18/04/2026

നെഞ്ചോട് : ഭാഗം 24

രചന – കൃഷ്ണ

ജാനു ഉള്ളിൽ നമ്മൾ മറച്ചു വെക്കുന്ന ഇഷ്ട്ടം അത് നമ്മൾ ഇഷ്ടപ്പെടുന്നയാളുടെ മുന്നിൽ മറച്ചു പിടിക്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല…

അത് എങ്ങനെയും അറിയുക തന്നെ ചെയ്യും…

നീ എന്താ പറഞ്ഞു വരുന്നേ ആര്യേ… എനിക്ക് ഒന്നും മനസിലാകുന്നില്ല…
ജാനു മനസിലാകാതെ ചോദിച്ചു…

എടി പെണ്ണേ ഞാൻ പറഞ്ഞു വരുന്നത് വേറൊന്നുമല്ല… നിന്റെ താന്തോന്നി ചെക്കനെ കൂടുതൽ ഇട്ടു മുഷിപ്പിക്കാതെ കക്ഷിയോടുള്ള നിന്റെ പ്രണയം തുറന്ന് പറഞ്ഞോ…

ഹേ പ്രണയോ… എനിക്ക് താന്തോന്നിയോട് പ്രണയമല്ല…

പിന്നെ നീ ഇന്നലെ എന്നോട് പറഞ്ഞതോ…?

അത് ഞാൻ പ്രണയമാണെന്ന് പറഞ്ഞില്ലല്ലോ നിന്നോട്…

അപ്പോ പിന്നെ നീ എന്തിനാ അങ്ങേരുടെ കൂടെ വേറൊരു പെണ്ണുമായി നിൽക്കുന്ന പിക് സ്റ്റാറ്റസ് ഇട്ട് കണ്ടപ്പോൾ ദേഷ്യം വന്നത്… പോരാത്തതിന് നീയും അങ്ങേര് കാണാൻ വേണ്ടി എന്ന കണക്കെ ആ ജീനുവുമായി എടുത്ത പിക് സ്റ്റാറ്റസ് ഇട്ടില്ലേ…
അത് എന്തിനായിരുന്നു… അതിന്റെ അർഥം എന്തായിരുന്നു ജാനു… പറയ്…

അ… അത്… പിന്നെ…
ആര്യ ചോദിച്ചതിന് മറുപടിയില്ലാതെ ജാനു വാക്കുകൾക്കായി തപ്പി…

കണ്ടോ നിനക്ക് ഉത്തരമില്ല…

ഏയ് അങ്ങനെയല്ല ആര്യ… ഞാൻ നിന്നോട് പറഞ്ഞില്ലേ… എനിക്ക് താന്തോന്നിയോട് പ്രണയമാണോന്നു ചോദിച്ചാൽ അറിയില്ലാടി… എനിക്ക് അതിന് വ്യക്തമായിട്ടുള്ള ഉത്തരമില്ല…
പക്ഷേ ആ മുഖം ചിരി നോട്ടം സംസാരം ഞാൻ എപ്പോഴോ ഇഷ്ട്ടപ്പെട്ടു തുടങ്ങി… താന്തോന്നി അടുത്തു വരുമ്പോൾ എന്റെ ഹൃദയം പോലും ശരവേഗത്തിൽ മിടിക്കാൻ തുടങ്ങും…

അവൾ പറഞ്ഞു തീർന്നതും അവൾക്ക് പിന്നിലായി ഒരു സാമിഭ്യം തിരിച്ചറിഞ്ഞു… പരിചിതമായ ഗന്ധം… അവളുടെ ഹൃദയം നിയന്ത്രണമില്ലാതെ മിടിക്കാൻ തുടങ്ങി…
കൈയ്യിലിരുന്ന ഫോണിൽ പിടി മുറുകി…

മറു വശത്ത് നിന്നും ആര്യ ഹലോ വെക്കുന്നുണ്ടേലും ജാനുന് ഒന്ന് മിണ്ടാൻ പോയിട്ട് ശ്വാസം പോലും വിടാൻ പറ്റാത്ത കണക്കെ നിക്കുവായിരുന്നു ആ നിമിഷം…

