രചന – ആയിഷാ അക്ബർ
വീടടുക്കും തോറും എന്തോ വല്ലാത്തൊരു സന്തോഷം അവളെ പൊതിഞ്ഞു നിന്നിരുന്നു…..
രണ്ട് ദിവസമേ മാറി നിന്നുള്ളുവെങ്കിലും എത്രയോ ദിവസമായി അവിടം വിട്ട് നിന്നൊരു പ്രതീതി അവളറിഞ്ഞിരുന്നു…..
കാറിന്റെ ഡോർ തുറന്ന് മുറ്റത്തേക്കിറങ്ങിയതും ഉമ്മറത്തേക്ക് വന്ന ആളെ കണ്ട് അവളിൽ എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞിരുന്നു…
അമ്മ…..
അവളുടേ വായിൽ നിന്നും ആ വാക്ക് വീഴുന്നതോടൊപ്പം അവളുടേ കണ്ണുകൾ വിടർന്നിരുന്നു….
മോളേ….
പതിവ് വാത്സല്യം ആ മുഖത്ത് വിരിയിച്ചു കൊണ്ട് അവർ അവൾക്ക് നേരെ വന്നു….
അവൾ പെട്ടെന്ന് തന്നെ അവരെ കെട്ടിപിടിച്ചു…
ഒരു വാക്കിനിടം നൽകാതെയുള്ള അവളുടേ ആ പ്രവർത്തി ജാനകി ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നെങ്കിൽ കൂടി അവർക്കത്തിൽ അങ്ങേയറ്റം സന്തോഷം തോന്നിയിരുന്നു….
അവർ കൈകൾ കൊണ്ടവളെ ചേർത്ത് പിടിച്ചു….
പല സാഹചര്യങ്ങളിലും താൻ അത്രയേറെ ആഗ്രഹിച്ചതായിരുന്നു ഈ ചേർത്ത് പിടിക്കലെങ്കിൽ കൂടി അതിനു കഴിയാതെ പോയത് തന്റെ മനസ്സിന് പെട്ടെന്ന് ആരിലേക്കും ഇറങ്ങി ചെല്ലാൻ കഴിയാത്തത് കൊണ്ടായിരുന്നു..
അതല്ലെങ്കിലും അങ്ങനെയാണല്ലോ….
മനസ്സിൽ നമ്മൾ കരുതുന്ന കാര്യങ്ങളെല്ലാം വിചാരിക്കുന്നത്ര വേഗത്തിൽ നമുക്ക് ചെയ്യാനാവില്ല…..
കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി മനസ് നമ്മെ തടഞ്ഞു കൊണ്ടിരിക്കും….
എന്നാൽ ആ തടസത്തെ നമ്മൾ എതിർക്കുന്ന ആ സമയം നമ്മളിലേക്കെത്തുന്ന സന്തോഷം വാക്കുകൾക്കതീതമാകും…..
അങ്ങനെയൊരു സന്തോഷത്തെ പേറുകയായിരുന്നു അവളുടേ മനസന്നേരം…..
കണ്ട കാഴ്‌ച വിരിയിച്ച ഒരു ചെറു പുഞ്ചിരിയാൽ വിവിയും അവരെ നോക്കി നിന്നു…..
ഹാ…. ഏട്ടത്തി വന്നോ….
ദേവു അവൾക്ക് നേരെ വന്ന് അവളെ കെട്ടിപ്പിടിച്ചു.
ചെറിയ ചെറിയ അകലങ്ങൾക്ക് പോലും അത്രമേൽ നമ്മെ അസ്വസ്ഥമാക്കാൻ കഴിയുന്ന ചില ബന്ധങ്ങളുണ്ടെന്ന് അവൾ തിരിച്ചറിയുകയായിരുന്നു….
അവർക്ക് പിറകെയായി വന്ന ഭാരതിയുടെ മുഖത്തൊരു തരം പുച്ഛമായിരുന്നെങ്കിൽ രാധുവിന്റെ മുഖത്ത് പടർന്നതൊരു നിരാശയായിരുന്നു…..
പോയാൽ മീര തിരിച്ചു വരില്ലെന്ന് അവളും പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം ഒരുപക്ഷെ……
നിങ്ങൾ വല്ലോം കഴിച്ചോ മക്കളെ…..
ജാനകി സ്നേഹത്തോടെയത് ചോദിക്കുമ്പോൾ മീര യവരെ നോക്കി…..
ഇല്ലമ്മേ….. വിശന്നിട്ടു വയ്യ… അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഒത്തിരി നാളായില്ലേ…..
