16/04/2026

ഈ മഴക്കാലത്ത് : ഭാഗം 12

രചന – നിവേദ്യ ഹരിഹരൻ

പിന്നീടുള്ള കുറച്ചു ദിവസത്തേക്ക് പാർവ്വതി ജോലിക്കായി ഇല്ലിക്കലേക്ക് ചെല്ലേണ്ടതില്ലെന്ന് മാധവൻ വഴി രാമേട്ടൻ അറിയിച്ചു. എല്ലാവരും ചേർന്ന് തിരുപ്പതിയ്ക്ക് യാത്ര പോവുകയാണ് എന്നാണ് കാരണമായി രാമേട്ടൻ പറഞ്ഞതെന്ന് മാധവൻ പാർവ്വതിയോട് പറയുകയും ചെയ്തു.. പക്ഷേ അവൾക്കതു കേട്ടപ്പോൾ അവിശ്വസിനീയമായി തോന്നി. ജയ് ഒരു വാക്കു പോലും ഇതേപ്പറ്റി പറഞ്ഞില്ലല്ലോ എന്നോർത്ത് ഉള്ളിൽ പരിഭവവും ഉണ്ടായി. ജയകൃഷ്ണനുമായുള്ള പ്രണയ നിമിഷങ്ങളെയും താലോലിച്ച് അവനെ മാത്രം ഓർത്തു കൊണ്ട് ഒരാഴ്ച എങ്ങനെയോ പാർവ്വതി തള്ളിനീക്കി. ഒരാഴ്ച തികഞ്ഞതിന്റെ പിറ്റേന്ന് കോളേജിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങി അവൾ ഇല്ലിക്കലേക്ക് പുറപ്പെട്ടു….. തുള്ളിയ്ക്കൊരുകുടം കണക്കേ മഴ തിമിർത്തു പെയ്തു കൊണ്ടിരുന്നു. പെരുമഴയിൽ നനഞ്ഞ് കുളിച്ചാണ് പാർവ്വതി അവിടെ ചെന്നു കയറിയത്. ജയ്കൃഷ്ണനെ കാണാനുള്ള ആഗഹം ആ പെരുമഴ കണക്കെത്തന്നെ അവൾടെയുള്ളിൽ ആർത്തലയ്ക്കുന്നുണ്ടായിരുന്നു.

പൂമുഖത്തെ വാതിൽ അടഞ്ഞു കിടന്നിരുന്നു. ” ന്താത് .. പതിവില്ലാത്തതാണല്ലോ.. അതോർത്തു കൊണ്ടാണ് അവൾ മുറ്റത്തെ മണിയിൽ അടിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ സരസ്വതിയമ്മ വന്നു വാതിൽ തുറന്നു. അമ്മ ഒരാഴ്ചക്കൊണ്ട് വല്ലാതെ ക്ഷീണിച്ചു പോയല്ലോ.. അവരെ കണ്ടപ്പോൾ പാർവ്വതി മനസ്സിലോർത്തു. “ആഹ് പാർവ്വതി.. കുട്ടി വന്നോ… രാമൻ …പാർവ്വതിയോട് ന്തെങ്കിലും….. പറഞ്ഞിരുന്നോ..?? സരസ്വതിയമ്മ ചെറിയ വിക്കലോടെ ചോദിച്ചു. “രാമേട്ടൻ… അങ്ങനെ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലമ്മ… ഇന്ന് വരാനാ പറഞ്ഞത്. പാർവ്വതി പുഞ്ചിരിയോടെ അകത്തേക്ക് കയറാനാഞ്ഞു.. “കുട്ടി അവിടെ നിൽക്കാ… ന്നാ കേട്ടോളു.. ഇനി മുതൽ പാർവ്വതി ഇവിടെ ജോലിയ്ക്ക് വരണ്ട!! അവളുടെ മുഖത്ത് നോക്കാതെ അവർ പറഞ്ഞു. എടുത്തടിച്ചതു പോലെ സരസ്വതിയമ്മ അത് പറഞ്ഞപ്പോൾ പാർവ്വതി സ്തബ്ദയായി.. “അമ്മേ..ഞാൻ.. ഞാനെന്തെങ്കിലും തെറ്റായി ചെയ്തോ.. എന്താമ്മേ പെട്ടെന്ന് ഇങ്ങനെ..?? അവളുടെ വാക്കുകൾ ഇടറി. ” തെറ്റും ശരിയും തമ്മിലുള്ള കണക്കെടുപ്പൊന്നും വേണ്ട പാർവ്വതി.. കുട്ടി പൊക്കോളു.. ശമ്പളം എന്തേലും ബാക്കിയുണ്ടേൽ രാമനോട് പറഞ്ഞാ മതി… ദൈന്യത ലവലേശം പോലുമില്ലാതെ അവർ പറഞ്ഞു തീർത്തു.

