22/04/2026

അതിസുന്ദരി: : ഭാഗം 19

രചന – ആയിഷ അക്ബർ

കാശി മയക്കത്തിൽ നിന്നും കണ്ണുകൾ വലിച്ചു തുറന്നു..

താൻ കിടക്കുന്നതെവിടെയാണെന്നറിയാൻ അവനൊരു നിമിഷം ചുറ്റും നോക്കി….

നിലത്തു കിടക്കുകയായിരുന്ന തനിക്ക് ചുറ്റും മുറിയിലെ പല സാധനങ്ങളും അലങ്കോലപ്പെട്ടു കിടക്കുന്നത് അവൻ കണ്ടിരുന്നു…..

അവന് തലക്ക് വല്ലാത്ത ഭാരം തോന്നിയിരുന്നു….

അവൻ പതിയേ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് തന്റെ അരികിലായിരിക്കുന്നവളെ കാണുന്നത്…..

കാലുകൾ രണ്ടും കൈ കൊണ്ട് കൂട്ടിപ്പിടിച്ചു അതിനു മുകളിൽ തല വെച്ചു കിടക്കുന്ന അവളുടെ മുടി നിലത്തു മുഴുവൻ പരന്ന് കിടക്കുന്നുണ്ടായിരുന്നു….

അവൻ രാത്രിയിലെ സംഭവങ്ങൾ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു….

പിന്നേ അവളിലേക്കൊന്നു നോക്കി….

ഇന്നലെ അവളിവിടെ ഇരുന്നാണോ ഉറങ്ങിയത്…

അവനൊരു പ്രയാസം തോന്നി…..

സൂര്യാ…..
അവൻ പതിയേ അവളെ വിളിച്ചു…..

അവളെഴുന്നേൽക്കുന്നില്ലെന്ന് കണ്ടതും അവൻ പതിയേ അവളുടേ കയ്യിലൊന്നു തൊട്ടു…..

സൂര്യാ…

അവന്റെ യാ വിളിയിൽ അവൾ പെട്ടെന്ന് മുഖമുയർത്തി…..

മരുന്ന് വെച്ച അവളുടേ മുറിവ് അവനപ്പോഴാണ് കാണുന്നത്…..

ഇതെന്താ…. നെറ്റിയിൽ….
അവൻ കൈ മുറിവിലേക്ക് നീട്ടിയതും അവൾ പെട്ടെന്ന് എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു…..

കാശിക് മനസ്സിന് വല്ലാത്തൊരു പ്രയാസം തോന്നി….

അവൻ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചതും കാലിലെ നീറ്റലിനാൽ അവന്റെ നെറ്റിയൊന്നു ചുളിഞ്ഞു….

അപ്പോഴാണ് തന്റെ കാലിലെയും മുറിവുകൾ അവൻ ശ്രദ്ധിക്കുന്നത്….

എന്നാൽ ആ നീറ്റലിനിടയിലും അവനിലൊരു പുഞ്ചിരി തെളിഞ്ഞത് മുറിയിൽ പറ്റിപ്പിടിച്ച മരുന്ന് കണ്ടപ്പോഴായിരുന്നു….

അവളെ വേദനിപ്പിച്ചിട്ടും അവൾ തനിക്ക്…

അറിയാതെ ചെയ്തതാണെങ്കിലും അവന് വല്ലാത്ത കുറ്റ ബോധം തോന്നി……

എന്നും വേദനിപ്പിച്ചിട്ടേയുള്ളു…

വേദനപ്പിച്ചതിനെല്ലാം മാപ്പ് പറഞ് അവളെ ചേർത്ത് നിർത്താൻ ഒരാഗ്രഹം അവനിൽ വന്നു തുടങ്ങിയിരുന്നു….

അവൻ പതിയേ എഴുന്നേൽക്കാൻ ശ്രമിച്ചു….

വീണു കിടക്കുന്ന സ്റ്റാൻഡവൻ ഉയർത്തി…

കുളി മുറിയിൽ കയറി തലയിലൂടെ വെള്ളം ഒഴിച്ചപ്പോൾ തലയിലെ കെട്ട് പൊട്ടിയ പോലെ തോന്നി……

കാലിലെ മുറിവിൽ വെള്ളം തട്ടുമ്പോൾ വല്ലാത്ത നീറ്റലുണ്ടായിരുന്നു…..

