19/04/2026

നിലാവ് : ഭാഗം 39

രചന – അരുന്ധതി

രാവിലെ ഉറക്കമുണരുമ്പോൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടക്കുകയായിരുന്നു അവൾ. ആ മുഖത്തേക്കൊന്ന് നോക്കി. ഇന്നലത്തെ രാത്രിയെ ഓർമ്മിപ്പിക്കാനെന്നവണ്ണം അവന്റെ പുരികത്തിനിടയിൽ ഒളിച്ചിരുന്ന അവളുടെ പൊട്ടിലേക്ക് അവളൊന്ന് നോക്കി. ചിരിയോടെ അതെടുത്ത് മാറ്റി ഒന്ന് കൂടി അവനോട് ചേർന്ന് കിടന്നു.

❤️❤️🖤❤️❤️

“””അമ്മേ,,,”””
ദേവകിയെ വിളിച്ച് കൊണ്ട് അർജുൻ അകത്തേക്ക് കയറി വന്നു.

“””എന്താടാ,,, പോയിട്ട് എന്തായി?? “””
ആകാംക്ഷയോടെ ദേവകി അവനോട് ചോദിച്ചു.

“”അതൊക്കെ പറയാം അപ്പച്ചി എവിടെ? “”
ചുറ്റും പരതിക്കൊണ്ട്‌ അവൻ സോഫയിലേക്കിരുന്നു.

“””ഞാനിവിടെ ഉണ്ടെടാ. പോയ കാര്യം എന്തായി? “”
അവന്റെ അടുത്തേക്ക് വന്നിരുന്ന് കൊണ്ട് അവര് ചോദിച്ചു.

അപ്പോഴേക്കും മറ്റുള്ളവരെല്ലാം അങ്ങോട്ടേക്കെത്തിയിരുന്നു.

“”അപ്പച്ചിയുടെ ആഗ്രഹം പോലെ തന്നെ ഈ നിൽക്കുന്ന രണ്ടെണ്ണത്തിന്റെയും കല്യാണം നമ്മള് നടത്താൻ പോകുന്നു. നിശ്ചയത്തിനുള്ള തീയ്യതി തിരുമേനി കുറിച്ച് തരാം. അടുത്ത ആഴ്ച അപ്പച്ചിയെയും കൂട്ടി വരാൻ പറഞ്ഞു. “”

അവൻ പറഞ്ഞത് കേട്ടതും എല്ലാവരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

“”ഞാനീ കാര്യം ഒന്ന് അച്ഛനെ വിളിച്ച് പറയട്ടെ “”
അതും പറഞ്ഞ് ദേവി ഫോണെടുക്കാൻ പോയതും അർജുൻ അവളെ പിന്നിൽ നിന്നും വിളിച്ചു.

“എന്റെ അച്ഛനെ ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഇനി നീ വിളിച്ച് പറയണം എന്നില്ല. ”

“”””ഓ,,, അപ്പോൾ എന്റെ അച്ഛനല്ലേ…? “”
അവളുടെ മുഖം കൊച്ചുകുട്ടിയുടെ എന്ന പോലെ കുറുമ്പ് കൊണ്ട് നിറഞ്ഞു.
പിന്നെ കൂടുതലൊന്നും പറയാതെ അവള് മുകളിലേക്ക് കയറി പോയി.

അവളെ ഒന്ന് നോക്കി അവൻ അവരുടെ രണ്ടാളുടെ മുഖത്തേക്ക് നോക്കുമ്പോൾ രണ്ടാളും കുത്തി വീർപ്പിച്ചു വെച്ചിട്ടുണ്ട്. കാരണം തമാശക്ക് പോലും അവളുടെ മുഖം വാടുന്നത് രണ്ടാൾക്കും ഇഷ്ടമല്ല. അതറിയാവുന്നത് കൊണ്ട് അവൻ പതിയെ അവിടെ നിന്ന് മുറിയിലേക്ക് പോയി.
ചെല്ലുമ്പോൾ തിരിഞ്ഞു നിൽപ്പുണ്ട്. പതിയെ പിറകിൽ നിന്ന് ചെന്ന് അവളെ ചേർത്ത് പിടിച്ചു.

