17/04/2026

നെഞ്ചോട് : ഭാഗം 07

രചന – കൃഷ്ണ

ജാനൂട്ടി ഏട്ടനോട് പിണക്കമാണോ…?

തന്നെ കണ്ടതും എതിർ വശത്തേക്ക് തിരിഞ്ഞു കിടന്ന ജാനുനെ ചെറു ചിരിയോടെ നോക്കി അവൾക്കടുക്കൽ വന്നിരുന്ന് കൊണ്ട് കാർത്തി ചോദിച്ചു…

എന്നാൽ ജാനുന്റെ ഭാഗത്ത്‌ നിന്ന് അനക്കമൊന്നുമുണ്ടായില്ല…

ജാനൂട്ടി…
ജാനുന്റെ മുടിയിഴയിൽ തലോടി കൊണ്ട് കാർത്തി വിളിച്ചു…

വേണ്ട എന്നെ തൊടണ്ട ഏട്ടൻ…
അതും പറഞ്ഞു കൊണ്ട് ജാനു കാർത്തിയുടെ കൈ തട്ടി മാറ്റി…

നീ ഇങ്ങനെ ദേഷ്യപ്പെടാതെ ഏട്ടന് പറയാനുള്ളത് കൂടി ഒന്ന് കേൾക്ക്…

എനിക്ക് ഒന്നും കേൾക്കണ്ട… ഏട്ടൻ എന്നോട് ചെയ്തത് വലിയ തെറ്റാ… ആ താന്തോന്നിയെ എനിക്ക് ഇഷ്ട്ടമല്ലെന്ന് ഏട്ടനറിഞ്ഞിട്ടും ഏട്ടന്റെ ഭാഗത്ത്‌ നിന്നും ഇങ്ങനൊരു നീക്കം ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല…

എന്റെ മോൾടെ കാര്യത്തിൽ ഏട്ടൻ ഇന്നേ വരെ തെറ്റായ ഒരു തീരുമാനം എടുത്തിട്ടുണ്ടോ… നിനക്ക് തെറ്റായ എന്തേലും ഏട്ടൻ ചെയ്തിട്ടുണ്ടോ…?

അങ്ങനെ ഉണ്ടായിട്ടില്ല പക്ഷേ ഇന്ന്… ഏട്ടൻ എന്നെ വേദനിപ്പിക്കെയാ ചെയ്തെ…

മോളെ ഏട്ടൻ നിന്നെ…..

ഏട്ടാ പ്ലീസ്… എനിക്ക് ഇപ്പോ ഒന്നും കേൾക്കാനോ ഉൾക്കൊള്ളാനോ പറ്റില്ല…

കാർത്തിക്ക് പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ജാനു തീർത്തു പറഞ്ഞു…

കാർത്തി ജാനൂനെ ഒന്ന് നോക്കി മെല്ലെ എണീറ്റ് മുറിവിട്ടിറങ്ങി…

ജാനു മുഖം ചരിച്ച് കാർത്തി പോയിടം നോക്കി… അവൾക്ക് സങ്കടം തോന്നി… ആദ്യമായിട്ടാണ് തന്റെ ഏട്ടനോട് കറുപ്പിച്ചു സംസാരിക്കുന്നത്… അതിന് ഇടയാക്കിയത് ആ താന്തോന്നിയും…
ജാനു കുറച്ച് മണിക്കൂറുകൾക്ക് മുന്നേ നടന്ന കാര്യങ്ങൾ ഓർത്തു…

______________________

അച്ചുവിനെ കണ്ടതിന്റെ പകപ്പിൽ നിക്കുവാണ് ജാനു…

അച്ചുവിന്റെ നോട്ടം ജാനുവിലാണ്… അവൾടെ നിപ്പ് കണ്ട് അച്ചു ഇരുന്നിടത് നിന്നും എണീറ്റ് കാർത്തിക്കിന് നേരെ തിരിഞ്ഞു…

കാർത്തിക്ക് എനിക്ക് ജനനിയോട് ഒന്ന് തനിച്ചു സംസാരിക്കണം…

അച്ചുന്റെ ചോദ്യം കേട്ട് കാർത്തി ജാനൂനെ നോക്കി മെല്ലെ തലയാട്ടി…

എനി… ജാനു മറുത്ത് എന്തോ പറയാൻ പോകും മുന്നേ അച്ചു അവളെയും വലിച്ച് പുറത്തേക്ക് നടന്നു കഴിഞ്ഞു…

