രചന – ജിഷ
മനവും കണ്ണുകളും ഒരുപോലെ നിറഞ്ഞു, മുഖത്തു വന്ന ഭാവം ഉള്ളിൽ ഒളിപ്പിച്ച്, അഭിയേട്ടനെ രൂക്ഷമായി നോക്കി..
കൈവിട് അഭിയേട്ടാ..
എന്താ പൊന്നു പറഞ്ഞെ?
മനസിലായില്ലേ അഭിയേട്ടന് , എന്റെ കൈ വിടാൻ, ….
എന്നെ തൊടരുത്..
അഭിയേട്ടൻ എന്റെ കൈയിൽ നിന്ന് പിടിവിട്ട് എന്നെ നോക്കി നിന്നു….
എനിക്ക് ഇനിയും ഈ ബന്ധം തുടർന്നു കൊണ്ട് പോവാൻ ഒരു താല്പര്യവുമില്ല…
എനിക്ക് ഇനിയും പഠിക്കണം എന്റെ സ്വപ്നം ഒരു വിവാഹമല്ല, സമൂഹത്തിൽ അറിയപ്പെടുന്നൊരു ലോയർ ആകുക എന്നുള്ളതാണ്, അതിനിടയിൽ എനിക്കിതൊന്നും പറ്റില്ല…
അതിന് ഇതൊന്നും വേണ്ടാന്ന് ഞാൻ നിന്നോട് പറഞ്ഞില്ലലോ പൊന്നു..
നിനക്കിഷ്‌ടമുള്ളിടത്തോളം കാലം പഠിച്ചോളൂ, ഞാൻ എന്നും നിന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അല്ലെ ജീവിച്ചത്….
എനിക്കതൊന്നും അറിയില്ല….
ഇനിയും ഒരിക്കലും എന്നെയോ എന്റെ അപ്പയെ കാണാൻ ഇവിടെ വരരുത്…
ഒരിക്കൽ പോലും എന്നിൽ നിന്നും കേൾക്കാനാഗ്രഹിക്കാത്ത വാക്കുകൾ കേട്ടതുകൊണ്ടയിരിക്കണം കുറെ നേരം എന്നെ നോക്കി നിന്നു….
എന്നിട്ട് എന്നോട് പറഞ്ഞു,
പൊന്നുന് എന്നെ വേണ്ട അല്ലെ , നീ എന്നെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ലേ പൊന്നു, എന്റെ മുഖത്ത് നോക്കി പറ…..
ഞാനൊന്നും പറയാതെ ഉള്ള് നോവുന്ന വേദനയിലും ദൂരേക്ക് നോക്കി നിന്നു.. .
എന്താ പൊന്നു നിനക്കെന്താ പറ്റിയത്, എന്നോട് പറയെടി ഞാനെന്ത് ചെയ്തു ?.
ആ കണ്ണുകൾ നിറയുന്നത് കാണാനാവാതെ
ഞാനുരുകി……..
എനിക്ക് അഭിയേട്ടനോട് ഒന്നും പറയാനില്ല
ഇനി ഇവിടെ വരരുത്, നമ്മൾ തമ്മിലുള്ളതെല്ലാം അവസാനിച്ചു.
എന്നോട് ഒന്നും ചോദിക്കരുത്……
പൊന്നു പ്ലീസ് ഇങ്ങനെയൊന്നും പറയരുത്,
നീ എന്താ തമാശ പറയുവാണോ ? നമ്മുടെ ജീവിതമാണ്, നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളാണ്…….
നിനക്ക് എങ്ങനെ പറയാൻ പറ്റുന്നു, ഇങ്ങനെയൊക്കെ,
എറെ നേരമെന്നെ നോക്കിനിന്നിട്ട് അഭിയേട്ടൻ വീണ്ടും പറഞ്ഞു……
ആയിക്കോ പൊന്നു , എന്നെ വേണ്ടാത്തൊരെ എനിക്കും വേണ്ട..
ഇനി ഒരിക്കലും ഞാൻ നിന്നെ കാണാൻ വരില്ല….
പക്ഷേ നെഞ്ചിൽ കൈ വെച്ച് നീ പറയണം പൊന്നുന് എന്നെ വേണ്ടാന്ന്….
എന്നിൽ നിന്നൊരു മറുപടിയും കിട്ടാതായതോടെ
എല്ലാം തകർന്നവനെ പോലെ അഭിയേട്ടൻ പുറത്തേക്ക് ഇറങ്ങി….
