17/04/2026

നെഞ്ചോട് : ഭാഗം 12

രചന – കൃഷ്ണ

ജാനു കണ്ണ് തുറക്കുമ്പോൾ തൊട്ടരികിൽ അതും ആ നെഞ്ചിൽ താൻ ചേർന്നു കിടക്കുന്നതറിഞ്ഞ് ഞെട്ടി പിടഞ്ഞു കൊണ്ട് എണീക്കാൻ പോയതും അച്ചൂന്റെ കൈകൾ ഒന്ന് കൂടെ അവളിൽ മുറുകി…

അടങ്ങി കിടക്കടി ഭാര്യേ അവിടെ…?
കണ്ണ് തുറക്കാതെ തന്നെ അച്ചു അവളോട് പറഞ്ഞു…

ദേ താന്തോന്നി മര്യാതയ്ക്ക് എന്നെ വിട്ടോ…?

വിടാൻ വേണ്ടിയിട്ടല്ല നിന്നെ ഞാൻ ഇങ്ങനെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചേക്കുന്നെ…

ദേ എന്നെ ദേഷ്യം പിടിപ്പിക്കരുത്… മാറങ്ങോട്ട്…
അതും പറഞ്ഞ് ജാനു കുതറി കൊണ്ട് അവന്റെ കൈകളിൽ നിന്നും വിട്ടു മാറി…

അച്ചു കണ്ണ് തുറന്ന് ജാനൂനെ നോക്കി… അവൾ അച്ചൂനെ കൂർപ്പിച്ചു നോക്കി കൊണ്ടിരിക്കുവാണ്…

എന്താടി നോക്കുന്നേ…?
ജാനുന്റെ നോട്ടം കണ്ട് അച്ചു ചോദിച്ചു…

ഞാൻ ഇന്നലെ കിടക്കാൻ നേരത്ത് പില്ലോ ബെഡിന് കുറുകെ വെച്ചിരുന്നത് എന്തിനാണെന്ന് മനസിലായിരുന്നില്ലേ…?

നീ ചെയ്ത് എന്തിനാണെന്ന് മനസിലായി പക്ഷേ എന്റെ ഭാര്യയുടെ മനസല്ല എന്റെ…

അവൻ പറഞ്ഞത്‌ കേട്ട് ജാനുന്റെ മുഖം ഒന്ന് കൂടി കൂർത്തു…

സത്യം പറയാല്ലോടി ജാനുമ്മേ നീ ഒരു കൊച്ചു പൂച്ചക്കുട്ടിയാ… എന്റെ നെഞ്ചിൽ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെ പോലെയല്ലേ പതുങ്ങി കിടന്നത്… എന്ത് ക്യൂട്ട് ആയിരുന്നന്നറിയോ കാണാൻ…

പോടോ താന്തോന്നി…

ജാനു പറഞ്ഞു തീർന്നതും അച്ചൂന്റെ മുഖം മാറി… ഗൗരവം നിറഞ്ഞു…

ജാനു പണി ചോദിച്ചു വാങ്ങിയല്ലോ എന്ന കണക്കെ ഉമിനീരിറക്കി…

നിന്നോ…

സോറി സോറി ഞ… ഞാൻ അറിയാണ്ട് പെട്ടന്ന്… ഇനി ആവർത്തിക്കൂലാ ഞാൻ… സ… സത്യം…
അച്ചു എന്തേലും പറയും മുന്നേ ജാനു പേടിച്ചു കൊണ്ട് പറഞ്ഞു… അച്ചൂന്റെ സ്വഭാവം നന്നായിട്ട് അറിയാം കക്ഷിക്ക്…

കുറച്ച് കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെ ആയപ്പോൾ ജാനു മുഖമുയർത്തി അച്ചുനെ നോക്കി… കക്ഷി ആണേൽ പില്ലോയിൽ മുഖം പൂഴ്ത്തി കിടക്കുന്നു…