വിട് എന്നെ…
പുറത്തെത്തിയതും ജാനു കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു…

എന്താ നിങ്ങടെ ഉദ്ദേശം… ഹേ… പുറകെ നടന്നിട്ട് വീഴില്ലന്ന് മനസിലാക്കിയാണോ ഇങ്ങനൊരു നീക്കം… വീട്ടിൽ നിന്ന് ആളെയും കൂട്ടി വന്ന് പെണ്ണ് ചോദിച്ചാൽ ഞാൻ സമ്മതിക്കുമെന്നാണോ കരുതിയെ… ഒരിക്കലുമില്ല… എനിക്ക് നിങ്ങളുമായിട്ടുള്ള കല്യാണത്തിന് സമ്മതവുമില്ല…
വേറെ ആരെ കെട്ടേണ്ടി വന്നാലും നിൻ…

ബാക്കി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അച്ചു ജാനുന്റെ കവിളിൽ കുത്തിപ്പിടിച്ചു… അവന്റെ മുഖം ദേഷ്യം കൊണ്ട് കടുത്തിരുന്നു…

പുന്നാരാ മോളെ… നിന്നോട് ഞാൻ പറഞ്ഞിരുന്നു നിനക്കൊരു ജീവിതമുണ്ടെൽ അത് ഈ ഹർഷയുടെ കൂടെ മാത്രം ആയിരിക്കുള്ളുന്ന്… അത് കൊണ്ട് നിന്റെ ലുടുക്ക് വാർത്തമാനമൊന്നും എന്റടുത്ത് വേണ്ട… പിന്നെ എന്റെ പരെന്റ്സിനെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത് എന്തിനാണോ ആ കാര്യം ഉറപ്പിച്ചിട്ടേ തിരികെ പോകത്തുമുള്ളു…
എന്ന് വെച്ചാൽ നീയും ഞാനുമായിട്ടുള്ള കല്യാണം എത്രയും പെട്ടന്ന് നടത്താനുള്ള തീരുമാനം…

അതിന് എന്റെ സമ്മതമില്ലാതെ ഈ കല്യാണം നടക്കുമെന്ന് തോന്നുന്നുണ്ടോ തനിക്ക്…
ജാനു ദേഷ്യത്തിൽ ചോദിച്ചു…

നീ സമ്മതിക്കും… ഇല്ലേൽ എനിക്കറിയാം സമ്മതിപ്പിക്കാൻ… അറിയാല്ലോ നിനക്കെന്നെ… അകത്തേക്ക് ചെല്ലുമ്പോൾ നീ താൽപ്പര്യമില്ലാ എന്നെങ്ങാനും പറഞ്ഞാൽ വേറെ ഒന്നും ഞാൻ നോക്കില്ല തൂക്കിയെടുത്തങ്‌ കൊണ്ടു പോകും… ഹർഷയ്ക്ക് ഒറ്റ വാക്കെയുള്ളു…

അച്ചു തറപ്പിച്ച് തന്നെ പറഞ്ഞു…

ജാനുന് എന്ത് പറയണമെന്ന് പോലും അറിയാതെ നിന്നു പോയി…

പറഞ്ഞത്‌ ഓർമ്മയുണ്ടല്ലോ…
ജാനുനടുക്കലേക്ക് അടുത്ത് നിന്ന് കൊണ്ട് പറഞ്ഞ് അച്ചു അകത്തേക്ക് നടന്നു…

അച്ചു അകത്തേക്ക് ചെന്ന് കുറച്ച് നിമിഷം കഴിഞ്ഞായിരുന്നു ജാനു കേറി വന്നത്…

ജാനൂന്റെ നോട്ടം നീണ്ടത് അച്ചുവിലേക്കായിരുന്നു… അച്ചുവിന്റെ നോട്ടം അവളിൽ തന്നെയായിരുന്നു…

മോൾടെ ഏട്ടനോടും മുത്തശ്ശിയോടും ഞങ്ങൾ വന്ന കാര്യം സൂചിപ്പിച്ചിരുന്നു… അവർക്ക് ഇരുവർക്കും താൽപ്പര്യ കുറവൊന്നുമില്ല… എന്നിരുന്നാലും മോൾടെ സമ്മതമാണ് ഇവിടെ പ്രധാനം… അപ്രതീക്ഷിതമായ ഞങ്ങടെ ഈ വരവും കാര്യങ്ങളും മോൾക്ക് പെട്ടന്ന് അംഗീകരിക്കാനോ എന്ത് പറയണമെന്നോ പ്രേശ്നമുണ്ടാകും… ഞങ്ങൾക്ക് മനസിലാകും… എങ്കിലും ചോദിക്കുവാ എന്റെ മകനുമായിട്ടുള്ള കല്യാണത്തിന് മോൾക്ക് സമ്മതമാണോ…?
ദേവനായിരുന്നു പറഞ്ഞത്‌…

