18/04/2026

മോചിത : ഭാഗം 01

രചന – രോഹിണി ആമി

കുളിച്ചിറങ്ങി കണ്ണാടിമുന്നിൽ വയറുഭാഗത്തെ സാരി മാറ്റിനോക്കി മോചിത ……. ശരിയാണ്……. നിറയെ പാടാണ്…… വയർ ചുരുങ്ങുന്നതിന് അനുസരിച്ചു അത് തെളിഞ്ഞു വരികയാണ്…. സ്വർണവരകൾ പോലെ…….മുകളിൽ നിന്നും അടിവയറിലേക്ക്…….. കൈകൾ അതിനു മുകളിലൂടെ ഓടിച്ചു……. ഇത് തനിക്കു അഭിമാനം……. പിന്നെങ്ങനെ ജയേട്ടനു മാത്രം അപമാനം ആയി…….. ഇന്നലെ രാത്രിയിൽ കെട്ടിപ്പിണഞ്ഞു കിടന്നപ്പോൾ പറഞ്ഞതാണ്….. നിന്റെ വയറും ശരീരവും കാണുമ്പോൾ ഇപ്പോൾ ഒന്നിനും തോന്നാറില്ല…… എന്തോ പോലെന്ന് ….. അതും പറഞ്ഞു ആവേശം മുഴുവൻ തന്നിൽ തീർക്കുകയും ചെയ്തു …എന്നിട്ട് അടർന്നു തിരിഞ്ഞു കിടന്നു……… എന്നിലെ സ്ത്രീ മരവിച്ചതുപോലെ തോന്നി ……. പതിയെ തിരിഞ്ഞു കിടന്നു……… കണ്ണുകൾ നിറഞ്ഞൊഴുകി……. ശബ്ദം പുറത്തു കേൾക്കാതെ കരയാൻ പഠിച്ചിട്ട് ഒരുപാട് വർഷങ്ങൾ ആയി…. എന്നും ഓരോന്ന് പറയുമെങ്കിലും ഇങ്ങനെ ആദ്യമായിട്ടാണ് തുറന്നു പറയുന്നത്……. മനസ്സിൽ ഒരു കമ്പിപ്പാര കുത്തിയിറക്കിയ പോലെ…… ഈ പാടുകൾ കാണുമ്പോൾ എനിക്കും അരോചകമായി തോന്നാറുണ്ട്…………

നിങ്ങളെ ഒരാണാക്കി മാറ്റിയതിന് പ്രകൃതി തന്ന അടയാളം….. പുച്ഛത്തോടെ ചിരിച്ചു…. പക്ഷേ എനിക്കിതു കാണുമ്പോൾ മോന്റെ ചിരിയാണ് ഓർമ വരുന്നത്……അവന്റെ കളിയും ചിരിയും….. അതോർക്കുമ്പോൾ എന്റെ അരയിൽ ചുറ്റി കിടക്കുന്ന ഒരു സ്വർണ്ണ അരഞ്ഞാണം ആയിട്ടേ ഞാൻ കാണുന്നുള്ളൂ ഇതിനെ….. മൊബൈൽ ബെല്ലടിച്ചപ്പോളാണ് മോചിത താനിപ്പോഴും കണ്ണാടിയുടെ മുൻപിൽ തന്നെയാണുള്ളതെന്ന് ഓർത്തത്….. സിനിയാണ്……. ആകെയുള്ള ഒരു ഫ്രണ്ട്….. എന്താടി പെണ്ണെ രാവിലെ തന്നെ….. ഞാൻ ഇന്നു ഷോപ്പിംഗ് പോകുന്നുണ്ട്….. നിനക്ക് മൊബൈൽ ചാർജ് ചെയ്യണോ…. വേണം… വേണം….. നെറ്റ് കട്ട്‌ ആയിട്ട് രണ്ടു ദിവസമായി….. പിന്നെ അത് രണ്ടാം ശനിയും സൺ‌ഡേ യും ആയതുകൊണ്ട് മോന്റെ കൂടെ ബോറടിച്ചില്ല…… ഒരു മാസത്തേക്കുള്ളത് ചെയ്യണേ…… വേറെന്തെങ്കിലും….. വീട്ടിൽ കുത്തിപ്പിടിച്ചിരിക്കുന്ന എനിക്കെന്ത് ആവശ്യം……. നീ പോയി അടിച്ചുപൊളിക്ക്…. മഹിയേട്ടനും ഉണ്ടോ….. മ്മ്…. ഉണ്ട്…… പിള്ളേരെ അമ്മയെ ഏല്പിച്ചു…. അപ്പോൾ ഇന്ന്….. സിനിമ…. ബീച്ച്….. ഐസ് ക്രീം…… മ്മ്… മ്മ്….. പോയി വാ…. ഓക്കേ ഡി…… വന്നിട്ടു വിളിക്കാം….. ശരി….. മോചിത നേരെ അടുക്കളയിലേക്ക് പോയി…… ഇതുവരെ ഒന്നും കഴിച്ചില്ല…. ഒരു ദോശയും കുറച്ചു ചട്ണിയും എടുത്തു ടി വി യുടെ മുന്നിലേക്ക് പോയി……