ഞാൻ ഓടി പോയി വാതിലടച്ച് ശബ്ദമില്ലാതെ കരഞ്ഞു …..
ബഹളം കേട്ട് അപ്പായി വല്ലാതായിരുന്നു, കുറെ നേരം എന്നെ വിളിച്ചു…..
ഞാൻ അപ്പയുടെ അടുത്തെത്തി, അതു വരെ പിടിച്ചു നിർത്തിയ എന്റെ സങ്കടകടൽ അപ്പയുടെ അടുത്ത് ആർത്തിരമ്പി….
അഭി പോയി അപ്പായി. ഇനി ഒരിക്കലും വരില്ല……..
എന്റെയടുത്ത് വന്ന അഭിയേട്ടനെ ഞാനത്രയ്ക്കും വേദനിപ്പിച്ചു… .
എന്താ മോളെ?
എന്നതാ നിന്റെ പ്രശ്നം കുറെ ദിവസങ്ങളായി ഞാനും നിന്നെ ശ്രദ്ധിക്കുന്നുണ്ട്, എന്താ നിനക്കു പറ്റിയത് പഴയ കളിയും ചിരിയും ഒന്നുമില്ല, ഒന്നിലും ഒരു ശ്രദ്ധയുമില്ല, എന്റെ കാര്യങ്ങൾ പോലും എന്റെ കുട്ടി മറന്നുതുടങ്ങി….
എന്താ എന്റെ കുട്ടിക്ക് പറ്റിയെ, അപ്പയോട് പറ മോളെ…
അഭിയുടെ അമ്മ ഇവിടെ വന്നതിൽ പിന്നെയാണ് എന്റെ മോളിങ്ങനെ..
എന്താ മോളെ നീയും അഭിയും തമ്മിലുള്ള പ്രശ്നം, എന്റെ മോളെന്നോട് പറ, ഞാൻ അഭി മോനോട് സംസാരിക്കാം……
അപ്പയെ എനിക്ക് അഭിയേട്ടനോട് ഒരു പ്രശ്നവും ഇല്ല.. അത് പറഞ്ഞു ഞാൻ വിതുമ്പി കരഞ്ഞു………..
പക്ഷെ അഭിയേട്ടന്റെ ‘അമ്മ ഇവിടെ വന്നപ്പോൾ എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു….
എല്ലാം അപ്പയോട് തുറന്നു പറഞ്ഞപ്പോൾ ഒരാശ്വാസം തോന്നി…
അപ്പയെ, ഞാൻ ആ അമ്മയ്ക്ക് വാക്ക് കൊടുത്തു..
എന്റെ ഹൃദയം കീറിമുറിച്ചിട്ടായാലും അഭിയേട്ടനെ ആ അമ്മയ്ക്ക് തിരിച്ചു കൊടുക്കാമെന്ന്….
അപ്പാ ഞാൻ ചെയ്യുന്നത് തെറ്റാണോ… പറയ് അപ്പാ..
ഇല്ല മോളെ എന്റെ മോൾ ഒരു തെറ്റും ചെയ്തിട്ടില്ല..
എന്റെ മോള് ചെയ്യുന്നതാണ് ശരി….
വർഷങ്ങൾക്ക് ശേഷം ഒരു കൊച്ചുകുട്ടിയെ പോലെ അന്ന് അപ്പയുടെ കട്ടിലിന്റെ
അരികിലിരുന്ന് ഒരുപാട് കരഞ്ഞു…
അലസമായി കിടന്ന എന്റെ തലമുടിയെ തഴുകി അപ്പയെന്നെ ആശ്വസിപ്പിച്ചു …..
സാരമില്ല കുട്ടി എന്റെ മോൾക്ക് അപ്പയില്ലെ കരയരുത് ന്റെ കുട്ടി, എന്റെ കണ്ണുനീർ തുടച്ചു തരുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു, നിറഞ്ഞ കണ്ണുകൾ എന്നിൽ നിന്ന് മറയ്ക്കുന്ന അപ്പയെ……..
പിന്നെയും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു, അഭിയേട്ടൻ എന്നെ കാണാൻ പലപ്പോഴും ശ്രമിച്ചു, അഭിയേട്ടനിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഞാനും……….
