൻ പറഞ്ഞ കാന്താരി. ഇത് തൊട്ടാവാടി. അയ്യേ,,, ”
വിഷ്ണുവിന്റെ വാക്കുകൾ കേട്ട് ഭാമ ഒരു നിമിഷം നിന്നു. തിരിഞ്ഞു നടന്ന് അവന്റെ അടുത്തേക്ക് വന്നു.
” മിസ്റ്റർ വിഷ്ണു,,,
ഞാൻ എന്റെ ഏട്ടന്റെ കാന്താരി തന്നെയാ. അതിന് തന്റെ സർട്ടിഫിക്കറ്റ് വേണ്ട. കേട്ടല്ലോ. പിന്നെ അങ്ങനെ ഈ ഭാമയെ തോൽപ്പിച്ചു എന്ന് അഹങ്കരിക്കണ്ട. നോക്കിക്കോ തന്നെ ഞാൻ കാണിച്ച് തരാം.”
അത്രയും പറഞ്ഞവള് തിരിഞ്ഞ് നടന്നു.
” വലിയ ഡയലോഗ് അടിച്ചിട്ട് ഇറങ്ങി പോകുവാണോ ”
തിരിഞ്ഞ് നടന്ന ഭാമയെ നോക്കി വിഷ്ണു ചോദിച്ചു.
” ടോ,
തനിക്കിത് എന്തിന്റെ അസുഖവാ…
എനിക്കെന്റെ ബാഗെടുക്കാൻ പോലും വയ്യേ,,,. ഇത് നല്ല കൂത്ത്. ”
ബാഗെടുത്ത് വിഷ്ണുവിന്റെ അടുത്ത് കൊണ്ട് വെച്ച് ഭാമ പറഞ്ഞു.
” ഇങ്ങനെ നിൽക്കാതെ അങ്ങോട്ട് മാറി നിൽക്ക് മനുഷ്യന് കൈക്ക് വേദന എടുക്കുന്നു. ”
പെട്ടിയെടുത്ത് തിരികെ വെക്കും വഴി
അത്രയും പറഞ്ഞ് അവള് പോയതും വിഷ്ണു അർജുനെ നോക്കി ഒന്ന് ചിരിച്ചു.
തുടരും,

by