പെണ്ണ് ഏതോ ഒരുത്തന്റെ കൂടെ ചേർന്നു നിന്നു കൊണ്ടുള്ള സ്റ്റാറ്റസ് ഇട്ടത് കണ്ടതും അതിന്റെ ദേഷ്യത്തിൽ അവളെ വിളിച്ചു ചൂടായതും പെണ്ണ് തിരിച്ച് ഞാൻ സ്റ്റാറ്റസ് ഇട്ടതിനെക്കുറിച്ചും കുശുമ്പ് പിടിച്ചുള്ള സംസാരവും കേട്ട് സത്യം പറഞ്ഞാൽ സന്തോഷമായിരുന്നു… തന്റെ പെണ്ണിന് തന്നോട് ഇഷ്ട്ടം തോന്നി തുടങ്ങിയതിന്റെ സന്തോഷം… ആ നിമിഷം അവളുടെ മുഖമൊന്നു കാണാൻ കൊതിച്ചു പോയിരുന്നു താൻ…
തന്റെ കൂടെ മറ്റൊരുത്തി ചേർന്ന് നിക്കുന്നത് അവളിൽ ദേഷ്യവും പോസസ്സിവെനസ്സും നിറച്ചത്… ഇത്രയും നാൾ കാത്തിരുന്ന സ്വപ്നം… യാഥാർത്യമായി തുടങ്ങിയതിന്റെ സന്തോഷം ഉള്ളിൽ അലതല്ലി കൊണ്ട്…

പിന്നീട് അങ്ങോട്ട് മനസ് കൈവിട്ട പട്ടം പോലെ ആയിരുന്നു… വീട്ടിലേക്ക് എത്തിച്ചേരാൻ തന്റെ പെണ്ണിനെ നേരിൽ കാണാൻ അവന്റെ മനം തുടിച്ചു കൊണ്ടിരുന്നു… രണ്ട് ദിനം രണ്ട് വർഷം പോലെ തോന്നിപ്പോയി അവന്…

ഫ്ലൈറ്റ് ഇറങ്ങി എയർ പോർട്ടിൽ നിന്നും ഇങ്ങോട്ട് വരുമ്പോൾ മനസ് നിറയെ കുറുമ്പ് നിറഞ്ഞ ഒരു മുഖം മാത്രമായിരുന്നു മനസ്സിൽ…

മുറ്റത്ത് കാർ വന്നു നിന്നതും ധൃതിയിൽ പുറത്തേക്കിറങ്ങി കണ്ണുകൾ പറഞ്ഞത് തന്റെ പെണ്ണിലേക്കായിരുന്നു…
അമ്മയോട് ചോദിക്കാൻ പോകുന്നതിനു മുന്നേ ആള് റൂമിലേക്ക് പോയി എന്ന് പറഞ്ഞു കേട്ടതും പിന്നെ ഒന്നും ചിന്തിക്കാതെ ഇങ്ങോട്ടേക്ക് ഓടി വന്നപ്പോഴാണ് കക്ഷി ഫോണിൽ സംസാരിക്കുന്നത് കേട്ടത്… തിരിഞ്ഞു നിൽക്കുന്നതിനാൽ താൻ വന്നതൊന്നും അറിഞ്ഞിരുന്നില്ല…

അവൾ പറഞ്ഞ ഓരോ വാക്കുകളും എന്റെ ഹൃദയത്തിൽ തറച്ചു കൊണ്ടിരുന്നു… സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു…

അച്ചു മനസിലോർത്തു കൊണ്ട് ഒന്ന് കൂടി അവൾക്കടുക്കലേക്ക് ചേർന്നു നിന്നു…

അവന്റെ നെഞ്ച് അവളുടെ പുറം മേനിയിൽ തട്ടി നിന്നു…

ജാനു പിടഞ്ഞു കൊണ്ട് വേഗം തിരിഞ്ഞു… തനിക്ക് മുന്നിൽ നിൽക്കുന്നവനെ കണ്ട് ഞെട്ടി അവൾ ഒന്ന് പിന്നിലേക്ക് നീങ്ങിപ്പോയി…