അവൾ അവരെ നോക്കിയത് പറയുമ്പോൾ ജാനകിക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു…..
ജാനകിയുണ്ടാക്കിയ ഭക്ഷണങ്ങൾ അവർക്ക് വിളമ്പുമ്പോൾ മീര അങ്ങേയറ്റം സ്വാധോട് കൂടി അതാസ്വധിച്ചു കഴിച്ചു…..
അവരുടെ യെല്ലാം സ്നേഹത്തിനും സന്തോഷത്തിനും സാക്ഷിയായി രാധുവും ഭാരതിയും നോക്കിയിരിപ്പുണ്ടായിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലെ കട്ടിലിൽ കിടക്കുമ്പോൾ അന്നും അവളെ തേടി ആ ഗന്ധമെത്തിയിരുന്നു…..
തന്നെ അത്രമേൽ ഭ്രമിപ്പിക്കാൻ കഴിയുന്ന ആ സുഗന്ധത്തിന് തന്റെ ഹൃദയത്തിലേ പ്രണയത്തിന്റെ രൂപമാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളതത്ര മേൽ ആസ്വദിച്ചിരുന്നു…..
കട്ടിലിന്റെ മറുവശത്തായി കിടക്കുമ്പോൾ അവനെയും നിദ്ര തഴുകിയിട്ടുണ്ടായിരുന്നില്ല…
ഹൃദയത്തിൽ പറയാൻ വെമ്പി നിൽക്കുന്ന എന്തൊക്കെയോ അവൾക്കുള്ളിൽ നിറഞ്ഞു നിൽക്കുമ്പോൾ അവളുടേ ഹൃദയമെന്തെന്നറിയാൻ അവനും അത്രമേൽ ആഗ്രഹിച്ചിരുന്നു…….
അതേയ്…. ഞാനൊരു കാര്യം ചോദിച്ചോട്ടെ….
അവനുറങ്ങിയിട്ടില്ലെന്ന ഉറപ്പിൽ തന്നെയാണ് അവളത് ചോദിച്ചത്….
തിരിഞ്ഞു കിടന്നിരുന്ന അവനൊന്നു തലയുയർത്തുന്നത് അനുവാദമില്ലാതെ മുറിയിലേക്ക് കടന്നു വരുന്ന നിലാ വെളിച്ചത്തിൽ അവൾ കാണുന്നുണ്ടായിരുന്നു….
മ്മ്മ്…..
നിശബ്ദതയിൽ അവന്റെയാ മൂളലിനു പോലും വല്ലാത്തൊരു താളമായി അവൾക്ക് തോന്നി…..
നമ്മുടെ മുറിയിൽ രാത്രിയിൽ മാത്രം വീശിയടിക്കുന്ന ആ സുഗന്ധം എന്തിൽ നിന്നാണ്…..
അതോ അതെന്റെ തോന്നലാണോ…..
അവൾ സംശയത്തോടെ അത് ചോദിക്കുമ്പോൾ വിവിയൊന്നു പുഞ്ചിരിച്ചു…
തോന്നലൊന്നുമല്ല……അത് മുറ്റത്തു നിന്നുള്ള ഒരു പൂവിൽ നിന്നാണ്…..
അവൻ നിസാരമായത് പറയുമ്പോഴും അവളുടേ സംശയങ്ങൾ കെട്ടടങ്ങിയിരുന്നില്ല…..
ദിവസവും ഞാൻ താഴെ നോക്കാറുണ്ടല്ലോ…..
ഒരു പൂവും ഞാനിത് വരെ കണ്ടിട്ടില്ല….
അവളല്പം പരിഭവം കലർത്തിയത് പറയുമ്പോൾ അവൻ ചെറു ചിരിയാൽ കട്ടിലിൽ നിന്നെഴുന്നേറ്റു…..
അവനെഴുന്നേറ്റത് കണ്ടതും എന്തെന്ന മട്ടിൽ അവളും കട്ടിലിഴുന്നേറ്റിരുന്നു…..
എന്ത് പറ്റി….
പെട്ടെന്നുള്ള അവന്റെയാ പ്രവർത്തിയിൽ അവളല്പം പരിഭ്രമത്തോടെയാണത് ചോദിച്ചത്…..
വാ…..
അതും പറഞ്ഞ് കൊണ്ടവൻ അവളുടേ കയ്യിൽ വലിക്കുമ്പോൾ അവന്റെ മുഖത്തെ വികാരമെന്തെന്നത് ഇരുട്ടിൽ അവൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല….