പാർവ്വതിയുടെ കണ്ണു നിറഞ്ഞു തുളുമ്പി.. ” ന്താ കാരണന്ന് ഒന്നു പറയു അമ്മേ.. ഞാൻ എന്താ അതിനു മാത്രം ചെയ്തേ…?? പാർവ്വതി യാചനാപൂർവ്വം അവരെ നോക്കി. “പറഞ്ഞാൽ മനസ്സിലാക്കു പാർവ്വതി … തന്റെ സേവനം ഇനിയിവിടെ ആവശ്യമില്ല അതന്നെ.. ഇതും പറഞ്ഞ് അവർ അവൾക്കു നേരേ വാതിൽ അടക്കാൻ പോയി… “ശരി… ഞാൻ പോവാം പക്ഷെ എനിയ്ക്ക് ജയ് സാർനെ ഒന്നു കാണണം അമ്മേ.. എന്നിട്ടു ഞാൻ പൊക്കോളാം. പാർവ്വതി കരുത്തു വീണ്ടെടുത്തു കൊണ്ടു പറഞ്ഞു. “ജയ്… ജയനെ കാണാൻ പറ്റില്ല.. അവന്റേം കൂടി അഭിപ്രായം തന്നാ ഞാൻ പറഞ്ഞേ.. സരസ്വതിയമ്മ ചെറുതായി വിറച്ചു. “ന്താ മ്മേ അവിടെ..?? ഹരി അങ്ങോട്ടേക്ക് വന്നു… “ഹരി നീ തന്നെ പറ ഈ കുട്ടിയോട് ഇനി ഇങ്ങോട്ട് വരണ്ടന്ന്.. എനിയ്ക്ക് വയ്യ ഇതൊന്നും… അതു പറയുമ്പോൾ സരസ്വതിയമ്മയുടെ ശബ്ദം ഇടറിയതായി പാർവ്വതിയ്ക്കനുഭവപ്പെട്ടു..