ശേ… വെറുതെ പേടിച്ച് ഓരോന്നും പുലമ്പി…
ജാനു മനസിലോർത്ത് കണ്ണടച്ചു കിടക്കുന്ന അച്ചൂനെ ഒന്ന് നോക്കി പയ്യേ പിന്നിലേക്ക് നീങ്ങി ബെഡിൽ നിന്നും എണീറ്റ് വാഷ് റൂമിലേക്ക് പോയി…

വാഷ് റൂമിലെ ഡോർ അടഞ്ഞതും അച്ചു കണ്ണ് തുറന്നു…

പെണ്ണിന്റെ പറച്ചില് കേട്ട് രണ്ട് പറയാൻ തന്നെ വന്നത്… എന്നാൽ പേടിച്ച് പേടിച്ച് വാക്കുകൾ വിക്കി പറയുന്നത് കണ്ടപ്പോഴേ അരിച്ചു കേറി വന്ന ദേഷ്യം എങ്ങോ പോയി… കൂടുതൽ പേടിപ്പിക്കണ്ടല്ലോ എന്ന് കരുതിയാണ് പില്ലോയിലേക്ക് മുഖം പൂഴ്ത്തി കണ്ണടച്ച് അങ്ങ് കിടന്നു കളഞ്ഞത്…
അവൻ ഓർത്ത് കൊണ്ട് ഒരു പില്ലോ കെട്ടിപ്പിടിച് തിരിഞ്ഞു കിടന്നു…

ജാനു ഫ്രഷ് ആയി ഇറങ്ങുമ്പോൾ കുഞ്ഞി കുട്ടികളെ പോലെ പില്ലോയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന അച്ചൂനെയാണ് കാണുന്നത്…

ഈ കിടപ്പ് കണ്ടാ പറയുവോ തനി അസുരനാണെന്ന്… താന്തോന്നി…
അച്ചൂനെ നോക്കി പറഞ്ഞു കൊണ്ട് ജാനു കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച് മുടി ഒന്ന് കൂടി തുവർത്തി ടേബിളിൽ വെച്ചിരുന്ന കുങ്കുമ ചെപ്പ് കൈയ്യിലെടുത്ത് അതിന്റെ അടപ്പ് തുറന്നതും കൈയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു…

തനിക്ക് മുന്നിൽ നിൽക്കുന്ന അച്ചുനെ കണ്ട് ജാനു കണ്ണ് മിഴിച്ചവനെ നോക്കി…

ആ ബെഡിൽ കിടന്നുറങ്ങിയ മനുഷ്യനാണോ തനിക്ക് മുന്നിൽ നിക്കുന്നതെന്ന് എന്നായിരുന്നു അവൾടെ മനസ്സിൽ…

ഈ സീമന്ത രേഖ ചുമപ്പിക്കാൻ എനിക്ക് മാത്രമാണ് അവകാശം… അതെന്നും അങ്ങനെ ആയിരിക്കും…
കിട്ടോടി ജാനൂമ്മേ…
അതും പറഞ്ഞു കൊണ്ട് അച്ചു ഒരു നുള്ള് കുങ്കുമമെടുത്ത് ജാനൂന്റെ നെറ്റിയിൽ തൊട്ടു കൊടുത്തു…
അവൾ പോലുമറിയാതെ അവൾടെ കണ്ണുകൾ കൂമ്പിയടഞ്ഞു…

അച്ചുവിന്റെ ചുണ്ടിന്റെ നേരിയ ചൂട് ജാനൂന്റെ മൂർദ്ധാവിൽ പതിഞ്ഞതും അവൾ കണ്ണുകൾ വലിച്ചു തുറന്ന് കൊണ്ടവനെ നോക്കി… അപ്പോഴേക്കും ഒരു കള്ള ചിരിയോടെ അവൻ അവളിൽ നിന്നും വിട്ട് മാറി നിന്നു കഴിഞ്ഞു…