“””എന്താ പെണ്ണേ എന്റെ അച്ഛനെ പോലെ ഞാൻ കാണുന്നത് ഒരു തെറ്റാണോ? “”

അവൻ ചോദിച്ചതും അവള് പെട്ടെന്ന് തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. അപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

“””അയ്യേ എന്റെ പെണ്ണ് കരയുവാ… ഞാൻ വെറുതെ പറഞ്ഞതല്ലേ. നിന്റെ ആഗ്രഹവും അത് തന്നെയാണെന്ന് എനിക്കറിയില്ലേ. പിന്നെ നിന്റെ ഈ കുറുമ്പ് കാണാനല്ലേ. “”
അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട് അവൻ പറഞ്ഞു.

“””എന്നേക്കാളും എന്റെ വീട്ടുകാര് അച്ചുവേട്ടന് പ്രാധാന്യം തരുന്നത് തന്നെയാണ് എനിക്കും ഇഷ്ടം. “”

അത് കേട്ടതും അവളെ നോക്കിയൊന്ന് ചിരിച്ച് അവൻ അവളെ അടുത്തേക്ക് പിടിച്ചിരുത്തി.

“”ഞാൻ ഒരു കാര്യം പറയാൻ ഇരിക്കുവാരുന്നു നിന്നോട് .
എന്തായാലും കണ്ണന്റെ പഠിത്തം കഴിഞ്ഞു. റിസൾട്ടും വന്നു. ഇനി മറ്റെവിടെയും പോകാതെ പ്രാക്ടീസിന് നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അവന് കയറിക്കൂടെ. ഒരു തവണ ഞാൻ പറഞ്ഞിട്ടുണ്ട്. മറുപടി ഒന്നും ഇതുവരെ വന്നില്ല. പിന്നെ അതിന്റെ ഇടയ്ക്ക് ഇളയച്ഛന്റെ മരണവും ഒക്കെ കൂടിയായപ്പോൾ പിന്നെ ആ കാര്യം വിട്ടു. അതുമല്ല അവർക്ക് പോകാനും വരാനും ഒക്കെ എളുപ്പത്തിന് അവൻ അവിടെ നിന്നോട്ടെയെന്നു വെച്ചു. ഇനിയിപ്പോൾ അവന് ഇവിടെ വന്ന് നിൽക്കാമല്ലോ. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ അങ്ങോട്ട് പോയാൽ പോരേ? “”
അർജുൻ പറഞ്ഞ് കഴിഞ്ഞതും ദേവിക്കും തോന്നി അതുതന്നെയാണ് നല്ലതെന്ന്.

“””ശെരിയാ അച്ചുവേട്ടാ അതാകുമ്പോൾ ഇവിടെ തന്നെ നമ്മുടെ കൂടെ അവനും ഉണ്ടാകും “”

“”നീ ഒന്ന് സംസാരിയ്ക്ക് അവനോട്.”
അർജുൻ അതും പറഞ്ഞ് താഴേക്ക് പോയി.

കുറച്ച് കഴിഞ്ഞപ്പോൾ അവള് ഫോണെടുത്ത് കണ്ണനോട് കാര്യം പറഞ്ഞു. അർജുൻ നേരത്തേ പറഞ്ഞിരുന്നത് കൊണ്ട് അവന് അതൊരു പുതിയ കാര്യമായി തോന്നിയില്ല. അവൾക്ക് മറുപടി ഒന്നും കൊടുക്കാതെ അവൻ കുറച്ച് സമയം മിണ്ടാതെ നിന്നു.

