18/04/2026

മാനസതീത്ഥ : ഭാഗം 09

രചന – കണ്ണന്റെ മാത്രം

തൊട്ടുപോകരുത് എന്നെ……

ഇത്രേം നേരം നിങ്ങൾ ഓരോരുത്തരോടും ഞാൻ യാചിച്ചത് എന്നേ നിങ്ങൾ തെറ്റിദ്ധരിച്ചത് കൊണ്ടുള്ള വിഷമം കൊണ്ട് മാത്രം അല്ല കുറച്ചെങ്കിലും തെറ്റ് എന്റെ ഭാഗത്ത് ഉണ്ടായിരുന്നത് കൊണ്ടാണ്. എന്തൊക്കെ ആയാലും Dr. സിദ്ധാർഥ് എന്നേ വിളിച്ചപ്പോ ഞാൻ നുണ പറഞ്ഞത് കൊണ്ടാണല്ലോ എന്നേ തെറ്റിദ്ധരിച്ചത് എന്ന് കരുതിയാണ്.
അല്ലാതെ Dr. സിദ്ധാർഥ് ശങ്കറിന്റെ ഭാര്യ എന്ന അല്ലെങ്കിൽ മേലെടത് തറവാടിന്റെ മരുമകൾ എന്ന പേരും പെരുമയും പോകും എന്ന് വച്ചിട്ട് ഒന്നും അല്ല. ശിവാമി പണ്ടും അനാഥ ആയി ആണ് ജീവിച്ചിട്ടുള്ളത് ആണ് ഇനിയും അങ്ങനെ ജീവിക്കാൻ ഒരു മടിയും ഇല്ല. പക്ഷേ ഇനി ഞാൻ അനാഥ അല്ലല്ലോ ഒന്നുമില്ലെങ്കിലും ഈ കല്യാണം കൊണ്ട് എനിക്ക് രണ്ടു ബന്ധങ്ങൾ കിട്ടിയല്ലോ. ഒന്ന് കൂടപ്പിറപ്പിനെ പോലെ എന്നേ സ്നേഹിക്കേം വിശ്വസിക്കേം ചെയ്യുന്ന എന്റെ മാളുവിനെയും പിന്നെ നിങ്ങൾ പിതൃത്വം നിഷേധിച്ച എന്റെ കുഞ്ഞിനേയും. അതു പറയുമ്പോൾ അവളുടെ ഒരു കൈ മാളുവിനെയും ഒരു കൈകൊണ്ട് തന്റെ ഉദരത്തെയും പൊതിഞ്ഞു പിടിച്ചിരുന്നു.

ഒരു നിമിഷം ആമിയുടെ കണ്ണുകളിൽ നോക്കിയ സിദ്ധുവിന് അതിൽ എരിയുന്ന അഗ്നിയിൽ താൻ വെന്തുപോകുമോ എന്ന് സംശയം തോന്നി. അത്രേം തീക്ഷണത ഉണ്ടായിരുന്നു ആ നോട്ടത്തിന്. തനിക്ക് തെറ്റുപറ്റിയോ ഇനി.. പ്രിയ എന്തിന് കള്ളം പറയണം.. പിന്നെ ആ ഫോട്ടോസ്. താൻ നേരിട്ട് കണ്ടത്… അയാൾ പറഞ്ഞത്… ഇതൊക്കെ എങ്ങനെയാ തെറ്റാവാ..

ഈ സമയം ആമി റൂമിൽ പോയി അവളുടെ ഡ്രെസ്സും സർട്ടിഫിക്കേറ്റസും ഒരു ബാഗിലാക്കി വന്നു.

ഞാൻ പോവുകയാണ് എങ്ങനെ വന്നോ അങ്ങനെ പോകുന്നു. അധികമായി കൊണ്ട് പോകുന്നത് എന്റെ കുഞ്ഞിനെ മാത്രം ആണ്. അവൾ അവളുടെ കഴുത്തിൽ കിടക്കുന്ന താലി ഊരിയെടുത്തു. അപ്പോൾ മാത്രം അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു വീണു. അതുകണ്ടപ്പോ എന്തോ സിദ്ധുവിന്റെ ചങ്കും ഒന്നു പിടച്ചു.

