രചന – കൃഷ്ണ
അച്ചു ഫ്രഷ് ആയി ഇറങ്ങി വരുമ്പോൾ കാണുന്ന കാഴ്ച കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു…
ഇന്ന് അച്ചു സെലക്ട് ചെയ്ത സാരി ഉടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കൊതിക്കെട്ടുന്ന ജാനു… അവൻ മിഴികൾ ചിമ്മാതെ നോക്കി നിന്നു പോയി…
ജാനു മുടി കൊതി പിന്നിലേക്കിട്ട് തിരിയുമ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന അച്ചുവിനെ കാണുന്നത്…
മമ്… എന്താ…?
അവൾ ചോദ്യഭാവത്തിൽ ഒരു പിരികമുയർത്തി കൊണ്ട് അവനോട് ചോദിച്ചു…
ഞാൻ എന്റെ ഭാര്യയുടെ അഴക് ആസ്വദിച്ചങ്ങനെ നിന്നു പോയതാ…
അവൾക്കടുക്കലേക്ക് വന്ന് നിന്ന് കൊണ്ട് അച്ചു പറഞ്ഞു…
അവൻ പറഞ്ഞത് കേട്ടവൾ കൂർപ്പിച്ചൊന്നു നോക്കി…
സത്യം പറയാല്ലോ ജാനുമ്മേ നിന്നെ ഇങ്ങനെ കണ്ടിട്ട് എന്റെ കണ്ട്രോൾ പോകുന്നു…
അച്ചുവിന്റെ വാക്കുകൾ കേട്ട് ജാനു മിഴിച്ചവനെ നോക്കി…
സത്യമാടി പെണ്ണേ…
അതും പറഞ്ഞവൻ അവൾക്കടുക്കലേക്ക് നീങ്ങി വന്നതും ജാനു പിറകിലേക്ക് വലിഞ്ഞു… അതിനനുസരിച്ച് അച്ചു അവൾക്കടുക്കലേക്ക് നീങ്ങി കൊണ്ടിരുന്നു ജാനു നേരെ പിറകിലേക്കും… അവസാനം അവൾ പിന്നിലെ ടേബിളിലിൽ തട്ടി നിന്നു… തൊട്ട് മുന്നിലായി അച്ചുവും…
എ… എന്താ ഇത്… മുന്നിൽ നിന്ന് മാ… മാറ്…
ജാനു ഉള്ളിലെ പതർച്ച ഒളിപ്പിച്ചു കൊണ്ട് അച്ചുവിനോട് പറഞ്ഞു…
എന്നാൽ അച്ചു അതെ നിലപ്പിൽ അവളെ തന്നെ നോട്ടം കൊടുത്തു കൊണ്ട് അവൾക്ക് മുന്നിലേക്ക് ആഞ്ഞ് ടേബിളിനു മേൽ ഇരുന്ന കുങ്കുമചെപ്പ് കൈയ്യിലെടുത്തു…
അവളെ നോക്കി കൊണ്ട് തന്നെയവൻ അതിൽ നിന്നും ഒരു നുള്ള് കുങ്കുമം തോടു വിരലിൽ തൊട്ടെടുത്ത് ജാനുന്റെ സീമന്ത രേഖയിൽ ചാർത്തി കൊടുത്തു…
ജാനുവിന്റെ കണ്ണുകൾ മെല്ലേ കൂമ്പിയടഞ്ഞു… ഒപ്പം അച്ചുവിന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു…
പെട്ടന്നവൾ പിടഞ്ഞു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്ന് അച്ചുവിനെ നോക്കി…
ലവ് യൂ ഡി ജാനുമ്മേ…
അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു കൊണ്ടവൻ ഡ്രസിങ് റൂമിലേക്ക് കേറി…
താന്തോന്നി…
അച്ചു പോയിടം നോക്കി കൊണ്ട് ജാനു പിറുപിറുത്തു…
®®®®®®®®®®®®®®
ഹർഷേട്ടാ…
അച്ചുവും ജാനുവും കൂടി കാറിൽ നിന്നും ഇറങ്ങി അകത്തേക്ക് കേറിയതും അച്ചൂനെ കണ്ട് രേവതി സന്തോഷത്തിൽ അവനടുക്കലേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ചു…