താനൊരു സ്ഥിരം മദ്യ പാനിയല്ല….
മദ്യത്തെ ഇഷ്ടപ്പെടുന്നുമില്ലെങ്കിൽ കൂടി ചില തൊക്കെ മറക്കാൻ… മനസ്സറിഞ്ഞൊന്നു റങ്ങാൻ താൻ അതിനെ കൂട്ട് പിടിക്കാറുണ്ട്…..

നാളൊരുപാടായി കുടിച്ചിട്ട്…
അന്ന് ജോമോന്റെ ബാച്‌ലർ പാർട്ടിയിൽ വെച്ച് എല്ലാവരും നിർബന്ധിച്ചപ്പോൾ അല്പം കുടിച്ചതാണ് അവസാനം..

പിന്നെയിപ്പോ ഇന്നാണ്….

അവളുടേ മുഖം ഓർത്തപ്പോഴെന്തോ വേണ്ടായിരുന്നുവെന്നവന് തോന്നി….
ഓരോന്നാലോചിച്ചു തല തുവർത്തി അവൻ പുറത്തേക്ക് വന്നു…..

ഓഫീസിലേക്ക് പോകുന്നതിനു മുൻപ് അവളെ കണ്ടോന്ന് മാപ്പ് പറയണമെന്ന് അവന് വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു…

എന്നാൽ അവൾ മുറിയിലേക്ക് വരാത്തത് അവനിൽ നിരാശ നൽകി…..

ഓഫീസിലേക്ക് പോകാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴാണ് പോക്കറ്റിൽ വച്ചിരുന്ന ആ പേപ്പറവാനോർത്തത്…..

ഇന്ന് ഫാക്ട്ടറിയിൽ ഇറക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് ആയിരുന്നത്….

അവൻ അലമാര തുറന്ന് അവന്റെ ഷർട്ടുകളുടെ പോക്കറ്റിലെല്ലാം തിരഞ്ഞു…

കിട്ടിയില്ലെന്നു കണ്ടതും അവൻ താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേ മുറ്റത്ത് നിന്നും കയറി വരുന്ന ജയയെ അവൻ കണ്ടു…

ചേച്ചി…. മിനിഞ്ഞാന്ന് ഞാൻ അഴിച്ചിട്ട ഷർട്ടിൽ നിന്നൊരു പേപ്പർ കിട്ടിയിരുന്നോ…..

താഴെക്കിറങ്ങാതെ സ്റ്റെപ്പിൽ തന്നെ നിന്നാണവനത് ചോദിച്ചത്….

അതിനു സാറിന്റെ തുണികൾ ഇപ്പോൾ ഞങ്ങൾ അലക്കാറില്ല…

അതൊക്കെ സൂര്യ മോളാണ് എടുക്കാറുള്ളത്…

അത് കേട്ടപ്പോൾ അവന് വല്ലാത്തൊരു കുളിര് തോന്നി…..

തന്റെ കാര്യങ്ങൾ ജോലിക്കാരല്ലാതെ മറ്റൊരാൾ ചെയ്യുമ്പോൾ അവൾ തന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ…

അതിലെല്ലാം താൻ തിരയുന്നത് കിട്ടാതെ പോയ സ്നേഹത്തിന്റെ വേരുകളായിരുന്നു….

ശെരിയാണ്….. ഈയിടെയായി തന്റെ വസ്ത്രങ്ങൾക്കൊക്കെയും വല്ലാത്തൊരു വൃത്തിയുണ്ട്….

ചില സമയത്ത് ഞാൻ ഇട്ട് പോകാൻ കരുതിയ ഡ്രസ്സ്‌ ഒന്നുകിൽ അലക്കി കാണില്ല അല്ലെങ്കിൽ തേച്ചു കാണില്ല….

എല്ലാവരുടെയും എല്ലാ കാര്യങ്ങളും നോക്കുന്നതിനിടയിൽ അവര് വിട്ട് പോകുന്നതാവാം….
താനതിനെ കുറിച് ഒന്നും പറയാറുമില്ല….
അത് കൊണ്ടു തന്നെയാവാം അതിപ്പോഴും തുടരുന്നതും….

എന്നാൽ ഈയിടെയായി ഡ്രെസ്സുകളെല്ലാം എപ്പോഴും തേച്ചു മിനുക്കി അലമാരയിൽ മടക്കി വെച്ചത് താൻ കണ്ടിരുന്നു….