നിന്റെ താന്തോന്നി എന്നും അസുരൻ തന്നെയാ… കുരുത്തക്കേട് കണ്ടാൽ നിന്റെ താന്തോന്നി അസുരനാ… പക്ഷേ എന്റെ ജാനുമ്മേടടുക്കൽ ഞാൻ കുരുത്തക്കേട് കാട്ടുന്ന താന്തോന്നിയാ…
അച്ചു അതും പറഞ്ഞ് കൊണ്ട് ജാനൂനെ നോക്കി കണ്ണിറുക്കി കാട്ടി അവൾടെ തോളിൽ കിടന്നിരുന്ന ടവ്വൽ വലിച്ചെടുത്തു കൊണ്ട് ബാത്ത് റൂമിലേക്ക് കേറി…

ശെരിക്കും താന്തോന്നി തന്നെ… കുരുത്തം കേട്ടത്… ജാനു പിറുപിറുത് കൊണ്ട് മുറിയിൽ നിന്നുമിറങ്ങി…

ജാനു കിച്ചണിലേക്ക് വരുമ്പോൾ സിന്ധു ചായ കപ്പിലേക്ക് പകർത്തുവായിരുന്നു…

ആമ്… മോള് വന്നോ… ജാനുനെ കണ്ടതും സിന്ധു ചോദിച്ചു കൊണ്ട് ഒരു കപ്പ് ചായ അവൾക്കെടുത്തു കൊടുത്തു…
ജാനു ഒരു പുഞ്ചിരിയോടെ അത് കൈയ്യിൽ വാങ്ങി…

സോറി അമ്മേ ഞാൻ എണീക്കാൻ അൽപ്പം വൈകി പോയി… ഇല്ലായിരുന്നേൽ ഞാനും അമ്മയുടെ കൂടെ കൂടിയേനെ… നാളെ തൊട്ട് ഇങ്ങനെ ഉണ്ടാവില്ല…

ജാനു പറഞ്ഞത്‌ കേട്ട് സിന്ധു അവളെ നോക്കി… അവർ ഒരു പുഞ്ചിരിയോടെ അവൾടെ കവിളിൽ തലോടി…

തൽക്കാലം അമ്മേടെ മോള് ഒരു പണിക്കും കൂടേണ്ട… കിട്ടോ… ഇപ്പോ ഈ ചായ കുടിക്ക്… അമ്മ അപ്പോഴേക്കും അച്ഛന് ചായ കൊണ്ടേ കൊടുത്തിട്ട് വരാം…
ആമ് പിന്നെ മോളെ ഇവിടെ അടുത്തായിട്ട് ഒരു ദേവി ക്ഷേത്രമുണ്ട്… നിങ്ങള് രണ്ടാളും കൂടി പോയി തൊഴുതിട്ട് വാ…

സിന്ധു പറഞ്ഞതിന് ജാനു തലയാട്ടി…

ആമ് മോളെ അച്ചൂനുള്ള കോഫി അമ്മ ദേ ആ കപ്പിൽ ഒഴിച്ച് വെച്ചിട്ടുണ്ട്… മോള് റൂമിലേക്ക് പോകുമ്പോൾ അത് എടുത്തേര്… ചെക്കന് ചായാ പിടിക്കില്ല…
അതും പറഞ്ഞ് സിന്ധു ചായയുമായി ദേവനടുത്തേക്ക് പോയി…

ചെക്കൻ കോഫിയെ കുടിക്കൂ… ഒരു പണി കൊടുത്താലോ… അല്ലേൽ വേണ്ട… അതിന്റെ ഇരട്ടി എനിക്ക് കിട്ടും… വെറുതെ ചെറുത് കൊടുത്ത് വലുത് വാങ്ങിക്കേണ്ട…

ജാനു ചായ കുടിച്ച് കപ്പ് കഴുകി വെച്ച് അച്ചൂനുള്ള കോഫിയുമായി റൂമിലേക്ക് നടന്നു…

ജാനു മുറിയിലെത്തുമ്പോഴും അച്ചു ഫ്രഷ് ആയി ഇറങ്ങിയിട്ടില്ലായിരുന്നു…

ഇങ്ങേര് ഈ ടാങ്കിലെ വെള്ളം തീർന്നാലും ഇറങ്ങുവോ… ഇങ്ങനെ ഉണ്ടോ കുളി…
ജാനു പിറുപിറുത്ത് കൊണ്ട് കോഫി ടേബിളിൽ മേൽ വെച്ച് ഷെൽഫ് തുറന്ന് അമ്പലത്തിൽ ഇട്ടിട്ടു പോകാൻ വേണ്ടി ഒരു സെറ്റും മുണ്ടും എടുത്തു…
ബ്ലാക്ക് കളറിലെ സിംപിൾ വർക്ക്‌ ബ്ലൗസും അതെ കരയിലെ സെറ്റും മുണ്ടും…

