രചന – സുധീ മുട്ടം
നോവിറങ്ങി പെയ്തൊഴുകുന്ന മഴയെ നോക്കി ആരവ് ആരവമില്ലാതെ ഇരുന്നു..അവളിലെ സങ്കടം പെയ്തിറങ്ങുന്നത് തന്റെ നെഞ്ചിലാണെന്ന് അവന് തോന്നി.. “ടീച്ചറമ്മേ കരയാതെ… ഇരുകരങ്ങളാലും ആരതിക്കുട്ടി നന്ദിനിയുടെ സങ്കടം ഒപ്പിയെടുക്കാൻ ശ്രമിച്ചു.. ഒപ്പം വിതുമ്പാനും തുടങ്ങി… ആരവ് കണ്ടിരുന്നു… അവർ തമ്മിൽ നിർവചിക്കാൻ കഴിയാത്തൊരു ആത്മബന്ധത്തെ…അമ്മയേയും മകളേയും പോലെ.. വിതുമ്പൽ അടങ്ങി വന്നപ്പോഴേക്കും മിഴിനീരിലൂടെ ആരവിനെ നോക്കി..അപ്പോഴുമൊരു നിശ്ചല പ്രതിമയായി ഇരുന്നു…അതുകണ്ടതും അവളുടെ നെഞ്ചൊന്നാളി… ” പാവം ആൾക്ക് പനിയാണ്..വിശന്നിരിക്കുന്നു.. നന്ദിനിക്കുട്ടിക്ക് വീണ്ടും സങ്കടം വന്നു.. കണ്ണുകൾ തുടച്ചിട്ട് ആരതിയുടെ കയ്യും വായും മുഖവും കഴുകിച്ചു തിരികെ വന്നു.. “വാ ആരവ്…വിശന്നിരിക്കാതെ കഴിക്കൂ..മോൾക്കും വിശപ്പുണ്ട്… വളരെയേറെ മൃദുവായി മന്ത്രിച്ചതും ആരവ് ഒന്നനങ്ങി…മറ്റൊന്നും ചിന്തിക്കാതെ സ്നേഹപൂർവ്വം പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു..
ഒന്നു പിടഞ്ഞെങ്കിലും കൂടെ ചെന്നു..അവശതയും പനിയും കൂടി അവനെയാകെ തളർത്തിക്കളഞ്ഞു… വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് അഴിച്ചു വെച്ചതും അതിൽ നിന്നും ഉയർന്ന വാസന ആരവിന്റെ വിശപ്പു കൂട്ടി..ഒരമ്മ പാകം ചെയ്ത ഭക്ഷണത്തിന്റെ രുചി..അവനിൽ നിന്നും ഒരു തുള്ളി മിഴിനീരടർന്നു വീണു.. ” കഴിക്കണില്ലേ ആരവ്… മോൾക്ക് വാരി കൊടുക്കുന്നതിനിടയിൽ നന്ദിനി അവനെ നോക്കി…അനങ്ങാതെ ഇരുന്നവനു ഒരുരുള ഉരുട്ടി ചുണ്ടോട് ചേർത്തു.. “പ്ലീസ് കഴിക്ക് ആരവ്..എന്നോട് ദേഷ്യമായിക്കോളൂ…ആഹാരത്തിനോട് വേണ്ടാ…. ആരവ് പതിയെ വായ് തുറന്നതും മെല്ലെ അവന്റെ നാവിലേക്ക് ഉരുള ഉരുട്ടിയത് വെച്ചു കൊടുത്തു… സാവധാനം ചവച്ചിറക്കിയതും സ്നേഹത്തിന്റെ കണ്ണുനീരു കലർന്ന രുചി നാവിലറിഞ്ഞു…വീണ്ടും അവനൊന്ന് പിടഞ്ഞു..