ഈ രാത്രിയിൽ തന്റെ കൈ പിടിച് അവനെങ്ങോട്ടാണ് കൊണ്ട് പോകുന്നതെന്ന് അവൾ ചിന്തിച്ചുവെങ്കിലും അതിനെ പിന്നിലാക്കി അവന്റെ കൂടെയുള്ള നിമിഷത്തെ അവൾ ആസ്വദിക്കാൻ തുടങ്ങിയിരുന്നു……
അവളിൽ വിരിഞ്ഞോരാ പുഞ്ചിരി ഇരുട്ടിൽ അവനും കണ്ടിരുന്നില്ല……
ഇരുട്ടിലൂടെ പതിയേ മരത്തിന്റെ കോണിപ്പടികൾ ഇറങ്ങുമ്പോഴും അവളുടേ കയ്യിലെ പിടുത്തം അവൻ വീട്ടിട്ടുണ്ടായിരുന്നില്ല…..
മുറിക്ക് താഴെയുള്ള ഭാഗത്തായി അവരെത്തിയതും അവിടെ വിരിഞ്ഞു നിൽക്കുന്ന പൂക്കൾ അവളുടേ കണ്ണുകൾക്കങ്ങേയറ്റം കുളിർമ യുള്ളതായിരുന്നു….
അവളുടേ കണ്ണുകൾ വിടർന്നു വന്നു….
അവിടമാകെ അവ സുഗന്ധം പരത്തിയിരുന്നു…
ഇലകളിൽ നിന്നും ഇലകൾ മുളച്ചു വന്ന ആ ചെടി കാണാൻ അത്ര ഭംഗിയൊന്നുമില്ലെങ്കിലും അവയിൽ വിടർന്നു നിന്നൊരാ പൂക്കൾ ആ ചെടിയെ അത്രമേൽ മനോഹരമാക്കിയിരുന്നു….
ഞാൻ നോക്കുമ്പോഴൊന്നും ഈ പൂക്കൾ കണ്ടിട്ടില്ലേയില്ലല്ലോ….
ചെറു പുഞ്ചിരിയാലെ അവളുടേ കണ്ണുകളിലെ ഭാവങ്ങൾ ഒപ്പിയെടുത് കൊണ്ട് നിൽക്കുന്ന വിവിക്ക് നേരെ നോക്കി അവളത് ചോദിക്കുമ്പോൾ അവനൊന്നു പുഞ്ചിരിച്ചു…
നീ പകലല്ലേ നോക്കാറുള്ളത്…. ഇവ രാത്രി മാത്രം പൂക്കുന്ന നിശാഗന്ധി പൂക്കളാണ്….
അവനത് പറയുമ്പോൾ അവളുടേ കണ്ണുകൾ വീണ്ടും വിടർന്നു….
നിശാ ഗന്ധി….. കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണെന്നവളോർത്തു…..
തങ്ങളിലെ പ്രണയം നിശാഗന്ധിയെക്കാൾ മനോഹരമാണെന് തിരിച്ചറിയുകയായിരുന്നു അവളുടേ മനസ്സന്നേരം…..
മുഖത്തോട്ടിച്ച മനോഹരമായൊരു ഇളം ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു വിവിയന്നേരം….
വെള്ളം കുടിക്കാനായി എഴുന്നേറ്റ് വന്ന രാധു ജനലിലൂടെ പുറത്തുള്ള രൂപങ്ങളെ അറിഞ്ഞപ്പോൾ ആദ്യം അവളിലൊരു ഭയം സ്ഥാനം പിടിച്ചെങ്കിലും അത് വിവിയാണെന്ന് തോന്നിയതും ആ ഭയം പതിയേ നീങ്ങുന്നത അവളറിഞ്ഞിരുന്നു…..
അവൾ ജനലിലോഡ് ഒന്ന് കൂടി ചേർന്ന് നിന്നു….
വിവിയുടെ കൂടെ മീരയെ കൂടി കണ്ടതോടെ അവളുടേ മനസ്സ് വല്ലാത്തൊരു പ്രയാസത്തിലായിരുന്നു….
അവൾക്ക് നേരെ നിന്ന് അവനേറ്റവും പ്രിയപ്പെട്ട നിശാഗാന്ധി പൂക്കൾ അവൾക്കായി പറിച് കൊടുക്കുന്നത് കാണുമ്പോൾ രാധുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…
വിവി അത്ര പെട്ടെന്നൊന്നും ആരോടും അടുക്കാത്ത പ്രകൃതമാണ്…..
