രചന – കൃഷണ
ഹർഷയുടെയും ജാനുവിന്റെയും കല്യാണം… ജാനിയുടെ വീടിനടുത്തായുള്ള മഹാദേവ ക്ഷേത്രത്തിൽ വെച്ചാണ് താലി കെട്ട്… ചെറിയൊരു ചടങ്ങ്… അതികം ആളുകളുമില്ല… ജാനിയുടെ വശത്ത് നിന്നും സ്വന്തമെന്ന് പറയാൻ കാർത്തിയും കൗസല്യയും മാത്രം… പിന്നെ ചടങ്ങിൽ പങ്കെടുക്കാൻ പുറത്ത് നിന്ന് ആര്യയും അവർക്കയൽപ്പക്കത്തായുള്ള നാലഞ്ചു കുടുംബവും…
ദേ ജാനു നീ മുഖം ഇങ്ങനെ കറുപ്പിച്ചിരിക്കാതെ… ഇന്ന് നിന്റെ ജീവിതത്തിലെ മഹത്തായ ഒരു ദിവസമാണ്… നീ ഇങ്ങനെ ഒരു താൽപ്പര്യവുമില്ലാത്ത രീതിയിൽ ഇരിക്കാതെ പെണ്ണേ…
ജാനുവിന്റെ മുഖത്ത് ചെറിയൊരു മിനുക്ക് പണി കൂടി ചെയ്ത് സെറ്റ് ചെയ്ത് ആര്യ പറഞ്ഞു…
എന്നാൽ ആര്യ പറഞ്ഞതിന് ജാനു അവളെ നോക്കിയത് മാത്രമേയുള്ളു… മറുപടിയൊന്നും തന്നെയില്ല… അല്ലങ്കിൽ തന്നെ ഇനി എന്ത് പറയാൻ…
അവൾ മനസിലോർത്തു…
കാർത്തി മുറിയിലേക്ക് കേറി വരുമ്പോൾ കണ്ണാടിക്ക് മുന്നിലായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന തന്റെ പെങ്ങളെ കണ്ട് കാർത്തി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു പോയി… അവന്റെ മനസിലേക്ക് കുഞ്ഞി ജാനു തെളിഞ്ഞു വന്നു… തന്റെ വിരൽ തുമ്പിൽ പിടിച്ച് പിച്ച വെച്ചു നടന്നവൾ അച്ഛനെയും അമ്മയെക്കാളും കൂടുതൽ തന്റെ ചൂടിൽ വളർന്നവൾ ഏട്ടാ എന്നും വിളിച്ച് തന്റെ പിന്നാലെ നടന്നവൾ താനൊന്ന് ശബ്ദമുയർത്തിയാൽ എന്തിന് തന്റെ മുഖമൊന്നു മാറിയാൽ കണ്ണിൽ വെള്ളം നിറച്ച് ചുണ്ടു വിതുമ്പി കരയുന്നവൾ എന്നും തന്റെ നെഞ്ചോട് ചേർന്ന് കിടന്ന് ഓരോന്നും കാര്യമായി പറഞ്ഞ് ഉറങ്ങിയിരുന്നവൾ ഒന്ന് നുള്ളി നോവിക്കാൻ അനുവദിച്ചിട്ടില്ല… തങ്ങടെ അച്ഛന്റെയും അമ്മയുടെയും വേർപാടിലും സ്വയം നിയന്ത്രിച്ച് ഒരു കുറവ് പോലും അറിയിക്കാതെ പൊതിഞ്ഞു പിടിച്ചിരുന്നു താൻ…