ജാനു ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു… തൊട്ട് മുന്നേ നടന്നത് പോലെ ഒരു തോന്നലാണോ എന്ന സംശയം അവളിൽ ഉടലെതെങ്കിലും ആ ഗന്ധം…

അവൾ ഇമ ചിമ്മാതെ അവനെ നോക്കി നിക്കുവാണ്…

അച്ചു ജാനുവിനെ നോക്കി കൊണ്ട് തന്നെ അവൾക്കടുക്കലേക്ക് ഒന്ന് കൂടി ചേർന്നു…

ഉള്ളിൽ ഉടലെടുത്ത സംശയമെന്നോണം ജാനുവിന്റെ കൈകൾ മെല്ലേ ഉയർത്തി അച്ചുവിന്റെ ഇടനെഞ്ചിൽ തൊട്ടു…

അവൻ തെല്ലൊരു കൗതകത്തോടെ അവളെ നോക്കി അങ്ങനെ നിന്നു…

ഇത് നിനക്ക് വേണ്ടിയാ പെണ്ണേ മിടിക്കുന്നത്…

അച്ചുവിന്റെ ശബ്‌ദം ജാനുവിന്റെ കാതോരം പതിഞ്ഞതും അവൾ ഞെട്ടി കൊണ്ട് കൈ വലിച്ച് പിന്നിലേക്ക് നീങ്ങി…

തന്റെ തോന്നലല്ല… യാഥാർദ്യമാണ്…

അവൾ ഇപ്പോ ചെയ്തതോർത്തു അവന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിന്നു…

അവൾടെ നിൽപ്പ് കണ്ട് അവന് ചിരി വന്ന് പോയി… അവനാ ചിരിയോടെ തന്നെ അവൾക്കടുക്കലേക്ക് കുറച്ച് കൂടി നീങ്ങി നിന്നതും ജാനു മുഖമുയർത്തി അവനെ നോക്കി…

തൊട്ട് മുന്നേ അവളിലുണ്ടായ തോന്നൽ മനസിലേക്ക് തെളിഞ്ഞു വന്നു…
ജാനു വേഗം കൈ കൊണ്ട് ചുണ്ടിനു കുറുകെ വെച്ചു കൊണ്ട് റൂമിന് പുറത്തേക്ക് ഓടി…

അവൾ ഓടി പോകുന്നത് കണ്ട് അച്ചു ചിരിയോടെ നോക്കി നിന്നു…

ജാനുവിന്റെ ഓട്ടം വന്നു നിന്നത് കിച്ചണിലായിരുന്നു… അവൾ സൈഡിലെ ഭിത്തിയോട് ചാരി നിന്നു… അവൾ നന്നായി കിതക്കുന്നുണ്ട്…

ഈശ്വരാ… ഈ താന്തോന്നി എപ്പോ വന്നു… തൊട്ട് മുന്നേ തന്നിലൂണ്ടായ തോന്നൽ തന്നെ ആണോ വീണ്ടും എന്ന സംശയത്തിലാ ആ നെഞ്ചിൽ തൊട്ടത്… പക്ഷേ ആയിരുന്നില്ല…

അവൾക്ക് ആ നിമിഷം ഓർക്കെ വല്ലാതെ ചമ്മൽ തോന്നി… പെട്ടന്നെന്തോ ഓർത്തപോലെ അവൾ നെഞ്ചിൽ കൈവെച്ച് പോയി…

എന്റെ കൃഷ്ണ അത് ശെരിക്കും താന്തോന്നിയായിരുന്നേൽ അപ്പോ ഞാൻ ഫോണിൽ സംസാരിച്ചതൊക്കെ കേട്ട് കാണുവോ…
അവൾ പരിഭ്രാമത്തോടെ ചിന്തിച്ചു…

മോളെന്താ ഇവിടെ നിൽക്കുന്നെ…
സുധയുടെ ശബ്‌ദം കേട്ടവൾ ഒന്ന് ഞെട്ടി അവരെ നോക്കി…

അ… അത് പിന്നെ അമ്മേ ഞാൻ ഹർഷേട്ടന് കുടിക്കാൻ എടുക്കാൻ വന്നതാ…
ജാനു പെട്ടന്ന് വായിലുടക്കിയത് പറഞ്ഞൊപ്പിച്ചു…