എല്ലാത്തിൽ നിന്നും മനസ്സിനെ ഒന്ന് ഫ്രീ ആക്കാൻ വേണ്ടിയാണ് പ്രാക്ടിസിനു പോവാൻ തുടങ്ങിയത് , പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയതോടെ കേസും കേസു പഠിത്തവുമൊക്കെകൂടി തിരക്കായി എങ്കിലും എത്ര തിരക്കായാലും ഇടക്കിടെ അഭിയേട്ടന്റെ ഓർമ്മകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു………….
പലപ്പോഴും ജോലി കഴിഞ്ഞ് തിരിച്ച് അപ്പയുടെ മുറിയിലെത്തുമ്പോഴുണ്ടാകുന്ന ആ മണം അഭിയേട്ടന്റെ സാന്നിധ്യം എന്നെ അറിയിക്കുന്നുണ്ടായിരുന്നു……………
അഭിയേട്ടൻ അപ്പയെ കാണാൻ ഞാനില്ലാത്തപ്പോൾ വീട്ടിലെത്തുന്നുണ്ടെന്ന് അപ്പാ പറയാതെ തന്നെ എനിക്കറിയാമായിരുന്നു…..
പിന്നെയും മാസങ്ങൾ കടന്നുപോയി
ഒരു ദിവസം ജോലി കഴിഞ്ഞെത്തിയ എന്റെ കൈയിൽ അപ്പയൊരു കവർ തന്നു…
വിറയ്ക്കുന്ന കൈകളോടെ ഞാനത് തുറന്നു..
അഭിനവ് weds നിരഞ്ജന,
പിന്നെ ഒന്നുമെന്റെ കണ്ണുകളിൽ തെളിഞ്ഞില്ല…
പതിയെ അപ്പയുടെ അടുത്തുനിന്നെന്റെ മുറിയിലെത്തി, കട്ടിലിൽ കയറി കിടന്നു കുറെ കരഞ്ഞു…..
ഒരു വട്ടം കൂടി ആ കാർഡ് കൈയിലെടുത്തപ്പോഴാണ്,
കവറിനുള്ളിൽ നിന്ന് മറ്റൊരു കുറിപ്പ് കൂടി എനിക്ക് കിട്ടിയത്…….
പ്രിയപ്പെട്ട നീനയ്ക്ക്…..
എന്തെഴുതണമെന്ന് എനിക്കറിയില്ല, പക്ഷേ ഒരു കാര്യം മാത്രം അറിയാം നീനയെ അല്ല എന്റെ പൊന്നുവിനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു,
സ്വന്തമാക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു..
ഇന്നും എനിക്ക് അറിയില്ല ഞാൻ എന്ത് തെറ്റു ചെയ്തിട്ടാണ് പൊന്നു എന്നെ വെറുത്തതെന്ന്, ഇനിയും ഒരു വിവാഹം കഴിക്കണമെന്നു ഞാൻ ചിന്തിച്ചിട്ട് കൂടിയില്ല, പക്ഷേ എനിക്കെന്റെ അമ്മയുടെ സ്നേഹത്തിനു മുൻപിൽ എതിർക്കാനായില്ല, മനസ്സ് കൊണ്ട് ഞാൻ അതിന് തയ്യാറെടുക്കുകയാണ്, വെറുക്കരുതെന്നെ…………….
എന്ന് സ്നേഹത്തോടെ
അഭി…..
ഹൃദയം പൊട്ടുന്ന വേദനയോടെ ആണെങ്കിലും
എനിക്ക് മനസ്സിലായി അഭിയേട്ടന് എന്റെ സ്‌ഥാനത്തു മറ്റൊരാളെ സ്വീകരിക്കാൻ മനസ്സ് കൊണ്ട് തയാറെടുത്തു കഴിഞ്ഞെന്ന്………
*********** ******************** ***********
ചേച്ചി, ഈ ഓഡിറ്റോറിയം തന്നെ അല്ലെ……
എന്റെ മറുപടി ഒന്നും കേൾക്കാഞ്ഞിട്ടാവണം അയാൾ എന്നെ ഉറക്കെ വിളിച്ച് തിരിഞ്ഞു നോക്കിയത്….
ചേച്ചി…………
ചേച്ചിയെ ? ?
ഓട്ടോ ചേട്ടന്റെ ചോദ്യം കേട്ടാണ് പുറത്തേക്കു നോക്കി….
നോക്കുമ്പോഴെ കണ്ടു വലിയ അക്ഷരത്തിൽ എഴുതിയ ബോർഡ് …….
അഭിനവ് weds നിരഞ്ജന
അതെ, ഇവിടെ ഇറക്കിയാൽ മതി, പൈസ കൊടുത്ത് ഇറങ്ങി നടന്നപ്പോൾ കാലുകൾ നിലത്ത് ഉറയ്ക്കത്താതുപോലെ…..