ഓർമ്മകളിൽ അവളാണ് അമ്മു നെഞ്ചിലും ..എന്നിട്ടു കൂടി നന്ദിനിയുടെ സാമീപ്യം പലപ്പോഴും അമ്മുവിനെ പെരുമാറ്റത്തെ ഓർമ്മിപ്പിക്കുന്നതായി തോന്നിച്ചു.. ” കണ്ടോ വിശപ്പില്ലാത്ത ആൾ മുഴുവനും കഴിച്ചത്… പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞെങ്കിലും മറുപടി എത്തിയില്ല…അവളത് പ്രതീക്ഷിച്ചതുമില്ല.. ആരതിയെ കൂട്ടിക്കൊണ്ടു പോയി കയ്യും വായും കഴുകിപ്പിച്ചു തിരികെ വന്നിട്ടും ആരവ് അങ്ങനെ ഒരു ഇരിപ്പായിരുന്നു.. “ആരവ് എഴുന്നേൽക്കണില്ലേ… ആരവ് അതൊന്നും കേട്ടില്ല…അവൻ അമ്മുവിന്റെ ലോകത്തായിരുന്നു….അവൾ അവനെ കുലുക്കി വിളിച്ചതോടെ ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്നു നന്ദിനിക്കുട്ടിയെ മിഴിച്ചു നോക്കി… അവൾ തന്നെ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൂടെ പോയി… ” കിടന്നോളൂ ആരവ്… അവൾ തന്നെ മെല്ലെ അവനെ കിടക്കയിലേക്ക് ചായിച്ചു…. മോളേയും മടിയിൽ വെച്ചു അവനെ നോക്കി അങ്ങനെ ഇരുന്നു…അവളുടെ നോട്ടം കണ്ടതോടെ സാവധാനം മിഴികളടച്ചു…
സമയം പതിയെ കടന്നു പോയി…. ആരതിയുടെ മിഴികൾ അടഞ്ഞു വന്നു.. “ഉറക്കം വരുന്നോ മോളേ… ” മ്മ്മ്… അവളെ എടുത്തു തോളിലേക്കിട്ടു കിടത്തി…നന്ദിനിക്കുട്ടി കേട്ടറിവു മാത്രമുള്ള അമ്മുക്കുട്ടിയുടെ രൂപം മനസ്സിലേക്ക് ഓർത്തെടുക്കാൻ ശ്രമിച്ചു.. ആരവിൽ നിന്നും മോളിൽ നിന്നുമറിഞ്ഞ അമ്മുവിനെ.. “കുറഞ്ഞ കാലയളവു മാത്രമേ ആരവും അമ്മുവും ഒരുമിച്ച് ജീവിച്ചതെങ്കിലും അത്രയും കാലയളവിൽ അയാൾ അവളെ ചേർത്തു പിടിച്ചിരുന്നു അവന്റെ അമ്മുവിനെ.. നന്ദിനിക്കുട്ടി ശക്തമായത് തിരിച്ചറിയുന്നുണ്ട്… ” ഒരു അർത്ഥത്തിൽ അമ്മു ഭാഗ്യവതിയാണ്..ഉയിരോടെ ഇരുന്നപ്പോഴും മരണശേഷവും അവൾ അത്രയേറെ സ്നേഹിക്കപ്പെടുന്നു….അതാണ് നന്ദിനിക്കുട്ടിയെ ആരവിലേക്ക് ആകർഷിച്ചതും… “എനിക്ക് വേണം ആരവ് നിന്നെ…അമ്മുവിനെ ഇത്രയേറെ,മരണശേഷവും ഭാര്യയെ ഇത്രയധികം പ്രണയിക്കുന്ന നിന്നെ ആരാ ഇഷ്ടപ്പെടാത്തത്…. ” മോളേ മടിയിലേക്ക് ചായിച്ചു കിടത്തിയിട്ട് ആരവിന്റെ നെഞ്ചിലേക്കവൾ തല താഴ്ത്തി വെച്ചു….
പ്രണയിക്കാനും പ്രണയിക്കപ്പെടാനും അവളത്രമേ ആഗ്രഹിച്ചു പോയി…അവനിൽ നിന്നു മാത്രം… ആരവിൽ നിന്ന്… വെറുതെ കണ്ണുകൾ പൂട്ടി കിടന്നതാണ് ഉറങ്ങിപ്പോയി…മിഴികൾ തുറന്നപ്പോൾ തന്റെ നെഞ്ചിലക്ക് തല ചായിച്ചു വെച്ചവളെ കണ്ടൊന്ന് ഞെട്ടിപ്പോയി…. മെല്ലെ ഒന്നനങ്ങിയതും നന്ദിനിക്കുട്ടി കണ്ണുകൾ തുറന്നു… തന്നെ നോക്കി കിടന്നവനെ നോക്കിയൊന്നു പുഞ്ചിരിച്ചു.. “നന്ദിനിക്കുട്ടി മോളുമായി പൊയ്ക്കോളൂ… ആരവ് ചുണ്ടുകൾ അനക്കി.. ” ഇല്ല ആരവ് ഇപ്പോൾ പോകുന്നില്ല…എനിക്ക് പോകാൻ തോന്നുന്നില്ല… സ്വയം പാകിയ പ്രണയത്തിന്റെ നിർവൃതിയിൽ നന്ദിനിക്കുട്ടി പുലമ്പി…അതുകേട്ട് ആരവൊന്നു ഞെട്ടി…. നന്ദിനിക്കുട്ടിയുടെ അസ്ഥിതിയിൽ പിടിച്ച പ്രണയം ആരവ് തിരിച്ചറിയുന്നുണ്ട്.. പക്ഷേ തനിക്കൊരിക്കലും അമ്മുക്കുട്ടിയെ മറന്നു മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല…നന്ദിനിയെ അതെങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നു അറിയാതെ അവനാകെ ഉലഞ്ഞു പോയി… തുടരും…

by