“‘”എന്താടാ പറഞ്ഞിട്ട് ഒരനക്കമില്ലാത്തെ? ‘”

“”ചേച്ചീ,, അത്,, “”

“””വേണ്ടന്ന് പറയാനാണെങ്കിൽ അത് വേണ്ടാ. ഇതുവരെ ഞാനാ നിന്റെ കാര്യം തീരുമാനിച്ചത്. ഇതും എന്റെ തീരുമാനമേ നടക്കൂ,,, “”

പിന്നെ ഒന്നും പറഞ്ഞ് അതിനെ എതിർക്കാൻ അവന് തോന്നിയില്ല.

“” ഞാൻ അച്ഛനോട് പറഞ്ഞോളാം,,, നാളെ തന്നെ ഇങ്ങോട്ട് പൊന്നോളണം. പറഞ്ഞത് കേട്ടോ? “”

അവള് പറഞ്ഞത് കേട്ട് ഒന്ന് മൂളുക മാത്രം ചെയ്ത് അവൻ ഫോൺ വെച്ചു.

ഉച്ചയ്ക്ക് ദേവിയുടെ വീട്ടിൽ എല്ലാവരും കൂടി കഴിക്കാനിരിക്കുമ്പോൾ കണ്ണൻ എല്ലാവരോടുമായി കാര്യം പറഞ്ഞു. ദേവി പറഞ്ഞ് അച്ഛനും, അമ്മയും ഈ കാര്യം നേരത്തേ അറിഞ്ഞത് കൊണ്ട് അവർക്ക് പെട്ടന്ന് അറിഞ്ഞ പോലെ തോന്നിയില്ല. പക്ഷേ ദേവൂന് അങ്ങനെ ആയിരുന്നില്ല. അത് കേട്ടപ്പോൾ തന്റെ പ്രാണൻ വിട്ടകലാൻ പോകുന്ന പോലെ ഒരു തോന്നലായിരുന്നു അവൾക്ക് .
എല്ലാവരും കഴിച്ചെഴുന്നേറ്റിട്ടും അവള് മാത്രം അങ്ങനെ തന്നെ ഇരുന്നു.

മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് കയറി കിടന്നു. ഇത്രയും ദിവസം ഒപ്പമുണ്ടായിരുന്നിട്ടും ഉള്ളിലെ ഇഷ്ടം തുറന്ന് പറയാൻ പറ്റാതെ പോയതിൽ അവൾക്ക് അവളോട്‌ തന്നെ ദേഷ്യം തോന്നി.

അവനും അങ്ങനെ തന്നെ ആയിരുന്നു. ഒപ്പമുണ്ടായിരുന്ന സമയത്ത് ഉള്ളിലെ പ്രണയം അവളെ അറിയിക്കാൻ പറ്റാതെ പോയതിൽ അവനും സഹിക്കാനാവാത്ത വിഷമം തോന്നി.

ഉച്ചയ്ക്ക് ശേഷം അവര് രണ്ടാളും തമ്മിൽ കണ്ടില്ല. രാത്രി എല്ലാവർക്കും കൂടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം എന്ന് ദേവിയുടെ അച്ഛൻ പറഞ്ഞത് കൊണ്ട് അവര് ഒന്നിച്ചു തന്നെ ഇരുന്നു. പക്ഷേ അവർക്ക് രണ്ടാൾക്കും ഒരു വറ്റ്‌ പോലും ഇറക്കാൻ പറ്റിയില്ല. അച്ഛനും അമ്മയും കഴിച്ചെഴുന്നേറ്റിട്ടും അവര് രണ്ടാളും അവിടെ തന്നെയിരുന്നു.