ആർക്കും മുഖം കൊടുക്കാതെ പെട്ടെന്ന് ആരുടെയും നോട്ടം എത്താത്ത ഒരുസ്‌ഥലത്ത് ഞാനിരുന്നു….
അലങ്കരിച്ച ആ പന്തലിൽ എല്ലാവരും കാത്തിരിക്കുന്ന ആ മുഹൂർത്തത്തിനായി ഞാനും കാത്തിരുന്നു….
അഭിയേട്ടനെ ആരവങ്ങളോടെ ആനയിച്ചോണ്ടു വരുന്ന സമയം കണ്ണുകൾ ഇറുകെ അടച്ചിരുന്നു…
ഇടക്കെപ്പഴോ അഭിയേട്ടന്റെ അമ്മയുടെ
കണ്ണിൽ ഞാൻ പെട്ടു….
മോളെ നീന
അഭിയേട്ടന്റെ ‘അമ്മ ഓടി വന്ന് എന്നെകെട്ടിപിടിച്ചു,…….
മോളെ നിനക്ക് സുഖമാണോ?
അമ്മയോട് പിണക്കമാണോ മോളെ?
ഇല്ല അമ്മെ…..
മോളെ.,
അഭിയെ നീ എനിക്ക് തിരികെ നൽകി, അവന്റെ അച്ഛന്റെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും……
കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നു….
മോളുടെ കാര്യമോർക്കുമ്പോൾ അമ്മയ്ക്ക് നല്ല സങ്കടമുണ്ട് കുട്ടി,
സ്നേഹിച്ച പുരുഷനെ മറ്റൊരു പെണ്ണിന് മനസ്സറിഞ്ഞു കൊടുത്തത് മോളുടെ ത്യഗമാണ്,
എത്ര നന്ദി പറഞ്ഞാലും തീരില്ല…
ഞാൻ എന്താണ് എന്റെകുട്ടിക്ക് തരുക…………
അങ്ങനെയൊന്നും പറയല്ലമ്മേ,
അമ്മ എന്റെ സ്വന്തം അമ്മയാ…
അമ്മയ്ക്ക് വേണ്ടി എനിക്കിത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ, എനിക്ക് എന്നും അമ്മയുടെ ഈ സ്നേഹം മാത്രം മതി….
മോളെ കല്യാണം കഴിഞ്ഞ് പോകല്ലേ, അമ്മയെ കണ്ടിട്ടെ പോകാവൂ…..
ഇപ്പം ഞാൻ അങ്ങോട്ട് ചെല്ലട്ടെ മുഹൂർത്തത്തിന് സമയമായി…
അതു കേട്ടതും എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം ഉയർന്നു, ഏതാനും മിനുറ്റ് കൂടി കഴിഞ്ഞാൽ എന്നെന്നേക്കുമായി അഭിയേട്ടൻ മറ്റൊരൾക്ക് സ്വന്തമാകുന്നു,
വരേണ്ടിയിരുന്നില്ല എന്ന് തോന്നി, അതുവരെ ഉണ്ടായിരുന്ന മനോബലമെല്ലാം ഒരു നിമിഷം കൊണ്ട് എന്നിൽ നിന്ന് ഇല്ലാതായി….
ദേഹമെല്ലാം തണുത്ത് മരവിക്കുന്ന പോലെ…
താഴെ വീണു പോയേക്കുമെന്ന് തോന്നി,
താഴേക്ക് ഊർന്നു പോവാതെ
അടുത്ത് കണ്ടൊരു കസേരയിൽ മുറുകെ പിടിച്ച് ഞാൻ അവിടെയിരുന്നു……….
വേദിയിൽ വാദ്യാഘോഷങ്ങൾ തുടങ്ങിയപ്പോൾ എന്റെ ഹൃദയം അതിലും വേഗത്തിൽ പെരുമ്പറ കൊട്ടി തുടങ്ങി……..
മോളെ നീ എന്ത് ആലോചിക്കുകയാ?
ഒന്നുമില്ലമ്മേ, അമ്മ പൊയ്ക്കോളൂ,
ശരി മോളെ……
പോകാനായി തിരിഞ്ഞ അഭിയുടെ അമ്മ ഒരു വട്ടം കൂടി നീനയെ തിരിഞ്ഞു നോക്കി, പാവം കുട്ടി, അതു കൊണ്ടാണല്ലോ എന്റെ സ്നേഹ അഭിനയത്തിൽ അവളു വീണു പോയത് …
അഭിയുടെ അമ്മയുടെ മനസ്സിൽ കൂടി ഒരു നൂറു
കാര്യങ്ങൾ മിന്നി മറഞ്ഞു….