അത് കൊണ്ട് തന്നെ ഒരിക്കലും മീരയെ പോലൊരു പെണ്ണ് അവനിൽ പടർന്നു കയറില്ലെന്ന് താൻ വിശ്വസിച്ചിരുന്നു….
എന്നാൽ അത് തെറ്റായിരുന്നെന്ന് ഇന്ന് താൻ തിരിച്ചറിയുന്നുണ്ട്….
മീര വിവിയിൽ പറ്റിപ്പിടിച്ചു കഴിഞ്ഞിരിക്കുന്നു….
ആർക്കും അടർത്തി മാറ്റാനാവാത്ത പോൽ…
ഇനി അവളായി അവനിൽ നിന്ന് പിന്മാറുന്നത് വരെ അവളെയൊരിക്കലും അവൻ കൈ വിടില്ലെന്ന് തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക…..
അവളുടേ ഹൃദയം നീറുകയായിരുന്നു…..
വിവി…. നിന്റെ ഇഷ്ടങ്ങൾ എന്നുമെനിക്ക് പ്രിയപ്പെട്ടത് തന്നെയായിരുന്നു…..
എന്നാൽ അതിനു വേണ്ടി കയ്യിൽ കിട്ടിയ ഇത്ര നല്ലൊരു അവസരം കളയുന്നതിൽ എനിക്ക് നഷ്ട ബോധമുണ്ട്…..
നീ ശ്രമിക്കാത്തത് കൊണ്ട് മാത്രമാണ് അല്ലെങ്കിൽ എന്നെക്കാൾ നല്ലൊരു ജോബ് ഓഫർ നിനക്ക് കിട്ടുമായിരുന്നു…..
ഈ മണ്ണിലും ചെളിയിലും കിടന്ന് കഷ്ടപ്പെടുന്നതിൽ എന്ത് സന്തോഷമാണ് നിനക്ക് കിട്ടുന്നതെന്ന് എനിക്കറിയുന്നില്ല വിവി…..
പറയുമ്പോൾ അവളുടേ വാക്കുകളിൽ അവൻ ആദ്യമായി കാണുന്ന അവളുടേ പുതിയൊരു ഭാവമുണ്ടായിരുന്നു…..
എനിക്ക് വേണ്ടിയും എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടിയും നിന്നെ ഞാൻ പിടിച് നിർത്തില്ല…..
നിന്റെ സ്വപ്നങ്ങൾക്ക് പിറകെ നിനക്ക് പോകാം….അല്ലെങ്കിലും ഒരാളുടെ യും സ്വപ്നങ്ങൾക്ക് മേൽ ഒന്നും അടിച്ചൽപ്പിക്കാൻ ഞാൻ ഇത് വരെ ശ്രമിച്ചിട്ടില്ല…..
ഇനി അതുണ്ടാവുകയുമില്ല…
നിന്റെ ഏറ്റവും വലിയ ആഗ്രഹം അതാണെങ്കിൽ നാളെ എന്റെ കൂടെ ജീവിക്കുമ്പോൾ നിന്റ ഹൃദയത്തിൽ ആ അസ്വസ്ഥത നിറഞ്ഞു കൊണ്ടിരിക്കും…..
അത് കൊണ്ട് നിനക്ക് നിന്റെ ആഗ്രഹങ്ങളെ പിന്തുടരാം…..
ഓർമകളുടെ കുത്തൊഴുക്കിൽ രാധുവിന്റെ തലയിണ നനഞ്ഞു കുതിർന്നു….
അവൻ പറഞ്ഞതായിരുന്നു ശെരി….
എനിക്ക് ഏറ്റവും വലിയ സ്വപ്നം തന്റെ പ്രണയമായിരുന്നു…..
അത് കൊണ്ടാണല്ലോ ജോലി കിട്ടിയിട്ടും അവനെ ആലോചിച്ചു തന്റെ മനസ്സത്ര മേൽ അസ്വസ്തമായത്…..
എന്നാൽ അന്നത് തിരിച്ചറിയാൻ കഴിയാതെ പോയതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്……
അന്നവന്നത് പറയുമ്പോഴും അവനെ പൂർണമായും മനസ്സോരിക്കലും മായ്ച്ചു കളഞ്ഞിരുന്നില്ല…
എന്നാൽ അവനോടുള്ള തന്റെ സ്നേഹത്തേക്കാൾ താനാ ജോലിയെ ആഗ്രഹിക്കുന്നുണ്ടെന്ന് താൻ സ്വയം വിശ്വസിച്ചു പോയിരുന്നു…
എന്നാൽ കുട്ടിക്കാലം മുതൽ മനസ്സിൽ കോർത്ത ആ പ്രണയത്തിനായിരുന്നു തൂക്കം കൂടുതലേന്ന് അറിയാൻ വൈകിപോയി….