അച്ചു ഇപ്പോഴെങ്ങും പിറത്തേക്ക് ഇറങ്ങില്ലെന്ന് കരുതി ജാനു ഡ്രസിങ് റൂമിലേക്ക് പോയില്ല…
ഇട്ടിരുന്ന ഡ്രസ്സ്‌ അഴിച്ചു മാറ്റി അവൾ ബ്ലൗസ് എടുത്തിട്ട് ഞൊറിയുടുത്ത് കുത്തി ഫ്ളീറ്റിനുള്ള ഞൊറി എടുത്തോണ്ടിരിക്കെയാണ് അച്ചു ബാത്ത് റൂമിൽ നിന്നിറങ്ങി വന്നത്…

മുടി തുവർത്തി കൊണ്ട് അച്ചു മുഖമുയർത്തിയതും മുന്നിലെ കാഴ്ച കണ്ട് അവന്റെ കണ്ണ് വിടർന്നു… ചുണ്ടിൽ കള്ള ചിരി തത്തി…

സൗണ്ട് കേട്ട് ജാനു തിരിഞ്ഞു നോക്കിയതും തന്നെ തന്നെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുന്ന അച്ചൂനെ കണ്ട് അവൾ ഞെട്ടി… പിന്നെ സ്വയമൊന്നു നോക്കി… അവൾ പിടഞ്ഞു കൊണ്ട് സെറ്റ് ദേഹത്തോട് ചേർത്ത് മറച്ചു പിടിച്ചു കൊണ്ട് ഡ്രസിങ് റൂമിലേക്ക് ഓടാൻ പോകേം സാരിയുടെ അറ്റം തട്ടി മുന്നോട്ട് ആഞ്ഞു വീഴാൻ പോയതും അച്ചു വേഗം ഓടി വന്ന് അവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു എങ്കിലും ബാലൻസ് കിട്ടാതെ രണ്ടാളും നേരെ ബെഡിലേക്ക് വീണു…

വീഴ്ചയിൽ അച്ചുന്റെ ചുണ്ട് ജാനൂന്റെ പാതി മറഞ്ഞ മാറിലമർന്നു… അവന്റെ ചുണ്ടും കുറ്റി താടിയും മീശയും മാറിൽ പതിഞ്ഞതും അടിവയറ്റിൽ കൂടി എന്തോ ഉരുണ്ടു കേറിയത് പോലെ… അവൾ പൊള്ളിപ്പിടഞ്ഞു പോയി…
നിമിഷ നേരം കൊണ്ട് ജാനു ചാടി പിടഞ്ഞെണീറ്റു മാറോട് സെറ്റ് കൊണ്ട് മറച്ചു പിടിച്ചു…
എന്തോ അവനെ നോക്കാൻ വല്ലായ്മ തോന്നി അവൾക്ക്…

അച്ചു എണീറ്റ് അവൾക്കടുക്കൽ വന്നു… ജാനു ഒരടി പിന്നിലേക്ക് നീങ്ങി…
അപ്പോഴും അവൾ മുഖം ഉയർത്തിയില്ല…

എന്റെ ജാനുമ്മേ എന്തിനാ നീ ഇതൊക്കെ മറച്ചു പിടിക്കുന്നെ… ഇന്നല്ലങ്കിൽ നാളെ ഞാൻ കാണേണ്ടത് തന്നെയല്ലേ…

അച്ചു പറഞ്ഞത് കേട്ട് ജാനു ഞെട്ടി കൊണ്ട് മുഖമുയർത്തി നോക്കി…

അച്ചു ഒരു കള്ളച്ചിരിയോടെ അവളെ നോക്കി പിന്നെ നോട്ടം താഴേക്ക് നീങ്ങിയതും ജാനു തുണി ഒന്നൂടെ ദേഹത്തോട് ചേർത്ത് പിടിച്ചു…
അത് കണ്ട് അവന് ചിരി വന്നു…

അല്ല എങ്ങോട്ടാണ് എന്റെ ജാനുമ്മ ഇതൊക്കെ ചുറ്റിയുടുത്ത്…?