എല്ലാവരുടെയും നോട്ടം ജാനുവിലാണ്… ദേവനും സിന്ധുവും പ്രേതീക്ഷയോടെയാണ് നോക്കുന്നത്… അച്ചുന് അവൾ പറയാൻ പോകുന്നത് എന്തെന്നറിയാമെന്നുള്ളത് കൊണ്ട് വലിയ ഭാവ വ്യത്യാസമൊന്നുമില്ലാതെയാണ് ഇരിക്കുന്നത്…
കൗസല്യയ്ക്ക് തന്റെ മകൾക്ക് നല്ലൊരു ആലോചന വന്നതിന്റെ സന്തോഷം കാർത്തിക്കിന്റെ മനസ് നേരിയ തോതിൽ ആസ്വസ്ഥമായിരുന്നു…

എന്താ മോളൊന്നും പറയാത്തെ…?
ജാനുന്റെ മൗനം കണ്ട് സിന്ധു ചോദിച്ചു…

അ… അത്… പിന്നെ എനിക്ക് ഞാൻ
ജാനു വാക്കുകൾ പറയാനാവാതെ അച്ചുനെ പാളി നോക്കി അവന്റെ നോട്ടം കനത്തത് കണ്ട്
അവൾ ഒട്ടും താൽപ്പര്യമില്ലെങ്കിൽ പോലും സമ്മതം മൂളി…

എനിക്ക് സമ്മത കുറവൊന്നുമില്ല…
അവൾ വേറെ മാർഗ്ഗമില്ലാതെ ഒരു വിധം പറഞ്ഞു…

ജാനുന്റെ വാക്കുകൾ കേട്ടതും എല്ലാവരുടെയും മുഖം വിടർന്നു…

________________________________

 

കാർത്തി നീ എന്താ മോനെ ഇവിടെ വന്നിരിക്കുന്നെ…?

ഉമ്മറപ്പടിയിലിരുന്ന് ഇരുട്ടിലേക്ക് നോട്ടം കൊടുത്തിരിക്കെയായിരുന്നു കാർത്തി അവനടുക്കൽ വന്ന് കൊണ്ട് കൗസല്യ ചോദിച്ചു…

ഏയ് ഒന്നുല്ല അമ്മാമ്മേ… അവരെ നോക്കാതെ കാർത്തി മുന്നോട്ട് നോട്ടം കൊടുത്തു കൊണ്ട് തന്നെ പറഞ്ഞു…

നമ്മടെ ജാനു മോൾക്ക് നല്ലൊരു ആലോചന തന്നെയാ വന്നിരിക്കുന്നെ… അതും അവർ ഇങ്ങോട്ട് ചോദിച്ചു വന്നിരിക്കുന്നു… നമ്മടെ കുഞ്ഞിന്റെ ഭാഗ്യം… അല്ല നീ എന്താ ഒന്നും പറയാത്തെ… അവര് വന്ന് പോയപ്പോൾ മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയതാ… ഒന്നും മിണ്ടാതെ ഒരിരുപ്പ്… ജാനു മോളും അതെ… എന്താടാ ചെക്കാ…