അവന്റെ മുഖം സന്തോഷത്താൽ പ്രകാശിച്ചു……

അപ്പോഴേക്കും അത് കേട്ടെന്ന വണ്ണം സൂര്യ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു….

അവനൊരു നിമിഷം അതേ പുഞ്ചിരി കൈ വിടാതെ അവളെ നോക്കി നിന്നു….

എന്നും കാണുന്ന അവളിൽ പതിവിൽ കവിഞ്ഞൊരു സൗന്ദര്യം അവന് തോന്നിയിരുന്നു……

ആരാ പറഞ്ഞത് അവളെ കാണാൻ ഭംഗിയില്ലെന്ന്….

സുന്ദരിയല്ലേ അവൾ…

അവന്റെ മനസ്സ് അവനോട് തന്നെ ചോദിച്ചു….

അവളുടേ വിടർന്ന കണ്ണുകളപ്പോഴും വാചാലമായി തോന്നിയവന്……

ചുവന്ന അദരങ്ങൾ വിരിയുമ്പോൾ കാണുന്ന നിരയോത്ത പല്ലുകളും മനോഹരമായി തോന്നി……

തന്റെ മനസ്സിൽ അവളോടുള്ള വികാരത്തിനു മാറ്റം വരുന്നതോടൊപ്പം അവളുടേ രൂപത്തിനും മാറ്റം വരും പോലെ….

കാശ്ശിക്ക് അത്ഭുതം തോന്നി..

അവളെ കണ്ടാൽ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിരുന്ന കണ്ണുകൾ അവളെ തേടിപ്പോകുന്നു…..

അവളെ ഓർക്കുമ്പോൾ വേദനിച്ചിരുന്ന മനസിപ്പോൾ അവളെ ഓർക്കുമ്പോൾ ചുണ്ടിലേക്കൊരു ചിരി പകർത്തുന്നു……

തന്റെ കണ്ണുകൾക്കെന്താണ് സംഭവിച്ചത്…..

തനിക്കവളിൽ ഇപ്പോൾ ഒരഭംഗിയും കാണുന്നില്ലെന്ന് മാത്രമല്ല….
ഏറ്റവും മനോഹരിയായി അവളെ തോന്നുന്നു…..

സൗന്ദര്യം കണ്ണുകളാൽ ലഭിക്കുന്ന ഒന്നല്ലെന്ന് അവന് തോന്നി…..

അത് നമ്മുടെ മനസ്സിൽ അവരോടുള്ള സ്നേഹവും സമീപനവും ആശ്രയിച്ചു അളക്കാൻ കഴിയുന്ന ഒന്നു മാത്രമാണ്……

ഒ റ്റ നോട്ടത്തിൽ അവളെ അകറ്റി നിർത്തിയ തനിക് അവളെ ജീവിത കാലം മുഴുവൻ കൂട്ട് വേണമെന്നൊരു തോന്നൽ….

ആ ഇരുണ്ട നിറമുള്ള സുന്ദരി തന്റെ ഹൃദയത്തിൽ അത്രത്തോളം പതിഞ്ഞത് പോലെ……..

ഇവിടെ ഉള്ള മാറ്റാരെക്കാളും പത്തരമാറ്റ് അവള് തന്നെയാണെന്ന് സ്വയം പറയും പോൽ….

സൂര്യ മോളേ …

സാറിന്റെ ഷർട്ടിൽ നിന്നൊരു ലിസ്റ്റ് കിട്ടിയോയെന്നു ചോദിക്കുവായിരുന്നു….

ജയ ചേച്ചി സൂര്യയോടത് പറയുമ്പോഴാണ് താൻ അവളെ തന്നെ നോക്കി നിൽക്കുകയാണെന്ന തിരിച്ചറിവ് അവനിൽ വരുന്നത്…..

ഞാൻ എടുത്ത് കൊടുത്തോളാം ചേച്ചി….

എന്ന് പറഞ്ഞ് കൊണ്ട് കോണിപ്പടികൾ കയറി വരുന്നവളെ കണ്ടതും കാശി ചെറു ചിരിയാൽ മുറിയിലേക്ക് നടന്നു….