രണ്ടാളും വന്നത് രാകേഷിന്റെ വീട്ടിലേക്കായിരുന്നു…
അവനോട് ചേർന്നു നിൽക്കുന്ന രേവതിയെ അച്ചുവും ഒത്തിരി വാത്സല്യത്തോടെ ചേർത്തു പിടിച്ചു…
ഇരുവരെയും നോക്കി ജാനു നിന്നു…
ജാനു ഇങ്ങു വന്നിരിക്ക്… അവര് ചേട്ടനും അനിയത്തിയും സ്നേഹപ്രേകടനം കഴിഞ്ഞ് താനെ വന്നിരുന്നോളും…
ജാനുന്റെ നോട്ടം കണ്ട് കൊണ്ട് രാകേഷ് ചിരിയാലെ പറഞ്ഞു…
ജാനു രാകേഷിനെ നോക്കി ഒന്ന് ചിരിച്ച് സോഫയിലായി വന്നിരുന്നു…
അപ്പോഴേക്കും കുടിക്കാനുള്ള ജ്യുസുമായി ലേഖ രാകേഷിന്റെയും രേവതിയുടെയും അമ്മ അവർക്കടുക്കലേക്ക് വന്നു…
എടുക്ക് മോളെ…
രേഖ ജ്യുസ് ജാനൂന് നേരെ നീട്ടി…
അവൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ജ്യുസ് ഗ്ലാസ് കൈയ്യിലെടുത്തു…
പെണ്ണ് ഇരുപ്പുറക്കാതെ നിക്കുവായിരുന്നു… ഇപ്പോ കണ്ടില്ലേ പെണ്ണിന്റെ മുഖത്തെ സന്തോഷം…
അച്ചുവിനോട് ചേർന്ന് നിന്ന് എന്തൊക്കെയോ ചോദിക്കുന്ന രേവതിയെ നോക്കി രേഖ പറഞ്ഞു…
അവർ പറഞ്ഞത് കേട്ട് രാകേഷും ഒപ്പം ജാനുവും അവരെ നോക്കി…
ഈ പെണ്ണിന് എന്നെക്കാൾ ചെറു പൊടിക്ക് സ്നേഹക്കൂടുതൽ അവനോടാ… അവനും അങ്ങനെയാ… അവളെ വലിയ കാര്യാ…
രാകേഷ് ചെറു ചിരിയാലേ ഇരുവരെയും നോക്കി കൊണ്ട് പറഞ്ഞു…
ജാനു കേട്ടിരുന്നതേയുള്ളു…
അവൾടെ കണ്ണ് നിറയുന്നത് അവനിഷ്ടമല്ല… ഞാനൊന്ന് വഴക്ക് പറഞ്ഞാൽ പരിഭവത്തിന്റെ ഒരുകെട്ട് തന്നെ അവന് മുന്നിൽ നിരത്തും പെണ്ണ്…
എന്തിന് എന്റെ അമ്മ പോലും പറയാറ് എനിക്ക് രണ്ടല്ല മൂന്ന് മക്കളാണെന്നാ…
അടുത്തു നിന്നിരുന്ന രേഖയെ നോക്കി രാകേഷ് പറഞ്ഞു…
അവര് പുഞ്ചിരിച്ചു…
അത് ഇവൻ പറഞ്ഞത് നേരാ മോളെ… എനിക്ക് ഇവര് രണ്ടാളെയും പോലെയാ ഹർഷ മോനും… ഇവൻ കോളേജിൽ പടിക്കുന്ന സമയത്താണ് ഹർഷ മോനുമായിട്ടുള്ള കൂട്ടും മോനെയും കൂട്ടി ഇങ്ങോട്ട് ഇടക്കൊക്കെ വരുന്നതും…
ആരും ഇഷ്ട്ടപ്പെട്ടു പോകുന്ന സ്വഭാവാ ഹർഷ മോന്റെ… എന്ത് കാര്യമാണെന്നറിയോ…
അവനെ അതികം പോക്കണ്ടമ്മ…
രാകേഷ് കളിയാലേ അവരെ നോക്കി പറഞ്ഞു…
പോടാ ചെക്കാ… ഞാൻ പൊക്കി പറഞ്ഞതൊന്നുമല്ല കിട്ടോ മോളെ… സത്യാ അമ്മ പറഞ്ഞേ… അവൻ ഇഷ്ടപ്പെടുന്നവരെ അവൻ ഉള്ളറിഞ്ഞ സ്നേഹിക്കുന്നെ…
ആ വാക്കുകൾ ജാനുവിന്റെ ഹൃദയത്തിനുള്ളിലേക്ക് തറഞ്ഞു കേറിയ പോലെ തോന്നി…
ഞാൻ കിച്ചണിലേക്ക് ചെല്ലട്ടെ… കുറച്ച് ജോലി കൂടിയുണ്ട്…