“ഹാ.. പാർവ്വതി … അമ്മ പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്. ഇനി പാർവ്വതി ജോലിയ്ക്ക് വരണമെന്നില്ല.. പ്രത്യേകിച്ച് കാരണം ഒന്നൂല്യ.. താൻ ഇവിടെ ജോലി ചെയ്യുന്നതിൽ ഞങ്ങൾക്ക് താൽപര്യമില്ല. അത്ര തന്നെ.. പിന്നെ താൻ… താൻ വേറെ എവിടേലും ഒരു ജോലി നോക്ക്.. എന്നിട്ട് ഒരു കല്യാണമൊക്കെ ….. അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ പാർവ്വതി നടുങ്ങുന്ന ശബ്ദത്തിൽ അവനെ വിളിച്ചു. ” ഹരീ…. നിർത്ത്.!! അധികം സംസാരിക്കണമെന്നില്ല. അവൾ അവനു നേരേ കൈ ഉയർത്തി. അവളുടെ കണ്ണുകളിലെ രൗദ്രഭാവം ഹരിയ്ക്ക് നേരിടാനായില്ല അവൻ തലതാഴ്ത്തി. ” എനിക്ക് നിന്റെ ഏട്ടനെ കാണണം .. എന്നിട്ടേ ഞാൻ പോകു. നിന്റെ ഏട്ടനും ഇതാണോ പറയാനുള്ളത് എന്നെനിക്ക് കേൾക്കണം.. ഉറച്ച ശബ്ദത്തിൽ പാർവ്വതി പറഞ്ഞു. “ഞങ്ങൾക്ക് കൂടുതലായി ഇനി ഒന്നും പറയാനില്ല. നീ പോ പാർവ്വതി.. നിന്റെ ആഗഹം ഒന്നും നടക്കാൻ പോണില്ല. ഏട്ടനെ … ഏട്ടനെ നീയിനി പ്രതീക്ഷിക്കണ്ട..!! ഹരി എവിടേക്കോ കണ്ണെറിഞ്ഞു കൊണ്ട് പറഞ്ഞു.. “ഇനി ഒരു സംസാരമില്ല.. പാർവ്വതി വീട്ടിലേക്ക് തിരിച്ചു പോ… ഇതും പറഞ്ഞ് ഹരി അവൾക്കു നേരേ വാതിൽ കൊട്ടിയടച്ചു.

പാർവ്വതി വർദ്ധിച്ച ദേഷ്യത്തോടെയും സങ്കടത്തോടെയും വാതിലിൽ തട്ടിക്കൊണ്ടിരുന്നു … “വാതിൽ തുറക്ക്.. തുറക്ക് ഹരി.. കണ്ണുനീർ അണപൊട്ടി ഒഴുന്നത് വകവയ്ക്കാതെ അവൾ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.. “എനിക്ക് ജയ് സാറിനെ കാണണം. സംസാരിക്കണം ..! അവൾ തുടർച്ചയായി വാതിലിൽ ഇടിച്ചു കൊണ്ടിരുന്നു.. കുറേ നേരം ശ്രമിച്ച ശേഷം കരഞ്ഞു തളർന്ന് പാർവ്വതി വാതിലിലൂടെ താഴേക്ക് ഊർന്നിരുന്നു. പെട്ടെന്ന് വാതിൽ തുറക്കപ്പെട്ടു. അപ്പുറത്ത് ജയ്കൃഷ്ണൻ.!! ക്ഷീണിച്ച ശരീരം.. മുടിയിഴകൾ എണ്ണയില്ലാതെ പാറിപറന്നിരുന്നു.. കണ്ണുകൾക്ക് ചുറ്റും കറുത്ത വലയം.. അവനെക്കണ്ട് പാർവ്വതി ചാടിയെണീറ്റു. “സർ ഇവരെന്തൊക്കെയാ ഈ പറയണത്.. നിയ്ക്കൊന്നും മനസ്സിലാവണില്ല.. ഹരി… അവൻ വേറെയും എന്തൊക്കെയോ… അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. “ഇതിൽ മനസ്സിലാക്കാൻ എന്താ..?? പാർവ്വതി ഇനി ഇങ്ങോട്ട് വരണ്ട അതു തന്നെ…!! സാർർർർ… അവൾ നെഞ്ചുപൊട്ടിക്കൊണ്ട് അവനെ വിളിച്ചു.