ഹമ്… അമ്മ എടുത്ത് തരാം… അതും പറഞ്ഞ് കൊണ്ട് സുധ ഫ്രിജിൽ നിന്നും ഓറഞ്ച് ജ്യൂസ് മഗ് എടുത്ത് ഗ്ലാസ്സിലേക്ക് ഒഴിച്ച് ജാനുവിന് നേരെ നീട്ടി…

ചെക്കൻ വന്നപാടെ എന്നോട് പോലും ഒന്ന് സംസാരിക്കാൻ കൂട്ടക്കാതെ റൂമിലേക്ക് ഒരു ഓട്ടമായിരുന്നു…

സുധ ചിരിയോടെ ജാനുവിനെ നോക്കി പറഞ്ഞു…

അവൾ ചെറു ചമ്മലോടെ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

എന്തായാലും മോള് ഈ ജ്യൂസ് കൊണ്ട് പോയി കൊടുക്ക്…

ഹാമ് അമ്മേ… അവൾ അതും പറഞ്ഞു കൊണ്ട് റൂമിലേക്ക് നടന്നു…

എന്റെ കൃഷ്ണ ആ താന്തോന്നിയുടെ കൈയ്യിൽ നിന്ന് രക്ഷപെട്ടാണ് കിച്ചണിലേക്ക് വന്നത്… അപ്പോ കൃത്യം അമ്മയുടെ മുന്നിൽ പെട്ടു… അമ്മയുടെ ചോദ്യത്തിന് പെട്ടന്ന് വായിൽ വന്നത് പറഞ്ഞത്… ഇതിപ്പോ വീണ്ടും താന്തോന്നിയുടെ മുന്നിലേക്ക് തന്നെ പോകേണ്ടി വന്നല്ലോ…

ജാനു ഓരോന്നും ഓർത്തു കൊണ്ട് നടന്നു… റൂമിന് മുന്നിൽ എത്തിയപ്പോൾ മടിച്ച് മടിച്ച് അകത്തേക്ക് കേറി…
അവളുടെ കണ്ണുകൾ അച്ചുവിനെ തേടി കക്ഷി ബെഡിൽ ഹെഡ് ബോർഡിലേക്ക് ചാരി ഇരുന്നു കൊണ്ട് ഫോണിൽ നോക്കുവായിരുന്നു…

ഈശ്വരാ പറയാതെ ജ്യൂസും കൊണ്ട് മുന്നിൽ ചെല്ലുമ്പോൾ അങ്ങേര് എന്ത് പറയുവോ ആവോ…
ജാനു സ്വയം പറഞ്ഞു കൊണ്ട് അവനടുക്കലേക്ക് ചെന്നു…

തനിക്ക് മുന്നിൽ വന്നു നിൽക്കുന്ന ജാനുവിനെ ഒന്ന് നോക്കി വീണ്ടും അവൻ ഫോണിലേക്ക് തന്നെ നോട്ടം കൊടുത്തു…

ആ നിമിഷമാണ് ജാനുവും അത് ശ്രെദ്ധിച്ചത്… അച്ചുവിന്റെ കൈയ്യിൽ ഇരിക്കുന്ന ഫോൺ അവളുടെ ആണെന്നുള്ള കാര്യം…

ആര്യയോട് സംസാരിച്ചിരിക്കെ അച്ചുവിനെ കണ്ട് ജാനുവിന്റെ കൈയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണിരുന്നു…

ഇ… ഇത് എന്റെ ഫോണല്ലേ…
അച്ചുവിന്റെ കൈയ്യിലിരിക്കുന്ന ഫോണിലേക്ക് ചൂണ്ടി കൊണ്ട് ജാനു ചോദിച്ചു…

അതെ…
അവളുടെ ചോദ്യം കേട്ട് അച്ചു ഫോണിൽ നിന്ന് നോട്ടം മാറ്റി ജാനുവിനെ നോക്കി കൊണ്ട് പറഞ്ഞു…