അവൾ ആ താലി സിദ്ധുവിന് നേരെ നീട്ടി. അവൻ കൈനീട്ടാതെ വന്നപ്പോ ബലമായി അവന്റെ കൈപിടിച്ച് അതിൽ ആ താലി വച്ച് കൊടുത്തു അവൾ.
ദേ ഇവിടെ തീർന്നു Dr. സിദ്ധാർഥും ശിവാമിയും തമ്മിൽ ഉള്ള ബന്ധം. ഇനി ഒരിക്കലും ഈ മുന്നിൽ വന്ന് നിൽക്കാൻ ഉള്ള അവസരം ഉണ്ടാവാതിരിക്കട്ടെ.. ഇനി അഥവാ അങ്ങനെ ഒരു അവസ്ഥ വന്നാലും പഴയ ബന്ധങ്ങൾ കൂട്ടി ചേർക്കാൻ ആരും വരരുത്.

പിന്നെ ഒരു കാര്യം കൂടി. Dr. സിദ്ധാർഥ് ആമിയെ പ്രാണൻ കൊടുത്ത് സ്നേഹിച്ചു എന്ന് പറഞ്ഞു കേട്ടു. ഇനി അങ്ങനെ പറയരുത്. താൻ എന്നേ അങ്ങനെ സ്നേഹിച്ചിട്ടില്ല. ശരീരം കൊണ്ട് സ്നേഹിച്ചിട്ടുണ്ട് അതിന്റെ തെളിവാണല്ലോ എന്റെ ഉദരത്തിൽ ഉള്ളത്. എനിക്ക് ഉറപ്പുണ്ട് എന്റെ ഉള്ളിൽ ഒരു കുരുന്ന് നാബിട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി സിദ്ധാർഥ് തന്നേ ആണെന്ന്. മനസ്സുകൊണ്ട് എന്നേ സ്നേഹിച്ചിരുന്നെങ്കിൽ ഒരു തരിബെങ്കിലും എന്നേ വിശ്വച്ചേനെ. സ്നേഹത്തിന്റെ അടിസ്ഥാനം തന്നേ വിശ്വസം ആണ്.

അവൾ ബാഗും എടുത്ത് മാളുവിന്‌ അടുത്തേക്ക് പോയി. പോട്ടെ മോളെ…
ഏട്ടത്തി ഈ ഒരു അവസ്ഥയിൽ എങ്ങോട്ടാണ്.

ഏട്ടത്തി അല്ല മോളെ ചേച്ചി. നിനക്ക് ഇനി അങ്ങനെ ഒരു ബന്ധം ഉള്ളൂ.. ഞാൻ എന്തായാലും പോവുകയാണ്. ഇനി ഒരു നിമിഷം ഞാൻ ഇവിടെ നിന്നാൽ അത് എന്റെ മരണത്തിനു തുല്യം ആണ്.

അതുകേട്ടതും സിദ്ധു ഞെട്ടികൊണ്ട് അവളെ നോക്കി…

അതുകൊണ്ട് ഞാൻ പോകട്ടെ…നന്നായി പഠിക്കണം. നല്ല ഡോക്ടർ എന്ന പേരുകേൾപ്പിക്കണം..ചേച്ചി എന്നും മോൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഇതൊക്കെ പറയുമ്പോൾ രണ്ടുപേരും കരയുന്നുണ്ടായിരുന്നു.
ആമി ആ തൃസന്ധ്യ നേരത്ത് എന്നെന്നേക്കുമായി മേലെടത് തറവാടിന്റെ പടിയിറങ്ങി പോയി……..

സിദ്ധുവേട്ടാ നിങ്ങൾ അനുഭവിക്കാൻ പോകുന്നെ ഉള്ളൂ. സത്യങ്ങൾ അറിയുമ്പോ കുറ്റബോധം കൊണ്ട് നീറും നിങ്ങൾ. ഇനി എന്ന് ആമി ചേച്ചി നിങ്ങളോട് ക്ഷമിക്കുന്നോ അന്നേ ഞാനും ക്ഷമിക്കൂ. കാരണം ഇന്ന് എന്റെ ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ ഞാനും കാരണക്കാരി ആണ്.

നീ എന്തൊക്കെയാ മോളെ പറയുന്നേ.. അവൻ നിന്റെ ചേട്ടൻ അല്ലെ… ലക്ഷ്മിയമ്മ പറഞ്ഞു..