അതും പറഞ്ഞ് രേഖ എണീറ്റ് കിച്ചണിലേക്ക് പോയി…
അവന്റെ മനസ് ഇനിയെങ്കിലും മനസിലാക്കാൻ ശ്രെമിച്ചൂടെ ജാനു…
ജാനു ജ്യുസ് ഒരു സിപ്പ് കുടിച്ച് ചുറ്റുമൊന്ന് നോക്കെയാണ് രാകേഷിന്റെ ആ ചോദ്യമുയർന്നത്…
ജാനുവിന്റെ നോട്ടം രാകേഷിലേക്ക് നീണ്ടു…
കഴിഞ്ഞ രണ്ട് വർഷക്കാലം അവന്റെ സന്തോഷത്തിലും വാക്കുകളിലും നിറഞ്ഞു നിക്കുന്നത് ജാനുവാണ്… ഹർഷ അത്രമാത്രം ജാനുവിനെ പ്രേണയിക്കുന്നുണ്ട്… അത് എനിക്ക് നന്നായിട്ടറിയാം… എനിക്കറിയാം ജാനുന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പെട്ടന്നൊരു മാറ്റം സാധ്യമല്ലന്ന്… എങ്കിലും അവന്റെ മനസ് വേദനിപ്പിക്കരുതെന്ന് മാത്രെ എനിക്ക് പറയാനുള്ളു…
ജാനു മൗനമായി കേട്ടിരുന്നതേയുള്ളു…
അവൾക്ക് മറുപടി പറയാൻ വാക്കുകൾ ഒന്നുമില്ലായിരുന്നു…
എന്താടാ… രണ്ടാളും കൂടി ചർച്ച…
രേവതിയെയും ചേർത്ത് പിടിച്ച് കൊണ്ട് അച്ചു അവർക്കടുക്കലേക്ക് വന്നു കൊണ്ട് ചോദിച്ചു…
എന്ത് ചർച്ച… ഞങ്ങൾ ചുമ്മാ ഓരോന്നും പറഞ്ഞിരിക്കുവായിരുന്നു…
ഉവ്വ് ഉവ്വേ… അച്ചു രാകേഷിനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു…
ജാനൂച്ചി… സോറിട്ടോ… മനപ്പൂർവം മിണ്ടാതിരുന്നതല്ലാട്ടോ… ഏട്ടനെ കണ്ടതിന്റെ സന്തോഷം ഓരോന്നും പറഞ്ഞു നിന്നു പോയതാ… ഒന്നും തോന്നല്ലേ…
ഏയ്… എന്തിന്…
അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു…
എക്സാം ആയത് കൊണ്ട് നിങ്ങടെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല…
അതിന് എനിക്ക് ഒത്തിരി സങ്കടമുണ്ടായിരുന്നു… അത് ഞാൻ ഹർഷേട്ടനോട് പറഞ്ഞപ്പോൾ ഏട്ടനാ പറഞ്ഞേ ജാനുവെച്ചിയേം കൂട്ടി ഇങ്ങോട്ട് വരാമെന്നും എന്റെ കൂടെ ടൈം സ്‌പെന്റ് ചെയ്യാമെന്നും… അല്ലേ ഹർഷേട്ടാ…
അവൾ അതും പറഞ്ഞ് അച്ചുനെ നോക്കി ചോദിച്ചതും അവൻ അതേയെന്ന ഭാവത്തിൽ തലയാട്ടി ജാനുനെ ഒന്ന് നോക്കി അവൾക്കടുക്കലായി വന്നിരുന്നു…
എന്തായാലും എനിക്ക് സന്തോഷമായി… ചേച്ചിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഫോട്ടോയിലൂടെയും ഏട്ടൻ പറഞ്ഞും കുറെ അറിഞ്ഞിട്ടുണ്ട്… എന്റെ ഏട്ടന് എന്ത് ഇഷ്ടമാണെന്നോ ജാനുവേച്ചിയെ… ഏട്ടന്റെ ആഗ്രഹം പോലെ തന്നെ ചേച്ചിയെ ഏട്ടന് തന്നെ സ്വന്തമായല്ലോ… എനിക്ക് ഒത്തിരി സന്തോഷമായി…
ഞാനൊരു കാര്യം പറയട്ടെ നിങ്ങൾ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അദർ ആണ്…