അവളുടേ നോവ് കണ്ണുകളിലൂടെ ഒലിച്ചിറങ്ങി…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഞാൻ…ഞാൻ വീട്ടിലേക്ക് പോകുകയാണ്…..
വിവിയുടെ അരികിലായി നിന്ന് കൊണ്ട് രാധുവത് പറയുമ്പോൾ വിവിയവളെയൊന്ന് നോക്കി….
രാത്രി ഒത്തിരി കരഞ്ഞത് കൊണ്ടോ എന്തോ അവളുടേ കണ് പോലകൾ തടിച്ചു വന്നിരുന്നു…..
രണ്ട് ദിവസം കൂടി കഴിഞ്ഞ് പോയാൽ പോരെ….
അവളുടേ ദുഃഖം എന്തിനെന്നു ചോദിക്കാൻ പോലും ശ്രമിക്കാതെ അത് പറഞ്ഞപ്പോഴും അവൾക്ക് സങ്കടം തോന്നിയില്ല……
കാരണം അന്നവന്നത് പറഞ്ഞതും ഒരു മോക്ഷം കിട്ടിയ പോൽ താൻ അവനിൽ നിന്ന് പെട്ടെന്ന് പോകുക തന്നെയാണ് ചെയ്തത്……
അന്നവനിൽ കണ്ട ദുഖത്തെ ചികയാൻ താനും ശ്രമിച്ചിരുന്നില്ലല്ലോ…
എന്തോ നിധി കിട്ടിയ ഭാവത്തിൽ ഇവിടെ നിന്നിറങ്ങുമ്പോൾ ഏറ്റവും വലിയ നിധി ഇവിടെ ഉപേക്ഷിച്ചാണ് പോകുന്നതെന്നും താനറിഞ്ഞില്ലല്ലോ……
എന്നാ ലീവ് കഴിയുന്നത്….
അവളുടേ മുഖത്തെ ഭാവം കണ്ടത് കൊണ്ട് തന്നെ അത് കാണുന്നില്ലെന്ന മട്ടിൽ അവൻ വീണ്ടും ചോദിച്ചു…….
തിരിച് പോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ല…
നീ പറഞ്ഞതായിരുന്നു ശെരി…..
നമ്മുടെ ഏറ്റവും വലിയ സന്തോഷങ്ങൾ ജീവിത കാലം മുഴുവൻ നമ്മെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും…..
എന്നാൽ എന്റെ സന്തോഷം തിരിച്ചറിയുന്നതിൽ എനിക്ക് തെറ്റ് പറ്റിപ്പോയി….
നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടക്കുമ്പോൾ എന്തെന്ന് വിവിക്ക് മനസ്സിലായെങ്കിലും അവനൊന്നും മിണ്ടിയില്ല……
പോകേണ്ടെന്ന് അന്ന് ഒരു വാക്ക് നിനക്ക് പറഞ് കൂടായിരുന്നോ…..
അവൾ അവനെ നോക്കി വീണ്ടുമത് ചോദിക്കുമ്പോൾ അവൻ പെട്ടെന്ന് മിഴികളുയർത്തി അവളെ നോക്കി…..
അവളിൽ നിറഞ്ഞു നിന്നിരുന്നൊരാ സങ്കടത്തെ അവനറിയുന്നുണ്ടായിരുന്നു……
നീ പോയത് നിന്റെ സ്വപ്നങ്ങൾക്ക് പിറകെയായിരുന്നു…..
എനിക്ക് വേണ്ടി അതൊന്നും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല…..
അതാരുടെ തന്നെയായാലും……
അത് കൊണ്ട് തന്നെ അന്ന് നിന്നോട് പോകരുതെന്ന് പറയാതിരുന്നതിൽ ഞാനൊരിക്കൽ ഖേദിക്കുന്നില്ല…….
അവനത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോകുമ്പോൾ രാധുവിന്റെ കണ്ണുകൾ അവനെ തഴുകി നിറയുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹മുറ്റത്ത് വന്ന് നിന്ന ആ കാറിൽ നിന്നും പരിചതമല്ലാത്ത ഒരാൾ ഇറങ്ങിയത് അവിടെയുള്ളവരുടെ മുഖത്തെല്ലാം ഒരു ചോദ്യം ബാക്കിയാക്കിയാക്കിയിരുന്നു……..
(തുടരും)

by