കുറച്ചു നേരം വാർത്ത വച്ചു…… ഓ…. പീഡനം…… ചാനൽ മാറ്റി… സീരിയൽ…….. വേണ്ട…….. അവസാനം മ്യൂസിക് ചാനലിൽ വന്നപ്പോൾ റിമോട്ടിന് റസ്റ്റ്‌ കൊടുത്തു….. വൗ….. ഓൾഡ് ഈസ്‌ ഗോൾഡ്…… ഒരു തൊണ്ണൂറുകളിലെയും എൺപതുകളിലെയും പാട്ടുകൾ കേൾക്കാൻ എന്തു സുഖമാ…. ജന്മങ്ങൾതൻ കല്‌പടവുകളിൽ നമ്മളൊന്നിച്ചിരുന്നുപാടി പാടിയ പാട്ടുകൾക്കെല്ലാം ഒരേ പല്ലവിയായിരുന്നു ഞാൻ നിന്നെ സ്‌നേഹിക്കുന്നു. വായിൽ ദോശ ആണെങ്കിൽ കൂടി ആ പാട്ടിനൊത്തു അവളും മൂളി…. ഉച്ചക്ക് പ്രത്യേകിച്ച് പണിയൊന്നും എടുക്കാനില്ല….. രാവിലെ ചോറും കറികളും ആവും….. അച്ഛനും മോനും ഉള്ളത് കൊടുത്തു വിടും….. ജയേട്ടൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ്…… മെച്ചപ്പെട്ട ശമ്പളം….. പ്രൊമോഷൻ കിട്ടുന്നതിനനുസരിച്ചു അഹങ്കാരം കൂടുകയും വിവരം കുറയുകയും ചെയ്യുന്നു…

ജയേട്ടന്റെ അടുത്ത സുഹൃത്തും ഫാമിലി ഫ്രിണ്ടും കൂടിയാണ് സിനിയുടെ ഹസ്ബൻഡ് മഹേഷ്‌….. അങ്ങനെ കൂട്ടായതാണ് ഞങ്ങളും…. മോൻ മൂന്നിൽ പഠിക്കുന്നു…… അടുത്തൊക്കെ സ്കൂൾ ഉണ്ടായിട്ടും അതിനൊന്നും ജയേട്ടന്റെ അത്രക്ക് സ്റ്റാൻഡേർഡ് ഇല്ലാത്തതുകൊണ്ട് കുറച്ചു ദൂരമുണ്ട് ആ ഇംഗ്ലീഷ് മീഡിയത്തിലേക്ക്….. മൊബൈലിൽ മെസ്സേജ് വന്നത് എടുത്തു നോക്കി മോചിത……. റീചാർജ് ആയിരിക്കുന്നു…. നെറ്റ് ഓൺ ചെയ്തു…… കുറച്ചു നേരത്തേക്ക് ഓപ്പൺ ചെയ്യാനേ പറ്റിയില്ല അവൾക്ക്…. നോട്ടിഫിക്കേഷൻ നിറയെ ഉണ്ട്…… രണ്ടു ദിവസത്തേതാണു… പഴയ മൊബൈൽ ആണ്…… സൂക്ഷിച്ചു ഉപയോഗിക്കണം….. രണ്ടു വട്ടം എറിഞ്ഞു ഉടച്ചതാണ് ജയേട്ടൻ….. ഒന്ന് ജയേട്ടൻ ജോലി കഴിഞ്ഞു വന്നപ്പോൾ വീട്ടിൽ നിന്നും അച്ഛൻ വിളിച്ചു സംസാരിച്ചുകൊണ്ടിരിക്കുവായിരുന്നു … ചായ കൊടുക്കാൻ ലേറ്റ് ആയത്രേ…… മേശപ്പുറത്തു എടുത്തു വച്ചിരുന്നു…… അത് എടുത്തു കയ്യിൽ പിടിപ്പിച്ചില്ല….. അതിനു…. പിന്നൊന്ന് ഞാൻ കുളിച്ചു കുറി തൊട്ടു നിന്നതിനു….. ചുണ്ടിൽ മൂളിപ്പാട്ടും ഉണ്ടായിരുന്നു….