അമ്മാമ്മയ്ക്ക് ഓർമ്മയില്ലേ അന്നൊരു മഴയുള്ള ദിവസം അന്ന് അച്ഛന്റെ കൈയ്യിലേക്ക് നേഴ്സ് വെള്ള തുണിയിൽ പൊതിഞ്ഞ് കുഞ്ഞ് ജാനൂനെ കൊടുക്കുമ്പോൾ കൗതുകത്തോടെ അതിലുപരി സന്തോഷത്തോടെ ഞാൻ ആ കുഞ്ഞി കൈയിൽ തലോടിയപ്പോൾ എന്റെ ഈ ചൂണ്ട് വിരലിൽ മുറുക്കെ പിടിച്ചിരുന്നു അവൾ…
പിന്നെ അങ്ങോട്ടുള്ള അവളുടെ വളർച്ചയിലും ഒരു നിഴല് പോലെ ഞാൻ കൂടെ ഉണ്ടായിരുന്നു… ഇപ്പോഴും അതെ…
എന്റെ ജാനുന്റെ കാര്യത്തിൽ തെറ്റായ ഒരു പ്രേവർത്തിയോ തീരുമാനങ്ങളോ എടുത്തിട്ടില്ല… അവൾടെ നല്ലത് മാത്രമേ ഞാൻ നോക്കിയിട്ടുള്ളു… അവൾടെ സന്തോഷം അത് മാത്രമേ എനിക്ക് വേണ്ടു…
എന്റെ മോളെ ഞാൻ നോക്കുന്നത് പോലെ അല്ല എന്നേക്കാൾ നന്നായി നോക്കാൻ കഴിയുന്ന ഒരാളുടെ കൈയ്യിൽ സുരക്ഷിതമാക്കണം എന്ന ആഗ്രഹം ആയിരുന്നു എനിക്ക്… എന്റെ ആഗ്രഹം പോലെ അങ്ങനൊരാൾ വന്നു… അവന്റെ വാക്കുകളിൽ നിന്ന് മനസിലാക്കി അവന് എന്റെ മോളോടുള്ള സ്നേഹം എത്രമാത്രമാണെന്ന്…

കാർത്തി ഒന്ന് നിർത്തി വീണ്ടും പറഞ്ഞു തുടങ്ങി…

എന്തൊക്കെ പറഞ്ഞാലും ഞാൻ അവൾടെ താൽപ്പര്യം ചോദിക്കാതെ ഒന്നും ചെയ്യണ്ടായിരുന്നു… ഇഷ്ടമില്ലാതെ അവളെ അടിച്ചേൽപ്പിച്ചത് പോലെ…

ഏട്ടനോട് മുഖം കറുപ്പിച്ചത് മനസിന് അസ്വസ്ഥമാക്കി കൊണ്ടിരുന്നു… ജാനു എണീറ്റ് കാർത്തിയുടെ റൂമിലേക്ക് ചെന്നപ്പോൾ കാണാഞ്ഞ് താഴേക്ക് ഇറങ്ങി വരുമ്പോൾ ആണ് അമ്മമ്മയോട് സംസാരിക്കുന്നത് കേട്ടത്… കാർത്തിക്കിന്റെ ഓരോ വാക്കുകളും അവളെ വേദനിപ്പിച്ചു… തന്നെ ഏട്ടൻ എത്രമാത്രം സ്നേഹിക്കുന്നു… അവൾടെ കണ്ണുകൾ നിറഞ്ഞൊഴുകി… ജാനു വേഗം കാർത്തിക്കിനടുക്കലേക്ക് ഓടി ചെന്നവനെ ഇറുകെ കെട്ടിപ്പിടിച്ചു…

സോറി ഏട്ടാ… എന്റെ ഏട്ടനെ ഞാൻ വേദനിപ്പിച്ചത് സോറി… ഏട്ടൻ എന്നും എന്റെ നല്ലത് മാത്രമേ നോക്കിയിട്ടുള്ളു… ഏട്ടനെന്നതിനേക്കാൾ ഉപരി എനിക്കെന്റെ അച്ഛന്റെ സ്ഥാനമല്ലേ… എന്നേട് ക്ഷേമിക്കില്ലേ…
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു…

ഏട്ടനല്ലെടാ മോളോട് സോറി പറയേണ്ടത്… ഞാനല്ലേ തെറ്റ് ചെയ്തെ…
കാർത്തി ജാനുന് നേരെ തിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു…

മോൾടെ സമ്മതമില്ലാതെയല്ലേ ഏട്ടൻ…

മ്മ്ഹ്ഹ്… എന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ എന്റെ ഏട്ടനല്ലാതെ പിന്നാർക്കാ അവകാശം…
കാർത്തിക്ക് പറയാൻ വന്നത് തടഞ്ഞു കൊണ്ട് ജാനു പറഞ്ഞു…

എന്റെ കാര്യത്തിൽ ശരിയായതെ ഏട്ടൻ തിരഞ്ഞെടുത്തിട്ടുള്ളു… ഇതും ഞാൻ അങ്ങനെ കരുതിക്കോളാം…
ജാനു പറഞ്ഞത്‌ കേട്ട് കാർത്തി അവളെ ചേർത്തു പിടിച്ചു…

ഇരുവരുടെയും പരസ്പര സ്നേഹം കണ്ട് ആ വൃദ്ധയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു പോയി…

തുടരും…