ഓരോ ഓർമ്മയിൽ കാർത്തിക്കിന്റെ കണ്ണുകളിൽ നനവ് പടർന്നു…
ഇപ്പോ ഇതാ… തന്റെ പെങ്ങൾ അല്ല തന്റെ മകൾ ആഭരണഭൂഷിണിയായി അണിഞ്ഞൊരുങ്ങി തനിക്ക് മുന്നിൽ… വിശ്വസിക്കാൻ കഴിയുന്നില്ല… തന്റെ ജാനു വലുതായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല… ഇപ്പോഴും തന്റെ കണ്ണിൽ അവൾ കുഞ്ഞ് തന്നെയാണ്…
ഒരു വേള ജാനിയുടെ കണ്ണുകൾ കണ്ണാടിയിൽ നോട്ടം കൊടുത്തതും വാതിലിനോരം ചേർന്ന് തന്നെ തന്നെ നോക്കി നിൽക്കുന്ന കാർത്തിയെ കണ്ട്… അവൾ വേഗം എണീറ്റ് അവന് നേരെ തിരിഞ്ഞു…
ഏട്ടാ… അവൾടെ വിളിയായിരുന്നു അവനെ ഓർമ്മയിൽ നിന്നുമുണർത്തിയത്… കണ്ണുകളിൽ നീർത്തളം കെട്ടിയിരുന്നു… അവൻ വേഗം കൈ കൊണ്ട് കണ്ണുകൾ തുടച്ച് അവളെ നോക്കി പുഞ്ചിരിച്ച് അടുത്തേക്ക് വന്നു…
എന്താ ഏട്ടാ… എന്റെ ഏട്ടന്റെ കണ്ണ് നിറഞ്ഞല്ലോ…
അവൾ ആതിയോടെ കാർത്തിയുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ചോദിച്ചതും അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്തു പിടിച്ചു…
ആര്യ ചെറു ചിരിയോടെ അവരെ നോക്കി പുറത്തേക്കിറങ്ങി…
ഏട്ടനോട് ദേഷ്യമുണ്ടോ എന്റെ മോൾക്ക്…?
ജാനുനെ അവനിൽ നിന്നും അടർത്തി മാറ്റാതെ തന്നെ ചോദിച്ചു…
എന്തിനാ ഏട്ടാ… എന്റെ ഏട്ടനോട് എന്തിനാ ദേഷ്യം… അല്ലങ്കിൽ തന്നെ എന്റെ ഏട്ടനോട് ഏട്ടന്റെ ഈ അനിയത്തി കുട്ടിക്ക് ദേഷ്യപ്പെടാൻ കഴിയോ…
അവൾ പറഞ്ഞത് കേട്ട് കാർത്തി അവളെ ഒന്ന് കൂടി അണച്ചു പിടിച്ചു… കണ്ണിൽ നിന്നും നീർതുള്ളി കവിളിലൂടെ ഒലിച്ചിറങ്ങി…
ഏട്ടന്റെ വാശി കൊണ്ട് ഈ കല്യാണത്തിന് സമ്മതിച്ചതല്ലേ എന്റെ മോള്… ഇഷ്ടമില്ലാതെ ഒരാളിലേക്ക് എന്റെ കുട്ടിയെ അടിച്ചേൽപ്പിച്ചെന്ന തോന്നലുണ്ടോ…?