അച്ചു പറഞ്ഞത് കേട്ട് ജാനു കൈയ്യിലെ ജ്യൂസ് ഗ്ലാസ്‌ അടുത്തുള്ള ടേബിളിന് മേലേക്ക് വെച്ച് അവന് നോക്കി…

എന്റെ ഫോൺ എന്തിനാ താന്തോന്നി നിങ്ങൾ നോക്കുന്നത്… ഇങ്ങു തന്നെ എന്റെ ഫോൺ…

അതും പറഞ്ഞു കൊണ്ട് അവൾ അച്ചുവിന്റെ കൈയ്യിലിരുന്ന ഫോൺ മേടിക്കാൻ നോക്കി… എന്നാൽ അവൻ ഫോൺ സൈഡിലേക്ക് മാറ്റിപ്പിടിച്ചു…

ദേ കളിക്കല്ലേ… എന്റെ ഫോണിങ് താ…
ഫോൺ മേടിക്കാൻ നോക്കി കൊണ്ട് ജാനു അച്ചുവിനോട് പറഞ്ഞു…

തന്നില്ലെങ്കിൽ…
അച്ചു പറഞ്ഞത് കേട്ട് ജാനു അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് അവൻ നീട്ടിപ്പിടിച്ച ഫോൺ കൈക്കലാക്കാൻ ആഞ്ഞതും ബാലൻസ് തെറ്റിയവൾ അച്ചുവിന്റെ മേലേക്ക് വീണു… വീണ വീഴ്ചയിൽ ജാനുവിന്റെ ചുണ്ടുകൾ അച്ചുവിന്റെ ചുണ്ടുകളിൽ അമർന്നു… രണ്ടാളും ഒരുപോലെ ഞെട്ടി കണ്ണുകൾ മിഴിഞ്ഞു വന്നു… അച്ചുവിന്റെ കൈയ്യിൽ നിന്ന് ഫോൺ ബെഡിലേക്ക് വീണു പോയി…

ജാനു ഞെട്ടലിൽ നിന്നും വേഗം പിടഞ്ഞു കൊണ്ട് അവനിൽ നിന്നും വിട്ടു മാറി… അവൾക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല… അവൾ സ്വയം ഉരുകുന്ന പോലെ തോന്നി ആ നിമിഷം…

അച്ചു അപ്രതീക്ഷിതമായി കിട്ടിയ കിസ്സിൽ സ്വയം മറന്ന് നിക്കുവാണ്… അവൻ ഒരു കള്ള ചിരിയോടെ ജാനുവിനെ നോക്കി… കക്ഷി മുഖം കുനിച്ചു നിക്കുന്നത് കണ്ട് ചിരി വന്നു പോയി…

സോ… സോറി… ഞ… ഞാൻ അറിയാതെ… പ… പറ്റി പോയതാ…
അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു…

ആണോ അറിയാതെ പറ്റിപ്പോയതാണെങ്കിൽ ഒരു കാര്യം ചെയ്യ്… ഇപ്പോ തന്നത് പോലെ അറിഞ്ഞോണ്ട് ഒന്ന് താ നിന്റെ ഈ താന്തോന്നിക്ക്…

അച്ചു പറഞ്ഞത് കേട്ട് ഞെട്ടിക്കൊണ്ടവൾ മുഖമുയർത്തി അവനെ നോക്കി…

ഒരു കള്ളച്ചിരിയോടെ നോക്കി നിക്കുവാണ് അവൻ…

ഒരു നിമിഷം അവളിൽ അവൾക്കുണ്ടായ തോന്നൽ മനസ്സിൽ തെളിഞ്ഞു… അവൾ ഉമിനീരിറക്കി അവനെ ഒന്ന് നോക്കി തിരിഞ്ഞോടാൻ തുടങ്ങും മുന്നേ ആ ശ്രെമം വിഭലമാക്കി കൊണ്ട് അച്ചു അവളെ കൈയ്യിൽ പിടുത്തമിട്ട് ഒറ്റവലിക്ക് അവളെ ബെഡിലേക്കിട്ട് അവൾക്ക് ഇരുവശവും കൈകൾ ഊന്നി നിന്നു…
എല്ലാം നിമിഷങ്ങൾ കൊണ്ടായിരുന്നു നടന്നത്…