അവളവനെ ഒട്ടും ശ്രദ്ധിക്കാതെ അലമാരയുടെ ഉള്ളിലായി വെച്ച പേപ്പറെടുത്തു തിരിഞ്ഞതും തൊട്ട് മുമ്പിലായി നിൽക്കുന്നവനെ കണ്ടാ കണ്ണുകളൊന്ന് പിടച്ചു ….

മ്മ്……
അവൾ പുരികമുയർത്തി….

അപ്പോഴും അവളുടേ നെറ്റിയിലെ മുറിവ് അവനിൽ വല്ലാത്തൊരു വേദന തീർക്കുന്നുണ്ടായിരുന്നു….

സൂര്യാ….. ഞാൻ ഇന്നലെ…. അറിയാതെ……

വേറെ എന്തെങ്കിലും പറയാനുണ്ടോ…..

അവനത്രയേറെ നിസ്സഹായനായി അത് പറയുമ്പോൾ അവൾ ഗൗരവം കൈ വിടാതെ ചോദിച്ചു…..

മ്മ്….. ഉണ്ട്…..
അവനത് പറഞ്ഞ് കൊണ്ട് രണ്ട് കവിളുകളിൽ കൈ ചേർത്ത് അവളുടേ നെറ്റിയിലെ മുറിവിൽ പതിയേ ചുണ്ടുകൾ ചേർത്തു….

അവനിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമായതിനാൽ അവൾ പ്രതികരിക്കാൻ പോലും കഴിയാതെ അങ്ങനെ നിന്നു…..

അവളുടേ മൂക്കിൻ തുമ്പിൽ വിയർപ്പ് പൊടിഞ്ഞിരുന്നു…

അവന്റെ മിഴികളിൽ നോക്കി യങ്ങനെ നിൽക്കുമ്പോൾ അവൾക്ക് പരിചിതമല്ലാത്ത ഒത്തിരി ഭാവങ്ങളവിടെ ഉണ്ടായിരുന്നു…..

സൂര്യാ…..

പെട്ടെന്നാണ് ആ വിളി കേട്ടത്…..

കാശി വേഗം സൂര്യയിൽ നിന്ന് അകന്ന് നിന്നു…..

രണ്ട് പേരും വാതിൽക്കലേക്ക് നോക്കുമ്പോൾ വീണയായിരുന്നു…..

നിന്നെ അപ്പച്ചി വിളിക്കുന്നുണ്ട്……

അവളതും പറഞ്ഞ് കൊണ്ടവിടെ നിന്നും പോകുമ്പോൾ അവളുടേ മനസ്സ് കണ്ട കാഴ്ചയിൽ തന്നെ കുരുങ്ങി നിന്നു…..

എന്നാലും അവളെ എങ്ങനെയാണ് കാശിക്ക് സ്നേഹിക്കാൻ കഴിഞ്ഞത്…

അവർ തമ്മിലുള്ള അകൽച്ച മനസ്സിലാക്കിയ തനിക്ക് അത് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല……

എന്നാലിപ്പോൾ കണ്ട കാഴ്ച അസ്വസ്ഥമാക്കിയ മനസ്സുമായി അവൾ കോണിപ്പടികളിറങ്ങി….

വീണ പോയതും കാശി സൂര്യയെ യൊന്നു നോക്കി…

അവൾക്കവന്റെ മുഖത് നോക്കാനെന്തോ വല്ലാത്തൊരു പ്രയാസം തോന്നിയിരുന്നത് കൊണ്ട് തന്നെ അവൾ പെട്ടെന്ന് മുറിയിൽ നിന്നും നടന്നു..

അവൾ പോകുന്നതും നോക്കി ഒരു കുസൃതി ചിരിയോടെ കാശി നിന്നു…..

ചെയ്ത തെറ്റ് മനസ്സിനെ അസ്വസ്ഥമാക്കിയപ്പോൾ മാപ്പ് പറച്ചിലെന്ന വണ്ണമാണ് താനവളെ ചുംബിച്ചതെങ്കിലും അതിൽ കലർന്ന അവളോടുള്ള ഇഷ്ടത്തെ എന്തോആ നിമിഷം തള്ളിക്കളയാൻ അവന് കഴിഞ്ഞിരുന്നില്ല…..

കഥ ദിവസവും ഉണ്ടാകില്ലാ ട്ടൊ..എഴുതുന്നതിന് അനുസരിച്ചാണ് പോസ്റ്റ് ചെയ്യുക