എന്റെ ഏട്ടന്റെ സന്തോഷമാണ് എന്റെയും സന്തോഷം…
അത്രമാത്രമേ അവൾ പറഞ്ഞുള്ളു…
തെക്കേപ്പുറത്ത് അടക്കം ചെയ്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും കല്ലറയിൽ തൊഴുത് പ്രാർത്ഥിച്ച് കൗസല്യയുടെയും കാർത്തിയുടെയും കാല് തൊട്ടനുഗ്രഹവും വാങ്ങി ക്ഷേത്രത്തിലേക്കിറങ്ങി…
അമ്പലത്തിലേക്കുള്ള യാത്രയിൽ കാർത്തിയുടെ കൈക്കുള്ളിൽ തന്നെയായിരുന്നു ജാനു…
വണ്ടി അമ്പലത്തിനു മുന്നിലെത്തിയതും ആ കൈകളിലെ മുറുക്കവും നെഞ്ചിലെ പിടപ്പും അവൾക്ക് മനസിലാകുന്നുണ്ടായിരുന്നു…
കാർത്തിയുടെ കൈയ്യിൽ പിടിച്ച് അമ്പളപടികൾ കേറുമ്പോൾ മനസ് വല്ലാത്തൊരവസ്ഥയിലായിരുന്നു…
ക്ഷേത്രത്തിലേക്ക് പ്രേവേശിച്ചപ്പോഴേ കണ്ണിൽ കണ്ട കാഴ്ച ശ്രീകോവിലിനു മുന്നിൽ ഒരു പുഞ്ചിരിയോടെ നിക്കുന്ന താന്തോന്നിയെ ആണ്… നോട്ടം തന്നിലേക്കാണ്…
ഡാർക്ക് ബ്രൗൺ കളറിലെ ജുബ്ബയും അതെ കരയിലെ മുണ്ടുമാണ് വേഷം… നല്ല അടിപൊളി ലുക്കിൽ മിന്നി നിൽക്കുവാണ് കക്ഷി…
അച്ചുവിന്റെ കണ്ണിൽ ജാനു മാത്രം നിറഞ്ഞു നിൽക്കുവായിരുന്നു… ഡാർക്ക് ബ്രൗൺ കളർ ബോട്ട് നെക്ക് ബ്ലൗസും അതെ കരയിലെ സെറ്റും മുണ്ടുമാണ് വേഷം… നല്ല ഉള്ളോട് കൂടിയ മുട്ടൊളമുള്ള മുടി പിന്നി മുല്ലപ്പൂവിനാൽ ഭംഗിയാക്കിയിരിക്കുന്നു… വിടർന്ന കണ്ണുകൾ നീട്ടി എഴുതിയിരിക്കുന്നു… കട്ടിയുള്ള പിരികക്കൊടികൾക്ക് നടുവിലായി ബ്രൗൺ കളറിലൊരു വട്ട പൊട്ടും തൊട്ടിരിക്കുന്നു…
ഇമ വെട്ടാതെ അച്ചു ജാനുവിനെ നോക്കി നിന്നു പോയി… അവൾ അവന് തൊട്ടടുക്കൽ വന്നു നിന്നതും ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി…
അവന്റെ നോട്ടം തന്നിലാണെന്ന് അറിഞ്ഞിട്ടും അവൾ ഒന്ന് പാളി പോലും നോക്കിയില്ല…
തിരുമേനി പൂജിച്ചു തന്ന താലിയിൽ കോർത്ത മഞ്ഞ ചരട് കൈയ്യിൽ വാങ്ങുമ്പോൾ ഹർഷയുടെ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി…
തന്റെ പെണ്ണ്… തന്റെ മാത്രമാകാൻ പോകുന്ന നിമിഷം…