രേവതി പറഞ്ഞത് കേട്ട് ജാനു അച്ചുനെ ഒന്ന് നോക്കി… അവൻ ചുണ്ടിൽ തത്തിയ ചിരിയാലെ അവളെ നോക്കി സൈറ്റടിച്ചു കാണിച്ചു… ജാനു വേഗം തന്നെ അവനിൽ നിന്ന് മുഖം തിരിച്ചു… അച്ചു അതെ ചിരിയോടെ അവളെ തന്നെ നോക്കിയിരുന്നു…
കുറച്ച് നിമിഷം കൊണ്ട് രേവതിയും ജാനുവും നല്ല കൂട്ടായി മാറി…
രേവതി വായാടിയാണെന്ന് ആ ചെറിയ നിമിഷം കൊണ്ട് ജാനൂന് മനസിലായി…
അവൾടെ സംസാരത്തിൽ കൂടുതലും നിറഞ്ഞു നിന്നത് പോലും അച്ചൂനെ കുറിച്ചായിരുന്നു…
ജാനൂന് അച്ചൂനോട് ഒരു അടുപ്പം തോന്നിത്തുടങ്ങും പോലെ അവൾക്ക് അനുഭവപ്പെട്ടു…
അവരുടെ ഒപ്പം സ്പെൻഡ് ചെയ്ത് ഇരുവരും വൈകുന്നേരമായപ്പോൾ വീട്ടിലേക്ക് പോകാൻ ഇറങ്ങി…
എനിക്ക് ഒട്ടും മനസ് വരുന്നില്ല നിങ്ങളെ രണ്ടാളെയും വിടാൻ…
രേവതി സങ്കടത്തോടെ ഇരുവരെയും നോക്കി പറഞ്ഞു…
എന്നാൽ ഏട്ടന്റെ കുട്ടി ഞങ്ങടെ കൂടെ പോര്… അവിടെ രണ്ട് ദിവസം നിന്ന് അടിച്ചുപൊളിച്ച് തിരിച്ചു പോരാം… എന്ത് പറയുന്നു…
ആമ്… ബെസ്റ്റ്… ഇവളെ നന്നായി അറിഞ്ഞിട്ടും ഈ ചോദ്യം വേണായിരുന്നോ അളിയാ…
രാകേഷ് കളിയാലേ ചോദിച്ചു…
അതെന്താ രാകേഷേട്ടാ…
ജാനു സംശയത്തോടെ ചോദിച്ചു…
അവൾടെ ചോദ്യത്തിന് രാകേഷ് രേവതിയെ നോക്കി ചിരിച്ചു… അച്ചുവും ചെറുതായി ചിരിക്കുന്നുണ്ട്…
ജാനു മൂവരെയും നോക്കി…
എനിക്ക് അമ്മയുടെ കൂടെ കിടന്നില്ലേൽ ഉറക്കം വരില്ല ചേച്ചി…
അവൾ ചെറു ചിരിയാലേ പറഞ്ഞു…
ഇതുകൊണ്ടാണോ ഇവര് ചിരിച്ചേ… മോളത് കാര്യമാക്കണ്ട… ഈ ലോകത്ത് നമുക്ക് കിട്ടിയ ഏറ്റവും വലിയ നിതിയെന്തന്നറിയോ… അത് അമ്മയാണ്… അമ്മയുടെ ചൂടേറ്റു കിടക്കുക എന്നത് വലിയ ഭാഗ്യവും…
ഇവര് കളിയാക്കി ചിരിക്കുന്നത് കാര്യമാക്കണ്ട…
ജാനു അതും പറഞ്ഞ് രേവതിയുടെ കവിളിൽ സ്നേഹത്തോടെ മെല്ലേ തട്ടി…
അച്ചു കണ്ണിമ ചിമ്മാതെ ജാനുനെ നോക്കി നിന്നു… ആ നിമിഷം അവളെ ചേർത്തു പിടിക്കാൻ തോന്നി… പുഞ്ചിരിയോടെ നിക്കുന്നുണ്ടങ്കിലും അവൾടെ മനസ് അങ്ങനെയല്ലന്ന് അവന് നന്നായി അറിയാമായിരുന്നു…
ഇരുവരും യാത്രപറഞ്ഞിറങ്ങി…
കാറിൽ കേറിയത് മുതൽ ജാനു വല്ലാതെ ഓഫ് മൈൻഡ് ആയിരുന്നു… പുറത്തെ കാഴ്ചകൾ നോക്കി സീറ്റിൽ ചാരിയിരിക്കുവാണ്…
അച്ചു ഇടക്കിടെ അവളെ നോക്കുന്നുണ്ട്…
പോകേണ്ട റൂട്ട് മാറിയത് മനസിലായി ജാനു സംശയത്തോടെ അച്ചൂന് നേരെ തിരിഞ്ഞു…
ഇതെങ്ങോട്ടാ പോകുന്നെ…?