അ… അമ്മ പറഞ്ഞു അമ്പലത്തിൽ പോയി വരാൻ…

ഓ… ആണോ… അല്ല സാരി ഉടുക്കാൻ ഹെൽപ് വേണോ എന്റെ ജാനൂമ്മയ്ക്ക്…

വേ… വേണ്ട… എനിക്കറിയാം… അതും പറഞ്ഞു കൊണ്ട് സെറ്റും ചുറ്റി പിടിച്ചു കൊണ്ട് അവൾ ഡ്രസിങ് റൂമിലേക്ക് ഓടി…
ജാനുന്റെ പോക്ക് കണ്ട് അച്ചുന്റെ ചിരി ഉച്ചതിലായി…

എന്റെ ജാനൂമ്മേ… അവൻ പറഞ്ഞു കൊണ്ട് ചുണ്ടിൽ മെല്ലേ തഴുകി…

ജാനു ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞ് ഡോർ മെല്ലേ തുറന്ന് തല മാത്രം വെളിയിലിട്ട് കൊണ്ട് നോക്കി… റൂമിൽ അച്ചു ഇല്ലന്ന് ഉറപ്പാക്കി അവൾ ഇറങ്ങി…
കണ്ണാടിക്ക് മുന്നിൽ വന്ന് മുടിയൊന്നു കൊതി കിള്ളി പിന്നിയിട്ട് നെറ്റിയിൽ ഒരു പൊട്ടും കണ്ണ് ഒന്ന് നീട്ടി വരച്ചെഴുതി റൂമിൽ നിന്നുമിറങ്ങി…

ജാനു ഹാളിൽ വരുമ്പോൾ അച്ചു സോഫയിൽ ഫോണിൽ നോക്കിയിരിക്കുവാണ്… ജാനുന്റെ സാരിക്ക് മാച്ച് ആയ ബ്ലോക്ക്‌ കളർ ഷർട്ടും അതെ കരയിലെ മുണ്ടുമാണ് വേഷം…

ജാനൂനെ കണ്ടതും അച്ചുന്റെ ചുണ്ടിൽ കള്ളച്ചിരി തത്തി… അവൻ അവളെ നോക്കി മെല്ലേ ചുണ്ടിൽ തഴുകി മാറിന് ഭാഗം നോക്കിയതും ജാനു പിടഞ്ഞു കൊണ്ട് നോട്ടം മാറ്റി…

അപ്പോഴേക്കും അവർക്കടുത്തേക്ക് ദേവനും സിന്ധുവും വന്നു…

രണ്ട് പേരും പോകാൻ ഇറങ്ങിയോ… ദേവൻ ആയിരുന്നു…

ദാ അപ്പേ പോകാൻ ഇറങ്ങുവാ… നിങ്ങടെ മരുമകളൊന്ന് ഒന്നൊരുങ്ങി വരണ്ടേ…
അച്ചു ജാനൂനെ പാളി നോക്കി കൊണ്ട് പറഞ്ഞു…

അയ്യടാ… എനിക്ക് അത്രയ്ക്ക് ഒരുക്കമൊന്നുമില്ല…
അച്ചു പറഞ്ഞത്‌ പിടിക്കാതെ അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു…

ജാനു പറഞ്ഞത്‌ കേട്ട് എല്ലാവർക്കും ചിരി വന്നു…

പോടാ ചെക്കാ അവിടന്ന് എന്റെ മോളെ വെറുതെ കുറ്റം പറയാതെ… സിന്ധു അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