ജാനുവിന്റെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ ഹർഷ അവൾടെ കഴുത്തിൽ താലി ചാർത്തി… കണ്ണുകൾ അടച്ച് കൈകൾ കൂപ്പി തന്റെ താലിയെ സ്വീകരിക്കുന്ന ജാനുവിനെ അവൻ പ്രേണയത്തോടെ നോക്കി… മൂന്നാമത്തെ കെട്ട് മുറുക്കിയതും ഹർഷയുടെ ചുണ്ടുകൾ ജാനുന്റെ നെറ്റിയിൽ അമർന്നു… കണ്ണുകൾ വലിച്ചു തുറന്ന് ഹർഷയെ നോക്കി… അപ്പോഴേക്കും അവൾടെ സീമന്തരേഖ കൂടി അവൻ നീട്ടി ചുവപ്പിച്ചു കഴിഞ്ഞിരുന്നു…
യാതൊരു ഭാവ വ്യത്യാസവുമില്ലാതെ അവളെ നോക്കി കണ്ണിറുക്കി കാണിച്ച് അച്ചു ശ്രീകോവിലിനുള്ളിലേക്ക് തിരിഞ്ഞ് കൈകൾ കൂപ്പി…
ചടങ്ങ് കഴിഞ്ഞ് പിന്നെ അങ്ങോട്ട് ഫോട്ടോ എടുപ്പായിരുന്നു… നിരവതി ഫോട്ടോ നിരത്തി പിടിച്ച് എടുക്കലായിരുന്നു… ഫോട്ടോ എടുക്കുന്നത് രാകേഷാണ്… കക്ഷി ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കൂടിയാണ്… രാകേഷ് പറയുന്ന ഓരോ പൊസിഷനിൽ നിന്ന് കൊടുത്ത് അവസാനം അതിനൊരു തീരുമാനമായി…
ക്ഷേത്രങ്കണത്തിലുള്ള ഓഡിറ്റോറിയത്തിലാണ് സദ്യ ഒരുക്കിയത്… പന്തിയിൽ ഇരിക്കുമ്പോൾ ഒരുരുള ചോറ് കാർത്തി ജാനൂന്റെ വായിൽ വെച്ച് കൊടുത്തു… ആ കാഴ്ച കണ്ട് അച്ചൂന്റെ മനസും വല്ലാതെ കൊതിച്ചു പോയി… തന്റെ പെണ്ണിന് ഒരു പിടി കൊടുക്കാൻ…
എല്ലാം കഴിഞ്ഞ് ഇറങ്ങാൻ നേരമായതും ജാനു കാർത്തിയെ ഇറുക്കെ കെട്ടിപ്പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി… കാർത്തി കരയാതിരിക്കാൻ ശ്രെമിച്ചെങ്കിലും അതിന് സാധിച്ചില്ല… അവനും അവളെ ഇറുകെ പുണർന്നു കൊണ്ട് കരഞ്ഞു പോയി… ആ കാഴ്ച കണ്ടു നിന്ന എല്ലാവരുടെ കണ്ണിലും ഈറനണിയിപ്പിച്ചു…
കൗസല്യയോടും ആര്യയോടും യാത്ര പറഞ്ഞ് അവൾ ഒരിക്കൽ കൂടി കാർത്തിയെ നോക്കി… വിങ്ങി പൊട്ടി നിൽക്കുന്ന കാർത്തിയെ മുഖം കണ്ട് അവൾ കരഞ്ഞു കൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് ചേർന്നു… മനസിനെ ഒരു വിധം കല്ലാക്കി കാർത്തി ജാനുനെ ബലം പിടിച്ച് അടർത്തി മാറ്റി അവൾടെ നെറുകയിൽ മുത്തി…
കാർത്തി ജാനുനെ ചേർത്ത് പിടിച്ച് അവർക്കരികിൽ നിന്ന ഹർഷയെ നോക്കി…
എന്റെ മോളാ… പാവമാ… ഏൽപ്പിക്കേ ഞാൻ…
പറയുമ്പോൾ വാക്കുകൾ ഇടറി പോയിരുന്നു…
കാർത്തിക്ക് മറുപടിയായി അവന്റെ കൈകളിൽ മുറുകെ പിടിച്ചു…
കാറിലേക്ക് കേറുമ്പോഴും ജാനുന്റെ കൈ കാർത്തിയുടെ കൈയ്യിൽ മുറുകി പിടിച്ചിരുന്നു… അവൻ അവൾടെ മുടിയിഴയിൽ മെല്ലേ തലോടി കൈകൾ വിടുവിച്ചു…