രാത്രി എങ്ങനെയൊക്കെ കിടന്നിട്ടും കണ്ണന് ഉറങ്ങാൻ സാധിച്ചില്ല. അവൻ പതിയെ ടെറസ്സിലേക്ക് പോയി. അവൻ ചെല്ലുമ്പോൾ നല്ല തണുത്ത കാറ്റ് വീശി അടിക്കുന്നുണ്ടായിരുന്നു. അവൻ നോക്കുമ്പോൾ അവനെ പ്രതീക്ഷിച്ചെന്ന പോലെ അവളും അവിടെ ഉണ്ടായിരുന്നു.
അവളുടെ അടുത്ത് ചെന്ന് അവൻ പതിയെ ദേവു എന്ന് വിളിച്ചു. പ്രതീക്ഷിച്ച സ്വരം കാതിൽ പതിഞ്ഞതും അവള് മറ്റൊന്നും ആലോചിക്കാതെ അവനെ ഇറുക്കി പുണർന്നു. ഉള്ളിൽ എവിടെയോ അങ്ങനെ തമ്മിലൊന്ന് ചേർന്ന് നിൽക്കാൻ അവനും ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ അവനും അവളെ തിരിച്ച് പുണർന്നു.

“”കണ്ണേട്ടാ,,,
എനിക്ക് കണ്ണേട്ടനെ ഇഷ്ടാണ്. എന്റെ പ്രാണനെക്കാളേറെ. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. പക്ഷേ,,,
ന്നേ വേണ്ടാന്ന് മാത്രം പറയല്ലേ കണ്ണേട്ടാ. അതെനിക്ക് സഹിക്കാൻ പറ്റില്ല. “”

അത് കേട്ടതും അവനവളെ തന്നിൽ നിന്നും അടർത്തി മാറ്റി. അപ്പോഴേക്കും കണ്ണ് നീരിനാൽ അവന്റെ നെഞ്ച് കുതിർന്നിരുന്നു.

“””നിന്നോടുള്ള എന്റെ പ്രണയം എന്റെ കണ്ണുകളിൽ നീ ഇതുവരെ കണ്ടിട്ടില്ലേ ദേവൂ ? “””
അവളുടെ മുഖം കൈയ്യിലെടുത്ത് അവനത് ചോദിക്കുമ്പോൾ അവന്റെ മുഖം പരിഭവം കൊണ്ട് നിറഞ്ഞിരുന്നു.

“”” ഈ മനസ്സിൽ ഞാനുണ്ടെന്ന് ഈ കണ്ണുകൾ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത് തന്നെയുണ്ടല്ലോ എന്നോർത്താ പിന്നെ പറയാം പിന്നെ പറയാം എന്ന് കരുതി മാറ്റി വെച്ചത്. പക്ഷേ പെട്ടന്ന് ഇന്നങ്ങനെ കേട്ടപ്പോൾ എനിക്കെന്തോ കണ്ണേട്ടനെ നഷ്ടപ്പെട്ട് പോകും പോലെ തോന്നിപ്പോയി . “””

“”എനിക്ക് പോകാൻ ആഗ്രഹമുണ്ടായിട്ടല്ല. ചേച്ചി പറഞ്ഞാൽ കേൾക്കാതിരിക്കാൻ എനിക്കാവില്ല. “””

“””എന്താ എന്റെ ചേച്ചിയെ ഇത്ര
ഇഷ്ടാവാനുള്ള കാരണം? “””

“””ആ മനസ്സിന് എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ അറിയൂ ദേവൂ . ആരുമില്ലാത്ത എന്നെ സ്വന്തം അനിയനായി കണ്ട് സ്നേഹിച്ച്, ഒരു ഡോക്ടറാക്കി ഈ നിലയിൽ എത്തിച്ചു. എനിക്ക് ഈശ്വരന് തുല്യമാണ് ദേവിചേച്ചി.
ചേച്ചി എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും. “”

“”സീതേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ. “”

“എന്റെ ചേച്ചി എല്ലാം കാണുന്നുണ്ട്.
എല്ലാം അറിയുന്നുണ്ട്. ചേച്ചി നമ്മളെ അനുഗ്രഹിക്കും ദേവു “”
പറഞ്ഞ് കഴിഞ്ഞതും മഴ പെയ്തു തുടങ്ങി.
പെട്ടെന്ന് അവരോടി അകത്തേക്ക് കയറി.