അനന്തരവളുടെ കല്യാണം മുടങ്ങിയത് സ്വന്തം മകൻ കാരണമായതു കൊണ്ട് , കുടുംബ സ്വത്ത് മുഴുവൻ അവൾക്ക് എഴുതി കൊടുത്ത് എന്റെ ഭർത്താവിന്റെ അച്ഛൻ എന്നോട് നീതികേട് കാണിച്ചപ്പോൾ സഹിച്ചത്, ആ ശല്യം അതൊടെ തിരുമല്ലോന്ന് ഓർത്തിട്ടായിരുന്നു……….
ആ സ്വത്ത് മുഴുവൻ കൊടുത്ത്
മറ്റൊരാളെ കൊണ്ട് അവളുടെ വിവാഹം നടത്തിയപ്പോൾ മനസ്സില്ലമനസ്സോട് ആണെങ്കിലും എല്ലാത്തിനും സമ്മതം മൂളി അദ്ദേഹത്തിന്റെ കൂടെ നിന്നു…..
എല്ലാ സ്വത്തുക്കളും വിറ്റ് നശിപ്പിച്ചവളെ വീണ്ടും തീരാ കടത്തിന്റെ കയത്തിലേക്ക് ഉപേക്ഷിച്ച് അയാൾ പോയപ്പോൾ , അഭിയുടെ അച്ഛൻ വീണ്ടും അമ്മായിയുടെ കാൽക്കീഴിൽ കൊണ്ട് സമർപ്പിച്ചത്, വർഷങ്ങളായി ഞാൻ കൂടി കഷ്‌ടപ്പെട്ട് കെട്ടിപ്പൊക്കി കൊണ്ടുവന്ന കാരുണ്യ ഹെൽത്ത് കെയർ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായിരുന്നു…
അതുവരെ അവിടുത്തെ രഞ്ജിയായ ഞാൻ പിന്നീട് അവിടുത്തെ ഒരു ജോലിക്കാരിമാത്രമായി…
അദേഹത്തിന്റെ മരണശേഷമാണ് എന്റെ നഷ്‌ടങ്ങളെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങിയത്…
ഞാനും മക്കളും അനുഭവിക്കേണ്ട സ്വത്തുക്കൾ മുഴുവൻ മറ്റൊരാളുടെ കൈയിൽ, അങ്ങനെയാണ് അദ്ദേഹത്തിന്റെ ആഗ്രഹം എന്റെ മനസ്സിലെക്കോർമ്മ വന്നത്, ഏകദേശം കാര്യങ്ങൾ എല്ലാം ഞാൻ ആഗ്രഹിച്ചരീതിയിൽ കൈപ്പടിയിൽ ഒതുങ്ങി വന്നപ്പോൾ അടുത്ത കുരുക്കുമായി അഭിയുടെ വരവ്……
കാലണയ്ക്ക് വകയില്ലാത്തൊരു തെണ്ടി പെണ്ണിനെ കൊണ്ടു വന്ന് എനിക്ക് കെട്ടണം പോലും…..
ആദർശധീരനായ അച്ഛന്റെ മകനായത് കൊണ്ട് ഉറപ്പായിരുന്നു, വാക്ക് കൊടുത്ത പെണ്ണിനെ ചതിക്കില്ലെന്ന്…
എന്റെ സ്നേഹത്തോടെയുള്ള വാക്കുകൾ ഒന്നും വിലപോവില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ്, ഇങ്ങനെ ഒരു തീരുമാനമെനിക്ക് എടുക്കേണ്ടി വന്നത്….
” കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുക.. ”
ആ ഉദ്യമത്തിൽ ഞാൻ വിജയിച്ചിരിക്കുന്നു….
മിഴികൾ താഴേക്ക് ഊന്നിയിരിക്കുന്ന നീനയെ മന്ദഹാസത്തോടെ,അതിലേറെ പരിഹാസത്തോടെ ഒന്നുകൂടി തിരിഞ്ഞു നോക്കി
അഹങ്കാരത്തോടെ അഭിയുടെ അടുത്തേക്കവർ നടന്നു നീങ്ങി…….
തുടരും

by