ഈ വായ ഇയാൾ ആ പെണ്ണിനെ അതും ഇതും വിളിച്ചുപറയുമ്പോൾ എവിടെ ആയിരുന്നു.. അപ്പൊ ഇനി അങ്ങോട്ട് എന്നോടും ഒന്നും പറയാൻ വരണ്ട…

പിന്നെ അങ്ങട് എല്ലാവരും കാണുന്നത് ഒരു വേറെ മാളുവിനെ ആയിരുന്നു. കളിയും ചിരിയും ഇല്ലാത്ത ഒരുപാട് സംസാരങ്ങൾ ഇല്ലാത്ത മാളുവിനെ. പിന്നെ സിദ്ധുവിന്റെ മുഖത്ത് നോക്കാനോ സംസാരിക്കാനോ അവൾ കൂട്ടാക്കിയിട്ടില്ല…

……………

Present…..

പെട്ടന്ന് ഒരു ഇരമ്പലോടെ വണ്ടി നിന്നു. സിദ്ധു ഞെട്ടി കണ്ണുതുറന്നു നോക്കുമ്പോൾ അവർ മേലേടത് എത്തിയിരുന്നു.

എല്ലാവരും വീട്ടിലേക്ക് കയറി. വീടിനുള്ളിലേക്ക് കയറിയതും അജു മാളുവിനെ അവന് നേരെ തിരിച്ചു നിർത്തി കൊണ്ട് ചോദിച്ചു
മാളു നിനക്ക് ആമി എവിടെ ആയിരുന്നു ഉണ്ടായിരുന്നതെന്ന് അറിയാമായിരുന്നു. എന്ന് എനിക്കറിയാം. എനിക്കറിയേണ്ടത് എന്ന് മുതൽ അറിയാമായിരുന്നു എന്നാണ്..

മാളു എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു.. എനിക്ക് ചേച്ചി പോയി പിറ്റേന്ന് മുതൽ അറിയാമായിരുന്നു ചേച്ചി എവിടെ ആയിരുന്നു എന്താണ് ചെയ്യുന്നത് എന്നൊക്കെ…

എല്ലാവരും ഒരു ഞെട്ടലോടെ ആണ് മാളുവിന്റെ മറുപടി കേട്ടത്..

എന്താ നീ പറഞ്ഞെ അന്ന് മുതലേ അറിയാമായിരുന്നു എന്നോ.. എന്നിട്ടാണോ സിദ്ധു ഇവിടെ ഇങ്ങനെ ഉരുകി തീരുന്നത് കണ്ടിട്ടും നീ മിണ്ടാതെ ഇരുന്നത്.. അജു ദേഷ്യത്തിൽ ചോദിച്ചു.

അങ്ങനെ ഒരു അവസ്ഥ സ്വയം വരുത്തി വച്ചതല്ലേ.. ഒരു നിമിഷം എന്റെ ചേച്ചിയെ ഒന്നു വിശ്വസിച്ചിരുന്നെങ്കിൽ ഏട്ടന് ഇന്ന് ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നോ.. വിശ്വസിക്കുന്നത് പോട്ടെ ചേച്ചിക്ക് എന്താ പറയാനുള്ളത് എന്ന് ഒന്നു കേൾക്കാൻ വരെ തയ്യാറായില്ലല്ലോ.. മാളു ദേഷ്യത്തോടെ സിദ്ധുവിനെ നോക്കികൊണ്ട് അജുവിനോട് പറഞ്ഞു.

അതുകേട്ടപ്പോ സിദ്ധുവിന്റെ തല കുനിഞ്ഞു.. അവന്റെ കണ്ണുകൾ നിറഞ്ഞു…

എന്നാലും മാളു മോളുണ്ടായ വിവരം എങ്കിലും നിനക്ക് പറയാമായിരുന്നു. ലക്ഷ്മിയമ്മ പറഞ്ഞു..

എന്തിന് ആ പെണ്ണിവിടെ നിന്നും ഇറങ്ങിപ്പോയിട്ട് സത്യങ്ങൾ അറിയുന്നവരെ നിങ്ങൾക്ക് ആർക്കെങ്കിലും അവരെ ഒന്ന് അന്വേഷിക്കണം എന്ന് തോന്നിയോ.. അപ്പോഴും അവർ ഗർഭിണി ആയിരുന്നു. അതെല്ലാവർക്കും അറിയാമായിരുന്നല്ലോ..മാളു ചോദിച്ചതും ലക്ഷ്മിയമ്മക്ക് എന്തു പറയണം എന്ന് അറിയാതെ ആയി..