“”കണ്ടില്ലേ ദേവു ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചി അനുഗ്രഹിക്കും എന്ന്. ചേച്ചി അനുഗ്രഹിച്ചതാ നമ്മളെ. “”

പിന്നെയും അവര് കുറച്ച് സമയം അവിടെ നിന്നു. അതിന് ശേഷം സ്വന്തം മുറികളിലേക്ക് പോയി.
പിറ്റേന്ന് രാവിലെ അവൻ പോകാൻ ഒരുങ്ങി താഴെവന്നു.

“”രാവിലെ പോകണോ മോനേ? ”
ദേവിയുടെ അമ്മ അവന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.

“”അതേ അമ്മേ,
വൈകി ഇറങ്ങിയിട്ട് അവിടെ ചെല്ലുമ്പോൾ ഇരുട്ടിയാൽ ചേച്ചി പേടിക്കും”
പറയുമ്പോഴുള്ള അവന്റെ മുഖഭാവം കാണുമ്പോഴേ അവന് ദേവിയോടുള്ള സ്നേഹവും, ബഹുമാനവും അവർക്ക് മനസ്സിലായി.

കുറച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് അവൻ ഇറങ്ങി. ഇറങ്ങുമ്പോൾ ദേവൂനെ ഒന്ന് നോക്കി കണ്ണ് കൊണ്ട് അവളോട് യാത്ര പറഞ്ഞു. അവൻ പോകും വരെ കരയാതിരിക്കാൻ അവൾ ശ്രമിച്ചു.

🌹🌹🌹

” എന്താ മോളെ ഇത്,,,
നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ അവനിപ്പോൾ ഇങ്ങെത്തും. “”
വാതിലിൽ നിൽക്കുന്ന ദേവിയെ നോക്കി ദേവകി അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.

“””അതല്ലമ്മേ,,, അവൻ പുറപ്പെടുമ്പോൾ എന്നെ വിളിച്ചതാ. ഇതിപ്പോൾ എത്തേണ്ട സമയം കഴിഞ്ഞല്ലോ “”
ആധിയോടെ അവൾ പുറത്തേക്ക് നോക്കിക്കൊണ്ട് തന്നെ പറഞ്ഞു.

” എന്റെ പൊന്ന് മോളെ. നമ്മുടെ ഈ നാട്ടിലൂടെ ആർക്കെങ്കിലും കൃത്യ സമയത്ത് എവിടെയെങ്കിലും എത്തിച്ചേരാൻ പറ്റുവോ. നീ വിഷമിക്കാതെ വന്ന് ഈ ചായ കുടിയ്ക്ക്.”

വേണ്ടാ എന്ന് പറഞ്ഞ് അവൾ പുറത്തേക്ക് നോക്കി നിന്നു. അതിനിടയിൽ വരുമ്പോൾ നല്ലത് കൊടുക്കുന്നുണ്ട് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പിറുപിറുക്കുന്നുമുണ്ട്.

അങ്ങനെ നിൽക്കുമ്പോഴാണ് അവന്റെ കാറ് ഗേറ്റ് കടന്നു വന്നത്. അതിൽ നിന്നും അവൻ ഇറങ്ങും മുൻപേ അവള് അവന്റെ അടുത്ത് ചെന്നു. പുറത്തേക്കിറങ്ങിയ അവന്റെ ചെവിയിൽ പിടിച്ച് തിരിച്ചു.

” താമസിച്ചപ്പോൾ ഒന്ന് വിളിച്ചു പറയാൻ തോന്നിയോ നിനക്ക്? വിളിക്കുകയും ഇല്ലാ. വിളിച്ചാലൊട്ട് ഫോൺ എടുക്കുകയും ഇല്ല. “”

“””ആ,,,
ചേച്ചി വിട്…എനിക്ക് വേദനിക്കുന്നു. “”

“വേദനിക്കാൻ വേണ്ടി തന്നെയാ പിച്ചിയത്”

അവന്റെ ഒച്ച കേട്ട് പുറത്തേക്ക് വന്ന ദേവകിയും, രേവതിയും കാണുന്നത് അവന്റെ ചെവിക്ക് പിടിച്ച് തിരിക്കുന്ന ദേവിയെ ആണ്.