അവൾ മിഴിച്ചു കൊണ്ട് തനിക്ക് തൊട്ടടുത്തു നിക്കുന്നവനെ നോക്കി…
അവന്റെ കണ്ണുകളിൽ നോക്കെ അവൾ സ്വയം തളരുന്നത് പോലെ തോന്നി… അവന്റെ നോട്ടം താങ്ങാനാവാതെ കണ്ണുകൾ വെട്ടിച്ചു…

ജാനുമ്മേ…
അവന്റെ നിശ്വാസം അവളുടെ കാതോരം തട്ടി… പൊള്ളിപ്പിടഞ്ഞു പോയി അവൾ…
ഹൃദയം എന്തന്നില്ലാതെ ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി… ശ്വാസഗതി പതിന്മടങ്ങു വർധിച്ചു…

എന്റെ സാമിഭ്യം നിന്നെ വിവശയാക്കുന്നോ ജാനുമ്മേ…
വളരെ ആർദ്രമായിരുന്നു അവന്റെ ശബ്‌ദം പോലും…

അവന്റെ ചോദ്യത്തിൽ ശ്വാസം പോലും വിടാൻ പറ്റാത്ത വണ്ണം നിന്നു പോയി അവൾ… മുന്നൊന്നുമില്ലാത്ത എന്തൊക്കെയോ വികാരങ്ങൾ അവളിൽ ഉളവാകാൻ തുടങ്ങി… തന്റെ ഹൃദയം എന്തിനൊക്കെയോ വേണ്ടി കൊതിക്കും പോലെ…

അവളിലെ ഭാവങ്ങൾ ഉറ്റു നോക്കി കാണു വായിരുന്നു അച്ചു… അവളിലെ വെപ്രാളം അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് മാറ്റ് കൂട്ടി…

നിന്റെ ഈ കുഞ്ഞ് ഹൃദയതാളത്തിന്റെ വ്യാധിയാനം ഞാൻ കാരണമാണോ പെണ്ണേ…
അവളുടെ ഇടനെഞ്ചിലേക്ക് ഒന്ന് നോട്ടം കൊടുത്ത് അച്ചു ചോദിച്ചതും ജാനു വേഗം അവന്റെ കണ്ണുകൾക്ക് കുറുകെ കൈകൾ വെച്ചു…

ചുണ്ടിൽ തത്തിയ ചിരിയോടെ അവളുടെ കൈകൾ മെല്ലേ പിടിച്ചു മാറ്റികൊണ്ട് അച്ചു അവളെ കണ്ണുകളിലേക്ക് നോക്കി…

ജാനു… എന്നോടുള്ള നിന്റെ പ്രണയം ദേ നിന്റെ ഈ കൊച്ചു ഹൃദയത്തിനുള്ളിൽ ഭ്രാന്തമായി വേരുറയ്ക്കുന്നത് വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാ…
അത്രയും പറഞ്ഞു കൊണ്ടവൻ അവളുടെ നെറുകയിൽ അമർത്തി മുത്തി കൊണ്ട് വിട്ട് മാറി എണീറ്റു നേരെ ബാത്ത് റൂമിലേക്ക് നടന്നു…

ജാനു അച്ചു പോയിടം നോക്കി ബെഡിൽ നിന്നും എണീറ്റു…

ആ നിമിഷം അവൾ സ്വയം തിരിച്ചറിയുകയായിരുന്നു തന്റെയുള്ളിൽ താന്തോന്നിയോട് പ്രണയം തോന്നി തുടങ്ങിയെന്ന കാര്യം…

അത് മനസിലാക്കിയെന്നോണം അവളുടെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു…

താന്തോന്നി… എന്റെ മാത്രം താന്തോന്നി…
അവളുടെ ചുണ്ടുകൾ അന്നാധ്യമായി പ്രേണയത്തോടെ മന്ത്രിച്ചു..

തുടരും…