അവൾ ചോദിച്ചു…
എന്തായാലും വീട്ടിലേക്കല്ല പോകുന്നതെന്ന് നിനക്ക് മനസിലായില്ലേ… സോ മിണ്ടാതെ ഇരിക്ക്…
അച്ചു അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു…
ജാനു അവനെയൊന്ന് കൂർപ്പിച്ചു നോക്കികൊണ്ട് മുഖം തിരിച്ചുരുന്നു… അച്ചുന്റെ ചുണ്ടിന്റെ കോണിൽ അപ്പോഴേക്കും പുഞ്ചിരി തത്തി…
അച്ചുന്റെ കാർ നേരെ ചെന്ന് നിന്നത് ബീച്ചിലെ പാർക്കിങ് ഏരിയയിലേക്കായിരുന്നു… ബീച്ചിലേക്കാണ് തന്നെ കൊണ്ട് വന്നതെന്ന് കണ്ടതും ജാനു അച്ചുനെയൊന്ന് മുഖം ചരിച്ചു നോക്കി…
എന്നെ നോക്കി ഇരിക്കാതെ ഇറങ്ങടി ഭാര്യേ…
അച്ചു കള്ള ഗൗരവത്തിൽ പറഞ്ഞതും ജാനു അവനെയൊന്ന് ദേഷിച്ചു നോക്കി കൊണ്ട് കാറിൽ നിന്നും പുറത്തേക്കിറങ്ങി…
തിരമാലകളുടെ ഇരമ്പൽ ചെറിയ രീതിയിൽ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…
അവൾ മുന്നോട്ടേക്ക് നടക്കാനൊരുങ്ങിയതും അച്ചു അവളെ കൈകളിൽ കോർത്തു പിടിച്ചു…
ജാനു അവനെ നോക്കി എങ്കിലും എതിർക്കാൻ നിന്നില്ല… അവൾടെ എതിർപ്പില്ലായ്മ കണ്ടവന്റെ ചുണ്ടിൽ കുഞ്ഞ് ചിരി വിരിഞ്ഞു…
ഇരുവരും മണൽ പരപ്പിലൂടെ മുന്നോട്ടേക്ക് നടന്നു… കടൽ കാറ്റിൽ ജാനുവിന്റെ സാരിയുടെ മുന്താണീ കാറ്റിനൊപ്പം പറന്നാടാൻ തുടങ്ങി…
മുന്നോട്ട് നടക്കും തോറും ജാനുവിന്റെ കാലുകളുടെ വേഗത കൂടുന്നത് അച്ചു അറിഞ്ഞു…
അവൻ മുഖം ചരിച്ചു കൊണ്ടവളെ നോക്കി…
തൊട്ടു മുന്നേ പോലെ അല്ലായിരുന്നു… അവൾടെ മൈൻഡ് ഒകെ ആയത് പോലെ അവന് തോന്നി…
മതിയാവാതെ തീരത്തെ ആർത്തിയോടെ ചുമ്പിച്ചിറങ്ങുന്ന തിരമാലകൾ…
തിരമാലകൾക്കൊപ്പം കളിക്കുന്നവർ, കുടുംബത്തോടെ വന്നവർ, കമിതാക്കൾ, ഒപ്പം കുട്ടികളെ ആകർഷിപ്പിക്കാൻ വേണ്ടി കുറെ സാധനങ്ങൾ വിൽക്കാൻ വേണ്ടി നിൽക്കുന്ന ചെറു കച്ചവടക്കാർ, കപ്പലണ്ടി പൊതികളുമായി നടക്കുന്ന ചോട്ടാപ്പികൾ മുതൽ പ്രായക്കാർ വരെ നീണ്ടു കിടക്കുന്നു അവിടം…
ജാനു ആവേശത്തിൽ അച്ചുവിന്റെ കൈകൾ വിടുവിച്ച് മുന്നോട്ടേക്ക് ഓടി…