“വല്യ വീട്ടിലെ ആണുങ്ങൾ പലതും പറയും . അതു കേട്ട് വിശ്വസിച്ച് ഇവിടെ കയറി പൊറുത്തേക്കാം എന്ന് കരുതിയോ..? ജയ് വിദൂരതയിലേക്ക് നോക്കി ചോദിച്ചു. ” ജയ്സാർ… അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനെ തുറിച്ചു നോക്കി. “കൂടുതലൊന്നും എനിക്ക് പറയാനില്ല. ഞങ്ങളുടെ പ്രൗഢിക്കൊത്ത ഒരു ബന്ധം എനിക്ക് വന്നിട്ടുണ്ട് . നീ… നീ ഒഴിഞ്ഞ് തരണം.!! ഞാൻ നിന്നോട് പറഞ്ഞതെല്ലാം നീ മറക്കണം. അതൊക്കെ എന്റെയൊരു നേരമ്പോക്ക്.. അല്ലാതെ എന്റെ മനസ്സിൽ നീ… നീയില്ല പാർവ്വതി. ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റേം..!! എനിക്കൊരു തടസ്സമായി നീ വന്നേക്കരുത്… പാർവ്വതിയെ നോക്കാതെ അവൻ പറഞ്ഞു. പാർവ്വതി തീഷ്ണമായി അവനെ നോക്കി “നിങ്ങൾ ഈ പറഞ്ഞതൊക്കെ സത്യാണോ..?? നിങ്ങളെന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതാണോ എന്നെ ഇഷ്ടാണെന്ന്.. ന്റെ മുഖത്തേക്ക് നോക്കി പറ എന്നെ നിങ്ങൾ ഇഷ്ടപ്പെട്ടിട്ടില്ലെന്ന്… അവൾ അവന്റെ ടീഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് ശരീരം ശക്തമായി ഉലച്ചു.

” ആഗ്രഹങ്ങൾ അടക്കിപ്പിടിച്ചിരുന്ന എന്റെ മനസ്സിലേക്ക് ഇടിച്ച് കയറി വന്നത് നിങ്ങളാണ്..!! എന്നെ പറഞ്ഞ് ആശിപ്പിച്ചു.. സ്വപ്നങ്ങൾ കാണിച്ചു.. എന്നിട്ടിപ്പോ.. പാർവ്വതി കോപത്തിലും സങ്കടത്തിലും വിറച്ചു. “നിങ്ങൾക്കിപ്പോ എന്നെ വേണ്ടല്ലേ.. എനിയ്ക്ക് പ്രൗഡി പോരല്ലേ… അവൾ അലറി.. ” നിങ്ങൾക്കെന്നെ.. വേണ്ട…ല്ലേ.. കിതച്ചു കൊണ്ട് പാർവ്വതി അവന്റെ നെഞ്ചിലേക്ക് വീണ് ആർത്തലച്ചു കരഞ്ഞു. ജയ് അനങ്ങിയില്ല.. അവന്റെ ദൃഷ്ടി അപ്പോഴും വിദൂരതയിൽ തന്നെയായിരുന്നു. ” പറഞ്ഞു കഴിഞ്ഞെങ്കിൽ നിനക്ക് പോകാം പാർവ്വതി.. ഇതോടെ നമ്മൾ തമ്മിലുള്ള എല്ലാം ബന്ധോം അവസാനിക്കേണ്… നിനക്ക് പുതിയ ജീവിതത്തെ പറ്റി ചിന്തിക്കാം…!! ജയ് അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. പാർവ്വതി അവനിൽ നിന്നും വേർപ്പെട്ടു.. ഒരു പ്രതിമ കണക്കെ അവളവനെ തന്നെ നോക്കി നിന്നു.. കണ്ണിൽ നിന്നും ധാരധാരയായി ഒഴുകുന്ന കണ്ണിരിനെ അവഗണിച്ചു കൊണ്ട് പാർവ്വതി പറഞ്ഞു ” എനിക്ക് സന്തോഷായി സർ… ഞാൻ പോവ്വാ… നിങ്ങൾ എനിയ്ക് തന്ന സ്വപ്നങ്ങളും പ്രതീക്ഷകളും ഇവിടെ ഉപേക്ഷിച്ച്.. എന്നന്നേയ്ക്കുമായി…!! പിന്നെ നിങ്ങൾ പറഞ്ഞ പുതിയ ജീവിതം.. അതെനിക്ക് സാധിക്കുംന്ന് തോന്നണില്ല എന്നിലെ നിഷ്ക്കളങ്കയായ ആ പാർവ്വതിയെ നിങ്ങൾ കൊന്നു കളഞ്ഞു. .. ഇതിന്റെ ..എന്റെ ശരീരം മാത്രാണ്.. മനസ്സ് മരവിച്ച ശരീരം..! ദാവണിയുടെ തലപ്പുകൊണ്ട് പാർവ്വതി കണ്ണുകൾ അമർത്തി തുടച്ചു. ..