“” മോളെ,,, അവനെ വിട്,, ”
അകത്ത്‌ നിന്നും അവരുടെ ശബ്ദം കേട്ടതും ദേവി അവന്റെ ചെവിയിൽ നിന്നും പിടിവിട്ടു.

” എന്തിനാ മോളെ വെറുതെ,,, ”
സോഫയിലേക്കിരുന്ന കണ്ണനെ നോക്കി രേവതി ചോദിച്ചു.

“”” എന്റെ അമ്മേ ഇവനറിയാവുന്നതല്ലേ. താമസിച്ചാൽ ഞാൻ ടെൻഷൻ അടിക്കും എന്ന്. അപ്പോൾ ഒന്ന് വിളിച്ച് പറഞ്ഞൂടെ വൈകുമ്പോൾ. അല്ലെങ്കിൽ ഫോൺ വിളിച്ചാൽ ഒന്ന് എടുത്തൂടെ “”

അവള് പറഞ്ഞത് കേട്ടതും മുഖത്ത് ദേഷ്യ ഭാവം വരുത്തി ദേവകി അവനെ വഴക്ക് പറഞ്ഞു.

“”അതേ ഒത്തിരി അഭിനയിക്കണ്ട. എനിക്കറിയാം എന്നെ കാണിക്കാനാ ഈ അഭിനയ പ്രകടനം എന്ന്. ഞാനൊന്നും പറയുന്നില്ല. എല്ലാവരും കൂടി പുന്നാരിച്ചോ “”
എന്നും പറഞ്ഞ് കലിച്ചു തുള്ളി അവള് അടുക്കളയിലേക്ക് പോയി.

അവള് പോയ വഴിയേ നോക്കിയിട്ട് അവൻ അവരുടെ രണ്ടാളുടെയും മുഖത്തേക്ക് നോക്കി.

“‘ഏറ്റില്ല അല്ലേ,,, ആ സാരവില്ല. “‘

“”നിങ്ങള് നോക്കിക്കോ ഇപ്പോൾ എനിക്കുള്ള ചായയും കൊണ്ട് ചേച്ചി ഇവിടെ എത്തും. ”
അവൻ പറഞ്ഞതും ചായയും കൊണ്ട് അവള് വന്നു.

ചേച്ചിയുടെയും, അനിയന്റെയും സ്നേഹം അവര് രണ്ടുപേരും അടുത്തിരുന്ന് നോക്കിക്കണ്ടു.
സ്വന്തമല്ലാത്ത അവനെ സ്വന്തം അനിയനെപോലെ,
സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന അവളെ പോലെ നല്ല മനസ്സുള്ള ഒരു മകളെ തങ്ങളുടെ കുടുംബത്തിന് കിട്ടിയതിൽ അവര് മനസ്സ് കൊണ്ട് ഈശ്വരന് നന്ദി പറഞ്ഞു..

💓💓💓

“”അളിയാ,,,
നാളെ നേരെ ഹോസ്പിറ്റലിലേക്ക് ചെന്ന് ഭാമയെ കണ്ടാൽ മതി. ഒരു ഫോർമൽ ഇന്റർവ്യൂ അത്രേയുള്ളൂ . ”
കിടക്കാൻ പോകുന്നതിന് മുൻപ് അർജുൻ കണ്ണനോട് പറഞ്ഞു.

“” ശെരി അളിയാ,, “”
ശേഷം അവര് രണ്ടാളും അവനവന്റെ മുറിയിലേക്ക് പോയി.

കണ്ണൻ മുറിയിലേക്ക് കയറും മുൻപ് ഭാമ അവനെ പിറകോട്ട് വിളിച്ചു.

“”അതേ,,,
ഇവിടെ വരൂ,,, നാളെ മുതൽ യു കോൾ മീ മേഡം,, ഓക്കേ.”