മൊബൈൽ എടുത്തു ആകെ പരിശോധിക്കുന്നത് കണ്ടു….. ഒന്നും കിട്ടാഞ്ഞതിന്റെ ദേഷ്യമോ….. അതോ ഞാൻ ഒന്ന് ഒരുങ്ങി നിന്നതിനോ എന്തോ…… രണ്ടാമതും മൊബൈൽ നിലത്തു മൂക്കും കുത്തി വീണു…… …….അതൊരു തരത്തിൽ പറഞ്ഞാൽ രോഗമാണ്….. മറ്റുള്ളവരെപ്പറ്റി നന്നായിട്ടു പറയും…… അതേ രീതിയിൽ ഞാൻ ചെയ്താൽ മാത്രം മോശവും…. എന്നാൽ എന്നോട് തുറന്നു പറയില്ല….. അതിന്റെ ദേഷ്യം തീർക്കുന്നത് ഇങ്ങനെ ഓരോന്ന് എറിഞ്ഞുടച്ചും…. ചിലപ്പോഴൊക്കെ ജയേട്ടന്റെ നാവു ചൊറിയുമ്പോൾ ആ ചൊറിച്ചിൽ മാറ്റുന്നത് തന്നെ ചീത്ത പറഞ്ഞാവും….. അതു ചിലപ്പോൾ ഓഫീസിലെയോ വീട്ടിലെയോ കുടുംബത്തിലെയോ പ്രോബ്ലെംസ് ആയാൽ കൂടി…… ശരിക്കും പറഞ്ഞാൽ ഒരു കോളാമ്പി….. …. ഞാൻ വരുമ്പോൾ ഇന്നത് ഉണ്ടാക്കിവെക്കണം…… കൂടെ ആരെങ്കിലും കാണും….. സ്നാക്ക്സ് വേണം….. ഇതൊക്കെ പെട്ടെന്നറിയിക്കാൻ പറ്റാത്തതുകൊണ്ട് മൊബൈൽ നന്നാക്കി തന്നു….. നെറ്റ് ചാർജ് ചെയ്യുന്നുണ്ടെന്ന് ജയേട്ടനു അറിയില്ല….. അത് സിനിക്ക് മാത്രമേ അറിയൂ…… അവൾ തന്നെയാണ് വേറൊരു സിം വാങ്ങിത്തന്നതും… ജയേട്ടൻ വരാൻ സമയമാകുമ്പോളേക്കും സിം എടുത്തു മാറ്റും…. വേറൊന്നിനും അല്ല…..മനസ്സിൽ കുന്നുകൂടുന്ന വിഷമങ്ങൾ തീർക്കാൻ ഒരിടം …ഒറ്റപ്പെടലിൽ നിന്നും അകറ്റി നിർത്തുന്നതിൽ നിന്നും ഒരാശ്വാസം….