” ഇനി നിങ്ങളെയോർത്ത് ഞാൻ കരയില്ല. നിങ്ങളെപ്പോലൊരുത്തന്നെ മനസ്സിൽ കൊണ്ടു നടന്നതിന് എനിയ്ക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു. പിന്നെ നിങ്ങൾ തന്ന സമ്മാനം, ഇത് നിങ്ങൾ തന്നെ സൂക്ഷിച്ചോ.. പുതിയ ആൾക്ക് കൊടുക്കാം. പാർവ്വതി മോതിരം ഊരി അവന്റെ നെഞ്ചിനു നേരേ എറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ തകർന്ന മനസ്സുമായി പാർവ്വതി കോരിച്ചൊരിയുന്ന മഴയിലേക്കിറങ്ങി.. മഴയുടെ ഇരമ്പലിൽ കരച്ചിലിന്റെ ശബ്ദം ലയിച്ചു ചേർന്നു. അവളുടെ ചുട്ടുപൊള്ളുന്ന കണ്ണുനീർ തുള്ളികൾ മഴത്തുള്ളികളോടൊപ്പം ഭൂമിയിലേക്ക് പെയ്തിറങ്ങി. നെഞ്ച് പറിച്ചെടുത്ത വേദനയോടെ നിസ്സഹായനായി ജയ്കൃഷ്ണൻ അവളെത്തന്നെ നോക്കി നിന്നു. ❤️❤️❤️ പാർവ്വതി പോയിട്ട് കാണാതായിട്ടാണ് ശ്രീദേവി അരുണിനോട് പാർവ്വതിയെ ഇല്ലിക്കൽ പോയി അന്വേഷിക്കാൻ പറഞ്ഞത്… കനത്ത മഴ ശ്രീദേവിയെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത് .. പെരും മഴയത്താണ് അരുൺ ഇല്ലിക്കൽ എത്തിയത്. വണ്ടി വച്ച് ഇറങ്ങുമ്പോൾ പടിപ്പുരയ്ക്കരികിൽ വെറും മണ്ണിൽ മഴ നനഞ് വിറച്ച് കൂനീകൂടിയിരിക്കുന്ന സ്ത്രീരൂപം.. അവൻ അടുത്തേക്ക് ചെന്നു..

“പാർവ്വതി….. ! നെഞ്ചുലഞ്ഞ് അവളെ വിളിച്ച് കൊണ്ട് അരുൺ അവൾക്കടുത്തിരുന്നു.. ” പാറൂ എന്താ മോളെ ഇത്.. നീയെന്താ ഇവിടിരിക്കണേ.. എന്താ നിനക്ക് പറ്റീത്..?? ഈ മഴയത്ത് നീ… നീ എന്താ ഈ ചെയ്യണത്..?? അവൻ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ചുക്കൊണ്ടിരുന്നു പാർവ്വതി തലയുയർത്തി.. ” അരുണേട്ടാ.. പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു. ” എന്താ മോളെ..എന്താടീ നിനക്ക്.. അവന്റെ മുഖത്ത് ഉത്കണ്ഠ നിറഞ്ഞു. ” അയാൾ.. ആ ജയ്കൃഷ്ണൻ .. അയാൾ എന്നെ വേണ്ടെന്നു പറഞ്ഞു അരുണേട്ടാ… അവൾ ഇരു കൈകളും കൊണ്ട് തലയിലിടിച്ചു.. ” നീ നിർത്ത് പാറൂ.. നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.. അരുൺ അവളുടെ കൈകൾ പിടിച്ചു മാറ്റി.. ” എന്താ ..എന്തിനാ അയാൾ അങ്ങനെ പറഞ്ഞേ.. അവൻ രൂക്ഷമായ ശബ്ദത്തിൽ ചോദിച്ചു. ” അറിയില്ലേട്ടാ… അയാൾക്ക് എന്നേക്കാൾ.. എന്നേക്കാൾ നല്ല ബന്ധം ..കിട്ടീന്ന്.. അവളുടെ ചുണ്ടുകൾ വിതുമ്പി … പാർവ്വതി തലയുടെ പിൻഭാഗം പടിപ്പുരയുടെ ഭിത്തിയിലേക്ക് ഇടിച്ചു കൊണ്ടിരുന്നു..