ഇനി നിന്ന് സമയം കളയണ്ട… രണ്ടാളും ഇറങ്ങിക്കോ… ആമ് പിന്നെ അച്ചു വണ്ടി പതിയെ ഓടിച്ചാൽ മതി…

ഓ… ശെരി എന്റെ അപ്പേ… അതും പറഞ്ഞ് അച്ചു ജാനൂനെ ഒന്ന് നോക്കി പുറത്തേക്കിറങ്ങി…

അച്ചു കാറിൽ പോകാൻ മേലെ…
അച്ചു ബുള്ളറ്റ് എടുക്കുന്നത് കണ്ട് സിന്ധു ചോദിച്ചു…

എന്റെ ഭാര്യനെയും കൂട്ടി ബുള്ളറ്റിലെ പോണുള്ളൂ…

എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല…

അച്ചു പറഞ്ഞത്‌ കേട്ട് ദേവൻ വല്ല കാര്യമുണ്ടായിരുന്നോ എന്ന കണക്കെ സിന്ധുനെ നോക്കി…

ജാനു ഒരുവിധം പിറകിൽ കേറി ഇരുന്നു സൈഡിലായി കൈ പിടിക്കാൻ പോകേം ജാനുനെ കൈ പിടിച്ച് അച്ചൂന്റെ വയറിലൂടെ ചുറ്റിച്ചു മിററിലൂടെ അവളെ നോക്കി…

ജാനു അവനെ കൂർപ്പിച്ചു നോക്കുന്നത് കണ്ട് അവൻ സൈറ്റടിച്ചു കാണിച്ച് ബുള്ളറ്റ് മുന്നോട്ടെടുത്തു…
ഒരിരമ്പലോടെ ബുള്ളറ്റ് മാളികയ്ക്കൽ ഗേറ്റ് കടന്നു…

കുറച്ച് നേരത്തെ യാത്രയ്ക്കൊടുവിൽ അച്ചുവിന്റെ ബുള്ളറ്റ് അമ്പലമുറ്റത്ത് വന്നു നിന്നു… ജാനു ബുള്ളറ്റിൽ നിന്നുമിറങ്ങി മുന്നോട്ട് നടക്കാനൊരുങ്ങിയതും അവൾടെ കൈയ്യിൽ പിടി വീണു…

ഞാനും അമ്പലത്തിലേക്ക് തന്നെയാ ഭാര്യേ…
അതും പറഞ്ഞു കൊണ്ട് അവളുമായിട്ട് അച്ചു ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു…

ദേവിയെ തൊഴുത് ശാന്തി ഇലച്ചീന്തിൽ നൽകിയ അർച്ചന ജാനു കൈകളിലേന്തി ഒരിക്കൽ കൂടി ദേവിയെ തൊഴുത് വെളിയിലേക്കിറങ്ങി…

ജാനു ഇലച്ചീന്തിൽ നിന്ന് ചന്ദനം തൊടുവിരലിൽ തൊട്ടേടുക്കേം അവൾക്ക് മുന്നിലേക്ക് ഒരു മുഖം കുനിഞ്ഞു വന്നു…

നോക്കാതെ തൊട്ട് താടി ജാനൂമ്മേ… പുഞ്ചിരിയോടെ പറയുന്നവനെ അവൾ ഒരു നിമിഷം നോക്കി പിന്നെ അവന്റെ നെറ്റിയിലേക്ക് വിരലിൽ എടുത്ത ചന്ദനം നീട്ടി വരച്ചു കൊടുത്തു…

അവൾടെ നെറ്റിയിൽ തൊടാൻ പോകേം അച്ചുന്റെ വിരലിൽ തൊട്ടേടുത്ത ചന്ദനം അവൾടെ നെറ്റിയിൽ പതിഞ്ഞു…

നീ ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം… അതും പറഞ്ഞ് കൊണ്ട് അച്ചു തിരിഞ്ഞു നടന്നു…

ഇതിപ്പോ എങ്ങോട്ടാ എന്ന കണക്കെ ജാനു അച്ചു പോകുന്നിടം നോക്കി നിക്കെയാണ് കൈയ്യിൽ ആരുടെയോ പിടിവീണത്…

തുടരും…