ഹൃദയം പറിച്ചെടുക്കുന്ന കണക്കെയായിരുന്നു ആ നിമിഷം അവന്…
കാറ് കണ്ണിൽ നിന്ന് മായുന്നത് വരെ നിറ മിഴികളോടെ കാർത്തി നോക്കി നിന്നു… പിന്നെ ആരെയും നോക്കാതെ വെട്ടി തിരിഞ്ഞൊരു പോക്കായിരുന്നു… കൗസല്യ നേരിയതിൽ കണ്ണ് തുടച്ച് കൊണ്ട് അവൻ പോകുന്നത് നോക്കി നിന്നു…
കുറച്ച് മണിക്കൂറുകൾ പിന്നിട്ടത്തിന് ശേഷം കാറ് മാളികയ്ക്കൽ വീടിനു മുറ്റത്ത് വന്നു നിന്നു…
ജാനു അപ്പോഴും ഏങ്ങലടിച്ചിരിക്കുവായിരുന്നു…
പെണ്ണ് കരയുന്നത് കണ്ടിട്ട് സങ്കടവും ദേഷ്യവും വന്നെങ്കിലും അവൾടെ ഇപ്പത്തെ അവസ്ഥയിൽ കൂടുതൽ പറഞ്ഞ് വേദനിപ്പിക്കാൻ തോന്നിയില്ല… ഇവിടം വരെ ഒരുവിധം സഹിച്ചാണ് ഇരുന്നത് തന്നെ…
അച്ചു അവൾക്ക് നേരെ തിരിഞ്ഞു…
ജാനു മതി കരഞ്ഞത്… നീ ആ കണ്ണ് തുടച്ച് ഇറങ്…
എന്നാൽ അച്ചു പറഞ്ഞത് കേൾക്കാതെ അവൾ ഏങ്ങലടിച്ചു കരയുവാണ്…
നിർത്തടി നിന്റെ കരച്ചില്… ഒരലർച്ച തന്നെയായിരുന്നു…
അച്ചുന്റെ അലർച്ച കേട്ടതും ജാനു ഞെട്ടി പിടഞ്ഞു കൊണ്ട് വായ് പൊത്തി അവനെ നോക്കി… കണ്ണുകൾ നിറഞ്ഞൊഴുകി…
അവൾടെ മുഖം കണ്ടപ്പോൾ അവന് പാവം തോന്നി… പക്ഷേ ഇപ്പോ കലിപ്പ് മൂഡ് ഓണാക്കിയേ പറ്റു…
കണ്ണ് തുടക്കടി… അച്ചു പറഞ്ഞ് തീർന്നതും ജാനു പേടിച്ച് വേഗം കണ്ണുകൾ തുടച്ചു… ചുണ്ടുകൾ വിതുമ്പുന്നുണ്ട്…
അച്ചു കണ്ണുകൾ ഇറുക്കി അടച്ചു… അവളെ നോക്കി…
മമ്… വാ ഇറങ്… അതും പറഞ്ഞ് അച്ചു ഡോർ തുറന്നിറങ്ങി… മറു വശത്ത് നിന്ന് ജാനുവും ഇറങ്ങി…
സിന്ധു നിലവിളക്കുമായി നിറഞ്ഞ പുഞ്ചിരിയോടെ സിറ്റൗട്ടിൽ നിൽപ്പുണ്ട്…
ഇരുവരെയും ആരതിയുഴിഞ്ഞ് സിന്ധു നീട്ടിയ നിലവിളക്കും കൈയ്യിൽ ഏന്തി വലതു കാല് വെച്ചവൾ അകത്തേക്ക് കേറി…
നിലവിളക്ക് പൂജാമുറിയിൽ വെച്ച് കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു…
പിന്നീടങ്ങോട്ട് ബാക്കി ചടങ്ങുകൾ തുടങ്ങി… എല്ലാം കഴിഞ്ഞ് സിന്ധു ജാനൂനെയും കൂട്ടി താഴെയുള്ള ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി…
അമ്മേടെ പൊന്ന് മോള് ഇതൊക്കെ രാവിലെ തൊട്ട് ഇട്ട് നിക്കാൻ തുടങ്ങിയതല്ലേ… ഇതൊക്കെ മാറ്റി ഫ്രഷാക്… ദേ മോൾക്ക് മാറ്റിയിടാനുള്ള ഡ്രസ്സ്…