ഡി പെണ്ണേ… കടലിലിറങ്ങാനുള്ള പുറപ്പാടാണെൽ വേണ്ട…
അച്ചു വിളിച്ചു പറഞ്ഞു…
അവൾ ഒന്ന് നിന്ന് അവനെ തിരിഞ്ഞു നോക്കി…
പ്ലീസ് താന്തോന്നി…
അവൾ കെഞ്ചുന്ന പോലെ പറഞ്ഞത് കേട്ട് അച്ചൂന് പിന്നെ തടയാൻ തോന്നിയില്ല…
അവൻ സമ്മതമെന്നോണം ജാനുവിനെ നോക്കി ചിരിച്ചു…
അവൾടെ മുഖം വിടർന്നു… സന്തോഷത്തോടെ അവൾ തിരിഞ്ഞ് മുന്നോട്ടേക്ക് ഓടി… അച്ചു അവളെ നോക്കി പിന്നാലെ ചെന്നു…
തിരകളിൽ കളിക്കുന്ന ജാനുവിനെ നോക്കി അച്ചു അവിടെയുള്ള മാർബിൾ കൊണ്ടുണ്ടാക്കിയ ഇരിപ്പീഡത്തിലേക്ക് ഇരുന്നു…
ജാനുവിന്റെ മുഖത്തെ സന്തോഷം അവൻ നോക്കി കാണുകയായിരുന്നു…
സൂര്യൻ ചക്രവാളത്തിലേക്ക് പതിയെ താഴാൻ തുടങ്ങി…
കുറെ കഴിഞ്ഞതും ജാനു അച്ചുവിനടുക്കലേക്ക് വന്ന് അവനിരിക്കുന്നതിന് അടുത്തായി വന്നിരുന്നു…
താങ്ക്സ്…
ജാനു പറഞ്ഞു…
അച്ചു മുഖം ചുളിച്ചു കൊണ്ട് സംശയഭാവത്തിൽ അവളെ നോക്കി…
ഇന്ന് ഞാൻ ഒത്തിരി ഹാപ്പിയാണ്…
അതിന് കാരണം താന്തോന്നിയാ…
ജാനു അച്ചുനെ മുഖം ചരിച്ചു
നോക്കി പറഞ്ഞു…
അച്ചു അവളെ നോക്കി പുഞ്ചിരിച്ചു…
നിന്റെ ഈ സന്തോഷം തന്നെയാ ഞാനും ആഗ്രഹിക്കുന്നത്…
അവൻ മനസിലായി പറഞ്ഞു…
വെളിച്ചത്തെ മറച്ചു കൊണ്ട് ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരുന്നു…
രണ്ടാളും പാർക്കിങ്ങിലേക്ക് നടന്നു…
ഡാ സുനി അങ്ങോട്ട് നോക്കിയെ… അത് അവനല്ലേ… അന്ന് നിന്നെ റോട്ടിലിട്ട് തല്ലിയവൻ…
റോഡിന്റെ മറു സൈഡിൽ ബൈക്കിൽ ഇരുന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരിക്കെ കാറിലേക്ക് കേറുന്ന അച്ചുനെ കണ്ട് കൂട്ടത്തിലൊരുത്തൻ ചോദിച്ചു…
അവൻ പറഞ്ഞത് കേട്ട് സുനി വേഗം തിരിഞ്ഞ് മറു വശത്തേക്ക് നോക്കി…
അച്ചൂനെ കണ്ടതും സുനിയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു…
അതവൻ തന്നെ… അവനെ ചുമ്മാ വിടാൻ പാടില്ല…
കൈയ്യിലെ സിഗരറ്റ് നിലത്തേക്കിട്ട് നേരിച്ചു കൊണ്ട് സുനി ബൈക്കിലേക്ക് കേറി…
തുടരും…

by