ഒരുപാട് ഫോള്ളോവെർസ് ഉണ്ട്….. എഴുതാനും ജീവിതത്തിൽ നിന്നു തന്നെ ഒരുപാട് ഉണ്ട്…… ചിലപ്പോഴൊക്കെ കഥയായും കവിതയായും പുറത്തേക്കു വരാറുണ്ട്….. കഥ എഴുതാൻ പ്രേരിപ്പിച്ചതും…… കഥകൾ വിലയിരുത്തുന്നതും എല്ലാം സിനിയാണ്……ഒറിജിനൽ ഐഡി യിൽ അല്ല….. ജനിമൃതി എന്നപേരിൽ…… കഴിഞ്ഞ ദിവസവും ഒരു കഥ ഇട്ടിരുന്നു…… അതിന്റെ നോട്ടിഫിക്കേഷൻ നോക്കുകയായിരുന്നു……. എല്ലാവരുടെയും അഭിപ്രായങ്ങൾ വായിക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്….. അതിൽ എന്നത്തേയും പോലെ തന്നെ ഒരാളുടെ അഭിപ്രായം വായിക്കുമ്പോൾ ഒന്നും മനസ്സിലാവാറില്ല…… പേരില്ലാത്തവൻ…. അതാണ് ഐഡി നെയിം…. എല്ലാ കഥക്കും കവിതക്കും അഭിപ്രായം പറയാറുണ്ട്…. വാടിയ പൂവ്….. അതായിരുന്നു മോചിത ഇട്ട കഥയുടെ പേര്….. അതിനു ഇങ്ങനെ എഴുതിയിരിക്കുന്നു…. പേരില്ലാത്തവൻ…… ഒരു ചെടിയിൽ നിൽക്കുന്ന പൂവിനെ ആർക്കും വർണ്ണിക്കാം… അത് അടർന്നു മണ്ണിൽ വീഴുമ്പോൾ….. അതിനെ വർണ്ണിക്കാൻ വീണു ചെളി പുരണ്ടവനേ സാധിക്കൂ…. അവൾക്ക് ഒന്നും മനസ്സിലായില്ല….. സിനിക്ക് മെസ്സേജ് വിട്ടിട്ട് പ്ലേറ്റ് എടുത്തോണ്ട് അടുക്കളയിലേക്ക് പോയി…..

എല്ലാം തുടച്ചു മിനുക്കി വച്ചിട്ട് വീണ്ടും റൂമിലേക്ക്‌….. ഒരു കഥ തൊണ്ടയിൽ വന്നു നിൽക്കുന്നുണ്ട്….. അത് ടൈപ്പ് ചെയ്യണം… കുറച്ചു നേരം ഉറങ്ങണം….. അപ്പഴേക്കും മോൻ വരും സ്കൂളിൽ നിന്നും….. മോചിത മൊബൈൽ എടുത്തു ടൈപ്പ് ചെയ്യാൻ തുടങ്ങി…. ഇൻബോക്സിൽ ഒരു മെസ്സേജ് വന്നു…… കഥകൾ വായിക്കുന്നവർ ഇൻബോക്സിൽ മെസ്സേജ് വിടുമ്പോൾ തിരിച്ചൊരു താങ്ക്സ് അയക്കാറുണ്ട്…… ഇതിപ്പോ….. പേരില്ലാത്തവൻ……. കഥകളുടെ രാജകുമാരിക്ക് ഈയുള്ളവന്റെ പിറന്നാൾ ആശംസകൾ…. ശരിയാണ്……. ഇന്ന് തന്റെ ജന്മദിനം ആണ്….. പണ്ടേക്കു പണ്ടേ മറന്നു പോയ ദിനം….. എന്നാലും… പേരില്ലാത്തവൻ… ആരായിരിക്കും…… എന്നെ അറിയുന്നയാൾ ആവുമോ….. അല്ലെങ്കിൽ പിന്നെ എന്റെ ജന്മദിനം എങ്ങനെ……. മനസ്സിൽ വന്ന കഥ പറയാതെ പടിയിറങ്ങിപ്പോകുന്നത് ആ ചിന്തയിലും മോചിത അറിഞ്ഞു……. തുടരും……..