കട്ടിലിൽ നിന്ന് ഒരു കവർ എടുത്ത് ജാനിക്ക് ഏൽപ്പിച്ച് അവർ അവൾടെ നെറ്റിയിൽ സ്നേഹത്തോടെ മുത്തി പുറത്തേക്കിറങ്ങി…
അവൾടെ കണ്ണുകൾ നിറഞ്ഞു… അത് സന്തോഷത്തിന്റെ കണ്ണു നീർ ആയിരുന്നു…
അവൾ കൈയ്യിലെ കവറിലേക്ക് നോക്കി പിന്നെ ബാത്ത്റൂമിലേക്ക് കേറി…
മോനെ കാർത്തി എന്ത് കിടപ്പാടാ ഇത്… വന്നത് മുതൽ ഈ മുറിയിൽ കേറിയിരിക്കാൻ തുടങ്ങിയതല്ലേ… ദേ എണീറ്റേ എന്റെ കുട്ടി…
കാർത്തി മെല്ലേ എണീറ്റ് ഹെഡ് ബോർഡിൽ ചാരി ഇരുന്നു… കണ്ണുകൾ നിറഞ്ഞിരിക്കുവാണ്…
കൗസല്യ വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി…
നമ്മടെ ജാനൂട്ടി നമ്മളെ മുഴുവനായി വിട്ടു പിരിഞ്ഞു പോയതൊന്നുമല്ലല്ലോ കണ്ണാ… അവൾ ഇപ്പോ മറ്റൊരു വീട്ടിലെ അംഗമായി കഴിഞ്ഞങ്കിലും നമ്മടെ കുട്ടിയല്ലേടാ…
അറിയാം അമ്മാമ്മേ… പക്ഷേ എന്തോ… മനസിന് വല്ലാതെ വേദന… ഇനി എന്നും അവൾടെ കുറുമ്പും കളിയും തമാശയും ഏട്ടാന്നുള്ള വിളിയും കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ…
അവന്റെ ശബ്‌ദം ഇടറി പോയിരുന്നു…
കൗസല്യ അവനെ ചേർത്തു പിടിച്ചു… ഒന്നും മിടിയില്ല ആ മുടിയിഴയിൽ തലോടി കൊണ്ടിരുന്നു… ആ വൃദ്ധയുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു…
ജാനു ഫ്രഷായി ഇറങ്ങുമ്പോൾ അവളെ കാത്ത് സിന്ധു മുറിയിൽ നിൽപ്പുണ്ടായിരുന്നു…
അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
എന്തേ മുഖത്തൊരു തെളിച്ചമില്ലായിമ… വീട്ടിലുള്ളവരെ ഓർത്താണോ…?
സിന്ധു ചോദിച്ചത് കേട്ട് ജാനുന്റെ നെഞ്ചോന്ന് പിടച്ചു… അവൾക്ക് കാർത്തിയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും കണ്ണുകൾ നിറഞ്ഞു…
അയ്യേ എന്താ ഇത് അമ്മേടെ കുട്ടി കരയാ… ച്ചേ… അമ്മ ചോദിച്ചന്നല്ലേയുള്ളു… ദേ അമ്മയ്ക്ക് ഇഷ്ട്ടല്ലാട്ടോ ഇങ്ങനെ കരയുന്നത്… ഇവിടെയുള്ളവർ മോൾക്ക് അന്യരോന്നുമല്ല… മോൾടെ സ്വന്തം തന്നെയാ… എന്റെ മരുമകളല്ല മകളാ നീ…
സിന്ധുവിന്റെ വാക്കുകൾ കേട്ട് ജാനു അവരെ തന്നെ നോക്കി നിന്നു പോയി… തന്റെ അമ്മയെ പോലെ… കരുതലും സ്നേഹവും… അവൾടെ മനസിന് നേരിയൊരാശ്വാസം തോന്നി…
തുടരും…

by