അന്ന് നിങ്ങൾ എല്ലാവരും കൂടി അതിനെ ജീവനോടെ കൊന്ന ദിവസം ചേച്ചി വന്നത് ചേച്ചിക്ക് ബാങ്കിൽ ജോലി കിട്ടിയ കാര്യവും ഗർഭിണി ആണെന്ന കാര്യം പറയാനും ആയിരുന്നു. അത്രേം സന്തോഷത്തിൽ വന്ന എന്റെ ചേച്ചിയെ ആണ് നിങ്ങൾ എല്ലാവരും കൂടി ഇറക്കിവിട്ടത്…

അതുകേട്ടതും സിദ്ധുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി…

പക്ഷേ മാളു കഴിഞ്ഞ അഞ്ചുവർഷമായി സിദ്ധു അനുഭവിക്കല്ലേ… അജു പറഞ്ഞു

എന്തു അനുഭവിച്ചു.. ഒന്നും അനുഭവിച്ചില്ല…
ഞാൻ പറയാം കഴിഞ്ഞ അഞ്ചുകൊല്ലം ആമിയേച്ചി അനുഭവിച്ചത്…

അന്ന് ഇവിടെ നിന്ന് ആമി ചേച്ചി പോയത് നേരെ കോഴിക്കോട്ക്ക് ആണ്. അവിടെ ബാങ്കിൽ ആയിരുന്നു ചേച്ചിക്ക് ജോലി കിട്ടിയത്. ആദ്യത്തെ കുറച്ച് നാൾ ഹോസ്റ്റലിൽ പിന്നെ ഒരു വാടക വീടെടുത്ത് മാറി.. മൂന്നാമത്തെ മാസത്തെ സ്കാനിംഗിൽ ആണ് പ്രെഗ്നൻസിയിൽ ഉള്ള കോംപ്ലിക്കേഷൻ അറിഞ്ഞത്. അന്ന് ഡോക്ടർ പറഞ്ഞു കുഞ്ഞിനെ അബോർട്ട് ചെയ്യണം ഇല്ലെങ്കിൽ ചേച്ചിയുടെ ജീവിതം അപകടത്തിൽ ആകും എന്ന്…

ഇതുകേട്ടതും സിദ്ധു ഞെട്ടലോടെ മുഖമുയർത്തി നോക്കി. അവന്റെ കണ്ണുകൾ ശക്തിയായി പെയ്യ്തു.

എന്നിട്ടും ചേച്ചി അബോർട്ട് ചെയ്യാൻ കൂട്ടാക്കിയില്ല.. ആദ്യം എല്ലാം ധൈര്യത്തിൽ നിന്ന ചേച്ചിക്ക് ഏഴാംമാസം ഒക്കെ ആയപ്പോൾ പേടി ആയി തുടങ്ങി പ്രസവത്തോടെ ചേച്ചിക്ക് എന്തെങ്കിലും പറ്റിയാൽ ഈ കുഞ്ഞ് ചേച്ചിയെപ്പോലെ അനാഥ ആയി വളരേണ്ടി വരുമോ എന്ന്. അതും പറഞ്ഞു ഫോണിലൂടെയുള്ള ചേച്ചിയുടെ ചങ്ക്‌പൊട്ടിയുള്ള കരച്ചിൽ എനിക്ക് ഇന്നും മറക്കാൻ പറ്റിയിട്ടില്ല. അന്ന് ചേച്ചി എന്നോട് ഒരു കാര്യം യാചിച്ചു. ചേച്ചിക്ക് എന്തേലും പറ്റിയാൽ ആ കുഞ്ഞിനെ എന്റെ കുഞ്ഞായി വളർത്തണം എന്ന്. അത്രപോലും സിദ്ധുവേട്ടന്റെ കുഞ്ഞ് ആയി അത് വളരാൻ ചേച്ചി ആഗ്രഹിച്ചിരുന്നില്ല..

ഇതുകേട്ടതും സിദ്ധു കണ്ണുകൾ ഇറുക്കി അടച്ചുപോയി.. ഇത്രേം വെറുത്തുപോയോ ശിവ നീ എന്നെ.. അവൻ മനസ്സിൽ ചിന്തിച്ചു…