“”ഉത്തരവ് മേഡം,,,
അല്ലാ നാളെ മുതലാക്കണ്ട ഇപ്പോൾ തൊട്ടേ വിളിച്ചു തുടങ്ങാം. എന്തേ വല്ല കുഴപ്പവും ഉണ്ടോ?””

“”ഡാ നീ ഒത്തിരി അങ്ങോട്ട് കളിയാക്കണ്ട കേട്ടല്ലോ. ”
അവന് നേരെ വിരൽ ചൂണ്ടി അവള് പറഞ്ഞു.

” നീ പോടീ ചേച്ചി “”
അതിന് അവള് മറുപടി പറയും മുൻപ് അവൻ മുറിയിൽ കയറി കതകടച്ചു.

പിറ്റേ ദിവസം രാവിലെ ദേവിയുടെയും, മറ്റ് മുതിർന്നവരുടെയും അനുഗ്രഹം വാങ്ങി കണ്ണൻ ഭാമയുടെ കൂടെ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. ഹോസ്പിറ്റലിൽ ചെന്ന് ഇറങ്ങിയ ശേഷം അവന്റെ നെറുകയിൽ തൊട്ട് ഭാമയും അവനെ അനുഗ്രഹിച്ചു.
അതിന് ശേഷം അവള് നേരെ അവളുടെ ക്യാബിനിലേക്ക് പോയി.

“”മേ ഐ കം ഇൻ,, “”
വാതിലിന് പുറത്ത് നിന്ന് അവൻ ചോദിച്ചു.

“” യെസ് കം ഇൻ,,, “”
അകത്തേക്ക് വന്ന അവന്, അവൾ സീറ്റ് ചൂണ്ടി കാണിച്ചു.
അവിടേക്കിരുന്ന അവനോട് അവൾ ഇൻട്രൊഡ്യൂസ് ചെയ്യാൻ പറഞ്ഞു. ശെരിക്കും ഒരു അപരിചിതനോടെന്ന പോലെ തന്നെ ഇന്റർവ്യൂ നടത്തി.

“”ഓക്കേ,,,
യു മേ ഗോ നൗ,,”
അവൾ പറഞ്ഞതും അവൻ പുറത്തേക്ക് പോയി.
ഇത് വരെയുള്ള പക്വതയില്ലാത്ത അവന്റെ പ്രവർത്തികളും ഇന്നത്തെ അവന്റെ ഇന്റർവ്യൂവിലുള്ള പെരുമാറ്റവും തമ്മിലുള്ള വ്യത്യാസം ഓർക്കേ അവളുടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.

കുറച്ച് കഴിഞ്ഞ് അവള് തന്നെ ചെന്ന് അവന് എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു. ആദ്യ ദിവസമയത് കൊണ്ട് അവൻ ജോലിയിൽ കയറാതെ തിരികെ പോന്നു.

വീട്ടിൽ വന്ന് എല്ലാവരോടും സംസാരിച്ച് അവൻ വേഗം മുറിയിലേക്ക് പോയി. ആദ്യം തന്നെ ഫോണെടുത്ത് ദേവൂനെ വിളിച്ചു.

“”ഹലോ,,, കണ്ണേട്ടാ,,,, “”
ആദ്യ റിങ്ങിലേ അവൾ ഫോണെടുത്തപ്പോഴേ അവന് മനസ്സിലായി അവൾ തന്റെ ഫോൺ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന്.

“””ദേവൂ,,,
നാളെ മുതൽ ഞാൻ ജോലിക്ക് കയറും… “”

“””കണ്ണേട്ടാ,,,
എല്ലാം ശെരിയായി കഴിഞ്ഞ്, വന്നെന്നെ പെണ്ണ് ചോദിക്കണം. ഈ ദേവൂന് കണ്ണേട്ടനില്ലാതെ ഒരു ജീവിതമില്ല.”””

അവസാനമായി അവള് പറഞ്ഞ വാക്ക് കേട്ട് കൊണ്ടാണ് അവളുടെ അച്ഛൻ അങ്ങോട്ട് വന്നത്.

തുടരും,,,