അരുണിന്റെ മുഖം വലിഞ്ഞു മുറുകി.. കൈകളിലേക്ക് രക്തയോട്ടം കൂടി.. അവൻ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി. “എന്നവൻ പറഞ്ഞോ പാറൂ..?? അരുൺ ആകാംക്ഷയോടെ കോപം പൂണ്ട് അവളുടെ മുഖത്തേക്ക് നോക്കി. ” മ്മ്… അയാളു പറഞ്ഞു … എന്നെ.. വേണ്ടെന്ന്.. എനിയ്ക്കിത് താങ്ങാൻ വയ്യ അരുണേട്ടാ.. എന്റെ നെഞ്ച് പൊട്ടുവാ.. സാർ നെ മറക്കേണ്ടി വന്നാൽ ഞാൻ പിന്നെ…. ഞാൻ അത്രയ്ക്ക് സാർനെ…. പാർവ്വതി അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു.. അരുൺ അവളുടെ മുടിയിഴകൾ തലോടി.. ” നീ സമാധാനിക്ക് മോളെ നമുക്കിതിനൊരു പരിഹാരമുണ്ടാക്കാം.. ഞാനവനോട് സംസാരിക്കാം എന്താണ് കാര്യമെന്ന്.. നീ ഒന്നടങ്ങ് പാറു… അവളുടെ കണ്ണുനീർ നെഞ്ചിൽ വീണപ്പോൾ അവന് നെഞ്ചകം പൊള്ളുന്നത് പോലെ തോന്നി. അവന്റെ കണ്ണുകൾ തുളുമ്പി..

” നിന്നെയവൻ ചതിക്കാനാണ് പരിപാടിയെങ്കിൽ …. അവനെ ഞാൻ തീർക്കും പാറൂ..!! കാശുള്ളവന് പാവങ്ങളോട് എന്തുമാകാം എന്ന തോന്നൽ അവനുണ്ടേൽ ഞാനത് തീർത്തു കൊടുക്കാം.. !! തിളച്ചു നിന്ന കോപത്തോടെ അരുൺ പടിപ്പുരയുടെ ഭിത്തിയിൽ ആഞ്ഞിടിച്ചു… അവന്റെ ശരീരമാസകലം ദേഷ്യത്താൽ വിറച്ചു. ഒരു വിധത്തിൽ പാർവ്വതിയെ കാര്യങ്ങൾ പറഞ്ഞ് സമാധാനിപ്പിച്ച് അരുൺ വീട്ടിൽ കൊണ്ടു പോയി വിട്ടു.. ശ്രീദേവിയോട് ഒന്നും തൽക്കാലത്തേക്ക് പറയേണ്ടെന്ന് അവൻ പാർവ്വതിയെ ചട്ടം കെട്ടി. പാർവ്വതിയെ ആക്കിയിട്ട് വീട്ടിലെത്തിയ അരുൺ മാധവൻ കായക്കുല മുറിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന മൂർച്ചയുള്ള കത്തി കടലാസിൽ പൊതിഞ്ഞെടുത്ത് അരയിൽ തിരുകി.. ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഇല്ലിക്കൽ ലക്ഷ്യമാക്കി ഓടിച്ചു പോയി.

തുടരും