അജുവേട്ടന് ഓർമയില്ലേ എന്റെ കല്യാണം ആമിയേച്ചി പോയി ആറ് മാസം കഴിഞ്ഞ സമയത്തു എന്റെ വാശിക്ക് അല്ലെ നടത്തിയത്…
അത് ഞാൻ ആമിയേച്ചിക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടിയായിരുന്നു. ആമിയേച്ചിയുടെ കുഞ്ഞ് നമ്മുടെ കുഞ്ഞായി വളരും എന്ന വാക്ക് പാലിക്കാൻ.നമ്മുടെ കല്യാണം കഴിഞ്ഞ ടൈമിൽ 6 മാസത്തെ കോഴ്സ് ചെയ്യാൻ അമേരിക്കക്ക് പോയില്ലേ.. ആ സമയത്ത് എനിക്ക് പ്രാക്ടീസ് ഇവിടെ ചെയ്യണ്ട വേറെ എവിടെങ്കിലും മതി എന്നും പറഞ്ഞു ഞാൻ മാറി നിന്നില്ലേ ആറുമാസം. എല്ലാവരും അതു അജുവേട്ടൻ പോയ വിഷമത്തിൽ ആവും എന്ന് കരുതി സമ്മതിച്ചില്ലേ ആ സമയം ഞാൻ പോയത് കോഴിക്കോട്ക്ക് ആയിരുന്നു. ചേച്ചിയുടെ പ്രസവസമയത്തു എനിക്ക് കൂടെ നിക്കണം എന്നുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അജുവേട്ടൻ പോയ 6 മാസം എനിക്ക് ചേച്ചിയുടെ കൂടെ നിക്കാൻ പറ്റി. അപ്പോഴേക്കും ജാനകിയമ്മയെയും ചേച്ചി കൂടെ കൂട്ടിയിരുന്നു. അവർ ചേച്ചിക്ക് വാക്കാൽ മാത്രം അല്ല പ്രവർത്തിയിലും അമ്മ തന്നെ ആയിരുന്നു.

അതുകേട്ടതും ലക്ഷ്മിയമ്മയുടെ തല താണു. താൻ ആമിക്ക് വാക്കാൽ മാത്രേ അമ്മ ആയിട്ടുള്ളു എന്ന് അവർക്ക് അറിയാമായിരുന്നു.

അങ്ങനെ ഞാനും പോയി ചേച്ചിയുടെ കൂടെ നിന്നു. ഒരു ദിവസം രാത്രി വേദന വന്ന് ചേച്ചിയെ കൊണ്ട് ഓടുമ്പോഴും ഒരു പ്രാർത്ഥനയെ ഞങ്ങൾക്ക് രണ്ടുപേർക്കും ഉണ്ടായിരുന്നുള്ളു രണ്ടാൾക്കും ഒന്നും സംഭവിക്കാതെ കിട്ടണേ എന്ന്. ലേബർ റൂമിൽ കേറ്റാൻ നേരത്തും ഞാൻ ഇല്ലാണ്ടായ എന്റെ കുഞ്ഞ് അനാഥൻ ആവരുതേ മാളു എന്നും പറഞ്ഞു എന്റെ കൈപിടിച്ചു യാചിച്ചു കരഞ്ഞ ചേച്ചിയുടെ മുഖം ഇപ്പോഴും ഇടക്ക് എന്റെ ഉറക്കം കളയാറുണ്ട്. കാരണം ഇതിനൊക്കെ കാരണം ഞാൻ ആണല്ലോ എന്ന കുറ്റബോധം. ഞാൻ പറഞ്ഞിട്ടാണല്ലോ ചേച്ചി അന്ന് നുണ പറഞ്ഞത് എന്ന് ആലോചിച്ചു വിഷമിക്കാത്ത ഒരു ദിവസം ഇല്ല ഈ അഞ്ചുകൊല്ലത്തിനിടയിൽ എന്റെ ജീവിതത്തിൽ. അന്നത്തെ ദിവസം എനിക്ക് നിങ്ങളെ കൊല്ലാൻ ആണ് സിദ്ധുവേട്ടാ തോന്നിയത്. ഇങ്ങനെ ഒരു അവസ്ഥ ആ പെണ്ണിന് വരുത്തിയതിന്…

മരിക്കുന്നതായിരുന്നു മാളു ഇതിലും ഭേദം..ഇതൊക്കെ കേട്ട് ഇങ്ങനെ ഇഞ്ചിഞ്ചയി ചാവുന്നതിലും ഭേദം.. സിദ്ധു മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു..

കഴിഞ്ഞിട്ടില്ല… ഇനിയും ഉണ്ട് നിങ്ങൾ അറിയാൻ..

ആ ലേബർ റൂമിന്റെ മുൻപിൽ ഇരുന്ന നേരം മുഴുവൻ ഞങ്ങൾ ദൈവത്തെ വിളിക്കായിരുന്നു. എന്നിട്ടും ദൈവം ഞങ്ങളെ കേട്ടില്ല….

കുഞ്ഞിനെ ഒരു കുഴപ്പവും കൂടാതെ തന്നു… പക്ഷേ എന്റെ ആമിയേച്ചി…….

തുടരും…..